ചുരുളി: കാണാക്കാഴ്ചകളുടെ പറുദീസ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുതിയ സിനിമ 'ചുരുളി' കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചു. കുറ്റം ചെയ്തവരെയും അവരെ അന്വേഷിക്കാനെത്തിയവരെയും ഒന്നായി മാറ്റുന്ന മാന്ത്രികത 'ചുരുളി'ക്കുണ്ടെന്ന് ലേഖിക

മെെലാടും പറമ്പിൽ ജോയ് എന്ന കുറ്റവാളിയെ അന്വേഷിച്ച് ചുരുളിയിൽ എത്തുന്ന പൊലീസ്‌ ഉദ്യോഗസ്ഥരായ ഷാജീവനും ആന്റണിയും (വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്) തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകത്തെയാണ് അവിടെ കാണുന്നത്. അവർക്കൊപ്പം ചുരുളിയിലേക്ക് എത്തുന്നവർ ആരംഭത്തിൽ സാധാരണ മനുഷ്യരാണ്. എന്നാൽ ചുരുളിയിൽ എത്തുന്ന നിമിഷം മുതൽ അവർ ചുരുളി മലയാളത്തിൽ കേട്ടാലറയ്ക്കുന്ന തെറി പറയുന്നവരും, അക്രമാസക്തരുമായി മാറുന്നു. ഇവിടെയുണ്ടാകുന്ന ഭാവമാറ്റം ചുരുളിയുടെ ലോകത്തെപ്പറ്റിയുളള ഒരു മുന്നറിയിപ്പ് കൂടിയാണ്.
ചുരുളി മലയാളം പോലും സിനിമയുടെ സൃഷ്ടി ആണ്. ബ്രില്ല്യന്റായ ഒരു ചിന്തയാണിത്.

'ചുരുളി'യിലെ ഒരു രംഗം

വിനോയ് തോമസിന്റെ കഥയായ "കളിഗെമിനാറിലെ കുറ്റവാളികൾ' ആണ് സിനിമയുടെ അടിസ്ഥാനം. കഥയിലുടനീളമുള്ള തെറികൾ ആവണം സിനിമയ്ക്കുള്ളിലെ ചുരുളി മലയാളത്തിലുള്ള സംഭാഷണങ്ങൾ. പുതിയൊരു ഭാഷ തന്നെ ഇതിനായി രൂപപ്പെടുത്തി എന്നത് അഭിനന്ദനാർഹമാണ്. എന്നാൽ ട്രെയിലറിൽ ഉണ്ടായിരുന്ന ആത്മീയതയുടെ മയിര് എന്ന വാക്യം സിനിമയിൽ നിന്നും മുറിച്ചുമാറ്റപ്പെട്ടു എന്നത് നിരാശയാണ് സമ്മാനിച്ചത്.

വിനോയിയുടെ കഥ തന്നെ അമ്പരപ്പിക്കുന്ന ഒന്നാണ്. എന്നാൽ സിനിമ കഥയുടെ പ്രതലങ്ങളിൽ നിന്നും ഒരുപാട് മുകളിലേക്ക് ഉയർന്നു നിൽക്കുകയാണ്. സ്ഥലകാല നിയമങ്ങൾ ചുരുളിയിൽ അപ്രസക്തമാണ് . ചുരുളിയിൽ എത്തുന്നവർ തങ്ങൾ ഇത്രയും കാലം ചുരുളിയിൽ തന്നെ ജീവിച്ചിരുന്നു എന്ന് കരുതി പോകുന്നവരാണ്. അവിടെ കാലം ആവർത്തിക്കപ്പെടുകയാണ്. സിനിമയിലുടനീളം ഈ ആവർത്തനം കാണാൻ കഴിയും. അത് ചുരുളിയിലെ ലോകത്തിന്റെ മാത്രം പ്രത്യേകതയാണ്.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

കുറ്റം ചെയ്തവരെയും അവരെ അന്വേഷിക്കാനെത്തിയവരെയും ഒന്നായി മാറ്റുന്ന മാന്ത്രികത ചുരുളിക്കുണ്ട്. കുറ്റവാളിയും നിയമപാലകരും തമ്മിലുള്ള ദൂരം നേർത്തുനേർത്ത് ഇല്ലാതാകുന്നത് കാണാം. ത്രിമാനവും ചാക്രികവും ആണ് ചുരുളിയിലെ ജീവിതം. ചക്രാകാരമായ ചുരുളിക്കുള്ളിൽ എല്ലാ ജീവിതങ്ങളും പരസ്പരം ഇഴചേർന്നു കിടക്കുന്നവയാണ്. മനുഷ്യന്റെ ഉള്ളിലെ മൃഗീയ ചോദനകൾ ജെല്ലിക്കെട്ടിലെ പോലെ ഇവിടെയും ആവർത്തിക്കുന്നുണ്ട്. അവന്റെ ഉള്ളിലെ സദാചാരവും നിയമങ്ങളും ചുരുളിയിൽ എത്തുമ്പോൾ ഇല്ലാതാകുന്നു. രണ്ടുകാലിൽ ഉയർന്നുനിൽക്കുന്ന ഒരു മൃഗം മാത്രമാണ് ഇവിടെ മനുഷ്യൻ.

മാടന്റെയും നമ്പൂതിരിയുടെയും കഥയിൽ തുടങ്ങി അതേ കഥയിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ കുട്ടയിൽ ഉള്ളത് മാടൻ തന്നെയാണ് എന്ന് തിരിച്ചറിയാത്ത നമ്പൂതിരിയും അന്വേഷിച്ചു ചെന്ന കുറ്റവാളികൾ തങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ടെന്നു തിരിച്ചറിയാത്ത നിയമപാലകരും ചുരുളിക്കുള്ളിൽ ഒന്ന് തന്നെയാണ്.

ജെല്ലിക്കെട്ടിന്റെ ക്ലൈമാക്സിലെ പോലെ താൻ ഉദ്ദേശിച്ചത് എന്തെന്ന് ലിജോ പക്ഷെ ചുരുളിയിൽ പറഞ്ഞു വെക്കുന്നില്ല. അത് സിനിമയുടെ ചുഴിയിൽ അകപ്പെട്ടുപോയ പ്രേക്ഷകന് തീരുമാനിക്കാവുന്നതാണ്.
ചാക്രികമായ, കാലം നിരന്തരം ആവർത്തിക്കപ്പെടുന്ന, ഒരാളിൽ നിന്നും അടുത്തയാളിലേക്ക് പടർന്നുകയറുന്ന ചോദനകളുള്ള ഒരു ലോകത്തെ കാണിച്ചുതന്നു കൊണ്ടാണ് ലിജോ സിനിമ അവസാനിപ്പിക്കുന്നത്. സിനിമയുടെ ഒടുവിലും ഇനി എന്താവും എന്ന ആകാംക്ഷയിൽ സീറ്റിൽനിന്ന് എഴുന്നേൽക്കാനാകാതിരുന്നവരെയാണ്‌ ഐ.എഫ്.എഫ്.കെ.യിൽ കണ്ടത്.

ചുരുളിയുടെ കഥാകൃത്ത് വിനോയ് തോമസ്, തിരക്കഥാകൃത്ത് എസ്. ഹരീഷ്

സിനിമയുടെ വിഷ്വൽസും പശ്ചാത്തല സംഗീതവും മികവുറ്റവയാണ്. അതിനാൽ എൻഡ് ക്രെഡിറ്റിൽ ഏറ്റവുമധികം കൈയ്യടി ഉയർന്നു കേട്ടത് ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠനും, സംഗീതം ചെയ്ത ശ്രീരാഗ് സജിക്കും ഭംഗിയോടെ ചുരുളിയെ ചേർത്ത് വെച്ച എഡിറ്റർ ദീപു ജോസഫിനും വേണ്ടിയായിരുന്നു. വിനോയ് തോമസിന്റെ കഥയോട് ചേർന്ന് നിൽക്കുന്ന തിരക്കഥയാണ് എസ്. ഹരീഷിന്റേത്. മാടന്റെയും നമ്പൂതിരിയുടെയും കഥയ്ക്ക് ശബ്ദം നല്കുകയും സിനിമയിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ഗീതി സംഗീതയുടെ മികവും എടുത്ത് പറയേണ്ടതുണ്ട്. എന്നാൽ മറ്റാരേക്കാളും
മികവുറ്റതായി തോന്നിയത് വിനയ് ഫോർട്ടിന്റെ പ്രകടനമാണ്. ഷാജിവന്റെ ഭയവും ആകുലതകളും പിന്നീട് അയാളിൽ ഉണ്ടാവുന്ന ഭാവ മാറ്റങ്ങളും എത്ര കയ്യടക്കത്തോടെയാണ് അയാൾ കാഴ്ച വെച്ചത്.

ഒരുപക്ഷേ എല്ലാ അർത്ഥ തലങ്ങളും ഉൾകൊള്ളാൻ സിനിമ ഒന്നിലധികം കാഴ്ച ആവശ്യപ്പെടുന്നുണ്ടാവും. പക്ഷേ ഒന്ൻ ഉറപ്പാണ്, സിനിമ അവസാനിക്കുമ്പോഴും നിങ്ങൾ ചുരുളിക്കുള്ളിലൂടെ ആവർത്തിച്ച് യാത്ര ചെയ്തുകൊണ്ടേയിരിക്കും.

Comments