കുട്ടികളുടെ സ്മാർട്ട്​ ഫോണുകളുടെ സെക്യൂരിറ്റി എവിടെനിന്ന് തുടങ്ങണം?

പെഡോഫൈലുകൾ, അശ്ലീലസാഹിത്യം, അക്രമം, ഹാക്കർമാർ, ഭീകരത, മയക്കുമരുന്ന് എന്നിവയാൽ നിറഞ്ഞ അപകടകരമായ സ്ഥലമാണ് അനിയന്ത്രിതമായ ഇന്റർനെറ്റ് ആക്സസ് എന്നതുകൊണ്ട് രക്ഷിതാവ് എന്ന നിലയിൽ നിങ്ങളുടെ കുട്ടികൾക്ക് അവരുടെ സ്മാർട്ട്ഫോൺ സുരക്ഷിതമാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.

കുട്ടികൾക്ക് അവരുടെ സ്മാർട്ടഫോണുകളിന്മേൽ സ്വതന്ത്ര നിയന്ത്രണം നൽകുന്നത് നീന്തൽ പഠിപ്പിക്കുന്നതിനുമുമ്പേ അവരോട്​ സ്വിമ്മിങ്പൂളിലേയ്ക്ക് ഇറങ്ങി നീന്താൻ പറയുന്നതിന് തുല്യമാണ്. ഈ സ്വതന്ത്ര നിയന്ത്രണത്തിന്​പ്രത്യേകം പ്രായമൊന്നുമില്ല. അത് ഓരോ കുട്ടിയുടെയും മെച്യൂരിറ്റി അനുസരിച്ചിരിക്കും. അത് മനസ്സിലാക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്.

പെഡോഫൈലുകൾ, അശ്ലീല സാഹിത്യം, അക്രമം, ഹാക്കർമാർ, ഭീകരത, മയക്കുമരുന്ന് എന്നിവയാൽ നിറഞ്ഞ അപകടകരമായ സ്ഥലമാണ് അനിയന്ത്രിതമായ ഇന്റർനെറ്റ് ആക്സസ് എന്നുള്ളതുകൊണ്ട് ഒരു രക്ഷിതാവ് എന്ന നിലയിൽ നിങ്ങളുടെ കുട്ടികളുടെ സ്മാർട്ട്ഫോൺ സുരക്ഷിതമാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതുപോലെ നിങ്ങളുടെ കുട്ടിക്ക് അവന്റെ അല്ലെങ്കിൽ അവളുടെ സ്വന്തം സ്മാർട്ട്ഫോൺ നൽകാനുള്ള സമയമാണിതെന്ന് നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, അത് സുരക്ഷിതമാണെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

കുട്ടികളുടെ സ്വന്തം ആപുകൾ

കുട്ടികളുടെ പഠനം ഓൺലൈനായതോടെ, അവരുടെ മൊബൈൽ ഫോൺ ഉപയോഗവും കൂടിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾക്കൊപ്പം, മറ്റ് നിരവധി ഏരിയകളിലേക്ക് ഓൺലൈനിലൂടെ അവർക്ക് കടന്നുചെല്ലാം. ഇത് ഒരുതരത്തിലുമുള്ള മോണിറ്ററിംഗിന് വിധേയമാക്കപ്പെടുന്നുമില്ല. ഡിജിറ്റൽ ഗെയിമുകളും മറ്റുതരം കണ്ടന്റുകളുമെല്ലാം പലതരത്തിൽ അവരെ സ്വാധീനിക്കാം. ഓൺലൈൻ പഠനത്തിന്റെ പേരിൽ ഇന്ത്യയിലെ 60 ശതമാനം വിദ്യാർഥികളും മെസേജിംഗ് ആപുകൾ ഉപയോഗിക്കുന്നതായി നാഷനൽ കമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (എൻ.സി.പി.സി.ആർ) നടത്തിയ പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. പത്തുശതമാനം കുട്ടികൾ മാത്രമാണത്രേ സ്മാർട്ട് ഫോൺ, ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്നത്. വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ്പ് ചാറ്റ് തുടങ്ങിയ മെസേജിംഗ് ആപുകളാണ് കുട്ടികൾ കൂടുതലായും ഉപയോഗിക്കുന്നത്. ഇതെല്ലാം പലതരത്തിലുള്ള പ്രതികൂലമായ കണ്ടന്റുകളിലേക്ക് കുട്ടികളെ നയിക്കുമെന്നും പഠനം മുന്നറിയിപ്പുനൽകുന്നു.

ഓൺലൈൻ ഗയിമുകൾ കുട്ടികളുടെ ജീവൻ പോലും അപഹരിക്കുംവിധമുള്ള ഭീഷണിയായി മാറുന്നുണ്ട്. 2021ൽ നടത്തിയ ഒരു പഠന റിപ്പോർട്ടനുസരിച്ച്, നാലിനും പതിനഞ്ചിനുമിടയ്ക്കുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനിറ്റ് ഫ്രീ ഫയർ ഗയിം കളിക്കുന്നതായി കേരള പൊലീസിന്റെ വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്ന എന്നൊരു പരിഹാര നിർദേശവും പൊലീസ് മുന്നോട്ടുവച്ചിരുന്നു.

ആദ്യപടി, ആപ്പ്​ അൺ- ഇൻസ്​റ്റാൾ

പല മാതാപിതാക്കളും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘എവിടെ നിന്നാണ് തുടങ്ങേണ്ടത് ഈ സുരക്ഷ?'

ആദ്യപടി, ആവശ്യമില്ലാത്ത ആപ്പുകൾ അൺ- ഇൻസ്റ്റാൾ ചെയ്യുകയാണ് . നിങ്ങളുടെ കുട്ടികളെ, അവർ ഉപയോഗിക്കരുത് എന്ന് നിങ്ങളാഗ്രഹിക്കുന്ന ആപ്പുകളിൽ നിന്ന് അകറ്റി നിർത്താനുള്ള ഏറ്റവും ഉറപ്പുള്ള മാർഗം അവർക്ക് അവരുടെ സ്വന്തം ഫോൺ നൽകുന്നതിനുമുമ്പ് ഈ ആപ്പുകൾ അൺ- ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. പ്രായമനുസരിച്ച്​ അവർക്ക്​ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള പെർമിഷൻ അഥവാ അനുവാദം കൊടുക്കാതിരിക്കാം. കുട്ടികൾ ഇന്നത്തെ വിവരസാങ്കേതിക ലോകത്തുജീവിക്കുന്നതുകൊണ്ട്​ ഇതിനെ മറികടക്കാൻ പല ടെക്​നിക്കുകളും പലയിടങ്ങളിൽ നിന്നും കണ്ടുപിടിച്ചേക്കാം . സേർച്ച് എൻജിനുകളും മറ്റു സുഹൃത്തുക്കളും അവരെ സഹായിക്കാനുണ്ടെന്ന് മറക്കരുത്. ഇമ്മാതിരി കാര്യങ്ങളിൽ അവർ നമ്മളെക്കാൾ ഒരു പടി മുന്നിലുമാണ്. പല സ്മാർട്ട് ഫോൺ പ്ലാറ്റുഫോമുകളും പല രീതിയിലാണ് ഈ റെസ്ട്രിക്ഷൻ ഇംപ്ലിമെൻറ്​ ചെയ്യാറുള്ളത്. ഏതു സ്മാർട്ട് ഫോൺ നിങ്ങൾ കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതനുസരിച്ചിരിക്കും എങ്ങനെയാണ് ഇത് കോൺഫിഗർ ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ.

നിങ്ങളുടെ സ്മാർട്ട്​ഫോണാണ് കുട്ടികൾക്ക് തൽക്കാലം ഉപയോഗിക്കാൻ കൊടുക്കുന്നതെങ്കിൽ ഇത് പ്രവർത്തികമല്ല താനും. പല മാതാപിതാക്കളും കുട്ടികളെ എൻഗേജ്ഡ് ആക്കിയിരുത്താൻ ചിലപ്പോൾ അവരുടെ സ്മാർട്ട്ഫോ​ണുകൾ കൊടുക്കാറുണ്ട്. ഇതൊരു നല്ല പ്രവണതയല്ല എന്ന് പറയേണ്ടി വരും. മുതിർന്നവരുടെ സ്മാർട്ട്​ഫോണുകൾക്ക്​ ഓപ്പൺ ഇന്റർനെറ്റ് ആക്‌സസ്​ ഉള്ളതുകൊണ്ട് കുട്ടികൾ അറിഞ്ഞോ അറിയാതെയോ പലതും കണ്ടെത്തിയേക്കാം എന്നുള്ളതുകൊണ്ടാണിത്.

ഗൂഗിൾ സേഫ്​ സെർച്ച്​ ഉപയോഗിക്കുക

ഇക്കാലത്ത് ഇന്റർനെറ്റിൽ അശ്ലീലം വളരെ സാധാരണമാണ്. ഗൂഗിൾ സെർച്ചിൽ ‘സെക്സ്’ എന്ന വാക്ക് ടൈപ്പ് ചെയ്യുന്നതുപോലെ എളുപ്പമാണ് പോൺ തിരയുന്നത്. അതുകൊണ്ടാണ് Google Safe Search ഉപയോഗിക്കണമെന്നുപറയുന്നത്​. നിങ്ങൾ കുട്ടികൾക്കുവേണ്ടി Google ഉപയോഗിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ,Google Safe Search ഉപയോഗിക്കുന്നത് ഉറപ്പാക്കുക. ഗൂഗിൾ സെർച്ച് ഫലങ്ങളിൽ നിന്ന് വ്യക്തമായ ചിത്രങ്ങൾ, വീഡിയോകൾ, വെബ്സൈറ്റുകൾ എന്നിവ ഗൂഗിൾ സേഫ് സെർച്ച് തടയുന്നു. Google Safe Search 100% കൃത്യതയുള്ളതായിരിക്കില്ലെങ്കിലും, അത് ഏറ്റവും എക്​സ്​പ്ലിസിറ്റ്​ (explicit) ആയ ഉള്ളടക്കത്തെ തടയുന്നു. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്തശേഷം സെറ്റിങ്‌സിൽ ചെന്ന് അക്കൗണ്ട് പ്രൈവസിയിൽ നിങ്ങൾക്കിത് ഓണാക്കാം.

അടുത്തത് ആപ്​ സ്റ്റോറിലോ പ്ലേ സ്റ്റോറിലോ ‘പാരന്റൽ കൺട്രോൾസ് ' ഓണാക്കുക എന്നതാണ്. നിങ്ങളുടെ അനുമതിയില്ലാതെ അവർക്ക്​ ആപ്പുകളോ ഗെയിമുകളോ വാങ്ങാതിരിക്കാനുള്ള മുൻകരുതലാണിത്. പല ഗെയിമുകളും ആഡ് - ബേസ്ഡ് റവന്യൂ മോഡലായിരിക്കും. അതുകൊണ്ട്​. അതുപോലെയുള്ള ഗെയിമുകൾ കളിക്കാരെ കൂടുതൽ ‘In - App Purchase ' ചെയ്യാൻ പ്രേരിപ്പിക്കും. കുട്ടികൾക്കിതു അറിഞ്ഞുകൊള്ളണമെന്നില്ല . നിങ്ങളുടെ ക്രെഡിറ്റുകാർഡ് ആണ് ഡിഫോൾട്ട്​ പേയ്‌മെൻറ്​ മെത്തേഡ്​ എങ്കിൽ നിങ്ങളറിയാതെ തന്നെ കുട്ടികൾ ‘In - App Purchase' ഓ അഥവാ ആപ്പുകളുടെ ഡൗണ്‌ലോഡോ ചെയ്‌തെന്നിരിക്കും. നിങ്ങളുടെ ക്രെഡിറ്റുകാർഡ് ബില്ലുകളും സ്റ്റേറ്റ്‌മെന്റുകളും പരിശോധിക്കുന്നതും ഇങ്ങനെയെന്തെങ്കിലും നടക്കുന്നുണ്ടോ എന്നറിയാനും അവ കണ്ടുപിടിക്കാനും സഹായിക്കും .

‘പാരന്റൽ കൺട്രോൾസ്' പിൻ പ്രൊട്ടക്ടഡ് ആണെങ്കിൽ, 1234, 1111, 0987 എന്നിങ്ങനെയുള്ള, അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ ജനനത്തീയതി പോലെ എളുപ്പമുള്ള പിൻകോഡുകൾ ഉപയോഗിക്കരുത്. നിങ്ങളുടെ കുട്ടി നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ മിടുക്കനോ മിടുക്കിയോ ആയിരിക്കാം .

യു ട്യൂബിനും ഒരു നിയന്ത്രിത മോഡുണ്ട്

യു ട്യൂബ്​ നിയന്ത്രിത മോഡ്​ അല്ലെങ്കിൽ കുട്ടികളുടെ മോഡ്​ ഉണ്ടെന്നത് പലർക്കും അറിയാമായിരിക്കും . നിങ്ങൾ എപ്പോഴെങ്കിലും യു ട്യൂബിൽ വീഡിയോകൾക്കായി തിരഞ്ഞിട്ടുണ്ടെങ്കിൽ, ചില യു ട്യൂബർമാർ ലൈംഗികപ്രകോപനപരമായ വീഡിയോകളോ ലഘുചിത്രങ്ങളോ തമ്പ് നൈലായി പോസ്റ്റ് ചെയ്ത് കാഴ്ചക്കാരെ ‘ക്ലിക്ക് ബെയ്റ്റ്' ചെയ്യാൻ നോക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടാകും . ഇതൊരു വലിയ പ്രശ്‌നം തന്നെയാണ്. യു ട്യൂബിൽ അശ്ലീല വീഡിയോകളും തീവ്രവാദികൾ ബന്ദികളെ വധിക്കുന്ന വീഡിയോകളും പോലെ ധാരാളം നിയമവിരുദ്ധമായ ഉള്ളടക്കങ്ങളുണ്ട്. നിങ്ങളുടെ കുട്ടികൾ അവയിൽ നിന്ന് മാറിനിൽക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ യു ട്യൂബിനും ഒരു നിയന്ത്രിത മോഡുണ്ട് എന്നതും അതു സുരക്ഷിതമായി ഉപയോഗിക്കുകയും ചെയ്യാം എന്നതും ഒരു നല്ല കാര്യമാണ്.

ഐ ഫോണിൽ ‘screentime' ഓപ്ഷനിലാണ് നിങ്ങൾക്ക്​ ‘content & privacy restrictions' സെറ്റ് ചെയ്യാവുന്നത് ലിങ്ക് ഇവിടെയുണ്ട്: https://support.apple.com/en-us/HT201304. ആൻഡ്രോയിഡിൽ ഇതേ സെറ്റിംഗ്‌സ് ചെയ്യാനുള്ള ലിങ്ക് ഇവിടെയുണ്ട്: https://support.google.com/googleplay/answer/1075738?hl=en

കുട്ടികളാണ്​ ടാർഗറ്റ്​

സമൂഹമാധ്യമങ്ങളുടെ സുരക്ഷാ പ്രാധാന്യവും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇന്റർനെറ്റ് അഥവാ സൈബർസ്‌പേസ് അനോണിമിറ്റിക്കു പേരുകേട്ടതാണ്. അതായത് ശരിയായ പേരോ മറ്റുവിവരങ്ങളോ കൈമാറാതെ തന്നെ പലരുമായും ആശയവിനിമയം ചെയ്യാം. അതുകൊണ്ട്​, എന്തൊക്കെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പറയാം എന്നതിനെക്കുറിച്ചും കുട്ടികളോട് പറഞ്ഞുമനസ്സിലാക്കാം. പല സമൂഹമാധ്യമങ്ങൾക്കും അക്കൗണ്ട് തുടങ്ങാൻ പ്രായപരിധിയുണ്ടെങ്കിലും അതൊക്കെ എങ്ങനെ മറികടക്കാം എന്ന് ഇന്നത്തെ കുട്ടികൾക്കറിയാം എന്നത് മറക്കരുത്. കുട്ടികളുമായുള്ള തുറന്ന സംഭാഷണം തന്നെയാണ് ആദ്യത്തെ കടമ്പ .

ഇന്നത്തെക്കാലത്ത്​ പല സമൂഹമാധ്യമ പ്ലാറ്റുഫോമുകളിലൂടെയും കുട്ടികൾ ടാർഗറ്റ് ചെയ്യപ്പെടാം.

ഒരു സന്ദേശമയയ്ക്കൽ ആപ്ലിക്കേഷൻ അല്ലെങ്കിൽ ‘ആപ്പ്' എന്നത് ഒരു ചാറ്റ് ആപ്ലിക്കേഷനോ പ്ലാറ്റ്ഫോമോ ആണ്, അത് ആൾക്കാരെ തൽക്ഷണം സന്ദേശമയയ്ക്കാനും അവരുടെ കമ്പ്യൂട്ടറുകളിലൂടെയോ മൊബൈൽ ഉപകരണങ്ങളിലൂടെയോ പരസ്പരം ബന്ധിപ്പിക്കാനും പ്രാപ്തമാക്കുന്നു. Facebook Messenger, Kik, WhatsApp, WeChat, Snap, Telegram, Slack എന്നിവ മെസേജിംഗ് ആപ്പുകളിൽ ഉൾപ്പെടുന്നു. ഈ ആപ്പുകൾ ഉപയോഗിക്കാൻ എളുപ്പമാണ്. ഒപ്പം, ലോകമെമ്പാടുമുള്ള മറ്റുള്ളവരുമായി തൽക്ഷണം കണക്റ്റുചെയ്യാനുള്ള സൗജന്യവും എളുപ്പവുമായ മാർഗം പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും, അവയിലൂടെയുള്ള കമ്മ്യൂണിക്കേഷനിലുള്ള സുരക്ഷാ നടപടികളുടെ അഭാവം കുട്ടികളെയും യുവാക്കളെയും അനാവശ്യ സമ്പർക്കത്തിലേക്കും വിവരങ്ങളുടെയും മറ്റും നിരീക്ഷണമില്ലാത്ത വിതരണത്തിനും വിധേയമാക്കിയേക്കാം.

സുരക്ഷാ മുൻകരുതലുകൾ

മാതാപിതാക്കളെന്ന നിലയിൽ കുട്ടികളുമായി പങ്കുവെയ്ക്കാവുന്ന ചില സുരക്ഷാമുൻകരുതലുകൾ:

ഓൺലൈനിൽ എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിനുമുമ്പ് ചിന്തിക്കുക. തിരിച്ചെടുക്കലുകളൊന്നുമില്ലെന്ന് അവരെ ഓർമിപ്പിക്കുക.

ലൈംഗികതയെ സൂചിപ്പിക്കുന്ന ചിത്രമോ വീഡിയോയോ ഒരിക്കലും അയയ്ക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത്; ആരെങ്കിലും അങ്ങനത്തെ ചിത്രങ്ങൾ അയയ്ക്കുകയോ അല്ലെങ്കിൽ അങ്ങനത്തെ ചിത്രങ്ങൾ അയക്കാൻ അഭ്യർത്ഥിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ മാതാപിതാക്കളോട് പറയണം.

അവർക്ക് ഭീഷണിപ്പെടുത്തുന്നതോ മോശമായതോ ലൈംഗികമായതോ ആയ സന്ദേശം ലഭിച്ചാലുടൻ തന്നെ മാതാപിതാക്കളോട് പറയുക. അയച്ചയാളിൽ നിന്നുള്ള കൂടുതൽ ആശയവിനിമയങ്ങൾ തടയുക.

വിശ്വാസവും ബന്ധവും കെട്ടിപ്പടുക്കൽ, സ്‌നേഹം / പ്രണയം, സമ്മാനങ്ങൾ, ജോലികൾ, മെച്ചപ്പെട്ട ജീവിതത്തിന്റെ വാഗ്ദാനങ്ങൾ എന്നിവ ഉൾപ്പെടെ, ഓൺലൈൻ തട്ടിപ്പുകാരുടെയും വേട്ടക്കാരുടെയും ചില തന്ത്രങ്ങൾ എങ്ങനെ തിരിച്ചറിയാമെന്ന് അവരെ പഠിപ്പിക്കുക.

അജ്ഞാതരായ ആൾക്കാരിൽനിന്ന്​ ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, മറുപടി നൽകരുത്. സൈബർലോകത്തെ ചതിക്കുഴികളിൽ പല സംഭാഷണങ്ങളും തുടങ്ങുന്നത് ഇങ്ങനെയൊക്കെയായിരിക്കും പലപ്പോഴും.

പരിചയമില്ലാത്ത ഒരാളെ ഒരിക്കലും അവരുടെ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കാൻ അനുവദിക്കരുത്. മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് പ്രവർത്തനക്ഷമമാക്കിയ ഉപകരണം ശ്രദ്ധിക്കാതെ വിടരുത്.

(ഇന്ത്യയിലെ സൈബർ നിയമങ്ങളും, നിങ്ങൾക്കെതിരെ ഒരു സൈബർ ആക്രമണമുണ്ടായാൽ എങ്ങനെ പരാതിപ്പെടണമെന്നും എന്നതിനെക്കുറിച്ചു അടുത്ത ലേഖനത്തിൽ).

Comments