ക്ലബ് ഹൗസ് ;നാട്ടുകലുങ്കിനും സെമിനാർഹാളിനുമിടയിൽ

ദ്യത്തെ കളിതമാശകൾക്കു ശേഷം രാഷ്ട്രീയസമൂഹം എന്നനിലയിലുള്ള മലയാളത്തിന്റെ സംവാദമണ്ഡലം കുറേക്കൂടി വിപുലമാകുന്ന കാഴ്ചയാണ് "ക്ലബ് ഹൗസ്' വരുന്നതോടെ കാണാൻ കഴിയുക. കളിതമാശകൾ പോലും അതിന്റെ മറുപുറത്ത് ക്രൂരഫലിതമുള്ള രാഷ്ട്രീയസമ്പർക്കത്തിന്റെ ഉല്പന്നമാണെന്നതും രസകരമാണ്. അവ "ട്രോളി'നെ ഔദ്യോഗികമായ വിനിമയഭാഷയായി സ്ഥിരീകരിച്ചിരിക്കുന്നു. ചില നിരീക്ഷണങ്ങൾ പങ്കുവെക്കട്ടെ, തികച്ചും "പ്രൊവിഷണൽ' ആയ തോട്സാണ്. ചിലപ്പോൾ കൂടുതൽ ഉറപ്പായേക്കാവുന്ന എക്സിറ്റ്പോൾ. മറ്റുചിലപ്പോൾ സ്വയം റദ്ദായേക്കാവുന്ന ചില ആലോചനകൾ.

1.ഒരു ബൗദ്ധികസമൂഹം എന്ന നിലയിൽ നമ്മുടെ വിജ്ഞാനവിതരണത്തിന്റെ ജനായത്തവത്കരണം എളുപ്പമാകും. അവ ഏകമുഖമായ ഏതു ചർച്ചയേയും ബഹുദിശകളുള്ള ഒന്നാക്കി മാറ്റിയേക്കാം. വ്യത്യസ്ത ആശയങ്ങളുള്ള ആൾക്കൂട്ടമായിരിക്കുമ്പോഴും ഒരു സ്പീക്കറുടെ ആശയങ്ങൾ എല്ലാവരിലും തടസ്സമില്ലാതെ എത്തുന്നു എന്നത് ആ ആശയത്തിനുകിട്ടാവുന്ന ഏറ്റവും നല്ല മൂല്യവിചാരണയിലൂടെയാണ്. അയ്യായിരം ആളുകൾ കേൾക്കുമ്പോഴും അയ്യായിരത്തിൽ ആർക്കും കൈപൊക്കി വിമർശനം അറിയിക്കാനുള്ള സാധ്യത അവിടെയുണ്ട്. അവ എപ്പോഴും സാധിച്ചുകിട്ടണമെന്നില്ല, എങ്കിലും അത്തരമൊരു സാധ്യത തന്നെ ചാനൽചർച്ചകളിൽനിന്നും ക്ലബ് ഹൗസ് ചർച്ചകളിലെ തുല്യപങ്കാളിത്തം കൂട്ടുന്നു. "എന്നെക്കൂടി പരിഗണിക്കുന്നു' എന്ന അറിവ് ഒരാളെ കൂടുതൽ ശ്രദ്ധാലുവായ കേൾവിക്കാരാക്കുന്നു.

2. എല്ലാത്തരം ബൗദ്ധിക ചർച്ചകളും ഒന്നുകിൽ ചാനൽമുറിയിലൂടെയോ, പ്രസിദ്ധീകരണങ്ങളിലൂടെയോ മാത്രം സംവേദനം ചെയ്തിരുന്നിടത്ത്, എല്ലാ മാധ്യമങ്ങളും വിഷയങ്ങളുടെ തെരഞ്ഞെടുപ്പിൽ പാലിക്കുന്ന താല്പര്യങ്ങൾ നടപ്പാക്കുന്നതിനിടയിൽ പൊതുസമൂഹത്തിന്റെ ശ്രദ്ധ പതിയാതിരുന്ന പല ഇടങ്ങളും മുഖ്യധാരയിലേക്ക് വരാനുള്ള വാൽവ് ഇതിലുണ്ട്. ഒരുപക്ഷേ, മുഖ്യധാര എന്ന പൂർവ്വനിശ്ചിത സ്ഥലസങ്കല്പം കൂടിയാവും ഇതുവഴി മാറാൻ പോകുന്നത്.

സ്ത്രീവാദ-ദളിത്-ലിംഗന്യൂനപക്ഷ-ഭിന്നശേഷി സംവാദങ്ങൾക്ക് കുറേക്കൂടി തുറസ്സായ സംവാദമണ്ഡലം അതുവഴി തുറന്നുകിട്ടുന്നു. ഇതിനകംതന്നെ സ്ത്രീവാദസംവാദം ക്ലബ് ഹൗസിൽ ചൂടുപിടിച്ചുകഴിഞ്ഞു. "പൊതു' സമൂഹത്തിന്റെ സുഖസാമ്രാജ്യത്തെ അത് ചൊടിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനാൽതന്നെ അത്തരം ചർച്ചകളിലൂടെ പൂർവ്വനിശ്ചിത പൊതുമണ്ഡലത്തിന്റെ ചുടുകട്ടകൾ ഇളകുമോ എന്ന് കാത്തിരുന്നുകാണാം.

3. ക്ലബ് ഹൗസ് ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുക അതിൽ "ശബ്ദമില്ലാത്തവർ' എന്ന ഗണമുണ്ടാകുന്നു എന്നതിനാലാവും. "There's really no such thing as the "voiceless'. There are only the deliberately silenced, or the preferably unheard' എന്ന് അരുന്ധതി റോയ് ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയസന്ദർഭത്തെ വിലയിരുത്തുന്നുണ്ടല്ലോ. നിശബ്ദകേൾവി എന്നത് പാസ്സീവ് റിസീവിങ്ങ് പോയിന്റ് ആണെന്ന് കരുതിന്നിടത്താണ് അത്തരം വിമർശനങ്ങൾ നിലനിൽക്കുക. കേൾവി ഒരു സാംസ്‌കാരികപ്രക്രിയയാണെന്ന് നമ്മുടെ തൊണ്ണൂറുകളിലെ റേഡിയോ തെളിയിച്ചിട്ടുണ്ട്. അജ്ഞാതരായ ചെവികളാണ് റേഡിയോയുടെ ശക്തി എങ്കിൽ, ഇവിടെ ജ്ഞാതരായ ചെവികളുണ്ടാവുന്നു.

ചെവികളുടെ എണ്ണമെടുക്കാൻ ഒരു മോഡറേറ്റർക്ക് കഴിയുന്നു. കേട്ടിട്ട് പ്രതികരിക്കാതിരിക്കുന്നു എന്നത് ഒരു ന്യൂനതയല്ല, മറിച്ച് പറച്ചിലിനും കേൾവിക്കുമിടയിൽ ബൗദ്ധികമോ സർഗാത്മകമോ ആയ കൊടുക്കൽവാങ്ങലുകൾ സംഭവിക്കുന്നു എന്നതാണ് നേര്.

ഒരു മുറിയിൽ പറയാൻ കഴിയാത്തത് മറ്റൊരു മുറി തുറന്ന് പറയാൻ ഈ ആൾക്കൂട്ടക്കൊട്ടക അനുവദിക്കുന്നു. തുറന്നിട്ട ഒരു മുറിയിലേക്ക് ആർക്കും വരാം എന്നാണെങ്കിൽ അവിടെ നിങ്ങൾക്ക് നിങ്ങളുടെ ഏജൻസി ഉറപ്പിക്കാം, അതെത്ര ചെറുതായാൽ പോലും. എനിക്കെന്റെ ഏജൻസിയുണ്ട് എന്ന് കരുതുന്നതാണ് ഒരാളുടെ സാമൂഹികനിലനില്പിന്റെ ആദ്യസൂചന. Own ചെയ്യുക എന്ന് ഇംഗ്ലീഷിൽ പറയുന്നപോലെ, കേൾവിയിലും പറച്ചിലിലും ആത്മാഭിമാനമുള്ള ഒരാളായിരിക്കാൻ ഈ ഇടം കൂടുതൽ പ്രോൽസാഹിപ്പിച്ചേക്കാം.

4.അറിവിന്റെ സ്വത്തവകാശം ചോദ്യംചെയ്യപ്പെടും. വിവരവിപ്ലവം വന്നത് സെർച്ച് എഞ്ചിനുകളുടെ വരവോടെയാണല്ലോ. ഗൂഗിൾ വിവരശേഖരത്തിന്റെ ആകാശഖനിയായി മാറി, എന്നാൽ അവിടെ നാം തേടിച്ചെല്ലുന്ന അറിവാണ് വിതരണത്തിന് തയ്യാറായി നിൽക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളിലും ഈ അറിവുവിപ്ലവം ബൈലൈനോടുകൂടി ലഭ്യമായി എങ്കിൽ ക്ലബ്ഹൗസിന്റെ വിവരവ്യാപനം കുറെക്കൂടി സമീപസ്ഥമായേക്കും. പ്രതിഫലം പറ്റാതെയുള്ള (മറുവാദമുണ്ടായേക്കാം) വിവരവിതരണം സമൂഹത്തെ നോളജ് സിറ്റിയാക്കി മാറ്റാൻ എളുപ്പമാക്കുന്നു. അത് ആഗോളമായ ഒരറിവിടം മാത്രമല്ല.

സാമ്പാറിൽ വെണ്ടയ്ക്കാ ഉടയാതിരിക്കാൻ എന്തുചെയ്യണമെന്നും ഓൺലൈൻ ആയി ലഭ്യമാകുന്ന സർക്കാർ സേവനങ്ങൾ എന്തൊക്കെയെന്നും ഓസോൺ പാളിയിൽ വിള്ളലുകളുണ്ടാകുന്നത് എന്തുകൊണ്ടെന്നും ഉള്ള അറിവ് ചെറുതല്ല. അഥവാ ഏതറിവും സമന്വയിക്കുന്ന ഒരു തുറസ്സിൽ നിങ്ങൾക്ക് വേണ്ടതും വേണ്ടാത്തതുമായ അറിവിന്റെ അനേകം തലച്ചോറുകൾ ഇവിടെ ഒന്നിച്ച് പ്രവർത്തിക്കുന്നു.

5.വായന ഡിജിറ്റലാവുകയും പിന്നീട് ഓഡിയോ ആവുകയും ചെയ്തപ്പോൾ നാം നമ്മുടെ വലിയ ബൗദ്ധികശേഷി വേണ്ടാത്ത ദൈനംദിന പണികൾക്കിടയിൽ തന്നെ ഒരു ഓഥറെ കേൾക്കാൻ തുടങ്ങി. അക്ഷരങ്ങളുടെ തിരമാലകളിലൂടെ സഞ്ചരിച്ച് ഉണ്ടാക്കിയ സങ്കല്പലോകമായിരുന്നു പുസ്തകവായനയുടെ സന്ദർഭമെങ്കിൽ ഒരു ഓഡിയോ ബുക്ക് നിങ്ങളുടെ ചെവിയിൽ ഓതിത്തരുന്നു ഭാഷ. ചെവിയിൽനിന്ന് തലച്ചോറിലേക്കോ ഹൃദയത്തിലേക്കോ തുറക്കുന്നു ഭാവനയുടെ വാൽവുകൾ. ഇവിടെയത് നമ്മുടെ സാന്നിദ്ധ്യത്തെ അടയാളപ്പെടുത്തിക്കൊണ്ട് അറിവിന്റെ / സാഹിത്യത്തിന്റെ / വാർത്തയുടെ കേൾവിക്കാരാക്കുന്നു. പുസ്തകം പിന്തള്ളപ്പെടുമോ എന്നതല്ല ആശങ്ക, പുസ്തകം അതിന്റെ താളുകളിൽനിന്ന് ശബ്ദവീചിയായി തുടരുകയാവും ചെയ്യുക.

6. കക്ഷിരാഷ്ട്രീയത്തിന്, ഇത് വലിയ വാടക കൊടുക്കേണ്ടതില്ലാത്ത മൈക്ക് സെറ്റാണ്. ഒപ്പംതന്നെ പണച്ചിലവില്ലാതെ (ഡാറ്റയുടെ പൈസ ഒഴികെ) ആളെക്കൂട്ടാവുന്ന തെരുവ്. ശബ്ദാധിപത്യം വിജയിക്കും എന്ന വിമർശനം ഉയരുമെങ്കിലും, ശബ്ദാധിപത്യത്തേക്കാൾ ബൗദ്ധികവ്യാപാരത്തിനാവും അവിടെയും മുൻതൂക്കം.

നിരീക്ഷണപാടവമുള്ള ഏതൊരാൾക്കും ഈ രാഷ്ട്രീയസംവാദത്തിന്റെ ഭാഗഭാക്കാവാം. വോട്ടർ എന്നത് വോട്ടിടുന്ന മെഷീനല്ല എന്ന് ഒരു നേതാവ് എപ്പോഴും ഓർമ്മിച്ചുകൊണ്ടിരിക്കാൻ ഈ നേർക്കുനേർ വർത്തമാനത്തിൽ ഇടമുണ്ട്. പ്രതിസ്വരങ്ങളോട് സഹിഷ്ണുതയില്ലായെങ്കിൽ ഒരു നേതാവിലെ ജനാധിപത്യം വിചാരണ ചെയ്യപ്പെടും എന്നയാൾ പേടിക്കും.

7. ദൃശ്യകല ഈ പറച്ചിൽക്കൊട്ടകയെ എങ്ങനെയാവും വിനിയോഗിക്കുക? അന്തർദേശീയതലത്തിലുള്ള ക്യൂററ്റോറിയൽ ടോക്കുകളോ, മ്യൂസിയം സംഭാഷണങ്ങളോ അല്ലാതെ, ഇന്ത്യൻ സമകാലികകലയിലോ കേരളീയ ദൃശ്യകലാസമൂഹത്തിലോ ക്ലബ്ഹൗസ് കാര്യമായ ചലനങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കേൾവി അപ്രസക്തമായ ഒരു മണ്ഡലമാണല്ലോ ദൃശ്യത്തെ മൂലാധാരമാക്കിയ ഒരു കലാമാധ്യമം എന്നനിലയിൽ ചിത്ര-ശില്പകലകൾ.

കലാകൃതിക്കപ്പുറമുള്ള ഒരു അടഞ്ഞ മേഖലയാണ് ഇന്നും കലയെക്കുറിച്ചുള്ള സംവാദത്തിന്റേത്. പ്രിന്റിലായാലും സ്‌ക്രീനിലായാലും അതിനു മാറ്റമില്ല. അതേ നിർമമത തുടരാനാണ് സാധ്യത. കാരണം കലയിൽ പണിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കലാകൃതിയുടെ സ്റ്റേജ് ആണ് അവർ ആഗ്രഹിക്കുന്നത്, അതുകൊണ്ടാവണം അധികമൊന്നും ലിറ്ററേച്ചർ ആവശ്യമില്ലാത്ത കാഴ്ചയെ ആധാരമാക്കുന്ന ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ വിഷ്വൽ ആർട്ടിസ്റ്റുകൾ കൈയ്യടക്കുന്നത്. ആർട്ട് ഗ്യാലറികളെ റീപ്ലേസ് ചെയ്യുക മാത്രമാണ് അത്തരം ശ്രമങ്ങൾ. ബൗദ്ധിക കൈമാറ്റത്തിന്റെ ജനായത്തപ്രക്രിയയിൽ ഇടപെടാൻ കലാസമൂഹം മുന്നോട്ടുവരുന്ന ഒരു കാലം ഏതു മാധ്യമമാവും കൊണ്ടുവരിക എന്നത് പ്രതീക്ഷയോടെ കാത്തിരിക്കുക തന്നെ.

8. പ്രതിസംഭാഷണങ്ങൾ സാധ്യമല്ലാത്ത സംഗീതം പോലുള്ള മേഖകലകൾക്ക് (കലാചർച്ചകൾ ഒഴികെ) മറ്റൊരു തുറസ്സ് എന്നേ കരുതേണ്ടതുള്ളൂ. ക്ലബ് ഹൗസിൽ സംഗീതപ്രതിഭകൾക്ക് വെളിപ്പെടാനുള്ള ഇടങ്ങൾ വിപുലീകരിക്കപ്പെടുന്നു. എന്നാൽ മറ്റേതു മാധ്യമത്തിലെയും പോലെ അവിടെയും നിശബ്ദകേൾവിയാവും പലരും പ്രിഫർ ചെയ്യുക. കാരണം ആരുടെയെങ്കിലും പാട്ട് കൊള്ളില്ല എന്നുപറയാനും മാത്രം വാ തുറക്കുന്നവർ വിരളമാവും, മറിച്ച് "കൊള്ളാം അടുത്ത പാട്ട് ആരാണ് പാടുന്നത്' എന്നേ ഒരു സഹൃദയനായ മോഡഡറേറ്റർ ചോദിക്കുകയുള്ളൂ. എന്നാൽ സംഗീതം പോലൊരു കലാമധ്യമത്തെ എങ്ങനെ സംവാദമണ്ഡലമാക്കാം എന്ന് ആലോചിക്കുന്നിടത്ത് ഈ മാധ്യമത്തെ കലയിലെ ബൗദ്ധിക ഇടപെടലാക്കി മാറ്റാനും സാധ്യത നിലനിൽക്കുന്നു.

9.ഡാറ്റാ ബായ്ക്കപ്പുള്ള ഏതൊരു മൊബൈൽ ഫോൺ ഉപയോക്താവിനും ഈ ക്ലബ്ബിൽ അംഗത്വമെടുക്കാം. ഒരു മുറി തുറന്നിടാം. ക്ലബ്ബിൽ കയറി ആരെയും കേൾക്കാം. അടച്ചിരിപ്പിന്റെ കാലത്തെ ചെറിയ കുതൂഹലം മാത്രമായി ഇതൊടുങ്ങുമോ എന്ന് സംശയിക്കുന്നവരും കുറവല്ല. അടഞ്ഞുപോയ സാമൂഹികതയെ തുറക്കാനുള്ള വ്യഗ്രത മാത്രമാവുമോ ഇത്? മാസ്‌കില്ലാതെ സാമൂഹിക അകലമില്ലാതെ ആളുകൾ ഒന്നിക്കുന്ന ഒരു സന്ദർഭത്തിൽ അപ്രസക്തമാകുമോ പ്രതീതിക്ലബ്ബുകൾ? ഈ താല്ക്കാലികത മുതലാളിത്ത വിപണനത്തിന് വേഗം കൂട്ടുന്ന ഒന്നാണെന്ന് പറയേണ്ടിവരും.

താല്ക്കാലികത അതിന്റെ അടിയന്തിരസ്വഭാവമാണെങ്കിലും സമൂഹത്തെ ഒരു പുതിയ ശീലത്തിലേക്ക് എത്തിക്കാൻ കഴിയുന്നെങ്കിൽ, മാസ്‌കില്ലാത്ത കാലത്തും ആ ശീലം തുടരുകയാവും ചെയ്യുക. കാരണം, നമ്മുടെ ആവശ്യങ്ങളെ നിശ്ചയിക്കുന്നത് എപ്പോഴും ഒരു മുതലാളിത്തവിപണിയാണ് എന്നതുതന്നെ കാരണം.

10. കോവിഡ് 19, ലോകത്തെ നെറ്റിസൺഷിപ്പിന്റെ വലക്കണ്ണികളാൽ ഇതിനകം തന്നെ നെയ്തുകഴിഞ്ഞു. ആ നെയ്ത്തുതുണിയിലാണ് ഇന്ന് ഉരുത്തിരിയുന്ന ഏത് ഡിജിറ്റൽ വിപ്ലവത്തെയും കാണേണ്ടത്. ആമസോണിലോ ഫ്ളിപ്കാർട്ടിലോ കയറി തനിക്കിണങ്ങുന്ന കുപ്പായം തിരക്കിയ ഒരാളോട് അയാളുടെ ഇൻസ്റ്റയിലും എഫ്ബിയിലും വന്ന് ഈ കുപ്പായം ഇട്ടുനോക്കുന്നോ എന്ന് ചോദിക്കുന്ന വിനയാന്വിത ഉദാര സ്നേഹസമ്പന്നമായ ഒരു സെയിൽസ്മാനോ സെയിൽസ് ഗേളോ നമ്മെ പിന്തുടരുന്നതുപോലെ ക്ലബ്ഹൗസിൽ നിങ്ങളിന്നുപറഞ്ഞ അഭിപ്രായത്തിന്റെ ബലത്തിൽ നിങ്ങളുടെ ഭാവി ഞങ്ങൾ ഇതാ എഴുതിവെച്ചിരിക്കുന്നു എന്ന് ഒരു സെയിൽസ് റെപ്രസന്റിറ്റീവ് വീട്ടുപടിയിൽ വന്നേക്കുമോ? "" സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ കൊടുക്കുന്ന ഒരു മോഡേൺ ഫാമിലിയാണ് ഞങ്ങളുടേത്'' എന്ന സിനിമാ ഡയലോഗുപോലെ നിങ്ങൾ എന്തും പറഞ്ഞോളൂ, നിങ്ങൾക്ക് പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾ അനുവദിച്ചിരിക്കുന്നു എന്ന് കരുതുന്ന അധികാരനോട്ടം ഓരോ ക്ലബ്ബിനുപുറകിലും കസേരയിട്ടിരിപ്പുണ്ടാവുമോ? അല്ലെങ്കിൽ നിങ്ങളുടെ അഭിപ്രായത്തിൽനിന്ന് കറന്നെടുത്ത പാലുകൊണ്ട് ഒരാൾ ഒരു പാൽസംഭരണയൂണിറ്റ് തുടങ്ങുകയും അത് നിങ്ങൾക്കുതന്നെ പായ്ക്കറ്റായി എത്തിച്ചുതന്നേക്കുകയും ചെയ്തേക്കുമോ? നവമുതലാളിത്തത്തോടുള്ള പ്രതിരോധം ഒരു വലിയ പ്രൊജക്റ്റ് ആണെന്ന് മനസ്സിലാക്കുകയും മുതലാളിത്തം "അനുവദിച്ചുതരുന്ന' ഇടങ്ങളിൽനിന്നുതന്നെ അവയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമേ പോംവഴിയുള്ളൂ. പ്രതിഷേധങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന ഒരു ഭരണനേതൃത്വമുള്ള, വിമർശനങ്ങളെ ഭയക്കുന്ന ഭരണകൂടമുള്ള ഏതുനാട്ടിലും എതിരൊച്ച കേൾപ്പിക്കുക എന്നത് പ്രധാനപ്പെട്ടതുതന്നെ. പാൽ തരുന്ന കൈക്കുതന്നെ കടിക്കുന്ന പൂച്ചയാവാൻ മെരുങ്ങുക.


Comments