മതാത്മകദേശീയതയുടെ ബദൽ അന്വേഷണങ്ങൾ

മഹാഭാരതത്തെക്കുറിച്ച് ഇതുവരെയുണ്ടായിട്ടുള്ള ചരിത്രപാഠങ്ങളെ ചേർത്തുവെക്കുകയും കൊസാംബിയും റോമീല ഥാപ്പറുമടങ്ങുന്ന ചരിത്രകാരന്മാരുടെ പാതയിലൂടെ മഹാഭാരത പഠനത്തെ നയിക്കുകയും ചെയ്യുന്ന പുസ്തകമാണ് സുനിൽ പി. ഇളയിടത്തിന്റെ 'മഹാഭാരതം സാംസ്‌കാരിക ചരിത്രം'. മാർക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ വാദങ്ങൾക്കൊപ്പം പാരമ്പര്യ വാദികളായ ചരിത്രകാരന്മാരുടെയും ഗാന്ധിജിയും തിലകനും അരവിന്ദോയുമടങ്ങുന്ന ദേശീയ വാദികളുടെയും മഹാഭാരത വിചാരങ്ങളെയും ചർച്ച ചെയ്യാൻ ഈ കൃതി ശ്രമിക്കുന്നുണ്ട്. ഭഗവദ്ഗീതയുടെ ചരിത്രത്തെ ഈ പുസ്തകം സമീപിച്ചത് എങ്ങനെയെന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിലൂടെ ലേഖകൻ.

ഹാഭാരത പഠനം എന്നു കേൾക്കുമ്പോൾ അത് വ്യാഖ്യാനമോ പാഠപഠനമോ വിവർത്തനമോ വിശകലനമോ മാത്രമാണെന്ന ധാരണ പൊതുവെയുണ്ട്. വിമർശനസ്വരങ്ങൾ ഉയരുമ്പോൾ പോലും അത് കഥാപാത്രത്തെയോ കഥാസന്ദർഭത്തെയോ തൊട്ടുകൊണ്ടുള്ള കേവലവാദമായി മാറിപ്പോകാറുണ്ട് എന്നതാണ് പ്രധാന കാരണം. മലയാളത്തിലുണ്ടായിട്ടുള്ള ഭാരത പഠനങ്ങളെല്ലാം തന്നെ ഈ രീതികളെ തന്നെയാണ് അവലംബിച്ചിട്ടുള്ളത്. അതിൽ നിന്നും

അൽപ്പം ഗതിമാറി സഞ്ചരിക്കുകയും ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കുകയും ചെയ്ത കുട്ടികൃഷ്ണമാരാരുടെ "ഭാരതപര്യടനം'പലപ്പോഴും കഥാപാത്ര നിരൂപണം എന്ന ശാഖയോട് ചേർന്ന് നിൽക്കുന്നതായി കാണാം.

874 ദിവസങ്ങൾ കൊണ്ട് മഹാഭാരതം വിവർത്തനം ചെയ്ത കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാനടക്കമുള്ളവരുടെ, മലയാള ഭാഷയ്ക്ക് അഭിമാനിക്കാവുന്ന വിവർത്തനങ്ങൾ നമുക്കുണ്ട്. നോവലുകളും കഥകളും പഠനങ്ങളും കവിതകളുമായി ഭാരതാഖ്യാനങ്ങൾ മലയാളത്തിൽ വികസിച്ചിട്ടുമുണ്ട്. എന്നിട്ടും വേണ്ടവിധം മഹാഭാരതത്തെ ചരിത്രത്തിന്റെ, സാംസ്‌കാരിക വിവക്ഷയുടെ അടിസ്ഥാനത്തിൽ പഠിക്കപ്പെട്ട ഗവേഷണ ഗ്രന്ഥം നമുക്കുണ്ടോ? ലാവണ്യാനുഭൂതി എന്നതിനപ്പുറം ഒരു ഇതിഹാസത്തിന്റെ ജീവിതം ചരിത്രത്തിന്റെ കണ്ണികളോട് ബന്ധിതമായിരിക്കുമെന്ന യാഥാർത്ഥ്യത്തെ നമ്മുടെ എഴുത്തുകാരും ചരിത്രകാരന്മാരും മറന്നുപോകുന്നില്ലേ? എന്നാൽ മലയാളത്തിന് പുറത്ത് മഹാഭാരതത്തെ സംബന്ധിക്കുന്ന എത്ര ചരിത്ര വായനകളാണ് നടന്നിട്ടുള്ളത്. ഏകപാഠമായും ബഹുപാഠമായും ഏക കർതൃത്വമായും അനേക കർതൃത്വമായും താർക്കികവും യുക്ത്യധിഷ്ഠിതവുമായ വായനകളും പുനർവായനകളും മഹാഭാരതത്തെ സംബന്ധിച്ച് സാധ്യമാകുമ്പോഴാണ് നമുക്ക് പിടിച്ചുനിൽക്കാൻ ഒരു ഭാരതപര്യടനം മാത്രമല്ലേയുള്ളൂ എന്ന പരിമിതി തിരിച്ചറിയുന്നത്.

ഇവിടെയാണ് സുനിൽ പി.ഇളയിടത്തിന്റെ "മഹാഭാരതം സാംസ്‌കാരിക ചരിത്രം'എന്ന ഗ്രന്ഥത്തിന്റെ പ്രസക്തി. മഹാഭാരതത്തെക്കുറിച്ച് ഇതുവരെയുണ്ടായിട്ടുള്ള ചരിത്രപാഠങ്ങളെ ചേർത്തു വെക്കുകയും കൊസാംബിയും റൊമീല ഥാപ്പറുമടങ്ങുന്ന ചരിത്രകാരന്മാരുടെ പാതയിലൂടെ ഭാരതപഠനത്തെ നയിക്കുകയും ചെയ്യുന്നു ഈ പുസ്തകം. എന്നാൽ കേവലമായി മാർക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ വാദത്തെ മാത്രമല്ല വിശകലനം ചെയ്യുന്നത്. പാരമ്പര്യവാദികളായ ചരിത്രകാരന്മാരുടെയും ഗാന്ധിജിയും തിലകനും അരവിന്ദോയുമടങ്ങുന്ന ദേശീയ വാദികളുടേയും മഹാഭാരതവിചാരങ്ങളെ ചർച്ച ചെയ്യാൻ ഈ കൃതി ശ്രമിക്കുന്നുണ്ട്. പാഠ ചരിത്രം, ഭൗതിക ചരിത്രം, പാരായണ ചരിത്രം, വ്യാപന ചരിത്രം, ബഹുസ്വരാത്മക ചരിത്രം, ഗീതാചരിത്രം, വിഭാവന ചരിത്രം എന്നിങ്ങനെ മഹാഭാരതത്തിലെ ചരിത്രത്തെ ആകെ ഉൾക്കൊള്ളുന്ന ഏഴു ഭാഗങ്ങളാണ് കൃതിയുടെ ഉള്ളടക്കം. ഏക മഹാഭാരതത്തിൽ നിന്ന് മഹാഭാരതങ്ങളിലേക്കുള്ള, ഏക കർതൃത്വത്തിൽനിന്ന് ബഹുകർതൃത്വത്തിലേക്കുള്ള ഭാരത സഞ്ചാരത്തിന്റെ നാൾവഴികളെ ഇതിൽ അനാവരണം ചെയ്യുന്നുണ്ട്. ഈ പുസ്തകത്തെ സംബന്ധിക്കുന്ന നിരവധി പഠനങ്ങളും വായനകളും പല മാധ്യമങ്ങൾ വഴി വന്നിട്ടുള്ളതിനാൽ "മഹാഭാരതചരിത്രം' എന്ന വായനാ നിലയിൽ നിന്ന് ഭഗവദ്ഗീതയുടെ ചരിത്രത്തെ പ്രസ്തുത പുസ്തകം സമീപിച്ചത് എങ്ങിനെയെന്ന് വായിക്കാനുള്ള ശ്രമമാണ് ഈ എഴുത്ത്. പ്രത്യേകിച്ച് ഭഗവദ്ഗീതയാണ് മഹാഭാരതമായി വികസിച്ചത് എന്നും ഇന്ത്യൻ ദർശനങ്ങളുടെ സത്തയാകെ ഗീതയിൽ അധിഷ്ഠിതമാണെന്നുമുള്ള ദുർവ്യാഖ്യാനങ്ങളും സമീപനങ്ങളും ശക്തമാകുമ്പോൾ ചരിത്രത്തെ മുൻനിർത്തിയുള്ള ഗീതാ വിചാരത്തെ വിനിമയം ചെയ്യുന്നത് പ്രസക്തമാണെന്നു തോന്നുന്നു.
"മഹാഭാരതം സാംസ്‌കാരിക ചരിത്രം' എന്ന പുസ്തകത്തിലെ ആറാം ഭാഗമാണ് "ഗീതയും മഹാഭാരതവും' എന്നത് (ഗീതയുടെ ചരിത്രഭൂമിക, ഗീതയും മധ്യകാലവും, ഭഗവദ്ഗീതയുടെ പടിഞ്ഞാറൻ യാത്രകൾ, മതാത്മക ദേശീയതയുടെ ആത്മീയ പാഠം). ഭഗവത്ഗീതയുടെ സമഗ്ര ചരിത്രത്തെ, ഇന്നുവരെയുള്ള അതിന്റെ സഞ്ചാരത്തെ വിശദമായിത്തന്നെ നാലു പീനങ്ങളിലൂടെ വിവരിക്കുന്നുണ്ട്. മലയാളത്തിൽ ഇന്നോളം പുറത്തിറങ്ങിയിട്ടുള്ള ഗീതാ പഠനങ്ങളിൽ നിന്നും വ്യത്യസ്തമായി ചരിത്രപരവും ധൈഷണികവും വൈജ്ഞാനികവുമായ ഗവേഷണപദ്ധതിയായി ഈ കൃതിയെ കാണാവുന്നതാണ്.

വളരെ അപകടം പിടിച്ച ഒരു കാലത്തു നിന്നുകൊണ്ടാണ് ഗീതാ ചരിത്രത്തെ ഗ്രന്ഥകർത്താവ് വിലയിരുത്തുന്നത്. എന്താണ് ഈ അപകടം? മതവികാരങ്ങളും മതാത്മക ദേശീയതയും തന്നെ. ഇതിഹാസങ്ങൾ അതിന്റെ സാഹിത്യാസ്തിത്വം വിട്ട് വിശുദ്ധ കൃതികളായി പരിണമിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലൂടെയാണല്ലോ നമ്മൾ കടന്നു പോകുന്നത്. ഒപ്പം ഭഗവദ്ഗീതയുടെ വികസിത രൂപം മാത്രമാണ് മഹാഭാരതം എന്ന പൂർവ്വവാദത്തെ ഉറപ്പിച്ച് എടുക്കാനുള്ള ശ്രമവും ചെറുതല്ല.

ഗീതാ പ്രഭാഷണങ്ങൾ, ഗീതാജ്ഞാനയജ്ഞം, ഗീതാസ്വാദ്ധ്യായം, ഗീതാ വിചാരം എന്നിങ്ങനെ ഭഗവദ്ഗീത എന്ന സാഹിത്യകൃതിയെ പലമട്ടിൽ മതത്തിന്റെ/ ബ്രാഹ്മണ്യത്തിന്റെ ഉള്ളിലൊതുക്കി വെക്കാനുള്ള ശ്രമങ്ങൾ അതിന്റെ പൂർണ്ണരൂപത്തിൽ എത്തിയിരിക്കുന്നു. രാമായണത്തിന്റെ കാര്യത്തിൽ മതവാദികൾ എടുത്ത നിലപാടുകളും അതിന്റെ പ്രത്യാഘാതങ്ങളും കണ്ടവരാണ് നമ്മൾ. ദൽഹി സർവകലാശാലയിൽ നിന്നും എ.കെ രാമാനുജന്റെ "മുന്നൂറ് രാമായണങ്ങൾ' എന്ന കൃതി പിൻവലിച്ചതും കേരളത്തിൽ എം.എം ബഷീറിന്റെ രാമായണത്തെ സംബന്ധിക്കുന്ന കോളം നിർത്തിച്ചതുമെല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം.

മത വർഗീയ വാദികൾ കൂടുതൽ ഭയക്കുന്നത് അക്കാദമിക് രംഗത്തെ വൈജ്ഞാനിക ഇടപെടലുകളെയാണ്. ആ ഇടപെടലുകൾ എപ്പോഴും ചരിത്രസത്യങ്ങളുമായി ഇഴചേർന്നു സഞ്ചരിക്കുന്നതാണ് എന്നതുതന്നെ കാരണം. വിജ്ഞാനവും ചരിത്രവും തമ്മിലുള്ള ഈ ബാന്ധവ്യത്തെ നല്ലപോലെ മനസ്സിലാക്കിയവരാണ് വർഗീയ അനുകൂലികൾ. അതുകൊണ്ട് പരമാവധി വൈജ്ഞാനിക ഗ്രന്ഥങ്ങളുമായി അകലം പാലിക്കാനും തിരസ്‌കരിക്കാനും ചരിത്രത്തെ വളച്ചൊടിച്ച് മതവൽക്കരിക്കാനുമാണ് അവർക്ക് താല്പര്യം. ഈ താല്പര്യത്തെ പാടേ റദ്ദ് ചെയ്യുന്നതാണ് സുനിൽ പി. ഇളയിടത്തിന്റെ ഭഗവദ്ഗീതയെ സംബന്ധിച്ചുള്ള നിലപാടുകൾ. ഈ കൃതിയിൽ ഗീതയെക്കുറിച്ച് മുഖ്യമായും മുന്നോട്ടുവെക്കുന്ന ആശയങ്ങൾ :

1 .ഏകപാഠ നിർമ്മിതിയുടെ നിരാസവും ചരിത്രതെളിവുകളും
ഒരൊറ്റ ദർശനമാണ് ഗീതയുടെ കാതൽ എന്ന വിശ്വാസം പ്രബലമാണ്. അതിനാൽ തന്നെ ഏകപാഠ ബന്ധിതമായ കൃതിയായി ഗീതയെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും ചുരുക്കമല്ല. "ഭഗവാന്റെ ഗീതം' എന്നർത്ഥത്തിൽ ദൈവികവചനമായി സങ്കല്പിക്കപ്പെട്ട ഗീതയുടെ രചനാശരീരത്തെ ഒരു കാലം, ഒരു കർത്താവ്, ഒരു പ്രമേയം എന്ന നിലയിൽ പാഠവത്ക്കരിച്ചാൽ അത് വലിയ നിലയിൽ മതാത്മക നിലപാടുകൾക്ക് അനുകൂല സാഹചര്യം നിർമ്മിക്കും. ഇതിനെ ചെറുക്കാനുള്ള ശ്രമമാണ് പുസ്തകത്തിലെ "പല പടവുകൾ'എന്ന ഭാഗം. തിലകന്റെയും നാഥ് കർണിയുടേയുമടങ്ങുന്ന പാരമ്പര്യ വാദങ്ങളെ പരാമർശിച്ചുകൊണ്ട് ഗീതയുടെ ചരിത്ര ജീവിതത്തിന്റെ യാഥാർത്ഥ്യം തിരയുന്നു ഈ ഭാഗം. അതാകട്ടെ ദേശീയവാദികളടങ്ങുന്ന വ്യാഖ്യാതാക്കൾ കണ്ട/മുന്നോട്ടു വെച്ച ഗീതാ തത്വങ്ങളിൽ നിന്നും ഏറെ ഭിന്നമാണ് യഥാർത്ഥ ഗീതയുടെ ചരിത്രം എന്ന് തെളിയിക്കാൻ മറക്കുന്നുമില്ല. അംബേദ്കറുടെയും കൊസാംബിയുടെയും നിരീക്ഷണങ്ങളോട് ചേർന്നു പോകുന്നതാണ് ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങൾ.

യഥാർത്ഥത്തിൽ കേവലമായ ഒരു ദാർശനിക പദ്ധതിയുടെ/സിദ്ധാന്തത്തിന്റെ പിൻബലത്തിൽ/ ആശയത്തിൽ ഒതുക്കാവുന്നതല്ല ഗീതാദർശനം. സാംഖ്യം, യോഗം, മീമാംസ തുടങ്ങിയ ആസ്തിക ദർശനങ്ങളോടൊപ്പം തന്നെ ബുദ്ധദർശനങ്ങളടങ്ങുന്ന നാസ്തിക ദർശനങ്ങളും ഗീതയിൽ ഇടംപിടിച്ചതായി കാണാം. ബുദ്ധതത്വങ്ങൾ ഗീത എത്രമാത്രം കടം കൊണ്ടിട്ടുണ്ട് എന്ന് തെളിയിക്കാനാണ് അംബേദ്കർ ശ്രമിച്ചത്. ഇങ്ങനെ വിവിധ ധാരകൾ ഗീതയിൽ പരന്നും പടർന്നും തെളിഞ്ഞും കിടക്കുന്ന സാഹചര്യത്തിലാണ് അതിനെ ഏക പാഠമാക്കാനുള്ള അല്ലെങ്കിൽ ഹിന്ദുവിചാരങ്ങളുടെ മത പുസ്തകമാക്കാനുള്ള ആലോചനകളും പ്രവർത്തനങ്ങളും നടക്കുന്നത്. അതിന് തടയിടാൻ തീർച്ചയായും ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങൾക്ക് കഴിയുന്നുണ്ട്.

അംബേദ്കർ

പ്രസ്തുത ഭാഗത്ത് ഭഗവദ്ഗീതയുടെ ചരിത്ര ജീവിതത്തെ നാല് പടവുകളാക്കി തിരിക്കുന്നുണ്ട്. ഒന്നാംഘട്ടം ഇന്ത്യയിലെ പരസ്പരവിരുദ്ധങ്ങളായ ദാർശനിക പദ്ധതികളെ പല അനുപാതങ്ങളിൽ ഉൾക്കൊളളാവുന്ന വിധത്തിൽ വളർന്നുവന്നത്. ഗീതയുടെ മധ്യകാല ജീവിതമാണ് രണ്ടാം ഘട്ടം. ഇക്കാലത്ത് ഗീത അനേകം വൈദിക പദ്ധതികളുടെ ഭാഗമാവുകയും പലതരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് വിധേയമാകുകയും ചെയ്തു. മൂന്നാം ഘട്ടത്തിലാണ് ഗീത ആധുനിക ജീവിതത്തിലേക്ക് പ്രവേശിച്ചതെന്ന് ഗ്രന്ഥകാരൻ ഉറപ്പിക്കുന്നു. യഥാർത്ഥത്തിൽ ഈ ഘട്ടത്തിലാണ് ഗീതയ്ക്ക് വിശുദ്ധ പരിവേഷം കൈവരുന്നത്. നാലാം ഘട്ടം രണ്ടു പാതകളിലൂടെയാണ് വികസിച്ചത് - ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള സ്രോതസ്സായും അക്കാദമിക അന്വേഷണങ്ങളുടെ വിഷയമായും. ഇപ്രകാരം ഗീതയുടെ പല പടവുകളെ ചരിത്രത്തിന്റെ കണ്ണികളാൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നു പഠിതാവ്. യഥാർത്ഥത്തിൽ ഗീതയുടെ നാലാം പടവിലെ അക്കാദമികാന്വേഷണങ്ങളുടേയും ചരിത്രവിജ്ഞാനീയതയുടേയും കാതലായ പഠനപാതയിലൂടെയാണ് ഗ്രന്ഥകർത്താവ് സഞ്ചരിക്കുന്നത്.

2.കാലവും കലഹവും

ഒരു കൃതിയെ സംബന്ധിക്കുന്ന സുപ്രധാന ഘടകമാണ് കാലനിർണയം; ഒപ്പം ഒരു കാലഘട്ടത്തെ പഠിക്കാനുള്ള പ്രധാന സ്രോതസ്സാണ് കൃതികൾ. ഇന്ത്യയുടെ പൂർവ്വ ചരിത്രത്തെയും കാലഘട്ടത്തെയും സംസ്‌കാരത്തെയും പഠിക്കാൻ രൂപംകൊടുത്ത പൗരസ്ത്യവാദം ഇന്ത്യൻ കൃതികൾക്കും വിജ്ഞാനത്തിനും വിശാലമായ അർത്ഥവ്യാപ്തി നിർമ്മിച്ചത് നമുക്കറിയാം. "പ്രാമാണിത' "ആധികാരികത'തുടങ്ങിവ ഒരു കൃതിക്ക് വന്നുചേരുന്നത് കാലനിർണ്ണയത്തിലൂടെയാണ്. "പ്രമാണം' എന്ന പദ്ധതി ഇന്ത്യൻ ദാർശനികതയിലും വിജ്ഞാനത്തിലും ഏറെ പ്രാധാന്യമുള്ള ഒന്നാണ്.

ആസ്തിക ദർശനങ്ങൾക്കെല്ലാം പ്രമാണം വേദങ്ങളായിത്തീർന്നത് എഴുതപ്പെട്ട/ കണ്ടെടുക്കപ്പെട്ട ആദ്യത്തെ രേഖ വേദമായതുകൊണ്ട് മാത്രമാണ്. വാമൊഴി പാരമ്പര്യങ്ങളെ മുൻനിർത്തിയല്ല വരമൊഴി മാതൃകയെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും ചരിത്രത്തിന്റെ സഞ്ചാരം സാധ്യമായിട്ടുള്ളത്.

ഗീതയെ പ്രമാണ ഗ്രന്ഥമാക്കി ഉയർത്തി കൊണ്ടുവരാനുള്ള ശ്രമം ചരിത്രകാരന്മാരുടേയും ദേശീയ വാദികളുടേയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതിനെ തുറന്നുകാട്ടുകയാണ് ഈ പുസ്തകം. ക്രിസ്തു പൂർവവും ക്രിസ്ത്വാനന്തരവുമായ കാലഗണനാ പട്ടികയിൽ/ തർക്കങ്ങളിൽ ഗീതയുടെ കാലം നിലനിൽക്കുന്നു. കെ.ടി തെലാങ്ങും ജി.എസ് ഖൈറും തിലകനും ഡോ. എസ് രാധാകൃഷ്ണനും ആർ.ജി ഭണ്ഡാർക്കറുമെല്ലാം ഗീതയുടെ ചരിത്രത്തെ ക്രിസ്തുപൂർവ്വം നടത്തിച്ചപ്പോൾ അംബേദ്കറടങ്ങുന്നവർ ക്രിസ്ത്വാനന്തരം ഉയർന്നു വന്ന തത്വസംഹിതയും വെറുമൊരു യുദ്ധഗാഥയുമായി ഗീതയെ പരിഗണിച്ചു.

സുനിൽ പി.ഇളയിടം ഗീതയുടെ കാല നിർണയത്തെ സംബന്ധിക്കുന്ന ചരിത്രകാരന്മാരുടെയും ദേശീയവാദികളുടേയും നിലപാടുകളെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഒപ്പം ഗവേഷണരീതിശാസ്ത്രവുമായി ചേർന്നു പോകുന്ന തരത്തിൽ സ്വന്തമായ കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നു.

തിലകൻ

ഗീതയെ മുൻനിർത്തി തിലകൻ മുന്നോട്ടുവെച്ച കാലനിർണയം ഏറെ പ്രശ്‌നാധിഷ്ഠിതമാണ്. നിലവിലുള്ള എല്ലാ തത്വസംഹിതകളുടെയും പ്രാചീന സാഹിത്യങ്ങളുടെയും പഴക്കത്തെ പാടെ നിരാകരിക്കുന്ന നിലപാടായിരുന്നു തിലകന്റേത്. അദ്ദേഹത്തിന്റെ നിലപാടനുസരിച്ച് ബി.സി 1400 വർഷം മുമ്പ് ഭാഗവത ധർമ്മമുണ്ട്. ആ ധർമ്മം മഹാഭാരതത്തിൽ പ്രവർത്തിച്ചതാണ് ഗീതയുടെ ഉല്പത്തിക്കു കാരണം. ഗീതയുടെ നാലാം അധ്യായത്തിലെ ഒന്നും രണ്ടും ശ്ലോകാർത്ഥങ്ങളിൽ വർണ്ണിക്കുന്ന പരമ്പരയ്ക്ക് മഹാഭാരതത്തിലെ നാരായണീയോപാഖ്യാനത്തിൽ പറയുന്ന ഭാഗവത ധർമ്മ പരമ്പരയിലെ അവസാനത്തെ ത്രേതായുഗകാലീന പരമ്പരയുമായി ബന്ധമുണ്ടെന്നും ഇതു പരിശോധിക്കുമ്പോൾ ഗീത ഭാഗവത ധർമീയമാണെന്നു സിദ്ധിക്കുമെന്നും "ശ്രീമദ് ഭഗവദ്ഗീതാരഹസ്യ'ത്തിൽ തിലകൻ വിവരിക്കുന്നു.

മാത്രമല്ല ബുദ്ധമതത്തിൽ ഭഗവദ്ഗീതയുടെ സ്വാധീനമുണ്ടെന്നും ഗീതാ തത്വങ്ങൾ ബൈബിൾ കടം കൊണ്ടിട്ടുണ്ടെന്നും സ്ഥാപിക്കുക വഴി ഏറ്റവും പ്രാചീന ഗ്രന്ഥമാക്കി ഭഗവദ്ഗീതയെ മാറ്റാനും ഇന്ത്യൻ സംസ്‌കാരചരിത്രം തന്നെ ഗീതയിൽ അധിഷ്ഠിതമാണെന്ന് വരുത്തിത്തീർക്കാനും തിലകൻ ശ്രമിച്ചു. പാശ്ചാത്യ തത്വവാദങ്ങളെല്ലാം ഗീതയിൽ നിന്ന് കടംകൊണ്ടതാണ് നിർമ്മിച്ചെടുക്കാനായിരുന്നു തിലകന് താല്പര്യം എന്നു വേണം കരുതാൻ.

ഗീതയെ സംബന്ധിക്കുന്നവാദങ്ങൾ പ്രത്യക്ഷത്തിൽ ഭിന്നമാണ് എന്ന് തോന്നാമെങ്കിലും ഡോ. എസ് രാധാകൃഷ്ണനടങ്ങുന്നവരുടെ ഗീതാനിലപാടുകൾ തിലകന്റെ ആശയങ്ങളോട് സൂക്ഷ്മമായി ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം.

ഇത്തരം മുരട്ടുന്യായവാദങ്ങളെ ചെറുക്കുകയാണ് സുനിൽ പി.ഇളയിടം. സൂചനകളെ മുൻനിർത്തി ഗീതാ കാലം രൂപപ്പെടുത്തിയ രാധാകൃഷ്ണന്റെ വാദങ്ങളെ ഗ്രന്ഥകാരൻ ഖണ്ഡിക്കുന്നുണ്ട്. അത് ഇപ്രകാരമാണ് - "സൂചനകളെ മുൻനിർത്തി ഗീതയുടെ കാലം നിർണയിക്കുന്നതിൽ ചില ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ട്. പലകാലങ്ങളിൽ പലപ്പോഴായി നിർമ്മിക്കപ്പെട്ടതാണ് മഹാഭാരതം എന്നിരിക്കെ മഹാഭാരതത്തിലെ ആഭ്യന്തര സൂചനകളെ മുൻനിർത്തി ഗീതയുടെ കാലം നിർണയിക്കുന്നതിൽ കാര്യമായ സാംഗത്യമൊന്നുമില്ല. അതുകൊണ്ട് ആന്തരികമായ തെളിവുകളെ മുൻനിർത്തി ഗീതയുടെ കാലം നിർണയിക്കാനുള്ള ഡോ. രാധാകൃഷ്ണന്റെ ശ്രമം ഏറെയൊന്നും ഫലപ്രദമല്ല എന്നുവേണം കരുതാൻ ' (710). ഇത് ആദ്ധ്യാത്മിക കാഴ്ചപ്പാടിലൂടെ മാത്രം ഗീതയുടെ ആന്തരിക ഘടനയെ മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മാത്രം കാലനിർണ്ണയം നടത്തുകയും ചെയ്ത എല്ലാ ചരിത്രകാരന്മാരോടുമുള്ള വിയോജിപ്പ് കൂടിയാകുന്നു.

കൊസാംബിയെ പിൻപറ്റുന്ന എസ്.ജി സർദേശായി, ദിലീപ് ബോസ് എന്നിവരുടെ നിരീക്ഷണങ്ങളെല്ലാം അവതരിപ്പിച്ചുകൊണ്ട് ചരിത്രപരമായി സാധൂകരിക്കപ്പെടാവുന്ന ഗീതാകാലം പൊതുവർഷം ആദ്യ ദശകങ്ങളിലാണെന്ന് ഗ്രന്ഥകാരൻ കണ്ടെത്തുന്നു. പൊതുവർഷം നാലാം ശതകത്തിനു മുമ്പ് ഗീതയിലെ ചില ഭാഗങ്ങൾ വന്നിരിക്കാമെങ്കിലും ആധ്യാത്മിക ഗ്രന്ഥത്തിന്റെ പദവി ഗീതയ്ക്കു കൈവന്നത് പൊതുവർഷം നാലാം ശതകത്തോടുകൂടിയാണെന്ന് വിലയിരുത്തുന്നു. കേവലമായ ഒരു വാദത്തെ അവതരിപ്പിക്കുന്നതിനു പകരം പല നിലയിലുള്ള ഗീതാ കാലഗണനാ ചരിത്രം പഠിച്ചു വിശദീകരിച്ചശേഷമാണ് ഇങ്ങനെയൊരു കാലനിർണ്ണയം എന്ന് വ്യക്തമാണ്. ഗവേഷണ രീതിശാസ്ത്രംത്തിന്റെയും വൈജ്ഞാനിക അന്തസത്തയുടെയും ഉൾക്കരുത്താണ് ഈ ഭാഗവും.

3. ഗീതയുടെ പദവി മൂല്യത്തിന്റെ അന്വേഷണം
മഹാഭാരതത്തെക്കാളും ദാർശനികമായ മൂല്യം ഗീതയ്ക്ക് കൈവന്നു ചേർന്ന ചരിത്രത്തെ അന്വേഷിക്കുന്നുണ്ട് സുനിൽ പി. ഇളയിടം. ഒപ്പം മഹാഭാരതത്തിന്റെ യഥാർത്ഥ സത്ത ഭഗവദ്ഗീതയാണെന്ന സൂക്തങ്കറിന്റെ വാദം മുതൽ ഇരുപതാം നൂറ്റാണ്ടോടെ മഹാഭാരതം ഭഗവദ്ഗീതാ കേന്ദ്രിതമായത് എങ്ങനെയെന്ന ചർച്ചകൾക്കും ഇടമൊരുക്കുന്നു. മഹാഭാരതത്തിലെ അതി സാധാരണ ഭാഗമെന്ന് ഗീതയെ വിശേഷിപ്പിക്കുന്ന ഗ്രന്ഥകാരൻ അതിനു കാരണവും കണ്ടെത്തുന്നുണ്ട്. ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടിൽ മഹാഭാരതത്തെ ഒരു കാവ്യമായി ഭാവന ചെയ്യുന്ന ആനന്ദവർദ്ധനൻ ഭഗവദ്ഗീതയെ ഒരു കാവ്യഭാഗം എന്നതിനപ്പുറം പരിഗണിച്ചിട്ടില്ല എന്നതുതന്നെ. മാത്രമല്ല മഹിമഭട്ടനാകട്ടെ പൗനരുക്ത്യം എന്ന കാവ്യ ദോഷത്തിന് ഉദാഹരണമായി ഗീതാ ശ്ലോകം അവതരിപ്പിക്കുന്നുണ്ട്. കാവ്യദോഷത്തിന് ഉദാഹരിക്കാനുള്ള പ്രാധാന്യം മാത്രമേ ഗീതയ്ക്ക് ഉണ്ടായിരുന്നുള്ളൂ എന്നും കാവ്യ ചരിത്രത്തെ മുൻനിർത്തി വിശദമാക്കുന്നു.

യഥാർത്ഥത്തിൽ "ഗീത' എന്ന പദത്തിന് ഗാനം എന്ന് പൊതുവേ അർത്ഥം ഉള്ളതിനാൽ പുരാണ- ഇതിഹാസ- സാഹിത്യ സംബന്ധമായ കൃതികളിലെല്ലാം ധാരാളം ഗീതകളെ കാണാനാകും. സംസ്‌കൃത പണ്ഡിതനായ തങ്കസ്വാമി ഗീതകളെ ക്രോഡീകരിച്ചു കൊണ്ട് അഗസ്ത്യ ഗീത, അഷ്ടാവക്രഗീത, ബോധാനന്ദ ഗീത, തുടങ്ങിയ 27 ഗീതകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഡോ. നീലകണ്ഠയാകട്ടെ "ഗീത: മഹാഭാരതത്തിലും പുരാണങ്ങളിലും' എന്ന കൃതിയിൽ മഹാഭാരതത്തിലെയും പുരാണങ്ങളിലെയും ഗീതകളെ ചേർത്തുകൊണ്ട് പതിനഞ്ചോളം ഗീതകളെക്കുറിച്ച് വിവരിക്കുന്നു. വേദാന്ത പഠനത്തിന് അനേകം സംഭാവനകൾ നൽകിയ സ്വാമി ശിവാനന്ദ ഗീതകളെ നാലു ഭാഗങ്ങളാക്കി തിരിച്ച് 29 ഗീതകളെക്കുറിച്ച് വിവരിച്ചിട്ടുമുണ്ട്. മാത്രമല്ല മഹാഭാരതത്തിൽ തന്നെ അംശഗീത, വാമഗീത അഷ്ടാവക്രഗീത, വൃത്ത ഗീത തുടങ്ങിയ ഗീതകളുണ്ട്. ഇപ്രകാരം അനേകം ഗീതകൾ നിലനിൽക്കെയാണ് മഹാഭാരതത്തിലെ ഭീഷ്മ പർവ്വത്തിലെ ഭഗവദ്ഗീതയ്ക്ക് സവിശേഷമായ പദവിയും പ്രാമാണികതയും ലഭിക്കുന്നത്. ഭഗവദ്ഗീതയ്ക്ക് ഇത് എങ്ങനെ കൈവന്നു എന്നതിന്റെ ചരിത്രാന്വേഷണമാണ് "മഹാഭാരതം സാംസ്‌കാരിക ചരിത്രം' എന്ന കൃതിയിലെ ഗീതാ പഠനങ്ങൾ.

മഹാഭാരതത്തിന്റെ അഭിവാജ്യമായി പ്രാരംഭം മുതലേ ഗീത നിലനിന്നിരുന്നു എന്ന മതാത്മക വാദത്തെ തള്ളിക്കളയുന്നുണ്ട് ഈ പുസ്തകം. അത് ഇപ്രകാരമാണ് :

ലഭ്യമായതിൽ ഏറ്റവും പഴയ മഹാഭാരതം പതിനാറാം നൂറ്റാണ്ടിലേതാണ്. അതിനു മുൻപുള്ള 1500 വർഷം ദൈർഘ്യമുള്ള കാലയളവിലെ സ്ഥിതിയെ ഈ പിൽക്കാല പാഠങ്ങൾ മുൻനിർത്തി വിശദീകരിക്കുന്നതിൽ അർത്ഥമില്ല.

എഴുത്തച്ഛൻ അടക്കമുള്ളവരുടെ പ്രാദേശിക പാഠങ്ങളിൽ മിക്കവയിലും ഗീത ഇല്ല.

ഇതിഹാസ ഭാഗം എന്ന പദവിക്ക് പഴക്കമുണ്ടെങ്കിലും മഹാഭാരതത്തിന്റെ മൂലപാഠം മുതൽക്കേ ഗീത ഉൾപ്പെട്ടിരുന്നു എന്നതിന് ലഭ്യമായ പാഠങ്ങളെ തെളിവായി കാണാനാകില്ല.

മഹാഭാരതത്തിലെ മൂല ഭാഗങ്ങളും ഗീതയും തമ്മിൽ ആയിരം വർഷങ്ങളുടെ അകലമുണ്ടാകും എന്നാണ് ചരിത്രപരമായ ധാരണ.

യുദ്ധത്തിനുള്ള പ്രേരണാഗാനങ്ങൾ എന്ന നിലയിൽ ഗീതാ ഭാഗങ്ങൾ

മഹാഭാരതത്തിലെ മൂല പാഠത്തിൽ ഉണ്ടായിരിക്കാമെങ്കിലും അതിനപ്പുറം മഹാഭാരതത്തിലെ അവിഭാജ്യഘടകമായി മൂല പാഠത്തിൽ തന്നെ ഗീത ഉണ്ടായിരുന്നതിന് ആധികാരികമായ അടിസ്ഥാനമില്ല.

മറ്റൊന്ന് മഹാഭാരതത്തിലെ അഖണ്ഡതയിൽ ഗീതയെ മനസ്സിലാക്കണം എന്ന വാദം എത്രമേൽ യുക്തിരഹിതമാണെന്ന് കണ്ടെത്തുന്നതാണ്. അനേകം ആശയ ലോകങ്ങളുടെ കൂടിക്കലരലുള്ള ഗീതയിൽ സാംഖ്യം മുതൽ ബൗദ്ധ തത്വങ്ങൾ വരെയുണ്ട്. ഇവയ്‌ക്കെല്ലാം ശേഷമാവാം ഗീതാ കാലമെന്നും അനുമാനിക്കാവുന്നതാണ്. അങ്ങനെയെങ്കിൽ ഒരു ചോദ്യം അവശേഷിക്കുകയും ചെയ്യും. ഇതിനെല്ലാം ശേഷമാണോ മഹാഭാരതം ഉണ്ടായത് എന്നതുതന്നെ. അതിനാൽ മഹാഭാരതവും ഗീതയും തമ്മിൽ ആശയപരമായി നൂറ്റാണ്ടുകളുടെ വ്യത്യാസമുണ്ടെന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു. അതിനാൽ അവയെ തമ്മിൽ ഒരേ സന്ദർഭത്തിലും കാലത്തിലും കൂട്ടിയിണക്കുന്നത് ചരിത്ര നിഷേധമാകും. അതുകൊണ്ട് മഹാഭാരതവും ഭഗവദ്ഗീതയും തമ്മിൽ വലിയ പൊരുത്തങ്ങളൊന്നും സാധ്യമാകില്ല. എന്നിട്ടും മഹാഭാരതത്തിന്റെ ജീവനാഡിയാണ് ഗീതയെന്ന് വ്യാഖ്യാനിക്കുന്നതും ഗീതയുടെ വിപുല രൂപമാണ് മഹാഭാരതമെന്ന് പറയുന്നതും യുക്തിക്കു നിരക്കുന്നതല്ല.

ശങ്കരാചാര്യർ

പുസ്തകത്തിലെ "ഗീതയും മധ്യകാലവും 'എന്ന ഭാഗത്ത് ഭഗവദ്ഗീത ജനകീയ പാഠമായതിനെക്കുറിച്ച് കൃത്യമായി വിവരിക്കുന്നുണ്ട്. പരസ്പരവിരുദ്ധങ്ങളായ വിതാനങ്ങളിലൂടെ സഞ്ചരിച്ച ഗീതയ്ക്ക് താർക്കികതയുടെയും തത്വവിചാരത്തിന്റെയും തലങ്ങൾ മാത്രമായിരുന്നു ആ കാലത്ത് ഉണ്ടായിരുന്നതെന്ന് വിവരിക്കുന്നു. ഗീതയ്ക്ക് പ്രാമാണികത കൈവന്നത് ശങ്കരാചാര്യരുടെ ഭാഷ്യത്തോടെയാണ്. ഗീത ആദ്യമായി സ്വതന്ത്ര രൂപത്തിലേക്ക് പരിണമിക്കുന്നതും ശങ്കരനോട് കൂടിയാകാം. അതിനുമുമ്പ് മഹാഭാരതത്തിൽ അടങ്ങിയ മറ്റു ഗീതകൾ പോലെ ഭഗവദ്ഗീതയും അപ്രസക്തമായിരുന്നു. ശങ്കരന് മുമ്പുതന്നെ വ്യാഖ്യാനങ്ങളും വ്യാഖ്യാതാക്കളും നിലവിലുണ്ടായിരുന്നെങ്കിലും അവരാരുംതന്നെ ഗീതയ്‌ക്കോ ഗീതാസംബന്ധമായ വ്യാഖ്യാന നിർമ്മിതിക്കോ പ്രാധാന്യം നൽകിയിരുന്നില്ല.

ഗൗഡ പാദർ, ബോധായനൻ രന്തിദേവൻ തുടങ്ങിയവരുടെ ഗീതാ വ്യാഖ്യാനങ്ങളുള്ളതായി പറയുന്നുണ്ടെങ്കിലും അത് ലഭ്യമല്ല. മാത്രമല്ല ശങ്കര ഗുരുവായ ഗോവിന്ദ ഭഗവദ്പാദർ ഗീതാ പരാമർശം നടത്തിയതായി തെളിവില്ല. അങ്ങനെയാകുമ്പോൾ ആദ്യത്തെ ഗീതാ ഭാഷ്യം ശങ്കരന്റേതാവും. ഭക്തിയും കർമ്മവും നിലനിൽക്കെ ഗീത ജ്ഞാനമണ്ഡലമായി തീരുന്നതും ശങ്കരനിലൂടെയാണ്. ശങ്കരന്റെ ജീവിതകാലം എ.ഡി.എട്ടാം നൂറ്റാണ്ടാണെന്നു സ്ഥിരീകരിക്കപ്പെട്ടിരിക്കെ എട്ടാം നൂറ്റാണ്ടിനുമുമ്പ് ഗീതയ്ക്ക് അത്രയൊന്നും പ്രാധാന്യം ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ.

തുടർന്ന് യമുനാചാര്യർ, രാമാനുജൻ, മധ്വൻ തുടങ്ങിയവർ ഗീതയെ വ്യാഖ്യാനിക്കുന്നത് ഭക്തിമാർഗ്ഗത്തെ കൂട്ടുപിടിച്ചാണ്. ശങ്കര ദർശനത്തിലെ മായാവാദ ഖണ്ഡനവുമായി രംഗത്തുവന്ന രാമാനുജൻ ഭക്തിയോഗത്തിനാണ് പ്രാധാന്യം നൽകിയത്. മധ്വനാകട്ടെ വിഷ്ണു സഹസ്രനാമവും ഗീതയും അടങ്ങിയ മഹാഭാരതത്തിന് വേദങ്ങളേക്കാൾ പരിഗണന നൽകുന്നു. അഭിനവഗുപ്തൻ, ജ്ഞാനേശ്വരൻ, വല്ലഭൻ തുടങ്ങിയ അനേകം പേർ ഗീതയെ വ്യാഖ്യാനിക്കുകയുണ്ടായി. ശങ്കരനിൽ നിന്നും ആരംഭിച്ച ഗീതയുടെ പരിണാമങ്ങൾ വൈരുദ്ധ്യങ്ങളിലും ഭിന്നതയിലും അധിഷ്ഠിതമായിരുന്നു വൈരുദ്ധ്യങ്ങളിൽ നിന്ന് വൈരുദ്ധ്യങ്ങളിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരുന്നു. ഇപ്രകാരം വിഘടിച്ചു കിടന്ന ആശയങ്ങളിലൂടെ കടന്നുപോയ ഗീതയ്ക്ക് മധ്യകാലഘട്ടത്തിൽ ജനകീയതയും വിശുദ്ധ പരിവേഷവും കൈവരിക അസാധ്യം. ഈ വൈരുധ്യത്തെ വ്യക്തമായി പരിശോധിക്കുകയാണ് "ഗീതയും മധ്യകാലവും 'എന്ന ഭാഗം.

ഈ ഭാഗത്തെ ശ്രദ്ധേയമായ നിരീക്ഷണം ഗീതയുടെ പേർഷ്യൻ വിവർത്തനത്തെ സംബന്ധിച്ചുള്ളതാണ്. ഇന്ത്യൻ ഭാഷകൾക്ക് പുറത്തേക്ക് ആദ്യമായി ഗീത വിവർത്തനം ചെയ്യപ്പെട്ടത് അപ്പോഴാണ് എന്ന വസ്തുത വെളിപ്പെടുന്നു. പലപ്പോഴും ബ്രിട്ടീഷുകാരും ഓറിയന്റലിസ്റ്റുകളുമാണ് ഗീതയെ ഇന്ത്യക്ക് പുറത്തേക്ക് നയിച്ചത് എന്ന വാദത്തിന് ബദൽ കൂടിയാണിത്. അക്ബറുടെ കാലഘട്ടത്തിലെ കൊട്ടാരം കവികളും സംസ്‌കൃത പണ്ഡിതരും ഉൾപ്പെട്ട വൃന്ദം ഭഗവദ്ഗീതയെ പേർഷ്യനിലേക്ക് പരിഭാഷപ്പെടുത്തി. അതിനുമുമ്പ് അൽബറൂണി "താരിഖ് -അൽ -ഹിന്ദ് 'എന്ന കൃതിയിൽ ഗീതയെ ഗൗരവമായി പരിഗണിച്ചതും ഈ ഭാഗത്ത് ചൂണ്ടിക്കാണിക്കുന്നുണ്ട്. തീർച്ചയായും ഈ കാലത്ത് വീണ്ടും വീണ്ടും വായിക്കേണ്ട ഒരു കാര്യമാണിത്.

സംസ്‌കൃതത്തിലെ ഇസ്‌ലാം സംഭാവനകളെ മുഴുവനായി നിരാകരിക്കുകയും സംസ്‌കൃതഭാഷയെ പരമാവധി മതവത്ക്കരിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് "മഹാഭാരതം സാംസ്‌കാരിക ചരിത്രം' എന്ന പുസ്തകം പുറത്തിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്. മുസ്‌ലിം അധ്യാപകൻ സംസ്‌കൃത വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചതു കാരണം ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ചില അധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തിനും അദ്ദേഹം ഉൾക്കൊള്ളുന്ന തത്വസംഹിതയ്ക്കുമെതിരെ ബ്രാഹ്മണ്യത്തിന്റെ വാൾമുനയുമായി രംഗപ്രവേശനം ചെയ്ത കാഴ്ച നമ്മൾ കണ്ടതാണ്. സംസ്‌കൃതഭാഷയിലെ ഇന്നോളമുള്ള പേർഷ്യൻ-അറബി മുസ്‌ലിം സംഭാവനകളെ റദ്ദ് ചെയ്യാനുള്ള ശ്രമമായിരുന്നു അത്. ആ ശ്രമത്തിന് ഇപ്പോഴും തുടർച്ചകൾ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനാൽ മഹാഭാരതത്തിന്റെ പേർഷ്യൻ വിവർത്തനത്തിനും ഗീതാ വിവർത്തനത്തിനും താരിഖ് - അൽ -ഹിന്ദ്‌നും പുനർവായനകൾ ആവശ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരൊറ്റ മതത്തിന്റെ ചട്ടക്കൂടിൽ പ്രവർത്തിക്കുന്ന വിശുദ്ധഗ്രന്ഥം എന്ന പദവി മധ്യകാലഘട്ടത്തിൽ പോലും ഗീതയ്ക്ക് ഉണ്ടായിരുന്നില്ല എന്ന വസ്തുതയാണ് ഈ ഭാഗത്ത് വിവരിക്കുന്നത്.

ഒരു ഭാഗം നോക്കാം; "അഖിലേന്ത്യാതലത്തിൽ ഹിന്ദുക്കൾ എന്ന് കണക്കാക്കപ്പെടുന്ന വിഭാഗങ്ങളുടെ പോലും വിശുദ്ധഗ്രന്ഥമായി ഗീത മധ്യകാലത്ത് മാറിയിട്ടില്ല. മധ്യകാലത്ത് ഗീത ശൈവരുടേയോ ശാക്തേയരുടേയോ പ്രാമാണിക ഗ്രന്ഥമല്ല. ശൈവരുടെ ശിവപുരാണവും, ദേവിമഹാത്മ്യവും പോലുള്ള ഗ്രന്ഥങ്ങൾക്കുള്ള പ്രാമുഖ്യം ഇവർക്കിടയിൽ മധ്യകാലത്ത് ഭഗവദ്ഗീതയ്ക്കില്ല' (748). ഭഗവദ്ഗീതയുടെ പൗരാണികതയും വിശുദ്ധ പ്രാചീനതയുമെല്ലാം മധ്യകാലഘട്ടത്തിനു ശേഷം മാത്രം രൂപപ്പെട്ടതാണെന്ന, ആധുനികതയുടെ സൃഷ്ടിയാണ് അതെന്ന സത്യം വായനയിലൂടെ തെളിഞ്ഞുവരുന്നു. "ഭൂതകാലം എന്ന് നാം കരുതുന്ന പലതും നാമായിട്ട് ഉണ്ടാക്കിയെടുക്കുന്ന ഭൂതകാലമാണ്; സ്വയമേവ ഉള്ളതല്ല' എന്ന ഗ്രന്ഥകാരന്റെ വാദത്തിന് ഏറെ ബലം നൽകുന്നതാണ് ഗീതയുടെ യഥാർത്ഥ ചരിത്രം. ആ സത്യത്തെ ആവോളം ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നുണ്ട് ഈ ഭാഗം.

"ഭഗവദ്ഗീതയുടെ പടിഞ്ഞാറൻ യാത്രകൾ 'എന്ന ഭാഗം ആധുനികകാലത്തെ ഗീതാ വായനകളേയും വിവർത്തന സഞ്ചാരങ്ങളേയും അവതരിപ്പിക്കുന്നു. ക്രിസ്തുമതത്തോടു ഗീതയെ കൂട്ടിച്ചേർക്കാനുള്ള ചാൾസ് വിൽ കിൻസിന്റേയും വാറൻ ഹേസ്റ്റിംഗ്‌സിന്റേയും ശ്രമങ്ങളെയും ജെയിംസ് മിൽ, ചാൾസ് ഗ്രാൻഡ് തുടങ്ങിയവരുടെ ഗീതാ വിമർശനത്തെയും ബ്ലാവട്‌സ്‌കിയുടെയും ആനിബസന്റിന്റെയും ഗീതാ വിചാരങ്ങളെയും ചർച്ച ചെയ്യുന്നതോടൊപ്പം തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് വിവർത്തന/കാവ്യ / പഠന രൂപങ്ങളിൽ സഞ്ചരിച്ച ഗീതയുടെ ചരിത്രത്തെയും വിശദമാക്കുന്നു. ഒപ്പം ജർമൻ നാസിസം എങ്ങിനെയാണ് ഗീതയെ വംശീയതയ്ക്ക് ഉപയോഗപ്പെടുത്താൻ ശ്രമിച്ചതെന്ന കാര്യം കൂടി വിവരിക്കുന്നു. യഥാർത്ഥത്തിൽ യൂറോപ്പുമായി പങ്കുചേർന്ന് സൃഷ്ടിച്ചതും യൂറോപ്യൻ വ്യവഹാരത്തിലൂടെ നിലവിൽ വന്നതും ഇന്ത്യയിൽ പ്രതിഷ്ഠ നേടിയതുമായ ഗീതയാണ് ഇന്ന് ഭഗവദ്ഗീതയായി അറിയപ്പെടുന്നത് എന്ന യാഥാർത്ഥ്യത്തെ വെളിപ്പെടുത്തുന്നു ഈ കൃതി.

ഗീതയാണ് ഇന്ത്യൻ സംസ്‌കാരത്തിന്റെ മുദ്ര എന്ന ധാരണയെ ബ്രിട്ടീഷുകാർ കയ്യൊഴിഞ്ഞ കാലത്താണ് ഇന്ത്യക്കാർ ഭഗവദ്ഗീതയെ ഏറ്റെടുത്ത് വിശുദ്ധ പാഠമായി അവതരിപ്പിക്കാനും ഉയർത്തിക്കാട്ടാനും ശ്രമിച്ചത് എന്ന വൈരുദ്ധ്യത്തെ ഈ പുസ്തകത്തിലൂടെ നാം തിരിച്ചറിയുന്നു. ചുരുക്കിപ്പറഞ്ഞാൽ കോളനി ആധുനികതയുടെ സൃഷ്ടിയായിരുന്നു ഇന്നുകാണുന്ന ഭഗവദ്ഗീതയുടെ പ്രമാണികത എന്നത് ചരിത്രസത്യം.

ഇരുപത്തി മൂന്നാം അധ്യായമായ "മതാത്മക ദേശീയതയുടെ ആത്മീയ പാഠ'ത്തിൽ ദേശീയ പദവി ഗീതയ്ക്ക് കൈവന്നതിന്റെ ചരിത്രത്തെ അന്വേഷിക്കുന്നു.

യഥാർത്ഥത്തിൽ ഭഗവദ്ഗീതയ്ക്ക് ദേശീയവും രാഷ്ട്രീയവുമായ മുഖം കൈവരുന്നത് ദേശീയപ്രസ്ഥാന ഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ ഇന്ത്യൻ ദേശീയതയ്ക്ക് രാഷ്ട്രീയത്തേക്കാൾ മതപരവും സാമൂഹികവുമായ സ്വഭാവമാണ് ഉണ്ടായിരുന്നത്. ബ്രഹ്മസമാജം, ആര്യസമാജം, രാമകൃഷ്ണമിഷൻ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ദേശീയതയ്ക്ക് ആത്മീയ അടിത്തറ പാകി. തുടക്കത്തിൽ ഈ ആത്മീയ അടിത്തറയുടെ ശക്തിയിൽ നിന്നാണ് ഭഗവദ്ഗീത ദേശീയ പുസ്തകമായി ഉയർന്നു വരുന്നതും ദേശീയതയുടെ അനിവാര്യ മുഖമായി മാറുന്നതും.

അതിശയകരമായ വസ്തുത ദേശീയപ്രസ്ഥാനത്തിലെ മിതവാദികളും തീവ്രവാദികളും ഗീതയെ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപകരണമാക്കി തീർത്തു എന്നതാണ്. അതിനായി അവരവരുടേതായ നിലപാടിൽ നിന്നുകൊണ്ട് ഗീത വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ ഈ വ്യാഖ്യാനങ്ങളും വിവരണങ്ങളുമെല്ലാം പരോക്ഷമായി ഗീതയെ ഹിന്ദുമതത്തിൽ തളച്ചിടാനാണ് ശ്രമിക്കുന്നത്. കോളനി വിരുദ്ധ മനോഭാവവും സ്വാതന്ത്ര്യസമരവും ശക്തമായ ഘട്ടത്തിൽ ജയിലറകളിൽ നിന്നാണ് പല ഗീതാ

വ്യാഖ്യാനങ്ങളും പുറത്തുവന്നത്. മണ്ടേലെ ജയിലിലെ തടവു ജീവിതത്തിനിടയിൽ ബാലഗംഗാധരതിലകൻ "ശ്രീമദ് ഭഗവദ്ഗീതാ രഹസ്യം ' പൂർത്തീകരിച്ചു . "ഗീതയ്ക്ക് തുല്യമായ അജ്ഞാനം മാറ്റുന്ന ഒരു ഗ്രന്ഥം സംസ്‌കൃതത്തിലെന്നല്ല വിശ്വസാഹിത്യത്തിൽ തന്നെ ലഭ്യമല്ല' എന്ന് വിശ്വസിച്ച തിലകൻ സർവോപനിഷദ് സാരസംഗ്രഹമാകയാൽ ഗീതയുടെ പൂർണ്ണനാമം "ശ്രീമദ് ഭഗവത്ഗീതാ ഉപനിഷത്ത് ' ആണെന്ന് വിശദീകരിക്കുകയും ചെയ്തു.

എന്നാൽ ഉപനിഷദ് ജ്ഞാനത്തിൽ വിശ്വസിക്കുമ്പോൾ പോലും ഗീതയിലെ കർമ്മത്തിനാണ് തിലകൻ പ്രാധാന്യം നൽകുന്നത്. മാത്രമല്ല ബി .സി 1400 മുമ്പെ ഭാഗവത ധർമ്മം ഉണ്ടെന്നും കൃഷ്ണ കേന്ദ്രിതമായ ഭാഗവത ധർമ്മമാണ് കർമ്മയോഗ പ്രധാനമായ പദ്ധതിയെന്നും അത് മഹാഭാരതത്തിൽ പ്രവർത്തിച്ചതാണ് ഗീതയുടെ ഉല്പത്തിക്കു കാരണമെന്നും വിലയിരുത്തി. ചരിത്ര യുക്തിയെ പാടെ നിരാകരിച്ചു കൊണ്ടുള്ള ഇത്തരം വിലയിരുത്തലുകളിലൂടെ ഗീതയ്ക്ക് അന്യായമായ ഒരു പദവി സമ്പാദിക്കാനാണ് തിലകൻ ശ്രമിച്ചത്. മാത്രമല്ല തിലകന്റെ രാഷ്ട്രീയ രംഗത്തേക്കുള്ള കടന്നുവരവ് തന്നെ ഹിന്ദുമതത്തെ ഊട്ടിയുറപ്പിച്ചു കൊണ്ടായിരുന്നു. ശിവജി മഹോത്സവവും "ഗണപതി പൂജയും നടത്തിക്കൊണ്ട് ഹിന്ദുത്വബോധം സൃഷ്ടിച്ച അതേ യുക്തി ഉപയോഗിച്ചാണ് തിലകൻ ഗീതയും വ്യാഖ്യാനിച്ചത്. ബ്രാഹ്മണിക സ്വത്വത്തെ നിലനിർത്താനും അതുവഴി ഹിന്ദുമതത്തെ ശക്തമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഗീത ഉപയോഗിച്ചുകൊണ്ടുള്ള വിമോചന പ്രവർത്തനം .

അരബിന്ദോ

ഗീതയെ അവകാശവും ആവശ്യവുമായി കണ്ട അരവിന്ദോ അതിനെ സമീപിക്കേണ്ടത് സഹായത്തിനും വെളിച്ചത്തിനും വേണ്ടിയാണെന്ന് സ്ഥാപിച്ചു. ഗീതാ സന്ദേശത്തിലൂടെ മനുഷ്യസമൂഹത്തിന് പൂർണ്ണതയും ആധ്യാത്മിക ക്ഷേമവും നേടാൻ കഴിയുമെന്ന് വിശ്വസിച്ച അരബിന്ദോ തന്നെ ശിക്ഷിച്ച ജഡ്ജിയെ പോലും കൃഷ്ണന്റെ അംശമായി കാണുകയും ഗീതയെ ധ്യാനത്തിന്റെ ഉറവിടമായി സമർപ്പിക്കുകയും ചെയ്തത് ഗീതാ വിശുദ്ധി സ്ഥൂലരൂപത്തിൽ പ്രകടമാകാൻ സഹായകമായി. പിന്നീട് അരബിന്ദോവിന്റെ പ്രധാന പരിഗണനയിൽ നിന്നും ഗീത അകന്നുപോയെങ്കിലും അദ്ദേഹം സൃഷ്ടിച്ചെടുത്ത ഗീതാവിശുദ്ധ ബോധം ജനതയുടെ ഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ചു കഴിഞ്ഞിരുന്നു.
ഗീതയെക്കുറിച്ച് അല്പം പോലും ചിന്തിക്കാതിരുന്ന ഗാന്ധിജിയെ ഗീതയുമായി അടുപ്പിക്കുന്നത് ഒരു വിദേശിയുടെ തർജ്ജമയാണെന്നതാണ് അതിശയകരം. എഡ്വിൻ ആർനോൾഡിന്റെ "സോങ്ങ് സെലിസ്റ്റ്യൽ' എന്ന കൃതിയായിരുന്നു ഗാന്ധിയുടെ ഗീതാ ഗൃഹത്തിലേക്കുള്ള വഴികാട്ടി. പിന്നീട് അനേകം ഗീതാ പരിഭാഷകളിലൂടെയും കൃതികളിലൂടെയും കടന്നുപോയ ഗാന്ധിയെ സംബന്ധിച്ച് ഗീത ജീവിതത്തിന്റെ അംശം തന്നെയായി തീർന്നു; ഒപ്പം മാതാവും. എല്ലാ ദിവസവും രാവിലെ ഉണർന്ന് ഗീത പാരായണം ചെയ്യാൻ വിദ്യാർത്ഥികളെ ഉപദേശിച്ച ഗാന്ധി വേദങ്ങളോ ഭാഗവതമോ ദേവീപുരാണമോ ഹിന്ദു ജനതയുടെ ആത്മീയ ഗ്രന്ഥമാണെന്ന് അംഗീകരിക്കാൻ തയ്യാറായില്ല. എന്തുകൊണ്ടെന്നാൽ പതിനഞ്ചു പതിനാറു വർഷങ്ങൾ അത് പഠിക്കാൻ ആവശ്യമാണ് എന്നതുകൊണ്ടുതന്നെ. ഗീത എല്ലാ ശാസ്ത്രങ്ങളുടെയും ശാസ്ത്രമാണെന്നും ഹിന്ദു ജനതയ്ക്ക് സത്യത്തെ തിരിച്ചറിയാനുള്ള ഏക ഗ്രന്ഥമാണെന്നും ഗാന്ധി വിവരിച്ചു. ഇത് അംഗീകരിക്കപ്പെടാൻ പ്രപഞ്ചമാതാവായി ഗീതയെ അദ്ദേഹം പരിഗണിക്കുകയും ചെയ്തു.

മതേതര സങ്കൽപങ്ങളെ മുന്നോട്ട് വെക്കുമ്പോൾ പോലും ഗാന്ധിയൻ ഗീതാ തത്വം മതബോധമായി പരിണമിക്കുന്നത് കാണാം. തന്റെ പ്രാർത്ഥനാ യോഗങ്ങളിലെല്ലാം വിശുദ്ധ ഖുർആനും ബൈബിളിനുമൊപ്പം ഗാന്ധി പാരായണം ചെയ്തത് ഭഗവദ്ഗീതയാണ്. മതേതര സങ്കല്പത്തെ ഊട്ടിയുറപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിച്ചതെങ്കിലും നേരെ വിരുദ്ധമായാണ് സംഭവിച്ചത്. മുസ്‌ലിമിന് ഖുർആനും ക്രിസ്ത്യന് ബൈബിളും എന്നപോലെ ഹിന്ദുക്കൾക്ക് പ്രമാണം "വിശുദ്ധ' ഭഗവദ്ഗീതയാണെന്ന് സ്ഥാപിച്ചെടുക്കാനാണ് ഈ ശ്രമം വഴിവെച്ചത്. ഗാന്ധി മാറോടണച്ച ഗീത ഇന്ത്യൻ ജനതയും ഹൃദയത്തോട് ചേർക്കുകയും ഗീത തങ്ങളുടെ വിശുദ്ധ മതഗ്രന്ഥമായി തെറ്റിദ്ധരിക്കുകയും ചെയ്തു. ഈ തെറ്റിദ്ധാരണ ഇന്നും തുടരുന്നു.

പിന്നീട് വിനോബ ഭാവെ, നെഹ്‌റു, ടാഗോർ തുടങ്ങിയ അനേകം ദേശീയനേതാക്കൾ തങ്ങൾക്ക് അനുസൃതമായി ഗീതയെ വ്യാഖ്യാനിച്ചു. ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഖുദിറാംബോസും രാം പ്രസാദ് ബിസ്മിലും കൊലമരത്തിലേക്ക് നീങ്ങിയത് ഗീത കയ്യിൽ മുറുകെ പിടിച്ചുകൊണ്ടാണ് എന്നതും അനശ്വരമായ ആത്മാവിനെക്കുറിച്ചുള്ള വിചാരങ്ങൾ എല്ലാവരെയും ആവേശം കൊള്ളിച്ചിരുന്നു എന്നതും ചരിത്ര . മാത്രമല്ല അനുശീലൻ സമിതിയും യുഗന്തർ സമിതിയും പോലുള്ള സംഘടനകളും കർമ്മയോഗി, യുഗാന്തർ പോലുള്ള പത്രങ്ങളും ഗീതയെ തീവ്രദേശീയ പ്രവർത്തനങ്ങൾക്കു വേണ്ടി മുന്നോട്ടു കൊണ്ടുപോയത് എങ്ങനെയെന്നും ഈ ഭാഗം ചർച്ചചെയ്യുന്നുണ്ട്.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ഗീത ഏറെ സ്വാധീനം ചെലുത്താനുള്ള പ്രധാനപ്പെട്ട മറ്റൊരു കാരണം ഹിന്ദു മതത്തിന് ഉയർത്തിപ്പിടിക്കാനും എടുത്തു പറയാനും പ്രത്യേകമായ ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല എന്നതായിരുന്നു. മിഷനറിമാരുടെ വ്യാപകമായ പ്രചാരണങ്ങളും വിമർശനങ്ങളും നിമിത്തം ബൈബിൾ പോലെ പൊതുസ്വീകാര്യതയുള്ള ഒറ്റ മതഗ്രന്ഥത്തിന്റെ അപര്യാപ്തത ഗൗരവമായ ഒരു വിഷയമായി തീർന്നു. ഈ ഗൗരവത്തിന്റെ പ്രതിഫലനമായിരുന്നു ഹിന്ദുമത ഗ്രന്ഥമായും ദേശീയ പുസ്തകമായും ഗീത ഉയർന്നു വന്നതിന്റെ മറ്റൊരു വശം. അനേകം ദൈവങ്ങളിലും ജാതികളിലുമായി വിഘടിച്ചു കിടന്ന ഹിന്ദു ജനതയ്ക്ക് കെട്ടുകഥകളിലും ഐതിഹ്യങ്ങളിലും ശാസ്ത്രങ്ങളിലുമായി അനേകം ഗ്രന്ഥങ്ങൾ നിലനിൽക്കേ ഏതു സ്വീകരിക്കുമെന്ന പ്രശ്‌നമുണ്ടായി. മാത്രമല്ല പ്രമാണമായി കരുതുന്ന വേദങ്ങൾ ഭൂരിപക്ഷം ജനതയ്ക്കും അന്യമായിരുന്നു താനും. അതുകൊണ്ടുതന്നെ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും സത്തയായി കണക്കാക്കപ്പെടുന്ന ഗീത ഹിന്ദുമത പ്രമാണ ഗ്രന്ഥമായി ഉയർന്നുവരികയും ദേശീയതയുടെ ഭാഗമാകാൻ അതിന് കഴിയുകയും ചെയ്തു. വ്യാഖ്യാനങ്ങളിൽ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും നിലനിൽക്കുമ്പോഴും മതബോധത്തിന്റെ കെട്ടുകളിൽ തന്നെയാണ് അവയെല്ലാം എത്തിച്ചേരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ദേശീയപ്രസ്ഥാന ഘട്ടത്തിലെ ഗീതാ പരിണാമം തികച്ചും മതാധിഷ്ഠിതമായിരുന്നു. ഇതിനെ ചരിത്രപരമായി വിവരിക്കുകയാണ് സുനിൽ പി ഇളയിടം.

ഈ കാലത്ത് മഹാഭാരതവും ഭഗവദ്ഗീതയും ചർച്ചചെയ്യേണ്ട ആവശ്യകത ഉണ്ടോ? അത് ബ്രാഹ്മണ്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമല്ലേ? തുടങ്ങിയ ചോദ്യങ്ങളെല്ലാം ഉയർന്നുവന്നേക്കാം. "മഹാഭാരതം സാംസ്‌കാരിക ചരിത്ര'മെന്ന കൃതിയും അങ്ങനെയൊരു വിമർശനം നേരിട്ടിട്ടുണ്ട്. പുസ്തകത്തിന്റെ ആമുഖത്തിൽ പ്രസ്തുത വിമർശനങ്ങളും അതിനുള്ള മറുപടിയും വ്യക്തമാക്കുന്നുണ്ട്. തീർച്ചയായും ഈ കാലഘട്ടത്തിൽ ചരിത്ര യുക്തിയിൽ നിന്നു കൊണ്ട് മഹാഭാരതത്തെയും ഗീതയെയും വായിക്കുകയും പുനരന്വേഷണങ്ങൾ നടത്തുകയും വേണം. എന്തെന്നാൽ ലോകം പരിണമിക്കുന്നതിനനുസരിച്ച് ഗീതയുടെ ആശയ ലോകവും പരിണമിക്കുന്നുണ്ട്. സാമ്രാജ്യത്വ അധിനിവേശ ഘട്ടത്തിൽ ദേശീയതയുടെ ഭാഗവും ദേശീയ പുസ്തകവുമായി ഗീത മാറിയെങ്കിൽ, കോളനിവൽക്കരണവുമായി ബന്ധപ്പെട്ട ആധുനികീകരണ പ്രക്രിയ വഴി രൂപംകൊണ്ട ആഗോളവത്ക്കരണകാലത്ത് ആഗോള വിൽപ്പന ചരക്കായി ഗീത രൂപാന്തരപ്പെട്ടിട്ടുണ്ട്; മാത്രമല്ല അനന്തമായ മത സാധ്യതകളിലേക്കുള്ള വാതിലുകൾ ഗീതയിലെയും മഹാഭാരതത്തിലെയും തത്വങ്ങളെ മാറ്റിയെടുക്കുന്നുമുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് കൊണ്ട് ലോകത്താകമാനം നടത്തപ്പെടുന്ന ഗീതാ യജ്ഞങ്ങളും പഠന ക്ലാസുകളും മതചിഹ്നങ്ങളെ ഗീതയിലൂടെ സ്ഥാപിക്കാനുള്ള ശ്രമമാണ്. കേരളീയ ജനതയ്ക്ക് ഗീത അത്രകണ്ട് പരിചിതമായ ഒരു പുസ്തകമായിരുന്നില്ല. മഹാഭാരതവും രാമായണവും ഭാഗവതവും മലയാളിക്ക് സുപരിചിതമാക്കിയ എഴുത്തച്ഛൻ ഗീതയെ വ്യാഖ്യാനിക്കുകയോ തർജ്ജമ നടത്തുകയോ ചെയ്തിട്ടില്ല എന്നതും ചരിത്രം. എഴുത്തച്ഛനെ ഗീത സ്വാധീനിച്ചിട്ടില്ല എന്നുവേണം കരുതാൻ. ബ്രാഹ്മണരെ ഭയന്നാണ് എഴുത്തച്ഛൻ ഗീത വ്യാഖ്യാനിക്കാതിരുന്നതെങ്കിൽ പതിനാറാം നൂറ്റാണ്ടിലും ബ്രാഹ്മണർ മാത്രം വായിച്ചിരുന്ന, ഭൂരിപക്ഷം ജനതയ്ക്കും അപരിചിതമായ കേവല പുസ്തകമായി മാത്രമേ ഗീതയെ പരിഗണിക്കാൻ ആവുകയുള്ളൂ.

കേരളീയ നവോത്ഥാനത്തിലാകട്ടെ ഗീതയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പുരോഗമന പ്രവർത്തനങ്ങൾ നടന്നിട്ടേയില്ല. അദ്വൈതത്തെ പ്രതിപാദിക്കുമ്പോൾ പോലും നാരായണഗുരു ഗീതയെ പരാമർശിച്ചിട്ടില്ല. എന്നാൽ ഇന്ന് ഭാഗവത പാരായണവും രാമായണ പാരായണവും പോലെ മതാധിഷ്ഠിതമായ ഗീതാപാരായണയജ്ഞം കേരളത്തിൽ ശക്തമായി പിടിമുറുക്കുന്ന കാഴ്ച നാൾക്കുനാൾ വളരുകയാണ്. ഇത് ആധുനിക ഹൈന്ദവ ബോധത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. തൊണ്ണൂറുകൾക്ക് ശേഷം ചാനലുകളിൽ ശക്തമായ മഹാഭാരത-ഗീതാ കഥകൾ മലയാളി മനസ്സുകളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. മഹാഭാരത കഥയെ അവലംബിച്ച് വന്ന അനേകം സീരിയലുകളാണ് കൃഷ്ണ ശരീരത്തെ യഥാർത്ഥത്തിൽ ചലനാത്മകമായി വെളിപ്പെടുത്തിയത്. മുമ്പില്ലാത്തവിധം പരോക്ഷമായി ബ്രാഹ്മണ്യകേന്ദ്രിതമായ മതത്തെ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ചേക്കേറാൻ വിടുകയായിരുന്നു ഈ ഘടകങ്ങളെല്ലാം തന്നെ.

പീന്നീട് വിവരണാത്മക രൂപത്തിൽ ഗീത ചാനലുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. രസകരമായ അവതരണ രീതിയിലൂടെ വാർത്താ അവതാരകരേക്കാൾ ശ്രദ്ധ പിടിച്ചുപറ്റാൻ ചില ഗീതാ അവതാരകർക്ക് സാധിക്കുകയും ചെയ്തു. ഇപ്രകാരം മതവും ബ്രാഹ്മണികതയും ചേർന്ന ഏകമത രാഷ്ട്ര സങ്കല്പത്തെയും ജനതയെയും വളർത്തിയെടുക്കാനുള്ള സ്ഥൂലവും സൂക്ഷ്മവുമായുള്ള ശ്രമങ്ങൾക്കിടയിലാണ് അതിന് ബദൽ എന്ന നിലയിൽ ഈ പുസ്തകം അതിന്റെ ചരിത്രദൗത്യം നിർവഹിക്കുന്നത്. തീർച്ചയായും ഇന്നോളമുള്ള മഹാഭാരതപഠനങ്ങളുടെ ചരിത്ര സാക്ഷ്യമാണ് ഈ പുസ്തകം. അത് ഏറ്റെടുക്കുകയും ചർച്ച ചെയ്യുകയും വേണം. അത് കാലത്തോടുള്ള നീതിയാകും.

Comments