ജാതിഗ്രാമത്തിലെ പൊന്മുട്ടയി(ടാത്ത)ടുന്ന ഗൾഫ്

ആദ്യ കാഴ്ചയിൽ കേരളീയ ഗ്രാമീണതയുടെ പച്ചയായ ജീവിതം പകർത്തുന്നതെന്നു തോന്നുന്ന ‘പൊന്മുട്ടയിടുന്ന താറാവ്​’ എന്ന സിനിമ സങ്കീർണമായ വിധത്തിൽ കേരളീയ ജാതിയെയും ആധുനികതയെന്ന പ്രശ്‌നത്തെയും അടയാളപ്പെടുത്തുന്നുവെന്നു പറയാം. മലയാളത്തിലെ മുഖ്യധാരാ സിനിമകളെക്കുറിച്ചുള്ള പഠന പരമ്പരയിൽ, ​സത്യൻ അന്തിക്കാട്​ സംവിധാനം ചെയ്​ത​ ‘പൊന്മുട്ടയിടുന്ന താറാവ്​’ എന്ന സിനിമയെക്കുറിച്ച്​.

ധുനികതയെ നിഷേധിക്കുന്ന കേരളീയതയെ ആഘോഷിക്കുന്ന വലിയൊരു പാരമ്പര്യം മലയാള സിനിമയിലുണ്ട്. നഗര - അധോലോക കഥകൾ ധാരാളം പുറത്തിറങ്ങിയ എൺപതുകളിൽ നിഷ്‌കളങ്കരെന്നു പറയുന്ന മനുഷ്യരുൾപ്പെടുന്ന ഗ്രാമകഥകളുടെ ഒരു തുടർച്ച സത്യൻ അന്തിക്കാടിനെപ്പോലുള്ള ചില സംവിധായകർ സൃഷ്ടിക്കുന്നതുകാണാം. നഗര ഭാവങ്ങളിൽനിന്ന്​ അകന്നുകഴിയുന്ന, വാഹന ഗതാഗതമോ റോഡോ കാര്യമായി വന്നിട്ടില്ലാത്ത ഒരു ഗ്രാമത്തിലെ തട്ടാനും തൊട്ടടുത്തു താമസിക്കുന്ന പണിക്കരും തമ്മിലുള്ള സംഘർഷങ്ങളുടെ കഥയാണ് പൊന്മുട്ടയിടുന്ന താറാവ് (1988).

ആദ്യ കാഴ്ചയിൽ കേരളീയ ഗ്രാമീണതയുടെ പച്ചയായ ജീവിതം പകർത്തുന്നതെന്നു തോന്നുന്ന സിനിമ സങ്കീർണമായ വിധത്തിൽ കേരളീയ ജാതിയെയും ആധുനികതയെന്ന പ്രശ്‌നത്തെയും അടയാളപ്പെടുത്തുന്നുവെന്നു പറയാം. തട്ടാനായ ഭാസ്‌കരനും പണിക്കരുടെ മകളായ സ്‌നേഹലതയും തമ്മിൽ സ്‌നേഹമാണ്. ഈ സ്‌നേഹബന്ധം മനസ്സിലാക്കിയ പണിക്കർ മകളോട് രണ്ടും രണ്ടു ജാതിയാണെന്നും വിവാഹം നടക്കില്ലെന്നും തീർച്ച പറയുന്നുണ്ട്. അതിനാൽ വിവാഹം നടത്താൻ സ്‌നേഹലത തനിക്കൊരു പത്തുപവന്റെ മാലയുണ്ടാക്കിത്തരാൻ ഭാസ്‌കരനോട് പറയുന്നു. പണത്തിലും സ്വർണത്തിലും ആർത്തിയുള്ള തന്റെ വീട്ടുകാർ അതിൽ വീഴുമെന്നും അങ്ങനെ പ്രണയസാഫല്യം സാധ്യമാകുമെന്നും അവൾ പറയുന്നു. അതനുസരിച്ച് ഭാസ്‌കരൻ മാലയുണ്ടാക്കി നല്കുന്നു. എന്നാൽ സ്‌നേഹലതയുടെ വിവാഹം പണിക്കർ പവി​ത്രൻ എന്ന ഗൾഫുകാരനുമായി നടത്തുന്നു. സമൂഹത്തിൽ പദവിയും സമ്പത്തും നേടി നിലനില്ക്കാനാഗ്രഹിക്കുന്ന പണിക്കരുടെ ആർത്തി ഗൾഫുകാരനിലൂടെ വലിയ പണക്കാരാനാകാം എന്നായിരുന്നു. എന്നാൽ പവിത്രന്റെ ജോലി പോവുകയും അയാൾ നാട്ടിൽ നില്കാനാഗ്രഹിക്കുകയും ചെയ്യുന്നതോടെ അതുതകരുന്നു. അപ്പോഴാണ് തന്റെ ഭാര്യയുടെ പത്തുപവൻ സ്വർണം കള്ളത്തരമായിരുന്നുവെന്ന് പവിത്രൻ മനസിലാക്കുന്നത്. അതോടെ വലിയ സംഘർഷം രൂപപ്പെടുന്നതാണ് സിനിമ. ഒടുവിൽ ഭാസ്‌കരന് ഡാൻസ് ടീച്ചറായ പാർവ്വതിയുടെ സ്‌നേഹം കിട്ടുന്നിടത്താണ് കഥയവസാനിക്കുന്നത്.

ജാതിയും കേരളീയ ഗ്രാമങ്ങളും

ഇന്നുകാണുന്ന കേരളീയതയുടെ രൂപപ്പെടൽ ഫ്യൂഡലിസത്തെ കൊളോണിയലിസം റദ്ദാക്കുന്നിടത്ത് ആരംഭിക്കുന്നുവെന്നു കാണാം. പ്രാചീനസമൂഹത്തെ ജാതിയിലേക്ക് പരിവർത്തിപ്പിച്ചത് ബ്രാഹ്‌മണരുടെ കുടിയേറ്റവും അവരുടെ ക്ഷേത്രകേന്ദ്രീകൃത ഗ്രാമനിർമിതിയുമാണെന്ന് കേരളചരിത്രം പറയുന്നുണ്ട്. ക്ഷേത്രത്തെ ഗ്രാമത്തിന്റെ കേന്ദ്രമാക്കി സമൂഹത്തെ പുനഃസംഘടിപ്പിച്ചപ്പോഴാണ് ജാതി കേരളത്തിൽ രൂപപ്പെടുന്നതും ഗോത്രസമൂഹങ്ങൾ കാർഷികവൃത്തിയുടെ അടിസ്ഥാനത്തിൽ ജാതികളാക്കി മാറ്റപ്പെടുന്നതും. അങ്ങനെ ഓരോ ജാതിയും കാർഷിക ഗ്രാമവ്യവസ്ഥിതിയുടെ ഭൂമിശാസ്ത്രത്തിനകത്ത് നിശ്ചിതവൃത്തത്തിൽ കഴിയാൻ നിർബന്ധിക്കപ്പെടുന്നു. അയിത്തവും തീണ്ടാപ്പാടകലങ്ങളും അതുലംഘിച്ചാലുള്ള ശിക്ഷകളും നിർവചിക്കപ്പെടുന്നു. ഈ സമൂഹത്തിൽ ഓരോ ജാതിയും ഓരോ ഇടത്ത് കഴിയുന്ന ക്രമം നിശ്ചയിച്ചതിനാൽ പൊതുവായി മനുഷ്യർ കൂടിവരുന്ന ഇടങ്ങൾ ആവശ്യമില്ലായിരുന്നു. അങ്ങനെ പൊതുവഴികളും പൊതുകൂട്ടങ്ങളും ഒഴിവാക്കപ്പെടുകയും റോഡുകളും മറ്റും ആവശ്യമില്ലാതാവുകയും ചെയ്തു. ഈ സമൂഹത്തെ കൊളോണിയലിസത്തിന്റെ ഇടപെടലുകളാണ് മാറ്റിത്തീർത്തതും ജാതിവിരുദ്ധമായ സമൂഹത്തെ സാധ്യമാക്കിയതും. അയിത്തവും തീണ്ടലും മനുഷ്യവിരുദ്ധമാണെന്നും എല്ലാജാതിക്കാരും മനുഷ്യരാണെന്നുമുള്ള ബോധം സൃഷ്ടിച്ചത് ഈ ആധുനികതയായിരുന്നു. ആധുനികതയാണ് എല്ലാവർക്കും നടക്കാവുന്ന റോഡുകളും ജാത്യേതരമായ പൊതുവിടങ്ങളും സൃഷ്ടിച്ചത്. നവോത്ഥാനമെന്നു വിളിക്കുന്ന ആ പ്രക്രിയ കുഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നതിന്റെ കഥകൂടിയാണ് എൺപതുകളിലെ പൊന്മുട്ടയിടുന്ന താറാവു പോലെയുള്ള സിനിമകളെന്നു പറയാം.

ജാതിയില്ലാതെ മനുഷ്യർ ഒന്നിച്ചുകഴിയുകയും വിഭവങ്ങൾ പങ്കിടുകയും ചെയ്യുന്ന സമൂഹം കേരളത്തിന്റെ പ്രാചീനസമൂഹത്തിന്റെ അവശിഷ്ടമല്ലെന്നും മറിച്ച് കൊളോണയിലസം സൃഷ്ടിച്ചതാണെന്നുമുള്ളതാണ് വസ്തുത. എന്നാൽ ഇവിടെപ്പോലും ജാതി പ്രത്യക്ഷ യാഥാർഥ്യമായി നിലനില്ക്കുന്നുവെന്നാണ് സൂചിപ്പിക്കപ്പെടുന്നത്. സ്‌നേഹലത ഭാസ്‌കരനെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ അവൻ തട്ടാനാണ്, താൻ പണിക്കരാണ് എന്ന പണിക്കരുടെ വാക്കുകൾ അത് വ്യക്തമാക്കുന്നുണ്ട്. സജാതീയ വിവാഹക്രമത്തിലൂടെ പുലരുന്ന വ്യവസ്ഥയാണ് ജാതിയെന്ന അംബേദ്കറിന്റെ സങ്കല്പനത്തെ വ്യക്തമാക്കുന്ന വിധത്തിൽ ജാതി താറാവിലെ ഗ്രാമത്തിൽ ശക്തമായി നിലകൊള്ളുന്നു. സ്‌നേഹലതയെ വിവാഹം ചെയ്യാനെത്തുന്ന അനാഥനായ പവിത്രൻ പണിക്കരാണെന്ന യാഥാർഥ്യം ആദർശവല്കരിക്കപ്പെടുന്ന ഗ്രാമത്തിന്റെ ജാതിസ്വഭാവം വ്യക്തമാക്കുന്നുണ്ട്.

ജാതി, താറാവിലെ ഗ്രാമത്തിൽ പ്രകടമാകുന്നത് വിവാഹത്തിലൂടെ മാത്രമല്ല ഗ്രാമത്തിന്റെ ഉല്പാദനവ്യവസ്ഥയെ ദൃശ്യവല്കരിക്കന്നതിലൂടെയാണ്. സിനിമയുടെ തുടക്കം ഗ്രാമത്തെ വിദൂരദൃശ്യത്തിലൂടെ കാണിക്കുന്നതാണ്. തുടർന്ന് കാണിക്കുന്നത് തന്റെ വീട്ടിന്റെ പൂമുഖത്ത് ഭാസ്‌കരൻ ആഭരണനിർമിതിയിൽ ഏർപ്പെട്ടിരിക്കുന്നതാണ്. വീടിന്റെ പൂമുഖത്തുതന്നെയാണ് അയാളുടെ തൊഴിൽശാലയും. ആ പൂമുഖത്ത് കസേരകളോ ഇരിപ്പിടങ്ങളോ ഇല്ല. പൂമുഖത്തിന്റെ അരഭിത്തിയാണ് അവിടെ അതിഥികൾ വന്നാലിരിക്കുന്നതിന് ഉപയോഗിക്കുന്നത്. കേരളത്തിലെ വീടുകളുടെ ചരിത്രത്തിൽ വലിയ തറവാടുകളിൽപോലും കസേരപോലുള്ള ഗൃഹോപകരണങ്ങൾ കുറവാണെന്നും കാരണവരും മറ്റും കസേരകളും മറ്റും ഉപയോഗിക്കുകയും ബാക്കിയുള്ളവർ ചുറ്റും നില്ക്കുകയോ തറയിൽ ഇരിക്കുകയോ ചെയ്യുന്ന രീതിയാണെന്നു കാണാം. ഭാസ്‌കരന്റെ വീട്ടിൽ വിവാഹദല്ലാൾ വരുമ്പോൾ ഇരിക്കുന്നത് അരഭിത്തിയിലാണ്. ഇതപോലെയാണ് പണിക്കരുടെ വീട്ടിലും.

അയാളുടെ വീടിന്റെ പൂമുഖത്തും കസേരകളില്ല. അയാളും തറയിലിരുന്നാണ് കാര്യങ്ങൾ ചെയ്യുന്നത്. വിവാഹാലോചനവരുന്ന സമയത്ത് പണിക്കർ ഭാസ്‌കരനോട് പറയുന്നുണ്ട്, തന്റെ വീട്ടിലെ ഏതാനും കസേരകളും പാത്രങ്ങളും വായ്പതരണമെന്നും ഇക്കാലത്ത് വീട്ടിൽ വല്ലതും ഇല്ലെങ്കിൽ മോശമാണെന്നും. പവിത്രൻ പെണ്ണുകാണാനെത്തുമ്പോൾ സ്‌നേഹലതയുടെ വീടിന്റെ പൂമുഖത്ത് ഒന്നിലേറെ കസേരകൾ കാണാം. കസേരകളില്ലാത്ത സമൂഹം ജാതിസമൂഹത്തിന്റെ ശ്രേണിയെ നിലനിർത്തുന്ന ഉല്പാദനപരമായി വിഭവപരമായ പരിമിതിയെ കാണിക്കുന്ന സമൂഹമാണ്. വേണ്ടത്ര വിഭങ്ങൾ ഉല്പാദിപ്പിക്കാത്തതിനാൽ ആവശ്യത്തിന് ഉപകരണങ്ങളുണ്ടാക്കാനും സാങ്കേതികവിദ്യയിലൂടെ സമൂഹത്തെ നവീകരിക്കാനും കഴിയാത്ത സമൂഹമാണ് ഇങ്ങനെ പുലരുന്നത്. മറ്റുള്ളവരിൽനിന്ന് വായ്പവാങ്ങി തങ്ങളുടെ മോടികാണിക്കാനേ ഈ സമൂഹത്തിന് കഴിയുന്നുള്ളൂ. ഈ പരിമിതിയെ ഇല്ലാതാക്കിയത് ഗൾഫ് പണത്തിന്റെ വരവും ഉപഭോഗപരതയുമാണ്. എല്ലാവീടുകളിലും ആവശ്യത്തിന് ഗാർഹികോപകരണങ്ങളും മറ്റും സാധ്യമാക്കിയത് പവിത്രന്മാരുടെ ഗൾഫ് യാത്രകളാണ്.

ഗ്രാമത്തിന്റെ ഭൂമിശാസ്ത്ര ഘടനകൂടി ശ്രദ്ധിക്കണം. അതിലാകെയുള്ള സ്ഥാപനം എന്നു പറയുന്നത് ക്ഷേത്രമാണ്. ചെറിയൊരു കവല അവിടെയുണ്ട്. ഹോട്ടലും ഡാൻസ് സ്‌കൂളുമാണ് അവിടെയുള്ള തൊഴിൽ സ്ഥാപനങ്ങൾ. വളരെ ചെറിയ രീതിയിൽ നടന്നുപോകുന്ന അവ പഴഞ്ചൻകെട്ടിടത്തിലാണ് സ്ഥാപിക്കപ്പെട്ടിരിക്കന്നത്. കാലിക്കച്ചവടക്കാരനായ പാപ്പി, ജന്മിത്വ സ്വഭാവമുള്ള മാധവൻ നായർ, ഹാജിയാർ, വെളിച്ചപ്പാട് തുടങ്ങിയവരാണ് ഗ്രാമത്തിലെ എല്ലാ കാര്യത്തിലും ഓടിയെത്തുന്ന ചിലർ. ഇതിൽ കാര്യങ്ങളിൽ തീർപ്പുണ്ടാക്കാൻ ഇടപെടുന്നത് മാധവൻ നായരും ഹാജിയാരുമാണ്. സ്‌കൂളോ, പൊലീസ് സ്റ്റേഷനോ ഓഫീസുകളോ അവിടെയില്ല. അത്തരം തൊഴിലുകൾ ചെയ്യുന്നവരായി ആരുംതന്നെയില്ല. എന്നാൽ ലൈംഗികത്തൊഴിൽ ചെയ്യന്നവർ ഉണ്ട്. ഗ്രാമത്തിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ജാതിയുടെ ഉല്പന്നങ്ങളായ വെളിച്ചപ്പാടും ജന്മിമാരുമാണ്. പ്രമാണിമാർ കാര്യങ്ങൾ നിശ്ചയിക്കുന്ന ഗ്രാമവ്യവസ്ഥ കേരളീയജാതിയടെ സൃഷ്ടിയാണ്. ഈ ഗ്രാമീണതയാണ് ഉദാത്ത ജീവിതരീതിയായും നാഗരികത വന്നപ്പോൾ തകർന്നതായും നാം പറയുന്നത്. ചുരുക്കത്തിൽ ജാതിയുടെ പ്രത്യക്ഷയുക്തികളെ ഭാവനയാക്കിക്കൊണ്ടാണ് ആ ഗ്രാമം നിർമിച്ചിരിക്കുന്നത്. മലയാളസിനിമയുടെ ഭാവനാസ്ഥലരാശി നിലനില്ക്കുന്നത് ഈ ജാതിഗ്രാമചരിത്രത്തിനകത്താണ്.

ഗ്രാമത്തിലേക്കു വന്ന ഗൾഫുകാരന് പ്രതിസന്ധിയുണ്ടായി എന്ന ആഖ്യാനം ഗ്രാമം നാഗരികതയെ ആഗ്രഹിക്കുന്നില്ലെന്നതിന്റെ സൂചനയാണ്. രാവിലെ പത്രംപോലും വരാത്ത ആ ഗ്രാമത്തിലെ ആധുനികതയുടെ ചില അടയാളങ്ങളിൽ ചിലത് വൈദ്യുതിയും മറ്റൊന്ന് ഗൾഫുകാരനെക്കൊണ്ട് തന്റെ മകളെ വിവാഹം ചെയ്യിക്കണമെന്ന് പണിക്കരുടെ ആഗ്രഹവുമാണ്. ഗൾഫിൽ പോയിട്ടും രക്ഷപ്പെടാനാവാത്ത പവിത്രനും പാരമ്പര്യത്തൊഴിലിനെ ബിസിനസാക്കിയിട്ട് വലിയ പുരോഗതി നേടാനാവാത്ത ഭാസ്‌കരനും ഗ്രാമത്തിന്റെ ആധുനികതയുടെ പ്രശ്‌നങ്ങളാണെന്നു പറയാം. ഹാജിയാരിൽനിന്ന് കാലിയെ വാങ്ങി കച്ചോടം വളർത്താൻ ശ്രമിക്കുന്ന പാപ്പിയുടെ പശു ഓടിപ്പോയെന്ന കഥയും ആ ഗ്രാമത്തിന്റെ വളർച്ചയില്ലാത്ത, മുരടിച്ച സാമ്പത്തികസ്വഭാവത്തെ വിശദമാക്കുന്നുണ്ട്.

കാലിക്കച്ചവടക്കാരനായ പാപ്പി, ജന്മിത്വസ്വഭാവമുള്ള മാധവൻ നായർ, ഹാജിയാർ, വെളിച്ചപ്പാട് തുടങ്ങിയവരാണ് ഗ്രാമത്തിലെ എല്ലാക്കാര്യത്തിലും ഓടിയെത്തുന്ന ചിലർ. ഇതിൽ കാര്യങ്ങളിൽ തീർപ്പുണ്ടാക്കാൻ ഇടപെടുന്നത് മാധവൻ നായരും ഹാജിയാരുമാണ്.

ജാതിസമൂഹത്തിന്റെ വിഭവപരമായ പരിമിതിയിലാണ് പണിക്കരുടെയും ഭാസ്‌കരന്റെയും വീടുകൾ പുലരുന്നതെന്ന് അതിലെ ചിട്ടകൾ സൂചിപ്പിക്കുന്നുണ്ട്. അധികം ഗൃഹോപകരണങ്ങളില്ലാത്ത അവസ്ഥ വീടിനകത്തെ പെരുമാറ്റങ്ങളെ ആ നിലയിൽ രൂപപ്പെടുത്തുന്നതുകാണാം. ഒരാൾ കസേരയിലിരിക്കുകയും ബാക്കിയുള്ളവരെല്ലാം നില്ക്കുകയോ തറയിലിരിക്കുകയോ ചെയ്യുന്നതാണ് കേരളീയതയുടെ വീട്ടകദൃശ്യം ഇവിടെ വ്യാപകമായി കാണാം. പണിക്കരുടെ വീട്ടിലാണ് അത് വ്യക്തമായി കാണുന്ന ഒരു ഭാഗമുള്ളത്. പണിക്കരും ഭാര്യയും കിടന്നുറങ്ങുന്നത് ഒരുമുറിയിലാണെങ്കിലും പണിക്കർ കട്ടിലിലും ഭാര്യ അതിനു തൊട്ടടുത്ത് താഴെ തറയിലുമാണ് കിടക്കുന്നത്. ജാതിയുടെ അടിസ്ഥാനഭാവം മേൽകീഴ്​ ശ്രേണീബന്ധമാണ്. ഉയർന്ന ജാതി അതിലെ ലിംഗബന്ധങ്ങളെ ക്രമീകരിക്കുന്നത് ഈ മേൽകീഴ്​ വ്യവസ്ഥയിലാണ്. അതുകൊണ്ടാണ് പണിക്കർക്ക് കട്ടിലും ഭാര്യയ്ക്ക് തറയും കിട്ടുന്നത്. മറ്റൊരു കട്ടിലുകൂടി പണിയിക്കാനുള്ള വിഭവപരമായ പരിമിതിയാണ് ഈ വ്യവസ്ഥയെ സാധ്യമാക്കുന്നത്. എന്നാൽ സ്‌നേഹലത പവിത്രന്മാരിലേക്കു വരുമ്പോൾ അത് മാറുകയും രണ്ടുപേരും ഒന്നിച്ച് കട്ടിലിൽ കിടന്നുറങ്ങുകയും ചെയ്യുന്നത് കാണിക്കുന്നു. ഗൾഫ് പണം പുതിയ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ മാറ്റമാണിത്. കേരളത്തിൽ ഗ്രാമമെന്ന ആദർശഘടനയ്ക്കകത്ത് പുതിയ സൗകര്യങ്ങളും ആർഭാടവും കൊണ്ടുവരുന്നത് ഗൾഫ് പണമാണെന്ന് എൺപതുകളിലെ സിനിമകൾ പറയുന്നു. ഈ മാറ്റമെങ്ങനെയാണ് കേരളീയഗാർഹികതയെ നവീകരിക്കുന്നതെന്നും ഇവ പറയുന്നു.

റോഡില്ലാത്ത കേരളീയത

കേരള സമൂഹത്തിന്റെ പരമ്പരാഗത ചരിത്രബോധത്തെ രൂക്ഷമായി വിമർശിച്ച പി കെ. ബാലകൃഷ്ണന്റെ കേരള ചരിത്ര കൃതിയിൽ ഒരധ്യായം കേരളത്തിലെ റോഡിന്റെ ചരിത്രമാണ്. ആ ചരിത്രത്തിലൂടെ കേരളത്തിലെ ജാതിവ്യവസ്ഥയെങ്ങനെയാണ് റോഡുകളെ നിർമിക്കാഞ്ഞതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പരസ്പരസമ്പർക്കത്തിന്റെ തോതനുസരിച്ചാണ് ദേശം നാടും രാജ്യവുമാകുന്നതെന്നും ഈ സമ്പർക്കം കുറയുമ്പോൾ ദേശത്തിലെ ജനങ്ങളുടെ സമ്പർക്ക പ്രക്രിയകൾ കുറയുന്നുവെന്നും അങ്ങനെ ജാതികാരണം ജനങ്ങളുടെ ആശയവിനിമയം കുറഞ്ഞ കേരളത്തിൽ പഴയകാലത്ത്​ വേണ്ടത്ര റോഡുകളോ പാലങ്ങളോ ഇല്ലായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഏതാണ്ട് മിക്ക ഭാഗവും വനമായിരുന്ന കേരളത്തിൽ അവ വെട്ടി റോഡുകളും നഗരങ്ങളുെ സൃഷ്ടിക്കുക ശ്രമകരമായിരുന്നുവെന്നും കൊളോണിയലിസം ശക്തിപ്പെട്ടപ്പോഴാണ് ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായതെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ജാതിവ്യവസ്ഥയുടെ ആചാരബദ്ധമായ ജീവിതരീതിയും അയിത്തവും അധ്വാനം ചിലസമൂഹങ്ങൾക്കുമാത്രം നിജപ്പെടുത്തിയതും കേരളത്തെ അർധ ട്രൈബൽ സമൂഹമായി നിലനിർത്തി റോഡുകളോ നഗരങ്ങളോ ഇല്ലാത്ത ഗ്രാമങ്ങളാക്കി മാറ്റിയെന്നും കാണാം. കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങളെ നിരീക്ഷിച്ചാൽ ഈ റോഡില്ലായ്മയും അതിന്റെ വ്യവസ്ഥയും കൃത്യമായി കാണാൻ കഴിയും. കീഴാളസമൂഹങ്ങളുടെ വളർച്ചയും നവോത്ഥാന പ്രക്രിയകളും ഏറെ നടത്തുന്ന ഒരു കാര്യം റോഡില്ലാത്ത ഇടങ്ങളിലെല്ലാം റോഡുകൾ വെട്ടുകയാണ്. റോഡുകൾ വരുന്നതോടെയാണ് യാത്രകൾ വികസിക്കുന്നതും പുതിയ ദേശങ്ങളിലേക്ക് ആളുകൾ പോകുന്നതും ജനങ്ങളുടെ വിഭവശേഷി വളരുന്നതും. വിദ്യാഭ്യാസവും തൊഴിലും മെച്ചപ്പെടുന്നതിൽ യാത്രാസംവിധാനങ്ങൾക്കുള്ള പങ്ക് വലുതാണ്.

പവിത്രനാണ് ഗ്രാമത്തിലേക്ക് കാറിൽ ആകെ വരുന്ന ഒരാൾ. അയാളുടെ ചലനങ്ങളിൽ ആ വേഗതകാണാം. നഗരത്തിൽ ജീവിച്ച ആളിന്റെ വേഗതയാണത്.

എൺപതുകളുടെ അവസാനം നടക്കുന്ന കഥയായിട്ടും സിനിമയിലെ ഗ്രാമത്തിൽ വ്യക്തമായ നിലയിലുള്ള റോഡോ പാലമോ ഇല്ലെന്ന് ശ്രദ്ധിക്കണം. മണ്ണിട്ട പറമ്പുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡാണ് സിനിമയിൽ കാണുന്നത്. റോഡ് വ്യക്തമായി കാണുന്ന വിധത്തിലല്ല ഗ്രാമത്തിന്റെ കിടപ്പെന്ന് കാണാം. റോഡും പറമ്പുകളും തമ്മിലുള്ള അതിർത്തി വ്യക്തമാകുകയോ ടാറിട്ട റോഡിന്റെ സൂചനകൾ കാണിക്കുകയോ ചെയ്യുന്നില്ല. റോഡ് അനിവാര്യമായികാണുന്ന ഗ്രാമമല്ല അതെന്ന് വ്യക്തം. ആളുകൾ ഒറ്റയടിപ്പാതകളിലൂടെ സഞ്ചരിക്കുന്നവരാണ്. മിക്ക നടത്തവും പറമ്പുകളിലൂടെ കയറിയിറങ്ങിയാണെന്നു കാണാം. കവലയിലെ ഹോട്ടലിനോടു ചേർന്ന ഭാഗത്തുപോലുെ റോഡ് വ്യക്തമാകുന്നില്ല എന്നത് ശ്രദ്ധിക്കണം. ഗ്രാമം പുഴയോടുചേർന്നാണ് കിടക്കുന്നത്. അവിടെ പാലമില്ല. വള്ളത്തിലാണ് എല്ലാവരും സഞ്ചരിക്കുന്നത്. വള്ളമിറങ്ങി സഞ്ചരിക്കാൻ വ്യക്തമായ പാതയില്ല. റോഡും വാഹനങ്ങളും വ്യക്തമായി കാണുന്നത് തൊട്ടടുത്ത ടൗണിലെ രംഗത്തിലാണ്. അതുവഴി ബസ് ഓടുന്നുണ്ട്. വള്ളവും നടത്തവുമാണ് ഗ്രാമത്തിന്റെ വേഗതയെ നിശ്ചയിക്കുന്നതെന്ന് കാണാം. ഫ്യൂഡൽ കാലത്തിന്റെ വേഗതയാണത്. അതിനെ മറികടന്നത് കാറുകളും ബസുകളുമാണ്, പിന്നീട് ട്രെയിനും വിമാനവും. പവിത്രനാണ് ഗ്രാമത്തിലേക്ക് കാറിൽ ആകെ വരുന്ന ഒരാൾ. അയാളുടെ ചലനങ്ങളിൽ ആ വേഗത കാണാം. നഗരത്തിൽ ജീവിച്ച ആളിന്റെ വേഗതയാണത്. ബാക്കിയുള്ളവർക്കെല്ലാം നടത്തത്തിന്റെ വേഗതയാണ്.

ആ ഗ്രാമത്തിലെ പ്രധാനപ്പെട്ട സ്ഥാപനം കാവാണ്. നവീകരിക്കാത്ത, പഴമവ്യക്തമായി കാണുന്ന കെട്ടിടമാണത്. അവിടേക്ക് ആളുകൾ പോകുന്നതും വരുന്നതും ഒറ്റയടിപ്പാതകളിലൂടെയാണ്. അതിനോട്‌ചേർന്ന് ഒരു മൈതാനംപോലൊരു ഭാഗം കാണാം. അതുവഴി ആളുകൾ നടക്കുന്നു. ചുരുക്കത്തിൽ ഫ്യൂഡൽ കേരളീയ സമൂഹത്തിന്റെ ഭൂമിശാസ്ത്രത്തിനകത്ത് ചെറിയ പരിണാമങ്ങൾ സംഭവിച്ച ഒരു പ്രദേശം മാത്രമാണ് ആ ഗ്രാമം എന്നത്.

ജാതിയാൽ നിർമിതിമായ ആ ദേശത്തിനകത്ത് ആധുനികത വേണമന്നോ വേഗത കൈവരണമെന്നോ ആളുകൾക്ക് ആഗ്രഹമില്ല. കവലയിലെ ഹോട്ടൽ നില്ക്കന്ന കെട്ടിടംതന്നെ ഉദാഹരണം. ഏതു നിമിഷവും ഇടിഞ്ഞുപോയേക്കാവുന്ന അത് പുതുക്കിപ്പണിഞ്ഞ് നല്ലൊരു കെട്ടിടമുണ്ടാക്കണമെന്ന ചിന്ത അതിലുള്ളവർക്കില്ല. എല്ലാത്തരത്തിലമുള്ള വിഭവപരമായ പരിമിതിക്കകത്ത് ജാതിനിയമങ്ങൾ പാലിച്ച് കഴിയുന്ന ഗ്രാമമെന്ന യൂണിറ്റ് എങ്ങനെയാണ് കേരളീയതയുടെ അടയാളമാകുന്നതെന്ന പ്രശ്‌നമാണ് സിനിമ അവതരിപ്പിക്കുന്നത്. മലയാള സിനിമ കേരളീയതയുടെ അടയാളമായി ആദർശവല്കരിച്ചിരിക്കുന്നത് ഇത്തരത്തിൽ ജാതിയുടെ യുക്തിയെ സവിശേഷം ഉള്ളടക്കുന്ന ഭൂമിശാസ്ത്ര മാത്രകളെയാണ്. ഈ ഗ്രാമത്തെ ഉലയ്ക്കുന്നത് ആധുനികതയാണെന്നു കാണാം. സിനിമയിൽ ആ ഉലയ്ക്കൽ ഒട്ടും ശക്തമല്ലെന്നും കാണാം. ലോറിവാങ്ങാൻ മൂലധനം അന്വേഷിക്കുന്ന പവിത്രന് പത്തുപവന്റെ പ്രതീക്ഷ തകർന്നപ്പോൾ മറ്റെന്തെങ്കിലും പ്രതീക്ഷയായിവരുന്നത് സൂചിപ്പിക്കുന്നില്ല. പകരം കുടുംബത്തെ തിരിച്ചെടുക്കുന്നതാണ് കാണിക്കുന്നത്. അതുപോലെ ഭാസ്‌കരന്റെ സ്വർണക്കച്ചവടം വളരുന്ന സൂചനയുമില്ല. പകരമുള്ളത് ചെമ്പ് ചേരാത്ത സ്വർണമായി, ഒരു വീട് തന്റെ വരുമാനംകൊണ്ട് നോക്കുന്ന ഡാൻസ് ടീച്ചറായ പാർവ്വതിയെ അയാൾ ഭാവനചെയ്യുന്നതാണ്.

സ്ത്രീയെ തനിത്തങ്കമായി ഭാവനചെയ്യുന്നതിലൂടെ പരിഹരിക്കനാവുന്നതല്ല ഭാസ്‌കരന്റെ തൊഴിൽപരമായ പ്രശ്‌നം. ആധുനികതയുടെ പ്രതീക്ഷകളെ അവതരിപ്പിക്കാൻ കഴിയാതെ പോവുകയും ജാതിയുടെ ഗ്രാമം അങ്ങനെതന്നെ തുടരുകയും ചെയ്യുന്നുവെന്നതാണ് സിനിമയുടെ കാഴ്ച പ്രദാനംചെയ്യുന്നത്. ഇങ്ങനെ സമകാലികതയെ അമൂർത്തമായ പ്രശ്‌നപരിഹാരങ്ങളിൽ കുടുക്കിയിട്ട് ആദർശവല്കരണം നിർവഹിക്കുകയാണ് മലയാള സിനിമയുടെ ആഖ്യാനമെന്നു കാണാം.

ഗൾഫിന്റെ പ്രതിസന്ധിയും മൂലധനത്തിന്റെ അഭാവവും

ആ ഗ്രാമത്തെ നിയന്ത്രിക്കുന്നത് ചെറുപ്പക്കാരല്ലെന്നത് ശ്രദ്ധിക്കണം. നാട്ടിൽ പ്രശ്‌നങ്ങളുണ്ടായാൽ ഓടിയെത്തുന്നത് പ്രായമുള്ള കാരണവന്മാരാണ്. അവരാണ് അവിടുത്തെ സമ്പത്തും പ്രതാപവും കൈയടിക്കിയിരിക്കുന്നത്. കേരളീയഗ്രാമത്തിലെ "ജൈവബുദ്ധിജീവികളാ'ണവർ. അവരുടെ ജ്ഞാനത്തിലൂടെയാണ് ഗ്രാമത്തിന്റെ ജീവിതം മുന്നോട്ടുപോവുക. ചെറുപ്പക്കാരനായ ഭാസ്‌കരനും പവിത്രനും അനുഭവിക്കുന്നത് യുവത്വത്തിന്റെ തൊഴിൽപരമായ പ്രതിസന്ധികളാണ്. നിലവിലെ ജാതിയെമറികടക്കുന്ന ബോധം അവരിൽ പ്രണയമായി വേരൂന്നുന്നുണ്ടെങ്കിലും അതിനെ നേരിടാനുള്ള കെല്പ് അവരർക്ക് സാമൂഹികമായി കിട്ടുന്നില്ല. നവോത്ഥാനത്തിന്റെ ആശയപരിസരം ഗ്രാമത്തിൽ വരൂന്നിയിട്ടില്ലെന്നാണിത് തെളിയിക്കുന്നത്. അതുകൊണ്ടാണ് കാമുകിയെ സ്വന്തമാക്കാൻ മാല പണിഞ്ഞുനല്കാൻ ഭാസ്‌കരൻ നിർബന്ധിതനാകുന്നത്. ഏറ്റവും ഇഷ്ടപ്പെടുന്ന ആളിനുപോലും ഒരുപഹാരം നല്കാൻ കാപട്യം കാണിക്കേണ്ടിവരുന്നത് അച്ഛൻ പണ്ട് സ്വർണത്തിൽ കള്ളത്തരം കാണിച്ചുതുകൊകൊണ്ടല്ല മറിച്ച് വിഭവങ്ങളുടെ കുറവുകൊണ്ടാണ്. ആവശ്യത്തിന് സ്വർണവും മറ്റും വാങ്ങാൻ കഴിയാത്ത സാമ്പത്തിക പരധീനതയാണ് ഭാസ്‌കരന്റെ കളവിനു പിന്നിലുള്ളത്. ഇതായിരുന്നു അക്കാലത്തെ സ്വർണപ്പണിക്കാർ നേരിട്ടിരുന്ന പ്രതിസന്ധിയെന്നു കാണാം.

സത്യൻ അന്തിക്കാട്

ഭാസ്‌കരന്റെ തൊഴിലിന്റെ കഥയായിട്ടാണ് സിനിമ മുന്നോട്ടുപോകുന്നതെന്നു കണാം. വീട്ടിലെ തൊഴിൽശാലയിൽനിന്ന് ഭസ്‌കരൻ ആൻഡ് സൺസ് എന്ന പേരിൽ കവലയിൽ കടയിടുന്നതാണ് സിനിമയിലെ പ്രധാന മാറ്റം. അവിടെ കടയിട്ടെങ്കിലും ആവശ്യത്തിന് പണമോ വസ്തുക്കളോ ഭാസ്‌കരന് ഉണ്ടാക്കാൻ കഴിയുന്നില്ലെന്നു കാണാം. ഡാൻസ് ടീച്ചർക്ക്​ പണയത്തിന് ആവശ്യമായ കാശുപോലും നല്കാൻ അയാളുടെകൈയിൽ പണമുണ്ടായിരുന്നില്ല. കച്ചവടത്തിലോ മറ്റോ എന്തെങ്കിലും പുരോഗതിയുണ്ടാക്കുന്നതായും സൂചനയില്ല. ഗ്രാമത്തിന്റെ ജാതിപരമായ വിഭവങ്ങളുടെ പരിമിതിയാണ് ഇത് സൂചിപ്പിക്കുന്നത്. പാരമ്പര്യമായോ അല്ലാതെയോ തന്റെ വ്യാപാരം വളർത്തുന്നതിനുള്ള മൂലധനം ഭാസ്‌കരന് ആവശ്യമുണ്ടെന്നാണ് വ്യക്തമാകുന്നത്. ജാതിത്തൊഴിലുകൾ ആധുനികതയുമായി സംഘർഷപ്പെടുന്ന സന്ദർഭം ഇതാണ്. പവിത്രന്റെ പ്രശ്‌നവും ഇതിനു സമാനമാണ്.

അനാഥനാണെങ്കിലും പണിക്കരായ പവിത്രൻ ഗൾഫിൽപോയി തിരിച്ചുവന്ന് നാട്ടിൽ ലോറിയുടമയാകുന്നതിനാണ് ശ്രമിക്കുന്നത്. ലോറിവാങ്ങാൻ എല്ലാ പദ്ധതിയും പൂർത്തിയാക്കിയ അയാളുടെയും പ്രശ്‌നം മൂലധനമാണ്. പവിത്രന്റെ ഗൾഫിലെ തൊഴിൽ ഡ്രൈവിംഗായിരുന്നുവെന്ന് അയാൾ പറയുന്നുണ്ട്. അതാത് വലിയ വിദഗ്ധ പരിശീലനം വേണ്ടുന്ന പണിയായിരുന്നില്ല അയാളുടേത്. ഗൾഫ് ഒരു സാധ്യതയായി നില്ക്കുമ്പോഴും അവിടുത്തെ തൊഴിൽ പ്രശ്‌നങ്ങളും മറ്റും ആശങ്കയായി തുടരുന്നതാണ് പവിത്രന്റെ മടങ്ങിവരവിനു പിന്നിൽ കാണുന്നത്.

ഗൾഫുകാരനെന്ന പറച്ചിലിൽ എന്തെല്ലാം പദവികളാണ് പ്രവർത്തിക്കുന്നതെന്ന് പണിക്കരുടെ പല സമയത്തെ പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാം. ഗൾഫുകാരനെക്കൊണ്ട് മകളെ വിവാഹം ചെയ്യിക്കണം എന്ന ആഗ്രഹം ചായക്കടയിൽ പറയുന്നതു മുതൽ കല്യാണം കഴിഞ്ഞാൽ ദുബായിലേക്ക് മകളെ കൊണ്ടുപോകുമല്ലോ എന്ന ബ്രോക്കറിനോടുള്ള പറച്ചിലിൽ വരെ അതുകാണാം. ഗൾഫെന്നാൽ ദുബായിയാണെന്ന ബോധമായിരുന്നു അന്ന്. ഒരു മായാലോകംപോലെ അതങ്ങനെ നിലകൊള്ളുന്നു. ഗൾഫാണ് ഗൾഫ് എന്നയാൾ ആവർത്തിച്ചു പറയുന്നതിലെ ആനന്ദം ശ്രദ്ധിക്കണം. അയാളുടെ ജാതിപദവിയെയൊക്കെ ഇല്ലാതാക്കുന്ന അതിനെക്കാൾ ഉന്നതമായ സാമൂഹികപദവിയായിട്ടാണത് അയാൾ കാണുന്നത്. ഗൾഫ് എന്ന പറച്ചിലിലൂടെ അവിടുത്തെ തൊഴിൽസാഹചര്യവും മറ്റും മറയ്ക്കപ്പെടുന്നു. പവിത്രൻ ഡ്രൈവറായിരുന്നുവെന്നത് ലോറി വാങ്ങാനുള്ള ചർച്ചയ്ക്കിടിയിലാണ് സ്‌നേഹലത അറിയുന്നതിൽനിന്ന് ഗൾഫ് എങ്ങനെ മായാലോകമായി പ്രവർത്തിച്ചുവെന്ന് മനസ്സിലാക്കാം. പണിക്കരായ ഒരാൾ ഡ്രൈവറായി ജോലിനോക്കുന്നു എന്നതിലെ വർഗ്ഗപരമായ മാറ്റം പ്രധാനമാണ്. ഗൾഫിലൊക്കെ പ്രത്യേകതരം ജോലികളാകാമെന്ന ബോധമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഗൾഫ് പവിത്രനെ മാറ്റിത്തീർത്തത് അയാളുടെ പെരുമാറ്റത്തിൽക്കാണാം. സാമ്പത്തികശേഷിയും മറ്റും ഉണ്ടെന്നറിയിക്കുന്ന ശരീരഭാഷയാണ് പ്രകടമായി കാണുന്നത്. ഭാസ്‌കരന്റെ ശരീരഭാഷയിൽനിന്ന് വിരുദ്ധമായ ഒന്നാണത്. തട്ടാന്റെ ശരീരഭാഷ ഭാസ്‌കരനിൽ കാണുമ്പോൾ ആധുനികതയുടെ തൊഴിലിടവും സാമ്പത്തിക ശേഷിയും രൂപപ്പെടുത്തിയ ശരീരമാണ് പവിത്രനിൽ കാണുന്നത്. അയാൾ കാറുവിളിച്ചാണ് എല്ലായിടത്തും പോകുന്നത്. പണിക്കരുടെ കുടുംബത്തെ വെല്ലുവിളിക്കാനും ആചാരങ്ങളുടെ കുതന്ത്രങ്ങളെ ലംഘിക്കാനും അയാൾക്ക്​ കഴിയുന്നുണ്ട്. പുതിയ തൊഴിൽ സംസ്‌കാരത്തിന് വിത്തുപാകാനും അയാൾക്കു കഴിയുന്നുണ്ട്. പണിക്കരായിട്ടും അതിന്റെ തൊഴിൽപരമായ സാധ്യതകളല്ല അയാൾ ശ്രദ്ധിച്ചതെന്ന് കാണാം.

ലോറിയുടമയാകുന്നതിലൂടെ പുതിയ കച്ചവട നിർമാണ മേഖലയുടെ ഭാഗമായി വരുമാനം കണ്ടെത്താനാണ് അയാളുടെ ശ്രദ്ധ. അതിന്റെ അടയാളമാണ് ലോറി. ആ ലോറി ഓടുന്നത് കേരളത്തിലല്ലെന്ന് ശ്രദ്ധിക്കണം. കോയമ്പത്തൂർ ബോംബെ റൂട്ടിലാണ് ലോറി ഓടുന്നതെന്നാണ് പവിത്രൻ പറയുന്നത്. അതായത് വലിയ തോതിലുള്ള ഒരു ബിസിനസിന്റെ ഭാഗമാകാനും വലിയ തോതിൽ പണം ഉണ്ടാക്കാനുമുള്ള പദ്ധതികളാണ് അയാളുടെ മുന്നിലുള്ളത്. അതിന് കൂടുതൽ മൂലധനം വേണം. അല്ലറചില്ലറ മൂലധനം ആവശ്യമുള്ള പരിപാടികൾ ചെയ്ത് കഴിഞ്ഞുപോകാനുള്ള പ്രവണത മാറുന്നതാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഗൾഫ് എന്ന തൊഴിലിടം കേരളത്തിൽ പ്രവർത്തിച്ചത് തൊഴിലുചെയ്ത് വലിയതോതിലുള്ള ശമ്പളം കിട്ടുന്ന മേഖലയെന്ന മട്ടിലാണ്. തൊഴിലാളികളായോ ഉദ്യോഗസ്ഥരായോ മലയാളികൾ പ്രവർത്തിച്ച് ശമ്പളം പറ്റുന്നു. പവിത്രൻ ഇനി തിരിച്ചുപോകുന്നില്ലെന്നു പറയുമ്പോൾ പണിക്കരും മറ്റും വല്ലാതെ ഞെട്ടുന്നുണ്ട്. അയാൾ കൊണ്ടുവന്ന പെട്ടിയിൽ ഒന്നുമില്ലെന്ന് പറയുമ്പോൾ ഞെട്ടൽ രൂക്ഷമാകുന്നു. ഗൾഫ് എന്ന വാക്ക് മലയാളിക്കെന്താണ് എന്നതിന്റെ സൂചനയാണത്. പിന്നീട് സ്‌നേഹലത വീണ്ടും ഗൾഫിലേക്ക് പോകാൻ പറ്റില്ലേ എന്നു തിരിക്കുന്നുണ്ട്. ഇവിടെ തൊഴിലോ സംരംഭകത്വമോ ചെയ്ത് ജീവിക്കുന്നതിലെ മാന്യതയില്ലായ്മയാണവളെക്കൊണ്ട് ഇത് ചോദിപ്പിക്കന്നത്. ശമ്പളം വാങ്ങുന്നതിനപ്പുറത്ത് സ്വയം പ്രയത്‌നത്തിലൂടെ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതോ മറ്റോ കേരളത്തിൽ അധികം അംഗീകരിക്കപ്പെടുന്നില്ലെന്ന പ്രശ്‌നമാണിത്. അത്തരം കാര്യങ്ങൾക്ക് ഗൾഫിന്റെ മാന്യതയില്ലെന്ന സൂചനയാണിത്. പവിത്രന് ലോറിവാങ്ങാനുള്ള മൂലധനം കണ്ടെത്താൻ പാരമ്പര്യസ്വത്തുകൊണ്ട്കഴിയുന്നില്ലെന്നത് ശ്രദ്ധിക്കണം. അവിടെയാണ് സ്വർണം ഒരു സാധ്യതയായി മാറുന്നത്. എന്നാൽ ആ ശ്രമം പരാജയമായപ്പോൾ പ്രതീക്ഷയുടെ സൂചനനല്കാൻ സിനിമയ്ക്കു കഴിയുന്നുമില്ല. ലോറിവാങ്ങൽ ഒഴിവാക്കി വീണ്ടും ഗൾഫിലേക്ക് പോകേണ്ട അവസ്ഥ പവിത്രന് വന്നുചേരും എന്നുപറയാം.

പൊന്മുട്ടിയിടുന്ന താറാവെന്ന ബാലകഥ അത്യാഗ്രഹം ആപത്താണെന്ന പാഠം മാത്രമല്ല ഉല്പാദിപ്പിക്കുന്നതെന്ന്​ അതിന്റെ സാംസ്‌കാരിക പരിസരം ശ്രദ്ധിച്ചാൽ കാണാം. പെട്ടെന്നു സമ്പന്നരാകാനുള്ള ഒരു ദരിദ്ര കർഷക കുടുംബത്തിന്റെ ശ്രമാണവിടെ കാണുന്നത്. പെട്ടെന്നു സമ്പന്നരാകുന്നതിനായി സ്വർണമുട്ട ഇടുന്ന താറാവിനെ കൊന്നപ്പോൾ താറാവ് ചാകുകയും സ്വർണമുട്ട കിട്ടുന്ന വഴിയടയുകയും ചെയ്തു. സമ്പന്നരാകണം എന്ന ആഗ്രഹം ദരിദ്രരൊക്കെ പുലർത്തുന്നത് ശരിയല്ലെന്നും സമൂഹത്തിലെ പാരമ്പര്യമായി സമ്പന്നരായിരിക്കുന്നവരാണ് ശരിയായ സമ്പന്നരെന്നുമാണ് കഥ പറയുന്നത്. ദരിദ്രരും കീഴാളരും ജാതിനിയമം ലംഘിച്ച് സമ്പന്നരാകാൻ ആഗ്രഹിക്കരുതെന്ന് സന്ദേശമാണതിന്റെ കാതൽ. ഈ സന്ദേശം പോലെ തട്ടാനായ ഒരാൾ പണിക്കരെ വിവാഹംചെയ്യാനും സമ്പന്നനാകാനും ശ്രമിച്ചാൽ ജാതിഗ്രാമം അനുവദിക്കുകയില്ലെന്നാണ് സിനിമ പറയുന്നത്. ആധുനികത പൊറുക്കാത്ത പാപമാണെന്ന് മലയാള സിനിമയിലെ ഗ്രാമങ്ങൾ പറഞ്ഞത് ഇങ്ങനയൊക്കെയാണ്.

Comments