അഭയയുടെ കൊലപാതകം
കള്ളന്റെ നീതിബോധം
ദാവീദിന്റെ വിജയം
അഭയയുടെ കൊലപാതകം കള്ളന്റെ നീതിബോധം ദാവീദിന്റെ വിജയം
സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷം കഴിയുമ്പോൾ, കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണ് എന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി കണ്ടെത്തിയിരിക്കുകയാണ്. അതിസങ്കീർണമായിരുന്നു കേസിൻ്റെ നാൾവഴികൾ. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻ പുരയ്ക്കലിൻ്റെ ഇടപെടൽ കേസ് കെട്ടുപോകാതിരിക്കുന്നതിൽ നിർണായകമായിരുന്നു. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയുടെ മെട്രോ എഡിറ്ററായ ബി. ശ്രീജൻ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ജോലി ചെയ്തിരുന്ന കാലത്ത് റിപ്പോർട്ടിങ്ങിലൂടെ നടത്തിയ ഇടപെടലുകളും അഭയക്കേസിൻ്റെ ചരിത്രത്തിലെ പ്രധാന അധ്യായങ്ങളാണ്. പ്രതികൾ കുറ്റക്കാരാണ് എന്ന കോടതിയുടെ കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിൽ ട്രൂ കോപ്പി തിങ്കിനു വേണ്ടി അഭയ കേസിനെക്കുറിച്ച് ബി.ശ്രീജൻ എഴുതുന്നു.
22 Dec 2020, 06:24 PM
Fiat justitia, ruat caelum
"Let a hundred guilty be acquitted, but one innocent should not be convicted'
ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാവണം എന്ന തത്വം ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന വിശ്വാസവുമായി നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയ വിചാരണ ആണ് സിസ്റ്റര്‍ അഭയ വധക്കേസില്‍ കഴിഞ്ഞ നാല് മാസമായി നടന്നത്. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനില്‍കുമാര്‍ നീതിയുടെ തട്ട് നിയമത്തിന്റെ തട്ടിന് മേല്‍ വരും എന്ന് തീരുമാനിച്ചതിനാല്‍ മാത്രമാണ് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അഭയ വധക്കേസില്‍ കുറ്റക്കാര്‍ ആയത്.
വിധി പകര്‍പ്പ് ഇനിയും പുറത്തു വന്നിട്ടില്ലാത്ത കേസിലെ പ്രാഥമിക നിരീക്ഷണം ഇതാണ്. കോടതി മുറിയുടെ പിന്നില്‍ പല വിചാരണ ദിനങ്ങളിലും മണിക്കൂറുകള്‍ ദൃക്സാക്ഷിയായി നിന്ന അനുഭവം വിധി ദിവസത്തെ പറ്റി ധാരാളം ആശങ്കകള്‍ ഉളവാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി കൊമ്പന്മാര്‍ ആയ അഭിഭാഷകര്‍ - അഡ്വ. ബി രാമന്‍ പിള്ള, അഡ്വ ജെ. ജോസ്, ദിനംപ്രതി കൂറ് മാറുന്ന പ്രോസിക്യൂഷന്‍ സാക്ഷികള്‍, ഉറച്ചു നില്‍ക്കുന്ന ചുരുക്കം ചിലരെ മാനസികമായി തളര്‍ത്തുന്ന നിലയിലുള്ള മണിക്കൂറുകള്‍ നീളുന്ന പ്രതിഭാഗം ക്രോസ് വിസ്താരം, ആകെയുള്ള ശാസ്ത്രീയ തെളിവ് ആയ നാര്‍കോ അനാലിസിസ് റിപ്പോര്‍ട് സുപ്രീം കോടതി വിധിപ്രകാരം നിര്‍വീര്യം ആകുന്നത്, എല്ലാം നേരിടാന്‍ താരതമ്യേന ജൂനിയര്‍ ആയ എം. നവാസ് എന്ന സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഒറ്റയ്ക്ക് പൊരുതുന്ന കാഴ്ച, പിന്നെ 28 വര്‍ഷത്തെ നിഷ്ഠ തെറ്റിക്കാതെ കോടതിയുടെ പിന്‍ബെഞ്ചില്‍ കാത് കൂര്‍പ്പിച്ചിരിക്കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലും.

പ്രതിക്കൂട്ടില്‍ രണ്ട് അറ്റത്തായാണ് കോട്ടൂര്‍ അച്ചനും സെഫി സിസ്റ്ററും ഇരിക്കാറുള്ളത്. അനാരോഗ്യവും പ്രായവും കാരണം ക്ഷീണിത ഭാവത്തില്‍ ആയിരിക്കും കോട്ടൂര്‍ അച്ചന്‍, സിസ്റ്റര്‍ മിക്കപ്പോഴും കൊന്ത തൊട്ട് ജപിച്ച് ഇരിക്കുകയാവും. വിചാരണ ദിവസങ്ങളില്‍ ഒപ്പം വരുന്ന ആള്‍ക്കാര്‍ക്കും അഭിഭാഷക സംഘത്തിലെ അംഗങ്ങള്‍ക്കും ഇത് കെട്ടിച്ചമച്ച കേസ് ആണെന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നേ ഇല്ല. ഈശ്വരന്‍ കൂടെയുണ്ടെന്നും വിധി അനുകൂലം ആവുമെന്ന ഉറച്ച വിശ്വാസവും ഇടയ്ക്കു സംസാരിക്കുമ്പോഴൊക്കെ അവര്‍ പ്രകടിപ്പിച്ചിരുന്നു.
വിചാരണ തുടങ്ങിയ ആദ്യ ദിനം തന്നെ പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. അഭയയുടെ അടുത്ത മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ സിബിഐക്ക് കൊടുത്ത മൊഴി പാടെ നിഷേധിച്ചു. ശിരോവസ്ത്രവും ചെരുപ്പും അടുക്കളയില്‍ കണ്ടിരുന്നു എന്നായിരുന്നു സിസ്റ്ററുടെ ആദ്യ മൊഴി. പിന്നെ, സിസ്റ്റര്‍ സുദീപ, മറ്റൊരു അന്തേവാസി നിഷാ റാണി, അയല്പക്കത്തെ താമസക്കാരന്‍ സഞ്ജു പി. മാത്യു എന്നിങ്ങനെ അന്വേഷകര്‍ക്ക് നിര്‍ണായക മൊഴികള്‍ നല്‍കിയവര്‍ ഓരോന്നായി കൂറ് മാറുന്ന കാഴ്ചയാണ് വിചാരണയുടെ ആദ്യഘട്ടങ്ങളില്‍ കണ്ടത്. സഞ്ജു സംഭവ ദിവസത്തിന് തലേ രാത്രി കോട്ടൂര്‍ അച്ചന്റെ സ്‌കൂട്ടര്‍ കോണ്‍വന്റിന് മുന്നില്‍ കണ്ട ആള്‍ ആണെന്ന് മാത്രമല്ല ആ വിവരം മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കിയ ആളുമാണ്.

പദവിയും സാമൂഹിക അംഗീകാരവും ഉന്നത വിദ്യാഭ്യാസവും ഉള്ള സാക്ഷികള്‍ ഒന്നൊന്നായി കൂറ് മാറിയപ്പോഴും മൊഴിയില്‍ ഉറച്ചു നിന്നത് കൗമാരം മുതല്‍ മോഷണം തൊഴില്‍ ആക്കിയിരുന്ന അടയ്ക്ക രാജുവാണ്. മൊഴി മാറ്റാന്‍ തനിക്കും സമ്മര്‍ദം ഉണ്ടായിരുന്നെന്നും എന്റെ പെണ്‍മക്കളെ ഓര്‍ത്തു ഞാന്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും ആണ് രാജു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ക്രോസ് വിസ്താരത്തില്‍ ഉടനീളം രാജുവിന്റെ ഭൂതകാലം ചികയുകയായിരുന്നു രാമന്‍ പിള്ള വക്കീല്‍. ദുര്‍ഗുണ പരിഹാര പാഠശാലയില്‍ പ്രവേശിക്കാന്‍ ഇടയായ സാഹചര്യം മുതല്‍ വിവാഹത്തിലെ ദുരൂഹത വരെയുള്ള കാര്യങ്ങള്‍ പറയിച്ച് നാല് മണിക്കൂര്‍ നീണ്ട ക്രോസ്. തിരിഞ്ഞു നോക്കുമ്പോള്‍ ആ ക്രോസ്സ് വിസ്താരം ആണ് കേസിനെ ഏറ്റവും സഹായിച്ചത് എന്ന് തോന്നുന്നു. സ്വകാര്യ ജീവിതത്തെ പറ്റി ഉള്ള ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം നല്‍കിയ രാജു സാക്ഷിമൊഴി മാത്രം കളവ് പറയും എന്ന വാദം കോടതിക്ക് അവിശ്വസനീയമായി തോന്നിയിരിക്കാം.

ഫാദര്‍ കോട്ടൂര്‍ സിസ്റ്ററുമായി ഉള്ള ബന്ധത്തെ പറ്റി തന്നോട് കുമ്പസരിച്ചിട്ടുണ്ടെന്നും ഒരു അബദ്ധം പറ്റി പോയെന്ന് പറഞ്ഞുവെന്നും പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാല്‍ നല്‍കിയ മൊഴിയും കോട്ടൂരിന്റെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ചു പ്രൊഫ. ത്രേസ്യാമ്മ നല്‍കിയ മൊഴിയും ഒക്കെ വിധിയെ നിര്‍ണയിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് കരുതാം.
സംഘടിതമായ ശ്രമം തെളിവ് നശിപ്പിക്കാന്‍ നടന്നിട്ടുണ്ടെന്നും സിസ്റ്റര്‍ അഭയയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു എന്നും തെളിവുകള്‍ നിരത്തി വാദിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. തെളിവ് നശിപ്പിക്കാന്‍ മുന്നില്‍ നിന്നത് പൊലീസും ക്രൈംബ്രാഞ്ചും ആണെന്നതും അതിന്റെ പിന്നിലെ ലക്ഷ്യം അത്ര നിഷ്‌കളങ്കം അല്ലായിരുന്നുവെന്നതും കോടതിയുടെ പരിഗണനയില്‍ വന്ന വസ്തുതകള്‍ ആണ്.
ചങ്ങല പൊട്ടാതെ ഓരോ കണ്ണിയും കൃത്യമായി വിളക്കിച്ചേര്‍ത്ത ഒരു പ്രോസിക്യൂഷന്‍ കേസ് ആയിരുന്നില്ല ഇത്. നിയമപുസ്തകങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന കോടതികള്‍ ഒരു കണ്ണി മുറിഞ്ഞാല്‍ പോരും പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയക്കാറുള്ളത് പല കേസിലും നമ്മള്‍ കാണാറുള്ളതുമാണ്. നീതിദേവത കണ്ണ് കെട്ടി യാന്ത്രികമായി വിധിക്കുന്ന പതിവ് ഈ കേസില്‍ ഉണ്ടായില്ല എന്നത് സമകാലീനമായ പല കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നീതിപീഠത്തിലേക്ക് പ്രതീക്ഷയോടെ നോക്കാന്‍ നമ്മെ വീണ്ടും പ്രേരിപ്പിക്കുന്ന വസ്തുതയാണ്.

ഈ കേസ് സുപ്രീം കോടതിയില്‍ പല തവണ എത്തിയപ്പോഴും സഭയുടെ പ്രതിനിധികള്‍ക്ക് വേണ്ടി വാദിക്കാന്‍ ഇറങ്ങിയത് ഹരീഷ് സാല്‍വെ, മുകുള്‍ റോഹ്തഗി തുടങ്ങിയ അതിപ്രഗത്ഭരായ അഭിഭാഷകര്‍ ആണ്; നാല് എസ്റ്റേറ്റ് കളിലുമായി സഭയെ സഹായിക്കാന്‍ വരി നില്‍ക്കുന്ന അനുഭാവികള്‍ വേറെയും.
എതിര്‍ ഭാഗത്താകട്ടെ എന്നോ മരിച്ചു പോയ 20 വയസുകാരിയെ പ്രതിനിധീകരിച്ചു സ്റ്റേറ്റും, സ്റ്റേറ്റ് കണ്ണടയ്ക്കുമ്പോള്‍ വിളിച്ചുയര്‍ത്താന്‍ ജാഗരൂകനായി ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന ഒരു പൊതു പ്രവര്‍ത്തകനും. സത്യത്തില്‍ ദാവീദും ഗോലിയാത്തും തമ്മിലുള്ള പോര് തന്നെയായിരുന്നു. ഈ ക്രിസ്ത്മസ് വാരത്തില്‍ ദാവീദിന്റെ വിജയം ആഘോഷിക്കാന്‍ പറ്റുന്നതിലും ദൈവികമായി എന്ത് സന്തോഷമാണ് ഉണ്ടാകാനുള്ളത് ?
Dr Sr Jesme
27 Dec 2020, 11:16 AM
Precise, concise and relevant observation. The simile of David and Goliath seems apt. Sister Sephi, not Stephy..
ടി പി ജോസഫ്
24 Dec 2020, 07:08 AM
ശരിയായ നിരീക്ഷണം
P Sudhakaran
23 Dec 2020, 08:19 PM
സത്യമേവ ജയതേ എല്ലാ കള്ളന്മാർക്കും ഒരു ഗുണപാഠം
Babu George
23 Dec 2020, 04:11 PM
True to the root "
Jisha
23 Dec 2020, 11:35 AM
U r really great Annum innum ennum
എം പി അനിൽ കുമാർ
23 Dec 2020, 08:38 AM
👍👍
Vaishakh
23 Dec 2020, 07:12 AM
Very well articulated. Indeed a victory for David over the Church
Baby
22 Dec 2020, 11:50 PM
When the verdict was announced I first thought about your articles in Indian Express. Proud of you sreejan.youplayed a key role
Pradeep c.Raman
22 Dec 2020, 09:50 PM
Malayalam is a tough language to express the real mood. Very good sreejan
National Desk
Mar 03, 2021
8 Minutes Read
ബി.ശ്രീജന്‍
Jan 03, 2021
11 Minutes Read
ഫാ. അഗസ്റ്റിൻ വട്ടോളി
Dec 23, 2020
8 Minutes Read
കെ.എം. വേണുഗോപാലൻ
Nov 25, 2020
19 Minutes Read
ഗീത
Nov 22, 2020
27 Minutes Watch
അലി ഹൈദര്‍
Oct 22, 2020
13 Minutes Read
സബരിത
Sep 04, 2020
5 Minutes Read
Thomas
5 Jan 2021, 01:40 AM
True and simple style of writing and journalistic report.