തന്ത്രപരമായ എല്ലാ കരുനീക്കങ്ങള്‍ക്കുമൊടുവില്‍ കളി അതിന്‌റെ പരിസമാപ്തിയിലേയ്ക്ക് എത്തുന്നു. നന്നായി കളിച്ചയാള്‍ സ്വഭാവികമായും വിജയിക്കുന്നു. വളവുതിരിവുകള്‍ നിറഞ്ഞ വഴിയിലൂടെ കഥ പിന്നെയും മുന്നോട്ട് തന്നെ പോകുന്നു. ഒരു പക്ഷേ അടുത്തകളിക്കു വേണ്ടിയുള്ള കരുക്കള്‍ മനസ്സില്‍ അടുക്കി തുടങ്ങിയിട്ടുണ്ടാവും സെലേനയും ബല്‍ത്താസറും. തിരശീലയില്‍ സെലേനയും ബല്‍ത്താസറും ഇനിയും നിറഞ്ഞാടട്ടെ, യഥാര്‍ഥജീവിതത്തില്‍ മറ്റൊരാളുടെ ജീവിതത്തിലേയ്ക്ക് അവരുടെ ഇടപെടലുകള്‍ നീളുന്നിടത്ത് നിയമം ഇടപെടട്ടെ...
5 Nov 2022, 07:30 PM
രാജാവ് വീഴുമ്പോളാണ് ചെസ്സ് കളി അവസാനിക്കുന്നത്. ചെസ്സ് ബോര്‍ഡിലെ രാജാവ് പക്ഷേ അത്ര ശക്തനൊന്നുമല്ല. തൊട്ടടുത്തെത്തിയാല്‍ മാത്രം ശത്രുവിനെ വെട്ടിവീഴ്ത്താം, പ്രാണരക്ഷാര്‍ഥം അങ്ങോട്ടോ, ഇങ്ങോട്ടോ ഒന്നു മാറി നില്‍ക്കാം. എന്നാല്‍ രാജ്ഞിയുടെ കാര്യം അങ്ങനെയല്ല, യഥേഷ്ടം എത്രദൂരം വേണമെങ്കിലും സഞ്ചരിക്കാം, അത്ര ദൂരം തന്നെ തിരിച്ചും വരാം. വഴിയിലെ തടസ്സങ്ങള്‍ വെട്ടി മാറ്റാം, യുദ്ധം ചെയ്യാം. രാജാവിനെക്കാള്‍ കഴിവുള്ള റാണിയെ അത്ര ഇഷ്ടപ്പെടാനിട്ടാണോ എന്തോ, നമ്മള്‍ മലയാളികള്‍ ആ റാണിയെ മന്ത്രി എന്നു വിളിക്കും.
സെലേന എന്ന സ്ത്രീ, തന്ത്രപരമായി കളിച്ചു വിജയിച്ച ഒരു ചതുരംഗകളിയാണ് ചതുരം എന്ന സിനിമ. തന്‌റെ കളത്തില്‍ അവശേഷിച്ച കരുക്കളെ അവര്‍ കൗശലത്തോടെ ഉപയോഗിച്ചു. ആര് എവിടെ നില്‍ക്കണമെന്നും എന്തു ചെയ്യണമെന്നും അവര്‍ തീരുമാനിച്ചു. ഇനി മറുവശത്തു നിന്ന് നോക്കിയാല്‍ ബെല്‍ത്താസറും ഭംഗിയായി തന്നെ കളിക്കുന്നുണ്ടെങ്കിലും സെലേനയുടെ തന്ത്രങ്ങള്‍ക്കുമേല്‍ മറുതന്ത്രങ്ങള്‍ മെനയാന്‍ അയാള്‍ക്ക് കഴിയാതെ പോയി. സെലേനയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ "എനിക്ക് നിന്നെക്കാള്‍ അല്പം കഴിവ് കൂടുതലാണ്...' എന്നതു തന്നെ കാര്യം. ഈ തിരിച്ചറിവ് തന്നെയാണ് സെലേനയെ അടയാളപ്പെടുത്തുന്നതും. തന്‌റെ കഴിവുകളെ കുറിച്ച്, തന്‌റെ സൗന്ദര്യത്തെകുറിച്ച്, തന്‌റെ മുന്നിലുള്ള സാധ്യതകളെ കുറിച്ച് കൃത്യമായ ധാരണകളുള്ള സ്ത്രീ. നീയെന്നെ തോല്‍പ്പിക്കാറായോടി എന്നു ചോദിച്ച് ഭര്‍ത്താവ് ആഞ്ഞടിക്കുമ്പോഴും, ആദ്യമായാണ് ഒരു പെണ്ണ് എന്നെ തോല്‍പ്പിക്കുന്നത് എന്ന് ബല്‍ത്താസാര്‍ നിഷ്‌കളങ്കസ്വരത്തില്‍ പറയുമ്പോഴും, ആണഹന്തയെ ചിരിച്ചു പുച്ഛിച്ച് തള്ളുന്നുണ്ട് സെലേന. സെലേനയാകുന്നതില്‍ സ്വാസികയും, ബല്‍ത്താസര്‍ ആകുന്നതില്‍ റോഷനും വിജയിച്ചു.
കഥാപാത്രങ്ങളുടെ ശരിതെറ്റുകളൊന്നും തന്‌റെ ബാധ്യതായി സിദ്ധാര്‍ഥ് ഭരതന്‍ എന്ന സംവിധായകന്‍ ഇവിടെ ഏറ്റെടുക്കുന്നുമില്ല. ഓരോ കഥാപാത്രത്തെയും അവരുടെ എല്ലാ ചാപല്യങ്ങളോടും കൂടിതന്നെ സ്‌ക്രീനില്‍ ജീവിക്കാന്‍ അനുവദിച്ചു. ഇവിടെ ശരിതെറ്റുകളില്ല ഓരോ കഥാപാത്രങ്ങള്‍ക്കും അവരുടെ ശരികള്‍ മാത്രം, അതിലേയ്ക്കുള്ള വഴികള്‍ മാത്രം. ചിലപ്പോള്‍ ഓരോ കഥാപാത്രവും ചതുരംഗക്കളത്തില്‍ മറ്റൊരാള്‍ നീക്കുന്ന കരുക്കള്‍ മാത്രമാകുന്നു. മറ്റുചിലപ്പോള്‍ കരുക്കള്‍ നീക്കുന്ന കളിക്കാരനും. ഇറോട്ടിക്ക് ഡ്രാമ എന്ന ലേബലിലാണ് മാര്‍ക്കറ്റ് ചെയ്യപ്പെട്ടതെങ്കിലും, സിനിമയുടെ കഥാവഴികളില്‍ സ്വഭാവികമായി സംഭവിക്കാവുന്ന ഒന്ന് എന്നതിനപ്പുറം ഒരു രംഗവും മുഴച്ചു നില്‍ക്കുന്നില്ല.
മറ്റൊരു പ്രധാനകഥാപാത്രം അലന്‍സിയാര്‍ അവതരിപ്പിച്ച അറവീട്ടില്‍ അച്ചായനാണ്. ഭംഗിയുള്ളതെന്തും പണംകൊടുത്ത് വാങ്ങി വീടിനലങ്കാരമായി കൊണ്ടുവയ്ക്കുമ്പോളും അവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാതെ പോയ മനുഷ്യന്‍. നമ്മള്‍ കണ്ടു ശീലിച്ച ആണഹന്തയുടെ മൂര്‍ത്തീരൂപം. ചതുരംഗക്കളിയില്‍ തന്‌റെ റോള്‍ അലന്‍സിയര്‍ ഭംഗിയായി കളിച്ചു തീര്‍ത്തു. ഒപ്പം മറ്റു കഥാപാത്രങ്ങളും. കാഴ്ചയ്ക്ക് അലോസരമുണ്ടാക്കാതെ കഥയുടെ മൂഡ് മുന്നോട്ട് കൊണ്ടു പോകുവാന്‍ ഛായാഗ്രാഹകനും സാധിച്ചു... അത് അങ്ങനെയൊക്കെത്തന്നെയെന്ന് കാഴ്ചക്കാര്‍ക്ക് ഊഹിച്ചെടുക്കാമെന്നിരിക്കെ പിന്നിലേയ്ക്ക് പോയി പലവട്ടം എടുത്തുകാണിച്ച ചില ഫ്‌ളാഷ് ബാക്കുകളില്‍ മാത്രം ഇത്രമാത്രം വ്യക്തമാക്കി കൊടുക്കേണ്ടതുണ്ടായിരുന്നോ എന്നൊരു സംശയം തോന്നി... കഥാകൃത്ത് വിനോയ് തോമസും സിദ്ധാര്‍ഥ് ഭരതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
തന്ത്രപരമായ എല്ലാ കരുനീക്കങ്ങള്‍ക്കുമൊടുവില്‍ കളി അതിന്‌റെ പരിസമാപ്തിയിലേയ്ക്ക് എത്തുന്നു. നന്നായി കളിച്ചയാള്‍ സ്വഭാവികമായും വിജയിക്കുന്നു. കഥയിവിടെ അവസാനിക്കുന്നുമില്ല... വളവുതിരിവുകള്‍ നിറഞ്ഞ വഴിയിലൂടെ പിന്നെയും മുന്നോട്ട് തന്നെ പോകുന്നു. ഒരു പക്ഷേ അടുത്തകളിക്കു വേണ്ടിയുള്ള കരുക്കള്‍ മനസ്സില്‍ അടുക്കി തുടങ്ങിയിട്ടുണ്ടാവും സെലേനയും ബല്‍ത്താസറും... തിരശീലയില്‍ സെലേനയും ബല്‍ത്താസറും ഇനിയും നിറഞ്ഞാടട്ടെ... യഥാര്‍ഥജീവിതത്തില്‍ മറ്റൊരാളുടെ ജീവിതത്തിലേയ്ക്ക് അവരുടെ ഇടപെടലുകള്‍ നീളുന്നിടത്ത് നിയമം ഇടപെടട്ടെ...
ഷാജു വി. ജോസഫ്
Feb 01, 2023
5 Minutes Read
റിന്റുജ ജോണ്‍
Jan 30, 2023
5 Minutes Watch
റിന്റുജ ജോണ്‍
Jan 28, 2023
4 Minutes Watch
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read