ആ നൂറു സീറ്റുകൾ നഷ്ടപ്പെട്ടാലും കർഷകരെ അനുകൂലിക്കേണ്ടെന്നത് ബി.ജെ.പി നയം

Truecopy Webzine

ണ്ടേകാൽ സംസ്ഥാനങ്ങളിൽ നിന്നായി കേവലം നൂറു സീറ്റുകൾ മാത്രം നഷ്ടപ്പെടുത്താൻ ശേഷിയുള്ള ഒരു സത്വര രാഷ്ട്രീയപ്രശ്‌നമായാണ് ബി.ജെ.പി കർഷക പ്രക്ഷോഭത്തെ കാണുന്നതെന്ന് സംഘ്പരിവാർ സ്രോതസ്സുകളെ ഉദ്ധരിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ട്രൂകോപ്പി വെബ്‌സീൻ പാകറ്റ് 11-ൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പറയുന്നു. കേന്ദ്ര സർക്കാർ കർഷകരുടെ ആവശ്യങ്ങൾ ഗൗരവമായെടുക്കാത്തത് ഇതു കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.

എന്നാൽ ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾക്കപ്പുറം രാജ്യത്തെമ്പാടുമുള്ള തൊഴിലാളി വിഭാഗങ്ങളും, കലാകാരന്മാരും, ബുദ്ധിജീവികളും, മാധ്യമപ്രവർത്തകരും കർഷരോടൊപ്പം അണിനിരന്ന്, താഴെത്തട്ടിൽ ശക്തമായ ജനകീയ മുന്നേറ്റം രൂപപ്പെടുന്നതിന്റെ നേരനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുക്കുയാണ് കിസാൻ സംഘർഷ് മോർച്ച അധ്യക്ഷൻ ഡോ. സുനിലം.

കേന്ദ്ര ബജറ്റിലെ പോരായ്മകളും, കോർപറേറ്റ് കേന്ദ്രീകൃത ഭരണക്രമത്തിനെതിരെ ഉയർന്നു വരുന്ന തൊഴിലാളി പ്രക്ഷോഭങ്ങളെക്കുറിച്ചും, വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള കർഷക സംഘടനകൾ അണിനിരക്കുന്ന സമരത്തിൽ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള സംഘടനാപ്രവർത്തനത്തിന്റെ സൂക്ഷഭേദങ്ങളെക്കുറിച്ചും ഡോ. സുനിലം വെബ്‌സീൻ പാക്കറ്റ് 11-ൽ വിശദമായി വിവരിക്കുന്നുണ്ട്.

വെബ്‌സീൻ പാക്കറ്റ് 11 കവർ

പശ്ചിമ ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ കേന്ദ്രങ്ങളെപ്പോലും പ്രക്ഷോഭത്തിന്റെ അലകൾ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണെന്ന് കെ. സഹദേവനുമായി നടത്തിയ അഭിമുഖത്തിൽ ഡോ. സുനിലം പറയുന്നു. മുസാഫർനഗറിൽ വർഗ്ഗീയ വിഭജനത്തിലൂടെ നേടിയെടുത്ത ബി.ജെ.പിയുടെ സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ജിൻദ്, ഭാഗ്പത്, മഥുര എന്നിവിടങ്ങളിലെല്ലാം പതിനായിരക്കണക്കിന് കർഷകരുടെ പങ്കാളിത്തത്തോടെ കർഷക മഹാപഞ്ചായത്തുകൾ കേന്ദ്ര സർക്കാറിന്റെ ആഖ്യാനങ്ങളെ അപ്രസക്തമാക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഫെബ്രുവരി 3-ന് ഗ്വാളിയോറിൽ നടന്ന കർഷക മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കർഷകരാണ് പങ്കെടുത്തത്. ഇങ്ങനെ രാജ്യത്തെമ്പോടും നടക്കുന്ന സമരങ്ങൾ ചൂണ്ടിക്കാട്ടിയാണ്, രണ്ട് സംസ്ഥാനങ്ങളിലെ കർഷകർ മാത്രമാണ് പ്രക്ഷോഭ രംഗത്തുള്ളതെന്ന സർക്കാർ വാദം ഡോ. സുനിലം പൊളിക്കുന്നത്.

എന്നാൽ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും, പശ്ചിമ യു.പിയിലെ ഏതാനും സീറ്റുകളും മാത്രമാണ് കർഷവിഷയത്തിൽ തങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നതെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തലെന്ന് ട്രൂകോപ്പി എക്‌സിക്യുട്ടിവ് എഡിറ്റർ കെ. കണ്ണനുമായി നടത്തിയ അഭിമുഖത്തിൽ വെങ്കിടേഷ് രാമകൃഷ്ണൻ പറയുന്നു. കർഷകപ്രക്ഷോഭത്തിന്റെ അനുരണനങ്ങൾ ആന്ധ്രയിലും, തെലങ്കാനയിലും, കർണാടകയിലും, മഹാരാഷ്ട്രയിലും കാണാമെങ്കിലും, ബി.ജെ.പിയും സംഘ്പരിവാറും ഇതെല്ലാം സാരമായി കാണുന്നില്ലെന്നും, രണ്ടേകാൽ സംസ്ഥാനങ്ങളിലെ പ്രത്യാഘാതം എഴുതിത്തള്ളാൻ ബി.ജെ.പി തയാറാണെന്നുമാണ് സംഘ്പരിവാറിലെ മോദിയുമായി അടുത്ത ബന്ധമുള്ളയാളുകൾ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


Comments