രണ്ടര ലക്ഷം ശമ്പളം, ജോലിയും ചെയ്യുന്നില്ല; വിമർശനത്തിന് ഒരു കോളേജ് അധ്യാപികയുടെ മറുപടി

"രണ്ടു രണ്ടര ലക്ഷം ശമ്പളം മേടിക്കുന്ന കോളേജ് അധ്യാപകർ 'അംഗൻവാടി അദ്ധ്യാപകരുടെ സേവനം പോലും ഈ കോവിഡ് കാലത്ത് ചെയ്യുന്നില്ല എന്ന ആക്ഷേപം മാധ്യമങ്ങൾ പോലും തുടരുകയാണ്. കഴിഞ്ഞ ഒരു കൊല്ലത്തെ കോളേജ് അധ്യാപക ജീവിതം രേഖപ്പെടുത്തി ഈ വിർമശനത്തിന് മറുപടി പറയുകയാണ് കോളേജ് അധ്യാപിക കൂടിയായ ഡോ. ജ്യോതിമോൾ പി.

കേരളത്തിലെ കോളേജ് അധ്യാപകരുടെ സാമൂഹ്യ പ്രതിബദ്ധതയും അവർ വാങ്ങുന്ന ശമ്പളവും എല്ലാം കുറേക്കാലമായി സമൂഹത്തിന്റെ വിമർശനമുനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ ദിവസം ന്യൂസ് 24 ചാനലിൽ അരുൺ കുമാർ എന്ന അവതാരകൻ "രണ്ടു രണ്ടര ലക്ഷം ശമ്പളം മേടിക്കുന്ന കോളേജ് അധ്യാപകർ 'അംഗൻവാടി അദ്ധ്യാപകരുടെ സേവനം പോലും ഈ കോവിഡ് കാലത്ത് ചെയ്യുന്നില്ല എന്ന് കണക്കുകൾ നിരത്തി, ശ്രീകണ്ഠൻ നായർ കൂടിയുള്ള ഒരു ഷോയിൽ ആവേശം കൊള്ളുന്നത് കണ്ടു. ഈ സന്ദർഭത്തിൽ, കഴിഞ്ഞ ഒരു കൊല്ലത്തെ കോളേജ് അധ്യാപക ജീവിതം ഒന്ന് അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നു.

രണ്ടു മാസം അവധിയില്ലാതെ ജോലി

2020 ജൂൺ ഒന്നു മുതൽ ഓൺലൈൻ ആയി ക്ലാസെടുത്തു തുടങ്ങി. ഏതുവിധേനയും അത് ഉത്തരവാദിത്തത്തോടെ ചെയ്യാൻ മുൻപരിചയമില്ലാത്ത സാങ്കേതികവിദ്യകളെല്ലാം സ്വായത്തമാക്കി പുതിയ പാഠങ്ങൾ പഠിച്ചവരിൽ ഞാനും ഉൾപ്പെടും. ഡിജിറ്റൽ മാധ്യമത്തിൽ അധ്യയനം നടത്തുമ്പോൾ കുട്ടികൾക്ക് അധിക സമ്മർദം ഒഴിവാക്കി ക്ലാസെടുക്കുന്നതുകൊണ്ടും പല സെമെസ്റ്ററുകളും വൈകി തുടങ്ങി വൈകി തീർന്നതുകൊണ്ടും ഇക്കൊല്ലം മാർച്ച് 31ന് കലാലയങ്ങളിലെ ക്ലാസുകൾ അവസാനിച്ചിട്ടില്ല. കേരളത്തിലെ ഏതാണ്ട് എല്ലാ കോളേജുകളിലും ഏപ്രിൽ, മെയ് മാസങ്ങൾ മുഴുവൻ മുടക്കമില്ലാതെ ഓൺലൈൻ ക്ലാസ് നടന്നു. അതായത് അധ്യാപകരുടെ "സുഖങ്ങളിൽ' സമൂഹം പെടുത്തുന്ന "രണ്ടു മാസം 'അവധി ഉണ്ടായിരുന്നില്ല. (പരീക്ഷകളും ഉത്തരക്കടലാസ് പരിശോധനയും മൂലം എല്ലാ വർഷവും ഏപ്രിൽ- മെയ് മാസങ്ങളിൽ കേരളത്തിലെ കോളേജ് അധ്യാപകർക്ക് അവധി ഉണ്ടാവാറില്ല എന്നതാണ് സത്യം.)

ഓൺലൈൻ ക്ലാസുകളിൽ വരാത്ത കുട്ടികളെ തേടിപ്പിടിച്ച്, ഫോൺ വാങ്ങിക്കൊടുത്തും, ഉള്ള ഫോൺ ചാർജ് ചെയ്തും കൊടുത്തിരുന്ന, ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്ന ഒരുപാടു അധ്യാപകരെ എനിക്ക് നേരിട്ടറിയാം. പഠിപ്പിക്കുന്ന കുട്ടികളുടെ മാനസിക സമ്മർദം കുറച്ച്, അവരെ ഡിപ്രഷനിൽ നിന്ന് കരകയറ്റി നാളെയെപ്പറ്റിയുള്ള പ്രതീക്ഷകളിൽ ഉറപ്പിച്ചുനിർത്താൻ ഒരു വിളിക്കപ്പുറം ആശ്വാസമായി നിലകൊണ്ടവരുമുണ്ട്. പലപ്പോഴും മറുകൈ അറിയാതെ സഹായം ചെയ്തവരുമുണ്ട്. കടമയെന്നു കരുതി തന്നെയാണ് അത് ചെയ്യുന്നതും. ഓഫ്‌ലൈൻ ക്ലാസുകൾ പോലെയല്ല ഓൺലൈൻ ക്ലാസുകൾ എന്നതിനാൽ, ക്ലാസുകളുടെ റെക്കോർഡിങ്ങിനും, തയ്യാറെടുപ്പുകൾക്കും കൂടുതൽ സമയം ആവശ്യമാണ് എന്നതും വസ്തുതയാണ്.

ഞങ്ങളും മുന്നണിപ്പോരാളികളാണ്

സർക്കാർ ജീവനക്കാരെയും പോലെ ദുരിതാശ്വാസനിധിയിലേക്കുള്ള ഗഡുക്കളും കൃത്യമായി കൊടുത്തവരാണ് കോളേജ് അദ്ധ്യാപകർ.
ഇതിനൊപ്പം, കോവിഡിന്റെ ആദ്യ തരംഗത്തിലും തുടർന്നും കോവിഡ് കെയർ സെന്ററുകളിലും, ക്വാറന്റയിൻ കേന്ദ്രങ്ങളിലും ഒട്ടേറെ കോളേജ് അദ്ധ്യാപകർ ഡ്യൂട്ടി ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്. സെക്ടറൽ മജിസ്‌ട്രേറ്റ്മാരായും ദ്രുതകർമ സമിതിയിലുമൊക്കെ കോളേജ് അദ്ധ്യാപകർ കോവിഡ് കാലത്ത് "സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്തവർ'എന്ന അപവാദം കേട്ടുകൊണ്ടു തന്നെ സേവനം ചെയ്തവരാണ്, ചെയ്തു കൊണ്ടിരിക്കുന്നവരാണ്. ഇത്തരം സേവനങ്ങളെയും കോവിഡ് മുന്നണിപ്പോരാളികളുടെ ഗണത്തിലല്ലേ സാധാരണ പെടുത്താറ്? പിന്നെങ്ങനെ കോളേജ് അധ്യാപകർ മാത്രം മുന്നണിപ്പോരാളികൾ അല്ലാതാകും? എന്നുമാത്രമല്ല മുന്നണിപ്പോരാളികൾ എന്ന നിലയിൽ ആദ്യഘട്ടത്തിൽ തന്നെ വാക്‌സിൻ ലഭിച്ചവരാണ് കോളേജ് അധ്യാപകരിൽ ഭൂരിഭാഗവും.

പഞ്ചായത്ത്, അസംബ്ലി തെരഞ്ഞെടുപ്പുകളിലെല്ലാം കലാലയങ്ങളിൽ നിന്നുള്ള ധാരാളം അദ്ധ്യാപകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിരുന്നു. കോവിഡ് കാലം മുൻനിർത്തി ആരംഭിച്ച അബ്‌സെന്റ്റീ വോട്ടേഴ്‌സ് പോളിങ് ഓഫീസർ ആയും ഒട്ടേറെ പേരുണ്ടായിരുന്നു. അതിൽ ആറു ദിവസം കാടും മലയും കയറി വോട്ട് ചെയ്യിച്ച ഉദ്യോഗസ്ഥരിൽ ഞാനും ഉൾപ്പെടും.

ഈ കോവിഡ് കാലത്തും അധ്യയന വർഷം നഷ്ടമാവാതെ ഇരുന്നതിന് ഒരു കാരണം, ബുദ്ധിുട്ടിത്തന്നെ നടത്തിയ അവസാനവർഷ പരീക്ഷകളാണ്. അതിന്റെ ഡ്യൂട്ടിയും, പിന്നെ കോവിഡ് പിടിപെടാനുള്ള സാധ്യത നിലനിൽക്കെത്തന്നെ മൂല്യനിർണയവും എല്ലാം കോളേജ് അധ്യാപകർ തന്നെയാണ് നിർവഹിച്ചത്. അവർ ചെയ്യേണ്ട കാര്യവുമാണത്.
അതിനൊപ്പം, സർക്കാർ, യു. ജി. സി നിബന്ധനകൾക്കനുസൃതമായും നാക് അക്രെഡിറ്റേഷനുകൾക്ക് വേണ്ട അക്കാദമികവും, അതിനപ്പുറവുമായ എല്ലാ കാര്യങ്ങളും മുടക്കവും വിളംബവും കൂടാതെ ചെയ്യേണ്ടതുമുണ്ട്.

രണ്ട്, രണ്ടര ലക്ഷം രൂപ ശമ്പളമില്ല

ഇതിനൊക്കെ പുറമെ ചുറ്റുമുള്ള സമൂഹത്തിനോട്, അതിന്റെ തുടിപ്പുകളോട് അഭ്യസ്തവിദ്യരെന്ന നിലയിൽ രാഷ്ടീയമായി പ്രതികരിക്കേണ്ടതും ആവശ്യമാണ്. കഴിഞ്ഞ വർഷം മുതൽ ലോകം മഹാമാരിയുടെ പിടിയിലൂടെ കടന്നുപോകുമ്പോൾ, റോം കത്തിയെരിയുമ്പോൾ വീണ വായിച്ചു സുഖിച്ച നീറോ ചക്രവർത്തിമാരായി കോളേജ് അദ്ധ്യാപകരെ മാറ്റിനിറുത്തുന്ന രീതി പരക്കെ മാധ്യമങ്ങളിൽ കാണുന്നത് കൊണ്ടാണ് ചെയ്ത ജോലികളെ എണ്ണിപ്പറഞ്ഞ് ഇങ്ങനെ അടയാളപ്പെടുത്തുന്നത്.

ഇനി അരുൺകുമാർ ഊന്നിപ്പറഞ്ഞ മറ്റൊരു കാര്യം, കോളേജ് അധ്യാപകരുടെ ഭാരിച്ച ശമ്പളമാണ്. അദ്ദേഹം പറഞ്ഞ രണ്ടു, രണ്ടര ലക്ഷം രൂപ ശമ്പളം കേരളത്തിലെ കോളേജ് അധ്യാപകർക്ക് ലഭിക്കുന്നില്ല. യു. ജി. സി നെറ്റ്, എം. ഫിൽ, പിഎച്ച്. ഡി എന്നിവയോടെ ഒരു കോളേജിൽ ജോലിക്ക് കയറുന്ന അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളം ഏതാണ്ട് 45,000 രൂപയാണ്. തുടക്കത്തിൽ അത്രയും ശമ്പളം ലഭ്യമാവുന്ന സർക്കാർ ജോലികൾ വേറെയുമുണ്ട്. 30 വർഷം സർവീസുള്ള കോളേജ് അദ്ധ്യാപകനുപോലും രണ്ടര ലക്ഷം രൂപ ശമ്പളം ഇല്ല എന്നതാണ് വാസ്തവം.

അധ്യാപനം എന്നത് വെറും ശമ്പളം മാത്രം നോക്കി ചെയ്യേണ്ട ഒരു ജോലിയാണെന്ന് ഇന്നുവരെ തോന്നിയിട്ടില്ല. അത് ഉത്തരവാദിത്തമുള്ള, പഠിപ്പിക്കൽ എന്നതിലുപരി ഒരു സമൂഹത്തെ രൂപപ്പെടുത്തുന്ന, വളരെ ആത്മാർത്ഥതയോടെ ഏറ്റെടുക്കേണ്ട ഒരു കടമയാണ്.
ഏതു വിഭാഗത്തിലും ചെയ്യേണ്ട ജോലി ചെയ്യാത്ത ചെറിയ വിഭാഗം ആൾക്കാരുണ്ടായേക്കാം. പക്ഷെ അതൊരിക്കലും പൊതു തത്വമല്ല. അത് പൊതു തത്വം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് മാധ്യമധർമവുമല്ല. ജനങ്ങൾ ശ്രദ്ധിക്കുന്ന, വിശ്വാസമർപ്പിക്കുന്ന ചാനലുകളും മറ്റു വാർത്തമാധ്യമങ്ങളും സത്യവിരുദ്ധ വാക്പ്രയോഗങ്ങൾക്കുള്ള വേദിയാകരുത്.


Comments