സൗകര്യപൂർവമായ പിന്തുണയ്ക്ക് ഒരു മറുകുറിപ്പ്; ഉണ്ണി ആറിനോട്​ ബെന്യാമിൻ

ഇടതുപക്ഷ ആക്രമണങ്ങളെല്ലാം ക്രൂരം, ബാക്കിയെല്ലാം വിശുദ്ധം എന്ന നിലപാടുവിട്ട് യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങിവരൂ, എല്ലാത്തരം സൈബർ ആക്രമണങ്ങളെയും ജനാധിപത്യ വിരുദ്ധ നിലപാടുകളെയും എതിർക്കുന്നതിനുവേണ്ടി നമുക്ക് എല്ലാവർക്കും ഒന്നിച്ചുനിൽക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്​കാര സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാം. മറഞ്ഞു നിന്ന് കല്ലെറിഞ്ഞിട്ട് ഓടുന്നതിനേക്കാൾ അതല്ലേ നല്ലത്..?- ഉണ്ണി ആറിന്റെ അഭിപ്രായത്തിന്​ ബെന്യാമിന്റെ പ്രതികരണം

ഴുത്തുകാരുടെ മൗനത്തെക്കുറിച്ച് പ്രിയപ്പെട്ട സുഹൃത്ത് ഉണ്ണി ആർ. എഴുതിയ കുറിപ്പ് വായിച്ചു, പിന്നെ കുറേ നേരത്തേക്ക് ഊറിയൂറിച്ചിരിച്ചു. പക്ഷേ അങ്ങനെ ചിരിച്ചു തള്ളേണ്ടതല്ല ഉണ്ണിയുടെ വിമർശനം എന്നുള്ളതുകൊണ്ട് മറുപടി എഴുതുന്നു, പ്രത്യേകിച്ച് ഉണ്ണിയുടെ ഉന്നം കഴിഞ്ഞ തവണ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങിയ സഹ എഴുത്തുകാർ ആയതുകൊണ്ടും ഞാൻ അതിൽ ഒരാൾ ആയതുകൊണ്ടും തന്നെ.

കെ. റെയിലിനെതിരെ കവിത എഴുതിയതിന്റെ പേരിൽ കവി റഫീക്ക് അഹമ്മദ് നേരിട്ട് സൈബർ ആക്രമണം ചൂണ്ടിക്കാട്ടിയാണല്ലോ സഹഎഴുത്തുകാരുടെ മൗനത്തെപ്പറ്റി ഉണ്ണി ആശങ്കപ്പെടുന്നത്. ആദ്യമേ തന്നെ പറയട്ടെ, പൂർണമായും ഞാൻ റഫീക്ക് അഹമ്മദിനൊപ്പമാണ്, കെ. റെയിലിൽ അല്ല, ആവിഷ്കാരസ്വാതന്ത്ര്യത്തിൽ. ഏത് വിഷയത്തിനെയും അനുകൂലിച്ചോ പ്രതികൂലിച്ചോ കവിത എഴുതാനോ പ്രതികരിക്കാനോ ഇന്ത്യയിലെ ഒരു പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്​ അവകാശവും സ്വാതന്ത്യ്രവുമുണ്ട്. അതിനെതിരെ ഉണ്ടാവുന്ന ഏതുതരം ആക്രമണങ്ങളെയും എഴുത്തുകാർ മാത്രമല്ല എല്ലാവരും ചേർന്നുനിന്ന് ചെറുക്കേണ്ടതുമാണ്. അത്തരം ആക്രമണങ്ങൾ നമ്മുടെ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കലാണെന്ന് എല്ലാവർക്കും ബോധ്യവുമുണ്ട്.

ഉണ്ണി ആർ.

എന്നാൽ ഇതിനോടെല്ലാം പ്രതികരിക്കേണ്ടത് ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന കുറച്ചു എഴുത്തുകാരുടെ മാത്രം ഉത്തരവാദിത്വമാണെന്നും ബാക്കിയുള്ള ഞങ്ങളെല്ലാം സുരക്ഷിതമായ ഇടങ്ങളിൽ കല്ലൊന്നും കൊള്ളാതെ ഇരുന്നുകൊള്ളാം എന്നുമുള്ള നിലപാട് ചില ‘സേഫ് സോൺ എഴുത്തുകാർ’ എടുക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അറിഞ്ഞോ അറിയാതെയോ ഉണ്ണിയും അതിന്റെ ഭാഗമായി മാറുന്നു എന്നത് നിർഭാഗ്യകരമായ അവസ്ഥയാണ്.

കേരളത്തിൽ സൈബർ ആക്രമണം നേരിടുന്ന ആദ്യത്തെ എഴുത്തുകാരനല്ല റഫീക്ക് അഹമ്മദ്. ഏറ്റവും സമീപകാലത്തു തന്നെ കെ. ആർ. മീരയും അശോകൻ ചരുവിലും കെ. പി. രാമനുണ്ണിയും കെ. സച്ചിദാനന്ദനും അഷ്ടമൂർത്തിയും ജെ. ദേവികയും എസ്. ജോസഫും എസ്. ഹരീഷും റഫീഖ് മംഗലശ്ശേരിയും ഉൾപ്പെടെ ഒട്ടനവധി എഴുത്തുകാർ കടുത്തതും ക്രൂരവുമായ സൈബർ ആക്രമണങ്ങൾക്ക് വിധേരായിട്ടുണ്ടെന്ന് ഈ ‘സേഫ് സോൺ എഴുത്തുകാർ’ അറിഞ്ഞില്ലെന്നുണ്ടോ..? അന്നന്തേ ഒരു വാക്കിന്റെ പോലും പിന്തുണ ഇവരിലൊരാൾക്കും ലഭിച്ചില്ല? എന്തെങ്കിലും സ്വകാര്യ ആവശ്യം നേടിയെടുക്കാൻ നടത്തിയ സമരത്തിന്റെ പേരിൽ അല്ല ഈ എഴുത്തുകാർ ആരും ആക്രമണങ്ങൾ നേരിട്ടത്, ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയോ സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറഞ്ഞതിന്റെ പേരിലോ മാത്രമായിരുന്നു അതൊക്കെയും.

അഷ്ടമൂർത്തി, കെ.ആർ. മീര, അശോകൻ ചരുവിൽ, കെ.പി. രാമനുണ്ണി, കെ. സച്ചിദാനന്ദൻ, ജെ.ദേവിക, എസ്. ജോസഫ്, എസ്. ഹരീഷ്, റഫീഖ് മംഗലശ്ശേരി,

റഫീക്ക് അഹമ്മദ് തന്നെ ‘മതദേഹം’ എന്നൊരു കവിത എഴുതിയതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ടതും ആരും അറിയാതെയല്ല. അപ്പോൾ പ്രശ്നം അതല്ല, അതൊന്നും ഇടതുപക്ഷ ആക്രമണങ്ങൾ ആയിരുന്നില്ല, വലതുപക്ഷ, തീവ്ര വലതുപക്ഷ ജാതിമത ആക്രമണങ്ങൾ ആയിരുന്നു. അതിനോടൊക്കെ മൗനം പാലിക്കുന്നതാണ് തടിക്ക് നല്ലതെന്ന് ഈ ‘സേഫ് സോൺ എഴുത്തുകാർ’ക്ക് തോന്നിക്കാണും. അതോ കവിത എഴുതാൻ റഫീക്ക് അഹമ്മദിനുള്ള സ്വാതന്ത്ര്യം മറ്റാർക്കും ഇല്ലെന്നും ഇവരൊക്കെ ആക്രമണത്തിനു അർഹരാണെന്നും തോന്നിയതുകൊണ്ടാണോ അന്ന് ഒരക്ഷരം ഉരിയാടാതെയിരുന്നത്?

ഞാൻ വീണ്ടും പറയട്ടെ, ഒരുതരം സൈബർ ആക്രമണങ്ങൾക്കും ഒപ്പമല്ല ഞാൻ. എല്ലാ പാർട്ടികളിൽ നിന്നും മതങ്ങളിൽ നിന്നും സാഹിത്യഗൂഡസംഘങ്ങളിൽ നിന്നും ഞാനത് നേരിട്ടിട്ടുമുണ്ട്. അത്തരം വെട്ടുക്കിളി സ്വഭാവങ്ങളിൽ നിന്ന് ഒരു രാഷ്ട്രീയപാർട്ടിയോ ജാതിയോ മതമോ സംഘടനകളോ മോചിതരല്ല, അത് സമൂഹത്തിന്റെ ഏറ്റവും നീചസ്വഭാവം തന്നെ ആയി മാറിയിട്ടുമുണ്ട്. എന്നാൽ ഇടതുപക്ഷത്തെ ചെറുതാക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ചില വലതുപക്ഷ മാധ്യമങ്ങളുടെ ചുവടുപടിച്ച്, അതിൽ വാർത്തകൾ വരുമ്പോൾ മാത്രം സാമൂഹിക ബോധമുള്ള ഒരെഴുത്തുകാരൻ പ്രതികരിക്കുന്നത് അത്ര ശുഭസൂചനയായി ഞാൻ കാണുന്നില്ല. അതിനുള്ളിൽ ഒരു കാപട്യമുണ്ട്, അതിനുള്ളിൽ ഒരു അപകടവുമുണ്ട്.

റഫീഖ് അഹമ്മദ്

സ്വന്തം രാഷ്ട്രീയനിലപാടുകളും അഭിപ്രായങ്ങളും പുറത്തു പറയുന്നതും അതിനുവേണ്ടി നിലകൊള്ളുന്നതും എന്തോ വലിയ മോശം ഏർപ്പാടാണെന്ന് വിചാരിച്ചു വച്ചിരിക്കുന്ന അരാഷ്ട്രീയ ബുദ്ധിജീവികൾ ഇനിയെങ്കിലും ആ അപകടം തിരിച്ചറിയട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത്തരക്കാർ ഏറ്റവും വലിയ ആക്ഷേപമായി നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യം, എഴുത്തുകാർ ഇലക്ഷൻ പ്രചാരണത്തിനിറങ്ങി, വോട്ടും ചോദിച്ചു എന്നതാണ്. സ്വതന്ത്ര്യമായ അഭിപ്രായവും രാഷ്ട്രീയബോധവുമുള്ളവർ ഇലക്ഷൻ പ്രചാരണത്തിനിറങ്ങും, പരസ്യമായി നിലപാടുകൾ പറയും, വോട്ട് ചോദിക്കും. അതൊക്കെയാണ് നമ്മുടെ പരിമിതമായ ജനാധിപത്യത്തെയെങ്കിലും നിലനിറുത്തുന്നത്.

നിശബ്ദരായിരുന്ന് സർവ്വസമ്മതരായ എഴുത്തുകാരായി വാഴുന്നതാണ് ഭൂഷണം എന്ന് വിചാരിക്കാനും മാത്രം രാഷ്ട്രീയ ഷണ്ഡത്വം ബാധിച്ചിട്ടില്ലാത്തവർ ഇവിടെ ഉണ്ടെന്നുകൂടി ഓർക്കുക. അതിവേഗം വലതുപക്ഷത്തേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന് ഉറപ്പുള്ളതുകൊണ്ട് തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായി എന്നതിനർത്ഥം, ഈ ഭൂമിയിലുള്ള സർവ്വകാര്യങ്ങളുടെയും ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നു എന്നല്ല. വിഷയങ്ങളുടെ മേൽ നിലപാടുകൾ സ്വീകരിച്ചും പ്രതികരിക്കേണ്ട കാര്യങ്ങളിൽ പ്രതികരിച്ചും തന്നെയാണ് ഇന്നോളം മുന്നോട്ടുപോയിട്ടുള്ളത്, നാളെയും അതങ്ങനെ തന്നെ ആയിരിക്കും.

പിന്നെ ഒരു കാര്യം കൂടി; ഇത്തരം ആക്രമണങ്ങളെ നിരന്തരം നേരിട്ടുതന്നെയാണ്, സ്വന്തമായ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിയില്ലാത്ത ഓരോ എഴുത്തുകാരും ഇവിടെ നിൽക്കുന്നത്. സേഫ് സോണിൽ നിന്ന് സൗകര്യപൂർവ്വം മാത്രം പുറത്തേക്കെത്തിനോക്കുന്ന ചിലർക്ക് സൈബർ ആക്രമണം കണ്ടാൽ തളർച്ച തോന്നുമെങ്കിലും റഫീക്ക് അഹമ്മദ് മറുപടിയായി എഴുതിയതു പോലെ‘കുരുപൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളതു കരുണ മാത്രം, വെറുപ്പില്ലൊരശേഷവും'എന്ന് തിരിച്ചു പറയാനുള്ള ത്രാണി ഈ എഴുത്തുകാർ ഒക്കെയും എന്നേ കൈവരിച്ചു കഴിഞ്ഞു.

അതുകൊണ്ട്, ഇടതുപക്ഷ ആക്രമണങ്ങളെല്ലാം ക്രൂരം, ബാക്കിയെല്ലാം വിശുദ്ധം എന്ന നിലപാടുവിട്ട് യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങിവരൂ, എല്ലാത്തരം സൈബർ ആക്രമണങ്ങളെയും ജനാധിപത്യ വിരുദ്ധ നിലപാടുകളെയും എതിർക്കുന്നതിനുവേണ്ടി നമുക്ക് എല്ലാവർക്കും ഒന്നിച്ചുനിൽക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്​കാര സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാം. മറഞ്ഞു നിന്ന് കല്ലെറിഞ്ഞിട്ട് ഓടുന്നതിനേക്കാൾ അതല്ലേ നല്ലത്..?


ബെന്യാമിൻ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അക്കപ്പോരിന്റെ 20 നസ്രാണിവർഷങ്ങൾ, ആടുജീവിതം, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ, നിശ്ശബ്​ദസഞ്ചാരങ്ങൾ എന്നിവ പ്രധാന നോവലുകൾ.

Comments