‘ബിരിയാണി’യിലെ മതവും ലിംഗ നീതിയും

ഇസ്​ലാമോഫോബിയ, ലവ് ജിഹാദ്, മതങ്ങൾക്കകത്തെ സ്ത്രീ സ്വാതന്ത്ര്യം ഇതെല്ലാം രണ്ട് പക്ഷത്തിരുന്ന് ചർച്ചയാകുന്നുണ്ട് ‘ബിരിയാണി’യിൽ. ഖദീജയുടെത് ടി.വി ചർച്ചകൾക്ക് പുറത്തുള്ള ജീവിതവും രാഷ്ട്രീയവുമാണ്. അതാണ് സിനിമ പറയുന്നത്. അത് ഒരു മതത്തിനകത്തൊതുക്കാവുന്ന സ്ത്രീരാഷ്ടീയമല്ല.

സ്ഥിരപ്രതിഷ്ഠ നേടിയ ചില ഫോർമുലകളിലൂടെ വിനോദ സിനിമകളും ഏതാനും പേരുടെ കാഴ്ചാസങ്കല്പങ്ങളിൽ പരിമിതമായ ആർട് ഹൗസ് സിനിമകളും എന്ന രീതിയിൽ നിന്ന് മാറി മലയാള സിനിമ വകഭേദങ്ങളില്ലാതെ പല ദിശകളിലേക്ക് ധീരമായി സഞ്ചരിക്കുകയാണ്. ഈ ദിശാ പരിണാമം അടയാളപ്പെടുത്തുന്ന സിനിമകളിലൊന്നായ സജിൻ ബാബുവിന്റെ ബിരിയാണി തീർച്ചയായും കാണേണ്ട സിനിമയാണ്. സജിൻ ബാബു തന്റെ ആദ്യ സിനിമക്ക് ഉദ്ദേശിച്ച പ്ലോട്ടായിരുന്നു ബിരിയാണി. കുറച്ചു കൂടി പാകമായി മൂന്നാമത്തെ സിനിമയായാണ് റിലീസ് ആവുന്നത്. ബിരിയാണിയുടെ പ്രമോയുടെ ടാഗ് ലൈനായി കുറിക്കുന്നത് Flavour of Flesh എന്നാണ്. അത് സിനിമയുടെ പ്രമേയത്തിനോട് പ്രത്യക്ഷമായി തന്നെ ബന്ധപ്പെട്ടു കിടക്കുന്ന പ്രസ്താവനയാണ്.

ബിരിയാണിയിലെ പ്രധാന കഥാപാത്രം ഖദീജയാണ്. കൃത്യമായ ജോലിയില്ലാത്ത ഭർത്താവ്. ഭർത്താവിന്റെ വീട്ടിലെ പൊരുത്തക്കേടുകൾ, ഉപ്പ മരിച്ചു. അനിയൻ ഒരു ദിവസം പെട്ടന്ന് അപ്രത്യക്ഷനാകുന്നു. അനിയന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് വാർത്ത വന്നപ്പോൾ പള്ളിക്കമ്മറ്റി ഖദീജയുടെ കുടുംബത്തെ ഊരു വിലക്കുന്നു. ഭർത്താവ് വിവാഹ ബന്ധം വേർപെടുത്തി. ആത്മഹത്യ ചെയ്യാനോ അല്ലെങ്കിൽ ഉമ്മയെയെപ്പോലെ മാനസിക രോഗിയായിത്തീരാനോ തയ്യാറല്ല എന്ന് ഖദീജ ഒരവസരത്തിൽ പറയുന്നുണ്ട്. ഉമ്മയോടൊപ്പവും ഉമ്മ മരിച്ചതിനു ശേഷം ഒറ്റയ്ക്കുമുള്ള ഖദീജയുടെ മുന്നോട്ടുള്ള ജീവിതസമരമാണ് ബിരിയാണി. നിശ്ചല രംഗങ്ങളില്ലാതെ, ഫോളോ അപ് ക്യാമറയില്ലാതെ കഥാപാത്രത്തെ പകർത്തണമെന്ന് സജിൻ ബാബു ഷൂട്ടിങ്ങിന് മുമ്പേ തീരുമാനിച്ചതാണ്. ഇതിനാൽ കാഴ്ചക്കാരന് ഖദീജയുടെ യാത്രകളിൽ ഒരു fluidity അനിശ്ചതമെങ്കിലും ലാഘവത്തോടെയുള്ള ഒഴുക്ക് അനുഭവപ്പെടും. നിസ്സഹായതകളിൽ വിട്ടുവീഴ്ച ചെയ്തും മറ്റ് സന്ദർഭങ്ങളിൽ തന്റെ നിലപാടുകൾക്കനുസരിച്ച് കരുത്ത് കാണിച്ചും വീഴ്ചകളിലും തിരിച്ചുവരവുകളിലും ജീവിതനടന വഴക്കങ്ങളുടെ ആർജവം ഖദീജ കാണിച്ചു തരുന്നു. കടൽത്തീരത്തെ ഖദീജയുടെ സ്വന്തം വീടും പിന്നീട് താമസിക്കുന്ന പുഴ കടന്ന് ഒരു പാറപ്പുറത്തിനപ്പുറമുള്ള മുസ്ല്യാരുടെ വീട്ടുപരിസരത്തുമെല്ലാം ജീവിതം കഠിനാവുമ്പോഴും പ്രകൃതി തെളിച്ചമുള്ള സാന്നിദ്ധ്യമാണ്.

സിനിമയിൽ നിന്നൊരു രംഗം

സിനിമയിൽ തിരക്കഥ അത്ര പ്രാധാന്യമുള്ളതല്ല. കഥയേക്കാൾ കഥാപാത്രത്തിന്റെ രൂപപ്പെടുത്തലിലാണ് സംവിധായകന്റെ ശ്രദ്ധ. ഇസ്​ലാമിക സാമൂഹിക പരിസരം ഉപരിതലത്തിൽ മാത്രമാണ്. സിനിമയിൽ തന്നെ കാണിക്കുന്ന ഗായിക പുഷ്പവതിയുടെ ടി.വി ക്ലിപ്പിൽ പറയുന്നത് പോലെ ലിംഗനീതി വിഷയം എല്ലാ മതങ്ങൾക്കകത്തും ഒരു പോലെ ബാധകമാണ്. ആ വിഷയമാണ് ബിരിയാണി മുന്നോട്ട് വെക്കുന്നത്. ആ കഥാപാത്രത്തോടൊപ്പമാണ് കാഴ്ചക്കാരും സഞ്ചരിക്കുന്നത്.

സിനിമയുടെ തുടക്കവും അവസാനവും കിടപ്പറരംഗങ്ങളാണ്. സെൻസറിങ്ങും അത് കഴിഞ്ഞ് പൊതുബോധ സെൻസറിങ്ങുമെല്ലാം വാർത്തയായതാണ്. സ്ത്രീപക്ഷ രാഷ്ട്രീയവും പെണ്ണുടലും അൺ സെൻസറിങ്ങുകൾ നടത്തുന്നതാണ് ആ രംഗങ്ങൾ. സിനിമ ഖദീജയുടെ ജീവിതം പിന്തുടരുമ്പോൾ വർത്തമാന രാഷ്ട്രീയം കാണിക്കുന്നത് സിനിമകളിലെ സ്ഥിരം രീതിയായ ഇടയിലിടുന്ന ടി.വി ചർച്ചകളുടെ ക്ലിപ്പിങ്ങിലൂടെയാണ്. ഇസ്​ലാമോഫോബിയ, ലവ് ജിഹാദ്, മതങ്ങൾക്കകത്തെ സ്ത്രീ സ്വാതന്ത്ര്യം ഇതെല്ലാം രണ്ട് പക്ഷത്തിരുന്ന് ചർച്ചയാകുന്നുണ്ട്. ഖദീജയുടെത് ടി.വി ചർച്ചകൾക്ക് പുറത്തുള്ള ജീവിതവും രാഷ്ട്രീയവുമാണ്. അതാണ് സിനിമ പറയുന്നത്. അത് ഒരു മതത്തിനകത്തൊതുക്കാവുന്ന സ്ത്രീരാഷ്ടീയമല്ല.

കനി കുസൃതിയുടെ അഭിനയമാണ് ബിരിയാണിയെപ്പറ്റി പറയുമ്പോൾ പ്രത്യേകം പരാമർശിക്കേണ്ടത്. ഖദീജയുടെ അനിശ്ചതത്വങ്ങളും നിശ്ചയദാർഢ്യവും ചെറു ശരീരചലനങ്ങളിൽ പോലും സൂക്ഷ്മതയോടെ ഉൾക്കൊണ്ട് കനി അവിസ്മരണമീയമാക്കുന്നു. ശാരീരികമായി ചേർന്നും തുറന്നും അഭിനയിക്കേണ്ട ഇടങ്ങളിൽ ബോൾഡും കഥാപാത്രങ്ങളെ മറികടക്കുന്നതുമായ പെണ്ണുടൽ രാഷ്ട്രീയ പ്രസ്താവനകളായി അത് സിനിമയ്ക്ക് പുറത്തേക്കും കടക്കുന്നു.

Comments