ലോകത്തെ വിസ്മയിപ്പിച്ച തമ്പുകൾ അന്നം തേടുന്നു

പുതിയ കാലത്തിനൊപ്പം ഒഴുകാൻ സാധിക്കാതെ കരക്കടിഞ്ഞുപോയ അവസ്ഥയാണ് സർക്കസ്സിന്. ഊർദ്ധശ്വാസം വലിക്കുന്നത് ചരിത്രമാണ്. തോറ്റുപോകുന്നത് മനുഷ്യാധ്വാനവും അപൂർവ്വമായ കലയുമാണ്. വർണ്ണാഭമായിരുന്ന കൂടാരങ്ങൾക്ക് മുകളിൽ നിസ്സഹായതയുടെ ഓട്ടകളാണ്. ലോകത്തെ വിസ്മയിപ്പിച്ച തമ്പുകൾ അന്നം തേടുന്ന സ്ഥിതിയാണ്. ‘ഡൽഹി ലെൻസ്​’ പരമ്പര തുടരുന്നു.

Delhi Lens

തമ്പുകൾക്ക് വിശക്കുന്നുണ്ട്

നക് പുരിയിൽ മെട്രൊ ഇറങ്ങുമ്പോൾ ഇരുട്ടിത്തുടങ്ങുന്നേയുള്ളൂ. പുറത്ത് വീടണയാൻ ഒഴുകുന്ന ആൾകൂട്ടമാണ്. മെട്രോ യാത്രക്കാരെ കാത്ത് സൈക്കിൾ റിക്ഷക്കാർ വലിയ ശബ്ദത്തിൽ വിളിച്ചുകൂവുന്നുണ്ട്. അവരോട് യാത്രക്കാരിൽ ചിലർ പത്തു രൂപയെങ്കിലും കുറയ്ക്കാനായി വിലപേശുന്നു. വലിയ അധ്വാനമാണ് പുറകിൽ ആളെയിരുത്തി റിക്ഷ ചവിട്ടാൻ. ഇരുപതോ മുപ്പതോ രൂപയാണ് പരമാവധി ഒരു യാത്രക്ക് കിട്ടുന്നത്. അതിലാണ് വിലപേശൽ നടക്കുന്നത്.

ദൈന്യത കലർന്ന ഭാവത്തോടെ ഒരാൾ മുന്നിലേക്ക് വന്നു. സർക്കസ്സ് തമ്പിലേക്കാണെന്ന് പറഞ്ഞപ്പോൾ പരുക്കൻ ശബ്ദത്തിൽ സീറ്റ് തുടച്ചുകൊണ്ട് കയറാൻ പറഞ്ഞു. നഗരത്തിലെ പകുതി ചളി അദ്ദേഹത്തിന്റെ ഷർട്ടിലുണ്ട്. സൈക്കിളിന് വഴിയൊരുക്കാൻ വലിയ ശബ്ദമുണ്ടാക്കി ആളുകളുടെ ശ്രദ്ധതിരിച്ചു. ഇരുഭാഗങ്ങളിലേക്ക് മാറിയ ജനക്കൂട്ടത്തിന് ഇടയിലൂടെ ഞങ്ങൾ നീങ്ങി. സർവ്വശക്തിയുമെടുത്താണ് അദ്ദേഹം ചവിട്ടുന്നത്. ഓരോ തവണ ചവിട്ടുമ്പോഴും ഉള്ളിലേക്ക് എടുക്കുന്ന ദീർഘനിശ്വാസം എത്രമാത്രം അധ്വാനമുള്ള പണിയാണെന്ന് വ്യക്തമാക്കും.

ആൾത്തിരക്കിൽ നിന്നും അതിവേഗം ഗലികളിലേക്ക് കടന്നു. വലിയ റോഡുകൾ പകുതിയായി ചുരുങ്ങി. ബഹുനില കെട്ടിടങ്ങളും ഏറെ പുറകിലായി. ദൂരെനിന്നും ദിൽസെയിലെ പാട്ട് കേൾക്കുന്നുണ്ട്. തമ്പിലേക്ക് അടുക്കുംതോറും കൊളാമ്പിസ്പീക്കറിന്റെ ശബ്ദം കാതിൽ മുഴങ്ങി. കൊയ്തുകഴിഞ്ഞ ഗോതമ്പു പാടത്താണ് കൂടാരം കെട്ടിയത്. പിരമിഡ് ആകൃതിയിൽ ഉയർന്നു നിൽക്കുന്ന പ്രധാന കൂടാരത്തിന് മുന്നിൽ സൈക്കിൾ നിർത്തി.

വിദ്യാർത്ഥിക്കൊപ്പം കാശിനാഥ് കനൗജി

ചുറ്റിലും താൽക്കാലിക വേലിയുണ്ട്. തുരുമ്പെടുത്ത് ദ്രവിച്ച ഇരുമ്പ് പെട്ടിയാണ് ടിക്കറ്റ് കൗണ്ടർ. നൂറുരൂപയാണ് ഒരു ടിക്കറ്റിന്. തമ്പിലേക്ക് പ്രവേശിക്കാനുള്ള പരവധാനി നിറം തിരിച്ചറിയാൻ സാധിക്കാത്തവിധം നരച്ചിട്ടുണ്ട്. ടിക്കറ്റ് പരിശോധിച്ച് പ്രായമായ ഒരു സ്ത്രീ അകത്തേക്കുള്ള കർട്ടൻ നീക്കിത്തന്നു. കരുതിയതിന് വിപരീതമായിരുന്നു അകത്തെ കാഴ്ചകൾ. ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ. വട്ടത്തിലിട്ട കസേരകൾ മിക്കതും പൊട്ടിയിട്ടുണ്ട്. ബാക്കിയുള്ളവ പൊടിപിടിച്ച് വരാൻ സാധ്യതയില്ലാത്ത ആരെയോകാത്ത് കിടക്കുന്നു.

അന്നത്തിനാണ് ജീവൻമരണ പോരാട്ടം

ഏറെ നേരം കഴിഞ്ഞപ്പോൾ പത്തുപേർ അടങ്ങുന്ന സംഘമെത്തി. ആയിരത്തോളം കാണികൾക്ക് ഇരിക്കാനുള്ള കൂടാരത്തിൽ ഞാനടക്കം ഇരുപതു പേരിൽ താഴെയാണ്. ഒഴിഞ്ഞ കസേരകൾ കണ്ടപ്പോൾ ഇന്നിനി പ്രദർശനം ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് മനസ്സിൽ ഉറപ്പിച്ചു. നിരാശയോടെ പോകാൻ തുടങ്ങി. നിമിഷങ്ങൾക്കകം ബ്യുഗിളിന്റെ മനോഹര ശബ്ദത്തോടെ മുന്നിലെ കർട്ടൻ തുറന്നു. തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് കലാകാരൻമാർ അണിനിരന്നു.

അവരെ അപ്പോൾ പോരാളികളെ പോലെ തോന്നിയത് എനിക്ക് മാത്രമല്ലെന്ന് പിന്നീട് വ്യക്തമായി. രണ്ടുമണിക്കൂർ അവിടെ നടന്നത് അക്ഷരങ്ങൾ കൊണ്ട് എഴുതി പൂർത്തിയാക്കാൻ സാധിക്കാത്ത പ്രകടനമാണ്. ഏറെ മനസ്സ് ഉലച്ചത് കോമാളികളുടെ ഇനമാണ്. ആളൊഴിഞ്ഞ കസേരകൾ നോക്കി തല കുലിക്കികൊണ്ട് അവർ കഥ പറഞ്ഞു. കാണികളിൽ അത് വല്ലാത്ത ചിരിപടർത്തി. എരിയുന്ന വയറിന്റെ വിങ്ങൽ മുഖത്തെ ചായത്തിനുള്ളിൽ നിസ്സാരമായി ഒളിപ്പിച്ചു. ആ കലകൂടെ അവർ ഇതിനോടകം സ്വായത്തമാക്കിയിട്ടുണ്ട്.

ഓട്ടവീണ തമ്പിന് ഉള്ളിലൂടെ നക്ഷത്രങ്ങൾ കാണാം. ആ കാഴ്ച്ച കണ്ട് നക്ഷത്രങ്ങൾ കരയുന്നുണ്ടാകും. ഷോ തീർന്ന് നിമിഷങ്ങളോളം കാണികൾ എഴുന്നേറ്റ് കയ്യടിച്ചാണ് മടങ്ങിയത്. ചായത്തിനുള്ളിൽ അപ്പോൾ ചിരിവിടരുന്നത് കാണാമായിരുന്നു. ഉസ്താത് കോമാളിയായ കാശിനാഥ് കനൗജിയയാണ് തമ്പിന് അകത്തെ ലോകത്തേക്ക് ക്ഷണിച്ചത്. ആ ജീവിതങ്ങൾ പറഞ്ഞതും അദ്ദേഹം തന്നെ. പശ്ചിമ ബംഗാളിൽ നിന്നാണ് സർക്കസ്സ് തമ്പിലേക്ക് അദ്ദേഹം കുടിയേറിയത്.

അന്ന് ഗ്രാമത്തിൽ ആദ്യമായെത്തിയ സർക്കസ്സ് കാണാൻ അച്ചനൊപ്പമാണ് കാശിനാഥ് പുറപ്പെട്ടത്. തമ്പിലെ കാഴ്ച്ചകൾ മനസ്സിൽ കുരുക്കിട്ടു. പുസ്തകങ്ങൾ മടക്കി പകരം സർക്കസ്സ് പഠിക്കണം എന്നു പറഞ്ഞു. ഒടുവിൽ പത്തുവയസ്സുകാരന്റെ പിടിവാശിക്ക് മുന്നിൽ കുടുംബം വഴങ്ങി. തമ്പുകൾക്കൊപ്പം അന്നുതുടങ്ങിയ യാത്രയാണ്. ജാലവിദ്യകളും കുതിരപ്പുറത്തുള്ള അഭ്യാസപ്രകടങ്ങളും പരിശീലിച്ചു.

കാണികളെ കോമാളിത്തരം കാണിച്ചു ചിരിപ്പിക്കുന്നതാണ് പ്രധാന ഇനം. മറ്റ് കോമാളികൾക്കൊപ്പം അത് മനോഹരമായി അദ്ദേഹം കൈകാര്യം ചെയ്യുന്നു. തമിഴ് നാട്ടുകാരനായ രാജുവാണ് ഗുരു. അൽപ്പം തമിഴും കാശിനാഥിനറിയാം. പ്രധാന അഭ്യാസികൾക്കെല്ലാം പ്രത്യേകം തമ്പുകളുണ്ട്. അല്ലാത്തവർ ഒരുമിച്ചാണ്. ചൂടും തണുപ്പുമാണ് മറ്റൊരു പ്രതിസന്ധി. ആളില്ലെങ്കിലും ഷോ മുടക്കിയിട്ടില്ല ഇതുവരെ. വരുമാനത്തിന് അപ്പുറം ജീവിതത്തോട് ചേർന്നൊട്ടിയതാണ് ആ മനുഷ്യർക്ക് സർക്കസ്സ്.

വർണ്ണാഭമായിരുന്ന കൂടാരങ്ങൾക്ക് മുകളിൽ നിസ്സഹായതയുടെ ഓട്ടകളാണ്. ലോകത്തെ വിസ്മയിപ്പിച്ച തമ്പുകൾ അന്നം തേടുന്ന സ്ഥിതിയാണ്. കാലപ്പഴക്കം കൊണ്ട് നരച്ചു മങ്ങിയ കൂടാരങ്ങൾ ഓരോ മണ്ണിൽ ഉയർത്തുമ്പോഴും കാശിനാഥ് സ്വപ്‌നം കാണാറുണ്ട്. നിറഞ്ഞ ജനാരവത്തോടെ അവിടെ എങ്കിലും കളിക്കാമെന്ന്. അത് സ്വപ്നമായി തന്നെ തുടരുന്നു. ലോക ചരിത്രത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ കലയാണ് കാണികളില്ലാതെ അനാഥമാകുന്നത്. ആ ചരിത്രം ഓർത്തെടുക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

റോമിൽ നിന്നും വന്ന കഥ

രണ്ടു നൂറ്റാണ്ടുകളായി ആധുനിക സർക്കസ്സിന് തമ്പുയർന്നിട്ട്. എണ്ണമറ്റ രക്തസാക്ഷികളുണ്ട് തമ്പിനുള്ളിലെ ചിരിക്ക് പുറകിൽ. മനുഷ്യന്റെ രക്തം കൊടുത്താണ് ആ കല ഇന്നുകാണുന്ന വിധം ഉണ്ടാക്കിയെടുത്തത്. ജീവന്മരണ പോരാട്ടം നടത്തിയാണ് ഓരോ ഇനവും ചിട്ടപ്പെടുത്തിയത്. റീ ടേക്കുകൾ ഇല്ലാത്ത ലോകത്തിലെ ആദ്യത്തെ റിയാലിറ്റി ഷോയാണ് സർക്കസ്. അതുകൊണ്ടാവണം ജനങ്ങൾക്കുള്ളിൽ ഇത്ര ആഴത്തിൽ വേരാഴ്ത്താൻ സാധിച്ചത്. തമ്പിനുള്ളിൽ ചേർത്ത് കെട്ടിയ കയറുകളാണ് ആകെയുള്ള പ്രതീക്ഷ. അത് കൈവിട്ടാൽ മരണമാണ്. രണ്ടര മണിക്കൂർ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള സമയമാണ്.

യുദ്ധങ്ങൾക്ക് പരിശീലനം ലഭിച്ച കുതിരകളെയും ആനകളെയും പ്രദർശിപ്പിച്ചിരുന്ന കെട്ടിടത്തെയാണ് അക്കാലത്ത് സർക്കസ്സ് എന്നു വിളിച്ചത്. അവിടെ നടന്നിരുന്ന പ്രദർശനത്തിന്റെ പരിഷ്‌കൃത രൂപമാണ് ഇന്ന് കാണുന്ന തരത്തിൽ മാറിയത്. പുരാതന റോമാണ് പരവതാനി വിരിച്ച് ആ കലയെ നെഞ്ചേറ്റിയത്. ഫിലിപ്പ് ആസ്റ്റ്‌ലിയുടെ നിരന്തര പരിശ്രമത്തിലൂടെയാണ് കലക്കൊപ്പം വിനോദവുമായി സർക്കസ്സ് നാടുചുറ്റിയത്. വർഷങ്ങൾ നീണ്ട പ്രയത്‌നമുണ്ട് അതിന് പുറകിൽ. തെംസ് നദിയോരത്തെ ആളൊഴിഞ്ഞ പ്രദേശമായിരുന്നു പരീക്ഷണശാല. ചരിത്രകാരന്മാർക്കിടയിൽ സർക്കസ്സിന്റെ ഉത്ഭവത്തെ കുറിച്ച് പല അഭിപ്രായങ്ങളാണ്. എങ്കിലും ഒന്നുറപ്പാണ് ആവേശ ഭരിതമായ കാഴ്ച്ചക്ക് പുറകിൽ പേരറിയാതെ പോയ നൂറു കണക്കിന് മനുഷ്യരുടെ പ്രയത്‌നവും ചോരക്കറയുമുണ്ട്.

മഹാരാഷ്ട്രക്കാരനായ വിഷ്ണുപന്ത് മൊറെശ്വർ ചാത്രയാണ് സർക്കസ്സിന്റെ ഇന്ത്യൻ സാധ്യതകൾ തിരിച്ചറിഞ്ഞത്. വൈകാതെ തന്നെ "ഇന്ത്യൻ സർക്കസ്സ്' എന്ന സർക്കസ്സ് കമ്പനിയും അദ്ദേഹം തുടങ്ങി. സർക്കസ്സിന്റെ പിതാവായി അദ്ദേഹത്തെ രാജ്യം വാഴ്ത്തി. അത്രമേൽ ആഴത്തിൽ ഇന്ത്യ മുഴുവൻ തമ്പുകൾ കെട്ടി മനുഷ്യരെ വിസ്മയിപ്പിച്ചു. 1888 ൽ തമ്പുകളുമായി കേരളത്തിലുമെത്തി. തലശ്ശേരിയിലാണ് ആദ്യത്തെ തമ്പിന് കുറ്റിയടിച്ചത്. ഇന്ത്യയിലെ സർക്കസ്സിന്റെ ജാതകം മാറിയ കാലമാണത്. അന്നത്തെ പേരുകേട്ട തലശ്ശേരി കളരിയെ കുറിച്ച് ചാത്ര കേൾക്കാൻ ഇടയായി. കളരിയിലെ ഇടിവെട്ടായിരുന്ന കീലേരി കുഞ്ഞികണ്ണന്റെ പ്രകടനത്തിന് മുന്നിൽ അദ്ദേഹം കൈകൂപ്പി. പിന്നീട് കുഞ്ഞികണ്ണനുമായി നടത്തിയ കൂടിക്കാഴ്ചയാണ് കേരളത്തിൽ സർക്കസ്സിന്റെ വളർച്ചക്ക് വഴിവെച്ചത്.

തലശ്ശേരിയിലെ മലക്ക പിശാച്

ചാത്രെയും കുഞ്ഞികണ്ണനും തമ്മിൽ നടന്ന കൂടിക്കാഴ്ച്ച വലിയ മുന്നേറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്. ഇന്ത്യൻ സർക്കസ്സിന്റെ ചിത്രത്തിനൊപ്പം തലശ്ശേരിയെന്ന ഗ്രാമത്തിന്റെ പേരുകൂടെ തുന്നിച്ചേർക്കപ്പെട്ടു. അവർ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം കുഞ്ഞികണ്ണൻ അഭ്യാസികളെ പരിശീലിപ്പിക്കുമെന്നും അവർക്ക് ചാത്രെ ജോലി നൽകുമെന്നുമുള്ള ഉടമ്പടിയുണ്ടാക്കി. വൈകാതെ തന്നെ ചിറക്കരയിൽ സർക്കസ്സ് പരിശീലന കേന്ദ്രവും തുടങ്ങി. കേരളത്തിലെ ആദ്യ സർക്കസ്സ് കമ്പനിക്ക് തമ്പടിച്ചതും അക്കാലത്താണ്. മലബാർ ഗ്രാന്റ് സർക്കസ്സ് എന്ന പേരിൽ സർക്കസ്സ് ചരിത്രം കേരളത്തിന്റേത് കൂടെയായി.

ചുരുങ്ങിയ കാലം കൊണ്ട് തലശ്ശേരിയും കുഞ്ഞികണ്ണനും ഇന്ത്യൻ സർക്കസ്സിന്റെ നെടുംതൂണായി. അദ്ദേഹത്തിന്റെ ശിഷ്യന്മാർ പേരുകേട്ട സർക്കസ്സ് അഭ്യാസികളായി. കണ്ണനായിരുന്നു പ്രധാന ശിഷ്യരിൽ ഒരാൾ. പഠനശേഷം കണ്ണൻ യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ടു. അവിടെ പല സർക്കസ്സ് കമ്പനികളുമായി സഹകരിച്ചു. സാക്ഷാൽ ഹിറ്റ്ലർ സർക്കസ്സ് കാണാൻ ഇടയാവുന്നത് അക്കാലത്താണ്. ലോകത്തെ നിശ്വാസം കൊണ്ട്‌പോലും വിറപ്പിച്ച ഹിറ്റ്‌ലർ ശ്വാസമടക്കി പിടിച്ചാണ് പ്രകടനങ്ങൾ കണ്ട് തീർത്തത്. ഒറ്റ കയറിൽ തൂങ്ങി പറന്നു പോകുന്ന സാഹസികൻ അദ്ദേഹത്തെ ഞെട്ടിച്ചു. "Jumping Devil' (മലക്ക പിശാച്) എന്നാണ് ആ മനുഷ്യനെ ഹിറ്റ്‌ലർ വിശേഷിപ്പിച്ചത്. തലശ്ശേരിക്കാരനായ കണ്ണനായിരുന്നു ആ അഭ്യാസി. ലോക സർക്കസ്സ് ഭൂപടത്തിൽ തലശ്ശേരി എന്ന ഗ്രാമം കൂടുതൽ വ്യക്തമായി എഴുതി ചേർക്കപ്പെട്ടു.

സർക്കസ്സിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് തലശ്ശേരി തയ്യാറായി. ഇന്ത്യൻ യുവത ആ കളരിയിലേക്ക് ഒഴുകി. മണിപ്പൂർ, ആസ്സാം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് ചെറുപ്പക്കാരാണ് തലശ്ശേരി തിരഞ്ഞെത്തിയത്. സർക്കാർ സഹായത്തോടെ ആദ്യത്തെ സർക്കസ്സ് അക്കാദമിയും തുടങ്ങി. ആ തുടക്കമാണ് വലിയ തകർച്ചയിലേക്കും വഴിവച്ചത്. സർക്കാർ സംവിധാനങ്ങൾ തീർത്തും നിരുത്തരവാദപരമായി. അക്കാദമിക്കായി അവർ കണ്ടെത്തിയത് പഴയ സിനിമ തീയേറ്റർ. പുറം മതിൽ കുമ്മായം പൂശിയതല്ലാതെ മറ്റൊന്നിനും ഭരണകൂടം തയ്യാറായില്ല. യാതൊരു വിധ പരിശീലന സാമഗ്രഹികളും ഒരുക്കിയില്ല.

പ്രതീക്ഷയോടെ എത്തിയ വിദ്യാർഥികൾ നിസ്സഹായരായി. പതിവ് പോലെ സർക്കാർ ഉദ്യോഗസ്ഥർ കൈമലർത്തി. ദീർഘ വീക്ഷണമില്ലാത്തതിന്റെ പേരിൽ മറ്റ് പലതിനെന്നപോലെ കേരളത്തിൽ ആദ്യ സർക്കസ്സ് അക്കാഥമിക്കും പൂട്ടുവീണു. എക്കാലത്തും ലോകം ഓർക്കാവുന്ന നാടിന്റെ പേര് എന്നേക്കുമായി സർക്കാർ സംവിധാനങ്ങളുടെ പിഴവ് കൊണ്ട് മറവിയിലേക്ക് തള്ളപ്പെട്ടു.

നിരാശയുടെ തമ്പുകൾ

ദിനം പ്രതി ഉയരുന്ന വിനോദ നികുതി വല്ലാതെ മുറിപ്പെടുത്തുന്നുണ്ട്. കാണികൾ തമ്പ് ഒഴിയുമ്പോഴും നികുതി കുതിച്ചു കയറുകയാണ്. സർക്കസ്സ് സാമഗ്രഹികൾക്കുള്ള വിലക്കയറ്റവും വലിയ പ്രതിസന്ധിയാണ്. മറ്റ് വ്യവസായ ശാലകളെ താരതമ്യപ്പെടുത്തുമ്പോൾ സർക്കസ്സിൽ അപകടം കുറവാണ്. എന്നാൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇൻഷുറൻസ് കമ്പനികൾ ഈടാക്കുന്നത്. സാമ്പത്തിക സഹായം ലഭിക്കാനുള്ള സ്രോതസ്സുകളും വെല്ലുവിളിയാണ്. വ്യവസായമായി കണ്ട് സാമ്പത്തിക സഹായം നൽകാൻ ബാങ്കുകൾ തയ്യാറല്ല.

കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തെ സർക്കസ്സിലേക്ക് എത്തിച്ചിരുന്നത് മൃഗങ്ങളുടെ സാന്നിധ്യമാണ്. പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു അത്. മൃഗങ്ങളെ അടുത്ത് കാണാനും അറിയാനും ഗ്രാമങ്ങൾക്ക് ലഭിച്ച വലിയ അവസരമായിരുന്നു. സർക്കസ്സിൽ മൃഗങ്ങളെ നിരോധിച്ചുകൊണ്ട് കേരള ഹൈ കോടതി ഉത്തരവിറക്കി. 2001 ൽ സുപ്രീം കോടതി ഉത്തരവ് ശരിവച്ചു. അതോടുകൂടി കിരീടവും ചെങ്കോലും നഷ്ട്ടമായ അവസ്ഥയായി.

മൃഗങ്ങളുടെ കുറവ് നികത്താൻ കൂടുതൽ അഭ്യാസ പ്രകടനങ്ങൾ നടത്തി. വന്യമൃഗങ്ങളെ കാണാനുള്ള കാണികളുടെ ആഗ്രഹത്തെ മറികടക്കാൻ മാത്രം സാധിച്ചില്ല. 2011 ൽ കുട്ടികളെ സർക്കസിൽ ഉപയോഗിക്കുന്നതിനും സുപ്രീം കോടതി നിരോധനമേർപ്പെടുത്തി. ചെറുപ്പം മുതലെ പരുവപ്പെട്ട് വരേണ്ട കലക്ക് അതും മങ്ങലേൽപ്പിച്ചു. മികച്ച കലാകാരന്മാരെ നഷ്ട്ടമായതിന് കാരണം ഇത്തരം ഉത്തരവുകളാണെന്നാണ് പരിശീലകർ പറയുന്നത്.

കേരളത്തിലെ സർക്കസ്സിന് വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചത് വിട്ടുമാറാത്ത മഴയാണ്. അഞ്ച് മാസത്തോളം തമ്പുകൾ മഴയിൽ കുതിർന്ന് കിടക്കും. സമാനമായ അവസ്ഥയാണ് സൗത്ത് ഇന്ത്യയിലാകെ. അത്തരം സമയങ്ങളിൽ മറ്റ് നാടുകളിലേക്ക് തമ്പുമായി ഊരുചുറ്റും. തിരിച്ചെത്തുന്നത് നഷ്ടങ്ങളുടെ കണക്കുമായാണ്. സർക്കസ്സിനുള്ള സ്ഥലം കണ്ടെത്താനും വലിയ പ്രതിസന്ധിയാണ്. 250 ഓളം സർക്കസ്സ് കമ്പനികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 20 ൽ താഴെയായി ചുരുങ്ങി. നിരാശയുടെ തമ്പുകൾ കെട്ടറ്റു വീഴുകയാണ്.

കരക്കടിഞ്ഞ കല

തമ്പുമായുള്ള ഓട്ടത്തിനിടക്ക് നഷ്ടമാവുന്നത് ജീവിതമാണ്. തളർന്ന ശരീരവും മനസ്സുമാണ് ഒടുവിൽ അവശേഷിക്കുന്നത്. സർക്കാർ പെൻഷൻ 1600 രൂപയുണ്ട്. ചതഞ്ഞ ശരീരത്തിന് കുഴമ്പ് വാങ്ങിക്കാം. അപ്പോഴും അന്നത്തിന് എന്ത് ചെയ്യുമെന്ന ചോദ്യം ബാക്കിയാണ്. വൈകിവരുന്ന പെൻഷനായി കാത്തിരിക്കുകയാണ് കാലത്തെ ത്രസിപ്പിച്ച പ്രതിഭകൾ. കൂടാരങ്ങൾക്ക് തീപിടിച്ചാലുള്ള അവസ്ഥയാണ് പ്രായമായ ഓരോ സർക്കസ്സുകാരന്റെയും. പല നാട് ചുറ്റിയ മനുഷ്യരിൽ നാടറിയാതെ ഒടുങ്ങി പോയവരും നിരവധിയാണ്. തമ്പിന് അപ്പുറത്ത് എത്ര വലിയ കലാകാരനും അറിയപ്പെടാനുള്ള സാധ്യതകൾ വിരളമാണ്. തമ്പിനുള്ളിലെ രാഷ്ട്രീയമാണത്. ആരും അനിവാര്യരല്ല എന്നാണ് സർക്കസ്സ് ഉടമസ്ഥൻ നൽകുന്ന സന്ദേശം. അത്കൊണ്ടാണ് മികച്ച പല പ്രതിഭകളെയും ലോകം അറിയാതെ പോകുന്നത്.

കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് രൂപമാറ്റം വരുത്താനും സാധിക്കാതെ പോയ കലയാണ് സർക്കസ്സ്. പിന്നി പറഞ്ഞ തമ്പുമായി ഓടിയെത്താനാവാതെ കിതക്കുകയാണ്. ഇപ്പോഴും ഒടുങ്ങിത്തീരാത്തത് കലാകാരന്മാരുടെ നെഞ്ചുറപ്പുകൊണ്ടാണ്. പ്രകടനം കൊണ്ട് ആളൊഴിഞ്ഞ കസേരകളെപ്പോലും ത്രസിപ്പിക്കുന്നത് സർക്കസിനോടുള്ള തീരാത്ത അഭിനിവേശമാണ്.

പുതിയ കാലത്തിനൊപ്പം ഒഴുകാൻ സാധിക്കാതെ കരക്കടിഞ്ഞുപോയ അവസ്ഥയാണ് സർക്കസ്സിന്. ഊർദ്ധശ്വാസം വലിക്കുന്നത് ചരിത്രമാണ്. തോറ്റുപോകുന്നത് മനുഷ്യാധ്വാനവും അപൂർവ്വമായ കലയുമാണ്. തിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കിലും ഒടുങ്ങിത്തീരുന്നത് വരെ നോക്കി ഇരിക്കരുത്. നമ്മുടെ പാടവരമ്പത്തും നഗര ഹൃദയങ്ങളിലും അവർ തമ്പുമായി വരും. അവിടെ എത്തുക എന്നത് തോറ്റുപോയ മനുഷ്യരോടുള്ള ഐക്യപ്പെടലാണ്. കാണുന്നത് ചരിത്രവും.

Comments