20 Feb 2022, 05:53 PM
വ്യാപകമായ പ്രതിഷേധത്തിനൊടുവില്‍ കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ നീളം കുറക്കാനുള്ള നടപടിയില്‍നിന്ന് വിമാനത്താവള അതോറിറ്റി പിന്‍വലിഞ്ഞതോടെ കോഴിക്കോട് വിമാനത്താവളത്തെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കാനുള്ള ശ്രമത്തിന് താല്‍ക്കാലിക തടയിടലായി. സുരക്ഷാ നടപടികളുടെ പേരില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ നീളം കൂട്ടാനായി റണ്‍വേയുടെ നിലവിലുള്ള നീളം കുറയ്ക്കുക എന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രണ്ടാം സ്ഥാനത്തുള്ള പൊതുമേഖല സ്ഥാപനത്തെ തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമം നടക്കുന്നുവെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതു പോലെ കരിപ്പൂര്‍ വിമാനത്താവളവും കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് അണിയറയ്ക്കു പിന്നില്‍ തകൃതിയായി നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയില്‍ കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെട്ടിരുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ കരിപ്പൂരിനെയും ലക്ഷ്യമിട്ടിട്ടുണ്ടെന്നും അത് സാധാരണക്കാരുടെ യാത്രയെ സാരമായി ബാധിക്കുമെന്നുമാണ് യു.ഡി.എഫും എല്‍ഡിഎഫും പറയുന്നത്.
15 പൊതുമേഖലാ വിമാനത്താവളങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ രണ്ടാം സ്ഥാനമാണ് കരിപ്പൂരിന്. ചെന്നൈ മാത്രമാണ് വരുമാനത്തില്‍ കരിപ്പൂരിന് മുന്നിലുള്ളത്. സ്വകാര്യമേഖലയിലുള്ള വിമാനത്താവളങ്ങള്‍കൂടി കണക്കിലെടുക്കുമ്പോള്‍ കരിപ്പൂര്‍ അഞ്ചാം സ്ഥാനത്താണ്. സ്ഥലപരിമിതിയും പ്രയാസങ്ങളും ചുരുങ്ങിയ സര്‍വീസുകളും മാത്രമുള്ള വിമാനത്താവളത്തെ ഏതു പ്രതിസന്ധിയിലും കൈവിടാത്ത യാത്രക്കാരാണ് കരിപ്പൂരിന്റെ കരുത്ത്. 2020 -21 കാലയളവില്‍ 92 കോടി രൂപയോളമാണ് കോഴിക്കോട് വിമാനത്താവളം ലാഭമുണ്ടാക്കിയത്. 2021 -22 ല്‍ ഇത് 168 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഏപ്രില്‍ ഡിസംബര്‍ കാലയളവില്‍ 7433 വിമാന സര്‍വീസുകളാണ് നടത്തിയത്. 911756 അന്താരാഷ്ട്രയാത്രക്കാര്‍ കരിപ്പൂര്‍ വഴി യാത്രചെയ്തു. എന്നാല്‍ ചെന്നൈയില്‍നിന്ന് 13482 സര്‍വീസുകളിലായി 10,00,152 അന്താരാഷ്ട്രയാത്രക്കാരാണ് യാത്രചെയ്തത്. ഇരട്ടി സര്‍വീസുകളുണ്ടായിട്ടും കരിപ്പൂരിനേക്കാള്‍ 88396 യാത്രക്കാര്‍ മാത്രമാണ് കൂടുതല്‍. വലിയ വിമാനങ്ങളോ പ്രീമിയം ക്ലാസ് സര്‍വീസുകളോ ഇല്ലാതെയാണ് കരിപ്പൂര്‍ ഈ നേട്ടം കൈവരിച്ചത്.
ഇവിടെനിന്നും സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിമാനങ്ങളില്‍ പോലും ഇരുന്നൂറില്‍ത്താഴെ ആളുകള്‍ക്ക് മാത്രമാണ് സഞ്ചരിക്കാനാവുക. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളില്‍ യാത്രക്കാരില്ലാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിക്കുറയക്കുന്ന വിമാനകമ്പനികള്‍ കരിപ്പൂരില്‍ എപ്പോഴും സര്‍വീസുകള്‍ കൂട്ടാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ തുടക്കത്തിലെ തടയപ്പെടുകയായിരുന്നു.
1988 ഏപ്രില്‍ 13ന് പ്രവര്‍ത്തനം ആരംഭിച്ച കരിപ്പൂരിന് തുടക്കം മുതലെ പ്രതിസന്ധികളായിരുന്നു. വിദേശയാത്രക്കാരുണ്ടായിട്ടും തുടക്കത്തില്‍ ആഭ്യന്തര സര്‍വിസുകള്‍ മാത്രമായിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് അന്താരാഷ്ട്ര സര്‍വിസ് തുടങ്ങിയത്. പിന്നീട് റണ്‍വേ വികസനം, രാത്രികാല സര്‍വിസ്, വലിയ വിമാന സര്‍വിസ്, പുതിയ ടെര്‍മിനല്‍ തുടങ്ങി ഇവയെല്ലാം മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് വിഭിന്നമായി നിരവധി കടമ്പകള്‍ കടന്നതിന് ശേഷമാണ് കരിപ്പൂരിന് അനുവദിച്ചത്. 13 വര്‍ഷത്തോളം സുരക്ഷിതമായ സര്‍വിസ് നടത്തിയ വലിയ വിമാനങ്ങള്‍ 2015ല്‍ സര്‍വീസ് നിര്‍ത്തി. പിന്നീട് നിരന്തര സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. 2020ലെ വിമാനാപകട ശേഷം വീണ്ടും അധികൃതരുടെ പിടിവീണു. 2020 ആഗസ്ത് 07 ന് കരിപ്പൂര്‍ വിമാന താവളത്തില്‍ നടന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനാപകടം പൈലറ്റിന്റെ കൈ പിഴവാണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടും അന്ന് നിര്‍ത്തിവെച്ച വൈഡ് ബോഡി സര്‍വീസുകള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിച്ചില്ല. മലബാറിലെ പ്രവാസികളുടെ സ്വപ്നസാക്ഷാത്കാരമായ കോഴിക്കോട് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചിട്ട് 16 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പറന്നുയരാന്‍ അനുവദിക്കാതെ ചിറകരിയാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
അലി ഹൈദര്‍
Jul 31, 2022
10 Minutes Read
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
ദില്‍ഷ ഡി.
Jul 28, 2022
8 Minutes Watch
മനില സി.മോഹൻ
Jul 25, 2022
15 Minutes Watch