2021-ല്‍ അജയ് പി. മങ്ങാട്ട്
വായിച്ച മികച്ച പുസ്തകം-
'ദ് കോപ്പന്‍ഹേഗന്‍ ട്രിലോജി'
2021-ല്‍ അജയ് പി. മങ്ങാട്ട് വായിച്ച മികച്ച പുസ്തകം- 'ദ് കോപ്പന്‍ഹേഗന്‍ ട്രിലോജി'
ആത്മകഥാപരമാണ് "ദ് കോപ്പന്‍ഹേഗന്‍ ട്രിലോജി.' ദാരിദ്ര്യത്തിനും വിഷാദരോഗത്തിനും ലഹരിക്കും ഇടയിലൂടെ എഴുത്തുകാരിയുടെ യാത്രയാണിത്.
3 Jan 2022, 05:44 PM
പോയ വര്‍ഷ വായനയില്‍ നിന്ന് ഏറ്റവും ഇഷ്ടമായ പുസ്തകങ്ങളിലൊന്നു തിരഞ്ഞെടുക്കുമെങ്കില്‍ അത് ഡാനിഷ് കവിയും നോവലിസ്റ്റുമായ ടോവ ഡിറ്റില്‍വ്സെന്നിന്റെ (1917-1976) ആത്മകഥാപരമായ "ദ് കോപ്പന്‍ഹേഗന്‍ ട്രിലോജി'യാണ്. ചൈല്‍ഡ്ഹുഡ് (1967), യൂത്ത് (1967), ഡിപന്‍ഡന്‍സി (1971) എന്നിങ്ങനെ മൂന്നു പുസ്തകങ്ങളായാണ് ഇതു പുറത്തിറങ്ങിയത്. ഡാനിഷ് സാഹിത്യലോകത്തു വായനക്കാര്‍ക്ക് ഇന്ന് ഏറ്റവും പ്രിയങ്കരിയാണെങ്കിലും സമീപകാലത്ത് ഇംഗ്ലിഷ് പരിഭാഷ വരും വരെ അവര്‍ ഡെന്‍മാര്‍ക്കിനു പുറത്തു പ്രശസ്തയായിരുന്നില്ല.
ആത്മകഥാപരമാണ് "ദ് കോപ്പന്‍ഹേഗന്‍ ട്രിലോജി.' ദാരിദ്ര്യത്തിനും വിഷാദരോഗത്തിനും ലഹരിക്കും ഇടയിലൂടെ എഴുത്തുകാരിയുടെ യാത്രയാണിത്.
മൂപ്പതുകളില്‍ യൂറോപ്പിനെ ബാധിച്ച കടുത്ത സാമ്പത്തിക മാന്ദ്യകാലം. കോപ്പന്‍ഹേഗനിലെ ചുവന്ന തെരുവ് എന്നു കുപ്രസിദ്ധമായ വെസ്റ്റര്‍ബ്രോ പട്ടണത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന തെരുവിലെ ചെറിയ വാടകവീട്ടിലായിരുന്നു ടോവയുടെ കുട്ടിക്കാലം.
അഞ്ചാം വയസ്സില്‍ ടോവയ്ക്ക്, ഫാക്ടറിത്തൊഴിലാളിയായ അച്ഛന്‍ ഗ്രിംസ് സ്റ്റോറീസ് പിറന്നാള്‍ സമ്മാനമായി നല്‍കുന്നുണ്ട്. അച്ഛന്റെ കൈവശമുള്ള പുസ്തകങ്ങളാണ്ടോവ ആദ്യം വായിച്ചത്. എന്നാല്‍ താന്‍ കവിതയെഴുതി ജീവിക്കുമെന്ന് അച്ഛനോടു പറഞ്ഞപ്പോള്‍ അച്ഛന്റെ മറുപടി, പെണ്ണുങ്ങള്‍ കവിതയെഴുതാറില്ല എന്നായിരുന്നു. അതോടെ ടോവ കവിതയെഴുത്ത് രഹസ്യപ്രവൃത്തിയാക്കി. മറ്റാരെങ്കിലും തന്റെ കവിത കണ്ടാല്‍ നാണംകെടുത്തുമോ എന്ന പേടി അവളെ കുട്ടിക്കാലമത്രയും പിന്തുടര്‍ന്നു. ഒരിക്കല്‍ ആശുപത്രിയില്‍ കിടക്കേണ്ടിവന്നപ്പോള്‍ അവളെ ഏറ്റവും അലട്ടിയത് കവിത എഴുതുന്ന ബുക്ക്ആശുപത്രിയിലേക്കു കൊണ്ടുപോകാനാകുമോ എന്നതായിരുന്നു.

നിങ്ങള്‍ക്ക് ഒരിക്കലും കുട്ടിക്കാലത്തുനിന്ന് പുറത്തുകടക്കാനാവില്ല, ഒരു ദുര്‍ഗന്ധം പോലെ അതു നിങ്ങളില്‍ പറ്റിപ്പടിച്ചിരിക്കും, ബാല്യകാല സ്മരണകളില്‍, ടോവ പറയുന്നു. നിങ്ങള്‍ അടുത്തേക്കു ചെല്ലുമ്പോള്‍ അത് മറ്റു കുട്ടികള്‍ക്കു കിട്ടും. കരിയുടെയും പുകയുടെയും ആ മണമടിക്കുന്നതോടെ അവര്‍ പിന്നാക്കം മാറും.
ഫാക്ടറിത്തൊഴിലാളിയായ ടോവയുടെ സഹോദരന്‍ ഒരുദിവസം ആ കവിതകള്‍ കണ്ടിട്ട് അവളെ വല്ലാതെ പരിഹസിച്ചു. എങ്കിലും പിന്നീട് അത്പ്രസിദ്ധീകരിക്കാനായി മുന്നിട്ടിറങ്ങുന്നത് അവനാണ്.
ഒരു ദിവസം കോപ്പന്‍ഹേഗനിലെ സാഹിത്യവാരികയില്‍ തന്റെ കവിതയുമായി പതിനാലുകാരിയായ ടോവ പോകുന്നു. ആ കവിത വായിച്ചു നോക്കിയ എഡിറ്റര്‍ അതിനെ പ്രശംസിച്ചുവെങ്കിലും താന്‍ കുട്ടികളുടെ വിഭാഗമാണ്നോക്കുന്നതെന്നും രണ്ടു വര്‍ഷം കഴിഞ്ഞു വരൂ എന്നും പറഞ്ഞു മടക്കിയയക്കുന്നു. തന്റെ കവിതകള്‍ ആരും പ്രസിദ്ധീകരിക്കാന്‍ പോകുന്നില്ല, താനൊരു ഫാക്ടറിത്തൊഴിലാളിയുടെ ഭാര്യയായി അവസാനിച്ചുപോകുമെന്ന സങ്കടത്തോടെയാണു ആ വാരികയുടെ ഓഫിസില്‍നിന്ന് അവള്‍ ഇറങ്ങുന്നത്.
സദാസമയം വഴക്കിടുന്ന, നൈരാശ്യത്തിന്റെ മൂര്‍ത്ത രൂപമായിരുന്നു ടോവയുടെ അമ്മ. എപ്പോഴും ടോവയെ അടിക്കും. ഭയങ്കരമായി ചീത്തവിളിക്കും. അമ്മയെ സന്തോഷിപ്പിക്കാനും അമ്മയുടെ സ്‌നേഹം പിടിച്ചുപറ്റാനാണുമാണ് ടോവ ചെറുപ്പത്തില്‍ ഏറ്റവും ആഗ്രഹിച്ചത്. എന്നിട്ടും ആ ബന്ധം എന്നും കലുഷിതമായിരുന്നു. അച്ഛന്‍ ടോവയെ ഒരിക്കലും തല്ലിയില്ല. പകരം ഒരുപാടു സ്‌നേഹിക്കുകയും ചെയ്തു. എന്നിട്ടും ടോവയ്ക്ക് അച്ഛനോട് വിശേഷിച്ചു സ്‌നേഹമോ മമതയോ തോന്നിയില്ല.
ദാരിദ്ര്യത്തിനു നടുവില്‍ പതിനാലാം വയസ്സില്‍ പഠനം നിര്‍ത്തി ടോവ കൂലിവേലയ്ക്കു പോകാന്‍ തുടങ്ങി. നിന്റെ ശമ്പളം കൊണ്ടു തനിക്കൊരു റേഡിയോ വാങ്ങണമെന്ന് അമ്മ പറയുമ്പോള്‍ അവള്‍ പൊട്ടിത്തെറിക്കുന്നു, എന്റെ കാശു കൊണ്ട് എന്തായാലും അതു നടക്കാന്‍ പോകുന്നില്ല, അവര്‍ അമ്മയോടു പറയുന്നു.
വലിയ പുസ്തക ശേഖരമുള്ള, പെണ്‍കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന മധ്യവയസ്സു പിന്നിട്ട മിസ്റ്റര്‍ ക്രോഗാണ് ടോവയുടെ കൗമാര ജീവിതത്തിലെ വലിയ സ്വാധീനങ്ങളിലൊന്ന്. അയാള്‍ ഒരു കോഴിയാണ്, സൂക്ഷിക്കണം എന്നുപറഞ്ഞാണ് കൂട്ടുകാരി അവളെ ക്രോഗിന്റെ അടുത്തു കൊണ്ടുപോയത്. എന്നാല്‍ ടോവയിലെ കവിയെ ആദ്യമായി മതിപ്പോടെ സമീപിക്കുന്നതു ക്രോഗ് ആണ്. അയാള്‍ക്കൊപ്പം ചെലവഴിച്ച സമയം അവള്‍ക്ക് ആഹ്‌ളാദവും സമാധാനവും പകര്‍ന്നു. അയാള്‍ പെട്ടെന്നു കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്താലും കുഴപ്പമില്ലെന്ന് അവള്‍ വിചാരിക്കുന്നുണ്ട്. ഒരു ദിവസം ക്രോഗിന്റെ വസതിയിലേക്ക് ചെല്ലുമ്പോള്‍ ആ കെട്ടിടം പൊളിക്കുന്നതാണു കണ്ടത്. ക്രോഗിനെ പിന്നീടൊരിക്കലും അവള്‍ കണ്ടിട്ടില്ല.

പതിനാറാം വയസ്സില്‍ ആദ്യം അടുക്കള ജോലിക്കാണ് അവള്‍ പോകുന്നത്. പിന്നീട് ഒരു സ്ഥാപനത്തില്‍ ക്ലര്‍ക്കായി ചേര്‍ന്നു. അവിടെ വച്ചാണ് സ്റ്റെനോഗ്രഫി പഠിക്കുന്നത്. ഹിറ്റ്‌ലര്‍ ഓസ്ട്രിയ ആക്രമിക്കുന്ന ദിവസമാണ് അവള്‍ വീടു വിട്ടിറങ്ങി സ്വന്തമായി ഒരിടത്തു താമസമാരംഭിക്കുന്നത്. ഡാനിഷ് നാത്സി പാര്‍ട്ടിയിലെ അംഗമായ ഒരു സ്ത്രീയുടെ വീടിന്റെ മുകളിലെ നിലയിലായിരുന്നു അത്. പഴയ ടൈപ് റൈറ്റര്‍ വാങ്ങി അവിടെയിരുന്ന് എഴുതാന്‍ ശ്രമിച്ചെങ്കിലും ടൈപ്പിങ് ഒച്ച കേട്ട് ആ സ്ത്രീ ഭ്രാന്തു പിടിച്ചപോലെ വന്നു തടഞ്ഞു. നാത്സി പാര്‍ട്ടിയില്‍ ചേരാന്‍ അവള്‍ വിസ്സമ്മതിച്ചതോടെ ആ സ്ത്രീ അവളെ അവിടെനിന്ന് ഇറക്കി വിട്ടു.
യൂത്ത് എന്ന രണ്ടാം പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ലോകയുദ്ധവും നാത്സിസവും സ്പാനിഷ് ആഭ്യന്തര യുദ്ധവും ഉണ്ട്. എല്ലാ പെണ്‍കുട്ടികളും വരുമാനമുള്ള ചെറുപ്പക്കാരെ തിരയുമ്പോള്‍ അവളുടെ ആദ്യത്തെ ബോയ് ഫ്രണ്ട് പരമ ദരിദ്രനായിരുന്നു. ഒരു നിശാവിരുന്നിലാണ് അവര്‍ കണ്ടുമുട്ടുന്നത്. പിറ്റേന്നു താന്‍ സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ ഫാസിസ്റ്റ് വിരുദ്ധരുടെ സേനയില്‍ ചേരാന്‍ പോകുന്നുവെന്ന് അവന്‍ അവളോടു പറയുന്നു. രാത്രി അവന്‍ വീട്ടുവാതില്‍ക്കല്‍ വരെ അവള്‍ക്കു കൂട്ടുവരുന്നു. പിരിയുന്നതിനു മുന്‍പ് അവര്‍ ഉമ്മ വയ്ക്കുന്നു. പിന്തിരിഞ്ഞു നോക്കാതെയാണ് അവന്‍ അവിടെനിന്ന് പോകുന്നത്.
മൂന്നാം പുസ്തകമായ ഡിപന്‍ഡന്‍സി, ടോവ പ്രശസ്തയായ എഴുത്തുകാരിയായ ശേഷമുള്ള കാലമാണ്. നാലുവട്ടം വിവാഹം ചെയ്ത ടോവയുടെ വൈവാഹിക ജീവിതവും ലഹരിമരുന്നിനും മദ്യത്തിനും അടിമയായി ചെലവഴിച്ച വര്‍ഷങ്ങളുമാണ് ഇതിലുള്ളത്.
ടോവയുടെ ആദ്യ വിവാഹം തന്റെ കവിത പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്ററുമായി ആയിരുന്നു. പിന്നീട് തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ അവള്‍ തിരഞ്ഞു. അങ്ങനെയാണ് യുവ ഡോക്ടറായ കാളുമായി അടുക്കുന്നത്.
മൂന്നാം ഭര്‍ത്താവ് കാള്‍ ഒരു ഡോക്ടറായിരുന്നു. ഗര്‍ഭഛിദ്രത്തിനിടെ കാള്‍ നല്‍കുന്ന ഡെമറോള്‍ (പെത്തഡിന്‍) എന്ന മരുന്ന് അവള്‍ക്ക് അപാരമായ ആനന്ദവും അനുഭൂതിയും പകര്‍ന്നു. സിറിഞ്ചിലെ ആ ദ്രാവകത്തെയാണ് താന്‍ സ്‌നേഹിച്ചത്, സിറിഞ്ചുമായി വന്ന ആളെയല്ല എന്ന് ടോവ കാളിനെപ്പറ്റി പറയുന്നുണ്ട്. ഇഷ്ടം പോലെ ലഹരിമരുന്നു ലഭിക്കാനാണ് അവള്‍ കല്യാണം കഴിക്കുന്നത്. ലഹരിമരുന്നിന്റെ പിടിയിലുള്ള വര്‍ഷങ്ങള്‍ ഭയാനകവും ഭീതിദവുമായിരുന്നു. ഒരു ഫാര്‍മസിയുടെ ബോര്‍ഡോ വെറുമൊരു സിറിഞ്ചോ കണ്ടാല്‍ പോലും ലഹരി ഉപയോഗിക്കാനുള്ള ത്വര തന്നിലേക്കു വരുമായിരുന്നുവെന്നു ടോവ എഴുതുന്നുണ്ട്.
മാനസികാരോഗ്യ കേന്ദ്രത്തിലും ഡീ അഡിക്ഷന്‍ സെന്ററിലും വര്‍ഷങ്ങളോളം ചെലവഴിച്ചശേഷം എഴുത്തു ജീവിതത്തിലേക്കു മടങ്ങിയെത്തിയ ശേഷമാണ്ടോവ "കോപ്പന്‍ഹേഗന്‍ ട്രിലോജി' എഴുതിയത്. മരണമാണ് യഥാര്‍ഥത്തില്‍ നിങ്ങളെ സ്വതന്ത്രയാക്കുക, അതാണ് മരണത്തെപ്പറ്റി ഒരുപാടു ചിന്തിക്കുന്നത്, വെള്ളയുടുപ്പിട്ട ഒരു മാലാഖയാണ് മരണമെന്നും അത് നിങ്ങളുടെ ഉറങ്ങുന്ന കണ്ണുകള്‍ക്കു മീതേ ഉമ്മ വയ്ക്കുമെന്നും ടോവ എഴുതുന്നുണ്ട്. പിന്നീടൊരിക്കലും ആ കണ്ണുകള്‍ തുറക്കുകയില്ല. 1976 ല്‍, 58ാം വയസ്സില്‍ ആ എഴുത്തുകാരി ജീവനൊടുക്കി.
എഴുത്തുകാരന്‍
എം.ആര്‍ രേണുകുമാര്‍
Apr 22, 2022
23 Minutes Read
എസ്. ജോസഫ്
Apr 21, 2022
9 Minutes Read
റഫീഖ് ഇബ്രാഹിം
Apr 16, 2022
14 Minutes Read
എം.എൻ. കാരശ്ശേരി
Apr 09, 2022
3 Minutes Read
റഫീഖ് ഇബ്രാഹിം
Apr 06, 2022
20 minutes read
ബാലചന്ദ്രന്‍ ചുള്ളിക്കാട്
Mar 28, 2022
1 Minute Listening
കെ.എം. സീതി
Feb 22, 2022
5 Minutes Read