603 കർഷകരാണ് കൊല്ലപ്പെട്ടത്, സമരം വിട്ടുവീഴ്ചയില്ലാതെ തുടരും

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകസമരത്തിനുനേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചുകയറ്റിയെതിനെ തുടർന്ന് നാല് കർഷകർ ഉൾപ്പെടെ കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ യു.പി. ഭവനുമുന്നിൽ പ്രതിഷേധിച്ചവരെ പോലീസ് ക്രൂരമായാണ് മർദിച്ചത്. കിസാൻ സഭ, മഹിളാ കോൺഗ്രസ് പ്രവർത്തകർക്കു നേരെയായിരുന്നു പോലീസിന്റെ അതിക്രമം. കിസാൻ സഭാ നേതാവ് പി.കൃഷ്ണപ്രസാദിനെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോയി വാഹനത്തിൽ കയറ്റുകയായിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, കർഷക സമരത്തിൽ തുടക്കം മുതൽ നേതൃപരമായ പങ്കുവഹിക്കുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ എ.ആർ. സിന്ധു ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖം.

കെ.വി. ദിവ്യശ്രീ: കർഷകസമരവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ യു.പി. ഭവനുമുന്നിൽ നടന്ന പ്രതിഷേധത്തിനിടെയാണല്ലോ പി.കൃഷ്ണപ്രസാദ് അറസ്റ്റ് ചെയ്യപ്പെട്ടത്. വനിതകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്കുനേരെ എന്ത് പ്രകോപനത്തിന്റെ പേരിലാണ് പോലീസിന്റെ അതിക്രമമുണ്ടായത്? വലിച്ചിഴച്ച് കൊണ്ടുപോകുന്ന തരത്തിലുള്ള നടപടിയിലേക്ക് പോലീസ് നീങ്ങാൻ കാരണമെന്താണ്?

എ.ആർ. സിന്ധു: കഴിഞ്ഞ കുറേ കാലങ്ങളായി ഇങ്ങനെ തന്നെയാണ് പൊലീസ്​ നടപടികൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങളിൽ പ്രതീകാത്മകമായ പ്രതിഷേധങ്ങൾ ഡൽഹിയിൽ നടക്കാറുണ്ട്. ലഖിംപൂർ ഖേരിയിലെ സംഭവത്തെ തുടർന്നും സമാനമായ പ്രതിഷേധമാണ് യു.പി. ഭവനു മുന്നിൽ നടന്നത്. സാധാരണഗതിയിൽ പ്രതീകാത്മകമായി തന്നെയാണ് ഡൽഹിയിൽ പ്രക്ഷോഭങ്ങൾ നടക്കാറ്​. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അതുപോലും അനുവദിക്കില്ലെന്ന സ്ഥിതിയാണ്. ഒരു തരത്തിലുള്ള പ്രതിഷേധവും ഡൽഹിയിൽ അനുവദിക്കേണ്ടന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭാഗത്തുനിന്ന് തന്നെയുള്ള നിർദേശമാണ്. ട്രേഡ് യൂണിയനുകളുടേതായാലും മറ്റ് ബഹുജന സംഘടനകളുടേതായാലും സമാധാനപരമായ പ്രതിഷേധങ്ങൾ, പ്രത്യേകിച്ച് ബി.ജെ.പി. സർക്കാരിന്റെ നയങ്ങളെ എതിർക്കുന്ന പ്രതിഷേധങ്ങൾ ജന്തർ മന്തർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായാണ് ഡൽഹിയിലെ പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിടുന്നത്. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ട്രേഡ് യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവരെ സ്റ്റേഷനിലിട്ടത്. അവർക്ക് വെള്ളമോ ഭക്ഷണമോ നൽകിയിരുന്നില്ല. എന്നാൽ വിട്ടയക്കാനും പോലീസ് തയ്യാറായില്ല. പിന്നീട് പ്രതിഷേധിച്ചതിന് ശേഷമാണ് പി. കൃഷ്ണപ്രസാദ് ഉൾപ്പെടെയുള്ളവരെ വിട്ടയച്ചത്.

ലഖിംപൂർ ഖേരിയിലെ സംഭവം മനഃപൂർവമുള്ള കൊലപാതകമാണെന്ന് തന്നെയാണോ കർഷകർ കരുതുന്നത്? കേന്ദ്രമന്ത്രിയുടെ മകനുൾപ്പെടെയുള്ളവരാണ് വാഹനം ഇടിച്ചുകയറ്റിയത്. അങ്ങനെയെങ്കിൽ ഇതിൽ ഭരണകൂട ഗൂഢാലോചനയുണ്ടെന്ന് കരുതേണ്ടി വരുമോ?

ലഖിംപൂരിൽ സംഭവിച്ചത് ഭരണകൂടത്തിന്റെ നിർദേശപ്രകാരം നടന്ന കൊലപാതകമാണ്. ബി.ജെ.പി. സർക്കാരിന്റെ നിർദേശപ്രകാരം പാർട്ടി പ്രവർത്തകർ തന്നെയാണ് സമരം നടത്തിയിരുന്ന കർകരുടെ നേരെ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയത്. സർക്കാർ നടത്തിയ കൊലപാതകമായതുകൊണ്ടുതന്നെ അതിനെതിരെ നടക്കുന്ന ഒരു പ്രതിഷേധവും അനുവദിക്കരുതെന്ന, ഒരു പ്രതിഷേധശബ്ദം പോലും രേഖപ്പെടുത്തപ്പെടരുതെന്ന കേന്ദ്ര സർക്കാരിന്റെ നിർബന്ധം തന്നെയാണ് ഡൽഹിയിലെ പൊലീസ് നടപടിക്ക് കാരണം. നേരത്തെ ജനാധിപത്യപരമായി പെരുമാറിയിരുന്ന പൊലീസുകാരടക്കം ബി.ജെ.പി.യുടെയും കേന്ദ്ര സർക്കാരിന്റെയും സമ്മർദം കാരണം മറ്റു മാർഗമില്ലെന്ന് പറയുകയാണ്.

കൃത്യമായും ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും അജണ്ട തന്നെയാണ് കർഷകരുടെ പ്രതിഷേധത്തിനുനേരെയുള്ള പൊലീസ് നടപടി. ഹരിയാനയിൽ ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി ജനങ്ങളെ ശാരീരികമായി ആക്രമിക്കാൻ സ്വന്തം പാർട്ടിക്കാരെ ആഹ്വാനം ചെയ്യുകയാണ്. അങ്ങനെയുള്ളവർക്ക് അധികാരത്തിൽ തുടരാൻ എന്ത് അവകാശമാണുള്ളത്. ജനങ്ങളുടെ പിന്തുണ നഷ്ടമായെന്ന തിരിച്ചറിവിൽ, അധികാരത്തിൽ നിന്ന് പുറത്താകുമെന്ന ഭീതിയിൽ നിന്നാണ് ആർ.എസ്.എസ്.- ബി.ജെ.പി. നേതൃത്വത്തിന്റെ ഇപ്പോഴത്തെ നടപടികൾ. ഭയപ്പെടുത്തി പ്രതിഷേധങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം. എതിർസ്വരങ്ങളെ ഏതുവിധത്തിലും അടിച്ചമർത്തി കോർപറേറ്റുകളുടെ പിന്തുണയോടെ അധികാരം കൈയടക്കിവെക്കുകയാണ് സംഘപരിവാർ ലക്ഷ്യം. ബി.ജെ.പി.യുടെയും ആർഎസ്.എസിന്റെയും രാഷ്​ട്രീയ തീരുമാനത്തിന്റെ ഭാഗമായി തന്നെയാണ് ഈ അക്രമങ്ങളെ കാണേണ്ടത്. അതേസമയം, അതിനെതിരായ ജനങ്ങളുടെ ചെറുത്തുനിൽപ്പ് ശക്തമാകുകയാണ്. രാഷ്ട്രീയത്തിനെല്ലാം അതീതമായി ജനങ്ങൾ ഒരുമിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ഡൽഹി യു.പി. ഭവനു മുന്നിലെ പ്രതിഷേധത്തിനിടെ കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെ പോലീസ് വാഹനത്തിലേക്ക് വലിച്ചുകയറ്റുന്നു

ജനാധിപത്യം എന്ന സംവിധാനത്തെ തന്നെ പൂർണമായി ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന തരത്തിലുള്ള നീക്കങ്ങളാണ് ബി.ജെ.പി.യുടെയും കേന്ദ്ര സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. ഈ അവസ്ഥയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ജനാധിപത്യപരമായ യാതൊരു പ്രതിഷേധവും ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടാണ് ബി.ജെ.പി.യുടേത്. ആളുകളെ കൂട്ടംചേരാൻ പോലും അനുവദിക്കാതെ വീടുകളിൽ നിന്നടക്കം അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയാണ്. കർഷക, ട്രേഡ് യൂണിയൻ നേതാക്കൾ ഉൾപ്പെടെ നിരവധി പേരെയാണ് തടഞ്ഞുവെച്ചത്. ഡൽഹി കലാപം നടന്നപ്പോൾ ഉൾപ്പെടെ ഇത്തരം നടപടികൾ നമ്മൾ കണ്ടതാണ്. ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ സമരത്തിന് നേതൃത്വം നൽകുന്ന സംഘടനകളുടെയൊക്കെ ഓഫീസുകൾക്ക് മുന്നിൽ തടസം സൃഷ്ടിക്കുകയും നേതാക്കളെ പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് പൊലീസ്​ രീതിയാണ്. എതിർസ്വരങ്ങൾ അടിച്ചമർത്തുക മാത്രമല്ല, പൗരൻമാരുടെ സ്വതന്ത്ര പ്രവർത്തനം പോലും അനുവദിക്കില്ലെന്ന തരത്തിൽ കൃത്യമായ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. കർഷക സമരത്തിന് നേതൃത്വം കൊടുക്കുന്നതിനായി രൂപീകരിച്ച ‘ഡൽഹി ഫോർ ഫാർമേഴ്‌സ്’ എന്ന കൂട്ടായ്മയുടെ നേതാക്കളെ വീട്ടുതടങ്കലിലാക്കി പ്രതിഷേധങ്ങൾക്ക് തടയിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഏതാനും മാസങ്ങളായി നടന്ന എല്ലാ പ്രതിഷേധങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നാൽ കർഷക സമരത്തിന് ഉൾപ്പെടെ ഡൽഹിയിൽ ജനപിന്തുണ വലിയ തോതിൽ വർധിച്ചുവരികയാണ്. ഇതുകണ്ട് വിറളി പൂണ്ടാണ് അമിത് ഷായും മോദിയും കർഷകരെ അടിച്ചമർത്താൻ പൊലീസിനെ ഉപയോഗിക്കുന്നത്.

പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള രാഷ്​ട്രീയ നേതാക്കളുടെ ഇടപെടലിനെ എങ്ങനെയാണ് കാണുന്നത്? തുടക്കത്തിൽ ഇല്ലാത്ത തരത്തിൽ രാഷ്ട്രീയകക്ഷികളുടെ ഉൾപ്പെടെ വലിയതോതിലുള്ള പിന്തുണ ഇപ്പോൾ കർഷക സമരത്തിന് ലഭിക്കുന്നുണ്ട്. അതിനെ എങ്ങനെയാണ് കാണുന്നത്?

രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ പലപ്പോഴും കർഷക സമരത്തിന് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കോൺഗ്രസ് ഉൾപ്പെ പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും സ്വാഗതാർഹമാണ്. ജനങ്ങളുടെ പ്രതിഷേധം മനസ്സിലാക്കി നയം മാറ്റാൻ തയ്യാറാകുന്ന രാഷ്ട്രീയ കക്ഷികളെയും ഞങ്ങൾ സ്വാഗതം ചെയ്യും. കർഷക സമരത്തിന് ലഭിക്കുന്ന വലിയ തോതിലുള്ള ജനപിന്തുണ തങ്ങൾക്ക് അനുകൂലമാക്കാനുള്ള അവരുടെ ശ്രമവുമായിരിക്കാം ഇപ്പോഴത്തെ നടപടികൾ. ട്രേഡ് യൂണിയനുകൾ തുടക്കം മുതൽ കർഷക സമരത്തിനൊപ്പമുണ്ടായിരുന്നു. കർഷക- തൊഴിലാളി ഐക്യമെന്ന മുദ്രാവാക്യമാണ് തുടക്കം മുതലുണ്ടായിരുന്നത്. മുസഫർനഗർ മഹാപഞ്ചായത്തിലടക്കം ജാതിയ്ക്കും മതത്തിനുമപ്പുറം ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങൾ മുന്നിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. കർഷക ബില്ലുകൾക്ക് കൂടാതെ ലേബർ കോഡുകളും സ്വകാര്യവത്കരണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ മുദ്രാവാക്യങ്ങളായി. ഈയൊരു പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പിന്തുണ കൊടുക്കാതിരിക്കാനാകില്ല. ആ തിരിച്ചറിവ് തന്നെയാകും ഇപ്പോഴത്തെ സജീവതയ്ക്ക് കാരണം. കഴിഞ്ഞവർഷം ലേബർ കോഡ് പാസാക്കുമ്പോൾ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഉൾപ്പെടെയുള്ളവർ ബി.ജെ.പിക്കൊപ്പം ചേർന്ന് നിന്നവരാണ്. അതിനുശേഷം കർഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധം ശക്തമായപ്പോൾ കഴിഞ്ഞ മാസത്തെ ഭാരതബന്ദിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്.

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം. നടത്തിയ റാലിയിൽ സീതാറാം യെച്ചൂരി, സുഭാഷിണി അലി തുടങ്ങിയവർ

കർഷക നിയമങ്ങൾക്കെതിരായ സമരം മാത്രം എന്നതിൽ നിന്നു മാറി ജനാധിപത്യ വിരുദ്ധമായ എല്ലാ നടപടികൾക്കും എതിരായ സമരം എന്ന നിലയിലേക്ക് ഈ സമരം പരിവർത്തനം ചെയ്യപ്പെട്ടിരിക്കുകയാണെന്ന്​ പറയാൻ കഴിയുമോ?

തീർച്ചയായും, അങ്ങനെയൊരു രീതിയിലേക്ക് മാറുകയാണ്. വൻതോതിലുള്ള സ്വകാര്യവത്കരണവും തൊഴിലില്ലായ്മയും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ജനങ്ങളെ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നിർബന്ധിതരാക്കുകയാണ്. രാജ്യം വിറ്റുതുലയ്ക്കുന്നതിനെതിരായ മുദ്രാവാക്യങ്ങളും ഉയർന്നുവരികയാണ്. ലേബർ കോഡിനെതിരായ ട്രേഡ് യൂണിയനുകളുടെ സമരത്തിന് കർഷക സംഘടനകൾ പിന്തുണ നൽകുന്നുണ്ട്. കർഷകരും തൊഴിലാളികളും ചേർന്ന പ്രക്ഷോഭങ്ങളാണ് ഇനി ശക്തമാകുക. ജനവിരുദ്ധമായ എല്ലാ നയങ്ങൾക്കുമെതിരെയുമുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണ് പ്രക്ഷോഭങ്ങൾക്കുള്ള വലിയ പിന്തുണയായി മാറുന്നത്. കർഷകർക്കെതിരെ ഉൾപ്പെടെ കള്ളക്കേസുകൾ എടുക്കുന്നതിനെതിരെയും യു.എ.പി.എ. ഉൾപ്പെടെയുള്ള കരിനിയമങ്ങൾക്കെതിരെയുമെല്ലാമുള്ള ജനങ്ങളുടെ പ്രതിഷേധവും കർഷക- തൊഴിലാളി സമരങ്ങളിൽ ഉയർന്നുകേൾക്കാം. കൃത്യമായും ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം എന്ന രീതിയിൽ തന്നെയാണ് ഇനിയുള്ള പ്രതിഷേധങ്ങൾ നടക്കുക. അതുകൊണ്ടുതന്നെയാണ് ‘ബി.ജെ.പി. ഹഠാവോ’ എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയർത്താൻ നിർബന്ധിതരായിരിക്കുന്നത്.

കർഷകർ ദേശീയപാത ബ്ലോക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള സമരം തുടരുന്നത് എന്തിനെന്ന രീതിയിലുള്ള വിമർശനം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും കഴിഞ്ഞ ദിവസമുണ്ടായി. ഇപ്പോഴത്തെ പൊലീസ് നടപടികളും ചേർത്തുകാണുമ്പോൾ, സമരത്തെ കായികമായി അടിച്ചമർത്താൻ തന്നെയാണോ ബി.ജെ.പി. സർക്കാർ ലക്ഷ്യമിടുന്നത്?

കർഷകർ എന്തിനാണ് സമരം ചെയ്യുന്നതെന്നത് സുപ്രീം കോടതിക്ക് അറിയാത്ത കാര്യമല്ലല്ലോ. സുപ്രീം കോടതി തികച്ചും പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്കെല്ലാം അറിയാവുന്നതല്ലേ. അടിത്തറ തന്നെ നഷ്ടമായ ബി.ജെ.പി. രാജ്യത്തെ കോർപറേറ്റുകൾക്ക് അടിയറ വച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ താത്പര്യം എന്നതിനപ്പുറം കോർപറേറ്റ് താത്പര്യമാണ് ഇന്ന് രാജ്യത്ത് അരങ്ങേറുന്നത്. കോർപറേറ്റുകളുടെ താത്പര്യങ്ങൾക്ക് വേണ്ടിയുള്ള എല്ലാ തരത്തിലുമുള്ള ഇടപെടലുകൾ ഇന്ന് കോടതികൾ ഉൾപ്പെടെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളിലും നടക്കുന്നുണ്ട്. അത് വളരെ വ്യക്തമാണല്ലോ. ഇതിന്റെയൊക്കെ ഭാഗമായി തന്നെയാണ് കോടതിയിൽ നിന്ന് വരുന്ന പരാമർശങ്ങളെയെല്ലാം കാണേണ്ടേത്. കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന സമരത്തിനെതിരെ ഇപ്പോൾ എന്തുകൊണ്ടാണ് കോടതി പറയുന്നത്. റോഡ് തടസ്സപ്പെട്ടു എന്നു പറഞ്ഞ് ആരെങ്കിലും കോടതിയെ സമീപിച്ചോ. ജനങ്ങളുടെ ജീവനും ജീവിതത്തിനുമുള്ള അവകാശം സംരക്ഷിക്കുകയാണ് കോടതിയുടെ ഉത്തരവാദിത്തം.

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണവും നഷ്ടപരിഹാരവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇത് പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ? കർഷക സമരം തുടങ്ങിയതിനു ശേഷം കഴിഞ്ഞ 10 മാസത്തിനിടെ 600-ലേറെ കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇക്കാര്യത്തിൽ കൃത്യമായ കണക്കുണ്ടോ? സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പരിഗണനകൾ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ?

കർഷകമോർച്ചയുടെ കണക്കുപ്രകാരം 603 കർഷകരാണ് ഇതുവരെ സമരത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ട ഒരു കർഷകന്റെ കുടുംബത്തിനും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ ഈ പ്രഖ്യാപനത്തിന് സർക്കാർ നിർബന്ധിതരായതാണ്. അതിനപ്പുറം എന്തെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിൽ തന്നെ കാര്യമില്ല. തെരഞ്ഞെടുപ്പിനുശേഷം എന്തെങ്കിലും വാഗ്ദാനം നടപ്പാക്കിയ ചരിത്രം യു.പി. സർക്കാരിനില്ല. ജനങ്ങളുടെ ശക്തമായ എതിർപ്പ് അതുകൊണ്ട് തന്നെ ഇനി വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഭാവി നടപടികൾ എന്തൊക്കെയാണ് കിസാൻ സഭ ഉൾപ്പെടെ തീരുമാനിച്ചിട്ടുള്ളത്? രാജ്യവ്യാപക പ്രക്ഷോഭം ആലോചിക്കുന്നുണ്ടോ?

നവംബർ 26, 27 തീയതികളിൽ കർഷക സമരത്തിന്റെ ഒന്നാം വാർഷികം വരികയാണല്ലോ. അതുകൊണ്ട് തീർച്ചായായും രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉണ്ടാകും. അതിനുമുമ്പ് പ്രാദേശികമായ കൺവെൻഷനുകൾ വിവിധയിടങ്ങളിൽ നടക്കും. ഡൽഹി അതിർത്തിയിലെ സമരത്തിലെ ജനപങ്കാളിത്തം വർധിപ്പിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ അവിടങ്ങളിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ ഉയർത്തിക്കൊണ്ട് പ്രക്ഷോഭം ശക്തമാക്കുന്നതിനുള്ള ആലോചനകളാണ് നടക്കുന്നത്. ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും ഇതുസംബന്ധിച്ച യോഗങ്ങൾ നടത്തിവരികയാണ്. ഒന്നിലധികം ദിവസത്തെ സമരം ഉൾപ്പെടെ വരാനുള്ള സാധ്യതയാണുള്ളത്.

രാഷ്ട്രീയാടിത്തറ ഇല്ലാതായിട്ടുകൂടി സർക്കാരിന് അവരുടെ തീരുമാനങ്ങളിൽ നിന്ന് പിന്നാക്കം പോകാനാകാത്തത് കോർപറേറ്റുകളുടെ പിടി അത്രത്തോളം മുറുകിയിട്ടുണ്ടെന്നതിനാലാണ്. അതുകൊണ്ടുതന്നെ വരുംനാളുകളിൽ ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുക തന്നെയാണ് ചെയ്യുക. ഒരു ഇഞ്ചുപോലും പിൻമാറാൻ തയ്യാറല്ലെന്ന് തന്നെയാണ് സർക്കാരിന്റെ നയങ്ങൾ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളും സർക്കാരും തമ്മിലുള്ള വിടവ് വലുതായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ സംഘർഷഭരിതമായ നാളുകൾ തന്നെയാണ് വരാനിരിക്കുന്നത്. ആരോഗ്യ മേഖലയിൽ ഉൾപ്പെടെ സർക്കാരിന്റെ നയങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതേ നയങ്ങൾ തുടർന്നാൽ ജനങ്ങളിൽ നിന്ന് പൂർണമായും ബി.ജെ.പി. അകലുമെന്ന് ഉറപ്പാണ്. ജനാധിപത്യ വിശ്വാസികളുടേതായ ഒരു രാഷ്ട്രീയ ബദൽ രൂപപ്പെട്ടു വരിക തന്നെ ചെയ്യുമെന്ന പ്രതീഷയാണ് പ്രക്ഷോഭങ്ങളുടെ ഊർജം. ജനങ്ങളെ ആക്രമക്കാൻ തയ്യാറാകുന്ന സർക്കാരിനെയാണ് നേരിടാനുള്ളത്. അതുകൊണ്ടുതന്നെ കടുത്ത പോരാട്ടത്തിലൂടെ മാത്രമെ ലക്ഷ്യത്തിലെത്താനാകൂ.

Comments