മലയാളികൾക്കുമുന്നിൽ രക്ഷയുടെ വാതിലുകൾ തുറന്ന ഗൾഫുകാർ

ചരിത്രത്തിൽ ആദ്യമായി ഇന്ന് നാം കാണുകയും കേൾക്കുകയും ചെയ്യുന്ന ക്വാറന്റയ്ൻ, ഐസലോഷൻ തുടങ്ങിയ അനുഭവങ്ങളിലൂടെ വേറൊരു ജീവിതാർഥത്തിൽ കടന്നു പോയവരാണ് പ്രവാസികൾ എന്ന തൊഴിലാളിവർഗം

'ഏകാകിയായ മനുഷ്യൻ' എന്നത് ആഗോള പൗരയാഥാർഥ്യമായി മാറി എന്നതാണ് കോവിഡ്- 19 ഉയർത്തിയ യാഥാർഥ്യം. വാസ്തവത്തിൽ ഇത്രയും അവാസ്തവതകളോ എന്ന് ഓരോ ആളും ഏകാന്തമായ തീവ്രതയോടെ അനുഭവിച്ചു തുടങ്ങി. മലയാളികൾക്ക് പോലും ഈ കടുത്ത വാസ്തവം അംഗീകരിക്കേണ്ടിവന്നു.

'അനുഭവരാഹിത്യമുള്ള ജനത' എന്ന് പ്രണയ പുസ്തകങ്ങൾക്ക് ആമുഖമെഴുതാറുള്ള നിരൂപകരുടെ വിശേഷങ്ങൾ പ്രളയത്താലും കൊറോണയിലും അറംപറ്റി ഒഴുക്കിക്കളയുകയാണ് മലയാളികൾ. ഈ ശാരീരിക അകലം / മാനസിക അടുപ്പം എന്ന കോറോണ കാല പ്രതിരോധ കല ഏറ്റവും തീവ്രമായ മാനസികാഘാതമായി അനുഭവിക്കുന്നവർ അടിത്തട്ടിലെ മനുഷ്യരും ഗൾഫ് തൊഴിലാളികളുമാണ്.
'തൊഴിലാളി വർഗം' എന്ന് നാം ഒരിക്കലും സംബോധന ചെയ്തിതിട്ടില്ലാത്ത ഗൾഫ് / യൂറോപ്യൻ മലയാളി കുടിയേറ്റ കുടുംബങ്ങളാണ് ഇപ്പോൾ ഏറെ വിരസവും വേദനാജനകവുമായ അനുഭവത്തിലൂടെ കടന്നുപോകുന്നത്.

ചിത്രീകരണം: ദേവപ്രകാശ്

'വിദേശത്തുനിന്ന് വരുന്നവരാണ് രോഗവാഹകർ' എന്നത് ഈ രോഗകാലസന്ദർഭത്തിൽ ഒരു യാഥാർഥ്യമായി നിലനിൽക്കുമ്പോൾ തന്നെ, അത് അവരിൽ സൃഷ്ടിക്കുന്ന അന്യതാ ബോധം ഏറെ ആഴത്തിലുള്ളതാണ്. കോറോണ ആ നിലയിൽ വലിയൊരു അപരത്വ നിർമിതി നടത്തിയിട്ടുണ്ട്.

70 കൾ കേരളത്തിലെ സാമൂഹിക ജീവിതത്തിൽ രണ്ടുതരം ഉള്ളടക്കങ്ങളാണ് കൊണ്ടുവന്നത്. രാഷ്ട്രീയമായ ചില പുനരെഴുത്തുകൾ ആ കാലത്ത് സംഭവിച്ചു. ഇടതുപക്ഷം / വലതുപക്ഷം എന്ന വിഭജന രേഖകൾക്കിടയിൽ അവ്യവസ്ഥമായ ചില വരകൾ കൂടി അപ്പോഴുണ്ടായി.

'വിദേശത്തുനിന്ന് വരുന്നവരാണ് രോഗവാഹകർ' എന്നത് രോഗകാലസന്ദർഭത്തിൽ യാഥാർഥ്യമായി നിലനിൽക്കുമ്പോൾ തന്നെ, അത് അവരിൽ സൃഷ്ടിക്കുന്ന അന്യതാ ബോധം ഏറെ ആഴത്തിലുള്ളതാണ്.

'സന്ദേഹിയായ ഒരു രാഷ്ട്രീയ ഇടതൻ' കേരളത്തിൽ രൂപപ്പെടുന്നത് ആ കാലത്താണ്. ചരിത്രത്തിന് പുതിയ ഭാഷയും ചിഹ്നങ്ങളും അവർ സമ്മാനിച്ചു. പിന്നീടുണ്ടായ മാധ്യമ ചരിത്രത്തിൽ ഏറെ കവർ‌സ്റ്റോറികൾ ആ ഹ്രസ്വകാലത്തെക്കുറിച്ചുണ്ടായി. അതേകാലത്തു തന്നെയാണ് മലയാളികളുടെ അന്നം തേടിയുള്ള ഹിമാലയൻ യാത്രകൾ ആരംഭിക്കുന്നത്.
മലയാളി ആദ്യം കീഴടക്കിയ 'ഹിമാലയം' മരുഭൂമിയാണ്. ജീവിതത്തിലേക്കുള്ള ഉയരം താണ്ടലുകളായിരുന്നു അവ. ഏറെ സഞ്ചാര / ജീവിത സാഹിത്യങ്ങൾ ആ കാലത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുമില്ല.
ബെന്യാമിനും (ആടുജീവിതം), വി. മുസഫർ അഹമ്മദുമാണ് ശ്രദ്ധേയമായ ചില എഴുത്തുകൾ നടത്തിയത്. 'ആടുജീവിത'ത്തിലെ നജീബ് അപ്പോഴേക്കും ഏറെ മാറിപ്പോയ ഗൾഫിൽ ഒരു ആർക്കൈവ് ചിത്രമായിട്ടാണ് വായിക്കപ്പെട്ടത്.
ബഷീറിന്റെ 'പാത്തുമ്മയുടെ ആടും' ബെന്യാമിന്റെ 'ആടുജീവിത'വും ഒരേ സമുദായത്തെക്കുറിച്ചുള്ള രണ്ടു തരം താരതമ്യങ്ങളാണ്. വലിയ സഞ്ചാരങ്ങൾക്കുശേഷം വീട്ടിൽ തിരിച്ചെത്തിയ ബഷീറിന്റെ വിശ്രാന്തിയിലേക്കാണ് പാത്തുമ്മയും ആടും കടന്നുവരുന്നത്. അതിൽ സ്ത്രീയും ആടും സ്വാതന്ത്ര്യത്തിന്റെ സഞ്ചാരപഥങ്ങൾ തീർക്കുന്നു.
ബഷീർ ഏറെ അലച്ചിലുകൾക്കു ശേഷം വന്നതുകൊണ്ടാവാം, അത്രയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല അതിൽ അസ്വസ്ഥപ്പെടുന്നുമുണ്ട്.
'ആടുജീവിത'ത്തിലെ കഥാപാത്രത്തിന് ഇത്തരം സഞ്ചാരപഥങ്ങൾ ഇല്ല. വരണ്ടതും ഭയാനകവുമായ അവസ്ഥയിലൂടെ അയാൾ കടന്നുപോകുന്നു. ഗൾഫ് കുടിയേറ്റക്കാർ ആത്മാവിൽനിന്ന് അത്തരം ഭാരങ്ങൾ ഇറക്കിവെക്കുന്ന കാലത്താണ് ബെന്യാമിന്റെ നോവൽപ്രകാശനം. ഈ നോവൽകാലമാവുമ്പോഴേക്കും വിഷാദം, വിരഹം, ഏകാന്തത തുടങ്ങിയ വൈയക്തിക കടമ്പകൾ അവർ ബ്രേക്ക് ചെയ്തു തുടങ്ങിയിരുന്നു.

വിഷാദ മധുരമായ കാൽപനിക ഭാഷയിൽ വി. മുസഫർ അഹമ്മദ് 'മരുമരങ്ങൾ' കാവ്യാത്മമായി രേഖപ്പെടുത്തി. ഭാഷ അതിൽ തസ്ബീഹ് മാലയിലെ മുത്തുപോലെ തിളങ്ങി.
അപ്പോഴും, പ്രവാസികൾ ഒരു 'തൊഴിലാളി വർഗമായി' രേഖപ്പെടുത്തപ്പെട്ടില്ല. അവർക്കു വേണ്ടിയുള്ള മുദ്രാവാക്യങ്ങളുമുണ്ടായില്ല. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട 'ടെക്‌നോ സാക്ഷര'നാണ്, ഗൾഫ് പ്രവാസി എന്ന കുടിയേറ്റ തൊഴിലാളി.
ശബ്ദകലയിലെ ആദ്യ ഡിവൈസുകളിൽ ഒന്നായ ടേപ്പ് റെക്കോർഡർ / കാസെറ്റ് നമുക്ക് പരിചിതമാക്കിയത് അവരാണ്. കത്തുപാട്ടുകളിലൂടെ അവർ, ശാരീരികമായ അകലത്തെ കാതു കൊണ്ടടുപ്പിച്ചു, വൈകാരികമായ വാക്കുകളുടെ ഇന്ദ്രജാലം കൊണ്ടലിയിച്ചു കളയാൻ ശ്രമിച്ചു.
പിന്നീട് നാം കണ്ട, സ്റ്റാറ്റസ് സിംബലുകൾ, ഇന്ന് സാർവത്രികമായ എ.സി., ഫോൺ, സിഗരറ്റ്, ലിക്വർ, സ്വിസ് കോട്ടൺ, ചൈനീസ് സിൽക്, വ്യത്യസ്ത ഡിസൈനുകളിലുള്ള കർട്ടനുകൾ തുടങ്ങി നിത്യ മധുരമായ ചോക്ലേറ്റുകളും അവരുടെ ഉപലബ്ദികളായി നാം അനുഭവിച്ചു.
എടുപ്പിലും നടപ്പിലും ഒരു പുതുക്കം കൊണ്ടുവന്നു. പയറും പരിപ്പും കഴിച്ച് ഗ്യാസ് ടാങ്കുകൾ പോലെയുള്ള മലയാളി വയറുകൾ പുതിയ ഇനം ഭക്ഷണങ്ങൾ കൊണ്ടുനിറഞ്ഞു. നന്നായി സമ്പാദിക്കുന്ന മനുഷ്യർ നല്ല ആരോഗ്യത്തെക്കുറിച്ചും ദീർഘായുസിനെക്കുറിച്ചും ആലോചിക്കും. അലഞ്ഞവർ ഇരുന്ന് പഠിക്കുന്ന സ്വന്തം മക്കളെക്കുറിച്ച് ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യും. അത്തരം പദ്ധതികൾ ആശുപത്രികളായും സ്‌കൂളുകളായും രൂപപ്പെട്ടു. ലുബ്നായ മലയാളിയിൽ നിന്ന് ചെലവാക്കുന്ന മലയാളിയായി അവർ മാറി.

തെങ്ങുകയറ്റക്കാരനായ കുഞ്ഞിരാമേട്ടന്റെ ഐ.ഡി ഏണിയാണ്. പെയ്ന്റ് അടിക്കുന്ന ഹസ്സന്റെ ഐ.ഡി ബ്രഷും, ഇതുപക്ഷെ, ഒരു പാസ് ആയി കൊണ്ടു നടക്കാനാവില്ല. എല്ലാ പൗരന്മാർക്കും ഒരു സന്ദിഗ്ദ്ധഘട്ടത്തിൽ ഒരേ ഐ.ഡി ആയിരിക്കണം.

സവർണമായ എട്ടുകെട്ട് / നാലുകെട്ടിനുപകരം പുതിയ ഗൃഹനിർമ്മിതികൾ കൊണ്ടുവന്ന് ധനാത്മകമായ പുതിയ വംശമായി അവർ മാറി എന്നത് സത്യം. വമ്പിച്ച തൊഴിൽ സാധ്യത ഉണ്ടാക്കിയപ്പോഴും പ്രകൃതിയുടെ സീമാതീതമായ ചൂഷണങ്ങൾ അത് ഉണ്ടാക്കിയിട്ടുണ്ട്.
ജീവിതത്തിലുള്ള എളിമ നിർമിതിയിൽ അവർ പ്രകടിപ്പിച്ചില്ല. അത് പ്രകൃതിയുടെ ശത്രു എന്ന ചീത്തപ്പേരുണ്ടാക്കും വിധം വിസ്തൃതമായ ഒരു ദുരുപയോഗം തന്നെയായിരുന്നു.
അപ്പോഴും, അവരുടെ കൈയിൽ നമ്മുടെ, സർക്കാർ ഉദ്യോഗം നയിക്കുന്ന മനുഷ്യരുടെ കൈയിലുള്ള അത്രയും അധികാരമോ ഗർവിഷ്ഠമായ ഭാഷാചിഹ്നങ്ങളോ ഇല്ല.
ഇപ്പോൾ ലോക്ഡൗൺ കാലത്ത് പുറത്തുപോകാൻ ഐ.ഡി കാണിച്ചാൽ മതി എന്ന് പറയുന്നുണ്ട്. ഈ പ്രിവിലേജിന് പുറത്താണ് കീഴാള / സാധാരണ തൊഴിലാളികളും പ്രവാസികളും ആത്മാഭിമാനികളായ കൃഷിക്കാരും അസംഘടിത തൊഴിലാളികളും.
ചിലപ്പോഴെങ്കിലും തെരുവിൽ ഇപ്പോൾ പൊലീസിൽനിന്ന് അടി വാങ്ങിക്കൂട്ടിയ / ഏത്തമിടീക്കൽ എന്ന മനുഷ്യവിരുദ്ധ ശിക്ഷാമുറയ്ക്കിരയായ മനുഷ്യർ. ഐ.ഡി കീശയിലിട്ടിരിക്കുന്നവരാണ് ആത്മാഭിമാനത്തിന് ക്ഷതമേറ്റ ഈ മനുഷ്യരെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നത്. ലോകം അവസാനിക്കുന്നതിന്റെ തലേന്നും തന്റെ അക്കൗണ്ടിൽ സാലറി വന്നു വീഴും എന്ന് ഉറപ്പുള്ളവർ.


തെങ്ങുകയറ്റക്കാരനായ കുഞ്ഞിരാമേട്ടന്റെ ഐ.ഡി ഏണിയാണ്. പെയ്ന്റ് അടിക്കുന്ന ഹസ്സന്റെ ഐ.ഡി ബ്രഷും, ഇതുപക്ഷെ, ഒരു പാസ് ആയി കൊണ്ടു നടക്കാനാവില്ല. എല്ലാ പൗരന്മാർക്കും ഒരു സന്ദിഗ്ദ്ധഘട്ടത്തിൽ ഒരേ ഐ.ഡി ആയിരിക്കണം. കൊറോണ മനുഷ്യരെ തുല്യതയെക്കുറിച്ച് പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ, നാം ഓദ്യോഗിമായ വിഭാഗീയത പഠിപ്പിക്കുന്നു.
ചരിത്രത്തിൽ ആദ്യം ഇന്ന് നാം കാണുകയും കേൾക്കുകയും ചെയ്യുന്ന ക്വാറന്റയ്ൻ, ഐസൊലേഷൻ- ഇത്തരം അനുഭവങ്ങളിലൂടെ വേറൊരു ജീവിതാർഥത്തിൽ കടന്നു പോയവരാണ് പ്രവാസികൾ എന്ന തൊഴിലാളിവർഗം.
കുടുംബത്തെ വിട്ട് ഒറ്റപ്പെട്ട അവസ്ഥയിൽ അവർ ജീവിച്ചു. ഏകാന്തമായ ആ തൊഴിൽ / 'ഐസലേറ്റഡ്' ജീവിതങ്ങളിലൂടെ അവർ മലയാളികളുടെ കൂട്ടാന്ത ജീവിതങ്ങളെ അന്നം കൊണ്ടും അർഥം കൊണ്ടും പ്രചോദിപ്പിച്ചു.
ഇന്ന് ദൽഹിയിൽ കാണുന്ന വിഭജനാനന്തര കാലത്തെ ഓർമിപ്പിക്കുന്ന മഹാ മനുഷ്യപലായനങ്ങളിൽ നിന്ന് മലയാളികളെ രക്ഷിച്ചു.
മലയാളികൾക്കുമുന്നിൽ രക്ഷയുടെ വാതിലുകൾ തുറന്ന ആ മനുഷ്യർ, തീവ്രമായ ദു:ഖാനുഭത്തിലൂടെ കടന്നുപോവുകയാണ്. എഡ്ഗാർ അലൻ പോ എഴുതിയ എക്കാലത്തെയും ക്ലാസിക് കഥയായ 'The fall of the house of usher' ആണ് ഈ ഇരുണ്ടതും ഭയാനകവുമായ കാലത്ത് വായിക്കേണ്ടത്.
ക്രൂരമായ ഒരു വിഭ്രാന്തിയിലൂടെയാണ് മനുഷ്യർ കടന്നുപോവുന്നത്. ഭയചകിതമായ കാലം. അതിലെ കഥാപാത്രം പറയുന്നു: ഭാവി സംഭവങ്ങളെ ഞാൻ ഭയപ്പെടുന്നത്, അവയുടെ സ്വരൂപത്താൽ അല്ല; അവയുടെ പരിസമാപ്തിയിലാണ്.
അഷർ ബംഗ്ലാവ് ഈ ലോകമാണ്. വിഭ്രാന്തിയുടെ ഒരു പുസ്തകമാണ് നാമിപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. ഡയസ്‌പോറ ആ അനുഭവത്തെയും കടന്നുപോകും. ഇപ്പോൾ പലായനം ചെയ്യുന്ന, നീണ്ടവരിയിൽ നിൽക്കുന്ന മനുഷ്യർ, അവരുടെ ഉറുമ്പു ജീവിതം തുടരുകയും ചെയ്യും, നിശ്ശബ്ദവും വേദനാജനകവുമായ സഹനം.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments