അതിവ്യാപനശേഷിയുള്ള പുതിയ വകഭേദം; ഇനിയുമൊരു കോവിഡ് തരംഗം ഉണ്ടാകാം

വരും ദിവസങ്ങളിൽ XBB എങ്ങനെ പെരുമാറുമെന്ന് കൃത്യമായി പറയാനാവില്ല; നിലവിൽ ഏറ്റവും വ്യാപനശേഷിയുള്ള വേരിയന്റ് ഇതുതന്നെയാകുമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. വേഗത്തിൽ ഓടാനും ഇമ്യൂണിറ്റിയിൽ നിന്ന് ഒളിഞ്ഞുനിൽക്കാനും ഇതിന് കെൽപ്പുണ്ട്. ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് കടക്കാൻ ചെറിയ വൈറൽ ലോഡ് മതി എന്നതാണ് കാരണം. ഇതിനെതിരെ വാക്സിൻ ഉയർന്ന തോതിൽ പ്രവർത്തിക്കണമെന്നുമില്ല. അടുത്ത ആഴ്ചകളിൽ പുതിയ ഒരു തരംഗം ഉയർന്നു വരാനും സാധ്യതയുണ്ട്.

കഴിഞ്ഞ പത്തു മാസമായി കോവിഡ് എന്നല്ല, ഒമൈക്രോൺ എന്ന് പറഞ്ഞു ശീലിച്ചവരാണ് നമ്മളെല്ലാം. കാരണമുണ്ട്: 2021 ലെ കോവിഡ് രോഗങ്ങളുടെ തീവ്രത ഇല്ലെന്ന പൊതുധരണയുടെ ശക്തിയാണത്. ഒമൈക്രോണല്ലേ സാരമില്ലെന്ന ചിന്ത നമ്മെ കോവിഡ് പ്രതിരോധത്തിൽനിന്ന് അകറ്റി. മാസ്‌ക് ഉപയോഗിക്കുന്നവരും സാമൂഹിക അകലം പാലിക്കുന്നവരും കുറഞ്ഞുവരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇതിനിടെ അനേകം വേരിയന്റുകൾ വന്നുവെങ്കിലും വാക്സിൻ പരിരക്ഷ ശക്തമായതിനാൽ ആശുപത്രികൾ നിറഞ്ഞില്ല.

പൊതുജീവിതം ഏറെക്കുറെ നോർമൽ നിലയിലേയ്ക്ക് മാറുകയും ചെയ്തിരിക്കുന്നു. അങ്ങനെയിരിക്കുമ്പോളാണ് പുതിയ വേരിന്റുകൾ എത്തുന്നത്. മഹാരാഷ്ട്രയിൽ XBB എന്ന പുതിയ വേരിയന്റ്റ് അടുത്തിടെ ശക്തിപ്രാപിക്കുന്നതായി കാണുന്നു. ഒക്ടോബർ 10 നു ശേഷം അവിടെ കോവിഡ് കേസുകൾ 17.7% കണ്ട് വർധിച്ചിട്ടുണ്ട്. സംസ്ഥാനത്തു 18 രോഗികളിൽ XBB സ്ഥിരീകരിക്കുകയുണ്ടായി. പുനെ, ഥാനെ, നാഗ്പ്പൂർ എന്നിവിടങ്ങളിൽ XBB പ്രത്യക്ഷപ്പെട്ടതായി ടെസ്റ്റുകൾ വെളിപ്പെടുത്തുന്നു. പുതിയ വേരിയന്റിന്റെ സ്വഭാവമറിയാൻ ജിനോം പഠനം ആവശ്യമാണ്. നിലവിൽ ലഭ്യമായ വിവരമനുസരിച്ചു ഇന്ത്യയിൽ 88% കോവിഡ് ബാധയും BA.2.75 എന്ന വേരിയന്റ് മൂലമാണ്; XBB ഇതിനകം 7% സാന്നിധ്യം സ്ഥാപിച്ചുകഴിഞ്ഞു. ആഘോഷങ്ങളും ഉത്സവങ്ങളും വരാനിരിക്കുന്ന ഈ സമയം കോവിഡ് വർധിക്കാനാണ് സാധ്യത. സമാനമായ സാഹചര്യം നേരിടുന്ന തായ്‍ലൻഡ് കോവിഡ് പ്രതിരോധം ശക്തമാക്കി. യൂറോപ്പിലും നിരീക്ഷണങ്ങൾ ശക്തമാക്കിക്കഴിഞ്ഞു. സിംഗപ്പൂരിൽ വർധിച്ച വ്യാപനമാണിപ്പോൾ. അതിനുപിന്നിൽ XBB തന്നെയാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. രാജ്യത്തെ കോവിഡ് കേസുകളിൽ 54% വും XBB മൂലമാണ്.

മുൻപുണ്ടായിരുന്ന മറ്റു രണ്ടു സ്‌ട്രെയിനുകളായ BA.2.75, BJ.1 എന്നിവയിൽ നിന്ന് ജന്യമാണ് പുതിയ XBB വേരിയന്റ്റ്. മഹാരാഷ്ട്ര മാത്രമല്ല, കേരളമുൾപ്പടെ പല പ്രദേശങ്ങളിലേയ്ക്കും വ്യാപനം നടന്നിട്ടുണ്ടെന്ന് കരുതപ്പെടുന്നു. വരും ദിവസങ്ങളിൽ XBB എങ്ങനെ പെരുമാറുമെന്ന് കൃത്യമായി പറയാനാവില്ല; കൂടുതൽ ഡാറ്റ ലഭ്യമാകേണ്ടതുണ്ട്. നിലവിൽ ഏറ്റവും വ്യാപനശേഷിയുള്ള വേരിയന്റ്റ് ഇതുതന്നെയാകുമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. വേഗത്തിൽ ഓടാനും ഇമ്യൂണിറ്റിയിൽ നിന്ന് ഒളിഞ്ഞുനിൽക്കാനും ഇതിന് കെൽപ്പുണ്ട്. ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് കടക്കാൻ ചെറിയ വൈറൽ ലോഡ് മതി എന്നതാണ് കാരണം. രോഗ പ്രതിരോധ ശക്തികൾക്ക് അദൃശ്യമായി, പ്രതിരോധ ഭിത്തി മറികടക്കാനും വൈറസിന് കഴിവുണ്ട്. അപ്പോൾ, ഒരിക്കൽ രോഗം വന്നവർ വീണ്ടും രോഗബാധിതരാകുന്നതിൽ അത്ഭുതമില്ല. ഇതിനെതിരെ വാക്സിൻ ഉയർന്ന തോതിൽ പ്രവർത്തിക്കണമെന്നുമില്ല. പുതിയ ഒരു തരംഗം ഉയർന്നു വരുന്നത് അടുത്ത ആഴ്ചകളിൽ നമുക്ക് കാണാം.
ചൈന - മംഗോളിയ പ്രദേശത്തു നിന്ന് കണ്ടെത്തിയ മറ്റൊരു സ്ട്രെയിൻ വൈറസ് ഇപ്പോൾ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. BF 7 എന്നാണ് നാമകരണം. ആദ്യമായ് കണ്ടെത്തിയത് ഒക്ടോബർ മാസത്തിൽ തന്നെ. കണ്ടെത്തപ്പെട്ട ശേഷം ഇതിന്റെ യാത്രാ വേഗത അതിശയകരമാണുതാനും. ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, അമേരിക്ക, ബെൽജിയം, ഡെൻമാർക്ക് എന്നിവിടങ്ങളിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. ഏതാനും നാളുകൾക്ക് മുമ്പ് ഗുജറാത്തിൽ കണ്ടെത്തിയതോടെ ഇന്ത്യയിലും വ്യാപനം ശക്തമാകുമെന്ന ആശങ്കയുണർത്തുന്ന വേരിയന്റ്റണിത്.

അമേരിക്കയിൽ BF 5 എന്ന സ്ട്രെയിൻ തന്നെയാണ് ഇപ്പോഴും വ്യാപനത്തിൽ മുമ്പിൽ. ഉദ്ദേശം 83% വരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ സെപ്റ്റംബർ 24 ആയപ്പോൾ BF 7 പ്രാതിനിധ്യം ഒരാഴ്ചയ്ക്കുള്ളിൽ 1.6% ൽ നിന്ന് 2.3% ആയത് വ്യാപനം വർധിക്കുന്നതിന് സൂചന നൽകുന്നു. അമേരിക്കയിലെ ചില പ്രദേശങ്ങളിൽ 3.9% വരെ രോഗങ്ങൾക്ക് കാരണമാണെന്ന വാർത്തയുണ്ട്. അമേരിക്കയിൽ കോവിഡ് ചികിൽസിക്കാൻ ഉപയോഗിക്കുന്ന "എവ്ഷീൽഡ്' എന്ന മോനോക്ലോണൽ ഔഷധത്തിന്റെ വീര്യം ദുർബലപ്പെടുത്തുന്ന മ്യൂറ്റേഷൻ BF 7 ൽ കാണുകയുമുണ്ടായി. ഇന്ത്യയിൽ ഇതിന്റെ വ്യാപനം നിരീക്ഷിച്ചു വരികയാണ്. ഉത്സവകാലം കഴിഞ്ഞാൽ പുതിയ വ്യാപനം ഉണ്ടാകാനാണ് സാധ്യത.

പുതിയ തരംഗം ഉണ്ടാകുമോ എന്നത് കൃത്യമായി പറയാനാവില്ല. അനേകം ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ് തരംഗമാകാനുള്ള സാധ്യതയുണ്ടാകുന്നത്. പക്ഷേ, ഒരു തരംഗം സൃഷ്ടിക്കുന്നതിനുള്ള ശേഷി BF 7 നുണ്ടെന്ന് തന്നെ കരുതാം. അനുകൂല മ്യൂട്ടേഷൻ വഴി അതിവേഗ വ്യാപനത്തിന് കഴിവാർജ്ജിച്ച സ്ട്രെയിൻ ആയതിനാൽ ദീപാവലിക്ക് ശേഷം അധിക വ്യാപനം പ്രതീക്ഷിക്കാം. ഏതു പുതിയ സ്ട്രെയിനും ചെയ്യുന്നതുപോലെ തന്നെ ഇതിനും വ്യാപനത്തിന് കുറഞ്ഞ വൈറൽ ലോഡ് മതി. അതോടൊപ്പം നമ്മുടെ ഇമ്യൂണിറ്റിയെ മറികടക്കാനും കഴിയും. വാക്സിൻ എടുത്തവരും നേരത്തെ കോവിഡ് ബാധിച്ചവരും വീണ്ടും രോഗബാധിതരാകാൻ സാധ്യതയുണ്ട്. പുതിയ ഒമൈക്രോൺ വകഭേദങ്ങൾക്ക് വ്യാപനശേഷി വർധിച്ചുവരുന്നതിനാൽ രണ്ടോ അതിലധികമോ ആവർത്തി രോഗസാധ്യത ഇനി വരുന്ന മാസങ്ങളിൽ പ്രതീക്ഷിക്കാം.

സ്ട്രെയിൻ ഏതായാലും രോഗലക്ഷണങ്ങളിൽ മാറ്റം കാണുന്നില്ല. എന്നാൽ ശരീരവേദനയും ക്ഷീണവും മുൻ വകഭേദങ്ങളെക്കാൾ XBB യിൽ കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. സിംഗപ്പൂരിൽ കോവിഡ് മൂലം ആശുപത്രിയിൽ കിടത്തേണ്ടിവന്നവരിൽ വൻ വർധനകാണുന്നു. ഇത് രോഗതീവ്രത മൂലമാണോ അതോ രോഗം ബാധിക്കുന്നവരുടെ സംഖ്യ വർധിക്കുന്നതിന്റെ പ്രതിഫലനമാണോ എന്ന് പറയാറായിയിട്ടില്ല. വൈറസ് ബാധിച്ച വളരെപ്പേർ രോഗബാധിതർ ആകാത്തതിനാൽ പ്രതിരോധത്തിൽ അയവുവരുത്തിയാൽ വ്യാപനം വർധിക്കുമെന്നുറപ്പ്. വൈറസ് ശരീരത്തിൽ കടന്ന ഭൂരിപക്ഷം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. എന്നാൽ അവർക്ക് ഫലപ്രദമായി രോഗം പകർന്നുനൽകാനാകും. സമൂഹം സാധാരണയെന്നപോലെ ക്രയവിക്രയങ്ങളിലും ആൾക്കൂട്ടങ്ങളിലും ഇടപെടുമ്പോൾ വൈറസ് ബാധയുള്ളവർ മറ്റു മുതിർന്നവരിലേയ്ക്കും പ്രതിരോധക്ഷമത കുറഞ്ഞവരിലേയ്ക്കും രോഗം കൈമാറും. കോവിഡ് വ്യാപനത്തിന്റെ മറ്റൊരു ദശയിലേയ്ക്ക് നാം കടക്കുന്നതായി കരുതാം. മറ്റ് ആരോഗ്യപ്രശ്‌നമുള്ളവരിൽ രോഗതീവ്രത വർധിക്കാനും ആശുപത്രിവാസം ആവശ്യമായി വരാനും ഇത് കാരണമാകും. കോവിഡ് ബാധിതരിൽ ആയിരത്തിന് പത്തോ പന്ത്രണ്ടോ പേര് മാത്രമേ ആശുപത്രികളിൽ എത്തുകയുള്ളൂ. എങ്കിലും വ്യാപന വർദ്ധനവുണ്ടാകുമ്പോൾ കിടപ്പുരോഗികളായി വരുന്നവരുടെ എണ്ണവും വർധിക്കുമെന്നതിനാൽ പ്രതിരോധ നടപടികൾ ഉണ്ടാകണം. ലഘു രോഗമായി കോവിഡ് ബാധിച്ചവരിലും കോവിഡനന്തര രോഗാവസ്ഥകൾ ഉണ്ടാകുന്നതായി തെളിവുണ്ട്. കോവിഡനന്തര സങ്കീർണതകൾ പരിമിതപ്പെടുത്താനും പ്രതിരോധം തീർച്ചയായും വേണം.

കോവിഡ് പ്രതിരോധനയം പുനരാവിഷ്‌കരിക്കുകയും ശക്തിപ്പെടുത്തുകയും ആവശ്യമായ ഘട്ടത്തിലേയ്ക്കാണ് നാം പോകുന്നത്. വികസിത രാജ്യങ്ങളിൽ പുതിയ സ്ട്രെയിനുകളെ പരിമിതപ്പെടുത്താൻ ബൈവാലന്റ്റ് കോവിഡ്-19 വാക്സിൻ ലഭ്യമാണ്. ഇതിൽ ആദ്യത്തെ കോറോണവൈറസിനെയും പുതിയ ഒമൈക്രോൺ വകഭേദത്തെയും ചെറുക്കുന്ന ഘടകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ബൂസ്റ്റർ ആയി ബൈവാലന്റ്റ് വാക്സിൻ സ്വീകരിക്കുന്നവർക്ക് ഒമൈക്രോണിനെതിരെ പ്രതിരോധശേഷി മെച്ചപ്പെടും. ഇന്ത്യയിൽ ബൈവാലന്റ്റ് വാക്സിനുകൾ വിതരണം ചെയ്യുന്നില്ല. ആദ്യകാലങ്ങളിൽ വാക്‌സിനെടുത്തവരുടെ പ്രതിരോധ ശേഷി മെല്ലെ കുറഞ്ഞുവരുന്ന കാലമാണിത്. ലോകമെമ്പാടും അപ്രകാരം തന്നെ. പലരാജ്യങ്ങളും ബൂസ്റ്റർ ശിപാർശ ചെയ്തുവരുന്നു. ഇന്ത്യയിൽ ലഭിച്ചിരുന്ന വാക്സിനുകൾ ബൂസ്റ്ററായി കൊടുത്തുതുടങ്ങുന്ന കാര്യം വിദഗ്ദ്ധ സമിതി പരിഗണിക്കാൻ സമയമായി.

Comments