ദുൽഖർ സൽമാനും പിണറായി വിജയനും

ഈ തണുത്ത വെളുപ്പാൻ കാലത്ത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാഴ്ചയാണ്. ദൂരെ പ്രഭാതത്തിന്റെ ആദ്യ വെളിച്ചത്തിൽ മരങ്ങൾക്കിടയിലെ ഇളംമഞ്ഞിലൂടെ, ഗൗരവത്തിൽ മമ്മൂട്ടി നടന്നുവരുന്നു; കുടെ കുഞ്ഞു ദുൽഖർ സൽമാനും. അകലെക്കണ്ട മലനിരകൾ ചൂണ്ടിക്കാട്ടി മമ്മൂട്ടി മകന് എന്തോ പറഞ്ഞു കൊടുക്കുന്നു. വാപ്പച്ചി പറയുന്നത് ശ്രദ്ധിച്ചുകേട്ട് ദുൽഖർ സൽമാനും നടക്കുന്നു. മോഹൻലാൽ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളിൽ കംപോസ് ചെയ്ത് ആ കാഴ്ച ഒന്നാസ്വദിച്ചിട്ട് എന്നോട് ചോദിച്ചു - അണ്ണാച്ചി 'ലയൺ കിങ്' സിനിമ കണ്ടായിരുന്നോ എന്ന്. ആ സിനിമ നേരത്തേ കണ്ടതാണെന്ന് ഞാനും പറഞ്ഞു...സിനിമ ഫ്രെയിമുകൾക്കുപുറത്തെ അപൂർവ കാഴ്ചകളെക്കുറിച്ച് ക്യാമറാമാനും സംവിധായകനും എഴുത്തുകാരനുമായ വേണു എഴുതുന്നു

വേണു

ലയൺ കിങ്ങും ഹരികൃഷ്ണൻസും

വാൾട്ട് ഡിസ്‌നിയുടെ ‘ദ ലയൺ കിങ്' എന്ന ആനിമേഷൻ ചിത്രം തൊണ്ണൂറുകളിൽ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു. ആഫ്രിക്കൻ പുൽമേടുകൾ അടക്കിവാണിരുന്ന മുഫാസ എന്ന സിംഹരാജാവിന്റെയും മകൻ സിംബായുടേയും കഥ. എൽടൻ ജോൺ ഒരുക്കിയ മനോഹര ഗാനങ്ങളായിരുന്നു സിനിമയുടെ ഒരു സവിശേഷത. ശക്തനും തന്ത്രശാലിയുമായ അച്ഛന്റെ സ്‌നേഹവും സംരക്ഷണവും ഏറ്റുവാങ്ങി കളിച്ചുനടക്കുന്ന സിംബായെയാണ് സിനിമയുടെ ആദ്യ ഭാഗങ്ങളിൽ നാം കാണുന്നത്.

ലയൺ കിംഗിലെ ഒരു രംഗം

ഒരു രാത്രി അനന്തമായ ആഫ്രിക്കൻ ആകാശത്തെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾക്കുകീഴിൽ മുഫാസ മകന് ജിവിതത്തിലെ അന്തർധാരകളുടെ സങ്കീർണതകൾ പറഞ്ഞു കൊടുക്കുന്നു. അച്ഛന്റെ ആ വാക്കുകൾ സിംബായുടെ കാഴ്ചപ്പാടുകളെ എങ്ങനെ സ്വാധീനിച്ചു എന്നും, അടുത്ത രാജാവാകാൻ എങ്ങനെ സഹായിച്ചു എന്നതും കഥയിലെ പ്രധാന ഘടകമാണ്. ‘ലയൺ കിങ്’ കേരളത്തിൽ റിലീസായി അധികം കഴിയാതെ മലയാളത്തിലെ രണ്ട് സൂപ്പർ നായകന്മാരെയും ഹിന്ദിയിലെ ഒരു സൂപ്പർ നായികയെയും അണിനിരത്തി ഒരു സൂപ്പർ സംവിധായകൻ ഒരു സിനിമ പ്രഖ്യാപിച്ചു- മമ്മൂട്ടിയും മോഹൻലാലും ജൂഹി ചാവ്‌ളയുമാണ് സൂപ്പർതാരങ്ങൾ. ഫാസിലാണ് സൂപ്പർ സംവിധായകൻ. പടം ഹരികൃഷ്ണൻസ്.

ആനന്ദക്കുട്ടനായിരുന്നു ക്യാമറാമാൻ. ഹരികൃഷ്ണൻസിന്റെ ഷൂട്ട് കൊഡൈക്കനാലിൽ നടക്കുമ്പോൾ കുറച്ചു ദിവസത്തേക്ക് രണ്ടാമതൊരു ക്യാമറാമാൻ കൂടി ആവശ്യമായി വന്നു. അങ്ങനെ രണ്ടാം ക്യാമറാമാനായി ഞാൻ കൊഡൈക്കനാലിൽ എത്തി. പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് ഇവർ രണ്ടുപേരുമുള്ള ഒരു പടം ഞാൻ ചെയ്യുന്നത്. വാപ്പച്ചിയുടെ ഷൂട്ട് കാണാൻ കൊച്ചുകുട്ടിയായ ദുൽഖർ സൽമാനും വന്നിട്ടുണ്ട്.

ദുൽഖർ സൽമാന്റെ കുട്ടിക്കാലം

എത്ര വൈകി ഉറങ്ങിയാലും നേരത്തെ എഴുന്നേൽക്കുന്ന ശീലക്കാരനാണ് ലാൽ. എന്നാൽ മമ്മൂട്ടിക്ക് അങ്ങനെയൊരു പതിവ് തീരെയില്ല. ഒരു ദിവസം രാവിലെ ഉണർന്നു പുറത്തിറങ്ങിയപ്പോൾ ഒറ്റക്ക് തണുപ്പും ആസ്വദിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് കണ്ടത്. ലാലും ഞാനും വെറുതേ അതുമിതും പറഞ്ഞു നിന്നു. പെട്ടെന്ന് ലാൽ ഒരു വശത്തേക്ക് നോക്കി ‘ഒയ്യോ, അതുകണ്ടോ' എന്നു പറഞ്ഞു. ഞാൻ നോക്കിയപ്പോൾ കണ്ടത്, ഈ തണുത്ത വെളുപ്പാൻ കാലത്ത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാഴ്ചയാണ്. ദൂരെ പ്രഭാതത്തിന്റെ ആദ്യ വെളിച്ചത്തിൽ മരങ്ങൾക്കിടയിലെ ഇളംമഞ്ഞിലൂടെ, ഗൗരവത്തിൽ മമ്മൂട്ടി നടന്നുവരുന്നു; കുടെ കുഞ്ഞു ദുൽഖർ സൽമാനും. അകലെക്കണ്ട മലനിരകൾ ചൂണ്ടിക്കാട്ടി മമ്മൂട്ടി മകന് എന്തോ പറഞ്ഞു കൊടുക്കുന്നു. വാപ്പച്ചി പറയുന്നത് ശ്രദ്ധിച്ചുകേട്ട് ദുൽഖർ സൽമാനും നടക്കുന്നു. മോഹൻലാൽ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളിൽ കംപോസ് ചെയ്ത് ആ കാഴ്ച ഒന്നാസ്വദിച്ചിട്ട് എന്നോട് ചോദിച്ചു - അണ്ണാച്ചി ‘ലയൺ കിങ്' സിനിമ കണ്ടായിരുന്നോ എന്ന്. ആ സിനിമ നേരത്തേ കണ്ടതാണെന്ന് ഞാനും പറഞ്ഞു.

ഹരികൃഷ്ണൻസിനെക്കുറിച്ച് ഒരു കാര്യം കൂടി...

രണ്ട് സൂപ്പർ താരങ്ങളെ തന്റെ സിനിമയിൽ അവതരിപ്പിക്കുമ്പോൾ ഫാസിലിന് ഒരു നിർബന്ധമുണ്ടായിരുന്നു, രണ്ടു പേർക്കും ഒരേ പ്രധാന്യം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം എന്ന്. പണമിട വ്യത്യാസം വരാതെ അളന്നുതൂക്കിയാണ് എല്ലാ കാര്യങ്ങളും ചെയ്തുപോന്നിരുന്നത്. സംഭാഷണത്തിലും ഫ്രെയ്മിലെ സ്ഥാനത്തിലും വേഷത്തിലും എല്ലം തുല്യനീതി നിലനിർത്താൻ അദ്ദേഹം വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അതിൽ അദ്ദേഹം പലപ്പോഴും വിജയിക്കുകയും ചെയ്തു.

ഹരികൃഷ്ണൻസ് ലൊക്കേഷനിൽ സംവിധായകൻ ഫാസിൽ, മമ്മൂട്ടി, ജൂഹി ചൗള, മോഹൻലാൽ, ക്യാമറമാൻ ആനന്ദക്കുട്ടൻ

പക്ഷേ പടം ക്ലൈമാക്‌സിൽ എത്തിയപ്പോൾ പ്രശ്‌നം ഗുരുതരമായി. നായകന്മാർക്ക് എല്ലാം തത്തുല്യം പകുത്തുനൽകുന്ന രീതി നായികയുടെ കാര്യത്തിൽ സാധ്യമല്ല എന്ന് വസ്തുത ഫാസിലിനെ അലട്ടാൻ തുടങ്ങി. അങ്ങനെയാണ് മലയാളസിനിമയിലെ ആദ്യത്തെ ഇരട്ട ക്ലൈമാക്‌സ് ചിത്രമായി ഹരികൃഷ്ണൻസ് മാറുന്നത്. അന്ന് ഒരുപാട് ചർച്ചകൾക്ക് വഴി തുറന്ന തീരുമാനമായിരുന്നു അത്. മോഹൻലാലിന് കൂടുതൽ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന തിരുവിതാംകൂർ മേഖലയിൽ റിലീസ് ചെയ്ത പ്രിന്റുകളിൽ നായികാഭാഗ്യം മോഹൻലാലിന്, മമ്മൂട്ടിക്ക് കൂടുതൽ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മലബാർ മേഖലയിൽ നായികാഭാഗ്യം മമ്മൂട്ടിക്ക്. അതായിരുന്നു ഇരട്ട ക്ലൈമാക്‌സ്.

പവിത്രൻ

പടം റിലീസായശേഷം ഒരു ചെറിയ സദസ്സിൽ മുമ്പ് കേട്ടുകേൾവി പോലും ഇല്ലാത്ത ഈ പുതിയ പരീക്ഷണത്തെക്കുറിച്ച് സംസാരം ഉണ്ടായി. സംവിധായകൻ പവിത്രനും അവിടെയുണ്ടായിരുന്നു. പവിത്രൻ ഇതിനിടയിൽ കയറി ഇടപെട്ടു: തിരുവിതാംകൂറിൽ മോഹൻലാൽ, കൊച്ചി മുതൽ മലപ്പുറം, കോഴിക്കോട് വരെ മമ്മൂട്ടി, അത് ശരിയാണ്. പക്ഷേ അവിടുന്ന് വീണ്ടും വടക്കോട്ട് പോയാൽ മമ്മൂട്ടിയും മോഹൻലാലുമൊന്നുമല്ല ക്ലൈമാക്‌സിൽ വരുന്നത്. കണ്ണൂരിൽ റിലീസ് ചെയ്ത പ്രിന്റുകളിൽ നായികയെ ഒടുവിൽ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല, അത് പിണറായി വിജയനാണ്.

Comments