കൊറോണ കാപ്പിറ്റലിസം;
കോവിഡ് 19 - കാണാപ്പുറങ്ങള്‍
കൊറോണ കാപ്പിറ്റലിസം; കോവിഡ് 19 - കാണാപ്പുറങ്ങള്‍
കൊറോണ വൈറസിന്റെയും, നവ ലിബറല്‍ മുതലാളിത്ത മൂലധനത്തിന്റെയും സഞ്ചാരപഥങ്ങള്‍ എവിടെയൊക്കെ ഒന്നിക്കുന്നു; ഒരു അന്വേഷണം
8 Apr 2020, 12:20 AM
ഒരേസമയം പരസ്പരബന്ധിതമായ രണ്ടു പ്രതിസന്ധികളുടെ നടുവിലാണ് ലോകം. ആരോഗ്യവും, സാമ്പത്തികവും. കോവിഡിനു മുമ്പും, ശേഷവുമെന്ന നിലയില്‍ ചരിത്രത്തിന്റെ കാലഗണന വഴിപിരിയുന്നത്ര കഠിനമാണ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി. ലോകാവസാനത്തെപ്പറ്റി ഒരുമാതിരി മതസാഹിത്യങ്ങളിലെല്ലാം പറയുന്ന അതിശയോക്തി നിറഞ്ഞ ഭാവനകളുടെ തനിയാവര്‍ത്തനങ്ങള്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല രൂപത്തിലും, ഭാവത്തിലും ഇതിനകം വന്നു കഴിഞ്ഞു. കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഉല്‍പത്തിയും, ആയുസ്സിന്റെ ദൈര്‍ഘ്യവും, സഞ്ചാരപഥങ്ങളും കരതലാമലകം പോലെ വ്യക്തവുമാണ്. കോവിഡ് ബാധിച്ചു മരിച്ചവരും, മരിക്കാനിടയുള്ളവരും, രോഗം ബാധിച്ചവരും, ബാധിക്കാനിടയുള്ളവരും നിമിഷംപ്രതി പുതുക്കുന്ന 'ഡാറ്റയായി' മുന്നില്‍ വന്ന് നിറയുന്നു. ഇത്രയും സുതാര്യമായ ദുരന്തത്തെ ഏതു ഭാഷയിലാവും എഴുതാനും, വായിക്കാനുമാവുക? 'കൂടുതല്‍ ഫാസ്റ്റാവുമ്പോള്‍ ലേറ്റാവുക സ്വാഭാവികമെന്ന' അരവിന്ദെന്റ ഗുരുജിയുടെ (ചെറിയ മനുഷ്യരും വലിയ ലോകവും) നര്‍മത്തിന്റെ ബലത്തില്‍ വൈറസിന്റെയും, മൂലധനത്തിന്റെയും സഞ്ചാരപഥങ്ങള്‍ ഒന്നിക്കുന്ന ചരിത്രത്തെപ്പറ്റിയുള്ള ഒരു വീണ്ടുവിചാരം അസ്ഥാനത്താവില്ലെന്നു തോന്നുന്നു.
ഇത്തരം മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാധ്യതകളെപ്പറ്റി ഏതാണ്ട് പ്രവചന സ്വഭാവത്തോടെ ശാസ്ത്രജ്ഞരും, അല്ലാത്തവരുമായ നിരവധി എഴുത്തുകാര്‍ വര്‍ഷങ്ങളായി നല്‍കിയ മുന്നറിയിപ്പുകള്‍ തീര്‍ത്തും അവഗണിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇത്തരം പരിശോധന അടിയന്തരമാവുന്നു.
വേണം, രാഷ്ട്രീയ പരിശോധന
കോവിഡ്-19 ലോകമാകെ പടരുന്നതിനും മുമ്പേ മുതലാളിത്തമെന്ന മഹാമാരിക്കടിപ്പെട്ട ആഗോള സമ്പദ്വ്യവസ്ഥ ജനങ്ങളെ കൂട്ടമരണത്തിന്റെയും, അനാഥത്വത്തിന്റെയും പടിവാതിക്കലില്‍ എത്തിച്ചിരുന്നു. മുതലാളിത്ത സാമ്പത്തികക്രമത്തില്‍ അന്തഃസ്ഥിതമായ ഘടനപരമായ അക്രമത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ദിനംപ്രതി നടക്കുന്ന ഒഴിവാക്കാനാവുന്ന കൂട്ടമരണങ്ങളും രോഗങ്ങളും, നമ്മുടെ ശ്രദ്ധയും പരിഗണനയും ആവശ്യപ്പെടുന്നുവെന്ന തിരിച്ചറിവുപോലും ഇല്ലാത്തവിധം പ്രജ്ഞയറ്റുപോയ ഒരു പൊതുസമൂഹമാണ് ദിവസങ്ങളായി വൈറസ് ബാധയുടെയും സാമ്പത്തിക പാപ്പരത്തത്തിന്റെയും അടിയന്തര ഭീതിയില്‍ ഉഴലുന്നത്.
ഇതിനകം 50,000ലേറെ പേരുടെ ജീവനെടുക്കുകയും 10 ലക്ഷത്തിലധികം പേര്‍ രോഗബാധിതരാവുകയും ചെയ്ത കോവിഡ്-19 സമീപകാലത്ത് മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ ദുരന്തമാണ്. കൊറോണ വൈറസിന്റെ സംഹാരത്തില്‍ നിന്ന് രക്ഷനേടുന്നതിനുള്ള മാര്‍ഗങ്ങളും, നടപടികളും മറ്റെന്തിനേക്കാളും മുന്‍ഗണനയര്‍ഹിക്കുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുന്നതിനുള്ള കാരണങ്ങളും ഗഹനമായ പരിശോധന അര്‍ഹിക്കുന്നു. പ്രത്യേകിച്ചും, ഇത്തരം മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാധ്യതകളെപ്പറ്റി ഏതാണ്ട് പ്രവചന സ്വഭാവത്തോടെ ശാസ്ത്രജ്ഞരും, അല്ലാത്തവരുമായ നിരവധി എഴുത്തുകാര്‍ വര്‍ഷങ്ങളായി നല്‍കിയ മുന്നറിയിപ്പുകള്‍ തീര്‍ത്തും അവഗണിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇത്തരം പരിശോധന അടിയന്തരമാവുന്നു.
ഭരണവര്‍ഗ ചൂഷണവും കുറ്റകരമായ അനാസ്ഥയും തുറന്നുകാട്ടുന്നതിലുപരി നവ-ലിബറല്‍ മുതലാളിത്തം അതിന്റെ ഗുണഭോക്താക്കളായ ചെറിയ ന്യൂനപക്ഷമൊഴികെയുള്ള മനുഷ്യരെയും, മറ്റു ജീവജാലങ്ങളെയും ഉന്മൂലനത്തിലേക്കു നയിക്കുന്ന, നിലനില്‍പ്പിനുതന്നെ ഭീഷണിയായ ഫാസിസമായി മാറിയെന്ന തിരിച്ചറിവ് സ്വരൂപിക്കുവാനും, അതിനു പകരം വെക്കാന്‍ കഴിയുന്ന ബദല്‍ രാഷ്ട്രീയ-അധികാരസംവിധാനങ്ങളെപ്പറ്റി വിഭാവന ചെയ്യുവാനും അത്തരമൊരു വിലയിരുത്തല്‍ അനിവാര്യമാണ്. പക്ഷി-മൃഗാദികളില്‍നിന്ന് മനുഷ്യരിലേക്കു പകരുകയും, ഗുരുതര രോഗങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്യുന്ന വൈറസുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെ ബോധപൂര്‍വമായ അവഗണനയും പാരിസ്ഥിതിക വിനാശവുമാണ് അതില്‍ ഏറ്റവും പ്രധാനം.
രോഗണുക്കളുടെ തിരിച്ചുവരവ്
വൈറസുകളുടെ ഉല്‍പ്പത്തിയും, വ്യാപനവും പ്രപഞ്ചത്തിന്റെയും, മനുഷ്യരാശിയുടെയും ചരിത്രത്തില്‍ പുതിയ കാര്യമല്ല. മനുഷ്യര്‍ക്കു മാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കും ഭീഷണിയായ വൈറസുകളും, ബാക്ടീരിയകളും മഹാമാരികള്‍ വിതച്ചതിന്റെ ചരിത്രം ഏറെക്കുറെ പരിചിതവുമാണ്. വൈറസും, ബാക്ടീരിയുമെല്ലാം ചേര്‍ന്ന രോഗാണുക്കളുടെ ഉല്‍പ്പത്തിയും, ഭീഷണിയും അപഗ്രഥനവിധേയമാക്കി പ്രതിരോധം തീര്‍ത്തതിന്റെ വിസ്മയകരങ്ങളായ വിവരണങ്ങള്‍ മാനവിക നാഗരികതയുടെ പുരോഗതിയുടെയും ആധുനികതയുടെയും സുപ്രധാന അടയാളങ്ങളാണ്. വസൂരി, കുഷ്ഠം, പോളിയോ തുടങ്ങിയ രോഗബാധകളെ ഏറെക്കുറെ നിഷ്‌കാസനം ചെയ്യുന്നതിനും, ക്ഷയരോഗമടക്കമുളള നിരവധി പകര്‍ച്ചവ്യാധികളെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനും ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തിലും സംശയമില്ല. പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും, പകര്‍ച്ചവ്യാധികളില്‍ നിന്നും മുക്തി നേടാനുള്ള മനുഷ്യരുടെ കഴിവും ശേഷിയുമാണ് ആധുനികതയുടെ കാലഗണനയിലെ അതിര്‍വരമ്പെന്ന ആശയം ഈ വിവരണങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞത്.
പുരോഗതിയുടെ നാള്‍വഴിയിലെ നാഴികക്കല്ലായി വാഴ്ത്തപ്പെടുന്ന ഈ അതിര്‍വരമ്പുകള്‍ ഇല്ലാതാവുന്നതിനാണ് കുറച്ചുകാലമായി നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. അടിക്കടിയുണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങളും, പകര്‍ച്ചവ്യാധികളും അതിന്റെ തെളിവാണ്. അതിലെ ഒടുവിലത്തെ സംഭവമാണ് കൊറോണ വൈറസിന്റെ വ്യാപനം. പകര്‍ച്ചവ്യാധികള്‍ പഴങ്കഥ ആയെന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശുഭാപ്തി വിശ്വാസത്തിനേറ്റ ആഘാതമാണ് ലോകത്തിന്റെ നല്ലൊരുഭാഗവും പൂര്‍ണമായും അടച്ചുപൂട്ടുവാന്‍ നിര്‍ബന്ധിതമാക്കിയ കോവിഡ്-19 ന്റെ ഇതുവരെയുള്ള തേര്‍വാഴ്ച. സാംക്രമിക രോഗം പരത്തുന്ന വൈറസടക്കമുള്ള രോഗാണുക്കള്‍ കൂടുതല്‍ മാരകമായ പ്രഹരശേഷി കൈവരിക്കുന്നതും, അപ്രത്യക്ഷമായെന്നു കരുതിയ പല രോഗങ്ങളും തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളിലുള്ള മുന്നറിയിപ്പുകള്‍ വളരെക്കാലമായി ലഭ്യമാണ്.
ശാസ്ത്ര-സാങ്കേതിക മേഖലകളിലെ നൂതനവും, മികച്ചതുമായ ഗവേഷണ-പരീക്ഷണങ്ങളുടെ സഹായത്തോടെ രോഗാണുക്കളെ കണ്ടെത്തി പരിഹാരം കാണാനാവുമെന്ന സമീപനമാണ് മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ട സംവാദങ്ങളുടെയും നയങ്ങളുടെയും ഒരു തലം. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ മികച്ച ഗവേഷണ-പരീക്ഷണങ്ങള്‍ക്കൊപ്പം സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിതിക മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതിലൂടെ മാത്രമെ പുതുതായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രോഗാണുക്കളെയും, രോഗബാധയെയും നിയന്ത്രിക്കാനാവുമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന സമീപനമാണ് രണ്ടാമത്തെ തലം. നിര്‍ഭാഗ്യവശാല്‍, രണ്ടാമതുപറഞ്ഞ തലത്തിന് നയരൂപീകരണവമായി ബന്ധപ്പെട്ട മുഖ്യധാരയില്‍ അര്‍ഹമായ അംഗീകാരവും സ്വീകാരത്യയും ഇപ്പോഴും ലഭ്യമല്ല.
'മുതലാളിത്തം ഇല്ലാതാവുമെന്നു വിഭാവന ചെയ്യുന്നതിനെക്കാള്‍ എളുപ്പം പ്രപഞ്ചം തന്നെ ഇല്ലാതാവുമെന്നു ഭാവന ചെയ്യുന്നതാണെന്ന' ഫ്രെഡ്രിക് ജെയിംസണിന്റെ നിരീക്ഷണത്തെ അന്വര്‍ത്ഥമാക്കുന്നതാണ് ഇക്കാര്യത്തിലെ മുഖ്യധാരയുടെ സമീപനം.
'മുതലാളിത്തം ഇല്ലാതാവുമെന്നു വിഭാവന ചെയ്യുന്നതിനെക്കാള്‍ എളുപ്പം പ്രപഞ്ചം തന്നെ ഇല്ലാതാവുമെന്നു ഭാവന ചെയ്യുന്നതാണെന്ന' ഫ്രെഡ്രിക് ജെയിംസണിന്റെ നിരീക്ഷണത്തെ അന്വര്‍ത്ഥമാക്കുന്നതാണ് ഇക്കാര്യത്തിലെ മുഖ്യധാരയുടെ സമീപനം.
അന്തരിച്ച ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ലെവിന്‍സ്, പരിണാമ ജീവശാസ്ത്രജ്ഞനായ റോബ് വാലസ്, എഴുത്തുകാരനായ മൈക്ക് ഡേവിസ് തുടങ്ങിയവര്‍ രണ്ടാമതു പറഞ്ഞ സമീപനം മുന്നോട്ടുവച്ചവരില്‍ പ്രമുഖരാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജീവശാസ്ത്ര പ്രൊഫസറായിരുന്ന ലെവിന്‍സ് രോഗകാരണങ്ങള്‍ കണ്ടെത്തുന്നതില്‍ (എപിഡ്മിയോളജി) അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. 'മുതലാളിത്തം ഒരു രോഗമോ' എന്ന തലക്കെട്ടില്‍ 2000-സെപ്റ്റംബറില്‍ (1) അദ്ദേഹം പ്രസിദ്ധീകരിച്ച ലേഖനത്തില്‍, സാംക്രമിക രോഗങ്ങള്‍ അവസാനിച്ചുവെന്ന ആരോഗ്യ-ഔഷധ മേഖലകളില്‍ വ്യാപൃതരായിരുന്ന പാശ്ചാത്യ ശാസ്ത്രജ്ഞരുടെ 1970കളിലെ നിഗമനം ഗുരുതര പിശകായിരുന്നുവെന്ന് കാലം തെളിയിച്ചതായി ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്ര-സാങ്കേതിക രംഗത്തെ ഗണ്യമായ പുരോഗതിയുടെ ഫലമായി രോഗനിര്‍ണയത്തിനും, രോഗാണുക്കള്‍ തമ്മിലുള്ള അതിസൂക്ഷ്മമായ വ്യതിയാനം കണ്ടെത്തുന്നതിലും അതനുസരിച്ചുള്ള ചികിത്സാവിധി രൂപപ്പെടുത്തുന്നതിലും വലിയ നേട്ടം കൈവരിച്ചുവെങ്കിലും അതിന്റെ ഗുണം സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ ലഭ്യമല്ലെന്ന വസ്തുത അവശേഷിച്ചു.
ശാസ്ത്ര-സാങ്കേതിക മേഖലയിലെ വളര്‍ച്ചയുടെ ഫലമായി ആരോഗ്യപരിരക്ഷയുടെ കാര്യത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ സമ്പന്നനും ദരിദ്രനും ഒരുപോലെ ലഭ്യമല്ല. രോഗവും, രോഗാതുരതയും, ആരോഗ്യപരിരക്ഷയും ഗവേഷണങ്ങളുടെയും, കണ്ടുപിടുത്തങ്ങളുടെയും മണ്ഡലങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താവുന്ന വിഷയങ്ങളായി അതുകൊണ്ടു തന്നെ കണക്കാക്കാനാവില്ലെന്ന് ലെവിന്‍സ് അഭിപ്രായപ്പെടുന്നു. ഗവേഷണങ്ങളും, കണ്ടുപിടുത്തങ്ങളും അനാവശ്യമാണെന്നല്ല ഇതിന്റെ വിവക്ഷ. മറിച്ച്, അതിന്റെ ഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലത്തിലും ലഭ്യമാകണം എന്നാണ്. എയിഡ്സ് പോലുള്ള പുതിയ രോഗങ്ങള്‍ പരത്തുന്ന വൈറസുകളുടെ ആവിര്‍ഭാവത്തിനു പുറമെ മലേറിയ, കോളറ, ഡെങ്കി പനി, ക്ഷയം തുടങ്ങിയ പഴയരോഗങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകങ്ങളോടെ തിരിച്ചുവരവിന്റെ പാതയിലാണെന്ന വസ്തുത സാംക്രമിക രോഗങ്ങളെപ്പറ്റിയുള്ള വ്യവസ്ഥാപിത ധാരണ ചോദ്യം ചെയ്യുന്ന സ്ഥിതിവിശേഷത്തിനിടയാക്കി. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തോടെ ഈ പ്രവണത കൂടതല്‍ ശക്തമായി.
ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധക്കുകാരണമായ സാര്‍സ് വൈറസ്, പക്ഷിപ്പനി, പന്നിപ്പനി, എബോള തുടങ്ങിയ പകര്‍ച്ചവ്യാധികളും, അവയുടെ വാഹകരായ രോഗാണുക്കളുടെ വ്യാപനവും ഈ പ്രവണത കൂടതല്‍ ശക്തമാക്കി. രോഗാണുക്കളുടെ ജനിതക സ്വീക്വന്‍സുകള്‍ മാത്രമല്ല നവ-ലിബറല്‍ മുതലാളിത്തത്തിന്റെ ജനിതകഘടനയെക്കറിച്ചുള്ള ധാരണയും പൊതുജനാരോഗ്യത്തിന്റെ പരിരക്ഷയുടെ കാര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നു തെളിയിക്കുന്നതാണ് മേല്‍പ്പറഞ്ഞ പകര്‍ച്ചവ്യാധികളുടെ വ്യാപനം. കോവിഡ്-19 ഒരിക്കല്‍കൂടി അതിന് അടിവരയിടുന്നു.
വൈറസിന്റെ താവഴികള്‍
1990കളുടെ മധ്യത്തില്‍ പൊട്ടിപ്പുറപ്പെട്ട H5N1 പക്ഷിപ്പനിക്കു കാരണമായ വൈറസിന്റെ താവഴി (ഫൈലോജിയോഗ്രഫി) ജനിതക സ്വീക്വന്‍സിലൂടെ തെക്കു-കിഴക്കന്‍ ചൈനയിലെ ക്വാംഗ്ടോംഗ് പ്രവിശ്യയിലാണെന്ന കണ്ടെത്തലാണ് റോബ് വാലസ് എന്ന പരിണാമ ജീവശാസ്ത്രജ്ഞനെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനാക്കുന്നത്. വാള്‍ട്ടര്‍ ഫിച്ച് എന്ന മറ്റൊരു പരിണാമ ജിവശാസ്ത്രജ്ഞനുമായി ചേര്‍ന്നായിരുന്നു വാലസിന്റെ പഠനം. ഹോങ്കോംങ്ങില്‍ നിന്ന് ഒരു പുഴയുടെ അക്കരെ സ്ഥിതിചെയ്യുന്ന ക്വാംഗ്‌ടോംഗ് ആണ് H5Ns1ന്റ ഉറവിടമെന്ന കണ്ടെത്തല്‍ പ്രവിശ്യയിലെ ഭരണകൂടം നിരാകരിച്ചതോടെ വാലസിന്റെ കണ്ടെത്തല്‍ വിവാദമായി. വൈറസിന്റെ ഉറവിടം കണ്ടെത്തിയതിനെക്കാള്‍ വാലസിനു വിനയായത് ക്വാംഗ്‌ടോംഗില്‍ വൈറസ് പ്രത്യക്ഷപ്പെടാനിടയായ കാരണങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങളാണ്.
മാരക രോഗങ്ങള്‍ക്കു കാരണമായ വൈറസുകളുടെ പ്രഭവകേന്ദ്രമായി ചൈന മാറിയതിനെപ്പറ്റിയുള്ള നിരവധി സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ സുലഭമാണ്. ചൈനക്കാരുടെ ഭക്ഷണസംസ്‌കാരത്തെപ്പറ്റിയുള്ള വംശീയ അധിക്ഷേപം നിറഞ്ഞ വിലയിരുത്തല്‍ മുതല്‍ ജൈവായുദ്ധ പരീക്ഷണങ്ങളെപ്പറ്റിയുള്ള ഗൂഢാലോചന സിദ്ധാന്തം വരെ അതിന്റെ ഭാഗമാണ്. വാലസിന്റെ അന്വേഷണം പക്ഷെ ഈ ദിശയില്‍ അല്ല.
മാവോയുടെ മരണത്തിനുശേഷം ചൈനയില്‍ അധികാരത്തിന്റെ തലപ്പത്ത് എത്തിയ ദെങ്ങ് സിയാവോ പിംഗിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മുതലാളിത്ത നയങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായ രോഗാതുരതക്ക് വഴിയൊരുക്കിയതിന്റെ നാള്‍വഴികളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. ദെങ്ങിന്റെ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ആദ്യപരീക്ഷണ കേന്ദ്രങ്ങളിലൊന്നായിരുന്നു ഹോങ്കോങ്ങില്‍ നിന്ന് വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന ക്വാംഗ്‌ടോംഗ് പ്രവിശ്യ. 1980കള്‍ക്കു ശേഷമുള്ള 40 വര്‍ഷത്തിനുള്ളില്‍ ഇവിടെയുണ്ടായ മാറ്റങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. പ്രവിശ്യയിലെ സ്വതന്ത്ര വ്യാപാരമേഖലയായ ഷെന്‍സെന്‍- 1979ല്‍ 3,37,000 ജനസംഖ്യയുള്ള ചെറിയ പട്ടണം- 2006ല്‍ 85 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന കൂറ്റന്‍ മെട്രോനഗരമായി വളര്‍ന്നു. സമാനമായ മറ്റു രണ്ടു സ്വതന്ത്രവ്യാപാര മേഖലകളും ക്വാംഗ്‌ടോംഗ് പ്രവിശ്യക്കു സ്വന്തമാണ്.
ഹോങ്കങ്ങിന്റെയും, തായ്വാെന്റയും തൊട്ടടുത്തുളള ചൈനയുടെ തീരപ്രദേശങ്ങളിലാണ് 1979ല്‍ സ്വീകരിച്ച മുതലാളിത്ത നയങ്ങള്‍ പ്രധാനമായും നടപ്പിലാക്കിയിരുന്നത്. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ചൈനീസ് വംശജരായിരുന്നു തുടക്കത്തില്‍ ഈ മേഖലകളില്‍ നിക്ഷേപം നടത്തിയവരില്‍ ഏറിയ കൂട്ടരും. ഹോങ്കോങ്ങിലെ ബിസിനസ്സുകാരുടെ പിന്നാമ്പുറം എന്നായിരുന്നു ക്വാംഗ്‌ടോംഗിനെ വിശേഷിപ്പിച്ചിരുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട മേഖല വലിയ തോതില്‍ നിക്ഷേപങ്ങളെ ആകര്‍ഷിച്ചു. പൗള്‍ട്രി അഥവാ ഇറച്ചിക്കോഴി, താറാവ്, മുട്ട, തുടങ്ങിയ മേഖലകളും പന്നി വളര്‍ത്തലും പുതിയനിക്ഷേപത്തിന്റെ മേഖലയായിരുന്നു. പ്രദേശത്തെ നീര്‍ത്തടങ്ങളും, കൃഷിഭൂമിയും വന്‍തോതില്‍ ഈ ആവശ്യങ്ങള്‍ക്ക് മാറ്റിയെടുത്തു. വന്‍കിട ഫാക്ടറികളുടെ മാതൃകയിലുള്ള താറാവ്, കോഴി, പന്നി ഫാമുകളുടെ ആവിര്‍ഭാവം അതിന്റെ ഭാഗമായിരുന്നു.
മാവോയുടെ മരണത്തിനുശേഷം ചൈനയില്‍ അധികാരത്തിന്റെ തലപ്പത്ത് എത്തിയ ദെങ്ങ് സിയാവോ പിംഗിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മുതലാളിത്ത നയങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായ രോഗാതുരതക്ക് വഴിയൊരുക്കിയതിന്റെ നാള്‍വഴികളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം.
ബിഗ് ഫാംസ്, ബിഗ് ഫ്ളൂ
കാര്‍ഷികോല്‍പ്പാദനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലങ്ങളില്‍ വികേന്ദ്രീകൃതമായി നിലനിന്നിരുന്ന പൗള്‍ട്രി, പന്നിവളര്‍ത്തല്‍ തുടങ്ങിയ ചെറുകിട, ഇടത്തരം സംരഭങ്ങള്‍ രാജ്യാന്തരതലത്തില്‍ കൊടുക്കല്‍-വാങ്ങല്‍ശൃംഖലകളുള്ള വന്‍കിട മൂലധനത്തിന്റെ നിക്ഷേപമേഖലയായതിന്റെ തുടക്കം അമേരിക്കയിലായിരുന്നു. വില്യം ബോയിഡും, മൈക്കല്‍ വാട്സും തയ്യാറാക്കിയ അമേരിക്കയിലെ കോഴിവളര്‍ത്തലിന്റെ ഭൂപടചിത്രീകരണത്തില്‍ 1929ല്‍ ശരാശരി 70കോഴികള്‍ വീതമുളള 300 ദശലക്ഷം കൃഷിയിടങ്ങളായിരുന്നു കാണാനാവുക. എന്നാല്‍ രണ്ടാംലോക യുദ്ധം അവസാനിച്ചശേഷമുള്ള കാലഘട്ടത്തില്‍ ഈ ചിത്രം മാറിമറിയുന്നു. വീട്ടുവളപ്പിലെ ചെറുകിട കൃഷിയില്‍ നിന്ന് കോഴി വളര്‍ത്തല്‍ 'ഫോര്‍ഡിസ്റ്റു' മാതൃകയിലുള്ള പൂര്‍ണമായും ഉദ്ഗ്രഥിതമായ (ഇന്റഗ്രേറ്റഡ്) 'ഫാക്ടറി ഫാമുകള്‍' ആയി പരിവര്‍ത്തനപ്പെടുന്നു. പ്രധാനമായും അമേരിക്കയിലായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം.

ബോയിഡ്-വാട്സിന്റെ 1992ലെ ഭൂപടമനുസരിച്ച് 1929ലെ 70 കോഴികളുടെ സ്ഥാനത്ത് ശരാശരി 30,000 കോഴികളുടെ പറ്റത്തെയാണ് കാണാനാവുക. 1929ലെ ഭൂപടത്തിലെ ഒരു പുള്ളിക്കുത്ത് 50,000 കോഴികളെ പ്രതിനിധാനം ചെയ്തുവെങ്കില്‍ 1992ല്‍ ഒരു പുള്ളിക്കുത്തിന്റെ പ്രതിനിധാനം 10 ലക്ഷം ബ്രോയിലര്‍ കോഴികളായിരുന്നു. ടൈസണ്‍ ഫുഡ്സ്, ഹോളി ഫാംസ്, പെര്‍ഡ്യൂ തുടങ്ങിയ കമ്പനികളാണ് കോഴിവളര്‍ത്തലിനെ ഫാക്ടറി ഫാമിന്റെ തലത്തില്‍ വികസിപ്പിച്ചത്.
സമാന മാറ്റം പന്നിവളര്‍ത്തലിന്റെ കാര്യത്തിലും സംഭവിച്ചു. 1980കളില്‍ ആരംഭിച്ച നവ-ലിബറല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ മുതലാളിത്ത ഉല്‍പ്പാദന-വിതരണ ബന്ധങ്ങള്‍ പുനക്രമീകരിച്ചതോടെ ഫാക്ടറി ഫാമുകളുടെ മാതൃക മൂന്നാം ലോക രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഏഷ്യയിലേക്കു വ്യാപിച്ചു. ഈ വ്യാപനത്തിന്റെ സിരാകേന്ദ്രമായി ചൈനയിലെ ക്വാംഗ്‌ടോംഗ് പ്രവിശ്യ മാറി. ഭൂമിയുടെ തുച്ഛവില, കുറഞ്ഞ കൂലി, ആരോഗ്യ-പാരിസ്ഥിതിക കാര്യങ്ങളിലെ ദുര്‍ബല നിബന്ധനകള്‍, മൂലധന നിക്ഷേപത്തിനും കയറ്റുമതിക്കുമുള്ള സബ്സിഡി എന്നിവയാണ് ഈ വ്യാപനത്തിന്റെ പ്രധാന ഉത്തേജകങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ കണക്കു പ്രകാരം 1961-ല്‍ 9 ദശലക്ഷം ടണ്‍ മാത്രമായിരുന്ന ആഗോള പൗള്‍ട്രി മാംസത്തിന്റെ ഉല്‍പാദനം 2017ല്‍ 120 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ആഗോള ഉല്‍പാദനത്തിന്റെ 18ശതമാനം വിഹിതവുമായി അമേരിക്ക ഒന്നാം സ്ഥാനത്തും, ചൈന രണ്ടാം സ്ഥാനത്തുമാണ്.
2018ല്‍ 175.9 ബില്യണ്‍ ഡോളറാണ് പൗള്‍ട്രി മാംസമേഖയുടെ മൊത്തം മൂല്യം. 2027 ഓടെ മൂല്യം 347 ബില്യണ്‍ ഡോളറായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ചൈനയും ഇന്ത്യയും ഉള്‍പ്പെട്ട ഏഷ്യ-പസിഫിക് മേഖലയാണ് ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തുന്ന പ്രദേശം. 'ഫാക്ടറി ഫാമുകള്‍' എന്ന് വിളിക്കപ്പെടുന്ന ഈ ബിസിനസ് മാതൃകയാണ് വൈറസുകളുടെ പുതിയ രൂപത്തിലും, ഭാവത്തിലുമുള്ള ഉല്‍പത്തിയുടെയും വ്യാപനത്തിന്റെയും പ്രധാന കാരണമെന്ന കണ്ടെത്തലാണ് വാലസിന്റെ പഠനത്തിന്റെ സംഭവാന. വാലസിനു മുമ്പും പല ശാസ്ത്രജ്ഞരും സമാന കണ്ടെത്തല്‍ നടത്തിയിട്ടുണ്ടെങ്കിലും സമഗ്രമായി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന പഠനമാണ് 2016ല്‍ പുറത്തുവന്ന വാലസിന്റെ 'ബിഗ് ഫാംസ് മേക്ക് ബിഗ് ഫ്ളൂ' എന്ന പുസ്തകം. 2009മുതല്‍ 'ഫാമിംഗ് പതോജന്‍സ്' എന്ന ബ്ലോഗില്‍ എഴുതിയ ലേഖനങ്ങളും, അദ്ദേഹത്തിന്റെ മറ്റു ചില പഠനങ്ങളും ചേര്‍ന്നതാണ് ഉള്ളടക്കം. വൈറസുകളുടെ ഉല്‍പത്തിക്കും പെരുകലിനും ഉചിതമായ ഭൗതികസാഹചര്യം സൃഷ്ടിക്കുന്നതില്‍ ഫാക്ടറി ഫാമുകളുടെ രാഷ്ട്രീയ സമ്പദ്ഘടന വഹിക്കുന്ന സവിശേഷ പങ്കിനെപ്പറ്റിയുള്ള വാലസിന്റെ വിലയിരുത്തലുകള്‍ ഗൗരവ പരിഗണന ആവശ്യപ്പെടുന്നു. ചൈനയിലെ പൗള്‍ട്രിയുല്‍പാദനത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നായി ക്വാംഗ്‌ടോംഗ് പ്രവിശ്യ വളര്‍ന്നതോടെ ചൈനയിലെ മറ്റുപ്രവിശ്യകളും സമാന സംരഭങ്ങള്‍ക്കു തുടക്കമിട്ടു.

തെക്കു-കിഴക്കനേഷ്യന്‍ രാജ്യങ്ങളെ 1997ല്‍ ഗ്രസിച്ച സാമ്പത്തിക തകര്‍ച്ച ചൈനയെ സംബന്ധിച്ച് അനുഗ്രഹമായി. ദക്ഷിണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ മാന്ദ്യത്തിലായതോടെ ചൈന ലോകത്തിന്റെ ഏറ്റവും ചെലവുകുറഞ്ഞ വ്യാവസായികോല്‍പ്പാദനത്തിന്റെ കേന്ദ്രമായി. അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍കിട മൂലധനം ചൈനയിലെ ഉല്‍പാദന മേഖലകളിലേക്ക് പ്രവഹിക്കുവാന്‍ തുടങ്ങി.
ഗോള്‍ഡ്മാന്‍ സാക്ക്സ് പോലുള്ള വന്‍കിട ആഗോളനിക്ഷേപ സ്ഥാപനങ്ങള്‍ ചൈനയിലെ പൗള്‍ട്രി, ഭക്ഷ്യസംസ്‌കരണ മേഖലകളില്‍ ഗണ്യമായ മൂലധന നിക്ഷേപത്തിന് തയ്യാറായി. പന്നിമാംസ വ്യവസായത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ സ്മിത്ത്ഫീല്‍ഡ്സ് ഫുഡ്സ് എന്ന അമേരിക്കന്‍ കമ്പനിയെ ഏറ്റെടുത്ത ഷുവാങ്ങ്ഹുയി ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഡെവലപ്‌മെന്റ് എന്ന ചൈനീസ് കമ്പനിയില്‍ 60 ശതമാനം ഓഹരി സ്വന്തമാക്കിയ ഗോള്‍ഡ്മാന്‍ സാക്ക്സ് 2008ല്‍ 300 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് ചൈനയിലെ 10 പൗള്‍ട്രി കമ്പനികളെ ഏറ്റെടുത്തു. ജര്‍മനിയിലെ ഡോയിഷ്ച് ബാങ്കിനും പക്ഷി-മൃഗാദികളെ അടിസ്ഥാനമാക്കിയുള്ള ചൈനയിലെ ഭക്ഷ്യസംസ്‌കരണ കമ്പനികളില്‍ ഗണ്യമായ നിക്ഷേപമുണ്ട്.
'ഫാക്ടറി ഫാമുകള്‍' എന്ന് വിളിക്കപ്പെടുന്ന ഈ ബിസിനസ് മാതൃകയാണ് വൈറസുകളുടെ പുതിയ രൂപത്തിലും, ഭാവത്തിലുമുള്ള ഉല്‍പത്തിയുടെയും വ്യാപനത്തിന്റെയും പ്രധാന കാരണമെന്ന കണ്ടെത്തലാണ് വാലസിന്റെ പഠനത്തിന്റെ സംഭവാന.
കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ട വുഹാന്‍ നഗരം സ്ഥിതി ചെയ്യുന്ന ഹുബേ പ്രവിശ്യ ദെങ്ങിന്റെ പരിഷ്‌കാരങ്ങളുടെ ഭാഗമായി വികസിപ്പിച്ച തീരപ്രദേശമല്ല. ഏകദേശം ചൈനയുടെ മധ്യഭാഗത്തായി വരുന്ന പ്രവിശ്യയാണത്. തീരമേഖലകളിലെ വന്‍തോതിലുള്ള ഭക്ഷ്യസംസ്‌കരണ വ്യവസായുവമായി ബന്ധപ്പെട്ട വൈറസ്ബാധ ഉള്‍നാടന്‍ മേഖലകളിലേക്കു കൂടി വ്യാപിക്കുന്നുവെന്നാണ് വുഹാനില്‍ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിലൂടെ വ്യക്തമാകുന്നത്.
രോഗത്തെ എന്തിന് നിഗൂഢമാക്കി?
ഫാക്ടറി ഫാമുകളുടെ വാസ്തുഘടനയില്‍ തന്നെ രോഗാണുബാധ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അടച്ചുകെട്ടിയ നിശ്ചിത ഇടത്തില്‍ ലക്ഷക്കണക്കിന് കോഴിക്കുഞ്ഞുങ്ങളെ പാര്‍പ്പിക്കുകയും, മിക്കവാറും കോണ്‍വേയര്‍ ബെല്‍റ്റ് സംവിധാനത്തില്‍ ഇടതടവില്ലാതെ കശാപ്പിനും, പാക്കിംഗിനും വിധേയമാക്കുന്ന പ്രക്രിയ അണുബാധക്ക് സൗകര്യപ്രദമായ സാഹചര്യമൊരുക്കുന്നു. അണുവിമുക്ത സാഹചര്യം ഉറപ്പുവരുത്തുമെന്ന അവകാശവാദം പലപ്പോഴും ഫലപ്രദമാവില്ലെന്നും വാലസ് സമര്‍ത്ഥിക്കുന്നു. വൈറസ് വാഹകരായ വവ്വാലിനെ പോലുള്ള ജീവികളില്‍ നിന്ന് ഫാക്ടറി ഫാമുകള്‍ വഴി മനുഷ്യരില്‍ എത്തുമ്പോഴാണ് രോഗാണുക്കള്‍ സംഹാരശേഷി കൈവരിക്കുന്നത്.
അണുബാധയുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞശേഷം മാത്രം രോഗലക്ഷണം പുറത്തുവരുന്നതിനാല്‍ അസുഖം കൂടുതല്‍ പേരിലേക്ക് പകര്‍ന്നശേഷമാണ് തിരിച്ചറിയാന്‍ കഴിയുന്നത്. സാര്‍സ് മുതല്‍ കോവിഡ്-19 വരെയുള്ള രോഗബാധയുടെ കാര്യത്തില്‍ ഈയൊരു ക്രമം കാണാം. മാരക വൈറസുകളുടെ ആവിര്‍ഭാവത്തിനും വ്യാപനത്തിനും വളക്കൂറുള്ള ഭൗതികസാഹചര്യം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സാമൂഹിക-സാമ്പത്തിക ക്രമമാണ് ഈയൊരു സ്ഥിവിശേഷത്തിന് അടിസ്ഥാനകാരണം. കൊറോണ വൈറസ് ബാധ തിരിച്ചറിഞ്ഞശേഷവും അതിനെ പ്രതിരോധിക്കുന്നതില്‍ പുലര്‍ത്തിയ ഉദാസീനത ഈ സാമൂഹിക-സാമ്പത്തിക ക്രമത്തിന്റെ ഉപോല്‍പന്നമാണ്. വൈറസ് ബാധ പുറംലോകം തിരിച്ചറിഞ്ഞാല്‍ സംഭവിക്കുന്ന സാമ്പത്തിക-വാണിജ്യ നഷ്ടത്തെപ്പറ്റിയുള്ള കണക്കുകൂട്ടലുകള്‍ രോഗബാധയെ നിഗൂഢമാക്കി പൊതിഞ്ഞുവെക്കുന്നതിനും, അതിന്റെ ഗൗരവം ലഘൂകരിച്ച് കാണിക്കുന്നതിനും ഒരോ രാജ്യത്തിനും, കമ്പനികള്‍ക്കും പ്രേരണയാവുന്നു.
ഇതോടൊപ്പം ഭരണസംവിധാനത്തിലെ അഴിമതിയും, കാര്യക്ഷമതയില്ലായ്മയും കൂടിചേരുമ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവുന്നു. ചൈന, അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, ഇറ്റലി തുടങ്ങിയ പല രാജ്യങ്ങളും കോവിഡ്-19െന്റ ആദ്യഘട്ടത്തില്‍ പുലര്‍ത്തിയ അക്ഷന്ത്യവമായ ഉദാസീനത ഈയൊരു സമീപനത്തിന്റെ ഭാഗമാണ്. സാര്‍സ്, വിവിധയിനം H1N1 പനികള്‍, എബോള തുടങ്ങിയ വൈറസുരോഗബാധകളുടെ സമയത്തും ഇതേ പ്രവണത ദൃശ്യമായിരുന്നു. രോഗബാധിതരുടെ ജീവനും, പൊതുജനാരോഗ്യത്തിനും മുന്‍ഗണന നല്‍കുന്നതിനുപകരം മൂലധനത്തിന്റെ സാമ്പത്തിക-വാണിജ്യ താല്‍പര്യങ്ങളുടെ പരിരക്ഷയാണ് ഭരണാധികാരികളുടെ മുന്‍ഗണന പട്ടികയില്‍ ഇടം ലഭിച്ചത്. സ്ഥിതിഗതി കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ മാത്രമാണ് ആരോഗ്യ പരിരക്ഷക്കുവേണ്ട അടിയന്തര നടപടികള്‍ നടപ്പിലാക്കിയിട്ടുള്ളത്. കൊറോണ വൈറസിനെ പോലെ അതിവേഗം ബഹുദൂരം ഇത്രയധികം പേരെ ഗ്രസിക്കാതിരുന്നതുമൂലം പൊതുജനാരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ അക്കാലങ്ങളില്‍ സംഭവിച്ച വീഴ്ചകളും പിടിപ്പുകേടും അര്‍ഹിക്കുന്ന ഗൗരവത്തോടെ പൊതുജനസമക്ഷം വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയി. പാളിച്ചകളും, വീഴ്ചകളും വിലയിരുത്താനുള്ള സമയം ഇതല്ലെങ്കിലും രോഗബാധയെക്കുറിച്ചുള്ള ഭരണാധികാരികളുടെയും, ചികിത്സ-ഔഷധ വ്യവസായ സമുച്ചയത്തിന്റെയും അതിഭാവുകത്വം നിറഞ്ഞ ഭാഷ്യങ്ങളെ വിമര്‍ശനബുദ്ധിയോടെ വിലയിരുത്തണമെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു.
നവ-ലിബറല്‍ കാലത്തെ 'യൂജെനിക്സ്'
പുരോഗതിയുടെ അളവുകോലായി കൊണ്ടാടപ്പെട്ട ആയുര്‍ദൈര്‍ഘ്യത്തെ കൊറോണ വൈറസിന്റെ മൂര്‍ദ്ധന്യത്തില്‍ എത്ര പെട്ടെന്നാണ് ഉപേക്ഷിക്കേണ്ടി വന്നത്. ഇറ്റലിയില്‍ 70-80 വയസ്സു കഴിഞ്ഞവരെ ബോധപൂര്‍വം മരിക്കാന്‍ വിട്ടുകൊടുക്കുന്നതിന്റെ ഭയചകിതമായ വിവരണം ലഭ്യമാണ്.
നവ-ലിബറല്‍ മുതലാളിത്ത കാലഘട്ടത്തില്‍ സംഭവിക്കുന്ന ഏത് സാമൂഹ്യദുരന്തത്തിന്റെ കാര്യത്തിലുമെന്ന പോലെ കൊറോണ വൈറസ് സൃഷ്ടിച്ച മഹാമാരിയും ലോകത്ത് നിലനില്‍ക്കുന്ന വൈവിദ്ധ്യങ്ങളായ ചൂഷണങ്ങളും വിവേചനങ്ങളും, കഠിനവും അസഹ്യമാക്കുമെന്നതില്‍ സംശയമില്ല. ചൂഷണത്തിന്റെയും വിവേചനത്തിന്റെയും വര്‍ഗ-ജാതി-മത-വര്‍ണ-ജെന്‍ഡര്‍ മുദ്രണങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.
ഇന്ത്യയിലെ നഗരങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന ദരിദ്രജനലക്ഷങ്ങളുടെ നിസ്സഹായത അതിന്റെ ലക്ഷണയുക്തമായ തെളിവാണ്. സാമ്പത്തിക വളര്‍ച്ച, ജനാധിപത്യം തുടങ്ങിയ വിഷയങ്ങള്‍ മാത്രമല്ല, പുരോഗതി എന്ന് പൊതുവെ വ്യവഹരിക്കുന്ന സങ്കല്‍പ്പനം പോലും പുനര്‍വിചിന്തനത്തിനു വിധേയമാക്കുന്നതിന്റെ ആവശ്യകതയിലേക്കാണ് കൊറോണ വൈറസിന്റെ വ്യാപനം വിരല്‍ചൂണ്ടുന്നത്.
ആയുര്‍ദൈര്‍ഘ്യം ഒരു ഉദാഹരണമായെടുക്കാം. സാമ്പത്തിക വളര്‍ച്ചയുടെയും, വികസിത സമൂഹത്തിന്റെയും പ്രതീകങ്ങളിലൊന്നാണ് ആയുര്‍ദൈര്‍ഘ്യം. പുരോഗതിയുടെ അളവുകോലായി കൊണ്ടാടപ്പെട്ട ആയുര്‍ദൈര്‍ഘ്യത്തെ കൊറോണ വൈറസിന്റെ മൂര്‍ദ്ധന്യത്തില്‍ എത്ര പെട്ടെന്നാണ് ഉപേക്ഷിക്കേണ്ടി വന്നത്. ഇറ്റലിയില്‍ 70-80 വയസ്സു കഴിഞ്ഞവരെ ബോധപൂര്‍വം മരിക്കാന്‍ വിട്ടുകൊടുക്കുന്നതിന്റെ ഭയചകിതമായ വിവരണം ലഭ്യമാണ്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഇതേ സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. ജീവന്‍രക്ഷാ ഉപകരണമായ വെന്റിലേറ്റര്‍ ആവശ്യാനുസരണം ലഭ്യമല്ലാത്തതിന്റെ പേരില്‍ നടത്തിയ നിവൃത്തികേടുകൊണ്ടുള്ള കൊലപാതകങ്ങളായി ഈ മരണങ്ങളെ വിലയിരുത്താമോ? നവ-ലിബറല്‍ കാലത്തെ 'യൂജെനിക്സ്' ആയി ഈ മരണങ്ങളെ കാണാനാവുമോ? ന്യുനതകളൊന്നുമില്ലാത്ത 'പെര്‍ഫക്ടായ' ജനതയുടെ സൃഷ്ടിക്കുവേണ്ടിയാണ് പഴയ ഒരു ഇരുണ്ട കാലത്തില്‍ മാനസികവും, ശാരീരികവുമായ ഭിന്നശേഷിക്കാരെ തുടച്ചുനീക്കിയ 'യൂജെനികസ്' നടപ്പാക്കിയതെങ്കില്‍ കൂട്ടത്തില്‍ പ്രായം കുറഞ്ഞവരെ രക്ഷിക്കുകയെന്ന പ്രായോഗികതയാണ് കൊറോണക്കാലത്തെ അതിജീവനത്തിന്റെ യുക്തിയുടെ രഹസ്യം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, പരിണാമത്തിന്റെ ചരിത്രത്തിലെ 'അര്‍ഹതയുള്ളവര്‍ അതിജീവിക്കുമെന്ന' ന്യായത്തിന്റെ കാലത്തിലേക്കുള്ള മടക്കയാത്ര. വെന്റിലേറ്റര്‍ എടുത്തു മാറ്റപ്പെട്ട ആയുര്‍ദൈര്‍ഘ്യത്തിന്റെ മടക്കയാത്രയുടെ ദൈന്യതയെ പുരോഗതിയുടെ ഏതു കള്ളിയിലാവും നമുക്കിനി പ്രതിഷ്ഠിക്കാനാവുക.
വ്യക്തികള്‍ തമ്മിലും, വ്യക്തികളും സമൂഹവും തമ്മിലും കൃത്യമായ അകലം പാലിക്കുവാന്‍ നിര്‍ബന്ധിതമായതിന്റെ വരുംകാല വിവക്ഷ എന്തെല്ലാമാണ്. മര്‍ദ്ദകയന്ത്രമെന്ന നിലയില്‍ അനുദിനം കരുത്താര്‍ജ്ജിക്കുന്ന ഭരണകൂടസമുച്ചയം ഈ സവിശേഷ സാഹചര്യത്തില്‍ നിന്ന് ഉള്‍ക്കൊള്ളുന്ന അനുഭവങ്ങളെ ഏതു നിലയിലാവും പ്രയോജനപ്പെടുത്തുക? ഇതുവരെ പരിചിതമല്ലാത്ത അസാധാരണ സാമൂഹിക നിയന്ത്രണങ്ങളും അച്ചടക്കങ്ങളും നിരീക്ഷണങ്ങളും സൂക്ഷ്മതലങ്ങളില്‍ നിയമാനുസൃതം നടപ്പിലാക്കുന്നതിനുള്ള പ്രവണത തള്ളിക്കളയാനാവുമോ? തെരഞ്ഞെടുപ്പുത്സവത്തിലെ കെട്ടുകാഴ്ച മാത്രമായി ജനാധിപത്യത്തെ വിഭാവന ചെയ്യുന്നവരെപ്പോലും അലോസരപ്പെടുത്തുന്ന ഈ ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരം പറയുക ദുഷ്‌ക്കരമാണ്. കോവിഡ്-19 ചലനരഹിതമാക്കിയ ആഗോള സമ്പദ്ഘടനയുടെ വരുംവരായ്കളെപ്പറ്റിയുള്ള അവലോകനം ഒരു പക്ഷെ ഈ ചോദ്യങ്ങളെ അഭിമുമുഖീകരിക്കുവാന്‍ നമ്മെ സഹായിച്ചേക്കും.
കുറിപ്പ്:
1: റിച്ചാര്‍ഡ് ലെവിന്‍സിന്റെ 'ഈസ് ക്യാപിറ്റലിസം എ ഡിസീസ്' (മന്ത്ലി റിവ്യൂ, സെപ്തംബര്‍ 2000) റോബ് വാലസിന്റെ 'ബിഗ് ഫാംസ് മേക്ക്സ് ബിഗ് ഫ്ളൂ' (മന്ത്ലി റിവ്യു പ്രസ്സ് -2016), മൈക്ക് ഡേവിസിന്റെ 'ദ മോണ്‍സ്റ്റര്‍
അറ്റ് ഔവര്‍ ഡോര്‍' (2005) തുടങ്ങിയ കൃതികളോട് കടപ്പാട്.
Nandalal R
17 Apr 2020, 07:30 PM
<p>@Dr.Muraleedharan</p> <p>മാരകവൈറസുകളുടെ ആവിർഭാവത്തിനും വ്യാപനത്തിനും വളക്കൂറുള്ള ഭൌതികസാഹചര്യം സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന സാമൂഹിക-സാമ്പത്തിക്രമമാണ് ഈയൊരു സ്ഥിതിവിശേഷത്തിന് അടിസ്ഥാനകാരണം എന്ന് പറയുന്നതിൽ ശാസ്ത്രദൃഷ്ട്യാ ഉള്ള പ്രശ്നമെന്താണെന്ന് മനസ്സിലായില്ല. ഇവിടെയുള്ള ഭൂരിപക്ഷം ആളുകളുടെയും ജീവിതത്തിലും പാരിസ്ഥിതിയിലും ആഗോളീകരണവും നവഉദാരവൽക്കരണ നയങ്ങളും ഇതിനോടകം വരുത്തിയിട്ടുള്ളതും ഇപ്പോഴും വരുത്തിക്കൊണ്ടിരിക്കുന്നതും ഇനിയും തുടരുകയും (തുടർന്നേക്കാവുന്ന എന്നല്ല) ചെയ്യുന്നതുമായ മാറ്റങ്ങള്‍ ഇവയെല്ലാം ഈ കൊറോണദുരന്തത്തിന് കാരണങ്ങളാണ്. വരുത്തികൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇതാണ് ഇന്നത്തെ ദുരന്തത്തിന്റെ മൂലകാരണം.<br /> പല വൈറസ് രോഗങ്ങളും വനാന്തർഭാഗത്താണ് ഉണ്ടായതെന്നും വനവുമായുള്ള മനുഷ്യന്റെ നീതീകരിക്കാനാവാത്ത ഇടപെടലുകൾ മൂലം മനുഷ്യരിലേക്കും അങ്ങിനെ ലോകത്തന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നതാണെന്നുമുള്ള ഒട്ടേറെ പഠനങ്ങൾ വന്നിട്ടുമുണ്ട്. വനവുമായുള്ള മനുഷ്യന്റെ ഈ നീതീകരിക്കാനാവാത്ത ഇടപെടലുകൾ തുടർന്നുകൊണ്ടിരിക്കുന്നത് നിലവിലുള്ള മൂലധനവ്യവസ്ഥയുടെ ഇടപെടലുകളാണ് താനും. ഇത്തരത്തിലുള്ള മൂലധനനിയന്ത്രിതമായ ഒരു സാമൂഹിക-സാമ്പത്തികക്രമമാണ് മാരകവൈറസുകളുടെ ആവിർഭാവത്തിനും വ്യാപനത്തിനും വളക്കൂറുള്ള ഭൌതികസാഹചര്യം സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്നത് എന്നല്ലേ പറഞ്ഞിരിക്കുന്നത്. അങ്ങിനെവരുമ്പോൾ അതിലെ ശാസ്ത്രദൃഷ്ട്യായുള്ള പിഴവിനെക്കുറിച്ച് കൂടുതൽ വ്യക്തമാക്കിയാൽ നന്നായിരുന്നു എന്നാഗ്രഹിക്കുന്നു.</p>
Dr. Muraleedharan
17 Apr 2020, 07:29 PM
<p>അണുബാധയുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞശേഷം മാത്രം രോഗലക്ഷണം പുറത്തുവരുന്നതിനാല്‍ അസുഖം കൂടുതല്‍ പേരിലേക്ക് പകര്‍ന്നശേഷമാണ് തിരിച്ചറിയാന്‍ കഴിയുന്നത്. സാര്‍സ് മുതല്‍ കോവിഡ്-19 വരെയുള്ള രോഗബാധയുടെ കാര്യത്തില്‍ ഈയൊരു ക്രമം കാണാം. മാരക വൈറസുകളുടെ ആവിര്‍ഭാവത്തിനും വ്യാപനത്തിനും വളക്കൂറുള്ള ഭൗതികസാഹചര്യം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സാമൂഹിക-സാമ്പത്തിക ക്രമമാണ് ഈയൊരു സ്ഥിവിശേഷത്തിന് അടിസ്ഥാനകാരണം. കൊറോണ വൈറസ് ബാധ തിരിച്ചറിഞ്ഞശേഷവും അതിനെ പ്രതിരോധിക്കുന്നതില്‍ പുലര്‍ത്തിയ ഉദാസീനത ഈ സാമൂഹിക-സാമ്പത്തിക ക്രമത്തിന്റെ ഉപോല്‍പന്നമാണ്. വൈറസ് ബാധ പുറംലോകം തിരിച്ചറിഞ്ഞാല്‍ സംഭവിക്കുന്ന സാമ്പത്തിക-വാണിജ്യ നഷ്ടത്തെപ്പറ്റിയുള്ള കണക്കുകൂട്ടലുകള്‍ രോഗബാധയെ നിഗൂഢമാക്കി പൊതിഞ്ഞുവെക്കുന്നതിനും, അതിന്റെ ഗൗരവം ലഘൂകരിച്ച് കാണിക്കുന്നതിനും ഒരോ രാജ്യത്തിനും, കമ്പനികള്‍ക്കും പ്രേരണയാവുന്നു. ////////////////////////////////////////////////////////////</p> <p> </p> <p> </p> <p>ഈ പാരഗ്രാഫിലെ 'അടിസ്ഥാന കാരണം,' എന്നു വരെയുള്ള ഭാഗം കെ.പി സേതുനാഥ് എഴുതിയത് ശാസ്ത്രദൃഷ്ട്യാ ശരിയല്ല. Medical Science-ൽ Incubation period എന്നറിയപ്പടുന്ന പ്രസ്തുത കാലയളവ് എല്ലാ രോഗങ്ങളുടേയും പൊതു സ്വഭാവമാണ്. ഒരു രോഗാണു ശരീരത്തിലെത്തിയാൽ അതു വളർന്നു പെരുകി ശരീരത്തെ രോഗാതുരമാക്കുന്ന ഈ time frame ഒരു സാമൂഹിക സാമ്പത്തിക ക്രമത്തിന്റെയും അടിസ്ഥാനത്തില്ല നിലകൊള്ളുന്നത്.</p> <p> </p> <p> </p>
Dr. Muraleedharan
17 Apr 2020, 07:27 PM
<p><img alt="ggdfg" data-entity-type="file" data-entity-uuid="66e9d73d-7ee0-4651-a165-87221fca374b" src="/sites/default/files/inline-images/img_0.jpg" /></p> <p> </p> <p>ഈ പാരഗ്രാഫിലെ 'അടിസ്ഥാന കാരണം,' എന്നു വരെയുള്ള ഭാഗം കെ.പി സേതുനാഥ് എഴുതിയത് ശാസ്ത്രദൃഷ്ട്യാ ശരിയല്ല. Medical Science-ൽ Incubation period എന്നറിയപ്പടുന്ന പ്രസ്തുത കാലയളവ് എല്ലാ രോഗങ്ങളുടേയും പൊതു സ്വഭാവമാണ്. ഒരു രോഗാണു ശരീരത്തിലെത്തിയാൽ അതു വളർന്നു പെരുകി ശരീരത്തെ രോഗാതുരമാക്കുന്ന ഈ time frame ഒരു സാമൂഹിക സാമ്പത്തിക ക്രമത്തിന്റെയും അടിസ്ഥാനത്തില്ല നിലകൊള്ളുന്നത്.</p>
ശശി, സി.
15 Apr 2020, 10:34 AM
മുതലാളിത്ത വികസനസങ്കല്പങ്ങളുടെ പ്രയോഗിഗ വത്കരണം എന്തുമാത്രം ദുരന്തമാണ് മനുഷ്യരാശിക്ക് ഏൽപ്പിച്ചത്. നേടിയ പുരോഗതി എന്നത് മൂലധനത്തിന്റെ മായിക പ്രവർത്തനത്തിന്റെ പരിണതിയാണോ എന്ന് ഈ ലേഖനം അടിവരയിടാൻ ശ്രമിക്കുകയാണ്. മുതലാളിത്ത വികസന പ്രവൃർത്തിയുടെ മർമ്മത്തിലേക്ക് അതിന്റെ തന്നെ വൈകല്യം തൊടുത്തുവിട്ടെ ജൈവായുധമാണ് കൊറോണ . കെ.പി.സേതുനാഥിന്റെ ഈ ലേഖനം വികസന സങ്കല്പങ്ങളെ വിമർശന സമീപനത്തോടെ വിശകലനം ചെയ്യാൻ വായനക്കാരെ പ്രേരിപ്പിക്കും.
Ravi Shanker
15 Apr 2020, 01:08 AM
നല്ല ലേഖനം. പക്ഷെ, ഏതാണ്ട് മുഴുവൻ വാലസിന്റെ പഠനത്തെ ആശ്രയിച്ചാണ് . ഇന്ത്യയുടേയും, കേരളത്തിന്റെയും സവിശേഷ സാഹചര്യങ്ങളെ കൂടി ഉൾക്കൊണ്ടു കൊണ്ടുള്ള ഒരു രണ്ടാം പകുതി പ്രതീക്ഷിക്കുന്നു.
CKMUHAMMED - Narikkunni '
13 Apr 2020, 08:43 AM
വിത്യസ്തമായ ഒരു വീക്ഷണം - അഭിനന്ദനങ്ങൾ
RAFEEK THEKKE PARഠ LI
9 Apr 2020, 01:54 PM
വസ്തുതകൾ ജനങ്ങളിൽ മറച്ചുവെക്കപ്പെടുകയാണ്. ഉപകാരപ്രധമായ ലേഖനം.
Sajan
9 Apr 2020, 10:37 AM
Excellent
Jeejo
9 Apr 2020, 01:29 AM
പ്രൗഢഗംഭീരമായ ലേഖനം.. തികച്ചും വ്യത്യസ്തമായ സമീപനം മഹാമാരികളുടെ കാണാപ്പുറങ്ങളിലേക്കു കടന്നുചെല്ലുന്നു.
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read
Dr. Muraleedharan
17 Apr 2020, 07:37 PM
@Nandalal R I) അണുബാധയുണ്ടായി ദിവസങ്ങൾ കഴിഞ്ഞ ശേഷം മാത്രം രോഗലക്ഷണം പുറത്തു വരുന്നതിനാൽ ... ////// കൊറോണയിലൊഴിച്ച് മറ്റെല്ലാ രോഗങ്ങളിലും രോഗബാധ ഉണ്ടായ ഉടൻ രോഗലക്ഷണങ്ങൾ പുറത്തു വരുന്നു എന്ന് ദ്യോതിപ്പിക്കുന്നു. ഇത് ശാസ്ത്ര ദൃഷ്ട്യാ തെറ്റാണ്. 2) സാർസ് മുതൽ കോവിഡ്19 വരെയുള്ള രോഗബാധയുടെ കാര്യത്തിൽ ഈ ക്രമം കാണാം. ///////// ഏതു ക്രമം? അണുബാധയുണ്ടായി ദിവസങ്ങൾ കഴിഞ്ഞ ശേഷം മാത്രം രോഗ ലക്ഷണം പുറത്തു വരുന്ന ക്രമം. . ഇത് കൊറോണയുടെ ജനിതകഭേദം വന്ന വൈറസുകൾക്ക് മാത്രമോ, വൈറസ് ജീവിവർഗ്ഗത്തിനു മാത്രമോ അവകാശപ്പെട്ടതല്ല. ഫംഗസ് ബാധ (Fungus group) ടൈഫോയ്ഡ് (ബാക്ടീരിയ ) , പിൻ വേം (പാരസൈററ്) റോക്കി മൗണ്ടൻ ഫീവർ (റിക്കറ്റസിയ ഗ്രൂപ്പ് ) ബാധയും മുതൽ എയ്ഡ്‌സ് (virus) വരെയുള്ള എല്ലാ രോഗാണുക്കളുടെയും പൊതുസ്വഭാവമാണ് ബീജ ഗർഭകാലം (incubation period) .അതായത് ഒററ (Single ) വൈറസിനോ ഒരു ബാക്ടീരിയക്ക് മാത്രമോ നിങ്ങളുടെ ശരീരത്തിൽ രോഗം സൃഷ്ടിക്കാവില്ല. അതിന് ഒരു പ്രത്യേക അളവിൽ വൈറസ് / ബാക്ടീരിയ ലോഡ് ആവശ്യമാണ്. ആ അളവിൽ രോഗാണുക്കൾ സൃഷ്ടിക്കപ്പെട്ട് രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ഉപയോഗിക്കുന്ന time frame ആണത്. മറ്റൊരു രോഗാണുബാധക്കും ഈ ക്രമമില്ല എന്ന തെറ്റായ അശാസ്ത്രീയ ധാരണ സൃഷ്ടിക്കുന്നു. 3) മാരക വൈറസുകളുടെ ........ സാമൂഹിക സാമ്പത്തിക ക്രമമാണ് ഈയൊരു സ്ഥിതിവിശേഷത്തിന് അടിസ്ഥാനം ////////// ഇൻക്യൂബേഷൻ പിരിയഡ് എന്ന ഈ അടയിരിക്കൽ കാലയളവിന്റെ അടിസ്ഥാന കാരണം സാമൂഹിക-സാമ്പത്തിക ക്രമമാണ് എന്നു പറയുന്നതിലെ അശാസ്ത്രീയ പറഞ്ഞറിയിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. താങ്കളെ പരിചയമില്ല. മെഡിക്കൽ ഫീൽഡുമായി ബന്ധമുള്ള ആളാണോ എന്നറിയാൻ താല്പര്യം. ഞാൻ വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ആളാണെന്നു സ്വയം പരിചയപ്പെടുത്തട്ടെ. സ്നേഹപൂർവം ...