മമ്മൂട്ടിയുടെ ചിരി എന്നോട് പറഞ്ഞത്

‘ഷൈലോക്കി'ലെ പലിശക്കാരൻ, ‘മുന്നറിയിപ്പി'ലെ രാഘവൻ, ‘വിധേയനി'ലെ പട്ടേലർ, ‘അമര'ത്തിലെ അച്ചു, ‘മതിലുകളി'ലെ ബഷീർ, ‘പൊന്തൻമാട'യിലെ മാട, ‘മൃഗയ'യിലെ വാറുണ്ണി... മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ ചിരിച്ച ചിരികളിലൂടെ...

ലസമായ ഒരു രാത്രിയിൽ വെറുതെ സമയം കളയാമെന്നു കരുതിയാണ് ആമസോൺ പ്രൈമിൽ കയറിയത്. നീണ്ടുനീണ്ടു പോവുന്ന വെബ് സീരീസിനേക്കാൾ പ്രിയം സിനിമ തന്നെ. ഒടുക്കമറിയാനാവാത്ത പലതും ജീവിതത്തിലുള്ളതുകൊണ്ടാവാം നീണ്ട ഒടുങ്ങാത്ത സീരിസിനേക്കാൾ ഇഷ്ടം തോന്നുന്നതെപ്പോഴും സിനിമയോടാണ്. രണ്ടര മണിക്കൂർ നാം ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തതും എല്ലാം അറിഞ്ഞു കഴിയുമല്ലോ.
മമ്മൂട്ടിയുടെ ‘ഷൈലോക്ക്' കാണാൻ ഇടയായതും അങ്ങനെയാണ്. മകളും ഞാനും ചിരിച്ചും കളിച്ചും പടം കണ്ടു തീർത്തു. ഉറങ്ങുന്നതിനുമുമ്പ് അവൾ എന്നോട് പറഞ്ഞു, ‘എനിക്ക് ഷൈലോക്കിന്റെ ചിരി ഒത്തിരി ഇഷ്ടപ്പെട്ടുകേട്ടോ, സിനിമ മുന്നോട്ടു പോകുംതോറും ചിരിയുടെ ഭാവം മാറുന്ന പോലെ.' പിറ്റേന്ന് കാത്തിരിക്കുന്ന പരീക്ഷയുടെ ആവലാതിയും പറഞ്ഞ് അവൾ തിരിഞ്ഞുകിടന്ന് ഉറക്കമായി.

ഷൈലോക്ക്

ഷൈലോക്ക് എന്ന ചിത്രം പ്രത്യേകിച്ച് വലിയ പുതുമ അവകാശപ്പെടാനില്ലാത്ത സാധാരണ entertainer മാത്രമാണ്. അതിൽ ശ്രദ്ധിക്കപ്പെടുന്നത് മമ്മൂട്ടിയുടെ ചിരിയും, കറുത്ത വസ്ത്രത്തിലുള്ള സ്‌റ്റൈലിഷ് ഗെറ്റപ്പുമാണ്. ക്രൂരമായ പലിശക്കാരന്റെ ഒരുതരം കുനുഷ്ട് നിറഞ്ഞ ചിരിയിൽ നിന്ന് ഉള്ളുരുക്കി പ്രതികാരം ചെയ്യാൻ തപം ചെയ്തു തുനിഞ്ഞിറങ്ങി, അതിൽ വിജയിച്ച ഒരുവന്റെ ചിരിയിൽ നിർത്തിക്കൊണ്ട് പടം അവസാനിക്കുന്നു.
ചിരിയും കരച്ചിലും ആണല്ലോ ജീവിതത്തിൽ നമ്മെ പരസ്പരം അടുപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന്റെ സൂക്ഷ്മ വിചാരവികാരങ്ങളേയും, ശരീരഭാഷയിലൂടെ മനുഷ്യന്റെ സ്പന്ദനങ്ങളേയും കൊണ്ടാടുന്ന അഭിനേതാക്കൾ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു ചിരികൊണ്ട് (നിസ്സഹായമായ പുഞ്ചിരി മുതൽ ഭ്രാന്തമായ ചിരി വരെ) ഒരു കഥാപാത്രത്തിന് അതിനിഗൂഢമായ മനുഷ്യമനസ്സിന്റെ പ്രക്ഷുബ്ദാവസ്ഥകളിലേക്ക് ഭയചകിതരാക്കി കൊണ്ടുപോവാൻ വാക്കിൻ ഫീനിക്‌സിന് ‘ജോക്കർ' എന്ന സിനിമയിൽ കഴിഞ്ഞു. ഒരൊറ്റ കഥാപാത്രം അഭിനയം കൊണ്ടാടി അരങ്ങുതകർത്ത്​ അവസാനിപ്പിക്കുമ്പോഴും നമ്മുടെ ഉപബോധമനസ്സിലേക്ക് തുളഞ്ഞുകയറിയ പേടിയുടെ നിഴലാട്ടങ്ങൾ വിട്ടിറങ്ങുന്നില്ല. അസ്ഥാനത്തുയരുന്ന ചിരിയേക്കാൾ ഭയാനകമായ ഒന്നുമില്ലെന്ന് നാം തിരിച്ചറിയുന്നു.

മുന്നറിയിപ്പ്

മലയാള സിനിമയിൽ എന്നും ചർച്ചചെയ്യപ്പെട്ടിട്ടുള്ള ചിരി മോഹൻലാലിന്റേതാണ്. ശ്രീകൃഷ്ണനെ പോലെ കുസൃതി കലർന്ന ചിരി ചിരിച്ച് മലയാളികളുടെ മനസ്സിൽ അദ്ദേഹം ഇടം നേടി. ചിത്രത്തിലെയും, ദശരഥത്തിലെയും അധിപനിലെയും, അങ്ങനെ നിരവധി സിനിമകൾ. ആ കാലഘട്ടത്തിലെ മോഹൻലാൽ സിനിമകളിലെ പല ചേരുവകളിലൊന്ന് അദ്ദേഹത്തിന്റെ കണ്ണിറുക്കിയുള്ള ചിരിയായിരുന്നു. മറിച്ച് മമ്മൂട്ടി ചർച്ചചെയ്യപ്പെട്ടത് ഘനമേറിയ കഥാപാത്രങ്ങളുടെ ആവിഷ്‌കരണത്തിനും; വക്കീൽ, പൊലീസ്, പത്രപ്രവർത്തകൻ അങ്ങനെ പലതും. എന്നാൽ ഷൈലോക്ക് എന്നെ ഓർമപ്പെടുത്തിക്കൊണ്ടുപോയത് മനസ്സിൽ പലപ്പോഴായി ആഴത്തിൽ കൊണ്ട മമ്മൂട്ടിയുടെ ചിരിയുടെ നാനാർഥങ്ങളിലേക്കാണ്. ചിരികളിൽ മമ്മൂട്ടിയെ ബാക്കിവെക്കാതെ അദ്ദേഹം കഥാപാത്രത്തെ മാത്രം നമ്മുടെ മനസ്സിലേക്കെറിഞ്ഞുതരുന്നു. പലപ്പോഴും, ഒരിക്കലും മറക്കാനാവാത്ത വിധം.

രാഘവൻ, പട്ടേലർ, ബഷീർ, അച്ചു

മലയാളികൾ മറക്കാനിടയില്ലാത്ത അത്തരം ഒരു പുഞ്ചിരി ‘മുന്നറിയിപ്പി'ലെ രാഘവന്റെതാണ്. ആഴ്ചകളോളം ആ ചിരി പ്രേക്ഷകരെ പിന്തുടർന്നിരിക്കാം. നമുക്ക് ചുറ്റുമുള്ള സൗമ്യസ്വഭാവക്കാരിൽ അറിയാതെ നാം ആ ചിരി പേടിയോടെ തിരഞ്ഞിട്ടുണ്ടാവാം. അതിനിഗൂഢമായ, ഏതാനം സെക്കന്റുകളിൽ മാത്രം മിന്നിമാഞ്ഞ അവസാന സീനിലെ ഒരൊറ്റ ചിരിയിൽ രാഘവൻ എന്ന കഥാപാത്രത്തെ മറക്കാനിടയില്ലാത്തവിധം നമ്മിലെ ഉപബോധമനസ്സിലേക്ക് നടൻ കെട്ടിയിറക്കുന്നു. ഒരു മനഃശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ രാഘവൻ എന്ന കഥാപാത്രത്തിന്റെ മനസ്സിന്റെ താളപ്പിഴകളെ ഒരു ചിരിയിലൊതുക്കി നമ്മുടെ മുന്നിലെത്തിക്കാൻ മമ്മൂട്ടിയുടെ പുഞ്ചിരിക്കാവുന്നു.

വിധേയനിലെ ഒരു രംഗം

‘വിധേയനി'ലെ പട്ടേലരെ ആരും ഓർക്കാൻകൂടി ഇഷ്ടപ്പെടുന്നുണ്ടാവില്ല, ഇപ്പോഴും. ക്രൂരതയുടെ ആൾരൂപം. ഏതു ക്രൂരകൃത്യവും ദയയുടെ ഒരു നേരിയ ലാഞ്ചന പോലുമില്ലാതെ അനായാസേന ചെയ്തുതീർക്കുന്ന പട്ടേലരുടെ പൊട്ടിച്ചിരി കാണുന്നവരുടെ മനസ്സിൽ വെറുപ്പിന്റെ തീർത്താൽ തീരാത്ത പകയുണ്ടാകുന്നു. അയാൾ ചിരിക്കുമ്പോൾ ക്രൂരമായ വന്യത കണ്ണിൽ പരക്കുന്നു. അത് അശ്ലീല ചിരിയായാലും, കൊലച്ചിരിയായാലും. മനുഷ്യൻ പാടെ മരിച്ച പട്ടേലരുടെ ചിരിയിൽ ഇരയെ തേടുന്ന ചെന്നായയുടെ മണം പരക്കുന്നു.

ഒരുപൂവിതൾ പോലെ പുഞ്ചിരിക്കാനേ മതിലുകളിലെ ബഷീറിനാവൂ. ചുറ്റും കോട്ടപോലെ ഉയർന്നു നിൽക്കുന്ന ജയിൽ മതിലിനുമപ്പുറം മൊട്ടിട്ട പ്രണയം പകർത്താൻ ബഷീറിന്റെ ചെറുപുഞ്ചിരിക്കാവുന്നു. അതിലോലമായ വാക്കുകൾ മതിലിനുമപ്പുറം നിന്ന്, ഒരിക്കലും കാണാത്ത നാരായണിയുമായി പങ്കുവെക്കുമ്പോൾ ബഷീറിന്റെ വാക്കുകളേക്കാൾ വിടരുന്ന ചിരിക്ക് നമ്മോടു സംവദിക്കാനാകുന്നു. കഥകളുടെ സുൽത്താന്റെ ജീവിതത്തിലെ കൗതുകം മുഴുവൻ ആവാഹിച്ചു ഒപ്പിയെടുത്ത് നമ്മുക്ക് പകർന്നു നല്കാൻ ബഷീർ എന്ന കഥാപാത്രത്തിന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി മാത്രം മതിയാവും.

ജീവിതാനുഭവങ്ങളുടെ ആഴങ്ങളിൽ നിന്ന് തുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരുടെ ചിരി പലപ്പോഴും നമ്മുടെ കണ്ണുകളിൽ നനവ് പടർത്തുന്നു. ‘അമര'ത്തിലെ അച്യുതൻകുട്ടി പുഞ്ചിരിക്കുമ്പോഴും പൊട്ടിച്ചിരിക്കുമ്പോഴും നാം എത്ര തവണ നെഞ്ചിലെ നീറ്റലൊതുക്കി. ‘അച്ഛന്റെ മുത്ത് ' പത്താം തരത്തിൽ ഒന്നാം ക്ലാസ്സോടെ വിജയിച്ചു എന്നറിയുന്ന നിമിഷം അച്യുതൻകുട്ടിയുടെ മുഖത്ത് വിരിയുന്ന ചിരി, ഒരു പിതാവിന്റെ ആഹ്‌ളാദപ്രകടനങ്ങൾക്കുമപ്പുറം ഉള്ളുരുക്കി ജീവിതം മുറുകെ പിടിക്കുന്നവർക്കു മാത്രം മനസിലാക്കാൻ കഴിയുന്ന മറ്റൊരു വികാരമായി മാറുന്നു. തന്റെ മകളുടെ കയ്യും പിടിച്ച് കടപ്പുറത്തൂടെ ഓടി നടന്ന് മകളുടെ വിജയകഥ പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിക്കുന്ന അച്യുതൻകുട്ടിയിലൂടെ, ചിരി ചുണ്ടുകളിൽ വിടരുന്നതൊന്നു മാത്രമല്ലെന്നും അത് ശരീരം മുഴുവൻ പടർന്നാടി ചിലപ്പോഴെങ്കിലും പ്രകടമാക്കപ്പെടുമെന്നും മമ്മൂട്ടി നമുക്ക് കാട്ടിത്തരുന്നു. ഒരു ചിരിക്കായി മോഹിച്ചു കാത്തിരുന്ന് ചിരിക്കുന്നവന്റെ ചിരി ചുണ്ടുകളിൽ മാത്രം വിടർന്നു കൊഴിയാൻ സാധ്യമല്ലല്ലോ! തിരക്കഥകൾക്കപ്പുറത്തേക്ക് കഥാപാത്രങ്ങളെ കൊണ്ടുപോവാൻ ഒരു അഭിനേതാവിനു കഴിയുന്നത് വാക്കുകൾക്ക് പറയാൻ കഴിയാത്തത് അഭിനയം കൊണ്ട് നികത്തപ്പെടുമ്പോഴാണ്. അത്തരം സിനിമകൾ ജീവിതം പോലെ തന്നെ വാക്കുകൾക്കതീതമാവുന്നു.

അമരം

നന്മ മാത്രം തൊട്ടറിഞ്ഞു ജീവിക്കുന്നവർക്കേ നേർമയോടെ ചിരിക്കാനാവൂ എന്ന് ‘വാത്സല്യ'ത്തിലെ വല്യേട്ടനായ രാഘവനിലൂടെ മമ്മൂട്ടി പറയുന്നു. എന്നാൽ ഇത്തിരി ചട്ടമ്പി ചിരിക്കുമ്പോൾ അതിൽ ഒത്തിരി തിരുമാലിത്തരവും കാണും എന്നും കോട്ടയം കുഞ്ഞച്ചനിൽ നാം കണ്ടതാണ്.

അധഃകൃതന്റെ ചിരി

അപൂർവമായേ ‘മൃഗയ'യിലെ വാറുണ്ണി ചിരിക്കുന്നുള്ളൂ. വാറുണ്ണി ചിരിക്കുമ്പോൾ നാം അമ്പരക്കുന്നു. നാം കണ്ടറിയാത്ത ജീവിതങ്ങളുടെ ചിരിയും കരച്ചിലുമെല്ലാം നമുക്കെന്നും വിസ്മയം തന്നെ. അത്തരം ജീവിതങ്ങളുടെ ഉള്ളറകളിലേക്ക് നടന്നുകയറി അവരെ നമുക്ക് മുമ്പിൽ അനായാസേന അവതരിപ്പിക്കാൻ മമ്മൂട്ടിക്കാകുന്നു. വാറുണ്ണിയുടെ ഇളംചിരി മുതൽ ഇമ അനക്കം വരെ നമ്മിൽ കൗതുകം ഉണ്ടാക്കുന്നു.
അനുഭവങ്ങളുടെ വടുക്കളേറ്റി ജീവിക്കുന്നവർ പലരുണ്ട് നമുക്കിടയിൽ. ജീവിതത്തിൽ ചിരിക്കാൻ ഇഷ്ടപ്പെടാത്തവർ, ഒരു പക പോക്കൽ പോലെ.

മൃഗയ

‘സാമ്രാജ്യ'ത്തിലെ അലക്സാണ്ടറും ‘ന്യൂഡൽഹി'യിലെ ജി.കെയും ജീവിതത്തിൽ പുഞ്ചിരി നഷ്ടപ്പെട്ടവരാണ്. ഇത്തരം കഥാപാത്രങ്ങക്കൊപ്പം സഞ്ചരിക്കുമ്പോൾ നാം അസ്വസ്ഥരാവുന്നു. ഒരിക്കലെങ്കിലും അവരുടെ മുഖത്ത് ഒരു ചെറുചിരി വിടർന്നെങ്കിൽ എന്ന് നാം ആശിച്ചു പോവുന്നു. പണവും പ്രതാപവും ഉണ്ടെങ്കിലും ചിരി മാഞ്ഞവരുടെ ജീവിതം അത്രമേൽ ദുസ്സഹം ആണെന്ന് ചിരിയില്ലായ്മയിലൂടെ മമ്മൂട്ടി പറയാതെ പറയുന്നു.

നിർവചിക്കാനാകാത്ത പുഞ്ചിരികൾ പലതുണ്ട് ജീവിതത്തിൽ. അതുപോലെ ഒന്നാണ് അധഃകൃതനായ പൊന്തൻമാടയുടേത്. തനിക്കെന്നും അന്യമായ മേലാളരുടെ ജീവിതത്തോടുള്ള വിസ്മയമുണ്ട്, നെഞ്ച് കത്തുന്ന പട്ടിണിയുടെ വേനലുണ്ട്, പൊന്തന്മാടയുടെ ചിരിക്ക് നാനാർഥവും, വ്യാകരണവും, അലങ്കാരവുമില്ലാതാവുന്നു; അത് ചിരിക്കാൻ പഠിച്ചിട്ടില്ലാത്തവന്റെ ചിരിയായി മാറുന്നു. അത് അവന്റെ തന്നെ സത്യവും, സ്വത്വവും ആവുന്നു. കുതിരവണ്ടിയിൽ തന്റെ ശീമത്തമ്പുരാനോടൊപ്പം (നസറുദ്ദീൻ ഷായുടെ കഥാപാത്രം) പിന്നിലിരുന്ന് യാത്ര ചെയ്യുന്ന പൊന്തൻമാട, തന്റെ തമ്പുരാൻ ഇടതടവില്ലാതെ ഉരുവിടുന്ന ഇംഗ്ലീഷ് വാചകങ്ങൾ കേട്ട് അത്ഭുതപ്പെട്ടു പുഞ്ചിരിക്കുന്നു. പറഞ്ഞതൊന്നുമേ മനസ്സിലായില്ലെങ്കിലും അവന് തന്റെ തമ്പുരാന്റെ നോവും നീറ്റലും അറിയാനാവുന്നു. പൊന്തൻമാട പുഞ്ചിരിക്കുമ്പോൾ അതിൽ ഒരു ദേശത്തിന്റെ അടിയാളരുടെ സർവ ദുഃഖവും, ദുരിതങ്ങളും, ആശകളും, നിരാശകളും നിഴലിക്കുന്നത് നമുക്ക് കാണാം. ജാതിയും, ദേശവും, ഭാഷയും, സംസ്‌ക്കാരവും, മനസ്സുകൾ അറിയുന്നവർക്ക് ബാധമല്ലെന്നു മാടയും തമ്പുരാനും നമ്മോടു പറയുന്നത് വാക്കുകൾക്കപ്പുറം നിൽക്കുന്ന ഇത്തരം ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെയാണ്.
അങ്ങനെ ഒരുപാട് കഥയും കഥാപാത്രങ്ങളും. മമ്മൂട്ടി ചിരിക്കുമ്പോൾ നാം ചിരിക്കുള്ളിലെ അർത്ഥതലങ്ങൾ തേടി പോവുന്നു പലപ്പോഴും. നടനെ പാടെ മറക്കുന്നു. മനുഷ്യമനസ്സിനെ ആവിഷ്‌കരിക്കാൻ ചിരി പലപ്പോഴും കരച്ചിലിനേക്കാൾ ശക്തമായ രീതിയാവുന്നു. കാരണം മനുഷ്യന് മാത്രമാണത്രെ ചിരിക്കാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ മനുഷ്യനോളം നിഗൂഢത അവന്റെ ചിരിയിലും കണ്ടെന്നിരിക്കാം. അത് തൊട്ടറിഞ്ഞു നമ്മുടെ മുന്നിൽ നിറഞ്ഞാടുന്ന കലയും കലാകാരന്മാരും അതാരുതന്നെ ആവട്ടെ അനുഗ്രഹീതരാവാതെ തരമില്ല.


ദുൽഖർ സൽമാനും പിണറായി വിജയനും

Comments