ഭീമ കൊറേഗാവ്:
ലാപ്‌ടോപ്പിലൂടെയും
നുഴഞ്ഞുകയറുന്ന അറ്റാക്കര്‍
ഭീമ കൊറേഗാവ്: ലാപ്‌ടോപ്പിലൂടെയും നുഴഞ്ഞുകയറുന്ന അറ്റാക്കര്‍
11 Feb 2021, 03:41 PM
നരേന്ദ്ര മോദി സർക്കാരിനു കീഴില്‍ നടക്കുന്ന അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവും, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ക്രമസമാധാന പ്രക്രിയയുടെ ഉപയോഗവും തുറന്നു കാട്ടുകയാണ് ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതര്‍ക്കെതിരെ ഹാജരാക്കിയ നിര്‍ണ്ണായക തെളിവുകള്‍ വ്യാജമെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ ഫൊറന്‍സിക് കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ട്. കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായ തെളിവുകള്‍, അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും പൊലീസ് കണ്ടുകെട്ടിയ ലാപ്‌ടോപ്പുകളിലൊന്നില്‍ ഹാക്ക് ചെയ്ത് നിക്ഷേപിച്ചതാണെന്ന് മസാച്യുസെറ്റ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍സനല്‍ കണ്‍സള്‍ട്ടിങ്ങ് കണ്ടെത്തിയതായി വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോർട്ടു ചെയ്തത്.
നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് സുധീര്‍ ധവാലെ, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിങ്, ശോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെ 2018 ജൂണിലാണ് പുനെ പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തത്. ഇവരില്‍ റോണ വില്‍സണിന്റെ അറസ്റ്റിനു ശേഷം, ഒരു മാല്‍വെയറിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ നുഴഞ്ഞു കയറിയ അറ്റാക്കർ, പത്തോളം കത്തുകള്‍ ലാപ്‌ടോപ്പില്‍ നിക്ഷേപിക്കുകയായിരുന്നെന്ന് ആര്‍സനല്‍ കണ്‍സള്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കത്തുകളാണ് ഭീമ കൊറേഗാവ് കേസില്‍ മുഖ്യ തെളിവുകളായി പൂനെ പൊലീസ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ചെയ്തത് ആരാണെന്ന് കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. വില്‍സണിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ആര്‍സനല്‍ കണ്‍സള്‍ട്ടിങ്ങ് ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ചത്.
Also Read: മോദിയുടെ ഡിജിറ്റല്‍ മാരണ വിജ്ഞാപനം
പ്രസ്തുത കത്തുകളിലൊന്നില്‍, മാവോയിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമായി തോക്കുകളും മറ്റ് ആയുധങ്ങളും ആവശ്യമാണെന്നു പറയുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ നിരോധിത സംഘടനയെ പ്രേരിപ്പിച്ചെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു. ഈ കത്തടക്കം, മറ്റു ഒമ്പതു കത്തുകളും വില്‍സണിന്റെ കമ്പ്യൂട്ടര്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന മാല്‍വെയറിന്റെ സഹായത്തോടെ ഒരു ഹിഡണ്‍ ഫോള്‍ഡറില്‍ അറ്റാക്കര്‍ നിക്ഷേപിക്കുകയായിരുന്നു.

റോണ വില്‍സന്റെ ഹാര്‍ഡ് ഡിസ്‌കില്‍ വിദൂര നിയന്ത്രണം സാധ്യമാക്കുന്ന മാല്‍വെയറിന്റെ സാന്നിധ്യം 2020 മാര്‍ച്ചില്‍ കാരവന്‍ മാഗസിന്‍ നടത്തിയ സൈബര്‍ ഫൊറന്‍സിക്ക് പരിശോധനയിലും കണ്ടെത്തിയിരുന്നു.
കൃത്രിമ തെളിവുകളുമായി ബന്ധപ്പെട്ട് ആര്‍സനല്‍ കണ്‍സള്‍ട്ടിങ്ങ് ഇന്നോളം ഇടപെട്ടതില്‍ ഏറ്റവും ഗൗരവമായ കേസുകളിലൊന്നാണ് ഭീമ കൊറേഗാവ് കേസ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ലഭിച്ച ബൃഹത്തായ ഇലക്ട്രോണിക് ഡാറ്റയുടെ മേല്‍ അക്ഷീണം പ്രവര്‍ത്തിച്ചാണ് തന്റെ ടീം റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ആര്‍സനല്‍ കണ്‍സള്‍ട്ടിങ്ങ് പ്രസിഡന്റ് മാര്‍ക് സ്‌പെന്‍സര്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. വളരെ സംഘടിതവും, ദുരൂഹ ഉദ്ദേശ്യമുള്ളതുമായ ഒരു സൈബര്‍ ആക്രമണമാണ് നടന്നതെന്നും സ്‌പെന്‍സര്‍ പറയുന്നു. മുന്നൂറിലധികം മണിക്കൂറുകളെടുത്ത് ലാപ്ടോപ്പിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

22 മാസങ്ങള്‍ നീണ്ട ഗൂഢ പദ്ധതി
3.07 pm, ജൂണ്‍ 13, 2016
കവിയും ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതനുമായ വരവര റാവുവിന്റെ ഇമെയിലില്‍ നിന്നും വില്‍സണിന്റെ മെയിലിലേക്ക് അജ്ഞാതന്‍ നിരവധി മെയിലുകള്‍ അയക്കുന്നു. വില്‍സണെ കൊണ്ട് പ്രസ്തുത മെയിലുകള്‍ തുറന്ന് പരിശോധിപ്പിക്കാനായിരുന്നു അജ്ഞാതന്റെ ശ്രമം.
6.18 pm
തനിക്ക് ലഭിച്ച ഡോക്യുമെന്റ് തുറന്നു പരിശോധിച്ചെന്ന് വില്‍സണ്‍ മറുപടി നല്‍കി. ഈ വ്യാജ ഡോക്യുമെന്റ് തുറന്നതോടെ പുറത്തു നിന്നൊരാള്‍ക്ക് വില്‍സണിന്റെ ലാപ്‌ടോപ്പിന്റെ അഡ്മിനിസ്‌ട്രേറ്റിവ് നിയന്ത്രണം നല്‍കുന്ന, NetWire Remote Access Trojan (RAT) എന്ന മാല്‍വെയർ വിജയകരമായി ലാപ്ടോപ്പില്‍ പ്രവേശിച്ചു. താന്‍ ഇതിനുള്ള അനുമതി നല്‍കുകയാണെന്ന് തിരിച്ചറിയാതെയാണ് വില്‍സണ്‍ പ്രസ്തുത ഡോക്യുമെന്റ് തുറക്കുന്നത്.
ജനുവരി 1, 2018
ദളിതര്‍ ബ്രാഹ്‌മണര്‍ക്കെതിരെയും, കൊളോണിയല്‍ ശക്തികള്‍ക്കെതിരേയും നടത്തിയ ഭീമ കൊറേഗാവ് പോരാട്ടത്തിന്റെ 200-ാംവാര്‍ഷികത്തിന്റെ അടുത്ത ദിവസം, ഹിന്ദുത്വ ഗ്രൂപ്പുകളെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘം ഈ പരിപാടിയില്‍ നുഴഞ്ഞു കയറി ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയും, തത്ഫലം ഒരാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.
4.10 pm, മാർച്ച് 14, 2018
പൊലീസ് നിര്‍ണ്ണായകമെന്ന് കാണിച്ച 10-ല്‍ 9 ഡോക്യുമെന്റുകളും അറ്റാക്കർ മാല്‍വെയറിന്റെ സഹായത്തോടെ വില്‍സണിന്റെ തമ്പ് ട്രൈവില്‍ നിക്ഷേപിക്കുന്നു.
10 pm
ഡമ്മി ഫോള്‍ഡറുകള്‍ നിര്‍മ്മിച്ച്, പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത വിധം അറ്റാക്കർ ഈ ഡോക്യുമെന്റുകള്‍ വില്‍സണിന്റെ കമ്പ്യൂട്ടറിലേക്ക് നീക്കി.

ജൂണ്‍ 13, 2016 മുതല്‍ ഏപ്രില്‍ 17, 2018
22 മാസത്തോളം വില്‍സണിന്റെ കമ്പ്യൂട്ടര്‍ അക്രമണത്തിന് വിധേയമായി. 2018 ഏപ്രില്‍ 17-ന് പൂനെ പൊലീസ് വില്‍സണെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഈ മാല്‍വെയര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു.
തെളിവുകളായി പൊലീസ് എടുത്തുകാട്ടിയ രേഖകള്‍ ഒന്നു പോലും വില്‍സണ്‍ തുറന്നു പരിശോധിച്ചതിന് തെളിവുകള്‍ ഒന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Also Read: എഴുപതാം പിറന്നാളില്‍ ആനന്ദ് തെല്‍തുംദേ മുംബൈ ജയിലിലാണ്
തെളിവുകളായി കണക്കാക്കപ്പെടുന്ന കത്തുകള്‍ മൈക്രോസോഫ്റ്റ് വേര്‍ഡിന്റെ പുതിയ പതിപ്പിലാണ് തയ്യാറാക്കിയതെന്നും, വില്‍സണ്‍ ഉപയോഗിച്ചിരുന്നത് മൈക്രോസോഫ്റ്റ് വേര്‍ഡിന്റെ 2007 പതിപ്പായിരുന്നെന്നും റിപ്പോര്‍ട്ട് തെളിയിക്കുന്നു. കൂടാതെ, അറ്റാക്കർ വില്‍സണിന്റെ ലാപ്‌ടോപ്പില്‍ ഹിഡണ്‍ ഫോള്‍ഡര്‍ നിര്‍മ്മിച്ചതിന്റെ തെളിവുകള്‍ ഫയല്‍ സിസ്റ്റം ഇന്‍ഫര്‍മേഷന്‍ തിരിച്ചെടുത്തതില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ഭീമ കൊറേഗാവ് കേസ്
2017 ഡിസംബര്‍ 30-ന് നിരവധി സാമൂഹ്യ പ്രവര്‍ത്തകരും, അക്കാദമിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുത്ത പൂനെയിലെ ഷനിവാര്‍ വാഡയില്‍ വെച്ചു നടന്ന എല്‍ഗാര്‍ പരിഷദ് കോണ്‍ക്ലേവില്‍ തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തിയെന്നും, ഇത് ഒരാളുടെ മരണത്തിനിടയാക്കിയ ഭീമ കൊറേഗാവ് ഓര്‍മ ദിനത്തിലുണ്ടായ പ്രക്ഷോഭത്തില്‍ കലാശിച്ചെന്നുമായിരുന്നു ആരോപണം.

ഈ കേസുമായി ബന്ധപ്പെട്ട്, 2018 നവംബറിലാണ് 5000 പേജുകളുള്ള ആദ്യത്തെ ചാര്‍ജ് ഷീറ്റ് പൊലീസ് തയ്യാറാക്കുന്നത്. സുധീര്‍ ധവാലെ, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിങ്, ശോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെ പ്രതിചേര്‍ത്തു കൊണ്ടാണ് പൊലീസ് പ്രസ്തുത ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയത്. ഇവര്‍ക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും, നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ പദ്ധതിയിട്ടെന്നുമായിരുന്നു പൊലീസിന്റെ ആരോപണം.
2019 ഫെബ്രുവരിയില്‍ പൊലീസ് തയ്യാറാക്കിയ അനുബന്ധ ചാര്‍ജ് ഷീറ്റില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധ ഭരദ്വാജ്, വരവര റാവു, അരുണ്‍ ഫെറൈറ, വെര്‍ണന്‍ ഗോണ്‍സാല്‍വെസ്, ഗൗതം നാവ്‌ലഖ എന്നിവരെയും, നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ(മാവോയിസ്റ്റ്) നേതാവ് ഗണപതിയേയും പൊലീസ് പ്രതിചേര്‍ത്തു.
മൂന്നു വര്‍ഷത്തെ അന്വേഷണത്തില്‍ ഇതു വരെ 17,000 പേജുകളടങ്ങിയ ചാര്‍ജ് ഷീറ്റാണ് അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയത്. 2020 ഒക്ടോബറിലാണ് ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റു ചെയ്തത്.
2020 ല്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ കേസ് എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.
എന്നാല്‍ അന്വേഷണ സംഘത്തിലെ ഫൊറെന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ വില്‍സണിന്റെ ലാപ്‌ടോപില്‍ മാല്‍വെയറിന്റെ സാന്നിധ്യം തെളിയിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന് എന്‍.ഐ.എ വക്താവ് ജയ റോയ് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്.

ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
Delhi Lens
Apr 21, 2022
4 minutes read
എം.ബി. രാജേഷ്
Feb 04, 2022
13 Minutes Read
എന്‍.ഇ. സുധീര്‍
Feb 02, 2022
9 Minutes Read
പ്രമോദ് രാമൻ
Jan 31, 2022
1 Minute Read
എം.ബി. രാജേഷ്
Jan 31, 2022
9 Minutes Read
ഉമര്‍ ഖാലിദ്
Jan 03, 2022
14 Minutes Read