വെന്റിലേറ്ററിനായി മത്സരിക്കുന്ന അമേരിക്കൻ ഇക്കോണമിയും മനുഷ്യനും

"ഈ നേരം വരെ ഒരു നിർബന്ധിത ലോക്​ഡൗൺ ഫ്ലോറിഡയിൽ നടപ്പിലാക്കിയിട്ടില്ല, എന്നു മാത്രമല്ല ആരാധനാലയങ്ങൾ തുറക്കാനുള്ള അനുമതിയും നിലനിൽക്കുന്നു. പത്രസമ്മേളനത്തിന് മാധ്യമ പ്രവർത്തകർ കൂടുമ്പോൾ സാമൂഹിക അകലം പാലിക്കണം എന്ന്​ നിർദേശിച്ച ഒരു മാധ്യമ പ്രവർത്തകയെ കഴിഞ്ഞ ആഴ്ച സമ്മേളനത്തിൽ നിന്നുതന്നെ വിലക്കി ഇവിടുത്തെ ഗവർണർ ‘മാതൃക’യായി." - സൗത്ത് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക എഴുതുന്നു.

ഈ കുറിപ്പ് എഴുതാനിരിക്കുമ്പോൾ അമേരിക്കയിൽ 4,29,264 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻറ്​ പ്രിവെൻഷൻ (Center for Disease Control and Prevention) നൽകുന്ന വിവരങ്ങളനുസരിച്ച് 14,820 പേർ ഈ രാജ്യത്ത് മരിച്ചു. ഞാൻ താമസിക്കുന്ന (വീട്ടിൽ അടച്ചിരിക്കുന്ന) ഫ്ലോറിഡയിൽ 16,364 രോഗികളും 354 അനുബന്ധ മരണങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞു. രാജ്യവ്യാപകമായി ‘സ്​റ്റേ -അറ്റ്-ഹോം’ ഉത്തരവ് നൽകിയെങ്കിലും ഓരോ സംസ്ഥാനങ്ങൾക്കും ഇത് എത്രകണ്ട്​ നടപ്പിലാക്കണം എന്നു തീരുമാനിക്കാം.

ഈ നേരം വരെ ഒരു നിർബന്ധിത ലോക്​ഡൗൺ ഫ്ലോറിഡയിൽ നടപ്പിലാക്കിയിട്ടില്ല, എന്നു മാത്രമല്ല ആരാധനാലയങ്ങൾ തുറക്കാനുള്ള അനുമതിയും നിലനിൽക്കുന്നു. പത്രസമ്മേളനത്തിന് മാധ്യമ പ്രവർത്തകർ കൂടുമ്പോൾ സാമൂഹിക അകലം പാലിക്കണം എന്ന്​ നിർദേശിച്ച ഒരു മാധ്യമ പ്രവർത്തകയെ കഴിഞ്ഞ ആഴ്ച സമ്മേളനത്തിൽ നിന്നുതന്നെ വിലക്കി ഇവിടുത്തെ ഗവർണർ ‘മാതൃക’യായി.

കോവിഡ് തുറന്നു കാട്ടുന്നത് അമേരിക്കയെയാണ് . എങ്ങനെ ഒരു പാൻഡെമിക്കിനെ(pandemic) നേരിടരുത് എന്നതിന്റെ ഉത്തമ ഉദാഹരണം ആയി അമേരിക്ക ലോകത്തിന് മുമ്പിൽ നിൽക്കുന്നു. ഏതാണ്ട് മൂന്നു ട്രില്യൺ ആരോഗ്യ മേഖലയിൽ ചെലവഴിക്കുന്ന അമേരിക്കയിലെ ആശുപത്രികളിൽ പേർസണൽ പ്രൊടെക്ടീവ് എക്വിപ്മെൻറ് (PPE) ലഭിക്കാത്തതിനാൽ പ്ലാസ്​റ്റിക് കവറുകൾ (trash bag) ഉടുത്ത് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ കഴഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞു. മുതലാളിത്തത്തിന്റെ ജീർണിച്ച ഉൾവശം ആണ് ഈ പാൻഡെമിക്കിലൂടെ നാം കാണുന്നത്.

ലാഭം വാരിക്കൂട്ടിയ അമേരിക്കൻ ആരോഗ്യസേവന രംഗത്തെ ഒരു കോർപ്പറേറ്റ് ആശുപത്രിക്കും ഒരു പാൻഡെമിക് വന്നാൽ നേരിടാനുള്ള യാതൊരു സംവിധാനവും ഇല്ല എന്ന വസ്തുത വിരൽചൂണ്ടുന്നത്, ഈ സമൂഹത്തിലെ അതിരൂക്ഷമായ ചൂഷണത്തിലേക്കാണ്, അതിഭീമമായ തവണകളും ചെലവുകളും സാധാരണ മനുഷ്യനുമേൽ ചുമത്തി തിന്നുകൊഴുത്ത അമേരിക്കൻ ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്കാണ്​. സർവോപരി, സമ്പത്തിനെ, ലാഭത്തിനെ എല്ലാ കാലത്തും മനുഷ്യനു മുകളിൽ വെക്കുന്ന മുതലാളിത്തം എന്ന സാമ്പത്തിക വ്യവസ്ഥയെ ആണ് ഇത് തുറന്നുകാട്ടുന്നത്.

ഡൊണാൾഡ് ട്രംപ്

അമേരിക്കൻ വ്യവസ്ഥിതിയുടെ ഈ ജീർണാവസ്ഥ ഏറ്റവും തെളിഞ്ഞു നിൽക്കുന്നത്​ അങ്ങേയറ്റം മനുഷ്യത്വപരമായ സമീപനത്തോടെ ഈ രോഗത്തെ നേരിടുന്ന കേരളം എന്ന സംസ്ഥാനവുമായി താരതമ്യം ചെയ്യുമ്പോഴാണ്. ഇവിടെ ജനങ്ങൾക്ക് (അമേരിക്കൻ പൗരൻ/പൗര അല്ലാത്തവരും മനുഷ്യരാണല്ലോ. അവരുവഴിയും ഇത് പകരാമല്ലോ) സൗജന്യ പരിശോധന/ചികിത്സ ഉറപ്പ് നല്കുന്ന ഭരണാധികാരികൾ ഇല്ല, വീട്ടിലിരിക്കുന്നവർക്കുവേണ്ട സഹായങ്ങളോ ഭക്ഷണമോ എത്തിക്കുന്ന സർക്കാർ സംവിധാനങ്ങളില്ല, ജോലിക്ക് പോയില്ലെങ്കിലും പട്ടിണി കിടന്നുമരിക്കേണ്ടി വരില്ല എന്ന ഉറപ്പ് ആരും നൽകുന്നില്ല.

പിന്നെ മനുഷ്യപ്പറ്റുള്ള കുറെയധികം ആളുകൾ ചേർന്ന്​ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ ഇത്രയും പണവും സംവിധാനങ്ങളും ഉള്ള ഭരണകൂടം നോക്കിയിരിക്കുമ്പോൾ വ്യക്തികളുടെ മുകളിൽ ഉത്തരവാദിത്തം ഏൽപ്പിച്ചൊഴിയാൻ പറ്റുന്ന ഒരു സാഹചര്യം അല്ല ഇവിടെ.

വീട്ടിലിരിക്കുന്നവർക്കുവേണ്ട സഹായങ്ങളോ ഭക്ഷണമോ എത്തിക്കുന്ന സർക്കാർ സംവിധാനങ്ങളില്ല, ജോലിക്ക് പോയില്ലെങ്കിലും പട്ടിണി കിടന്നുമരിക്കേണ്ടി വരില്ല എന്ന ഉറപ്പ് ആരും നൽകുന്നില്ല.

രോഗം ഉള്ളവരുടെ സമ്പർക്കം കണ്ടെത്താനുതകുന്ന ഒന്നും തന്നെ മാധ്യമങ്ങളിലില്ല. ആശുപത്രികളിൽനിന്ന്​ മതിയായ ലക്ഷണങ്ങളില്ല എന്നു പറഞ്ഞു തിരിച്ചയച്ച അനേകായിരം പേർ പിന്നീട് രോഗബാധിതരായിരുന്നു എന്നു കണ്ടെത്തുന്നു.

ലക്ഷണങ്ങൾ വളരെ പതുക്കെ മാത്രം പുറമെ കാണുന്ന ഒരു രോഗത്തിന്​ പരിശോധനയും ചികിത്സയും ഇങ്ങനെയാണോ വേണ്ടത്? സാധാരണ മനുഷ്യർ പരിശോധനക്ക്​ കാത്ത്​ അവശരാകുമ്പോൾ താരങ്ങളും പണക്കാരും രാഷ്​ട്രീയക്കാരും ഒരു ലക്ഷണങ്ങളും ഇല്ലാതെ പരിശോധനക്കു വിധേയരാകുന്നു. കോവിഡ് തുറന്നു കാട്ടുന്നത് അമേരിക്കയെ ആണ്, ലോകത്തെ ഏറ്റവും ധനികരാഷ്​ട്രം എന്ന്​ അഹങ്കരിച്ച, അഹങ്കരിക്കുന്ന അമേരിക്കയിലെ സമ്പത്തിക-സാമൂഹിക- വംശീയ അസമത്വത്തെയാണ്.

ആരോഗ്യം ഒരു അവകാശം അല്ല, അത് പണം ഉള്ളവർക്കുള്ള പ്രിവിലേജാണ്

രോഗിയുടെ റൂട്ട് മാപ്പ് കണ്ടുപിടിച്ചു സംമ്പർക്കത്തിൽ വന്ന എല്ലാവരെയും പരിശോധിക്കുന്ന കേരള മാതൃകയുടെ അടുത്ത് നിൽക്കുമ്പോഴാണ് ഈ അന്തരം കൂടുതൽ വ്യക്തമാകുന്നത്.
18.5 മില്യൺ അമേരിക്കക്കാർ അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്ന് 2018ൽ യു. എൻ കണ്ടെത്തി. അവർ എങ്ങനെ ഈ മഹാമാരിയെ നേരിടും? വ്യക്ത്യാധിഷ്​ഠിത സമൂഹത്തിൽ ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യർ സ്വാർഥരാകുന്നത് കാണാൻ കഴിയും. അതിനെ പരിഹസിക്കുന്നതിനപ്പുറം, എന്തുകൊണ്ട് അങ്ങനെ ആകുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. വഴികാട്ടാനും താങ്ങാകാനും ഒരു ഭരണകൂടം ഇല്ല എന്ന അവസ്ഥയിൽ മനുഷ്യർ സുഹൃത്ത്, അയൽക്കാർ, സമൂഹം എല്ലാം മറക്കുന്നു. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. സ്​റ്റേറ്റിനു മാത്രം കഴിയുന്ന ചിലതുണ്ട്. ഈ കാലം തരണം ചെയ്യണമെങ്കിൽ സ്​റ്റേറ്റ്​ കടമ നിർവഹിക്കണം.

പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വലുതാണ്, പക്ഷേ അത് പൗരൻ/ പൗരർക്കു മാത്രം ആണെങ്കിൽ കഷ്ടമാണ്. അനേകം കുടിയേറ്റ തൊഴിലാളികൾ പൊരിവെയിലത്ത് കഷ്​ടപ്പെട്ടാണ് ഭക്ഷണം ഉണ്ടാക്കുന്നത്. അവർക്ക്​ ഈ സമയത്ത് കൈത്താങ്ങ് നൽകേണ്ടേ? ഇവിടെ പഠിക്കാൻ വന്ന അനേകായിരം അന്താരാഷ്ട്ര വിദ്യാർഥികൾ എന്തു ചെയ്യണം? പണം മാത്രം നൽകിയാൽ മതിയോ? ഒരു റേഷൻ സംവിധാനം ഇല്ലാതെ പോയാൽ പണമുള്ളവർ ഭക്ഷണവും വാങ്ങി പൂഴ്ത്തില്ല എന്ന്​ എന്താണുറപ്പ്.

പ്രായമായവർക്കും, പണമില്ലാത്തവർക്കും, രോഗമുള്ളവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല, മാറിനിന്ന്​ നോക്കി കരയാനേ കഴിയൂ.

പ്രായമായവർക്കും, പണമില്ലാത്തവർക്കും, രോഗമുള്ളവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല, മാറിനിന്ന്​ നോക്കി കരയാനേ കഴിയൂ.
എനിക്കോ എന്റെ കുടുംബത്തിലോ ഉള്ളവർക്ക് വയ്യാതെയായാൽ എന്തു ചെയ്യണം എന്ന്​ ഒരു രൂപവും ഇല്ല. ആശുപത്രിയിൽ കിടന്ന്​ പിന്നീട് ആയിരക്കണക്കിന് ഡോളർ ബില്ലടക്കണോ അതോ വീട്ടിലിരിക്കണോ? ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് ആളുകൾ അമേരിക്കയിലുണ്ട്, കാരണം ഇവിടെ ആരോഗ്യം ഒരു അവകാശം അല്ല, അത് പണം ഉള്ളവർക്കുള്ള പ്രിവിലേജാണ്.

വെൻറിലേറ്ററിൽ കിടത്തി രക്ഷിക്കണം, ഇക്കണോമിയെ

മഹാമാരി പടരുന്ന കാലത്തുപോലും ആരോഗ്യം അവകാശം ആകണം എന്നു പറയുന്ന ഭരണാധികാരികൾ ഇവിടെ വിരളമാണ്. ജനങ്ങളെ സ്വാതന്ത്ര്യം പറഞ്ഞ്​ ഈ വ്യവസ്ഥിതി മയക്കുന്നു, ഇതാണ് നല്ലതെന്ന് അവരെ ധരിപ്പിക്കുന്നു. ഏതായാലും ഇപ്പോൾ മരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സഹിക്കാൻ പറ്റാത്ത വൈരുദ്ധ്യമാണിത്​.
ലാഭം മാത്രം ഉന്നം വെക്കുന്ന ഒരു മുതലാളിയെയും അത്തരം ഒരു വ്യവസ്ഥയെയും രാജ്യം എൽപ്പിച്ചാൽ എന്തു സംഭവിക്കും എന്നു അമേരിക്ക കാണിച്ചുതരുന്നു. 5000 ത്തിനടുത്ത്​ രോഗബാധിതർ ഉണ്ടായിട്ടും ഒരു തരത്തിലും ലോക്ഡൗൺ നിർദേശം ഫ്ലോറിഡ നൽകിയിട്ടില്ല. കാരണം? ഇക്കണോമി.

മനുഷ്യർ വെന്റിലേറ്റർ ഇല്ലാതെ മരിക്കും, പക്ഷേ ഇക്കണോമിയെ എത്ര പരിശ്രമിച്ചിട്ടാണെങ്കിലും വെന്റിലേറ്ററിൽ കിടത്തി രക്ഷിക്കണം. എത്ര മഹത്തായ വിചാരം! മനുഷ്യ ജീവന്​ അവന്റെ/അവളുടെ/അവരുടെ വേതനത്തി​ന്റെ കണക്കിൽ വിലയിടുന്ന മുതലാളിത്തത്തിൽ ഇത് പുതുമയല്ലാതിരിക്കാം.

മനുഷ്യർ വെൻറിലേറ്റർ ഇല്ലാതെ മരിക്കും, പക്ഷേ ഇക്കണോമിയെ എത്ര പരിശ്രമിച്ചിട്ടാണെങ്കിലും വെന്റിലേറ്ററിൽ കിടത്തി രക്ഷിക്കണം. എത്ര മഹത്തായ വിചാരം!

1991ൽ പണ്ട് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഇലക്​ട്രോണിക്​സ്​ മാലിന്യം അയക്കുന്നതിനെ ന്യായീകരിച്ച് ലോകബാങ്കിന്റെ മുഖ്യ സാംമ്പത്തിക ഉപദേഷ്​ടാവായിരുന്ന ലോറൻസ് സമ്മേഴ്സ് പറഞ്ഞതുപോലെയാണ് ഇവിടെ ട്രംപും ചില റിപ്പബ്ലിക്കൻ ഗവർണർമാരും സംസാരിക്കുന്നത്.

ഡാൻ പാട്രിക്ക് (Dan Patrick) എന്ന ലഫ്​. ഗവർണർ പറഞ്ഞത്, പ്രായമായവർ ത്യാഗം ചെയ്യണം എന്നാണ്. താൻ ഉൾപ്പെടുന്ന 70 വയസ്സിനു മുകളിലുള്ള എല്ലാ അമേരിക്കകാരും അടുത്ത തലമുറക്കും ഇക്കണോമിക്കും വേണ്ടി മരിക്കണം എന്നാണ്. അവർ മരിച്ചാലും സാരമില്ല, നിങ്ങൾ തൊഴിലെടുക്കണം എന്നാണ്. ഒരു പാൻഡെമിക് സമയത്ത് തൊഴിലെടുത്തില്ലെങ്കിൽ, സാധനങ്ങൾ വാങ്ങി കൂട്ടിയില്ലെങ്കിൽ തകർന്നു വീഴുന്നതാണ് ഈ സമ്പദ്​ഘടന.

ഡാൻ പാട്രിക്ക്

അന്യന്റെ വിയർപ്പിനെ ചൂഷണം ചെയ്തു മാത്രം നിലനിൽക്കാൻ കഴിയുന്ന ഒന്ന്. ഇനി വരും കാലവും- അങ്ങനെ ഒന്നുണ്ടെങ്കിൽ- ഇങ്ങനെത്തന്നെ ജീവിതവും സമ്പദ്​ഘടനയും മുന്നോട്ടുപോകണം എന്നാണോ വിഭാവനം ചെയ്യുന്നത്?

ഇതൊന്നും പോരാഞ്ഞ് സ്​റ്റേറ്റ്​ ശക്തമാക്കാൻ ശ്രമിക്കുന്ന ഗൂഢാലോചനയാണ് ഈ അസുഖം എന്നുവരെ പറഞ്ഞു പറത്തുന്നവർ ഇവിടുണ്ട്.

കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ കുടുംബവുമായി ഇതിനെക്കുറിച്ച്​ സംസാരിച്ചു, അവർ പറഞ്ഞത്, ഇത് ചൈന ചെയ്തതാണ് എന്നാണ്. ചൈന ആണോ ഇവിടെ PPE (Personal Protective Equipment) ഇല്ലാതാക്കിയത് എന്നു ചോദിച്ചു. അതല്ല എന്നു മറുപടി. അവരുടെ കുടുംബത്തിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ ഉണ്ടായിരിക്കെ, വ്യവസ്ഥിതിയിൽ ഉണ്ടാകുന്ന ഈ വിള്ളൽ കാണാൻ കഴിയാതെ പോകുന്നു എങ്കിൽ അല്ലാത്തവരും ഇത്തരം ഗൂഢാലോചനക്കഥകൾ വിശ്വാസിച്ചാൽ അത്ഭുതപ്പെടാനില്ല.

പത്രസമ്മേളനം എന്ന പേര് വിളിച്ച്​ ഡോക്ടർമാരെയും ശാസ്ത്രഞ്ജരെയും പരിഹസിക്കും വിധം തെറ്റായ വിവരങ്ങൾ മാത്രം നൽകുന്ന, വാചാടോപത്തിൽ ഏർപ്പെടുന്ന ഒരു പ്രസിഡന്റ്​ തെളിക്കുന്ന വഴി മറ്റുള്ളവർ പിന്തുടരുന്നു. പിന്നെ സാനി​റ്റൈസറും ടിഷ്യൂ പേപ്പറും മാത്രമല്ല ആളുകൾ വാങ്ങിക്കൂട്ടുന്നത്, ആ ലിസ്​റ്റിൽ തോക്കും പെടും.
മുതലാളിത്തം എന്ന ഈ ജീർണിച്ച വ്യവസ്ഥിതിയിൽ നിന്ന്​ മാറി നടക്കേണ്ടതിന്റെ ആവശ്യകത നമുക്ക്​ ഇപ്പോൾ മനസ്സിലാകുന്നില്ലെങ്കിൽ അതൊരിക്കലും മനസ്സിലാകും എന്നു തോന്നുന്നില്ല. സ്വാതന്ത്ര്യം പ്രധാനമാണ്​, വളരെ, പക്ഷേ അത് പണമുള്ളവർക്ക്​ ജീവിക്കാനും, അല്ലാത്തവർക്ക്​ മരിക്കാനും ഉള്ളതാവരുത്.
ഇനി ആരും, ‘അമേരിക്കയിലൊക്കെ എന്തൊരു ഫെസിലിറ്റി ആണെന്നോ?’ എന്നുള്ള പൊങ്ങച്ചം പറയുന്നത് കേൾക്കേണ്ടി വരില്ല എന്നു വിശ്വസിക്കുന്നു. വളരെ ചെറിയ ശമ്പളത്തിൽ ഇവിടെ പഠിച്ച്, പഠിപ്പിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ ഇത് നിവർന്നുനിന്നു പറയും. സാമൂഹിക മുന്നേറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന എന്റെ ക്ലാസ്സിലെ എല്ലാം കുട്ടികളും ഒറ്റസ്വരത്തിൽ സമ്മതിക്കും, നവലിബറൽ വിദ്യാഭാസക്കച്ചവടം അവർക്കു നൽകിയത്​ ഒരിക്കലും അടച്ചുതീർക്കാൻ കഴിയാത്ത കടമാണ്, 3-4 ജോലി ചെയ്താൽ കൂടി അടക്കാൻ കഴിയാത്ത വാടകയാണ്, കീശ കാലിയാക്കുന്ന ചൈൽഡ് കെയറാണ്, ‘അമേരിക്കൻ ഡ്രീം’ എന്നത് ഒരു മിത്താണ്​ എന്ന്​. അതുകൊണ്ട് തന്നെ അവർ സമരത്തിനിറങ്ങുകയാണ്, പഠിച്ചത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ്, ‘റെൻറ്-സ്ട്രൈക്’ (rent-strike) എന്ന സമരത്തിലൂടെ! ഇവിടെ പതിയെ ഉയർന്നു വരുന്ന ഈ മുന്നേറ്റത്തിൽ അവരും പങ്കാളികളാകുന്നു. ‘വാടക കൊടുക്കാതെ ഇരിക്കാം നമുക്ക്’ എന്ന്​ അവർ ആഹ്വാനം ചെയ്യുന്നു.

ഇനി ആരും, ‘അമേരിക്കയിലൊക്കെ എന്തൊരു ഫെസിലിറ്റി ആണെന്നോ?’ എന്നുള്ള പൊങ്ങച്ചം പറയുന്നത് കേൾക്കേണ്ടി വരില്ല എന്നു വിശ്വസിക്കുന്നു.

സമ്പത്തല്ല, മറിച്ച് അതെങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. ഒരു സോഷ്യലിസ്​റ്റ്​ വിതരണ ശൃംഖലക്കുമാത്രമേ ഒരു പരിധി വരെ ഈ കാലഘട്ടത്തിൽ നമ്മെ താങ്ങാൻ കഴിയൂ. അവിടെ ലാഭം കടന്നു വരാൻ പാടില്ല, ഒരാളുടെ വരുമാനമാകരുത്​ ഈ രോഗത്തിനെ നേരിടുന്നതിലെ മാനദണ്ഡം. നാമെല്ലാം ഈ പ്രതിസന്ധിയിൽ ഒരുപോലെയാണ് എന്നു ധരിക്കരുത്, അങ്ങനെയല്ല, സാമൂഹിക- സാമ്പത്തിക വിവേചനങ്ങളും അന്തരങ്ങളും അസമത്വവും എല്ലാം ഇതിന്റെ ആഘാതത്തെ നിർണയിക്കുന്നു. സമൂഹത്തിന്റെ അരികിലുള്ളവരെ ഇത് രൂക്ഷമായി ബാധിക്കുന്നു. അതിനെതിരെ കണ്ണടക്കാൻ കഴിയില്ല, കഴിയരുത്.
വളർച്ച, വികസനം എന്ന സങ്കൽപ്പങ്ങളിൽ മനുഷ്യത്വം ഇല്ലാതെ പോകുന്നത് എങ്ങനെയാണെന്ന് ഈ പ്രതിസന്ധി നമ്മളെ കാണിച്ചുതരുന്നു. ഒരുപക്ഷേ, ഇതൊരു പുതിയ തുടക്കം ആയേക്കാം. മനുഷ്യരെ മറന്ന്​, അവരുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്തുമാത്രം മുന്നോട്ടുപോകുന്ന ഈ സംവിധാനമാണോ നമുക്ക് വേണ്ടത് എന്നു ചിന്തിക്കാൻ, മാറിനടക്കാൻ ഒരു അവസരം. കൂട്ടിവെച്ച പണം ആണോ ഇന്ന് സമൂഹത്തിനെയും മനുഷ്യ ജീവനെയും രക്ഷിക്കുന്നത്​? ആണെന്നാണ് ഉത്തരം എങ്കിൽ എനിക്കൊന്നും പറയാനില്ല.

റഫറൻസ്
https://www.washingtonpost.com/news/wonk/wp/2018/06/25/trump-team-rebukes-u-n-saying-it-overestimates-extreme-poverty-in-america-by-18-million-people/
https://www.theguardian.com/world/2017/dec/15/extreme-poverty-america-un-special-monitor-report
https://www.cbsnews.com/news/coronavirus-texas-lieutenant-governor-dan-patrick-slammed-tucker-carlson-willing-to-die-to-revive-economy/
https://www.washingtonpost.com/religion/2020/03/24/dan-patrick-economy-coronavirus-deaths-notdying4wallstreet/
https://www.nytimes.com/2020/03/26/nyregion/nurse-dies-coronavirus-mount-sinai.html
https://www.teenvogue.com/story/rent-strike-2020-joshua-collins
https://www.miamiherald.com/news/politics-government/state-politics/article241591161.html
https://www.tampabay.com/news/health/2020/03/30/tampa-church-holds-packed-service-draws-warning-from-sheriffs-office/
https://www.tampabay.com/news/health/2020/03/28/flor

ida-coronavirus-cases-are-growing-fast-heres-what-that-means/
https://freebeacon.com/2020-election/sanders-claims-medicare-for-all-would-fix-coronavirus-it-might-make-things-worse/
https://monthlyreviewarchives.org/index.php/mr/article/view/MR-044-08-1993-01_2
http://www.ejolt.org/2013/02/lawrence-summers%E2%80%99-principle/
https://www.nytimes.com/interactive/2020/us/coronavirus-us-cases.html

Comments