ഗ്രമീണമായ തറവാടുകള്‍ ഉപേക്ഷിച്ച് പോകുന്ന സവർണ സാംസ്കാരിക ജീവിതത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചെടുക്കാനാണ് പത്മരാജന്‍ ശ്രമിക്കുന്നത്. അതു കൊണ്ടാണ് കേവല കുടുംബകഥ മാത്രമായി തീരേണ്ട ഒരു സിനിമയില്‍ കീഴ്ത്തട്ട് ജാതി സമൂഹത്തിലെ സമ്പന്നനായ കുഞ്ഞനെ പ്രതിനായകന്‍ ആക്കുമ്പോള്‍ കഥയുടെ മാനം മാറുന്നത്.
23 Oct 2022, 06:20 PM
മലയാള സിനിമയുടെ ചരിത്രത്തിൽ സമാന്തര സിനിമയെന്നോ മുഖ്യധാരാ സിനിമയെന്നോ വ്യത്യാസമില്ലാതെ പ്രേക്ഷകരെ സ്വാധീനിച്ച തിരക്കഥാകൃത്തും സംവിധായകനും എഴുത്തുകാരനുമാണ് പത്മരാജൻ. സിനിമ എന്ന ദൃശ്യകലയുടെ ഭാഷയും, സൗന്ദര്യവും മനസിലാക്കാൻ ശ്രമിക്കുന്നവർ ഇത്രമാത്രം പഠനവിധേയമാക്കിയ മറ്റൊരു സംവിധായകൻ മലയാളത്തിൽ വേറെയുണ്ടാകില്ല. എന്നാൽ സവർണ പൊതുബോധത്തെ യുക്തിഭദ്രമായി ഊട്ടിയുറപ്പിക്കുന്നതിൽ പത്മരാജനോളം സംഭാവന നൽകിയ മറ്റൊരു സംവിധായകനുണ്ടാകുമെന്നും തോന്നുന്നില്ല. പത്മരാജന്റെ സിനിമകളെ മുൻ നിർത്തി മലയാള സിനിമയിൽ സവർണ ഭാവുകത്വം എങ്ങനെയാണ് തഴച്ചു വളർന്നത് എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
"പ്രയാണം' എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് പത്മരാജന്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. നമ്പൂതിരിയായ വൃദ്ധന്‍ ചെറുപ്പക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും, പെണ്‍കുട്ടി അയല്‍വാസിയായ ചെറുപ്പക്കാരനുമായി പ്രണയത്തില്‍ ആവുന്നതുമാണ് പ്രമേയം. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയതെങ്കിലും, "പ്രയാണ'ത്തില്‍ ആധുനികമായ നഗര ജീവിതം നാശത്തിന്റെയും തിന്മയുടേയും ഇടമായി അവതരിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ ഫ്ലാഷ് ബാക്കായാണ് കഥ പറയുന്നത്. ക്ഷേത്ര ദര്‍ശനവും, അച്ചടക്കവും, ഇടതൂര്‍ന്ന മുടിയുമുള്ള ഗ്രാമീണ സുന്ദരിയായ ഒരു പെണ്‍കുട്ടി വിവാഹാനന്തരം നഗരത്തില്‍ താമസമാക്കുന്നു. നഗര ജീവിതത്തിന്റെ ആധുനിക പരിസരം അവളെ മാറ്റുന്നു. മദ്യപാനവും കൂട്ടുകെട്ടും ജീവിതം തകര്‍ക്കുന്നതും, സ്വന്തം കുഞ്ഞിനെ അനാഥാലയത്തിലാക്കി അവള്‍ നാടുവിടുന്നതുമായാണ് സിനിമയിൽ നഗര ജീവിതത്തെ പത്മരാജന്‍ അവതരിപ്പിക്കുന്നത്.

ആധുനികവും നാഗരികവുമായ ജീവിതത്തെ തിന്മയുടെയും ഗ്രാമ ജീവിതത്തെ നന്മയുടെയും പ്രതിരൂപമാക്കി പത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറ്റൊരു സിനിമയാണ് തിങ്കളാഴ്ച്ച നല്ല ദിവസം. മമ്മൂട്ടി, കരമന ജനാർദ്ദനൻ, കവിയൂര്‍ പൊന്നമ്മ, കൊച്ചുകുഞ്ഞ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ഗ്രാമത്തിലെ തറവാട്ടില്‍ താമസിക്കുന്ന ജാനകിയമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മക്കളും ചെറുമക്കളും അവധിക്കെത്തുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ഭര്‍ത്താവ് മരിച്ച ജാനകിയമ്മ തറവാട്ടില്‍ ഒറ്റയ്ക്കാണ്. സഹായത്തിനായി ബന്ധുവായ പെണ്‍കുട്ടിയുണ്ട്. വലിയ പറമ്പും പശുക്കളും മരങ്ങളും കുളവുമൊക്കെയുള്ള ഗ്രാമത്തിലെ കര്‍ഷക ജന്മി തറവാടിനെ ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തലത്തലമാണ് ജാനകിയമ്മയുടെ തറവാടിന്റേത്. മൂത്തമകനും കുടുംബവും ബോംബയിലും, രണ്ടാമത്തെ മകന്‍ ഗോപനും കുടുംബവും ദുബായിലുമാണ് താമസം. ദുബായിലുള്ള രണ്ടാമത്തെ മകന്‍ ഗോപന്റെ ഈ അവധിക്കാല വരവിന് മറ്റൊരു ഉദ്ദേശമുണ്ട്. അയാളുടെ ഭാഗത്തിലുള്ള കുടുംബ വീട് വിറ്റ് ബാംഗ്ലൂരില്‍ പുതിയ ഫ്ലാറ്റ് വാങ്ങുക. ഈ വിഷയം അറിയിക്കുന്നതോടു കൂടി അവധിക്കാല ആഹ്ലാദ ദിനങ്ങള്‍ സങ്കട സാന്ദ്രമായ അന്തരീക്ഷത്തിലേക്ക് വഴിമാറുന്നു. വൈകാരിക സന്ദര്‍ഭങ്ങള്‍ക്ക് ഒടുവില്‍ അമ്മയെ ശരണാലയത്തില്‍ ആക്കുകയും അവിടെ വെച്ച് ജാനകിയമ്മ മരിക്കുകയും ചെയ്യുന്നു. അമ്മയുടെ മരണത്തെ തുടര്‍ന്ന് തറവാട് വാങ്ങാന്‍ വരുന്നയാള്‍ കച്ചവടത്തില്‍ നിന്നു പിന്‍വാങ്ങുന്നു. വില്പന ഉപേക്ഷിച്ച് കുറ്റബോധത്തോടെ ഗോപനും കുടുംബവും അമ്മയുടെ ഓര്‍മ്മകളുമായി ഗ്രാമത്തില്‍ സ്ഥിരതാമസമാക്കുന്നതോടെ സിനിമ അവസാനിക്കുകയാണ്.

കുടുംബ ബന്ധങ്ങളുടെ നൈർമല്യത്തെയും, വൈകാരിക തീവ്രതകളെയും അവതരിപ്പിച്ച ഒരു കുടുംബ ചിത്രം എന്ന നിലയിലായിരിക്കും ഈ സിനിമ ആഘോഷിക്കപ്പെട്ടിരിക്കുക. എന്നാല്‍ ഈ കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ മറ്റൊരു കഥ കൂടി പത്മരാജന്‍ പറയുന്നുണ്ട്. തറവാട്ടിലെ പശുക്കളെ നോക്കി നടന്നിരുന്ന, ജാതിയില്‍ താഴ്‍ന്ന പൂട്ടുകാരന്‍ കുഞ്ഞനെ മുന്നില്‍ നിർത്തിയാണ് ആ കഥ പോകുന്നത്. അച്ചന്‍കുഞ്ഞാണ് "കുഞ്ഞന്‍' എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. "കുടുംബ കഥ' എന്ന ലേബലിൽ പൊതിഞ്ഞു പ്രേക്ഷകരുടെ വൈകാരികതയെ മുതലെടുത്ത് "തിങ്കളാഴ്ച് നല്ല ദിവസം' എന്ന സിനിമ എടുത്തിരിക്കുന്നതു തന്നെ കുഞ്ഞനെ മുന്നില്‍ നിർത്തി സവര്‍ണ രാഷ്ട്രീയം ഉദ്ബോധിപ്പിക്കാനാണ് എന്നു പറഞ്ഞാലും അധികമാകില്ല.
1985 ലാണ് ഈ സിനിമ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അക്കാലത്ത് കേരളത്തിലെ സാമൂഹികാവസ്ഥ മാറി തുടങ്ങിയിരുന്നു. ഭൂപരിഷ്ക്കരണം, സമുദായം എന്ന നിലയ്ക്ക് ഈഴവരേയും മറ്റു പിന്നാക്ക വിഭാഗങ്ങളേയും മുസ്‍ലിങ്ങളേയും സ്വത്ത് ഉടമസ്ഥതയിലേക്ക് കൊണ്ടു വരുന്നുണ്ട്. ഭൂപരിഷ്ക്കരണത്തില്‍ നിന്നും പുറത്തായെങ്കിലും വിദ്യാഭ്യാസത്തിലൂടെയും, സംവരണത്തിലൂടെയും സര്‍ക്കാര്‍ ജോലിയുള്ള ഒരു വിഭാഗം ദലിതര്‍ക്കിടയിലും ഉയര്‍ന്നു വരുന്നുണ്ട്. മറ്റൊരു സവിശേഷത ഈഴവ-പിന്നാക്ക/ദലിത് സമൂഹങ്ങളില്‍ നടന്ന മതപരിവര്‍ത്തനത്തിലൂടെയും സാമൂഹ്യ സമ്പത്തിക മൂലധന ബന്ധങ്ങളുള്ളവരാക്കി അവരെ മാറ്റുന്നുണ്ട്. സമൂഹത്തില്‍ സംഭവിച്ച ഇത്തരം മാറ്റങ്ങള്‍കൊണ്ട് അതുവരെ സവര്‍ണര്‍ കെെയ്യടക്കിയ സാമൂഹ്യ മേല്‍ക്കോയ്മ നഷ്ട്ടപ്പെടുന്നുണ്ട്. 1980 കളില്‍ സവര്‍ണ സമുദായങ്ങള്‍ നേരിട്ട ഈ പ്രതിസന്ധിയും ആശങ്കയുമാണ് സിനിമയിലൂടെ പത്മരാജന്‍ പങ്കുവെച്ചത്. സിനിമയിലെ കുഞ്ഞന്‍ പരിവര്‍ത്തിത ക്രിസ്ത്യന്‍ ആണെങ്കിലും, യഥാര്‍ഥത്തില്‍ കേരളീയ സമൂഹത്തില്‍ നടന്ന രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന കീഴ്ത്തട്ട് സമുദായങ്ങളുടെ പ്രതിനിധിയാണ്. പത്മരാജന്‍ അവതരിപ്പിച്ച കുഞ്ഞന്റെ അതേ പ്രതിച്ഛായയിലാണ് രഞ്ജിത്ത് എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം സിനിമയിലെ ഭൂമി വാങ്ങാന്‍ വരുന്ന മുസ്‍ലിമിനെയും സാമൂഹ്യമായി നിര്‍മ്മിച്ചെടുത്തിരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
സവര്‍ണ വിഭാഗങ്ങളോട് രണ്ട് കാര്യങ്ങളാണ് പത്മരാജന്‍ പറയാന്‍ ശ്രമിക്കുന്നത്. ഫ്യൂഡല്‍ കാലത്തിന്റെ തകര്‍ച്ച സവര്‍ണ കുടുംബങ്ങളില്‍ ആന്തരിക പ്രതിസന്ധി രൂപപ്പെടുത്തിയിട്ടുണ്ട്. ഈ സാമൂഹിക അധികാര തകര്‍ച്ച സവര്‍ണരെ ആധുനിക നാഗരിക ജീവിത ആഭിമുഖ്യം ഉള്ളവരാക്കി തീര്‍ക്കുമ്പോള്‍ പരമ്പര്യ തറവാടുകളുടെ തകര്‍ച്ചയ്ക്ക് അത് കാരണമാവും. അതോടൊപ്പം പുതിയ കാലത്ത് കീഴ്ത്തട്ട് സമുദയങ്ങള്‍ ആര്‍ജിച്ചെടുക്കുന്ന സാമൂഹിക, സ്വത്ത് അധികാരങ്ങള്‍ സവര്‍ണ സാംസ്കാരികതയുടെ കേന്ദ്രങ്ങളായ തറവാടുകള്‍ക്ക് ഒരു ഭീഷിണിയായ് മാറുമെന്ന പാഠമാണ് പത്മരാജന്‍ ഈ സിനിമയില്‍ മുന്നോട്ട് വയ്ക്കുന്നത്.
സവർണ കൗശലം പ്രവർത്തിക്കുന്ന വിധം
കേരളത്തിലെ അവര്‍ണ സമുദായങ്ങളുടെ (Non caste hindu) പ്രതിനിധിയായാണ് കന്ന് പൂട്ടുകാരന്‍ കുഞ്ഞനെ സിനിമയിൽ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. കുഞ്ഞന്റെ ജാതി സ്വത്വം പ്രത്യക്ഷത്തില്‍ പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാന്‍ വന്ന നാരായണന്‍കുട്ടിയുമായി കുഞ്ഞന്‍ സംസാരിച്ചിരിക്കുമ്പോള്‍ അവിടേക്ക് ജാനകിയമ്മ കടന്നു വരുന്നുണ്ട്. ജാനകിയമ്മയെ കാണുമ്പോള്‍ തന്നെ വിനയത്തോടെ കുഞ്ഞന്‍ എഴുന്നേറ്റ് നില്‍ക്കുന്നു. പ്രായമായ ഒരു സ്ത്രിയെ കണ്ടപ്പോളാണ് കുഞ്ഞന്‍ എഴുന്നേറ്റു നിന്നതെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ ജാനകിയമ്മ മകനോട് പറയുന്നുണ്ട് "ഞാന്‍ ഇങ്ങനെ നോക്കുവായിരുന്നു അവന്‍ എന്റെ മുമ്പില്‍ ഇരിക്കോ എന്ന്, ഇരുന്നില്ല!.' അവനും അവന്റെ അച്ഛനുമൊക്കെ ഇവിടെ പണ്ട് കന്നിനെ നോക്കി നടന്നവരാണ് എന്ന് ജാനകിയമ്മ മകനോടല്ല പറയുന്നത് പ്രേക്ഷകരോടാണ്. പത്മരാജന്‍ തന്നെയാണ് ജാനകിയമ്മയിലൂടെ പ്രേക്ഷകരോട് സംസാരിക്കുന്നത്.

ജാനകിയമ്മയുടെ മുന്നില്‍ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു നിന്ന കുഞ്ഞന്‍ പണ്ട് കന്നിനെ നോക്കി നടന്നിരുന്ന കുഞ്ഞനല്ല. സില്‍ക്ക് ജുബയും മുണ്ടും ഫോറിന്‍ വാച്ചും ഉള്ള, സിഗരറ്റ് വലിക്കുന്ന കുഞ്ഞന്‍, പുതിയകാലത്തെ അവര്‍ണ സമുദായത്തിന്‍റെ (non caste hindu) പ്രതിനിധിയാണ്. മാറിയ കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് കുഞ്ഞന്‍ ഈ മാറ്റം സാധ്യമാക്കിയത്. വിദ്യാഭ്യാസം നേടിയ കുഞ്ഞന്റെ മക്കള്‍ ഇന്ന് ഗള്‍ഫിലാണ്. അവര്‍ അയയ്ക്കുന്ന പണം കുഞ്ഞന് സാമ്പത്തിക സ്വാശ്രയത്വം നേടി കൊടുത്തിരിക്കുന്നു. അവര്‍ണ സമുദായങ്ങള്‍ സാമൂഹിക സാമ്പത്തിക അധികാരങ്ങള്‍ കൈവരിക്കുകയും, അതെ സമയം തറവാടുകള്‍ ഉപേക്ഷിച്ച് സവർണ വിഭാഗങ്ങള്‍ നഗര ജീവിതത്തിലേക്ക് ഒഴിഞ്ഞു പോകാന്‍ ആഗ്രഹിക്കുകയുമാണ് ഇക്കാലത്ത്. ഗ്രമീണമായ തറവാടുകള്‍ ഉപേക്ഷിച്ച് പോകുന്ന സവർണ സാംസ്കാരിക ജീവിതത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചെടുക്കാനാണ് പത്മരാജന്‍ ശ്രമിക്കുന്നത്. അതു കൊണ്ടാണ് കേവല കുടുംബകഥ മാത്രമായി തീരേണ്ട ഒരു സിനിമയില്‍ കീഴ്ത്തട്ട് ജാതി സമൂഹത്തിലെ സമ്പന്നനായ കുഞ്ഞനെ പ്രതിനായകന്‍ ആക്കുമ്പോള്‍ കഥയുടെ മാനം മാറുന്നത്.
സിനിമയില്‍ കുഞ്ഞന്‍ എല്ലായ്‍പ്പോഴും സില്‍ക്ക് ജുബയും വാച്ചും ധരിച്ച ഒരു ആധുനികനാണ്. കുഞ്ഞനെ കാണുമ്പോള്‍, കോണകം ഉടുത്തു നടന്നിരുന്ന, ചേറില്‍ കുളിച്ച് കഞ്ഞിക്ക് വരുന്ന കുഞ്ഞന്‍റെ പഴയ കാലം ജാനകിയമ്മ മക്കളോട് അയവിറക്കുന്നുണ്ട്. പ്രായം ചെന്ന സവര്‍ണ സ്ത്രീയുടെ കേവലം ജാതികുശുമ്പായി അതിനെ കാണാന്‍ ആവില്ല. സിനിമയിലൂടെ പത്മരാജന്‍ നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന സവർണ രാഷ്ട്രീയ കൗശലത്തിന് മുന്നോട്ട് പോകാന്‍ കുഞ്ഞന്‍റെ ജാതീയ പതിത്വം ഉറപ്പിച്ചെടുക്കേണ്ടതുണ്ട്. കന്നിനെ നോക്കിയും ഉടുതുണിക്ക് മറുതുണിയില്ലാതെ കോണകമുടുത്ത് നടന്ന കുഞ്ഞന്‍ പ്രേക്ഷകര്‍ക്കു മുന്‍പില്‍ സവര്‍ണര്‍ക്ക് എതിരെ മനസില്‍ പ്രതികാര ബുദ്ധിയുള്ള പ്രതിനായകനായി ബോധ്യപ്പെടണമെങ്കില്‍ കുഞ്ഞന്റെ കഴിഞ്ഞ കാലം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്.
അവർണ സമുദായങ്ങള്‍ ആര്‍ജിക്കുന്ന സാമൂഹിക സാമ്പത്തിക അധികാരങ്ങള്‍ മാത്രമല്ല, ആധുനിക നാഗരിക സംസ്കാരവും സവർണ ജീവിത പരിസരങ്ങള്‍ക്ക് എതിരെ പുതിയ വെല്ലുവിളി ഉണ്ടാക്കുന്നതാണ് എന്ന് സിനിമ ഓര്‍മ്മിപ്പിക്കുന്നു. ഗ്രാമീണതയുടെ ലക്ഷണങ്ങളായ മരങ്ങള്‍ നിറഞ്ഞ പറമ്പും, കാവും കുളവും നഷ്ട്ടപ്പെടുന്നതിലെ ആവലാതിയും സിനിമ പങ്കിടുന്നുണ്ട്. മരങ്ങള്‍ നിറഞ്ഞ പറമ്പിലൂടെ പേരക്കുട്ടികളും മരുമക്കളുമായി നടക്കുമ്പോള്‍ ജാനകിയമ്മ പറയുന്നുണ്ട്, പണ്ടൊക്കെ എന്ത് രസമായിരുന്നു ഇവിടെ നിറയെ മരങ്ങളായിരുന്നു, കാവും ഭഗവതി അമ്പലവും, ഇന്നതൊക്കെ വെട്ടി തെളിച്ച് ആളുകള്‍ വീട് വെച്ചെന്നും, അതും കണ്ട ജാതികള്‍ എന്ന് ഗ്രാമീണ നന്മയുടെ പ്രതിരൂപമായ ജാനകിയമ്മ പറയുമ്പോള്‍, നാടിന്‍റെ ഭംഗി നഷ്ടപ്പെടുന്നതിലുള്ള സവര്‍ണ ആധി മാത്രമല്ല ജാതിബോധവും കൂടിയാണ് പുതിയ തലമുറകള്‍ക്ക് പകര്‍ന്ന് കൊടുക്കുന്നത്.
ഗോപനും നാരായണന്‍കുട്ടിയും അവരുടെ കുടുംബവും ആധുനിക നാഗരിക ജീവിതത്തിലേക്ക് മാറ്റം കൊതിക്കുമ്പോള്‍, പശുവും കുളവും പറമ്പും മരങ്ങളുമുള്ള ഗ്രാമീണ ജീവിതത്തിലേക്കും അതിലൂടെ ജാനകിയമ്മയുടെ ഇരുണ്ട ജാതി ജീവിതത്തിലേയ്ക്കും പദ്മരാജന്‍ ശ്രദ്ധ തിരിക്കുന്നു. പുതിയ തലമുറയ്ക്ക് മുന്നില്‍ നന്മയുടെ ആദര്‍ശ ലോകമായ് ആ ലോകം അവതരിപ്പിക്കപ്പെടുന്നു.
നഗരത്തില്‍ ജീവിക്കുന്ന ഗോപനും നാരായണന്‍കുട്ടിയും ജാനകിയമ്മയുടെ ചൊല്ല് വളര്‍ത്തലില്‍ ഗ്രാമത്തില്‍ തന്നെയാണ് വളര്‍ന്നത്. ജാനകിയമ്മ പകര്‍ന്നു നല്‍കിയ ജാതി ബോധം അവരിൽ നിന്ന് പൂർണ്ണമായും ഒഴിവായിട്ടില്ല. കുഞ്ഞനോട് ജാനകിയമ്മ സൂക്ഷിക്കുന്ന അത്രയും അവഹേളനപരമായ ജാതി പെരുമാറ്റം പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കുന്നില്ലെങ്കിലും ഉള്ളാല്‍ സൂക്ഷിക്കുന്നവരാണ് മക്കളായ ഗോപനും നാരായണൻ കുട്ടിയും.
ബോംബെയിൽ താമസിക്കുന്ന നാരായണന്‍കുട്ടിയേക്കാള്‍ കുഞ്ഞനെ താല്പര്യം ദുബായില്‍ ഉള്ള ഗോപനാണ്. അതിന് ഒരു പ്രധാന കാരണം കുഞ്ഞന്‍റെ കയ്യില്‍ പണമുണ്ട് എന്നതാണ്. പക്ഷേ കുഞ്ഞന്‍റെ കയ്യിലെ പണം ഇന്ത്യന്‍ സമൂഹത്തിലെ ജാതി ബോധത്തെ മറികടക്കാന്‍ സഹായിക്കുന്നില്ല. തറവാട് വില്‍ക്കാനുള്ള ഗോപന്‍റെ തീരുമാനം വലിയ ഒച്ചപ്പാടാണ് കുടുംബത്തില്‍ ഉണ്ടാക്കുന്നത്. ഒടുവില്‍ ഗോപന്‍റെ ആഗ്രഹത്തിന് അമ്മയും, ജേഷ്ഠനും സമ്മതിക്കുമ്പോള്‍ പുതിയ പ്രശ്നമായ് വസ്തു വാങ്ങുന്ന കുഞ്ഞന്‍റെ ജാതി മാറുന്നു. അമ്മയും സഹോദരനും വീട് വില്‍ക്കുന്നതിന് എതിരല്ല പക്ഷേ ജാതിയില്‍ കുറഞ്ഞ കുഞ്ഞന് വില്‍ക്കാന്‍ തയ്യാറല്ല. ഇന്നലെ വരെ വീടിന്‍റെ മുറ്റത്തോ അകത്തോ കയറ്റിയിട്ടില്ല, കഞ്ഞിപോലും കൊടുത്തത് തിണ്ണയില്‍ ഇരുത്തിയല്ലേ, ആ കുഞ്ഞനാണോ നീ വീട് വില്‍ക്കാന്‍ കണ്ടുവച്ചിരിക്കുന്നത് എന്ന് ജേഷ്ഠന്‍ നാരായണന്‍ കുട്ടി ചോദിക്കുന്നുണ്ട്. അതിന് മറുപടിയായ് ഗോപന്‍ പറയുന്നത് വേറെ ആരുണ്ട് ഇത്രയും പൈസ റൊക്കം തരാന്‍ എന്നാണ്. നമ്മുടെ കൂട്ടത്തില്‍ ആരെങ്കിലുമുണ്ടെങ്കില്‍ പൈസ കുറച്ച് കുറഞ്ഞാലും അവര്‍ക്ക് കൊടുക്കാമായിരുന്നുവെന്ന്. പണത്തിന് മീതെ പരുന്ത് പറന്നില്ലെങ്കിലും ജാതി പറക്കുമെന്ന ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യമാണ് ഇവിടെ അടിവരയിടുന്നത്. ജാതിക്ക് മുന്‍പില്‍ കുഞ്ഞന്‍റെ പണം തോല്‍ക്കുന്നു. "മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ത്ഥത ഒഴികെ, ഹൃദയശൂന്യമായ രൊക്കം പൈസ ഒഴികെ മറ്റൊന്നും മുതലാളിത്തം അവശേഷിപ്പിക്കില്ല' എന്ന മാര്‍ക്സിന്‍റെ വിശകലനമുണ്ട്. പൈസ കുറച്ചായാൽ പോലും നമ്മുടെ കൂട്ടത്തില്‍ ആരെങ്കിലുമുണ്ടെങ്കില്‍ വസ്തു സ്വന്തം ജാതിക്കാര്‍ക്ക് കൊടുക്കാം എന്ന സവര്‍ണ ഹിന്ദു ജാതിബോധത്തിനു മുമ്പിൽ ലാഭത്തെ സംബന്ധിച്ച മാർക്സിന്റെ വിശകലനം തെറ്റിപ്പോവുകയാണ്. അത്രയ്ക്ക് തീക്ഷണവും നീതിരഹിതവുമാണ് ഇന്ത്യയിലെ ജാതി വ്യവസ്ഥ.
ജാതി എന്ന സാമൂഹ്യ ശരീരം
വീട് കുഞ്ഞന് തന്നെ വില്‍ക്കാന്‍ തീരുമാനിക്കുന്നത് മുതല്‍ ആധുനിക നാഗരികതയുടെ മറയില്‍ നിന്ന് നാരായണ്‍കുട്ടിയും ഗോപനും ജാതിയിലേക്ക് പ്രത്യക്ഷപ്പെടുകയാണ്. ശരണാലയത്തില്‍ വച്ച് ജാനകിയമ്മ ഹൃദയം പൊട്ടിയാണ് മരിക്കുന്നത്. ഈ മരണത്തില്‍ രണ്ട് കാരണങ്ങള്‍ അന്തര്‍ലീനമായ് കിടക്കുന്നുണ്ട്. തറവാട്ടിലെ ശാന്തതയില്‍ നിന്നാണ് അവര്‍ പറിച്ച് നടപ്പെട്ടിരിക്കുന്നത്. അവരുടെ തറവാട്ട് ജീവിത പരിസരങ്ങളില്‍ ഒരിക്കല്‍ പോലും മറ്റ് മത സാമൂഹിക ജീവിതവുമായ് ഇടപഴകി ശീലമില്ല. ശുദ്ധ-അശുദ്ധ ഹൈന്ദവ സവർണ്ണ ജീവിത മൂല്യങ്ങള്‍ അതിനവരെ അനുവദിക്കില്ല.
അങ്ങനെയുള്ള ജാനകിയമ്മയാണ് ഇന്ന് ശരണാലയത്തില്‍ സമൂഹത്തിലെ വിവിധ ജാതിയിലും മതത്തിലും പെട്ട മനുഷ്യര്‍ക്ക് ഇടയില്‍ അകപ്പെട്ട് പോകുന്നത്. ഗോപന്‍റെ നാഗരിക ജീവിത അഭിലാഷമാണ് ഇവിടെ അമ്മയ്ക്ക് ശരണാലയ ജീവിതം ബാക്കിയാക്കിയത്. ആധുനിക നാഗരികതയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വേണ്ടിയാണ് പത്മരാജന്‍ ഇവിടെ ശരാണാലയത്തെ അവതരിപ്പിക്കുന്നതെങ്കിലും, ശരണാലയം ഒരു സെക്കുലര്‍ ഇടമാണ്. എല്ലാ മതത്തില്‍ പെട്ടവരുടേയും പ്രാര്‍ത്ഥനകള്‍ കൂടി ഉള്‍പ്പെട്ടതാണ് ശരാണാലയത്തിലെ ദിനചര്യകള്‍. ക്രിസ്തുമത പ്രാര്‍ത്ഥനയുള്ള ദിവസം തന്നെ അവർ ശരണാലയത്തിൽ ചെന്നാക്കപ്പെടുന്നത് യാദൃശ്ചികമല്ല. ക്രിസ്തുമത പ്രാര്‍ത്ഥനയിൽ പങ്ക് ചേരാന്‍ സഹചര്യങ്ങളാല്‍ നിര്‍ബന്ധിക്കപ്പെടുന്ന അന്ന് രാത്രി തന്നെയാണവര്‍ മരിക്കുന്നതും. സ്വന്തം തറവാട്ടില്‍ അന്നേവരെ ജീവിച്ച ഓര്‍മ്മകളും, തറവാട് ജാതിയില്‍ താഴ്ന്ന കന്ന്പൂട്ടുകാരന്‍ കുഞ്ഞന്‍റെ കയ്യില്‍ എത്തിച്ചേരുന്നതും, അന്നേവരെയുള്ള വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി അന്യമത പ്രാർത്ഥനയില്‍ ഏര്‍പ്പെടാന്‍ വിധിക്കപ്പെട്ടതും അവരുടെ മരണം വേഗത്തിലാക്കുന്നു. ഗോപന്‍റെ നാഗരിക ജീവിത വ്യാമോഹമാണ് ജാനകിയമ്മക്ക് ഈ ഗതിവരുത്തിയതെന്ന് സവര്‍ണ സമൂഹത്തോട് പത്മരാജന്‍ പറയുന്നു.
അമ്മയെ ശരണാലയത്തില്‍ ആക്കുന്നതോടെ ആധുനിക നാഗരിക ജീവിതത്തിന്‍റെ മറ നീക്കി ജാതിയുടെ പ്രത്യക്ഷ രൂപമായി ആദ്യം പുറത്ത് വരുന്നത് ജേഷ്ഠന്‍ നാരായണന്‍ ആണ്. തറവാട് വില്‍ക്കുന്നതിന്‍റെ രാത്രി കുഞ്ഞും ഗോപനും കൂടി മദ്യപിക്കുമ്പോള്‍ ജേഷ്ഠന്‍ നാരായണന്‍ കുട്ടിയും കൂട്ടുന്നു. ജാതിയില്‍ താഴ്ന്ന കുഞ്ഞന്‍ തറവാട് വാങ്ങുന്നതില്‍ അയാള്‍ക്ക് ഉള്ളില്‍ വിരോധമുണ്ട്. മദ്യപിക്കുന്നതിനിടയില്‍ അയാള്‍ കുഞ്ഞനോട് ചോദിക്കുന്നുണ്ട്. നീ ഈ വീട് വാങ്ങുോടായെന്ന്, ഇവിടുത്തെ പറമ്പിലും വീട്ടിലും എല്ലാം അമ്മയുണ്ട് നീ എവിടെ തിരിഞ്ഞാലും നിന്‍റെ മുന്‍പില്‍ അമ്മ വന്നു നില്‍ക്കും, അമ്മയുടെ മുന്‍പില്‍ നിനക്ക് ഇരിക്കാന്‍ ആവില്ലായെന്ന് പറഞ്ഞ് ഗ്ലാസിലെ മദ്യം കുഞ്ഞിന്‍റെ മുഖത്തേക്ക് ഒഴിച്ച് അയാള്‍ കുഞ്ഞിനെ തല്ലുകയാണ്.
ഭൗതിക ജീവിത സൗകര്യമുള്ള ആളാണ് കുഞ്ഞെങ്കിലും സാമൂഹികമായി തിരിച്ചറിവില്ലാത്ത ഒരാളായാണ് കുഞ്ഞനെ പത്മരാജന്‍ അവതരിപ്പിക്കുന്നത്. നീ ഈ വീടുവാങ്ങുമോ എന്ന് ചോദിച്ച് നാരായണന്‍കുട്ടിയുടെ തല്ലു കൊള്ളുമ്പോളും അയാള്‍ അതിശയിക്കുന്നുണ്ട് എന്തിനാണ് ഒരു കാരണവുമില്ലാതെ ഈ കശപിശയെന്ന്. സ്വന്തം അസ്തിത്വവും ചുറ്റം നടക്കുന്നതും തിരിച്ചറിയാത്തവനും അതേ സമയം, ജാനകിയമ്മയുടെ തറവാട് കൈക്കലാക്കാന്‍ തന്ത്രപ്പൂര്‍വ്വം ശ്രമിക്കുന്ന കുടില ബുദ്ധിയുള്ള ഒരാളായും കുഞ്ഞിനെ പത്മരാജന്‍ മാറ്റി തീര്‍ക്കുന്നു. വസ്തു അളന്നു തിരിക്കുന്ന സന്ദര്‍ഭത്തില്‍ കാമറയുടെ രണ്ട് ക്ലോസപ്പ് ഫ്രെയമുകളില്‍ കുഞ്ഞനെ കാണിക്കുന്നുണ്ട്. വസ്തു അളന്നു തിരിക്കുന്ന ചങ്ങല കുഞ്ഞന്‍റെ കാല്‍ പാദത്തിന് അടിയിലൂടെ കിലുങ്ങി നീങ്ങുന്നതും. അടുത്ത സീനില്‍ പൂര്‍വ്വവൈരാഗ്യത്തിന്‍റെ ഗൂഡമായ ഒരു ചിരി മിന്നിമായുന്ന കുഞ്ഞിന്‍റെ മുഖവും ക്ലോസപ്പ് ഫ്രെയിമിലാണ് കാണിക്കുന്നത്. നഗര ജീവിതം സ്വപനം കണ്ട് സ്വന്തം പാരമ്പര്യവും തറവാടും ഉപേക്ഷിക്കുന്ന സവര്‍ണരെ അതില്‍ നിന്നും തടയാനുള്ള എളുപ്പവഴി ഇന്നലെ വരെ തിണ്ണക്കപ്പുറം കടക്കാന്‍ അനുവാദമില്ലാത്ത കുഞ്ഞുമാര്‍ പൂര്‍വ പ്രതികാര ബുദ്ധികളായി തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചാല്‍ മതിയെന്നാണ് പത്മരാജന്‍ കരുതുന്നത്.
തറവാട് വില്പനയുടെ അന്ന് രാത്രിയിലുള്ള തര്‍ക്കവും അടിയും എന്തിനാണെന്ന് പോലും തിരിച്ചറിയാന്‍ കുഞ്ഞിന് കഴിയുന്നില്ല. എന്നാല്‍ അമ്മയുറങ്ങുന്ന മണ്ണില്‍ നിനക്ക് മനസമാധാനത്തോടെ ഉറങ്ങാന്‍ ആവില്ലയെന്ന ജേഷ്ഠന്‍ നാരാണായന്‍കുട്ടിയുടെ വാക്കുകള്‍ കുഞ്ഞിന്‍റെ സമനില്ല തെറ്റിക്കുന്നുണ്ട്. ആധുനിക ജീവിതം അയാള്‍ക്ക് കൊടുത്ത സമ്പത്തും കരുത്തുമെല്ലാം അയാളില്‍ നിന്ന് ചോര്‍ന്നു പോകുകയാണ്. അന്ധവിശ്വാസിയായ ആയാള്‍ ഭൂതകല ജാതി അടിമത്വത്തിന്‍റെ ഓർമ്മകളിൽ വിധേയനായി സ്വയം മാറുകയാണ്. ഭൂതകാലത്തെ വിധേയത്വത്തിന്‍റെ ഭയസാന്ദ്രമായ ശരീരീര ഭാഷയോട് കൂടി ആയാള്‍ ഗോപനോട് പറയുന്നത് അമ്മയുറങ്ങുന്ന ഈ വീട്ടില്‍ താമസിക്കാന്‍ തനിക്കാവില്ല. എവിടെ തിരിഞ്ഞാലും മുന്നില്‍ അമ്മ വന്ന് നില്‍ക്കുന്നതു പോലെയാണെന്നാണ്. തറവാട് താങ്ങാന്‍ തയാറല്ല എന്ന് അറിയിക്കുന്ന കുഞ്ഞനെ തലങ്ങും വിലങ്ങും തല്ലിയാണ് ഗോപന്‍ വീട്ടില്‍ നിന്ന് ഇറക്കി വിടുന്നത്. സ്വന്തം കൈയ്യിലെ പണം കൊണ്ട് വസ്തു വാങ്ങാന്‍ തീരുമാനിക്കുമ്പോളും, കച്ചവടത്തില്‍ നിന്നും പിന്‍വാങ്ങുമ്പോഴും വലിയ മർദ്ദനമാണ് കുഞ്ഞ് ഏറ്റുവാങ്ങുന്നത്. കുഞ്ഞനെ മർദ്ദിച്ച് കൊണ്ട് ആദ്യം മറനീക്കി പുറത്തു വരുന്നത് നാരായണന്‍ ആണെങ്കിലും രണ്ടാമത് അതെ കൃത്യം ആവര്‍ത്തിച്ച് കൊണ്ട് അനിയന്‍ ഗോപനും തന്റെ ജാതി ജീവിതം ഏറ്റെടുക്കുകയാണ്. മനോനില നഷ്ട്ടപ്പെട്ട ഗോപന്‍ വീട്ട് ഉപകരണങ്ങള്‍ എല്ലാം തല്ലി പൊളിക്കുകയാണ്. ദുബായില്‍ നിന്നും അയാള്‍ കൊണ്ടു വന്ന ടിവിയും വിസിആറും തല്ലിപൊളിക്കുമ്പോള്‍ ഉപേക്ഷിക്കപ്പെടേണ്ട ആധുനിക ജീവിതത്തിന്‍റെ അടയാളമായി അത് മാറുന്നു. ദുബായിലുള്ള ജോലിയും, ബാംഗ്ലൂരിലെ ഫ്ലാറ്റും നഗര ജീവിതവും ഉപേക്ഷിച്ച് അയാള്‍ തറവാട്ടില്‍ തന്നെ അമ്മയുടെ ഓര്‍മ്മകളുമായ് സ്ഥിര താമസമാക്കാന്‍ തീരുമാനിക്കുകയാണ്.
ജനാധിപത്യ വളര്‍ച്ചയ്ക്കുള്ള ആധുനിക നഗര ജീവിതത്തിലെ സാധ്യതകളെ ഉപേക്ഷിക്കുകയും, തറവാട്ടിലെ അമ്മയുടെ ജാതി ജീവിതത്തിന്‍റെ തുടര്‍ച്ച ഗോപനും, അയാളിലൂടെ കുട്ടികളും ഏറ്റെടുകയും ചെയ്യുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. പാരമ്പര്യ ജാതി ജീവിതം ശരണാലയത്തില്‍ മരിക്കുന്ന ജാനകിയമ്മയില്‍ അവസാനിക്കുകയല്ല, ആധുനിക നാഗരികതയുടെ പ്രതിനിധിയായ ഗോപന്‍ മക്കളും തറവാട്ടില്‍ തിരിച്ച് വന്ന് അത് തുടര്‍ച്ചയുള്ളതാക്കി തീര്‍ക്കുന്നു. അമ്മ ഗോപനിലേക്ക് പരകായ പ്രവേശനം ചെയ്തതിന്റെ ലക്ഷണങ്ങള്‍ ഗോപനില്‍ കാണുന്നുണ്ട്. വീട്ടില്‍ നിന്നും കുഞ്ഞിനെ തല്ലിയിറക്കുന്ന ഗോപനില്‍ കാണുന്നത് അതുവരെ സിനിമ കാണിക്കുന്ന ഒരാള്‍ അല്ല. ഫ്യൂഡൽ ജാതി പ്രേതം ആവേശിച്ച് മനോനില തെറ്റിയ പുതിയ ഒരു ഗോപനെയാണ്. അമ്മ ഗോപനിലേക്കും, ഗോപനില്‍ നിന്നും മക്കളിലേക്കും തകര്‍ച്ചയില്ലാതെ സഞ്ചരിക്കുന്ന മാതൃക ജീവിതമായ് ജാതിയെ ബന്ധിപ്പിച്ച് സിനിമ അവസാനിക്കുന്നു.
1985 ല്‍ പത്മരാജന്‍ എന്ത് കൊണ്ടാവും മറ്റൊരു സമുദായത്തേക്കാള്‍ രൊക്കം പൈസ കൊടുത്ത് വസ്തുവാങ്ങാൻ ശേഷിയുള്ള അവര്‍ണനെ തന്നെ പ്രതിനായകനായി അവതരിപ്പിച്ചത്. സമ്പന്ന സമുദായങ്ങളായ ഒരു ക്രിസ്ത്യാനിയോ, മുസ്‍ലിമോ അല്ലങ്കില്‍ ഒരു ഹിന്ദു സവര്‍ണന്‍ തന്നെ വസ്തു വാങ്ങിയാലും കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സിനിമയെ അത് ബാധിക്കാന്‍ ഒരു സാധ്യതയുമില്ല. പ്രതിനായകനായി കീഴ്ത്തട്ട് ജാതിക്കാരന്‍ ആയത് യാദൃശ്ചികമല്ല അതൊരു സവര്‍ണ രാഷ്ട്രീയ അജണ്ടയാണ്. പാരമ്പര്യ ജാതി ജീവിതവും സംസ്കാരവും ഉപേക്ഷിച്ച് നഗര ജീവിതം കൊതിക്കുന്ന സവര്‍ണരെ പേടിപ്പെടുത്തുകയാണ് പത്മരാജന്‍. അതേ സമയം കീഴ്ത്തട്ട് ജാതി സമൂഹങ്ങള്‍ ആര്‍ജിക്കാന്‍ ശ്രമിക്കുന്ന സ്വത്തുടമസ്ഥതയും സാമൂഹിക അധികാരവും പത്മരാജനിലെ സവര്‍ണ ബോധത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു എന്നു പറഞ്ഞാലും അതൊരു കുറ്റമാവില്ല.
വി.കെ. ബാബു
Jan 28, 2023
8 minutes read
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
ഇ.കെ. ദിനേശന്‍
Jan 25, 2023
5 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch