ക്രിസ്റ്റ്യാനോ റൊണാൾഡോയും കൊക്കകോളയുടെ പ്ലാച്ചിമടകോവിഡ് സെന്ററും

പ്ലാച്ചിമടയിൽ കൊക്ക കോളയുടെ കോവിഡ് സെന്ററല്ല, 216.16 കോടി രൂപയുടെ നഷ്ടപരിഹാരമാണ് വേണ്ടത്.

യൂറോകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഹംഗറിക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് നടന്ന വാർത്താ സമ്മേളനത്തിനിടെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കകോളയുടെ രണ്ട് കുപ്പികൾ എടുത്തുമാറ്റിയത് വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. കോക്കിന്റെ കുപ്പിയെടുത്ത് മാറ്റി പകരം വെള്ളക്കുപ്പി അവിടെ വയ്ക്കുകയാണ് റൊണാൾഡോ ചെയ്തത്. കോളയ്ക്ക് പകരം വെള്ളം കുടിക്കാനും അദ്ദേഹം ആംഗ്യത്തിലൂടെ പറഞ്ഞു. അതിന് പിന്നാലെ കൊക്കകോളയുടെ ഓഹരി വിലയിലും വൻ ഇടിവ് സംഭവിച്ചതായി വാർത്തകൾ വന്നു. അവരുടെ ഓഹരി വില 56.10 ഡോളറിൽ നിന്നും 55.22 ഡോളറായാണ് ഇടിഞ്ഞെന്നായിരുന്നു വാർത്ത. കമ്പനിക്കുണ്ടായ നഷ്ടം 29,000 കോടി രൂപയും. ലോകമാകമാനം ഈ സംഭവത്തിന് വാർത്താ പ്രാധാന്യം ലഭിക്കുമ്പോൾ തീർച്ചയായും ശ്രദ്ധയാകർഷിക്കേണ്ട ഇടമാണ് നമ്മുടെ പ്ലാച്ചിമടയും അവിടെ നടന്ന കോള വിരുദ്ധ സമരവും.

1983ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതോടെയാണ് ക്രിക്കറ്റ് താരങ്ങൾ ഇവിടെ സൂപ്പർതാരങ്ങളായി മാറിയത്. ക്രിക്കറ്റ് ഒരു ജനപ്രിയ കായിക ഇനമായി മാറിയതും അതിലെ പണം മറിച്ചിലുമെല്ലാം സ്റ്റാർഡം നേടാനും സ്പോർട്സ് താരമെന്നാൽ ക്രിക്കറ്റ് താരം മാത്രമെന്ന ഇമേജ് വളർത്താനും കാരണമായി. കോക്കകോള മാത്രമല്ല, പെപ്സിയും അവരുടെയൊക്കെ ഉപോൽപ്പന്നങ്ങളായ പല സോഫ്റ്റ്ഡ്രിങ്കുകളും സ്പോർട്സ് താരങ്ങളെ ഉപയോഗിച്ച് മാർക്കറ്റ് കീഴടക്കി. സ്പോൺസർഷിപ്പ് എന്ന വിലയ്ക്കെടുക്കൽ തന്ത്രത്തിലൂടെ തങ്ങളുടെ സ്റ്റാമിനയുടെ രഹസ്യമിതാണെന്ന് അവർ കായികതാരങ്ങളെക്കൊണ്ട് പറയിച്ചു. യൂറോകപ്പിന്റെ സ്പോൺസർഷിപ്പും കൊക്കകാളയ്ക്കാണെന്നിരിക്കെയാണ് ക്രിസ്റ്റിയാനോ റൊണാൾഡോയെ പോലൊരു കായികതാരം കോള കുടിക്കരുതെന്ന സന്ദേശം നൽകുന്നത്. എന്നാൽ കൊക്ക കോളയ്ക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ച ശക്തമായ സമരം നടന്ന കേരളത്തിലെ അവസ്ഥയോ? ഇവിടെ ഇപ്പോഴും കൊക്കകോളയ്ക്കെതിരായ സമരം തുടരുകയാണ്. നഷ്ടപരിഹാരമെന്ന തങ്ങളുടെ ആവശ്യം നിറവേറാത്തതിൽ മാത്രമല്ല ഇപ്പോഴത്തെ സമരം. പകരം സംസ്ഥാന സർക്കാർ കൊക്ക കോളയെ വെള്ളപൂശാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കൂടിയാണ് ഇപ്പോഴത്തെ സമരം.

1983ൽ ലോകകപ്പ് ഏറ്റുവാങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്റ്റൻ കപിൽദേവ്.

പ്ലാച്ചിമടയിലെ അടഞ്ഞുകിടക്കുന്ന കൊക്കകോള പ്ലാന്റിൽ കോവിഡ് പ്രതിരോധത്തിനായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചിരിക്കുകയാണ്. അതേസമയം കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ച് കോവിഡ് കെയർ സെന്റർ സ്ഥാപിക്കുന്നതിനെതിരെ സമരസമിതിയും രംഗത്തെത്തിയിരിക്കുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതിയും പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതിയും നടത്തിയ പ്രതിഷേധത്തെ തുടർന്ന് സമരനേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. പ്ലാച്ചിമടയിൽ അടഞ്ഞുകിടക്കുന്ന പ്ലാന്റ് കോവിഡ് കെയർ സെന്ററാക്കി മാറ്റുന്നത് ഉചിതമായ നടപടിയാണെങ്കിലും കൊക്കകോളയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നതിലുള്ള കടുത്ത വിയോജിപ്പ് സമരസമിതി, മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലൂടെ വ്യക്തമാക്കിയിരുന്നു. പ്ലാച്ചിമട നിവാസികളെ മുഴുവൻ ദുരിതക്കയത്തിലാക്കിയതിൽ കുറ്റവാളികളായ കൊക്കകോള കമ്പനിക്ക് മുഖം മിനുക്കി കയ്യടി നേടാനുള്ള ഒരു അടവായി മാത്രമേ പ്ലാച്ചിമടയിൽ നടത്താൻ ഉദ്ദേശിക്കുന്ന സിഎസ്ആർ പദ്ധതികളെ കാണാൻ സാധിക്കൂവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കോളപ്ലാന്റ് കോവിഡ് സെന്ററാക്കുന്നതിന് തങ്ങളെതിരല്ലെന്ന് പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ അറുമുഖൻ പത്തിച്ചിറ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു. "നമ്മളിവിടെ വലിയ സമരങ്ങളും ശക്തമായ പ്രതിഷേധങ്ങളും നടത്തിയിട്ടും ഒരു അനക്കവും സംഭവിച്ചില്ല, എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് കുപ്പിയെടുത്ത് മാറ്റിയപ്പോഴേക്കും അവരുടെ വിപണി മൂല്യത്തിൽ വലിയ തോതിലുള്ള ഇടിവാണ് ഉണ്ടായത്. കോവിഡ് സമയം ആയതുകൊണ്ട് പ്രത്യക്ഷ സമര പരിപാടികളൊന്നും നടത്താനാകാത്ത സാഹചര്യമാണുള്ളത്. ജോലിക്കൊന്നും പോകാനാകാത്ത ജനങ്ങൾ കിറ്റും വാങ്ങി വീട്ടിലിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാലും നിലവിലെ സാഹചര്യത്തിൽ സമരപരിപാടികളും വിവിധ ക്യാംപെയ്നുകളുമായുമൊക്കെ മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. കൊക്കകോളയെ സിഎസ്ആർ ഫണ്ട് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കുന്നു എന്നതാണ് കൊക്കകോള സമരത്തിലെ ഏറ്റവും പുതിയ വിഷയം.

പ്ലാച്ചിമടയിലെ അടഞ്ഞുകിടക്കുന്ന കൊക്കകോള പ്ലാന്റിൽ കോവിഡ് പ്രതിരോധത്തിനായി ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ

പ്ലാന്റ് കോവിഡ് സെന്ററാക്കുന്നതിന് ഞങ്ങൾ എതിരല്ല. കൊക്കകോള കമ്പനി പിടിച്ചെടുക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ്യേണ്ടത്. എന്നിട്ട് അവിടെ കോവിഡ് സെന്റർ സ്ഥാപിക്കുന്നതിന് പകരം അവരുടെ സിഎസ്ആർ ഫണ്ട് ഉപയോഗിക്കുന്നതിലൂടെ കൊക്ക കോളയുമായി സംയോജിച്ച് പ്രവർത്തിച്ച് അവരുടെ മുഖംമിനുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.' അറുമുഖൻ വ്യക്തമാക്കുന്നു.

ക്രിമിനൽ കുറ്റം ചെയ്ത കൊക്കകോളയിൽ നിന്നും സർക്കാർ സിഎസ്ആർ ഫണ്ട് സ്വീകരിക്കുന്നത് അഴിമതിയാണെന്ന് സമരസമിതി കൺവീനർ കെ വി ബിജുവും പറയുന്നു. "കൊക്കകോള മലിനീകരണം നടത്തിയിട്ടുള്ളതുകൊണ്ട് സർക്കാരിന് അത് ഏറ്റെടുക്കുന്നതിന് യാതൊരു തടസ്സവുമില്ല. മാത്രമല്ല, ഇത്തരം മഹാമാരി കാലങ്ങളിൽ ഏത് സ്ഥാപനവും സർക്കാരിന് ഏറ്റെടുക്കാൻ സാധിക്കും. സർക്കാർ ഈ പ്ലാന്റ് ഏറ്റെടുത്തശേഷം മാത്രം കോവിഡ് സെന്റർ ആരംഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. നിലവിൽ കൊക്കകോളയോട് സർക്കാർ അഭ്യർത്ഥിച്ച് അവരുടെ സിഎസ്ആർ ഫണ്ട് കൂടി ഉപയോഗിച്ചാണ് അവിടെ കോവിഡ് സെന്റർ തയ്യാറാക്കുന്നത്. ഒരു ക്രിമിനൽ കുറ്റം ചെയ്ത കൊക്ക കോളയിൽ നിന്നും സിഎസ്ആർ ഫണ്ട് സ്വീകരിക്കുന്നതും ഒരു അഴിമതിയാണ്. ആ അർത്ഥത്തിലാണ് ഞങ്ങൾ അതിനെ നോക്കിക്കാണുന്നത്. അതിനാലാണ് ഇത്തരമൊരു സമരത്തിന് വീണ്ടും തയ്യാറാകുന്നതും.' അദ്ദേഹം വ്യക്തമാക്കി.

സർക്കാർ മൊത്തത്തിൽ കൊക്ക കോളയെ സഹായിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നതെന്നും ബിജു ആരോപിക്കുന്നു. "2016ലെ തെരഞ്ഞെടുപ്പ് സമയത്ത് ട്രിബ്യൂണൽ ബില്ല് പാസാക്കി പ്ലാച്ചിമടയിലെ ജനങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കുമെന്ന് എൽഡിഎഫ് പറഞ്ഞിരുന്നതാണ്. എന്നാൽ അതിനുള്ള കാര്യങ്ങളൊന്നും തന്നെ ഇവർ ചെയ്തിട്ടില്ല. സർക്കാർ നൂറ് ദിവസം പൂർത്തിയാക്കിയപ്പോൾ ഞങ്ങൾ ഇതേ ആവശ്യം ഉന്നയിച്ച് വീണ്ടും സമരം ചെയ്തതാണ്. അന്ന് ആദ്യഘട്ട ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും രണ്ടാംഘട്ട ചർച്ചയിൽ അന്നത്തെ നിയമകാര്യവകുപ്പ് മന്ത്രി എകെ ബാലനും പങ്കെടുത്തതാണ്. അന്ന് മൂന്ന് മാസത്തെ സമയത്തിനുള്ളിൽ പരിഹാരം കാണാമെന്ന് സർക്കാർ ഉറപ്പ് നൽകി. ഇപ്പോൾ ആ സർക്കാർ മാറി തുടർഭരണത്തിലൂടെ പുതിയ എൽഡിഎഫ് സർക്കാർ തന്നെ അധികാരത്തിൽ വന്നു. ഇനിയും അവർ യാതൊരു നടപടിയുമെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം' അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയൻ, എ.കെ. ബാലൻ

1958ൽ പ്യൂവർ ഡ്രിംഗ്സ് എന്ന പേരിൽ ഒരു ബോട്ട്ലിംഗ് പ്ലാന്റുമായാണ് കൊക്ക കോള ഇന്ത്യയിലെത്തിയത്. 1974ൽ ഇന്ദിരാ ഗാന്ധി സർക്കാർ ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് കൊണ്ടുവന്നതോടെ വിദേശ വിനിമയങ്ങൾ നിയന്ത്രിക്കപ്പെട്ടു. ഇതോടെ 1977ൽ കമ്പനി ഇന്ത്യയിൽ നിന്നും പിൻവാങ്ങി. 1991 ജൂലൈ 24ന് അന്നത്തെ ധനകാര്യമന്ത്രി ഡോ. മൻമോഹൻ സിംഗ് വിദേശകമ്പനികൾക്ക് നിബന്ധനകളില്ലാതെ രാജ്യത്ത് എവിടെയും നിക്ഷേപം നടത്താൻ സഹായകമാകും വിധത്തിൽ ബജറ്റിൽ നിയോലിബറൽ നയങ്ങൾ പ്രഖ്യാപിച്ചതോടെ കൊക്കകോളയ്ക്ക് വീണ്ടും ഇന്ത്യയിൽ വരാനുള്ള അവസരം ഒരുങ്ങി. 1993 ഒക്ടോബർ 24ന് അവർ ആഗ്രയിൽ പുതിയ പ്ലാന്റ് നിർമ്മിക്കുകയും 1997 ഫെബ്രുവരി 14ന് 1957ലെ കമ്പനി ആക്ട് പ്രകാരം കൊക്കകോളയുടെ ഉപകമ്പനിയായി ഹിന്ദുസ്ഥാൻ കൊക്കകോള ബോട്ട്ലിംഗ് സൗത്ത് വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

1999ൽ വി. കിഷൻ എന്ന വ്യക്തി ഈ കമ്പനിക്ക് വേണ്ടി 34 ഏക്കർ 41 സെന്റ് സ്ഥലം വാങ്ങിയതോടെയാണ് പ്ലാച്ചിമടയിൽ കൊക്കകോള പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതിയും ജലവും നൽകാമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും വ്യവസായ മന്ത്രിയായിരുന്ന സുശീല ഗോപാലനും നൽകിയ ഉറപ്പിലായിരുന്നു കമ്പനിയുടെ തുടക്കം. ആ വർഷം ഒക്ടോബർ എട്ടിന് പ്ലാച്ചിമടയിൽ പ്ലാന്റ് നിർമ്മിക്കാൻ വി കിഷൻ അപേക്ഷ നൽകി. ഒക്ടോബർ 12ന് സ്ഥാപനത്തിന്റെ പേര് കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് മാറ്റി. 2000 ജനുവരി 25ന് പ്ലാന്റിന് പെരുമാട്ടി പഞ്ചായത്തിന്റെ നിർമ്മാണ അനുമതിയും ഫെബ്രുവരി 19ന് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ പ്രവർത്തനാനുമതിയും ലഭിച്ചു. 2001 ഡിസംബർ 31 വരെ ഒമ്പത് നിബന്ധനകളോടെ പ്രവർത്തിക്കാനായിരുന്നു അനുമതി. ഒരുദിവസം പ്ലാന്റിൽ നിന്നും എട്ട് ലക്ഷം ലിറ്റർ മലിനജലം പുറന്തള്ളുന്നതിന് അനുമതിയുണ്ടായിരുന്നു. ഒടുവിൽ 2000 മാർച്ചിൽ കൊക്കകോള പ്ലാച്ചിമടയിൽ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചു. 250നും 300നും ഇടയിൽ ദിവസവേതനക്കാരും 135 സ്ഥിരജീവനക്കാരുമായാണ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങൾ പ്രദേശവാസികളായ കർഷകർക്ക് വളമായി ഉപയോഗിക്കാൻ കൊടുക്കുമായിരുന്നു. കൊക്കകോള പഴങ്ങളുടെ സത്ത് ഉപയോഗിച്ച് ഉണ്ടാക്കുന്നതാണെന്നും ഉൽപ്പാദനത്തിൽ ബാക്കിയാകുന്നവ നല്ല വളമാണെന്നും വിശ്വസിപ്പിച്ചാണ് മാലിന്യങ്ങൾ ജനങ്ങൾക്ക് നൽകിയത്. എന്നാൽ മധുരത്തിനായി സാക്രിനും നിറത്തിനായി കാഡ്മിയവുമാണ് കോള ഉൽപ്പാദനത്തിന് ഉപയോഗിച്ചിരുന്നത്.

ആദ്യ നാളുകളിൽ തന്നെ പ്രദേശവാസികൾക്ക് പ്ലാന്റ് മൂലമുള്ള ദുരിതങ്ങളും ആരംഭിച്ചു. പ്ലാന്റ് ആരംഭിച്ചതിന് ശേഷം പ്രദേശത്തെ ജലത്തിൽ ഭക്ഷണം വേവുന്നില്ലെന്നും കുളിക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടുന്നുവെന്നും കന്നുകാലികളെ പോലും കുളിപ്പിക്കാൻ പറ്റാത്ത അവസ്ഥയുള്ളതായും നാട്ടുകാർ പരാതിപ്പെടാൻ ആരംഭിച്ചു. കൂടാതെ വളമായി ഉപയോഗിക്കുന്ന മാലിന്യങ്ങളിൽ നിന്നും ദുർഗന്ധം പരക്കാനും ഈച്ചയും കൊതുകും പെരുകാനും ആരംഭിച്ചു. കാഡ്മിയം, സിങ്ക്, ലെഡ് മുതലായ വിഷവസ്തുക്കൾ അടങ്ങിയ ഖരമാലിന്യം കിണറുകളിലേക്ക് അരിച്ചിറങ്ങിയതായിരുന്നു പ്രശ്നത്തിന് കാരണം. ഇതോടൊപ്പം ഒരു ലിറ്റർ കോള ഉൽപ്പാദിപ്പിക്കാനായി പന്ത്രണ്ട് ലിറ്റർ വീതം ജലം ആവശ്യമാണെന്നതിനാൽ വൻതോതിൽ ജലം ഊറ്റിയെടുത്തതും കുടിവെള്ള ക്ഷാമത്തിന് കാരണമായി. 2001ൽ മുത്തങ്ങ സമരം ശക്തിയാർജ്ജിച്ച കാലത്ത് ആദിവാസികളെ സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച ആദിവാസി സംരക്ഷണ സംഘത്തിന്റെ യൂണിറ്റിലൂടെയാണ് പ്ലാച്ചിമടയിലെ പ്രശ്നങ്ങൾ പുറംലോകം അറിഞ്ഞത്. അന്ന് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി(പിയുസിഎൽ) ജില്ലാ പ്രസിഡന്റ് ആയിരുന്ന അറുമുഖൻ പത്തിച്ചിറ വിഷയം പിയുസിഎൽ ദേശീയ കൗൺസിലിൽ അറിയിച്ചു. തുടർന്ന് അവർ ഇടപെട്ട് കോർപ്പ് വാച്ച് ഇന്ത്യ എന്ന സംഘടനയുടെ ദക്ഷിണേന്ത്യൻ കോർഡിനേറ്റർ നിത്യാനന്ദ് ജയരാമൻ പ്ലാച്ചിമടയിൽ എത്തുകയും കമ്പനി നാട്ടുകാർക്ക് നൽകിയ വളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും ചെയ്തു.

നിത്യാനന്ദ് ജയരാമൻ ഈ വളങ്ങളുടെ സാമ്പിൾ ശേഖരിച്ച് ചെന്നൈയിലെ സർഗ്ഗം മെറ്റൽസ് എന്ന ലാബിൽ പരിശോധനയ്ക്കായി അയച്ചു. ഖരമാലിന്യവും ദ്രവമാലിന്യവും ഈ വിധത്തിൽ പരിശോധനയ്ക്കായി അയച്ചിരുന്നു. അവർ അമേരിക്കയിലെ ശാസ്ത്രജ്ഞർക്ക് ഇത് അയച്ചുകൊടുത്തപ്പോൾ ഖനലോഹങ്ങളും കീടനാശിനിയുടെ അംശവും ഉൾക്കൊള്ളുന്നതാണ് ഈ മാലിന്യങ്ങളെന്ന് വ്യക്തമായി. ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഡോ. സതീഷ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട, വിജയനഗർ, വേലൂർ, മാധവൻ നായർ കോളനി എന്നിവിടങ്ങളിലെയും പട്ടഞ്ചേരി പഞ്ചായത്തിലെ രാജീവ് നഗർ, തൊട്ടിച്ചിപ്പതി എന്നിവിടങ്ങളിലെയും 750 കുടുംബങ്ങൾ കൊക്ക കോളയുടെ വരവിന് ശേഷം ജലദൗർലഭ്യം മൂലം മലിനജലം കുടിക്കാൻ നിർബന്ധിതരാകുന്നതായി കണ്ടെത്തി.

മയിലമ്മയുടെ നേതൃത്വത്തിൽ പ്ലാച്ചിമട നിവാസികൾ നടത്തിയ സമരത്തിലൂടെയാണ് കോള കമ്പനി ഇവിടെ നടത്തുന്ന ജലചൂഷണവും പരിസ്ഥിതി മലിനീകരണവും എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്നതും കമ്പനിക്ക് പ്ലാച്ചിമടയിലെ പ്ലാന്റ് അടച്ചുപൂട്ടേണ്ടി വരുന്നതും. പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഉയർന്നുവന്ന പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും ഫലമായാണ് കമ്പനിക്ക് ഒടുവിൽ പ്ലാച്ചിമടയിലെ തങ്ങളുടെ പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്നത്. കൊക്കകോള എന്ന ബഹുരാഷ്ട്രക്കുത്തക ഭീമൻ പലവിധത്തിൽ ശ്രമിച്ചിട്ടും പ്ലാച്ചിമട നിവാസികളുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. 2002 ഏപ്രിൽ 22ന് ആദിവാസികൾ കോള കമ്പനിക്ക് മുന്നിൽ കുടിൽകെട്ടി സമരം ആരംഭിച്ചപ്പോൾ തങ്ങളുടെ ദുരിതങ്ങൾ ലോകത്തിന് മുന്നിൽ വിളിച്ചുപറഞ്ഞ് മയിലമ്മ ആ സമരത്തിന് നേതൃത്വം നൽകി. ഫാക്ടറിയിൽ നിന്നുള്ള മാലിന്യം മൂലം താൻ അനുഭവിക്കേണ്ടി വന്ന കഷ്ടതകളാണ് മയിലമ്മയെ സമരനേതൃത്വത്തിലേക്ക് എത്തിച്ചത്. തങ്ങളുടെ കിണറ്റിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലാതാകുകയും സമാനമായ അനുഭവം തന്റെ ചുറ്റുവട്ടത്തുള്ളവർക്കും ഉണ്ടാകുകയും ചെയ്തതോടെ അവർ നാട്ടുകാരെ കൂട്ടിച്ചേർത്ത് കൊക്കകോള വിരുദ്ധ സമിതി രൂപീകരിക്കുകയായിരുന്നു. ഒടുവിൽ തങ്ങൾ പ്ലാച്ചിമടയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് കമ്പനി അധികൃതർ സുപ്രിംകോടതിയിൽ പ്രഖ്യാപിക്കുന്നതുവരെയെത്തി സ്‌കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത ഈ വീട്ടമ്മയുടെ പോരാട്ടം. 2004ൽ തന്നെ കമ്പനിക്ക് പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നെങ്കിലും 2010 വരെയും നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുള്ള കുടിൽകെട്ടി സമരം സജീവമായിരുന്നു. തങ്ങളുടെ സമരത്തിന്റെ ഫലമായി കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നത് കാണാൻ മയിലമ്മയ്ക്ക് സാധിച്ചെങ്കിലും കൊക്കകോള പ്ലാന്റിന്റെ പ്രവർത്തനം മൂലം പ്രദേശത്തും ജനങ്ങൾക്കുമുണ്ടായ നഷ്ടങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് തീർച്ചയാകാതെയാണ് 2006 ജനുവരി ആറിന് മയിലമ്മ മരിച്ചത്. മയിലമ്മ മരിച്ചതിന് ശേഷം രണ്ട് വർഷം കഴിഞ്ഞ് 2008 ഡിസംബർ മൂന്നിനാണ് പ്ലാച്ചിമട നിവാസികൾക്ക് നഷ്ടപരിഹാരം എന്ന അവരുടെ ആവശ്യം നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടത്.

തുടർന്ന് അന്നത്തെ വി എസ് അച്യൂതാനന്ദൻ സർക്കാർ 2009 ഏപ്രിൽ ഒമ്പതിന് നിയമിച്ച ഉന്നതാധികാര സമിതിയുടെ പഠനത്തിൽ പ്ലാച്ചിമടയിലെ ജനങ്ങൾക്ക് കോള കമ്പനി മൂലം വിവിധ തരത്തിലുണ്ടായ നഷ്ടം 216.26 കോടി രൂപയാണെന്ന് കണ്ടെത്തിയിരുന്നു. കെ ജയകുമാർ ഐഎഎസ് അധ്യക്ഷനായ ഉന്നതാധികാര സമിതി 2010 മാർച്ച് 22നാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ ജലം വലിച്ചെടുത്തതുമൂലം ഭൂഗർഭജല വിഭവത്തിന്റെ അത്യധിക ശോഷണമുണ്ടായെന്ന് ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഖരമാലിന്യങ്ങൾ മൂലം കൃഷിയിടങ്ങളിലെ മണ്ണിൽ അമിതമായ കാഡ്മിയം ചേർന്നത് പോഷണ അസന്തുലിതാവസ്ഥയുണ്ടാക്കി. നല്ല മണ്ണിന്റെ ഘടനയുണ്ടായിരുന്ന കൃഷിയിടങ്ങൾ കാലക്രമേണ ശോഷിച്ചു. കാഡ്മിയം കിണറുകളിലേക്ക് അരിച്ചിറങ്ങുന്നതിന് ഇത് ഇടയാക്കിയെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്ലാച്ചിമടയിലെ പ്രകൃതിദത്തമായ ജലവിഭവം ഉടനെയൊന്നും നിർമലിനീകരിക്കപ്പെടാത്ത വിധം നശിപ്പിക്കപ്പെട്ടു. 2000ന് മുമ്പ് നല്ല വിളവ് ലഭിച്ചിരുന്ന കർഷക കുടുംബങ്ങൾക്ക് പകുതിയോളം കുറവുണ്ടായി. കള്ള് ചെത്താൻ നൽകിയിരുന്ന തെങ്ങുകൾ പകുതിയിലേറെയും നശിച്ചു. 91 ശതമാനം കർഷക കുടുംബങ്ങൾക്കും കാർഷിക വരുമാനം കുറഞ്ഞു. അതോടെ കാർഷിക തൊഴിൽദിനങ്ങളും കുറഞ്ഞു. തൊഴിൽ തേടി മറ്റ് ഗ്രാമങ്ങളിലേക്ക് പോയ 916 തൊഴിലാളികളിൽ 72 ശതമാനം പേരും 2000ന് ശേഷം സ്വന്തം ഗ്രാമത്തിലുണ്ടായ അതിരൂക്ഷമായ തൊഴിലില്ലായ്മ മൂലം അതിന് നിർബന്ധിതരാകുകയായിരുന്നു. പ്ലാച്ചിമടയിലെയും സമീപപ്രദേശങ്ങളിലെയും ദലിതർ, ആദിവാസികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരാണ് ഇതുകൊണ്ട് ദുരിതമനുഭവിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കമ്പനി ജലനിയമം (മലിനീകരണ നിയന്ത്രണവും തടയലും), പരിസ്ഥിതി (സംരക്ഷണം) നിയമം, ഫാക്ടറി നിയമം, അപകട മാലിന്യ(മാനേജ്മെന്റ്, കൈകാര്യം ചെയ്യൽ ചട്ടങ്ങൾ) നിയമം, പട്ടികജാതി-വർഗ്ഗം (അതിക്രമം തടയൽ) നിയമം, ഇന്ത്യൻ പീനൽ കോഡ്, ഭൂജല വിനിയോഗ ഉത്തരവ്, കേരള ഭൂജല (നിയന്ത്രണവും ക്രമീകരണവും) നിയമം, ഇന്ത്യൻ ഈസ്മെന്റ് ആക്ട് എന്നിവ കൊക്കകോള കമ്പനി പ്ലാച്ചിമടയിൽ ലംഘിച്ചുവെന്നും ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്കും ജനങ്ങൾക്കും അവരുടെ ജീവനോപാധികൾക്കും ആരോഗ്യത്തിനും അത്യധികമായ കേടുപാടുകൾ കമ്പനി ഉണ്ടാക്കിയെന്നതിന് നിഷേധിക്കാനാകാത്ത തെളിവുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

കാർഷിക നഷ്ടമായി 84.16 കോടി രൂപയും ആരോഗ്യ നഷ്ടമായി 30 കോടി രൂപയും കുടിവെള്ളം ലഭ്യമാക്കുന്നതിന് 20 കോടി രൂപയും വേതന നഷ്ടങ്ങളും അവസര നഷ്ടങ്ങളുമായി 20 കോടി രൂപയും ജലവിഭവ മലിനീകരണത്തിന്റെ വിലയായി 62.10 കോടി രൂപയുമാണ് ഈ സമിതി നഷ്ടപരിഹാരമായി വിലയിരുത്തിയത്. ആകെ നഷ്ടം 216.26 കോടി രൂപ. ഈ നഷ്ടം നികത്താൻ കൊക്ക കോള കമ്പനി ബാധ്യസ്ഥരാണെന്ന് സമിതി വിലയിരുത്തുകയും അത് ഈടാക്കി ദുരിതബാധിതർക്ക് നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ ജല-വായു മലിനീകരണം കൊണ്ടും കാർഷികവിള നഷ്ടം കൊണ്ടും മൃഗസമ്പത്ത് നഷ്ടം കൊണ്ടും പരിസരവാസികൾക്കുണ്ടായ രോഗാതുരത കൊണ്ടും ഉണ്ടായ യാതനകളുടെ നഷ്ടപരിഹാരത്തെ സംബന്ധിച്ച തർക്കങ്ങൾ തീർപ്പാക്കാൻ നിയമനിർമ്മാണത്തിലൂടെ സർക്കാർ ഒരു ട്രിബ്യൂണൽ രൂപീകരിക്കണമെന്നും സമിതി നിർദ്ദേശിച്ചു. തൊട്ടുപിന്നാലെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. 2011 ഫെബ്രുവരി 24ന് പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കിയെങ്കിലും പത്ത് വർഷങ്ങൾക്ക് ശേഷം ഇനിയും ഇത് നടപ്പായിട്ടില്ല. മാർച്ച് 29ന് ഗവർണ്ണർ ഈ ബിൽ കേന്ദ്രസർക്കാരിന്റെ അനുമതിക്ക് വിട്ടു.

കൊക്കോകോള കമ്പനിക്ക് ലഭിച്ച നിയമോപദേശം ഉൾപ്പെടുത്തി കേന്ദ്രസർക്കാരിന് ലഭിച്ച നിവേദനത്തിൽ അവർ 2011 നവംബർ 17, 2012 ജൂലൈ മൂന്ന്, 2013 നവംബർ 21 തിയതികളിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഈ മൂന്ന് കത്തുകൾക്കും സംസ്ഥാന സർക്കാർ യഥാസമയം മറുപടി അയച്ചുവെന്നാണ് 2014 ജനുവരി 28ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അറിയിച്ചത്. ഈ നിയമം പാസാക്കാൻ കേരള നിയമസഭയ്ക്ക് അധികാരമില്ലെന്നും കേന്ദ്രസർക്കാർ നിയോഗിച്ച ഹരിത ട്രിബ്യൂണലിന് മാത്രമാണ് അതിനുള്ള അധികാരമെന്നുമുള്ള വാദമാണ് കേന്ദ്രം ഉന്നയിക്കുന്നതെന്നും അതിനോട് യോജിക്കാനാകില്ലെന്നും ഉമ്മൻ ചാണ്ടി അന്ന് പറഞ്ഞു. ബിൽ പാസാക്കുന്നതിൽ യാതൊരു വിയോജിപ്പുമില്ലെന്ന് ആവർത്തിക്കുമ്പോഴും പ്രസിഡന്റിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന സ്ഥിരം മറുപടി മാത്രമാണ് യുഡിഎഫ് സർക്കാർ അക്കാലത്തെ നിയമസഭാ സമ്മേളനങ്ങളിൽ നൽകിയിരുന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടന പത്രികയിൽ ഈ ബിൽ പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചിരുന്നു. കുറ്റമറ്റ ബില്ലുണ്ടാക്കി കേന്ദ്രത്തിന്റെ അനുമതി നേടുമെന്നായിരുന്നു അവരുടെ വാഗ്ദാനം. വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്തായിരുന്നു പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലുണ്ടാക്കി അയച്ചത്. പിന്നീട് വന്ന യുഡിഎഫ് സർക്കാരും ഒന്നാം പിണറായി സർക്കാരും കേന്ദ്രസർക്കാരിന്റെ അനുമതിക്കായി അഞ്ച് വർഷം വീതം കാത്തിരിപ്പ് തുടങ്ങിയിട്ട് ഇപ്പോൾ പത്ത് വർഷം കഴിഞ്ഞു. ഇപ്പോൾ രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയിട്ടും ഈ നിയമം ഇപ്പോഴും പ്ലാച്ചിമട ദുരിതബാധിതരുടെ സ്വപ്നങ്ങളിൽ മാത്രം അവശേഷിക്കുകയാണ്.

സംസ്ഥാനം ബിൽ അനുമതിക്കായി അയച്ച് അഞ്ച് വർഷത്തിന് ശേഷമാണ് കേന്ദ്രസർക്കാർ അത് തിരിച്ചയച്ചത്. ബിൽ പാസാക്കാതിരിക്കാനുള്ള കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്ന ഹരിത ട്രിബ്യൂണൽ, സംസ്ഥാന സർക്കാർ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ പാസാക്കിയതിന് ശേഷം മാത്രമാണ് നിലവിൽ വന്നതെന്ന വസ്തുത മാത്രം എവിടെയും പരിഗണിക്കപ്പെട്ടിട്ടില്ല. ബിൽ പാസാക്കിയ സമയത്ത് ഹരിത ട്രിബ്യൂണൽ ഉണ്ടായിരുന്നില്ലെന്നത് പ്ലാച്ചിമട ഉന്നതാധികാര സമിതിക്ക് നേതൃത്വം നൽകിയ കെ. ജയകുമാർ ഐഎഎസ് മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, ഈ ബിൽ പാസാകാതിരിക്കേണ്ടത് കൊക്കകോളയുടെ ആവശ്യമാണെന്നും മുമ്പൊരിക്കൽ അദ്ദേഹം ഈ ലേഖകനുമായി നടത്തിയ സംഭാഷണത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. കേരളത്തിൽ പത്ത് പൈസയെങ്കിലും നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നാൽ ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും ഉള്ള സകല രാജ്യങ്ങളും കൊക്കകോളയോട് നഷ്ടപരിഹാരം ആവശ്യപ്പെടും. അതുകൊണ്ടാണ് അവർ അത്തരമൊരു ചരിത്രമുണ്ടാകാതിരിക്കാൻ പരാമവധി ശ്രമിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ ഉന്നതാധികാര സമിതി റിപ്പോർട്ട് അനുകൂലമാക്കാനും അവർ ശ്രമം നടത്തിയിരുന്നതായും അദ്ദേഹം അന്ന് വെളിപ്പെടുത്തിയിരുന്നു. സമിതി അയയ്ക്കുന്ന നോട്ടീസ് അനുസരിച്ച് കമ്പനി പ്രതിനിധികൾ ഹാജരാകേണ്ടതുണ്ടായിരുന്നു. സമിതിക്ക് അധികാരമില്ലെന്ന് പറഞ്ഞ് അവർ അതിന് തയ്യാറായില്ല. സംസ്ഥാന സർക്കാരിന് അധികാരമുണ്ടെങ്കിൽ സമിതിക്കും അധികാരമുണ്ടെന്നായിരുന്നു തന്റെ നിലപാട്. പല നോട്ടീസുകൾക്കും കമ്പനിയിൽ നിന്നും മറുപടിയില്ലാതിരുന്നതിനെ തുടർന്നാണ് പ്ലാച്ചിമട നിവാസികൾക്ക് അനുകൂലമായി ഏകപക്ഷീയമായി സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. നോട്ടീസുകളോട് പ്രതികരിക്കാതിരുന്ന അവർ തന്നെ വ്യക്തിപരമായി സമീപിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാരിന് വേണമെങ്കിൽ കർഷകർക്ക് വേണ്ടി ട്രിബ്യൂണൽ രൂപീകരിച്ചത് പോലെ പ്ലാച്ചിമടയിൽ ദുരിതം അനുഭവിച്ചവർക്ക് വേണ്ടിയും ട്രിബ്യൂണൽ രൂപീകരിക്കാവുന്നതാണെന്ന് കെ. ജയകുമാറും മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കൊക്കക്കോളയുടെ പ്രതിനിധികൾ 2017 ഡിസംബർ 5ന് സംസ്ഥാന മുഖ്യമന്ത്രിയെ നേരിട്ടുകാണുകയും അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികൾ പ്ലാച്ചിമടയിൽ നടത്തുന്നതിന്റെ ഭാഗമായി ചർച്ചകൾ നടത്തിയതായും വിവരാവകാശ രേഖകൾ പ്രകാരം മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് സമരസമിതി നേതാക്കൾ പറയുന്നു. പ്ലാച്ചിമടയിലെ ഭൂമിയിൽ വരാൻ പോകുന്ന സിഎസ്ആർ പദ്ധതിയുടെ വിശദവിവരങ്ങൾ അവർ പഞ്ചായത്തിൽ സമർപ്പിച്ച രേഖയിലും പറയുന്നുണ്ട്. ഇതനുസരിച്ച് ആരോഗ്യ സംരക്ഷണ കേന്ദ്രം, കരിയർ ഡെവലപ്പ്മെന്റ് കേന്ദ്രം, വനിതാശാക്തീകരണത്തിനായി സ്വയംതൊഴിൽ പരിശീലന പദ്ധതികൾ, എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ടൂഷൻ സെന്റർ എന്നിവയാണ് ആദ്യഘട്ടത്തിൽ അവർ പ്ലാച്ചിമടയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്ന പദ്ധതികൾ. ജെയിൻ ഫാം ഫ്രഷ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയാണ് രണ്ടാം ഘട്ടത്തിൽ ഇവർ വിഭാവനം ചെയ്തത്. മാങ്ങ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രോസസ് ചെയ്യുന്ന കമ്പനികളിൽ ഒന്നാണ് ഇത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെങ്ങ്, മാവ്, വാഴ എന്നിവയുടെ പ്ലാന്റേഷനുകൾ സ്ഥാപിക്കുമെന്നാണ് ഇവരുടെ പദ്ധതി രേഖയിൽ പറഞ്ഞിരുന്നത്.

കേൾക്കുമ്പോൾ മനോഹരമെന്ന് തോന്നാമെങ്കിലും ഇതിന് പിന്നിലെ ചതി പ്ലാച്ചിമട സമരസമിതി മുമ്പും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കമ്പനി പ്ലാച്ചിമടയിൽ ചെയ്ത കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കുന്നതിനുള്ള ശ്രമമാണ് ഈ സിഎസ്ആർ പദ്ധതികൾക്ക് പിന്നിലുള്ളത്. കൊക്കകോളയ്ക്ക് ചരിത്രത്തിലാദ്യമായി ഒരു പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്നത് പ്ലാച്ചിമട സമരം മൂലമാണ്. അവരെ സംബന്ധിച്ച് അത് ലോകത്തിന് മുന്നിലെ പരാജയമാണ്. ഇവിടെ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നാൽ മറ്റ് പലയിടങ്ങളിലും കൊടുക്കേണ്ടിയും വരും. അതിനാലാണ് പലവിധത്തിലും അവർ അത് നൽകാതിരിക്കാൻ ശ്രമിക്കുന്നത്. കാലം കഴിയുമ്പോൾ കേസ് ദുർബലപ്പെടുമെന്നും നഷ്ടപരിഹാരത്തിൽ നിന്നും ഒഴിവാകാമെന്നും അവർ കരുതുന്നുണ്ട്. പലതരത്തിലുള്ള സിഎസ്ആർ പദ്ധതികളിലൂടെ വർഷങ്ങൾ കടന്നുപോകാമെന്നും നഷ്ടപരിഹാരം വൈകിപ്പിക്കാമെന്നും പ്ലാച്ചിമടയിലെ മണ്ണിനെ വിഷലിപ്തമാക്കി ജനങ്ങളെ കുരുതികൊടുത്ത കുറ്റം മറച്ചുവയ്ക്കാമെന്നും അവർ കണക്കുകൂട്ടുന്നുണ്ടാകും. അതുകൊണ്ടാണ് ഇപ്പോൾ അവരുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുള്ള കോവിഡ് സെന്ററുകൾ എന്ന പുതിയ ആശയത്തെയും സമരസമിതി എതിർക്കുന്നത്.

കൊക്ക കോള സ്പോൺസർ ചെയ്യുന്നവർ പോലും അതിനെ നിരാകരിക്കേണ്ടതുണ്ടെന്ന് തുറന്നു പറയുന്ന കാലത്താണ് നാം അവരെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിൽ പങ്കാളികളാക്കി വെള്ളപൂശാൻ ശ്രമിക്കുന്നത്. അതും കൊക്ക കോള പ്ലാന്റ് മൂലം കൊടുംദുരിതമനുഭവിച്ച ഒരു ജനതയ്ക്ക് ലഭ്യമാക്കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് ഒരു അക്ഷരം പോലും മിണ്ടാതെ. പ്ലാച്ചിമടയിൽ കൊക്ക കോളയുടെ സാമൂഹിക പ്രവർത്തനങ്ങളല്ല, ജനങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം തന്നെയാണെന്ന് ഇവർ പറയുന്നത് അതിനാലാണ്.


Comments