നെഹ്‌റു കുടുംബത്തിന്റെ അപ്രഖ്യാപിത സ്ഥാനാര്‍ഥി കൂടിയായ ഖാര്‍ഗെക്ക് ആ കുടുംബസംവിധാനത്തിനു പുറത്തേക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമോ എന്നത്, കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളില്‍ ഒന്നാണ്. അതിനുള്ള ഒരു ഉത്തരം കൂടിയാണ്, ശശി തരൂരിന് ലഭിച്ച 1072 വോട്ടുകള്‍. പ്രസിഡൻറ് തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയില്‍ സാധ്യമാകുമായിരുന്ന വിപുലമായൊരു ജനാധിപത്യ പ്ലാറ്റ്‌ഫോമിനെ റദ്ദാക്കാനാണ്, ഹൈക്കമാന്‍ഡ്, ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ശ്രമിച്ചത്. അതിനെ, 12 ശതമാനം വോട്ടിന്റെ ന്യൂനപക്ഷത്തില്‍ തോല്‍പ്പിക്കുകയാണ് ശശി തരൂര്‍ ചെയ്തത്.
19 Oct 2022, 04:56 PM
കോണ്‍ഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് കിട്ടിയ 1072 വോട്ടുകളാണ് ശരിക്കും വിജയിച്ച വോട്ടുകള്‍. വോട്ടര്‍മാരിലെ ഈ 12 ശതമാനം, കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള ശുഭസൂചനയാണ്. കാരണം, അത് നിലവിലുള്ള ജനാധിപത്യവിരുദ്ധമായ കുടുംബാധിപത്യ സംസ്‌കാരത്തിനെതിരായ വോട്ടാണ്. ഇപ്പോഴത്തെ പോക്കില്‍നിന്നൊരു മാറ്റം വേണമെന്നാഗ്രഹിക്കുന്നവരുടെ വോട്ടാണ്. ന്യൂനപക്ഷമാണ് ഈ വോട്ട് എങ്കിലും, ജനാധിപത്യത്തില്‍ ന്യൂനപക്ഷമാണ് ശരിയായ രാഷ്ട്രീയപക്ഷം. മാറ്റത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കുന്ന ഈ ന്യൂനപക്ഷത്തെ കൂടി ഉള്‍ക്കൊണ്ടുവേണം ഇനി കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍. ഈ 12 ശതമാനത്തെ ഉള്‍ക്കൊള്ളുന്നില്ല എങ്കില്‍, ഒരു ദുരന്തസ്മരണയായി പോലും പാര്‍ട്ടി ബാക്കിയുണ്ടാകില്ല.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയിലൂടെ, രണ്ടു ദശാബ്ദത്തിനുശേഷം നെഹ്‌റു കുടുംബത്തിനുപുറത്തുള്ള വ്യക്തി കോണ്‍ഗ്രസ് പ്രസിഡന്റാകുന്നു എന്നത് വാര്‍ത്തകളുടെ ഒരാലങ്കാരിക തലക്കെട്ടുമാത്രമാണ്. കാരണം, കോണ്‍ഗ്രസിലെ പ്രസിഡന്റുസ്ഥാനം, അപ്രഖ്യാപിത ഹൈക്കമാന്‍ഡുകളുടെ നിയന്ത്രണത്തിലായിരുന്നു എന്നും.
1939ല്‍ സാക്ഷാല്‍ മഹാത്മാഗാന്ധിയുടെ സ്ഥാനാര്‍ഥിയായ പട്ടാഭി സീതാരാമയ്യയെ വിമതനായ സുഭാഷ് ചന്ദ്രബോസ് തോല്‍പ്പിച്ച് പ്രസിഡന്റായ ചരിത്രമുള്ള കോണ്‍ഗ്രസ് പ്രസിഡൻറ്ഷിപ്പ്, അപൂര്‍വമായി മാത്രമേ വിമതത്വങ്ങളെ പ്രതിനിധാനം ചെയ്തിട്ടുള്ളൂ. എങ്കിലും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം വരെ പാര്‍ട്ടി നേതൃത്വം ജനാധിപത്യപരമായ വിനിമയങ്ങള്‍ക്ക് ഇടമുള്ള സംവിധാനം കൂടിയായിരുന്നു. എഴുപതുകള്‍ മുതലിങ്ങോട്ടാണ് അത് സ്വേച്ഛാപരവും വൈയക്തികവുമായ താല്‍പര്യങ്ങളുടെ പൊസിഷനായി മാറിയത്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ നെഹ്‌റുകുടുംബം തന്നെയായിരുന്നു. കാലാകാലങ്ങളായി സംഘടനാ സംവിധാനത്തില്‍ ചെലുത്തിവരുന്ന ജനാധിപത്യവിരുദ്ധവും വൈകാരികവുമായ ഇടപെടലുകളാണ് ഈ കുടുംബാധിപത്യത്തെ ‘സര്‍വസമ്മതി'യുള്ളതാക്കി മാറ്റിയത്. ഇത്ര വലിയ തിരിച്ചടികള്‍ക്ക് കാരണക്കാരായ ഈ കുടുംബാധിപത്യം ഇപ്പോഴും സമ്മതിയോടെ നിലനില്‍ക്കുന്നുണ്ട്. ആ കുടുംബത്തിന്റെ അപ്രഖ്യാപിത സ്ഥാനാര്‍ഥി കൂടിയായ ഖാര്‍ഗെക്ക് ആ കുടുംബസംവിധാനത്തിനുപുറത്തേക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമോ എന്നത്, കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളില്‍ ഒന്നാണ്. അതിനുള്ള ഒരു ഉത്തരം കൂടിയാണ്, ശശി തരൂരിന് ലഭിച്ച 1072 വോട്ടുകള്‍. പ്രസിഡൻറ് തെരഞ്ഞെടുപ്പിലുടെ പാര്‍ട്ടിയില്‍ സാധ്യമാകുമായിരുന്ന വിപുലമായൊരു ജനാധിപത്യ പ്ലാറ്റ്‌ഫോമിനെ റദ്ദാക്കാനാണ്, ഹൈക്കമാന്‍ഡ്, ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ശ്രമിച്ചത്. അതിനെ, 12 ശതമാനം വോട്ടിന്റെ ന്യൂനപക്ഷത്തില്‍ തോല്‍പ്പിക്കുകയാണ് ശശി തരൂര്‍ ചെയ്തത്.
കോണ്‍ഗ്രസ് പ്രസിഡൻറ് എന്നത് ഒരു ഐഡിയോളജിക്കല്‍ പോസ്റ്റ് ആണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. സ്വന്തം തോല്‍വി തിരിച്ചറിഞ്ഞ ഒരു നേതാവിന്റെ അക്ഷരാര്‍ഥത്തിലുള്ള കുറ്റസമ്മതം കൂടിയാണ് ഈ പ്രസ്താവന. ഈ ഐഡിയോളജിക്കല്‍ പോസ്റ്റിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിടുക എന്നതാണ് ഇനി അദ്ദേഹത്തിനും കുടുംബത്തിനും ചെയ്യാനുള്ളത്. കാരണം, പാര്‍ട്ടിക്കുമുന്നിലുള്ളത്, ബി.ജെ.പി എന്ന ഇന്ത്യ കണ്ട ഏറ്റവും സമര്‍ഥമായ പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗ് സംവിധാനത്തെയാണ്. ബി.ജെ.പിക്കെതിരായ ഫൈറ്റിന് അനുയോജ്യമായ ഒരു ഐഡിയോളജി കോണ്‍ഗ്രസ് ഇനിയും രൂപപ്പെടുത്തേണ്ടതുണ്ട്. അത്, അസാധ്യമായ കാര്യവുമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ്. ബി.ജെ.പി മുന്നോട്ടുവക്കുന്ന വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ, ഇന്ത്യയിലെ വലിയൊരു വിഭാഗം മനുഷ്യരെ അണിനിരത്താനുള്ള ശേഷി കോണ്‍ഗ്രസില്‍ അവശേഷിക്കുന്നുണ്ട്. അത് പ്രവര്‍ത്തിച്ചുകാണിക്കേണ്ട സന്ദര്‍ഭമാണിത്.
സാധ്യതകളുടെ പരീക്ഷണത്തിന് പാര്‍ട്ടിക്കുമുന്നില്‍ ഇനി സമയമില്ല. ഒന്നര വര്‍ഷത്തിനുള്ളില്‍ 12 സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, ജമ്മു കാശ്മീര്‍, കര്‍ണാടക, രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ബാലികേറാമലകളല്ല. ഇവയില്‍ പലയിടത്തും ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ ജനവിധി അട്ടിമറിച്ചാണ് ബി.ജെ.പി ഭരണം പിടിച്ചെടുത്തത്. പ്രാദേശിക പാര്‍ട്ടികളെ കൂടി ഉള്‍ക്കൊണ്ട്, ബി.ജെ.പിയുടെ ഭരണത്തില്‍ ബഹിഷ്‌കൃതരാക്കപ്പെട്ട വിവിധ വര്‍ഗ- പാര്‍ശ്വവല്‍കൃത മനുഷ്യരെ ഒന്നിപ്പിച്ച് വിപുലമായൊരു ജനാധിപത്യ സഖ്യസംവിധാനം രൂപപ്പെടുത്താന്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന പ്രതീക്ഷ രാജ്യത്ത് ഇപ്പോഴും ബാക്കിയാണ്. അത്തരമൊരു സഖ്യം ഇന്ന് അനിവാര്യവുമാണ്. കാരണം, വിവിധ ജാതി- സാമുദായിക വിഭാഗങ്ങളിലേക്ക് കടന്നുകയറി, ഹൈന്ദവ ദേശീയതയുടെ അതിരുകള്‍ വിപുലമാക്കാനും അതിനെ ഒരു രാഷ്ട്രസംവിധാനമാക്കി മാറ്റാനുമുള്ള കഠിനപ്രയത്്‌നത്തിലാണ് ആര്‍.എസ്.എസും ബി.ജെ.പിയും. അതിന് ജനാധിപത്യത്തെ മാത്രമല്ല, ഭരണഘടനയുടെ അന്തസ്സത്തയായ ഫെഡറലിസത്തെ കൂടി തകര്‍ക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിലെ പലതരം പ്രതിനിധാനങ്ങളെ നിര്‍വീര്യമാക്കേണ്ടതുണ്ട്. 2014 മുതല്‍, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും മേല്‍ ആസൂത്രിതമായി അരങ്ങേറുന്ന ബലപ്രയോഗങ്ങള്‍, ഒരു സ്വേച്ഛാധിപത്യ സംവിധാനത്തിലേക്കുള്ള പടിപടിയായ നീക്കങ്ങളാണ്.
കോണ്‍ഗ്രസിന്റെയും ഇടതുപക്ഷ കക്ഷികളുടെയും വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള പ്രാദേശിക പാര്‍ട്ടികളുടെയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഒരു ഫെഡറല്‍ പൊളിറ്റിക്കല്‍ മൂവ്‌മെന്റിനുമാത്രമേ ബി.ജെ.പിയുടെ ഈ നീക്കത്തെ നേരിടാനാകൂ. നിര്‍ഭാഗ്യവശാല്‍, കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ഇതിനുള്ള ഒരു പരിപാടി മുന്നോട്ടുവക്കാനായിട്ടില്ല. യു.പിയില്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ബ്രിജ്‌ലാല്‍ ഖാബരിയെ നിയമിച്ചതുപോലുള്ള മുഖംമിനുക്കല്‍ നടപടികള്‍ കൊണ്ട് ബി.ജെ.പിയെ നേരിടാമെന്നത് വെറും മൗഢ്യം മാത്രമായിരിക്കും.
ഉദയ്പുർ ചിന്തന്‍ ശിബിര തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനാണ് ആദ്യ മുന്‍ഗണന എന്നാണ്, നിയുക്ത കോണ്‍ഗ്രസ് പ്രസിഡൻറ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറയുന്നത്. എന്നാല്‍, ബി.ജെ.പിയെ നേരിടാനുള്ള വിശാല സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഉദയ്പുർ പ്രഖ്യാപനം ആശയക്കുഴപ്പത്തിലാണ്. 1998ല്‍ പഞ്ച്മാര്‍ഹിയിലും 2003ല്‍ ഷിംലയും പാര്‍ട്ടി നടത്തിയ പ്രഖ്യാപനങ്ങളുടെ അതേ അവസ്ഥ. നടക്കാത്ത ഈ പ്രഖ്യാപനങ്ങളുടെ ഫലമായി, 28 സംസ്ഥാനങ്ങളില്‍ രണ്ടിടത്തേക്ക് കോണ്‍ഗ്രസ് ഭരണം ഒതുങ്ങി. യുവാക്കളടക്കം നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നു. കടുത്ത യാഥാര്‍ഥ്യങ്ങളാണ് പാര്‍ട്ടിയുടെയും പുതിയ പ്രസിഡന്റിന്റെയും മുന്നിലുള്ളത്.
‘ഇനി എല്ലാം ഖാര്‍ഗെ തീരുമാനിക്കും' എന്ന രാഹുല്‍ ഗാന്ധിയുടെ അഭിനന്ദന സന്ദേശത്തിന്റെ ശരിക്കുമുള്ള അര്‍ഥം കാത്തിരിക്കുകയാണ് ജനാധിപത്യ വിശ്വാസികള്‍.
വി.കെ. ബാബു
Jan 28, 2023
8 minutes read
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 12, 2023
6 Minutes Read