2021-ല്‍ എൻ.ഇ. സുധീർ
വായിച്ച മികച്ച പുസ്തകം-
'അസെന്റ് ടു ഗ്ലോറി'
2021-ല്‍ എൻ.ഇ. സുധീർ വായിച്ച മികച്ച പുസ്തകം- 'അസെന്റ് ടു ഗ്ലോറി'
3 Jan 2022, 05:52 PM
1965-ലെ ഒരു വേനല്‍ക്കാലത്ത് അപ്രശസ്തനായ ഒരെഴുത്തുകാരന്‍ തന്റെ ഭാര്യയോടും രണ്ടു കുട്ടികളോടുമൊത്ത് തന്റെ കാറില്‍ മെക്‌സിക്കോ നഗരത്തില്‍ നിന്ന് അകാപുല്‍കോ നഗരത്തിലേക്ക് ഒരവധിക്കാലം ചെലവഴിക്കാനായി ഉല്ലാസയാത്ര പോവുകയായിരുന്നു. വഴിയില്‍വെച്ച് കാറിന്റെ മുന്നിലായി ഒരു പശു റോഡിനു കുറുകെ നടന്നുപോയതിനാല്‍ അയാള്‍ക്ക് പെട്ടന്ന് കാര്‍ നിര്‍ത്തേണ്ടി വന്നു. പിന്നീട് സംഭവിച്ചത് ഒരു ന്യൂട്ടോണിയന്‍ നിമിഷമായിരുന്നു (Newtonian moment). ആ നിമിഷത്തില്‍ അയാളുടെ ഭാവനയില്‍ എന്തോ അത്ഭുതങ്ങള്‍ സംഭവിച്ചു. അവിടെ, ആ നടുറോഡില്‍ അപ്പോള്‍ അയാളുടെ തലയിലേക്ക് അയാള്‍ എഴുതാന്‍ ആഗ്രഹിച്ച നോവലിന്റെ ആദ്യവാചകം കടന്നുവന്നു. ലോകസാഹിത്യത്തില്‍ മഹാസംഭവമായി മാറിയ ഒരു നോവലിന്റെ ആദ്യവാചകമായിരുന്നു അത്. "Many years later, as he faced the firing squad, Colonel Aureliano Buendia was to remember that distant afternoon when his father took him to discover ice.' ഇതു മനസ്സില്‍ വന്നയുടനെ ഒരു നിമിഷം പോലും കളയാതെ അയാള്‍ കാറ് തിരിച്ച് മെക്‌സിക്കോ സിറ്റിയിലെ തന്റെ വീട്ടിലേക്കു മടങ്ങി.
ഉണ്ടായിരുന്ന ജോലി അന്നുതന്നെ രാജിവെച്ച് തന്റെ വീട്ടിലെ ചെറിയ മുറിയില്‍ കയറി കതകടച്ചിരുന്ന് നോവലെഴുത്ത് തുടങ്ങി. കടങ്ങള്‍ റോക്കറ്റുപോലെ ഉയര്‍ന്നുകൊണ്ടിരുന്നു. വീട്ടുവാടക പോലും കൊടുത്തില്ല. സുഹൃത്തുക്കളുടെ കാരുണ്യം കൊണ്ട് എങ്ങനെയോ ജീവിച്ചുപോന്നു.... കാര്‍ വിറ്റു. ഭാര്യയുടെ ആഭരണങ്ങള്‍ എല്ലാം വിറ്റു. ഒടുക്കം തന്റെ ടൈപ്പ് റെറ്ററും വില്‍ക്കേണ്ടി വന്നു!

എന്നാല്‍, ഈ പ്രയാസങ്ങള്‍ക്കൊന്നും അയാളുടെ എഴുത്തിനെ ഒരു വിധത്തിലും തടസ്സപ്പെടുത്താനായില്ല. 18 മാസങ്ങള്‍ക്കു ശേഷം തന്റെ സ്റ്റുഡിയോ മുറിയില്‍ നിന്ന് പുറത്തു വരുമ്പോള്‍ അയാളുടെ കയ്യില്‍ നോവിലിന്റെ കയ്യെഴുത്തുപ്രതിയുണ്ടായിരുന്നു. അത് ഒരു പ്രസാധകന് അയച്ചു കൊടുക്കാനായി പോസ്റ്റാഫീസില്‍ ചെന്നപ്പോഴാണ് കയ്യെഴുത്ത് പ്രതി മുവനായും അയക്കാനുള്ള പണം തന്റെ കയ്യിലില്ലെന്ന് അയാള്‍ മനസ്സിലാക്കുന്നത്. ഒടുക്കം അതിനെ രണ്ടായി പകുത്ത് ഒരു ഭാഗം മാത്രം പ്രസാധകന് പോസ്റ്റുവഴി അയക്കുന്നു. മറ്റേ പാതിയുമായി വീട്ടിലേക്ക് മടങ്ങുന്നു. അപ്പോഴാണ് മനസ്സിലായത് ധൃതിയില്‍ പോസ്റ്റു ചെയ്തത് നോവലിന്റെ അവസാന ഭാഗമാണെന്ന്. ആദ്യഭാഗം കയ്യില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ കിട്ടിയ ഭാഗം വായിച്ച് പ്രസാധകന്‍ വിസ്മയിച്ചു. അതൊരു വന്‍വിജയമാവുമെന്ന് മനസ്സിലാക്കിയ പ്രസാധകന്‍ അപ്പോള്‍ തന്നെ എഴുത്തുകാരന്റെ മുന്നിലേക്ക് സമ്മതപത്രം വെച്ചുനീട്ടി. ആ എഴുത്തുകാരന്റെ പേരാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്. ആ നോവലിന്റെ പേര് One Hundred Years of Solitude എന്നും.

അന്നു തുടങ്ങിയ അസാധാരണയാത്ര ആ നോവല്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. ലോകസാഹിത്യത്തിലെ ഒരു മഹാസംഭവമായി മാറുകയായിരുന്നു അത്. അമ്പതിലേറെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും അഞ്ചു കോടിയിലധികം കോപ്പികള്‍ വിറ്റു പോവുകയും ചെയ്ത നോവലാണ് One Hundred Years of Solitude. ആ നോവല്‍ വായിച്ചവര്‍ ഒത്തുകൂടുകയും അവരെ ഒരു രാജ്യമായി കണക്കാക്കുകയും ചെയ്താല്‍ അത് യൂറോപ്പിലെ പല രാജ്യങ്ങളേക്കാളും ജനസംഖ്യയുള്ളതായിരിക്കും എന്നു വരെ വിശേഷിപ്പിക്കപ്പെട്ടു. മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന നോവല്‍ എങ്ങനെ എഴുതപ്പെട്ടു എന്നും അതെങ്ങനെ ഒരു ലോക ക്ലാസിക്കായി വളര്‍ന്നു എന്നും വിശദീകരിക്കുന്ന അസാധാരണ പുസ്തകമാണ് Alvaro Santana - Acuna എഴുതിയ Ascent to Glory. അമേരിക്കയിലെ വിറ്റ്മാന്‍ കോളേജിലെ സോഷ്യോളജി വിഭാഗം പ്രൊഫസറാണ് ഗ്രന്ഥകാരനായ Alvaro Santana - Acuna. ലോകത്തിലെ മറ്റൊരു സാഹിത്യകൃതിയ്ക്കും ഇത്തരമൊരു പoനം ഉണ്ടായിട്ടില്ല. ഈ പുസ്തകം പോലും പ്രസാധന ലോകത്തെ അപൂര്‍വ്വതയാണ്. അതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ വായനയില്‍ ഞാനിതിനെ വേറിട്ടു കാണുന്നത്. ഇങ്ങനെയൊരു പുസ്തകത്തിന്റെ സാധ്യതയെപ്പറ്റിപ്പോലും ലോകം ചിന്തിച്ചിരിക്കാനിടയില്ല. ഈ ബഹുമതി അര്‍ഹിക്കുന്ന ഏക ഏഴുത്തുകാരനും മാര്‍ക്വേസ് മാത്രമായിരിക്കും.
അറിയപ്പെടാത്ത എഴുത്തുകാരന്‍, ചെറിയ പ്രസാധകര്‍, പരിചിതമല്ലാത്ത ഒരു രചനാശൈലി, ഒരു ഉള്‍നാടന്‍ കരീബിയന്‍ പശ്ചാത്തലം .... ഇതൊന്നും പൊതുവില്‍ സാഹിത്യലോകത്ത് വന്‍വിജയം നേടാനുള്ള ചേരുവകളായിരുന്നില്ല. എന്നിട്ടും മാര്‍ക്വേസിന്റെ ഈ കൃതി എങ്ങനെ അത്യപൂര്‍വ്വമായ വിജയം നേടി? ഒരു പുസ്തകം എന്ന നിലയിലും ഒരു മഹത്തായ സാഹിത്യരചന എന്ന നിലയിലും ഇതിന്റെ വിവിധസാദ്ധ്യതകളെ ശാസ്ത്രീയമായി അന്വേഷിക്കുന്ന ഒരു സാമൂഹ്യശാസ്ത്ര പഠനമാണ് Ascent to Glory. സ്പാനിഷ് പബ്ലിഷിങ്ങ് ഇന്‍ഡസ്ട്രിയുടെ ചരിത്രത്തിലേക്ക് വരെ ഗ്രന്ഥകാരന്‍ കടന്നുചെല്ലുന്നുണ്ട്. മാജിക്കല്‍ റിയലിസത്തിന്റെ ചരിത്രം അന്വേഷിക്കുന്നുണ്ട്. സാഹിത്യബാഹ്യമായ വിവിധതലങ്ങള്‍ വരെ അദ്ദേഹം ഇതിനായി പരിശോധിക്കുന്നുണ്ട്. ഒരു നോവലിന്റെ വിജയത്തിന് സാദ്ധ്യത ഒരുക്കുന്ന വിവിധകാര്യങ്ങളെ കണ്ടെത്തി വിശകലനം ചെയ്യുകയാണ് ഗ്രന്ഥകാരന്‍. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ പൊടുന്നനെയുള്ള സ്വീകാര്യത പോലും ഈ നോവലിലൂടെ സംഭവിക്കുകയാണ്. അതോടെ ലോകമെമ്പാടുമുള്ള വായനക്കാര്‍ ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ വലിയ തല്പരരായി മാറുകയായിരുന്നു. അതിന്റെ കാരണങ്ങള്‍ - സാഹിത്യവും സാഹിത്യബാഹ്യവുമായ കാരണങ്ങള്‍ - അതിനെ സഹായിച്ച അനുകൂലമായ പശ്ചാത്തലം - എല്ലാം അല്‍വാരോ സന്റാന ഈ പഠനത്തിലൂടെ കണ്ടെത്തുന്നുണ്ട്. മാര്‍ക്വേസിയന്‍ സാഹിത്യത്തിലും ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലും താല്‍പ്പര്യമുള്ള വായനക്കാരെ ഈ കൃതി കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുക. എനിക്കോര്‍മ്മ വന്നത് ജെറാള്‍ഡ് മാര്‍ട്ടിന്‍ മുമ്പെഴുതിയ Journeys Through Labyrinth എന്ന പുസ്തകത്തെയാണ്.
ഒരാധുനിക ക്ലാസിക്ക് നോവല്‍ എങ്ങനെയാണ് നിര്‍മ്മിക്കപ്പെട്ടത്, അതെങ്ങനെയാണ് ഭാഷയുടെയും ഭൂമിശാസ്ത്രത്തിന്റെയും അതിര്‍വരമ്പുകളെ തകര്‍ത്തുകൊണ്ട് ലോകസഞ്ചാരം നടത്തിയത് എന്നതിനെയൊക്കെ കുറിച്ചു പറയുന്ന വിസ്മയിപ്പിക്കുന്ന കഥയാണ് ഈ പുസ്തകം പറയുന്നത്. ഒരു സ്പാനിഷ് ക്ലാസിക്ക് ചെറിയ കാലം കൊണ്ട് ലോകക്ലാസിക്കായി മാറിയ അസാധാരണ കഥ. അതോടൊപ്പം ഇത് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ കൂടി പഠനമാവുകയാണ്. ലോക പുസ്തകവിപണിയുടെ ഒരു ചിത്രവും ഇതിലൂടെ വായനക്കാര്‍ക്കു ലഭിക്കുന്നു. മാര്‍ക്വേസിന്റെ ഈ ക്ലാസിക്ക് രചനയെപ്പറ്റി ഇനിയും നിരവധി പഠനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഈ പുസ്തകം പറഞ്ഞുവെക്കുന്നത്. ഇങ്ങനെയൊരു പുസ്തകം ഇതാദ്യമാണ്. ഒരുവേള വളരെക്കാലത്തേക്ക് ഇത്തരമൊരു പുസ്തകത്തിന് മറ്റൊരു സാദ്ധ്യത ഞാന്‍ കാണുന്നുമില്ല.
എഴുത്തുകാരന്‍, സാമൂഹ്യ വിമര്‍ശകന്‍
വി.കെ. ബാബു
Mar 23, 2023
8 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
വി.കെ. ബാബു
Jan 28, 2023
8 minutes read
ഡോ. ഉമര്‍ തറമേല്‍
Jan 27, 2023
7 Minutes Read