truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
4

Deep Report

Photo source: The Malabar Journal

പൊതുവഴിയും അന്നദാനവും
സ്​പർശവും വിലക്ക​പ്പെട്ട ദലിതർ,
ഇതാ ഇപ്പോഴുമിവിടെയുണ്ട്​

പൊതുവഴിയും അന്നദാനവും സ്​പർശവും വിലക്ക​പ്പെട്ട ദലിതർ, ഇതാ ഇപ്പോഴുമിവിടെയുണ്ട്​

കാസര്‍ഗോഡ് ജില്ലയിലുള്ള പഡ്രെ ഗ്രാമത്തിലെ ബദിയാറു ശ്രീ ജഡാധാരി ദൈവസ്ഥാനത്ത്​, കേരളത്തെ നാണിപ്പിക്കുംവിധം സവർണജാതിക്കാർ ദലിതർക്കെതിരെ പരസ്യമായ അയിത്തവും ജാതിവിവേചനവും വച്ചുപുലർത്തുന്നു. പഡ്രെ ഗ്രാമത്തിലെ പട്ടികജാതി വിഭാഗത്തിന് പൊതുവഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല, അന്നദാനത്തില്‍ എല്ലാ ജാതിക്കാര്‍ക്കുമൊപ്പം പങ്കെടുക്കാന്‍ പാടില്ല, സവര്‍ണ ജാതിക്കാരുടെ കയ്യില്‍ സ്പര്‍ശിക്കാതെ കാണിക്ക ഇടണം തുടങ്ങിയ അപരിഷ്​കൃത ആചാരങ്ങൾക്കെതിരെ ദലിത്​ ജനത സമരത്തിലാണ്​. ജില്ലാ ലീഗൽ സർവീസ്​ അതോറിറ്റി പ്രശ്​നത്തിൽ ഇടപെട്ട്​ പരിഹാരശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഒരു അന്വേഷണം

16 Dec 2021, 05:29 PM

അലി ഹൈദര്‍

""കൂ...കൂ...കൂ.... 
ജഡാധാരി ദൈവസ്ഥാനത്ത്​ ഉത്സവത്തിന്റെ ഭാഗമായി നല്‍കുന്ന അന്നദാനത്തിന് ഞങ്ങള്‍ താഴ്ത്തപ്പെട്ടവരെ ക്ഷണിക്കുന്നതാണാ കൂവി വിളി. യഥാര്‍ത്ഥത്തില്‍ ഞങ്ങളെ വിളിക്കുന്നതല്ല, ഞങ്ങള്‍ വരുന്നുണ്ടെന്ന് ബ്രഹ്‌മണരെ അറിയിക്കുന്നതാണ്. ഞങ്ങള്‍ അവിടെയെത്തുമ്പോഴേക്കും ബ്രാഹ്‌മണരെല്ലാം പോയിരിക്കും. മൂന്നുവര്‍ഷം മുമ്പാണ് അവസാനമായി ആ വിളി കേട്ടത്. വിളി കേട്ട് അവിടെ എത്തിയാല്‍ അന്നദാനം കഴിക്കുന്ന ആളുകളുടെ എണ്ണം കൊടുക്കണം. കുറച്ച് മാറിയുള്ള സ്ഥലത്ത് തുണി വിരിച്ച്, അതിലേക്ക് ഇലയിട്ട് അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് രീതി.''  മൊകേര സമുദായത്തില്‍പ്പെട്ട, സീതരാമ എന്ന കല്ലുചെത്ത് തൊഴിലാളി അമര്‍ഷത്തോടെ പറയുകയാണ്​. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

കാസര്‍ഗോഡ് ജില്ലാ ആസ്ഥാനത്തു നിന്ന് 28 കിലോമീറ്റര്‍ അകലെ, എൻമകജെ ഗ്രാമപഞ്ചായത്തിലെ പഡ്രെ ഗ്രാമത്തിലെ ബദിയാറു ശ്രീ ജഡാധാരി ദൈവസ്ഥാനത്ത് കാലങ്ങളായി നടന്നുപോന്ന ആചാരരീതികളിലൊന്ന് മാത്രമാണിത്.

""നമ്മളൊക്കെ ആരാധിക്കുന്ന ദൈവത്തിന്റെ പേരിലാണ് ഈ അയിത്തം. അവരുടെ വീട്ടിലേക്കല്ലല്ലോ നമ്മള്‍ പോകുന്നത്, ഇതൊരു പൊതുക്ഷേത്രമല്ലേ. ഞങ്ങളുടെ കയ്യില്‍ പ്രസാദം തന്നാല്‍ എന്താണ് സംഭവിക്കുന്നത്?. ഞങ്ങള്‍ നേരിട്ട് കാണിക്ക ഇട്ടാല്‍ ദൈവം കോപിക്കുമത്രേ, ഞങ്ങള്‍ പടി ചവിട്ടാനേ പാടില്ലത്രേ... ഞങ്ങളെ മനുഷ്യരായി കാണാത്ത അമ്പലത്തിലേക്ക് എന്തിനാണ് പോകുന്നത് എന്നാണ് മക്കള്‍ എന്നോട് ചോദിക്കുന്നത്. അവര്‍ക്ക് നല്ല ബേജാറുണ്ട്. ഇനിയും ഇത് തുടരുന്നത് എന്തൊരു നാണക്കേടാണ്''-  സീതാരാമ പറഞ്ഞു.

seetharama
 സീതരാമ / ഫോട്ടോ : അലി ഹെെദർ

ബദിയാറു ശ്രീ ജഡാധാരി ക്ഷേത്രത്തില്‍ കാലങ്ങളായി തുടരുന്ന ജാതിഅയിത്തത്തിനെതിരെയും തൊട്ടുകൂടായ്മയ്ക്കെതിരെയും ഇവിടുത്തെ കീഴാള ജനത സമരത്തിലാണ്. പഡ്രെ ഗ്രാമത്തിലെ പട്ടികജാതി വിഭാഗത്തിന് പൊതുവഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല, അന്നദാനത്തില്‍ എല്ലാ ജാതിക്കാര്‍ക്കുമൊപ്പം പങ്കെടുക്കാന്‍ പാടില്ല, സവര്‍ണ ജാതിക്കാരുടെ കയ്യില്‍ സ്പര്‍ശിക്കാതെ കാണിക്ക ഇടണം തുടങ്ങി നിരവധി ജാതി അയിത്തങ്ങള്‍ക്കെതിരെയാണ് ആ സമരം.  കാസര്‍ഗോട്ടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും ആചാരമായിക്കണ്ട് പിന്തുടരുന്ന തൊട്ടുകൂടായ്മയുടെ, ജാതി അധിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന അനുഭവസാക്ഷ്യങ്ങളാണ് പഡ്രെ ഗ്രാമത്തിലെ കീഴാള ജനതയ്ക്ക് പറയാനുള്ളത്. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

47 സെന്റില്‍ സ്ഥിതി ചെയ്യുന്ന ജഡാധാരി ദൈവസ്ഥാനത്തേക്ക് (ക്ഷേത്രം) മുഖ്യകവാടത്തിലൂടെ പോകാന്‍ ദലിതര്‍ക്ക് അനുവാദമില്ല. ചുവന്ന പെയിന്റടിച്ച സിമന്റില്‍ പണിതീര്‍ത്ത 18 പടികളിലൂടെ സവര്‍ണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം. വര്‍ഷത്തില്‍ മൂന്ന് ഉത്സവങ്ങളും ആഴ്ചയില്‍ ചൊവ്വ, ഞായര്‍, ദിവസങ്ങളില്‍ പ്രത്യേക പൂജകളും മാത്രം നടക്കുന്ന ക്ഷേത്രത്തില്‍ ജഡാധാരി തെയ്യം കെട്ടും അന്നദാനവുമാണ് പ്രധാന ചടങ്ങുകള്‍. ദലിതര്‍ ഏറെ ആരാധനയോടെ കാണുന്ന ജഡാധാരി തെയ്യം അവസാനമായി നടന്നത് 2018 നവംബറിലാണ്. നല്‍ക്കദായ എന്ന ദലിത് വിഭാഗക്കാരാണ് തെയ്യം കെട്ടുക. ഇവര്‍ക്കും പൊതുവഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ക്ഷേത്രമുറ്റത്ത് പ്രത്യേകം നിശ്ചയിച്ച പ്രദേശത്താണ് തെയ്യം കെട്ടിയാടുന്നത്.  തെയ്യത്തിന്റെ കയ്യില്‍ നിന്ന്​ പ്രസാദം "മേല്‍ജാതിക്കാര്‍' നേരിട്ട് സ്വീകരിക്കില്ല. ജാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടത്തിലാണ് ഓരോ ജാതിയില്‍ പെട്ടവർ തെയ്യം കാണാന്‍ ഇരിക്കേണ്ടത്.  
എസ്.സി വിഭാഗത്തിലെ മൊഗറ, ഭൈര, മായില സമുദായത്തില്‍പ്പെട്ടവര്‍ക്കും എസ്.ടി വിഭാഗത്തിലെ കൊറഗ സമുദായത്തില്‍പെട്ടവര്‍ക്കും ഒ.ബി.സിയിലെ തിയ്യവിഭാഗത്തിനുമാണ് മുഖ്യകവാടത്തിലൂടെ പ്രവേശനത്തിന് വിലക്ക്​. 

kavadam
Photo : Photo source: The Malabar Journal

ഇവരെയെല്ലാം പുലയര്‍ എന്ന പേരിട്ടാണ് സവര്‍ണര്‍ വിളിച്ചുപോരുന്നത്. ജഡാധാരി ക്ഷേത്രം  പൊതുജനക്ഷേത്രമാണെങ്കിലും  ഭരണസമിതിയിലധികവും ബ്രാഹ്‌മണ വിഭാഗത്തില്‍ പെട്ടവരാണ്. എന്നാല്‍ ക്ഷേത്രത്തില്‍ കയറാനും അന്നദാനം സ്വീകരിക്കാനും കാണിക്ക ഇടാനും അകത്ത് കയറി പ്രാര്‍ത്ഥിക്കാനുമൊക്കെയുള്ള കീഴാളരുടെ അവകാശം തടയുന്നതില്‍ ബ്രാഹ്‌മണര്‍ മാത്രമല്ല, സവര്‍ണ ജാതിയില്‍പെട്ട എല്ലാവരും ഒറ്റക്കെട്ടാണെന്നാണ് ദലിതര്‍ പറയുന്നത്. 

""എന്റെ അമ്മയ്ക്ക് 85 വയസായി, എന്റെ വീടിന്റെ മുന്നിലൂടെ പോകുന്ന മറ്റ് ജാതിയില്‍ പെട്ട ചെറുപ്പക്കാര്‍, കുട്ടികള്‍ പോലും എന്റെ അമ്മയെ വിളിക്കുന്നത് അവൾ എന്നോ അല്ലെങ്കില്‍ നീ എന്നോ ആണ്​​. എന്നാല്‍ ജഡാധാരി ദൈവസ്ഥാനവുമായി ബന്ധപ്പെട്ട അയിത്തത്തിനെതിരെ സംസാരിക്കുകയും അതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തപ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്.''- ജഡാധാരി ദൈവസ്ഥാനത്തെ അതിഭീകരമായ ജാതി അയിത്തത്തിനെതിരെ ഏറ്റവും ഉറച്ച ശബ്ദമായി മാറിയ കൃഷ്ണമോഹന്‍ ഇത് പറയുന്നത്,  ദൈവസ്ഥാനത്തെ ജാതിഭ്രഷ്ടിനെതിരെ മാത്രമല്ല തങ്ങളുടെ പോരാട്ടമെന്ന് സൂചിപ്പിക്കാനാണ്. ജാതിയുടെ പേരില്‍ ഇനി ഒരാളും ആത്മാഭിമാനത്തോടെയല്ലാതെ ജീവിക്കരുത് എന്ന ദൃഢനിശ്ചയം കൂടിയുണ്ട് കൃഷ്ണമോഹന്. 

ദൈവസ്ഥാനത്തെ പതിനെട്ട് പടി ഒരു ദലിതന്‍ ചവിട്ടിയാല്‍ ദൈവകോപം കിട്ടുമെന്നും ആചാരലംഘനമാണെന്നുമുള്ള കാലങ്ങളായുള്ള നടപ്പു രീതിക്ക് അറുതി വരുത്തി ആദ്യമായി ശ്രീകോവിലിലേക്കുള്ള മുഖ്യകവാടത്തിലൂടെ പതിനെട്ട് പടി കയറി  "ആചാരം' ലംഘിച്ചത് കൃഷ്ണമോഹന പൊസള്ള്യ എന്ന ബാഡ്മിന്റന്‍ മുന്‍ ജില്ലാ ടീമംഗം കൂടിയായ ദലിത് പ്രതിനിധിയാണ്. കാലങ്ങളായുള്ള ജാതിവിവേചനത്തിനെതിരെ പട്ടിക ജാതി -വര്‍ഗ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ എസ്​.പിക്ക്​ പരാതി കൊടുത്തതിനു ശേഷമായിരുന്നു കൃഷ്ണമോഹന്‍ ചരിത്രത്തിലെ ആചാരത്തെറ്റ് തിരുത്തി പടികയറിയത്.

krishna mohana
കൃഷ്ണമോഹന പൊസള്ള്യ / Photo : The Malabar Journal

""ഈ വഴിയിലൂടെ നമുക്ക് പോകാന്‍ പറ്റില്ല. മേല്‍ജാതിക്കാര്‍ക്ക് മാത്രമേ പോകാന്‍ പറ്റു, ഞമ്മളെ ജാതിക്ക് വേറെ തന്നെ വഴിയാണ്. ഞമ്മളെ ജാതിന്റെ ആള്‍ക്കാരാരും ഇതുവരെ ഈ വഴിയിലൂടെ കേറിയിട്ടില്ല. ദൈവത്തിന്റെ കോലം നടക്കുമ്പോള്‍ ആ വഴിയിലൂടെ പോയി വേണം കോലം കാണാന്‍. ഈ വഴിയിലൂടെ പോയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാനാണ് ഞാന്‍ ഈ പടി കേറിയത്. നമ്മള് കേറിയതുകൊണ്ട് ക്ഷേത്രം തന്നെ അടച്ചു. എല്ലാരും പോകുന്ന വഴിയിലൂടെ ഞമ്മക്കും പോണം, എല്ലാരും കഴിയ്ക്കുന്ന സ്ഥലത്ത് ഞമ്മക്കും കഴിക്കണം. ഞമ്മളെ അച്ഛന്മാര്‍ ഇത് ചോദ്യം ചെയ്യാത്തത് കൊണ്ട് നമ്മള്‍ അനുഭവിക്കേണ്ടി വന്നു. ഇപ്പോള്‍ നമ്മള്‍ ഇതിനെതിരെ നിന്നില്ലെങ്കില്‍ നാളെ ഞമ്മളെ മക്കള്‍ക്കും ഈ ഗതി വരില്ലേ. നിങ്ങളെ പുള്ളര്‍ പോകുന്ന വഴിയില്‍ ഞമ്മളെ പുള്ളര്‍ക്ക് പോണം. നിങ്ങളെ പുള്ളര്‍ ഭക്ഷണം കഴിക്കുന്ന സമയത്തന്നെ ഞമ്മളെ പുള്ളര്‍ക്കും ഭക്ഷണം കഴിക്കണം. അതാണ് ഞാന്‍ അവരോട് പറയുന്നത്. അതിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. അല്ലാതെ മുടക്കുക എന്നതല്ല ഞമ്മളെ ഉദ്ദേശ്യം. ഞാന്‍ പടികേറിയതോടെ ദൈവത്തിന് മുന്നില്‍ ഞാന്‍ വലിയൊരു തെറ്റ് ചെയ്തു എന്നാണ് അവര്‍ വിശ്വസിക്കുന്നത്, പ്രചരിപ്പിക്കുന്നത്. കൃഷ്ണമോഹന്  എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് ശെരിക്കും അവര്‍ വിശ്വസിക്കുന്നുണ്ട്. എന്റെയൊപ്പം ഇനി ആരും കൂടരുത് എന്ന് ആളുകളോട് ഇപ്പോഴും പറഞ്ഞു നടക്കുന്നുണ്ട്. അത്രമേലുണ്ട് അവരുടെ ഉള്ളിലെ ജാതി. ഈ ജാതി ചിന്തവെച്ചാണ് മുന്നോട്ട് പോകേണ്ടത് എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ''- കൃഷ്ണമോഹന്‍ തിങ്കിനോട് പറഞ്ഞു. 

cast
ജഡധാരി ക്ഷേത്രത്തിലുള്ള ജാതി അടിസ്ഥാനത്തിലുള്ള ഇരിപ്പിടങ്ങള്‍

കൃഷ്ണമോഹന്‍ ഡിവൈ എസ്​.പിക്ക്​ നല്‍കിയ പരാതിയില്‍നിന്ന്​: ""എസ്.സി സമുദായക്കാര്‍ക്ക് ഇവിടെ എല്ലാവര്‍ക്കുമൊപ്പം അന്നദാനം സ്വീകരിക്കുന്നതില്‍ വിലക്കുണ്ട്. മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയതിന് ശേഷം എസ്.സി സമുദായത്തിലെ ഓരോ ജാതിക്കാരുടെയും പേരുപറഞ്ഞ് വിളിക്കുന്നു. ഞങ്ങള്‍ അവിടെ മുറ്റത്തിന് പുറത്ത് തുണിവിരിച്ച് അന്നദാനം സ്വീകരിക്കുന്നു. വിളമ്പിയ ഭക്ഷണം പൊതിഞ്ഞ് കെട്ടി ഞങ്ങള്‍ ദൂരെ പോയി കഴിക്കണം. അല്ലെങ്കില്‍ ഭക്ഷണം വീട്ടില്‍ കൊണ്ട് പോയാണ് കഴിക്കേണ്ടത്. ഭക്ഷണം നല്‍കുന്നത് രാത്രി 11 മണിക്ക് ശേഷമാണ്. ഈ ക്ഷേത്രത്തിലേക്ക് എല്ലാവരും പോകുന്ന വഴിയിലൂടെ പോകാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല. വേറെ വഴിയിലൂടെ വന്ന് ക്ഷേത്രത്തില്‍ നിന്ന് കുറെ ദുരെ മാറി നിന്ന് പ്രാര്‍ത്ഥിക്കണം. കാണിക്ക ഇടണമെങ്കില്‍ സവര്‍ണ ജാതിക്കാരുടെ കയ്യില്‍ സ്പര്‍ശിക്കാതെ വേണം. ഞങ്ങളെ ഇവിടെ പുലയര്‍ എന്ന് വിളിച്ച് ഭക്ഷണത്തിനായി കൂവി വിളിക്കുന്ന രീതിയുണ്ട്. ജൂണ്‍ 30, 2018 ന് മൂലസ്ഥാനത്ത് നടന്ന പൊതുജന പരിപാടിയില്‍ ഞങ്ങള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ക്ഷേത്രത്തില്‍ പ്രവേശനം വേണമെന്ന് പറഞ്ഞതിന് ദമോദര ഭട്ട് എന്നയാള്‍ ഞങ്ങളെ പരസ്യമായി ജാതി പറഞ്ഞ് അധിക്ഷേപിച്ചു.'' 

jadadhari
ജഡാധാരി ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലേക്കുള്ള വഴി / ഫോട്ടോ : അലി ഹെെദർ

ഇടനിലക്കാരില്ലാതെ കാണിക്ക ഇടാനും സ്വീകരിക്കാനും മുഖ്യകവാടത്തിലൂടെ തന്നെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനും "അനുവാദ'മുള്ള സമുദായത്തിലെ അംഗമാണെങ്കിലും ഈ ദൈവസ്ഥാനത്ത് വര്‍ഷങ്ങളോളം നടന്നു പോന്നത് ക്രൂരമായ ജാതീയതയും മനുഷ്യത്വ വിരുദ്ധതയുമാണെന്ന് പറയുകയാണ്  സാമൂഹ്യപ്രവർത്തകന്‍ ശ്രീനിവാസ നായ്ക്ക്. 

""പരാതിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലേക്ക് വരുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവേശനം നടത്താനുള്ള അവസരം ഒരുക്കുമെന്നും കാണിക്ക ഇടുന്നതിലും പ്രസാദം കൊടുക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാവില്ലെന്നും ഭരണസമിതി നേതൃത്വം എഴുതി ഒപ്പിട്ട് നല്‍കിയിരുന്നു. എന്നാല്‍ അതിന് വിപരീതമായി തൊട്ടുകൂടായ്മയും അയിത്തവും അതേപടി തുടര്‍ന്നു. എന്ത് കൊണ്ട് പുതിയ പരിഷ്‌ക്കാരങ്ങള്‍ ഇവിടെ നടപ്പിലാക്കുന്നില്ല എന്ന ചോദ്യം ഭരണസമിതിക്ക് നേരെ ഒരു യോഗത്തിലൊരാള്‍ ചോദിച്ചപ്പോള്‍ യോഗത്തില്‍ നിന്ന് ഭരണസമിതി നേതാക്കള്‍ ഇറങ്ങിപ്പോവുകയും (2018 ഒക്ടോബര്‍ 25 ) തുടര്‍ന്ന് ക്ഷേത്രം തന്നെ അടച്ചിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജാതി വിവേചനം അവസാനിപ്പിക്കാമെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും പ്രയോഗത്തില്‍ അത് നടപ്പിലാക്കതിരിക്കുകയും ചെയ്യുകയായിരുന്നു ക്ഷേത്രഭരണസമിതി. അന്ന് പൂട്ടിയ ക്ഷേത്രം മൂന്ന് വര്‍ഷമായി അതേനിലയിലാണ്. വര്‍ഷങ്ങളോളം പട്ടികജാതിക്കാരെ പടിക്ക് പുറത്ത് നിര്‍ത്തിയവര്‍ അവര്‍ക്ക് തുല്യാവകാശം നല്‍കണമെന്ന് പറഞ്ഞപ്പോള്‍ അതിന് തയാറാവാതെ ക്ഷേത്രം പൂട്ടി താക്കോല്‍ കൊണ്ടുപോവുകയാണ് ചെയ്തത്’’- ജഡാധാരി ദൈവസ്ഥാനത്തെ ജാതി അയിത്തത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ശ്രീനിവാസ നായ്ക്ക് തിങ്കിനോട് പറഞ്ഞു.

srinivasa
ശ്രീനിവാസ നായ്ക്ക് / Photo : The Malabar Journal

തൊട്ടുകൂടായ്മക്കും ജാതിവെറിക്കുമെതിരായ ചെറുതെങ്കിലുമായ പ്രതിഷേധം അടുത്തകാലത്തായി സജീവമാക്കിയതോടെ ജഡാധാരി ക്ഷേത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളെയും അതിനെതിരെ നടക്കുന്ന ശീതസമരങ്ങളെയും പിഴുതെറിയാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു നവംബര്‍ 23 ന് വൈകീട്ട് സ്വര്‍ഗയില്‍ നൂറോളം പേര്‍ ഹൈന്ദവസംഘടന എന്ന പേരില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം. ദേവസ്ഥാനത്ത് ആരോ ചെരിപ്പിട്ട് കയറിയെന്നും ചിലര്‍ പുറത്തുനിന്നും ആളുകളെ കൊണ്ടുവന്ന് പ്രശ്‌നമുണ്ടാക്കുകയാണെന്നും ആരോപിച്ചായിരുന്നു ആ പ്രകടനമെങ്കിലും കൃഷ്ണമോഹന പൊസള്ള്യയുടെ നേതൃത്വത്തില്‍ ദലിതര്‍ നടത്തുന്ന ഇടപെടലുകളായിരുന്നു അവരുടെ ഉന്നം.  ക്ഷേത്രം നിലകൊള്ളുന്ന അഞ്ചാംവാര്‍ഡായ ബദിയറു, എന്നും ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന വാര്‍ഡാണ്. ഇത്തവണയും ബി.ജെ.പി പ്രതിനിധിയാണ് ഇവിടെയുള്ളത്. മനുഷ്യത്വ വിരുദ്ധമായ ജാതി അയിത്തത്തിന് ക്ഷേത്രഭരണ സമിതി നേതൃത്വം കൊടുക്കുമ്പോള്‍ അവരെ പിന്തുണക്കുന്ന രാഷ്ട്രീയം ബി.ജെ.പിയുടേതാണ്.

jadadari-gate_0.jpg

 സാംസ്‌കാരിക കേരളത്തിന്റെ പരിഗണനയില്‍ മിക്കപ്പോഴും ഉള്‍പ്പെടാതെ പോകുന്ന കാസര്‍ഗോട്ടെ ഗ്രാമങ്ങളിലെ അയിത്തം ഇനിയെങ്കിലും കേരളം സജീവമായി ചര്‍ച്ചയാക്കണമെന്നും വരും തലമുറയ്‌ക്കെങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ശബ്ദിക്കണമെന്നുമുള്ള ആവശ്യമാണ് പഡ്രെ ഗ്രാമത്തിലെ ദളിതര്‍ ഉന്നയിക്കുന്നത്. 

""കേരളത്തിന്റെ വടക്കന്‍ പ്രദേശവും തെക്കന്‍ പ്രദേശവും തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത്, വടക്കന്‍ പ്രദേശങ്ങളില്‍ നവോത്ഥാനം നടന്നിട്ടില്ല എന്നതാണ്. അതുകൊണ്ടുതന്നെ അവിടെയൊക്കെയുള്ള ദലിതര്‍ അവകാശസമരങ്ങളിലേക്ക് പോയിട്ടില്ല. അവര്‍ക്കുവേണ്ടി സമരം നടത്തി എന്ന് പറയുന്ന കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മുഖ്യമായും സാമ്പത്തിക അവകാശങ്ങളെയാണ് അഡ്രസ് ചെയ്തത്. അവര്‍ സാമൂഹ്യ അവകാശങ്ങളെ കണ്ടില്ല. കാസര്‍ഗോഡിന്റെ വടക്കന്‍ ഗ്രാമങ്ങളിലുള്ളത് യഥാര്‍ത്ഥത്തില്‍ സാമൂഹ്യപ്രശ്‌നമാണ്, സാമ്പത്തിക പ്രശ്‌നമല്ല. സമുദായം എന്ന നിലയിലോ ഒരു സമൂഹം എന്ന നിലയിലോ അവരെ അണിനിരത്തി അവരുടെ ആത്മബോധത്തെ വികസിപ്പിക്കുന്ന തരത്തിലൊരു ഇടപെടല്‍ നടന്നില്ല. അതിന്‍റെ ഒരു പ്രശ്നം കൂടി ഇവിടങ്ങളിലെ  ദലിത് സമൂഹം അനുഭവിക്കുന്നുണ്ട്. അതേസമയം തെക്കന്‍ ജില്ലകളില്‍ ജാതി അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ ദലിതരെ അണിനിരത്തി സമരം ചെയ്യാനും ഇടപെടാനും നിരവധി പ്രസ്ഥാനങ്ങളുണ്ടായി. അതുകൊണ്ട് അത്തരം ദലിത് പ്രസ്ഥാനങ്ങള്‍ ദലിതരുടെ തന്നെ നേതൃത്വത്തില്‍ അവിടെ ഉണ്ടായിവരണം. എന്‍മകജയിലെ ക്ഷേത്രത്തിലുള്ള ജാതി അയിത്തത്തിനെതിരെ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരികയും അതോടൊപ്പം നിയമപരമായി നടപടി സ്വീകരിക്കുകയും വേണം. ഒരു സ്വകാര്യ ക്ഷേത്രത്തില്‍ പോലും പ്രവേശന വിലക്ക് ഉണ്ടാവാന്‍ പാടില്ല എന്നാണ്, അതാണ് 1936 ലെ ക്ഷേത്രപ്രവേശന വിളംബരം. ഒരു ബ്രാഹ്‌മണനെ ഒരു പുലയന്‍ തൊട്ടാന്‍ ഒന്നും സംഭവിക്കില്ലായിരുന്നു. പക്ഷെ നൂറ്റാണ്ടുകളോളം നമ്മള്‍ തൊടാതിരുന്നു. ആ ബ്രാഹ്മണ ബോധത്തെ കൂടി തകര്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ടായി വരേണ്ടതുണ്ട്.'' - ദലിത് ചിന്തകനായ കെ.കെ. കൊച്ച്​ തിങ്കിനോട് പറഞ്ഞു.

kk koch
കെ.കെ. കൊച്ച്

ഇവിടെ നടക്കുന്ന ജാതിവിവേചനത്തിനെതിരെ സംസാരിക്കാന്‍ പോലും മടിച്ചിരുന്നിടത്ത് നിന്നും ദളിത് സമൂഹം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും അതിലെ തന്നെ പുതിയ തലമുറ ജീര്‍ണ്ണിച്ച ജാതിവെറിക്കെതിരെ ശക്തമായി നിലകൊള്ളുന്നവരാണെന്നും പട്ടികജാതി ക്ഷേമ സമിതി കുമ്പള ഏരിയ സെക്രട്ടറി സദാനന്ദന്‍ ഷേണി ട്രൂകോപ്പിതിങ്കിനോട് പറഞ്ഞു. സിപിഐഎമ്മിന്റെയും പികെഎസിന്റെയും നേതൃത്വത്തില്‍ ജഡധാരി ക്ഷേത്രത്തിലെ മുഖ്യകവാടത്തിലെ പടിചവിട്ടി പ്രതിഷേധിച്ച കൂട്ടത്തില്‍ ഉണ്ടായിരുന്നയാള്‍ കൂടിയാണ് സദാനന്ദന്‍. ""ജാതി വേര്‍തിരിവില്ലാതെ ക്ഷേത്രത്തിലെ എല്ലാ അനുഷ്ഠാനങ്ങളിലും എല്ലാ മനുഷ്യര്‍ക്കും പങ്കെടുക്കാന്‍ പറ്റുന്ന രീതിയിലേക്ക് ഇനിയെങ്കിലും ആചാരങ്ങളൊക്കെ മാറേണ്ടതുണ്ട്. ജഡധാരി ക്ഷേത്രത്തിലെ മാത്രം പ്രശ്‌നമല്ല ഇത്. മറ്റ് പ്രദേശങ്ങളിലെ അമ്പലങ്ങളിലൊക്കെ ദളിത് സമൂഹത്തോട് വളരെ മോശമായി പെരുമാറുന്ന രീതി ഇന്നും ആചാരമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. അതും കൂടി മാറേണ്ടതുണ്ട്. അങ്ങനെ ഒരു ചിന്ത വളര്‍ത്തിയെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.''

pks
ദെെവസ്ഥാനത്തെ പതിനെട്ട് പടികള്‍ ചവിട്ടിയതിന് ശേഷം പട്ടിക ജാതി ക്ഷേമസമിതി നേതാക്കള്‍ കൃഷ്ണമോഹനൊപ്പം. വലത് സദാനന്ദന്‍. 

പഡ്രെ ഗ്രാമത്തില്‍ നിന്നും തൊട്ടടുത്ത ബെള്ളൂര്‍ പഞ്ചായത്തിലെ പൊസോളിഗയില്‍ രണ്ടു കോളനികളിലായി താമസിക്കുന്ന അമ്പതോളം ദളിതരടക്കം നൂറുകണക്കിന് കുടുംബങ്ങളുടെ വഴി "താഴ്ന്ന' ജാതിക്കാര്‍ നടന്നാല്‍ അശുദ്ധമാകുമെന്ന് പ്രചരിപ്പിച്ച് ഒരു ജനതയെ മുഴുവന്‍ അകറ്റി നിര്‍ത്തിയിരുന്ന സവര്‍ണ ജാതിക്കാരനായ ജന്മിയുടെ ജാതീയതയ്ക്ക് അറുതി വരുത്തിയിട്ട് അധികകാലമൊന്നും ആയില്ല. വാഹനങ്ങള്‍ വരാതെ അടച്ചു കെട്ടിയ വഴി കാരണം പതിമൂന്നു വര്‍ഷത്തോളം പൊസൊളിഗെ, തോട്ടത്തിന്മൂല എന്നീ രണ്ടു ദളിത് കോളനിക്കാര്‍ അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതങ്ങളായിരുന്നു.

ജോലിക്കിടെ പാമ്പ് കടിയേറ്റ മേത്താടി എന്ന ദളിതന്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്താതെ മരണപ്പെട്ടതും, എന്‍ഡോസള്‍ഫാന്‍ ഇരയായ സീതുവിന്റെ മൃതദേഹം ജാതിവിവേചനം കാരണം ചുമന്നുകൊണ്ടുപോകേണ്ടിവന്നതും തുടങ്ങി പൊസോളിഗയ്ക്ക് പുറത്ത് കേള്‍ക്കാത്ത നിശബ്ദമായ നിലവിളികള്‍ ഒരിക്കലും കേരളം ഗൗരവമായി ചര്‍ച്ച ചെയ്യാതെ പോയ ക്രൂരമായ ജാതീയതകളായിരുന്നെങ്കിലും ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പൊസൊളിഗെ കോളനിക്കാര്‍ നവീന്‍ എന്ന ഭൂവുടമയ്ക്കും ജാതിയത ഊട്ടിഉറപ്പിക്കുന്ന പൊതുബോധത്തിന്റെ നിസ്സംഗതയ്ക്കുമെതിരെ ഐതിഹാസികമായ ഒരു സമരത്തിലൂടെ തങ്ങളുടെ വീട്ടിലേക്ക് വഴിവെട്ടുകയായിരുന്നു. ആ വഴി തലമുറകളായി അനഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു. പൊസോളിഗയിലെ ആ സമരത്തോടും ജാതിയതയോടും കാണിച്ച അതേ നിസ്സംഗത തന്നെയാണ് എന്‍മകജയിലെ പഡ്രെ ഗ്രാമത്തിലെ ജാതി അയിത്തത്തിലും ബ്രഹ്‌മണാധിപത്യത്തിനെതിരെ കീഴാളര്‍ നടത്തുന്ന സമരത്തോടും മുഖ്യധാര മാധ്യമങ്ങള്‍ വെച്ചുപുലര്‍ത്തുന്നത്.  ജഡാധാരി ക്ഷേത്രത്തിലെ ജാതി അയിത്തത്തിനെതിരെ വാർത്ത കൊടുക്കാന്‍ വന്ന ചില മാധ്യമപ്രവർത്തകർ ബ്രാഹ്മണ ഇല്ലം സന്ദർശിച്ച് മടങ്ങിപ്പോയിരുന്നു എന്ന് കൃഷ്ണമോഹന്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. 

cast
ജഡധാരി ക്ഷേത്രത്തിന് അടുത്തുള്ള വഴിയിലൂടെ വീട്ടിലേക്ക് നടക്കുന്ന ദളിത് സ്ത്രീ / ഫോട്ടോ : അലി ഹെെദർ

""ഞമ്മളെ ഈ നിലക്ക് എത്താന്‍ വേറെ ആരുമല്ല കാരണം. ബ്രാഹ്മന്‍സിന്‍റെ ഈ ജാതി ആണത്.  ബ്രാഹ്മിണ്‍സില്‍ ആരെങ്കിലും മരിച്ചാല്‍ ശവം കത്തിക്കാന്‍ ഞമ്മള് കൂടണം. ജീവന്‍ ഉണ്ടാകുന്നത് വരെ ഒരിക്കല്‍ പോലും ഞമ്മളെ അവർ തൊടാന്‍ പാടില്ല. പക്ഷെ മരിച്ചാല്‍ കത്തിക്കാന്‍ ഞമ്മള് വേണം. ഇത് പണ്ടു മുതലേ ഉള്ള രീതിയാണ്. ശവടക്കിന് നമ്മളെ ജാതിയില്‍ പെട്ടൊരാള്‍ അവിടെ പോണം ഇല്ലെങ്കില്‍ അവർക്ക് ദോശം വരുമെന്നാണ് അവരുടെ വിശ്വാസം. ഈ ആചാരം ഇപ്പോ കുറഞ്ഞു വരുന്നുണ്ട്.  അതിന്‍റെ പ്രധാന കാരണം, ജീവന്‍ ഉണ്ടാകുമ്പോഴൊന്നും ഞമ്മളെ ബാണ്ട, കത്തിക്കാന്‍ ഞമ്മളെ ബാണം, അത് വേണ്ട എന്ന് മക്കള്‍ അല്ലെങ്കില്‍ ഇപ്പോഴത്തെ ബാല്യക്കാർ (യുവാക്കള്‍) പറയാന്‍ തുടങ്ങി, അപ്പോഴാണ് അതിന് മാറ്റം വന്നുതുടങ്ങിയത്. ഇത് പോലെ ജാതീയമായ എല്ലാ വേർതിരിവിനും മാറ്റം വരണമെന്നാണ് ഞാന്‍ പറയുന്നത്.'' കൃഷ്ണമോഹന്‍ പറയുന്നു. 

ജാതി വിവേചനത്തിനെതിരെയുള്ള നീണ്ട് നാളത്തെ സമരത്തിനും പ്രതിഷേധത്തിനുമൊടുവില്‍ പഡ്രെയിലെ കീഴാളർ, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ.)യുടെ അന്തിമ വിധിക്ക് കാത്തിരിക്കുകയാണ്. അതോറിറ്റിയിലെ ഉദ്യോഗസ്ഥന്മാര്‍ ആളുകളോട് സംസാരിച്ച് ഡാറ്റ് ശേഖരിക്കുന്നുണ്ട്. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അന്തിമ വിധി അനുകൂലമായാലും അത് നടപ്പിലാവാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമെന്നും ദളിതർക്ക് നല്ല ബോധ്യമുണ്ട്. എങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള തങ്ങളുടെ പോരാട്ടം വിജയം കാണുമെന്ന് തന്നെയാണ് ഇവിടത്തെ ദളിത് സമൂഹത്തിന്‍റെ പ്രതീക്ഷ.

dalith

നവോത്ഥാനസമരങ്ങളുടെ ചരിത്രം നിരന്തരം ഓര്‍മ്മപ്പെടുത്തുമ്പോഴം നവോത്ഥാനാശയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും തുടരെത്തുടരെ ചര്‍ച്ചയാകുമ്പോഴും പലപ്പോഴും കേരളത്തിന്റെ പൊതുബോധത്തിനു പുറത്തുമാത്രം ഇടമുള്ള കാസര്‍ഗോട്ടെ കീഴാള ജീവിതം ഇത്തരം ജാതീയ വിവേചനങ്ങളില്‍ വീര്‍പ്പുമുട്ടി തങ്ങളുടെ ജീവിതം ജീവിച്ച് തീര്‍ക്കുകയാണ്. ജീവിതം തന്നെ ഒരു സമരമാവുകയാണ്. ബ്രാഹ്‌മണഗൃഹങ്ങളില്‍ പ്രവേശനമില്ലാത്തവരും, ക്ഷേത്രങ്ങളില്‍ ആരാധിക്കാന്‍ ആവകാശമില്ലാത്തവരും കാസര്‍ഗോഡിന്റെ വടക്കന്‍ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലെ ഗ്രാമങ്ങളില്‍ ധാരാളമുണ്ട്. ഓരോ ഉത്സവങ്ങളും ആഘോഷങ്ങളും അത്തരം ജാതി അയിത്തങ്ങളെ പ്രതിഷേധങ്ങളൊന്നുമില്ലാതെ തന്നെ പരസ്യമായിത്തന്നെ ഊട്ടിഉറപ്പിക്കുന്നമുണ്ട്. ബ്രാഹ്‌മണരുടെ ജാതീയമായ ആധിപത്യം ഊട്ടിയുറപ്പിക്കുന്ന ശീലങ്ങള്‍ വളരെ സ്വാഭാവികമെന്നോണം നടന്നുപോരുന്ന ഇവിടത്തുകാരുടെ ജീവിതം ബ്രാഹ്‌മണരും അബ്രാഹ്‌മണരും എന്ന ദ്വന്ദ്വത്തിനുള്ളില്‍ തന്നെയാണ്. വിശേഷ ദിവസങ്ങളിലെയും വിവാഹം, അടിയന്തിരം പോലുള്ള പരിപാടികളിലും ഇന്നും ഇവിടങ്ങളില്‍ ആഘോഷമായി നടത്തപ്പെടുന്ന തിരണ്ടുകുളി പോലുള്ള ചടങ്ങുകളിലും ബ്രാഹ്‌മണഗൃഹങ്ങളില്‍ കാണുന്ന അതേ തൊട്ടുകൂടായ്മ വളരെ സ്വാഭാവികമെന്നോണം എന്‍മകജെയിലെയും ബെള്ളൂരിലെയും ക്ഷേത്രങ്ങളിലും പ്രകടമായിത്തന്നെ കാണാം. 

കര്‍ണാടകയുടെ അതിർത്തിയോട് ചേര്‍ന്നു കിടക്കുന്ന എന്‍മകജെ, ബെള്ളൂര്‍, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകളില്‍ ജാതിവിവേചനവും തൊട്ട്കൂടായ്മയും  പ്രത്യക്ഷ്യത്തില്‍ തന്നെ ആചരിക്കപ്പെടുന്നു. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വന്ന് കുടിയേറിപ്പാര്‍ത്തിട്ടുള്ള ബ്രാഹ്‌മണകുടുംബങ്ങള്‍ ഇവിടങ്ങളില്‍ ധാരാളമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അധീശത്വമനോഭാവം ഒട്ടും കുറയാതെ ഇവരെല്ലാം ഇപ്പോഴും നിലനിര്‍ത്തിപ്പോരുന്നുമുണ്ട്.

അലി ഹൈദര്‍  

സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍

  • Tags
  • #Krishna Manmohana
  • #Kasaragod
  • #Brahmanisation
  • #Casteism
  • #Ali Hyder
  • #Dalit Atrocities
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
S Joseph

Politics and Literature

എസ്. ജോസഫ്

ഞാൻ ദലിതനല്ല, ക്രിസ്​ത്യനല്ല, ആണുതാനും... കേരളീയനാണ്​, എന്നാൽ കേരളത്തിൽ എനിക്ക്​ ഇടമില്ല...

Jan 17, 2023

8 minutes read

vd-satheeshan

Kerala Politics

വി. ഡി. സതീശന്‍

പല സമുദായ സംഘടനാ നേതാക്കളും പച്ചയ്ക്ക് ​​​​​​​വര്‍ഗീയത പറഞ്ഞ് കയ്യടി നേടാന്‍ ശ്രമിക്കുന്നു

Jan 11, 2023

3 Minutes Read

Group of namboothiri men and Nair women

Casteism

എം. ശ്രീനാഥൻ

കേരള നവോത്ഥാനത്തിലെ നായരും നമ്പൂതിരിയും

Jan 09, 2023

10 Minutes Read

shyamkumar

Cultural Studies

ഡോ. ടി.എസ്. ശ്യാംകുമാര്‍

പാചക ബ്രാഹ്‌മണ്യ വാദികളുടെ തല തിരിഞ്ഞ ചരിത്ര വായന

Jan 09, 2023

5 Minutes Read

COVER

Caste Reservation

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

മാറേണ്ടത് കോഴപ്പണം വാങ്ങി സ്വന്തം ജാതിക്കാരെ മാത്രം നിയമിക്കുന്ന സംവരണം

Jan 06, 2023

5 Minutes Read

ADOOR

Casteism

റിദാ നാസര്‍

അടൂരിന്റെയും ശങ്കർ​ മോഹന്റെയും നുണപ്രചാരണത്തിന്​ ജീവനക്കാരും വിദ്യാർഥികളും മറുപടി പറയുന്നു

Jan 05, 2023

5 Minutes Read

muthu

Governance

ഡോ. പ്രസന്നന്‍ പി.എ.

മുത്തുവിന് ജോലി കിട്ടാന്‍ സര്‍ക്കാറിന് എന്തുചെയ്യാന്‍ പറ്റും ?

Dec 27, 2022

6 Minutes Read

theyyam

Cultural Studies

വി. കെ. അനില്‍കുമാര്‍

ബാങ്ക് വിളിക്കുന്ന മണവാട്ടിത്തെയ്യം ഒരു സമയകാഹളം കൂടിയാണ്​

Dec 24, 2022

5 Minutes Read

Next Article

ഇന്ദുമേനോൻ എഴുതുന്നു; സ്വന്തം പുരുഷന്മാരുടെ ആത്മകഥകൾ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster