നിങ്ങളുടെ ശരീരവും ഭക്ഷണവും വീടും കടവ്യവസ്ഥയുടെ ഭാഗമാവുകയാണ്

മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങൾ ബിസിനസ് മൂലധന താൽപര്യങ്ങളിലേക്ക് പിടിച്ചെടുക്കപ്പെട്ടിരിക്കുന്നു. സ്വശരീരം, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, ഒഴിവുവേളകൾ, വ്യക്തിഗത ഹോബികൾ തുടങ്ങി ചെറു വായ്പകളിലൂടെ ഭക്ഷണം, വസ്ത്രം എന്നിവ വരെ കടവ്യവസ്ഥയുടെ ഭാഗമായിരിക്കുന്നു. ഒന്നര നൂറ്റാണ്ടിലേറെയായി സുസ്ഥിരമായി നിലനിന്ന ബിസിനസ് വ്യവസ്ഥയെയും അതിന്റെ സാമ്പത്തിക വിനിമയ രീതികളെയും കോവിഡ് എങ്ങനെയാണ് മാറ്റിത്തീർത്തത് എന്നും ഈ അവസ്ഥയെ പുതിയ ബിസിനസ് മോഡലുകളിലൂടെ അതിജീവിക്കുന്നതെങ്ങനെയെന്നും ഈ നവ ബിസിനസ്​ ക്രമം മനുഷ്യർക്ക്​ എന്ത്​ ആഘാതമേൽപ്പിക്കുന്നു എന്നും ആഴത്തിൽ വിശകലനം ചെയ്യപ്പെടുന്നു

‘The speculator always counts on disasters, particularly on bad harvests. He utilizes everything -for instance, Newyork fire in its time- and immortality's culminating point the speculation on the stock exchange, where history and with it mankind, is demoted to a means of gratifying the avarice of the calculating or gambling speculator.'- Frederick Engels, Outlines of a critique of political economy.

‘Debt, as Doctor Faustus shows us, is to market societies what hell is to Christianity: unpleasant yet indispensable.'- Yanis Varoufakis, A brief history of Capitalism.

ഴിഞ്ഞ ഒന്നര നൂറ്റാണ്ടിലേറെയായി സുസ്ഥിരമായി നിലനിന്നിരുന്ന ബിസിനസ് വ്യവസ്ഥയും അതിന്റെ സാമ്പത്തിക വിനിമയ രീതികളും മഹാമാരിയുടെ ഘട്ടത്തോടെ വലിയൊരു മാറ്റത്തിന് വിധേയമായിരിക്കുന്നു. എന്നാൽ നമ്മളിന്നു മനസിലാക്കുന്ന വിധത്തിലുള്ള പരിവർത്തനങ്ങൾക്ക് കഴിഞ്ഞൊരു പതിറ്റാണ്ടിലേറെയായി ബിസിനസ് സാമ്രാജ്യങ്ങൾ തയ്യാറായി നിൽക്കുക്കയായിരുന്നു എന്നുവേണം അനുമാനിക്കാൻ. ലോക ബിസിനസ് മാതൃകയുടെ പൊളിച്ചെഴുത്തിനും പുനർനിർമാണത്തിനും വഴിവെച്ചത് ഡിജിറ്റൽ മുതലാളിത്തമാണ്. ഡിജിറ്റൽവൽക്കരണത്തെക്കുറിച്ച് അടിസ്ഥാനപരമായ സംശയത്തിൽ അകപ്പെട്ടിരിക്കുകയായിരുന്നു ബിസിനസ് ലോകം. അത് പ്രധാനമായും റവന്യു മാതൃകയെക്കുറിച്ചുള്ള അവ്യക്തത കൊണ്ടാണ്. ഇതിന്​പരിഹാരവും ഏറെ അഭികാമ്യമായതും പയ്യെ ബിസിനിസ് മാതൃക മാറ്റിയെടുക്കുക എന്നതാണ്. കാരണം അങ്ങനെ വന്നാൽ അത് ജനജീവിതത്തിൽ സ്വഭാവികമെന്നോണം സ്വീകരിക്കപ്പെടും.

രണ്ടാമത്തെ പ്രശ്നം, എല്ലാ രാഷ്ട്രങ്ങളും ഈ ബിസിനസ്​ മാറ്റത്തിന് ഒരുങ്ങിയിരുന്നില്ല. ലോക സാമ്പത്തിക വ്യവസ്ഥ ഡിജിറ്റൽ മുതലാളിത്തത്തിന് അനൂപൂരകമാകും വിധം സജ്ജമായശേഷം മാത്രമേ ബിസിനസ് മാതൃകയിലെ മാറ്റങ്ങൾ ലാഭത്തെയും മിച്ചമൂല്യത്തെയും അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥക്ക് അനുഗുണമാകൂ. ഡിജിറ്റലിനെ അടിസ്ഥാനമാക്കിയുള്ള നവ ബിസിനസ് ക്രമത്തിലേക്കുള്ള പരിവർത്തനത്തിനും അതിന്റെ തന്നെ സ്വാഭാവികവൽക്കരണത്തിനും വലിയ തോതിൽ ഗുണപ്രദമായി മാറിയത് കോവിഡ് വ്യാപനം പ്രതിരോധിച്ചു നിർത്താൻ വിവിധ രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ ഏകതാനതയോടെ നടപ്പാക്കിയ ലോക്ക്ഡൗണാണ്.

മാറ്റം സാധ്യമാക്കിയ ലോക്ക്ഡൗൺ

വ്യവസായങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സവിശേഷ പ്രയോഗങ്ങളിൽ ഒന്നാണ് ലോക്ക് ഔട്ട്. തൊഴിൽ തർക്കങ്ങളാലോ വ്യവസായങ്ങളുടെ ആന്തരിക പ്രതിസന്ധികളുടെ കാരണത്താലോ വ്യവസായശാല പൂട്ടിയിടുന്ന പ്രക്രിയയാണത്. തൊഴിലാളികൾ സംഘടിതമായോ അല്ലെങ്കിൽ മാനേജ്മെന്റ് നേരിട്ടോ ആണ് ലോക്ക് ഔട്ട് പ്രഖ്യാപിക്കാറ്. വ്യവസായ മേഖലയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പ്രയോഗത്തിന് സാധുതയെങ്കിലും, ലോക്ക് ഡൗൺ എന്നത് അതിനേക്കാൾ വിപുലമായ രീതിയിൽ ജനജീവിതത്തെ ബാധിക്കുന്നു. ലോക്ക് ഔട്ട് സാധാരണ വ്യവസായ തർക്കമെന്ന നിലയിൽ പരിഹരിക്കപ്പെടുന്നത് ഒത്തുതീർപ്പു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. ലോക്ക് ഔട്ടിന്റെ ആത്യന്തിക ഫലമെന്ന നിലയിൽ പലപ്പോഴും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, അല്ലെങ്കിൽ അലവൻസ് വർധിപ്പിക്കുക എന്നീ തിരുമാനങ്ങളിലേക്കാണ് എത്തിച്ചേരുക. എന്നാൽ ചില ഘട്ടങ്ങളിലെങ്കിലും വ്യവസായ ശാലയുടെ അടച്ചുപൂട്ടലിലേക്കും അത് ചെന്നെത്താറുണ്ട്. എങ്ങനെയാണെങ്കിലും അധികവും പൂർവസ്ഥിതിയിലേക്ക്​തിരിച്ചുപോക്ക് സാധ്യമാകാറില്ല. ലോക്ക്ഡൗണിനും സമാനരീതിയിൽ വ്യവസായത്തിലും തൊഴിൽ മേഖലയിലും ജീവിതത്തിന്റെ നാനാമേഖലകളിലും പ്രത്യാഘാതമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. അതായത് ഒരു സവിശേഷമായ പരിവർത്തനത്തെ ത്വരിതപ്പെടുത്താനും ക്രമപ്പെടുത്താനും ലോക്ക്ഡൗൺ സഹായകമായി. ഇത് പറയുമ്പോൾ, ആഗോള മുതലാളിത്ത ഗൂഢാലോചനയുടെ സൃഷ്ടിയാണ് കോവിഡ് എന്നും ലോക്ക്ഡൗൺ പൂർവകൽപിതമാണെന്നുമല്ല ഉദ്ദേശിക്കുന്നത്. ഒരു രഹസ്യ കേന്ദ്രത്തിൽ അടച്ചിരുന്ന് ഏതാനും വ്യക്തികൾ നടത്തുന്ന ഗൂഢാലോചന എന്ന നിലക്ക് പരമ്പരാഗത മട്ടിൽ ആലോചിക്കുമ്പോഴാണ് നവ മുതലാളിത്തതിന്റെ നിക്ഷിപ്ത താൽപര്യത്തെപ്പറ്റി കോവിഡിനെ മുൻനിർത്തി ആരെങ്കിലും വിവേകപൂർവമായ സംശയം ഉന്നയിച്ചാൽ അത് ഒരു ഞായറാഴ്ച വക്കീലിനോ പോപ്പുലർ സയൻസ് പകർത്തെഴുത്തുകാരനോ വരെ പരിഹാസമായി തോന്നുന്നത്.

ഗൂഢാലോചനയുടെ രീതികൾ അവരുടെ ചെടിച്ച ഭാവനയെയും അതിവർത്തിച്ചിരിക്കുന്നു. മൂലധനത്തിന് സ്വയംനിഷ്​ഠമായ രീതിയിൽ തന്നെ ഗൂഢമായി പ്രവർത്തിക്കാൻ കഴിവുണ്ട്​. കഥകൾ മെനയാനും അതിനെ സരളമായി പ്രചരിപ്പിക്കാനും എളുപ്പം അതിന് കഴിയുന്നു. പഴയൊരു ഉദാഹരണമെടുത്താൽ, അമേരിക്ക കൊളംബസ് കണ്ടുപിടിച്ചു എന്നത് ലോകത്തിലേക്ക് ആർത്തിപിടിച്ച് ഇറങ്ങാൻ തുടങ്ങുന്ന പ്രാകൃത മൂലധന സഞ്ചയത്തിന്റെ ഗൂഢപ്രവർത്തനമായിരുന്നു എന്ന് ഇന്നൊരുപക്ഷേ ഒരു വിമത സാമൂഹ്യശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പൊതുനയമായി പഠിപ്പിക്കപ്പെടുന്ന പാഠപുസ്തകചരിത്രം അതിപ്പോഴും അംഗീകരിച്ച മട്ടില്ല.

ഒരേതരം ‘അതിജീവന' ശേഷി

കോവിഡ് വ്യാപന ഭീഷണി വ്യാപകമായി ഉയർന്ന സാഹചര്യത്തിൽ ജീവിതവ്യവസ്ഥയുടെ ഡിജിറ്റൽവൽക്കരണം പ്രായോഗിക അതീജീവന ഉപാധിയായി പൊതുവിൽ രാഷ്ട്രങ്ങളാകെ സ്വീകരിക്കാൻ നിർബന്ധിതമാകുകയായിരുന്നു. അതിന്റെ ഭാഗമായി ലോകമെമ്പാടും നടപ്പായ ലോക്ക്ഡൗൺ നിയമങ്ങളാണ് ഈ പരിവർത്തത്തനം ചടുലമാക്കിയത്. ലോകത്തെ ഓരോ ഭരണകൂടങ്ങളുടെയും പകർച്ചവ്യാധിയോടുള്ള പ്രതികരണം ശ്രദ്ധിക്കുക. ഭരണകൂടങ്ങൾ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ഭൂവിസ്തൃതിയുടെയും പരമാധികാരത്തിന്റെയും കാര്യത്തിൽ ഭിന്നപ്രകാരത്തിലുള്ളതാണെങ്കിലും, ചില ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും ഒരേ മൂശയിലിട്ടു വാർത്തെടുത്ത വിധമാണ് പകർച്ചവ്യാധി നേരിടാനുള്ള നിയമങ്ങളെ കൽപ്പന ചെയ്തത്. വ്യത്യസ്തതകൾ തീർത്തുമില്ലെന്നല്ല. ഉദാഹരണത്തിന് ദക്ഷിണ കൊറിയയുടെ പ്രതികരണം ചൈനയുടേതുപോലെ പോലും ആയിരുന്നില്ല. മാത്രവുമല്ല, വിവരങ്ങളുടെ അഭാവം നിമിത്തം പുറംലോകത്തിന് അവിടെ എന്തു നടന്നുവെന്ന് അറിയാനും പ്രായേണ ബുദ്ധിമുട്ടാണ്. എങ്കിലും സാമാന്യേന പറയാവുന്നത്, നവ മൂലധനക്രമം ആഗിരണം ചെയ്​ത എല്ലാ ദേശ രാഷ്ട്ര -പരമാധികാര വ്യവസ്ഥകളും ഒരേ ജീവിവർഗമെന്ന പോലെയാണ് തങ്ങളുടെ ‘അതിജീവന' ശേഷി പ്രകടമാക്കിയത്. മൂന്ന് സുപ്രധാന കാര്യങ്ങളാണ് അതിനായി അവർ ചെയ്തത്. ഒന്ന്, പകർച്ചവ്യാധി തടയൽ ഭരണ നിർവഹണത്തിന്റെ സവിശേഷ ഭാഗമാക്കി. ഇതുകൊണ്ടു ഉദ്ദേശിക്കുന്നത് ഇതാണ്; പ്രാഥമികമായും പകർച്ചവ്യാധി നേരിടാൻ രാജ്യമൊട്ടാകെ അതിനുവേണ്ടി തയ്യാറാക്കപ്പെട്ട ഒരു സവിശേഷ നിയമത്തിന്റെ കീഴിൽ കൊണ്ടുവരിക. രണ്ട്, പകർച്ചവ്യാധി ക്രമസമാധാന പ്രശ്‌നത്തിന്റെ കൂടി ഭാഗമാക്കുക. സമൂഹത്തിലെ എല്ലാ വർഗങ്ങളും പെട്ടെന്നുതന്നെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ഭ്രമണപഥത്തിലേക്ക് എടുത്തെറിയപ്പെട്ടു. പക്ഷെ ഇതിനുള്ള തയ്യാറെടുപ്പുകൾ ഒരു പതിറ്റാണ്ടിലധികമായി നടന്നു വരികയായിരുന്നു. വലിയ തോതിൽ നിക്ഷേപങ്ങൾ ഡിജിറ്റൽ മേഖലയിൽ നടന്നിട്ടുണ്ട്. ബാങ്കിങ്, ഫിനാൻസ് , റീടെയ്ൽ, സേവന മേഖലയിലെ പ്രധാന സംരംഭങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം (ടെലിമെഡിസിൻ), ഇതിനു പുറമെ വ്യവസായിക ഉത്പാദന പ്രവർത്തനങ്ങൾ തന്നെ സോഫ്റ്റ്​വെയർ കേന്ദ്രിതമായി കഴിഞ്ഞിരുന്നു. ചുരുക്കത്തിൽ, വൈജ്ഞാനിക സമ്പദ്​വ്യവസ്​ഥ എന്ന നാമകരണത്തിൽ ഉൾക്കൊള്ളാവുന്ന ആഗോളീകൃതമായ എല്ലാ ഉൽപാദന -വിതരണ പ്രക്രിയകളും ഡിജിറ്റിൽവൽക്കരിക്കപ്പെടുകയും നഗരകേന്ദ്രിതമായ ഉപരി -മധ്യവർഗ്ഗത്തിലെ വലിയൊരു ശതമാനം ജനവിഭാഗം ഡിജിറ്റലിലേക്ക് സ്വാംശീകരിക്കപ്പെടുകയും ചെയ്തിരുന്നു.

ഒന്നര പതിറ്റാണ്ടിനുള്ളിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായവരിൽ ആദ്യത്തെ പത്തുപേരും നവ സാങ്കേതിക വിദ്യയുടെ മേഖലയിൽ നിന്നുള്ളവരാണ്. അവരോടൊപ്പം ധനമേഖല നിയന്ത്രിക്കുന്ന നിക്ഷേപകകരും (പറയത്തക്ക ഉൽപാദന പ്രവർത്തനങ്ങളിൽ അവർ പങ്കെടുക്കുന്നില്ല). ഹോസ്പിറ്റാലിറ്റി തുടങ്ങിയ സേവനമേഖലയിൽ നിന്നുള്ളവരാണ് തൊട്ടുപിറകിൽ. ഇത് കാണിച്ചുതരുന്നത് ഏതൊക്കെ മേഖലയിലാണ് മൂലധന കേന്ദ്രീകരണം നടന്നിരിക്കുന്നത് എന്നതാണ്. മാർക്‌സ് വിഭാവനം ചെയ്ത വിധത്തിൽ ഖരമായതൊക്കെ ആവിയാവുകയും അതുവരെ വിശിഷ്യമെന്നു കരുതിയതൊക്കെ ലോപമാർന്ന അസ്തിത്വ പ്രതിസന്ധിയിലേക്ക് തള്ളപ്പെടുകയും ചെയ്തു. അതിൽ ധനവിനിയോഗത്തിലുള്ള കറൻസി മുതൽ തൊഴിൽ ബന്ധങ്ങൾ, സ്ഥിതരൂപത്തിലുള്ള സ്ഥാപനസാമഗ്രികൾ വരെ ഉൾപ്പെടും. ഇതിനെ വൈജ്ഞാനിക മുതലാളിത്തമെന്നു ചിലർ വിശേഷിപ്പിക്കുന്നു. ചിലരാകട്ടെ ധൈഷണിക മുതലാളിത്തമെന്നു വിളിക്കുന്നു (Cognitive Capitalism), ബൗദ്ധിക മുതലാളിത്തമെന്നും ചിലർ അതിനെ നാമകരണം ചെയ്തിരിക്കുന്നു (intellectual capitalism). മൂന്നും സൂക്ഷ്മതലത്തിൽ വ്യത്യസപ്പെട്ടിരിക്കുന്നുവെങ്കിലും അതിന്റെ സ്ഥൂലീകൃത പ്രകടനത്തിൽ നവസാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള മൂലധന ക്രമത്തെയാണ് അത് സൂചിപ്പിക്കുന്നത്.

അപഭൗതികവൽക്കരിക്കപ്പെട്ട മുതലാളിത്തം

കഴിഞ്ഞ കാലങ്ങളിൽ ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട, നമ്മൾ ഇടപഴകി വരുന്ന ചില പ്രയോഗങ്ങളാണ് - അസ്പർശനീയ സമ്പദ്​വ്യവസ്​ഥ
( intangibe economy), അപഭൗതികാവൽക്കരിക്കപ്പെട്ട മുതലാളിത്തം (de-materialized capitalism) എന്നിവ. സേവനമേഖലയുമായി നവവിവരവിജ്ഞാന സാങ്കേതിക വിദ്യയുടെ ഉദ്ഗ്രഥനത്തെ തുടർന്നു വന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നവയാണ് ഈ പ്രയോഗങ്ങൾ. മൂർത്തവും സ്പർശനീയവും ഭൗതികസ്വഭാവമുള്ളതുമായ ബിസിനസ് വ്യവസ്ഥ രൂപാന്തരപ്പെടുത്തുന്ന ഒന്നായാണ് ഇതിനെ മനസ്സിലാക്കുന്നത്. ഫിസിക്കൽ സമ്പദ്​വ്യവസ്​ഥ മറികടക്കാനുള്ള ഉദ്യമങ്ങൾ രണ്ടു പതിറ്റാണ്ടായി നടന്നു വരികയാണ്. പ്രധാനമായും സമ്പദ്​വ്യവഹാരങ്ങളുടെ ധനവൽക്കരണമാണ് (financialization) ഇതിനെ ത്വരിതപ്പെടുത്തിയത്. ഇക്കാലയളവിൽ, ബാങ്കിങ്-ഇൻഷുറൻസ് മേഖലയുടെ വ്യാപനവും ഒപ്പം വലിയ തോതിലുള്ള സ്വകാര്യവൽക്കരണവവും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കലും സംഭവിക്കുകയുണ്ടായി. വ്യക്തിഗത -സ്വകാര്യ -ചെറുകിട നിക്ഷേപങ്ങൾ സമകാലിക പ്രാകൃത മൂലധന സഞ്ചയത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടു. ഈ പണലഭ്യത പുതിയ സംരംഭങ്ങൾക്കും പുത്തൻ രീതിയിലുള്ള മൂലധന വ്യാപനത്തിനുമായി വിനിയോഗിക്കപ്പെട്ടു. സമ്പത്തിന്റെ സമാഹരണത്തോടൊപ്പം ഒരു ഘട്ടത്തിൽ പ്രത്യക്ഷമായി തന്നെ ഭരണകൂടത്തിന്റെ ഒത്താശയോടെ ഭൂമി പോലുള്ള വസ്തുക്കൾ നിർബന്ധപൂർവം കർഷകരെയും ചെറുകിടക്കാരെയും അവരുടെ ജീവസന്ധാരണ വ്യവസ്ഥകളിൽ നിന്ന് കുടിയൊഴിപ്പിച്ച്​​ നടക്കുകയുണ്ടായി. പുറന്തള്ളൽ വഴിയുള്ള സഞ്ചയത്തിനെതിരെ (accumulation by dispossession) ലോകമെങ്ങും വ്യാപക പ്രക്ഷോഭം ഉയർന്നു വന്നു. ലോക മുതലാളിത്തതിന്റെ ആദിമ മൂലധന സഞ്ചയത്തിന്റെ ഘട്ടത്തിൽ, അതായത്, പതിനേഴു മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുക്കം വരെ കണ്ടുവന്ന വലിയ തോതിലുള്ള അടച്ചുകെട്ടൽ (enclosure) നീക്കങ്ങളും അതിന്റെ തന്നെ വിപുലമായ രീതിയിലുള്ള കൊളോണിയലിസത്തിന്റെയും പ്രകൃതത്തെ അനുസ്മരിപ്പിക്കുന്ന വിധമുള്ളതായിരുന്നു കഴിഞ്ഞ ഒന്ന് രണ്ടു ദശകങ്ങളിൽ വികസനത്തിന്റെ വായ്ത്താരി ഉപയോഗിച്ചു നടത്തിയ മൂലധന കൈയേറ്റങ്ങൾ. അതിന്റെ തുടർച്ചയെന്നോണം ജനങ്ങളുടെ പണം മുഴുവൻ സമാഹരിക്കുക എന്നതാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഒരു രാഷ്ട്രത്തിലെ വ്യക്തിയുടെ പ്രാഥമികമായ പൗരത്വമെന്ന അസ്തിത്വം മുതൽ ജീവിതത്തിന്റെ വ്യവഹാരങ്ങളുടെ മൂർത്തവും സ്പർശനീയവുമായ നിലനില്പിനെ അസ്ഥിരമാക്കിക്കൊണ്ട്​ ഭരണകൂടത്തിന്റെ കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് സ്വാംശീകരിക്കാനുള്ള ഏറ്റവും മികച്ച സാങ്കേതിക ഉപാധിയായി മാറി ഡിജിറ്റൽ. ഡിജിറ്റൽ പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, ഒരേസമയം കൺട്രോൾ സാങ്കേതികവിദ്യയാണ്, ഡീ കൺട്രോളുമാണ്. അത് സാമാന്യ ജനങ്ങളുടെ വിനിമയ ഉപാധി എന്ന നിലയിൽ അൺകൺട്രോൾ ആയിരിക്കുന്നു എന്നതുകൊണ്ടാണ് വ്യത്യസ്ത സ്വഭാവമുള്ള ഭരണാധികാരികൾ പോലും അതിനെ വരുതിയിലാക്കാനും നിലക്കുനിർത്താനും നിയമ നിർമാണം മുതൽ കോർപറേറ്റുകളുടെ സഹായം വരെ തേടുന്നത്. അത് മറ്റൊരു വിഷയമാണ്.

ഇവിടെ പ്രസക്തം, ഡിജിറ്റൽ ഇന്ത്യ പോലുള്ള സവിശേഷ പ്രധാനമായ പദ്ധതികൾ ഈ രീതിയിലുള്ള നിയന്ത്രിത സമ്പദ് വ്യവസ്ഥയുടെ വിപുലമായ സാധ്യതയെ മുൻനിർത്തിയാണ് വിഭാവനം ചെയ്യപ്പെട്ടത് എന്നതാണ്​.
നോട്ട് നിരോധനത്തിലൂടെ ഫിസിക്കൽ സമ്പദ്‌വ്യവസ്ഥയെയാണ് അസ്ഥിരീകരിക്കേണ്ടിയിരുന്നത്. കള്ളപ്പണം എന്ന യാഥാർഥ്യം നിലനിൽക്കെ അതിനെ അളന്നുതിട്ടപ്പെടുത്തി സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുക എന്ന പ്രക്രിയയുടെ ആഘാതം ഏൽക്കേണ്ടി വന്നത് വികസനത്തിന്റെ പിന്നണി ശ്രേണിയിൽ കിടക്കുന്ന സമ്പൂർണമായും അനൗപചാരിക - കാഷ്വൽ മേഖലയിൽ അദ്ധ്വാനം വിറ്റു ജീവിക്കുന്നവരുടെ പരിമിതമായ നിലനിൽപ് സമ്പദ് വ്യവസ്ഥയ്ക്കാണ്. അവരുടെ ജീവിതവ്യവസ്ഥകൾ അസ്ഥിരപ്പെടുകയും ചെയ്തു. വ്യവസ്ഥയിൽ നിന്ന് പുറന്തള്ളപ്പെട്ട ജീവിതങ്ങളെ മൂലധന ആവശ്യങ്ങൾക്കായി നഗരങ്ങളിലേക്ക് ഓടിപ്പിക്കുന്ന രീതിയിൽ നിന്ന് മാറി മൂലധനം ഗ്രാമഗ്രാമാന്തരങ്ങളെയും വിഴുങ്ങുന്ന പുതിയ പ്രക്രിയയിലേക്ക് മാറിയിരിക്കുന്നു. പുറന്തള്ളപ്പെട്ട അവശജനവിഭാഗങ്ങളെ ഈ പുതിയ വികസന പ്രക്രിയയിലേക്ക് പിടിച്ചെടുക്കപ്പെടേണ്ടവരാകുന്നു. നോട്ട് നിരോധനം ആഭ്യന്തര കുടിയേറ്റ തൊഴിലാളികളെ എങ്ങനെ ബാധിച്ചുവെന്ന്​ പ്രത്യേകം പഠിക്കേണ്ടിയിരിക്കുന്നു. ഏതായാലും, അനുഭവൈകമായി പരിശോധിക്കേണ്ട കാര്യങ്ങളാണ് അതൊക്കെ. പക്ഷെ ഇവിടെ പ്രസക്തമായത്, അസ്പർശനീയ സമ്പദ് വ്യവസ്ഥ ഉടലെടുത്തതോടെ വൻതോതിൽ ദരിദ്ര ജനവിഭാഗങ്ങൾ പുറന്തള്ളപ്പെട്ടിട്ടുണ്ട് എന്ന കാര്യമാണ്. മൂന്ന് കാര്യങ്ങളാണ് അവരുടെ ദാരിദ്രാവസ്ഥയെ കൂടുതൽ ദുർബലമാക്കിയത് - പരിമിതമായ തോതിലെങ്കിലും ലഭ്യമായിട്ടുള്ള സേവിങ്സിന്റെ അഭാവം, സാങ്കേതിക വിദ്യ ഉപയോഗത്തിന് പരിജ്ഞാനക്കുറവ്, തൊഴിൽ നൈപുണിയുടെ പരിമിതത്വം.

ഡെമോഗ്രാഫിക് പുറന്തള്ളൽ

ഡീ ഫിസിക്കലൈസേഷന്റെ പരിണതി മാത്രമല്ല ഇത്, നവ ലിബറൽവൽക്കരണം ശ്രദ്ധാപൂർവം കൈകാര്യം ചെയ്തിരുന്ന ഡെമോഗ്രാഫിക് പരിഷ്‌ക്കാരങ്ങളുടെയും ഭാഗമാണത്. ഡെമോഗ്രാഫിക് പരിഷ്‌ക്കാരങ്ങൾ സമകാലിക ഭരണകൂടങ്ങൾ ആസൂത്രിതമായി നിയമത്തിന്റെ പിൻബലത്തോടെ നിർവഹിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. ഡെമോഗ്രാഫിസൈഡ് (demographicide) എന്ന രീതിയിലേക്കാണ് ഈ നിയമ പ്രാബല്യത്തിലൂടെയുള്ള പുറന്തള്ളൽ ചെന്ന് കലാശിക്കുക. ലോകമെങ്ങും സംഭവിക്കുന്ന വലതുപക്ഷ ത്തിന്റെ ഉയർച്ചയും ഡെമോഗ്രാഫിക് നിർമിതിയും ലോക സാമ്പത്തിക ശക്തികളും അന്താരാഷ്ട്ര ബാങ്കുകളും അനുശാസിക്കുന്ന വളർച്ച മാതൃകയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. ഉദാഹരണത്തിന് ചെലവ് ചുരുക്കൽ (austerity ) ഇത്തരമൊരു ഡെമോഗ്രാഫിക് നിർമിതിയെ ലക്ഷ്യം വെച്ചുള്ളതാണ്. ചെലവ് ചുരുക്കൽ ഒരിക്കലും സാമ്പത്തിക- സാമൂഹിക അസമത്വം പരിഗണിക്കുന്നില്ല, പകരം സവിശേഷ ബയോപൊളിറ്റിക്കൽ മാനേജ്മെന്റിലൂടെ ജനസംഖ്യയിലെ ഏറ്റവും ദരിദ്രവവും ദുർബലവുമായ വിഭാഗത്തെയാണ് വലയം ചെയ്യുന്നത്. വലയം ചെയ്യുക എന്നാൽ വിപണിയുടെ അരാജകത്വത്തിന് വിട്ടുകൊടുക്കുക എന്നർത്ഥത്തിൽ. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള പലായനമായി മാറുകയാണ് വിപണി വലിച്ചെറിഞ്ഞ് ഡെമോഗ്രാഫിക് മിച്ചമാകുന്ന ജനങ്ങളുടെ ജീവിതം. വീണ്ടും വീണ്ടും പുറന്തള്ളപ്പെടുന്നത് അരികുവൽക്കരിക്കപ്പെട്ട ജനത തന്നെയാണ്. നോട്ട് നിരോധനത്തിലൂടെ ഡിജിറ്റൽവൽക്കരണവും സമ്പദ് വ്യവസ്ഥയുടെ അപഭൗതികവൽക്കരണവുമാണ് ലക്ഷ്യമാക്കിയിരുന്നത് എന്നുവേണം അനുമാനിക്കാൻ. നോട്ട് നിരോധനത്തിന്റെ ഘട്ടത്തിൽ തന്നെ ഏവർക്കും അറിയാവുന്ന ഒരു കാര്യം, പേ.ടി.എം മൊബൈൽ ഫോൺ വഴിയുള്ള പണമിടപാട് ആപ്പ് ഒരു ഡിജിറ്റൽ പണവിനിമയോപാധി എന്ന നിലയിൽ വമ്പിച്ച വിജയമായിരുന്നു എന്നാണ്​. മാത്രമല്ല, വ്യാപാരം ഓൺലൈനിലേക്ക് പയ്യെ മാറുകയും ചെയ്തു. ഡാറ്റ സേവന ദാതാവ് എന്ന നിലയിൽ ജിയോ ഇതര സേവന ദാതാക്കളെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് വരുന്നതും ഈ ഘട്ടത്തിലാണ്. നോട്ട് നിരോധനം ഈ നിലയിൽ ഡിജിറ്റൽവത്കരണത്തിന്​വമ്പിച്ച കുതിപ്പ് നൽകിയെങ്കിലും എല്ലാ മേഖലകളും പൂർണമായും ഓൺലൈനിലേക്ക് വന്നിരുന്നില്ല. പൂർണമായ തോതിലുള്ള ബിസിനസ് മാറ്റത്തിന് പരിവർത്തനാത്മകമായ ഒരു ഘട്ടം അനിവാര്യമായിരുന്നു. ലോക്ക് ഡൗൺ ഇതിനു നിമിത്തവുമാകയും പരിവർത്തനത്തിന്​ യഥായോജിതമായ സന്ദർഭം ഒരുക്കുകയും ചെയ്തു.

ഇതൊരു സവിശേഷ ഘട്ടമായിരുന്നു. വാസ്തവത്തിൽ മനുഷ്യർ സമ്പൂർണമായും നിസ്സഹായമായ ഒരു ഘട്ടം. പൊതുവെന്ന് (Public/ Commons) വിളിക്കാവുന്ന എല്ലാം ഒരു വേള അപ്രത്യക്ഷമായി. മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങൾ സ്തംഭിക്കപ്പെട്ടു. ഉൽപാദന മേഖലകൾ നിശ്ചലമായി. മനുഷ്യരുടെ മുമ്പിൽ കേവലം അതീജീവന പ്രശ്‌നം മാത്രം നിലനിൽക്കെ ധനപരിക്രമണം പരിമിതപ്പെട്ടതും ഉൽപാദനം നിശ്ചലമായതും പ്രധാന പ്രശ്‌നമല്ലാതെയായി. എല്ലാവരും ഒരു തോണിയിൽ എന്ന വാദം ആ സമയം ഉയർത്തപ്പെട്ടത് വെറുതെയായി. തൊഴിലും പാർപ്പിടവും അതാതു ദിവസത്തെ ആഹാരവും നഷ്ടപ്പെട്ടവർ ഗതിമുട്ടുന്ന അവസ്ഥയിലായി, പാർപ്പിടവും ധനാഗമന മാർഗവും സാമ്പത്തിക ഭദ്രതയുമുള്ളവർക്കും; സർക്കാർ നയങ്ങളെ പാട്ടകൊട്ടി അഭിവാദ്യം ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. സർക്കാറും സന്നദ്ധ പ്രവർത്തകരും ഒരു വിധം ഈ പ്രശ്‌നം നേരിടാനും ഇടപെടാനും തീർച്ചപ്പെടുത്തുകയും പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയും ചെയ്‌തെങ്കിലും തങ്ങൾക്ക് സുരക്ഷിതത്വം അനുഭവപ്പെടാത്ത വിധമായിരുന്നു കുടിയേറ്റ തൊഴിലാളികൾ പലായനം ചെയ്തത്. ഈ ഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ മരണസംഖ്യ എത്രയെന്ന് സർക്കാരിന് തിട്ടപ്പെടുത്താൻ കഴിയാത്തതും നേരത്തെ സൂചിപ്പിച്ച ഡെമോഗ്രാഫിക് പുറന്തളളിന്റെ രീതിയിലുള്ളതാണ്. മാത്രമല്ല, അവർക്ക് പലായനം ചെയ്യേണ്ടി വന്നത് വാട്ട്‌സ് ആപ്പ് വ്യാജ വാർത്തകൾ കൊണ്ടുമാത്രമാണ്​ എന്നുപറയുന്നത് എത്രമാത്രം ഈ വിഷയത്തോട് സർക്കാർ സംവിധാനങ്ങൾ ഉദാസീനരും ഇൻസെൻസിറ്റീവുമാണ് എന്ന്​ കാണിച്ചു തരുന്നു. ഉള്ളതെന്തോ അതും പെറുക്കിയെടുത്ത്​ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യാൻ അവർക്ക് തോന്നിയത് വല്ലാത്ത വിധം ഭീതി നാട്ടിലെങ്ങും പടർന്നിരുന്നു എന്നതുകൊണ്ടു കൂടിയാണ്. വ്യാജ വാർത്തകൾ എരിതീയിൽ എണ്ണയായിട്ടുണ്ടെന്ന്​ ശരിയാണ്. ഡിജിറ്റൽവൽക്കരണവും അതിനസരിച്ച ക്രോഡീകരണവും പ്രത്യേകിച്ചൊരു ഉപകാരവും ചെയ്തില്ല എന്നതും തിരിച്ചറിയേണ്ടതുണ്ട്. ഇതിൽ നിന്നൊക്കെ അനുമാനിക്കാവുന്ന ഒരു കാര്യം, വിപണിയും സെക്യൂരിറ്റുമായി ഉദ്ഗ്ര​ന്ഥിക്കപ്പെട്ടുകൊണ്ടാണ് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വ്യാപനം നടക്കുന്നത് എന്നതാണ്​.

പുതിയ മാറ്റങ്ങൾ ഈ ദിശയിലുള്ളതാണ്. കോർപറേറ്റ് നിയന്ത്രിതമായ ഡിജിറ്റൽവൽക്കരണത്തിന്റെ തീവ്രത പലമടങ്ങു വർധിച്ചു. മോർഗൻ സ്റ്റാൻലി നടത്തിയ പഠനം മുൻനിർത്തി ഇക്കണോമിക് ടൈംസിൽ വന്ന റിപ്പോർട്ടിൽ പറയുന്നത്, റിലയൻസ് ജിയോ പ്ലാറ്റ്​ഫോം ഉപയോഗിക്കുന്നത്​ 388 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളാണെന്നാണ്. ഇതുവെച്ച് നോക്കുകയാണെങ്കിൽ ഏതാണ്ട് അമ്പതു ശതമാനത്തോളം ഇന്റർനെറ്റ് ബേസ് ജിയോവിന്റെ അടുത്താണ്. ഒപ്പം ആലോചിക്കേണ്ടത് റീടെയിൽ മുതൽ വിനോദ വ്യവസായം വരെയുള്ളവയിൽ റിലയൻസ് വൻ തോതിൽ നിക്ഷേപം നടത്തുകയും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുയും ചെയ്യുന്നു. സർക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണ കൂടി പരിഗണിക്കുമ്പോൾ ഇനിയും മറ്റൊരുപാട് മേഖലയിലേക്ക് അവർക്ക് എളുപ്പം വ്യാപിക്കുകയൂം ചെയ്യാം. അവർ അവലംബിച്ചു വരുന്ന ബിസിനസ്​ രീതികൾ നോക്കുകയാണെങ്കിൽ, ഇതര സ്ഥാപനങ്ങളുമായുള്ള മത്സരത്തിൽ ഇതര കോർപറേറ്റുകളെ അടിപടവിൽ നിന്ന് തന്നെ വെട്ടി അതാതു മേഖലയിൽ കുത്തക സ്ഥാപിക്കുക എന്നതാണ്. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ബി.എസ്​. എൻ.എൽ പോലുള്ള സ്ഥാപനം നേരിടുന്ന സർക്കാർ നിസ്സംഗതയും പിന്തുണാരാഹിത്യവും ആ സ്ഥാപനങ്ങളെ നൂതനവൽക്കരിക്കുന്നതിൽ നിന്ന് പിന്നോട്ട് അടിച്ചിരിക്കുന്നു. ഡിജിറ്റൽവൽക്കരണത്തിന്റെ സവിശേഷ യാഥാർഥ്യം ഇതാണ്.

വിർച്വൽവൽക്കരണം

ലോക്ക്ഡൗൺ കനത്ത ആഘാതം ഏൽപിച്ച ഒരു മേഖല മാധ്യമങ്ങളുടേതായിരിക്കും. മാധ്യമ ഉടമകൾ വൻതോതിൽ പിരിച്ചുവിടലിന് ഈ അവസരം ഉപയോഗിക്കുന്നതായി നാഷണൽ അലയൻസ് ഓഫ് ജേർണലിസ്റ്റുകളും ദൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റുകളും അവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുകയുണ്ടായി. വരുമാനക്കമ്മി ചൂണ്ടിക്കാട്ടി എഡിഷനുകളും ബ്യൂറോയും അടച്ചുപൂട്ടുന്നതിനോടൊപ്പം അധിക ബാധ്യത ഉന്നയിച്ച് പത്രപ്രവർത്തകരെയും അനുബന്ധ തൊഴിലാളികളെയും മാധ്യമ സ്ഥാപങ്ങൾ പിരിച്ചുവിട്ടു. പത്രപ്രവർത്തകരുടെ പിരിച്ചുവിടലിന്റെ വാർത്ത പതിവുപോലെ മുഖ്യധാര അച്ചടിമാധ്യമങ്ങൾ പരിപൂർണമായും തമസ്‌ക്കരിച്ചെങ്കിൽ, ഇതിനെ സംബന്ധിച്ച പ്രസ്താവനകളും വാർത്തകളും ഓൺലൈൻ സമാന്തര പ്രസിദ്ധീകരണങ്ങളിലാണ് അധികവും വെളിച്ചം കണ്ടത്. പക്ഷെ അപ്പോഴും പിരിച്ചുവിടലിന്റെ ആഘാതം കൃത്യമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ് . കാരണം, പത്രപ്രവർത്തകർ മാത്രമല്ല പിരിച്ചുവിടപ്പെട്ടത്, അനുബന്ധ മേഖല എന്ന നിലയിൽ സർക്കുലേഷൻ, മാർക്കറ്റിങ്, പ്രിന്റിംഗ്, ഡി.ടി.പി, മൾട്ടി സ്‌കിൽ തൊഴിലാളികൾ, ശ്രേണിയിലെ താഴെത്തട്ടിലെ ജീവനക്കാർ- പിരിച്ചുവിടപ്പെട്ടവർ വലിയൊരു സംഖ്യ വരും. മാത്രമല്ല, സ്വകാര്യ മേഖലയായതുകൊണ്ട്​ താൽക്കാലിക പരിരക്ഷയ്ക്കുള്ള തുകയോ മറ്റു വേതന മിച്ചമോ ഒന്നും നൽകപ്പെട്ടിട്ടുണ്ടാകാനും വഴിയില്ല. വാസ്തവത്തിൽ, സാമ്പത്തിക വ്യവസ്ഥയിൽ നിന്നുള്ള പുറന്തള്ളലിന്റെ ഒരു രീതിയാണിത്. അതുവരെ പിന്തുടർന്ന ജീവിത സാഹചര്യത്തിൽ നിന്നുള്ള പെട്ടെന്നുള്ള മാറ്റം. പിരിച്ചുവിടലിന്​ നിദാനമായി പറഞ്ഞൊരു കാര്യം വരുമാനക്കുറവും അധികബാധ്യതയുമാണെങ്കിൽ, മാധ്യമ സ്ഥാപനങ്ങൾ വലിയ നിക്ഷേപം ഈ ഘട്ടത്തിൽ ഓൺലൈനിൽ നടത്തിയിട്ടുണ്ട്. മൾട്ടീമീഡിയ സ്വഭാവത്തിലേക്ക് പരിവർത്തനം ചെയ്ത മാധ്യമങ്ങളുടെ ഡിജിറ്റിൽ പതിപ്പുകൾ ഈക്കാലത്ത്​ പുതിയ റവന്യു മാതൃകയും മുന്നോട്ടു വെയ്ക്കുകയുണ്ടായി. പഴയ പോലെ ഫ്രീ ആക്‌സിസിബിലിറ്റി നിർത്തലാക്കിയിരിക്കുന്നു. പെട്ടെന്ന്‌ കൈക്കൊണ്ട തീരുമാനമെന്നതിനേക്കാൾ, ഈ പരിവർത്തനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് ദീർഘ കാലത്തെ പദ്ധതിയുടെ ത്വരിത ഗതിയിലുള്ള പ്രവർത്തനമാണ് നടന്നത്.

മാധ്യമ മേഖല പ്രത്യക്ഷ ഉദാഹരണമാണെങ്കിൽ വിർച്വൽവൽക്കരിക്കപ്പെടാതെ പോയ ഒരു വ്യവസായ മേഖലയുമുണ്ടാകാൻ വഴിയില്ല. സമന്യേന ഉയരുന്ന ഒരു ചോദ്യം: സാങ്കേതിക നൂതനവൽക്കരണത്തിൽ നിന്ന് ഏതെങ്കിലും മേഖലക്ക് മാറിനിൽക്കാൻ കഴിയുമോ എന്നതാണ്? ഒരിക്കലുമില്ല. പക്ഷെ അതൊരു ഫ്‌ളാറ്റായ ചോദ്യമാണ്. കാതലായ പ്രശ്‌നം പക്ഷെ അതല്ല. എങ്ങനെയാണ് വിർച്വൽവൽക്കരണം വ്യവസായത്തിൽ നിന്ന് മാത്രമല്ല പ്രത്യക്ഷ ജീവിതത്തിന്റെ ഇടങ്ങളിൽ നിന്ന് വൻതോതിലുള്ള തൊഴിൽ ചെയ്യുന്നവരെ പർജു ചെയ്യുന്നത് എന്നാണ്. അതിനുള്ള മൂലധനത്തിന്റെ കൈകാര്യക്കാരുടെ പരോക്ഷ മറുപടി ‘വിധികൽപിതം' എന്നാണെങ്കിൽ, മുതലാളിത്തം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യപാദത്തിൽ അൽപമെങ്കിലും പ്രകടിപ്പിച്ച ഒരു സിവിലൈസേഷണൽ മൂല്യത്തിൽനിന്ന്​ പ്രകടമായി പിന്മാറിക്കൊണ്ട് അതിന്റെ ആദിമ സഞ്ചയത്തിന്റെ പ്രാകൃതത്വത്തിലേക്ക് തിരിച്ചുപോയി എന്നതാണ്.

വാസ്തവത്തിൽ, സാങ്കേതിക വിദ്യയുടെ നൂതനവൽക്കരണമല്ല ഈയൊരു വലിയ തോതിലുള്ള പുറന്തള്ളലിന് കാരണമായത്, മറിച്ച് സ്വകാര്യ -കോർപറേറ്റ് കുത്തകവൽകരണമാണ് എന്ന് തിരിച്ചറിയാവുന്നതേയുള്ളൂ. പൊതു ഉടമസ്ഥതയിലാണ് ഒരു സമ്പദ്​വ്യവസ്​ഥ എങ്കിൽ ഈയൊരു പരിണാമത്തിലേക്കായിരിക്കില്ല കാര്യങ്ങൾ എത്തിച്ചേരുക. അതുകൊണ്ട് പഴയ വൈരുധ്യങ്ങൾ ഏറ്റവും സങ്കീർണതയോടെ പുനരാഗമനം ചെയ്തിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ. അത് പുതിയ പ്രതിസന്ധിയാണ്. പ്രതിസന്ധികൾക്ക് രാഷ്ട്രീയ പരിഹാരമാണ് അനിവാര്യമാവുക.

ഡാറ്റ, ഏറ്റവും വിലപിടിച്ച വസ്തു

മാധ്യമങ്ങളിൽ സംഭവിച്ചതിനേക്കാൾ കടുപ്പത്തിൽ മറ്റിതര വ്യവസായ മേഖലകളിൽ സംഭവിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. രാജ്യത്തിന്​മൊത്തത്തിലുണ്ടായ തൊഴിൽ നഷ്ടവും വളർച്ച മുരടിപ്പും ലോക്ക്ഡൗണിനു മുമ്പുതന്നെ ചർച്ച വിഷയമായിരുന്നു. സ്റ്റാഗ്ഫ്ളേഷൻ എന്ന് സാമ്പത്തിക വിഗദ്ഗദർ വിളിച്ചിരുന്ന അവസ്ഥയുടെ ഏറ്റവും വലിയ പ്രത്യാഘാതം ഉദാരവൽക്കരണത്തിനുശേഷം നാളിതുവരെയില്ലാത്ത വിധം അസമത്വം വർധിച്ചു എന്നതാണ്. സ്റ്റാഗ്ഇൻഇക്വാളിറ്റി (staginquality) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഭരണകർത്താക്കൾക്കപ്പുറം ആഴത്തിൽ വേരോടിയിട്ടുള്ള ഡീപ് സ്റ്റേറ്റ് (deep state ) ഇത്തരം നയങ്ങൾ വാർത്തെടുക്കുന്നതിലും പ്രയോഗത്തിൽ കൊണ്ടുവരുന്നതിലും അതീവ തൽപരരാണ്. വാസ്തവത്തിൽ നോട്ടു നിരോധനം അത് പ്രഖ്യാപിക്കുന്നതുവരേക്കും രാഷ്ട്രീയ ഭരണ നേതൃത്വം അറിഞ്ഞിരുന്നില്ല എന്നതിന്റെ അർഥം, ഇത്തരം ബൃഹത്തായ പദ്ധതി ഡീപ് സ്റ്റേറ്റിന് എത്ര രഹസ്യമായി കരുതലോടെ നടപ്പാക്കാൻ പറ്റുമെന്നാണ്. ഡീപ് സ്റ്റേറ്റിന്റെ ആഴവും പടർപ്പും ശ്രംഖല ബന്ധങ്ങളും ഭരണാധികാരികളുടെ രാഷ്ട്രീയ -പ്രത്യശാസ്ത്ര​ വ്യത്യാസങ്ങൾക്കപ്പുറമാണ്. പലപ്പോഴും പ്രകടമായി വ്യത്യസ്ത സ്വഭാവം പുലർത്തേണ്ട രാഷ്ട്രീയ നേതൃത്വം നയങ്ങളിൽ തന്മാത്രാതലത്തിലെ ഐക്യരൂപം പ്രകടമാക്കുന്നത് ഡീപ് സ്റ്റേറ്റിന്റെ സ്വാധീനത അതിൽ നിഴലിക്കുന്നതുകൊണ്ടാണ്. സമ്പദ്ഘടനയുടെയും ബിസിനസിന്റെയും സമ്പൂർണ വിർച്വൽവൽക്കരണം കാര്യക്ഷമതക്ക് അനിവാര്യമാണെന്നതാണ്​ഡീപ് സ്റ്റേറ്റിന്റെ അടിസ്ഥാനചിന്ത തന്നെ. സങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ബിഗ് ഡാറ്റാ കേന്ദ്രിതമായ വികസന പദ്ധതികൾക്ക് വലിയ പ്രാമുഖ്യം ലഭിക്കുന്നു എന്നാണ് കാണാൻ കഴിയുന്നത്. ബിഗ് ഡാറ്റ കേന്ദ്രിതമായ ഇത്തരം സംരംഭങ്ങൾക്ക് വൻകിട ഹൈ ടെക് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തവും കണ്ടുവരുന്നു. വൻകിട ഹൈ ടെക് കമ്പനികൾ നേരിട്ട് സംരഭങ്ങളിൽ പങ്കെടുക്കുന്നില്ലെങ്കിലും മൂന്നാമതൊരു കമ്പനിയുടെ വൈദഗ്ധ്യ സേവനത്തിലൂടെയാണ് ഈയൊരു ശ്രംഖലയിലേക്ക് ഹൈ ടെക് കമ്പനികൾ കണ്ണിചേർക്കപ്പെടുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ ലോക്ക്ഡൗൺ സമയങ്ങളിൽ രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖല ആഴത്തിലേക്കുള്ള പ്രതിസന്ധിയിലേക്ക് തള്ളപ്പെട്ടപ്പോഴും ഹൈ ടെക് സംരഭകരുടെ, കുത്തക മുതലാളിമാരുടെ സമ്പത്ത് കുത്തനെ ഉയരുകയായിരുന്നു എന്നത് പലരും നീരിക്ഷിച്ചിട്ടുള്ളതാണ്. സ്റ്റോക്ക് മാർക്കറ്റിൽ ഹൈ ടെക് ഷെയറുകൾ വമ്പിച്ച മുന്നേറ്റം നടത്തുന്നു, ഒപ്പം; ഏറ്റവും ബൃഹത്തായ രീതിയിലുള്ള പങ്കാളിത്തവും ഓഹരി കൈമാറ്റവും നടക്കുന്നത് ഈ ഘട്ടത്തിലാണ്. ഇതെല്ലാം ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയോ അല്ലെങ്കിൽ ഡാറ്റ സേവന ദാതാക്കളുടെയോ ആകുന്നു. എന്തിനു പറയുന്നു, ഈ പ്രതിസന്ധി കാലത്ത്​ മനുഷ്യൻ എല്ലാ നിലയിലും അസ്തിത്വപരമായ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും മനുഷ്യന്റേതെന്നു പറയാൻ ആകെ വിലപിടിപ്പുള്ള വസ്തു അവരവരെ കുറിച്ചുള്ള ഡാറ്റ മാത്രമായിരുന്നു. ഒരു വേള തനിക്കു മാത്രമായി യാതൊരു പ്രയോജനവുമില്ലാത്ത വസ്തുവാണ് ഏറ്റവും വിലപിടിപ്പുള്ളതായി മാറുന്നതായി മനുഷ്യർ മനസ്സിലാക്കുന്നത്. ഇങ്ങനെയാണ് കഥയെങ്കിൽ, ഡാറ്റ വിവാദം കോവിഡ് ഘട്ടത്തിൽ ഏറെ കൊടുമ്പിരിക്കൊണ്ടതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.

വ്യക്തിക്ക് സമൂഹത്തിലുള്ള വില നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു

ലോക്ക്ഡൗൺ കാലത്ത്​ പ്രധാനമായും വിർച്വൽവൽക്കരിക്കപ്പെട്ടത് തൊഴിലുകളാണ്. വർക്ക് ഫ്രം ഹോം എന്നത് എല്ലാവരും അംഗീകരിക്കുന്ന യാഥാർഥ്യമായി . ഇതിന്റെ ഭാഗമായി ഫ്രന്റ് എൻഡ് മാത്രമല്ല ബാക്ക് എൻഡ് പ്രവർത്തനങ്ങളും വിർച്വൽവൽക്കരിക്കപ്പെട്ടിട്ടുണ്ട്. വൻകിട വ്യവസായങ്ങളിൽ പോലും ഉൽപാദന രീതികൾ വിർച്വൽവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഓട്ടോമൊബൈൽ പോലുള്ള വ്യവസായങ്ങളിൽ ഏതായാലും പഴയ ഫോർഡ് മാതൃകയിലുള്ള അസംബ്ലി ലൈൻ ഉൽപാദന രീതികളിൽ മുമ്പേ മാറ്റം വന്നിട്ടുണ്ട്. പോസ്റ്റ് -ഇൻഡസ്ട്രിയൽ എന്ന് വിളിക്കുന്നത് അതാണ്. എന്നാൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അമ്പതിൽ താഴെ ജീവനക്കാർ മാത്രമേ തത്സമയം ഒരു സ്ഥലത്തുണ്ടാകാൻ പാടുള്ളൂ. അത് ഉൽപാദന ശേഷിയിൽ വരുത്തുന്ന കുറവ് വലിയ തോതിലുള്ള ഓട്ടോമേഷൻ വഴിയും അല്ലെങ്കിൽ ഔട്ട്‌സോഴ്‌സിങ് വഴിയുമായാണ് പരമ്പരാഗത വ്യവസായം തന്നെ പരിഹരിക്കുന്നത്. ഐ.ടി വ്യവസായ മേഖലയിലാണെങ്കിൽ, വർക് ഫ്രം ഹോം രീതിയാണ് അടിസ്ഥാനപരമായി തുടരുന്നത്. ഏഷ്യൻ രാജ്യങ്ങൾ ഉൽപാദന മേഖലക്ക് പ്രാമുഖ്യം നൽകി​ വിദേശത്തു നിന്ന്​ വലിയ മുതൽമുടക്ക് പ്രതീക്ഷിക്കുന്നുണ്ട്. ‘ആത്മനിർഭർ ഭാരതം’ ഈ നിലയ്ക്കുള്ള വികസന പന്ഥാവാണ് മുന്നോട്ട് വെയ്ക്കുന്നത്. അതിനുതകുന്നവണ്ണം തൊഴിൽ നിയമങ്ങൾ നവീകരിക്കപ്പെടുന്നു. വാസ്തവത്തിൽ കോവിഡിനെ തുടർന്ന് വലിയ തോതിൽ തൊഴിലാളികളുടെ റിസർവ് ഒരുക്കപ്പെട്ടിട്ടുണ്ട്. ഇതിൽ തന്നെ നൈപുണിയുള്ളവർക്കാണ് മുൻഗണന. നേരത്തെ സൂചിപ്പിച്ച വിധം നഗരകേന്ദ്രിതമായിരിക്കുകയുമില്ല ഉത്പാദന കേന്ദ്രങ്ങൾ. അത് ചെറുതും വലുതുമായ ഉൾസ്ഥലത്തേക്ക് ഓരോ ഓരോ ആവശ്യം മുൻനിർത്തി കടന്നു വരികയാണ് ചെയ്യുക. അങ്ങനെ വരുന്ന വേളയിൽ അതുവരെ അരോഗദൃഢഗാത്രരായി തൊഴിൽ ചെയ്തിരുന്നവർ വിർച്വൽവൽക്കരണം ആവശ്യപ്പെടുന്ന നൈപുണിയുടെ അഭാവത്താൽ ബഹിഷ്‌കൃതരായേക്കാം.

ഒരുതരത്തിൽ ഈ പുതിയ വിർച്വൽവൽക്കരണം പുതിയ രീതിയിലുള്ള ലുംപനൈസേഷന്​ വഴിവെയ്ക്കും. താത്കാലികമായി സർക്കാരിന്റെ കാർമികത്വത്തിലുള്ള ദാരിദ്ര്യ നിർമാർജ്ജന പദ്ധതികളുടെ ഭാഗമായി അവർ സംരക്ഷിക്കപ്പെടും. എങ്കിലും സാമൂഹിക ജീവിതത്തിൽ അത് മറ്റു പല പ്രശ്‌നങ്ങൾക്കും കാരണമാകാം. ബഹിഷ്‌കരിക്കപ്പെടുന്നവരും പുറന്തള്ളപ്പെടുന്നവരും നിലവിലെ അവസ്ഥവെച്ച് തന്നെ അതീവ ദുർബല വിഭാഗത്തിൽ നിന്നുള്ളവരായിരിക്കും. അതേസമയം, നാഗരിക തലങ്ങളിൽ, ഈ വിർച്വൽവൽക്കരണം സൃഷ്ടിക്കാൻ പോകുന്ന സമ്പന്നതയുടെ ഹൈ ടെക് സംവിധാനങ്ങളാൽ സജ്ജീകൃതമായ സ്മാർട്ട് സിറ്റികളുടെ ദേശീയ ക്ലസ്റ്ററുകളാണ്. ഉപഭോഗത്തിന്റെയും സമ്പന്നതയുടെയും ആർഭാടങ്ങളുടെയും മറ്റൊരുവിധം സാമൂഹിക ക്രമം. മാധ്യമങ്ങളെയും വിവര വിനിമയ വൈജ്ഞാനിക മേഖലയെയും നിയന്ത്രിക്കാൻ പോകുന്നത് ഇവരായിരിക്കും. ഇവർക്ക് ചുറ്റും ഇതിനുവേണ്ട സേവനം പ്രദാനം ചെയ്യുന്നതിന്​ ഒരു നവ മധ്യവർഗവും നിലവിൽ വരും. ഇത് ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യമായി മാത്രം കാണേണ്ടതില്ല. കാരണം, ഇത്തരം വിർച്വൽവൽക്കരണത്തിന്​ മുന്നൊരുക്കം മുമ്പേ നടന്നു കഴിഞ്ഞിരിക്കുന്നു. അതിലേക്ക് പതുക്കെ അഭിപ്രായ രൂപീകരണത്തിൽ നിർണായക പങ്കു വഹിക്കുന്ന ഒരു വിഭാഗമെങ്കിലും സ്വാംശീകരിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖല നോക്കുക. അത് കേവലം ഓൺലൈൻ ക്ലാസുകളുടെ പ്രശ്നമായി മാത്രം കാണുന്നത് ഹ്രസ്വദൃഷ്ടി കൊണ്ടു മാത്രമാണ്. വിർച്വൽവൽക്കരണം എത്തിച്ചേരാൻ പോകുന്നത് വരേണ്യവിഭാഗങ്ങൾക്കും സമ്പന്നർക്കും മാത്രം ആശ്രയിക്കാവുന്ന ഹൈടെക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ പിന്തുണയോടെ തന്നെ നിലവിൽ വരുന്നതോടെയാണ്. മികവിന്റെ കേന്ദ്രങ്ങൾ എന്നത് പുതിയ ഗേറ്റഡ് (Gated) സ്ഥാപനങ്ങളായിരിക്കും. ബാരിക്കേഡ് ചെയ്യപ്പെട്ട സ്ഥാപനങ്ങൾ (Barricaded institutions) എന്നും അതിനെ പറയാം. ഇന്ത്യൻ എഴുത്തുകാരിയായ ലാവണ്യ ലക്ഷ്മിനാരയണന്റെ സ്‌പെക്കുലേറ്റിവ് ഫിക്ഷനായ അനലോഗ്/വിർച്ച്വൽ ആൻഡ് അഥർ സിമുലേഷൻസ് ഓഫ് ഫ്യുച്ചർ ( Analog/ virtual And Other Simulations of the Future) ഈയൊരു ഡിസ്ഉടോപ്പിക് നാഗരികതയെ ആവിഷ്​കരിക്കുന്നു. ബെൽ കോർപ് നിയന്ത്രിക്കുന്ന ഒരു ടെക്‌നോ നാഗരിക വ്യവസ്ഥയും അതിന്റെ അരികിൽ ജീവിക്കുന്ന തിരസ്‌കൃതരുടെ അനലോഗ് ജീവിതവും തമ്മിലുള്ള നിതാന്ത സംഘർഷമാണ് നോവലിൽ അവതരിപ്പിക്കുന്നത്. ബെൽ കോർപിന്റെ മനുഷ്യവകാശ രേഖയുടെ ആമുഖത്തിൽ തന്നെ ഇങ്ങനെ കുറിച്ചിരിക്കുന്നു: ‘നാഗരികത തന്നെ വിവേചനത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു. മികവിന്റെ (merit) ഒരു ആഗോള വ്യവസ്ഥ വ്യക്തിക്ക് സമൂഹത്തിലുള്ള വില നിശ്ചയിച്ചിരിക്കുന്നു. ഞങ്ങൾ ഒരു മെറിറ്റോക്രാറ്റിക് ടെക്‌നാർകിയാണ്. ഞങ്ങൾ മനുഷ്യ വംശത്തിന്റെ ഭാവിയാണ്.'

ജനാധിപത്യത്തിന്റെ തന്നെ വിർച്വൽവൽക്കരണം ഏതുവരെയാകാം?

സർവ ഉൽപാദന മേഖലയും പൂട്ടികിടക്കുന്ന സമയത്തും സ്റ്റോക്ക് മാർക്കറ്റ് അതിനനുസരിച്ച്​ കൂപ്പുകുത്തുകയോ താഴെ പോകുകയോ ചെയ്യാതെ ഇൻഡക്‌സുകളെല്ലാം ഉയർന്നു നിൽക്കുകയായിരുന്നു. 30 കളിലെ വൻ തകർച്ചയുടെ സമയത്ത് സംഭവിച്ചതിന്​ സമാനമായോ അല്ലെങ്കിൽ അതിലും മോശമായോ തൊഴിൽ രാഹിത്യം ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചു വരുന്ന അസമത്വത്തിന്റെ പ്രതിഫലനമെന്നോണം ദരിദ്രരും മർദ്ദിതരുമായ ജനവിഭാഗങ്ങൾ തെരുവിലേക്കിറങ്ങാൻ നിർബന്ധിതരായിരിക്കുന്നു. ടെക്‌നോക്രറ്റിക് പരിഹാരങ്ങളാണ് പലപ്പോഴും ഭരണകൂടം മുന്നോട്ടുവെക്കുന്നത്. ഉദാഹരത്തിന് ആരോഗ്യ ഐ.ഡി കാർഡ് ഈ പശ്ചാത്തലത്തിൽ നിർദ്ദേശിക്കപ്പെട്ടതാണ്. ആധാറിനു പുറമെ മറ്റൊരു ഐ.ഡി കാർഡ് കൂടി ഇന്ത്യൻ പൗരന്​ വേണ്ടിവരുന്നു. ആധാറിൽ ഉയർത്തിയ അതേ സ്വകാര്യതയുടെ പ്രശ്‌നം ഇതിനും ബാധകമായിരിക്കും. പൗരരുടെ വളരെ വ്യക്തിഗതവും സ്വകാര്യവുമായ ഡാറ്റയാണ് ഡിജിറ്റലായി വിന്യസിക്കപ്പെടാൻ പോകുന്നത്. നോട്ട് നിരോധനം മുതൽ ഡിജിറ്റൽവൽക്കരണത്തിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും അടിസ്ഥാന പ്രശ്‌നമായ അർഹരായ പൗരർക്കുള്ള ബേസിക് ഇൻകം നയം ഒരു ഘട്ടത്തിലും ചർച്ചയാകുന്നുമില്ല. പകരം വിചിത്രവാദമെന്ന നിലയിൽ വൺ ഇന്ത്യ വൺ പെൻഷൻ പോലുള്ള നവലിബറൽ സ്വഭാവമുള്ള പെൻഷൻ നയമാണ് ചർച്ചയാകുന്നത്. പക്ഷെ യൂണിവേഴ്‌സൽ ബേസിക് ഇൻകം എന്ന സങ്കൽപം തൊഴിൽ നഷ്ടത്തിന് പകരം നിർദേശിക്കുന്നത് നവലിബറൽ എക്കണോക്രസിയും തന്ത്രപരമായി മുന്നോട്ട് വെച്ചേക്കാം. തൊഴിലിനെ അസ്ഥിരപ്പെടുത്തുന്ന വ്യാപകമായ റോബോട്ടിക്കവൽക്കരണത്തെ ന്യായീകരിക്കുന്നതായിരിക്കും ഇത്.
ജനാധിപത്യത്തിന്റെ വിർച്വൽവൽക്കരണത്തിന്റെ നിർദ്ദേശവും ഈ ഘട്ടത്തിൽ ഉയർന്നു വന്നു. അതിനെക്കുറിച്ചു പഠിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. നിർദ്ദേശത്തിന്റെ സ്വഭാവം എന്തെന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രിയ ഓണലൈനിലേക്ക് മാറ്റുക എന്നാണ്. വ്യക്തിഗത ഐ.ഡി നൽകി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന പ്രക്രിയയാണിത്.

ഡിജിറ്റൽവൽക്കരണ സാദ്ധ്യത ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. തീർച്ചയായും ഇതുവരെ നിർവഹിച്ചുകൊണ്ടിരുന്ന പല പ്രവർത്തിയെയും ലഘൂകരിക്കാൻ സാധിക്കുമായിരിക്കാം. പക്ഷെ. ഏതൊക്കെ ഡിജിറ്റൽവൽക്കരണത്തിന്​വിധേയമാകണമെന്നും ഏത്​ മാറ്റിവെക്കണമെന്നും നിശ്ചയിക്കാൻ ജനാധിപത്യപരമായ റഫറണ്ടം പോലുള്ള പ്രക്രിയ ആവശ്യമാണ്. കാരണം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ നിയന്ത്രണം ഭരണകൂടങ്ങൾക്കും കോർപറേറ്റുകൾക്കും ഒരേസമയം കൈക്കലാക്കാനും അവരുടെ ഇച്ഛകൾക്കനുസരിച്ച്​ മാനിപുലേറ്റ് ചെയ്യാനും പറ്റുമെന്ന വാസ്തവം നിലനിൽക്കെ, ജനാധിപത്യത്തിന്റെ തന്നെ വിർച്വൽവൽക്കരണം ഏതുവരെയാകാമെന്നു ഗൗരവത്തോടെയും കുറച്ചധികം ജാഗ്രതയോടെ സമീപിക്കേണ്ട പ്രശ്‌നമാണ്. പ്രോക്‌സി വോട്ടിങ് പ്രക്രിയയും ജനാധിപത്യ രീതികൾക്ക് പൂർണമായും ഹിതകരമാണോ എന്നും ആലോചിക്കേണ്ടതുണ്ട്.

ഡിജിറ്റൽവൽക്കരണംകൊണ്ടു വന്ന വലിയ മാറ്റങ്ങളിലൊന്നാണ് ഗിഗ് (gig economy) സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ച. ഗിഗ്സ് എന്നു വിളിക്കുന്നത് താൽകാലികവും സ്ഥിരമല്ലാത്തതുമായ ജോലികളെയാണ്. നോട്ടു നിരോധനത്തെ തുടർന്ന് ഗിഗ് പ്രവർത്തനം കാര്യക്ഷമമായി. ഓല, ഉബർ, സോമറ്റോ, സ്വിഗ്ഗി ഇതിനുദാഹരണങ്ങൾ. കെൻ ലോച്ചിന്റെ ‘Sorry we missed you' ഗിഗ് എക്കണോമി ആശ്രയിക്കേണ്ടി വരുന്ന തൊഴിലാളിയുടെ കഥയാണ് പറയുന്നത്. വലിയ കടബാധ്യത പരിവഹരിക്കാനാണ് ഗിഗ് ഏർപ്പാട് റിക്കി സ്വീകരിക്കുന്നത് . ഗിഗ് വ്യവസ്ഥ അനുശാസിക്കുന്നത് അതിലേക്ക് വരുന്ന ഓരോരുത്തരം കോൺട്രാക്ടന്മാരാണ്​ എന്നാണ്. അതായത്​, തൊഴിലാളി എന്ന സങ്കല്പമില്ല. അവർ സ്വന്തം ബിസിനസ്​ നടത്തുന്നവരാണ്. അതുകൊണ്ടു തന്നെ അവരുടെയും അവർ നിർവഹിക്കുന്ന പ്രവർത്തിയുടെയും സുരക്ഷിത്വതം ഉറപ്പു വരുത്തേണ്ടത് അവർ മാത്രമാണ്. ഉബർ, സോമറ്റോ തുടങ്ങിയ പ്ലാറ്റുഫോമുകളിൽ അവർ കോൺട്രാക്ടർമാർ എന്ന നിലയിൽ രജിസ്റ്റർ ചെയ്യുന്നു. അതായത് ചെറിയ മുതൽമുടക്കുള്ള ബിസിനസുകാർ. സ്വന്തമായി ഒരു വാഹനവും മൊബൈൽ ഫോണുമാണ് വേണ്ടത്. പ്ലാറ്റുഫോമുകൾ അടിസ്ഥാനപരമായി ഡാറ്റ ശേഖരിച്ച്​ വിനിമയം ചെയ്യുന്ന സ്ഥാപനം മാത്രമാണ്. തൊഴിലാളിയുമല്ല, മുതലാളിയുമല്ല എന്ന പുതിയ അനൗപചാരിക വ്യവസ്ഥയിൽ ഇവർ കമ്പനി കൈമാറുന്ന ഡാറ്റയനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് അവർക്ക്​ ഒരു സ്ഥലത്തു നിന്ന് ഒരു ഓർഡർ വരുന്നു എന്ന്​ അറിയിക്കുന്നു. പ്രസ്തുത ഓർഡർ എവിടെ നിന്ന്​ശേഖരിച്ച്​ എവിടെ എത്തിക്കണമെന്ന വിവരവും ഡാറ്റയായി ലഭിക്കുന്നു. പ്രസ്തുത ഡാറ്റ നിർദ്ദേശിക്കുന്നതനുസരിച്ച്​ അവർ പ്രസ്തുത കാര്യം നിർവഹിക്കുന്നു. ഇതിൽ പ്രോത്സാഹനപരമായ ഘടകങ്ങളും പ്ലാറ്റുഫോമുകൾ നൽകുന്നു- പറഞ്ഞ സമയത്തേക്കാൾ എത്ര നേരത്തെ ഡെലിവർ ചെയ്തു തുടങ്ങിയ കാര്യങ്ങൾ. കൃത്യതയോടെ ഇത് ഓരോ തവണയും നിർവഹിക്കുമ്പോൾ ഒരു വ്യക്തിയുടെ പോയന്റ് നില ഉയർന്നുവരുന്നു. അത് ആ വ്യക്തിക്ക്​ മോണിറ്റൈസ് ചെയ്യാം. ഇതേ പോലെ, നഷ്ടങ്ങളും പേറാൻ ഒരു വ്യക്തി നിർബന്ധിതമാണ്. ചുരുക്കത്തിൽ സമയത്തിനെതിരെയുള്ള ഓട്ടമായി ഇത് പരിണമിക്കുന്നു. ചെറുപ്പക്കാരാണ് ധാരാളമായി ഇതിലേക്ക് റിക്രൂട്ട്​ചെയ്യപ്പെടുന്നത്. ഒരർത്ഥത്തിൽ, തൊഴിൽരാഹിത്യത്തിന്റെ പ്രശ്‌നത്തിന്റെ താത്കാലിക പരിഹാരമാകാം. പക്ഷെ, അസമത്വമെന്നത്, സാമ്പത്തിക അന്തരം എന്നത് പ്രകടമായി നിലനിൽക്കുകയും ഒരു വിഭാഗം സാമ്പത്തിക ശേഷിയുള്ള ഉപഭോക്താക്കൾ നിലനിൽക്കുന്നു എന്നതുമാണ് ഗിഗ് വ്യവസ്ഥയുടെ പ്രയോഗക്ഷമതയ്ക്ക് ആധാരം. പ്ലാറ്റ്ഫോം​ മുതലാളിത്തത്തിനുവേണ്ടത് ഡാറ്റയാണ്. ഇവിടെ കോൺട്രാക്റ്റർമാർ, അതായത് ഗിഗ് പ്രവർത്തകർക്ക് കൈമാറുന്നത് അതുതന്നെ. ഡിജിറ്റിൽ ഇക്കോണമിയെ ക്കുറിച്ച്​ വിമർശനാത്മക പഠനം നടത്തിയ ജാഥൻ സാഡോവ്‌സ്‌കി ഇതിനെ ‘ഡാറ്റ വാടക’ എന്ന് വിശേഷിപ്പിക്കും. ഇവിടെ ഡാറ്റയാണ് കോൺട്രാക്റ്റർക്ക് വാടകയ്ക്ക് നൽകുന്നത്. ആ ഡാറ്റ ഉപയോഗിച്ച് അയാൾ നൽകുന്ന സേവനത്തിന്റെ ഒരു നിശ്ചിത വിഹിതം പ്ലാറ്റുഫോമുകൾക്ക് പോകുന്നു. പ്ലാറ്റ്ഫോം​ മുതലാളിത്തത്തെ കുറഞ്ഞ വേതന തൊഴിലുകളുടെ (low wage work) പ്ലാറ്റഫോംവൽക്കരണം എന്ന് പറയും. ഭൂരിപക്ഷവും ചെറുപ്പക്കാർ പണിയെടുക്കുന്ന ഈ മേഖലയിൽ സാമ്പത്തിക ബാധ്യതയിൽ നിന്ന്​കരകയറാനും മറ്റും ഒരധിക തൊഴിൽ ചെയ്യാൻ സന്നദ്ധരായ മധ്യവയസ്സ് പ്രായത്തിലുള്ളവരും കണ്ണി ചേർക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികൾ നിന്ന് വേർപെട്ടാണ് സ്വന്തം അസ്തിത്വം ഗിഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ വിശദീകരിക്കുക. മിക്കവാറും മോട്ടിവേഷൻ ക്ളാസും മനഃശാസ്ത്രപരമായ ഒരുക്കലുകൾക്കും ശേഷമാണ് ഗിഗ് വ്യവസ്ഥയിലേക്ക് ഔപചാരികമായി പ്രവേശനം സാധ്യമാവുക. ഗിഗ് പ്രവർത്തകരൊക്കെ അഭിലഷിക്കുന്നത് പോയന്റുകൾ സമാഹരിച്ച്​ സ്വന്തം നിലയിൽ സംരഭകത്വത്തിലേക്ക് വരികയെന്നാണ്. അതായത്​, ഒരു വാഹനത്തിൽ നിന്ന് അനേകം വാഹനങ്ങളിലേക്കും അങ്ങനെ സ്വയം തൊഴിൽ ദാതാവായി മാറുന്ന ഒരു വ്യവസ്ഥ . മോട്ടിവേഷൻ ക്ളാസ്സുകളിൽ വെച്ച് ഒരു പക്ഷെ അങ്ങനത്തെ എത്രയോ ഉദാഹരണങ്ങൾ അവരുടെ മനസിലേക്ക് കടത്തിവിട്ടിരിക്കും.

പ്രീകാരിയസ് തൊഴിലാളികൾ

ഗിഗ് ഇക്കോണമിയിൽ പ്രവർത്തിക്കുന്നവർ ഔപചാരികമോ അനൗപചാരികമോ ആയ തൊഴിൽ സേനയിൽപെടുന്നില്ല, മാത്രവുമല്ല; കാര്യക്ഷതക്ക് നിദാനമായ മുതലാളിത്തം അനുശാസിക്കുന്നത് ഫ്‌ളെക്‌സിബിലിറ്റി, വ്യക്തി കേന്ദ്രിതത്വം, അനാവശ്യമായ സംഘടന പ്രവർത്തനത്തിന് പകരം തൊഴിൽ സമർപ്പണം , കോർപറേറ്റ് ലോയൽറ്റി എന്നിവയാണ്. ഗിഗ് എക്കണോമിയിലെ കോൺട്രാക്ടർമാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതുതന്നെ. ഈ മേഖലയിൽ സാമ്പ്രദായിക രീതിയിൽ വിശേഷിപ്പിച്ചാൽ കാഷ്വൽ തൊഴിലാളികളാണ്. പ്രീകാരിയസ് (precarious) തൊഴിലാളികൾ എന്നാണ് ശരിക്കും വിശേഷിപ്പിക്കേണ്ടത്. സ്വയംതൊഴിലും സ്വാതന്ത്ര്യവും എന്നത് പേരിനു മാത്രമേയുള്ളൂ; തൊഴിൽ നിയമം ബാധകമല്ല എന്നതുകൊണ്ടു തന്നെ തൊഴിൽ സമയം നിജപ്പെടുത്തിയിട്ടില്ല. കൂടുതൽ ലോയൽറ്റി പോയന്റ്​ നേടാൻ കൂടുതൽ സമയം അധ്വാനിക്കാൻ നിർബന്ധിക്കപ്പെടുന്നു. കൂടുതൽ സമയം അദ്ധ്വാനിക്കുന്നു എന്ന് ആദർശവൽക്കരിക്കുന്നത് ഈ സമ്പദ്​വ്യവസ്​ഥയും അതിന്റെ മൂലധനക്രമവും കൂടുതൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുക എന്നർത്ഥത്തിലാണ്. കൊടിയ ചൂഷണമാണ് പുതിയ മാനേജീരിയൽ പരിവേഷത്തോടെ ഈ വ്യവസ്ഥയിൽ നടപ്പാക്കപ്പെടുന്നത്.

കോവിഡ് കാലം ഗിഗ് ഇക്കണോമിയെ സങ്കീർണമാക്കി, പലരും പെട്ടെന്ന് തൊഴിൽരഹിതരായി. വരുമാനത്തിന് മറ്റു മാർഗങ്ങൾ അവർക്ക് ലഭ്യവുമായിരുന്നില്ല. പിന്നീട് ലോക്ക് ഡൗൺ ഭാഗികമായി പിൻവലിക്കപ്പെട്ടപ്പോൾ ഗിഗ് വ്യവസ്ഥയിൽ ഉണർവുണ്ടായെങ്കിലും ഉത്തരവാദിത്തം വളരെ വർധിക്കുകയാണുണ്ടയത്. ലോക്ക്ഡൗൺ സമയത്ത് ആമസോണിലെ തൊഴിലാളികൾ സംഘടിച്ചു പ്രതിഷേധിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സൂക്ഷിക്കേണ്ട കോവിഡ് ജാഗ്രതയെ പറ്റിയാണ് കൂടുതലും വാർത്ത വന്നത്. ഭക്ഷണം ഓർഡർ സ്വീകരിച്ച്​ ഉപഭോക്താവിന് എത്തിക്കേണ്ട ഒരു പ്ലാറ്റ്ഫോ​മിലെ ഏതോ ഒരു തൊഴിലാളി വിശപ്പ് സഹിക്കാനാവാതെ വഴിയിൽ നിർത്തി താൻ കൊണ്ടുപോകുന്ന ഭക്ഷണ പായ്ക്കറ്റുകളിൽ ഒന്നിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വാട്ട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടിരുന്നു. കൂടുതലും അന്ന് ചർച്ചയായത് സുരക്ഷയുടെ കാര്യങ്ങളാണ്, ആ തൊഴിലാളി അങ്ങനെ ചെയ്യേണ്ടിവന്ന സാഹചര്യം വിലയിരുത്തപ്പെട്ടില്ല. മാത്രവുമല്ല, കഴിക്കുന്ന ഡെലിവറി ചെയ്യാനുള്ളതാണെന്നോ അതോ അത് ഡെലിവറി ചെയ്യാനാകാതെ മടക്കിയതാണെന്നോ ആരും ചോദിച്ചില്ല.

നിങ്ങളാണ് നിങ്ങളുടെ ഭാവിയുടെ വിധാതാക്കൾ എന്ന സൂക്തമാണ് ആദ്യം മനഃപാഠമാക്കേണ്ടത്. മുതലാളിത്തം ഇതര വ്യവസ്ഥയിൽ നിന്ന് വെറും ‘മെറിറ്റിന്റെ' അടിസ്ഥാനത്തിൽ നിങ്ങൾക്ക് സാമൂഹ്യ ശ്രേണിയിൽ ഘർഷണരഹിതമായി മുന്നേറാൻ അവസരം നൽകുന്നു. ഒരു പക്ഷെ ഇത്തരം സൂക്തകം ഏറ്റവും ആകർഷിക്കുക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടമെങ്കിലും പൂർത്തീകരിച്ച, എന്നാൽ പാരമ്പര്യ സമ്പാദ്യമോ മറ്റു പൂർവ്വാർജ്ജിത സ്വത്തോ ഇല്ലാത്തവരെയാണ്​. അവർക്ക് ഈ സാമൂഹികക്രമം മറികടന്ന് മുന്നോട്ടു പോകേണ്ടതുണ്ട്. രണ്ടു മാർഗങ്ങളാണ് അവരുടെ മുമ്പിലുള്ളത്- കുടിയേറ്റവും, സ്വയം തൊഴിൽ കണ്ടെത്തലും. കുടിയേറ്റം ഏതാണ്ട് ഒരു പരിധിയെത്തിയിരിക്കുന്നതുകൊണ്ട്, അത് അത്ര എളുപ്പമല്ല. മാത്രമല്ല, മൂന്നാം തലമുറയിൽപ്പെട്ടവരാണ് ഇന്ന് അധികവും വിദേശങ്ങളിലേക്ക് കുടിയേറുന്നത്. വിദ്യാസമ്പന്നരും നല്ല നൈപുണ്യ ശേഷിയുമുള്ളവരുമായ ഈ തലമുറയിൽപ്പെട്ടവർക്ക് തൊഴിൽ കണ്ടെത്താൻ പ്രയാസം താരതമ്യേന കുറവാണ്. എന്നാൽ പുതുതായി ഉടലെടുത്ത ഗിഗ് പോലെ സമ്പദ്‌വ്യവസ്ഥയിലേക്ക്​ ആകർഷിക്കപ്പെടുന്നത് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. സ്വന്തമായൊരു സംരംഭം തുടങ്ങാൻ മുതൽമുടക്ക് കൈയിലില്ലാത്തവർക്കും മൂലധന സ്രോതസ്സുകളിലേക്ക് താരതമ്യേന ആക്‌സസ്​ കുറഞ്ഞവർക്കും സ്വയം തൊഴിൽ എന്ന ഉപാധിയുടെമേൽ വാഹനവും മൊബൈൽ ഫോണും ലഭ്യമാകാനുള്ള ചെറുകിട വായ്പ നൽകുന്നു. പ്രത്യേകിച്ചൊരു ഈടും നൽകേണ്ടതില്ല, പകരം, അവർ ഈ നവ സമ്പദ്​വ്യവസ്​ഥയിലെ സേവനദാതാക്കളായി റിക്രൂട്ട് ചെയ്യപ്പെടുന്നു. പ്രത്യക്ഷത്തിൽ വർഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി എന്ന ഗണത്തിൽപ്പെടുന്നുമില്ല. അങ്ങനെ ഈ നവ സമ്പദ് വ്യവസ്ഥയിലേക്ക് ആഗിരണം ചെയ്യപ്പടുന്ന ഇവർ ഋണബദ്ധ സാമ്പത്തികവ്യസ്ഥയിലേക്ക് (debt economy) യഥാവിധം കണ്ണി ചേർക്കപ്പെടുകയാണ്. കടബാധ്യതയുടെ ഒരു പ്രത്യേകത എന്തെന്നാൽ അതിൽ ഒരുതവണ അകപ്പെട്ടാൽ അത് വർദ്ധമാനമായികൊണ്ടിരിക്കുക മാത്രമേയുള്ളൂ. അത് സ്‌പൈറൽ ചെയ്തുകൊണ്ടേയിരിക്കും. വാസ്തവത്തിൽ, ഈ സ്‌പൈറൽ സാമ്പത്തിക വ്യവസ്ഥയിൽ അകപ്പെട്ടിരിക്കുകയാണ് മധ്യവർഗവും. കാർഷിക മേഖലയിൽ മധ്യവർത്തികളെ ഒഴിവാക്കുന്നു എന്ന പേരിൽ പ്രസ്തുത മേഖലയുടെ വിർച്വൽവൽക്കരണമാണ് ഭരണകൂടം ലക്ഷ്യംവെക്കുന്നത്. കർഷകർ വൻകിട സൂപ്പർമാർക്കറ്റ് ശ്രംഖലയുടെ കോൺട്രാക്ടർമാരായി മാറും. വായ്പ നൽകിയും ദീർഘകാല കോൺട്രാക്റ്റിൽ പങ്കാളിയായും കടബദ്ധ വ്യസ്ഥയിലേക്ക് ആത്യന്തികമായി അകപ്പെടും.

ദൈനംദിന ജീവിതത്തിന്റെ ധനവൽക്കരണം

മനുഷ്യരുടെ ദൈനദിന വ്യവഹാരങ്ങൾ ഒന്നുപോലും ഒഴിവാക്കാതെ ബിസിനസ് മൂലധന താൽപര്യങ്ങളിലേക്ക് പിടിച്ചെടുക്കപ്പെട്ടിരിക്കുന്നു. സ്വശരീരം, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, ഒഴിവുവേളകൾ, വ്യക്തിഗത ഹോബികൾ തുടങ്ങി ചെറു വായ്പകളിലൂടെ ഭക്ഷണം, വസ്ത്രം എന്നിവ വരെ കടവ്യവസ്ഥയുടെ ഭാഗമായിരിക്കുന്നു. ഇതിനെ ബയോ ഫൈനാൻസിയലൈസേഷൻ എന്നും വിശേഷിപ്പിക്കുന്നു. ബയോ പൊളിറ്റിക്കൽ എന്നത് ഇന്ന് പ്രവർത്തനക്ഷമമാകുന്നത് ഭരണകൂട- കോർപറേറ്റ് സഹകരണത്തിലൂടെ ബയോ ഫൈനാൻസിയലൈസേഷൻ എന്ന നിലക്കാണ്. ഇത്തരമൊരു ധനവൽകരണത്തിന്റെ മുന്നുപാധിയാണ് സമ്പദ്‌വ്യവസ്ഥയുടെ ബാങ്കുവത്കരണം (bankarisation). ബാങ്കുവൽക്കരണം സമ്പദ്‌വ്യവസ്ഥയെ കേന്ദ്രീകരിക്കാൻ സഹായകമാകുന്നു. അത്തരമൊരു കേന്ദ്രീകരണത്തിന്​അടിസ്ഥാനമാകുന്നത് ഡിജിറ്റൽവൽക്കരണമാണ്. എല്ലാർക്കും ബാങ്ക് അക്കൗണ്ട് എന്ന സങ്കൽപം ഉറവെടുക്കുന്നത് അത്തരമൊരു സാഹചര്യത്തിൽ ഈ മട്ടിലുള്ള കേന്ദ്രീകരണത്തിനാണ്. കമാൻഡ് (comand) ഇക്കണോമിയിൽ നിന്ന് നിയന്ത്രിത (Control ) സമ്പദ്​വ്യവസ്​ഥയിലേക്കുള്ള പരിവർത്തനമാണിത്. അതിന്റെ ഭാഗമായി നവലിബറൽ ഘടന സൃഷ്ടിക്കുന്നത് ധനവത്കൃതമായ കർത്തൃത്വങ്ങളെയാണ്. മനുഷ്യരുടെ ജീവിത വ്യാപാരത്തിന്റെ വിവിധ തുറകളിലേക്ക് ധനവൽക്കരണത്തിന്റെ ഘടകങ്ങൾ അധിനിവേശിച്ചിരിക്കുന്ന അവസ്ഥയാണിത്. ഇത് പലതരത്തിലുള്ള ഫിനാൻഷ്യൽ ഫ്രോഡുകൾക്കും സാഹചര്യമൊരുക്കിയിട്ടുണ്ട്. ഡിജിറ്റൽവൽക്കരണം ഫിനാഷ്യൽ തട്ടിപ്പിന്റെ ഒരധോലോക വ്യവസ്ഥ തന്നെ സൃഷ്ടിച്ചിരിക്കുന്നു.

ബയോഫിനാൻഷ്യൽവൽക്കരണത്തിന്​ നിദാനമാകുന്ന വിധത്തിലാണ് ആരോഗ്യ ഡാറ്റ അടിസ്ഥാനമാകുന്ന ഐ.ഡി പ്രധാനമായി വരുന്നത്. കാരണം മെഡിക്കൽ ഇൻഷുറൻസ് മേഖലയ്ക്ക് ഏറെ പ്രധാനമാണ് ഈ ഡാറ്റ. ഉദാഹരണത്തിന് ഒരേ പ്രായത്തിലുള്ള വ്യക്തികൾക്ക് രണ്ടുതരത്തിലുള്ള ഇൻഷുറൻസ് സ്‌കീം വരുന്നത് അവരുടെ ആരോഗ്യ സ്ഥിതി അടിസ്ഥാനമാക്കിയാണ്. ജിമ്മിൽ പോകുന്നവർക്കും പോകാത്തവർക്കും വ്യത്യസ്​ത സ്‌കീമുകളായിരിക്കും ഉണ്ടായിരിക്കുക.

മറ്റൊരു പ്രധാന ഘടകം, റിസ്‌കിനെ അടിസ്ഥാനമാക്കിയാണ് ജീവിതത്തിന്റെ നിലനിൽപ് എന്നതാണ് ബയോ ഫിനാൻസ് കാണുന്നത്. നിങ്ങൾ എത്ര റിസ്‌ക് എടുക്കാൻ തയ്യാറാണ് എന്നടിസ്ഥാനത്തിലാണ് ഫിനാൻഷ്യൽ സ്‌കീം നിശ്ചയിക്കപ്പെടുക. ഭാവിയെ അടിസ്ഥാനമാക്കിയുള്ള റിസ്‌കാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. കൂടുതൽ റിസ്‌ക്​ പരിഗണിച്ചാണ് നിക്ഷേപമെങ്കിൽ കൂടുതൽ സമ്പാദ്യവും കരുതലുമാകുന്നു ഒരാളുടെ കൈമുതൽ. കുടുംബത്തിലെ സഹജീവികളോടുള്ള സ്‌നേഹം, കരുതൽ എന്നിവ അടിസ്ഥാനമാക്കുന്നത് റിസ്‌കുകളുടെ ഘടകങ്ങളെ എങ്ങനെയാണ് ധനവത്കരിച്ചു കാണാൻ പറ്റുന്നത് എന്നതിനെ ആശ്രയിച്ചാണ്. ഈ വ്യവസ്ഥയിലേക്ക് അണിചേരാൻ നിർബന്ധിതമായിരിക്കുകയാണ്. ആരോഗ്യമേഖലയുടെ സമ്പൂർണമായ സ്വാകാര്യവല്കരണമാണ് ആരോഗ്യ ഇൻഷുറൻസ് വ്യവസ്ഥയുടെ നിലനിൽപിന് ആധാരം.
ആദ്യം നോട്ട് നിരോധനവും, ഇപ്പോൾ മഹാമാരിയും കൂടിയായപ്പോൾ വേതനത്തിലെ സ്തംഭനാവസ്ഥ, പ്രത്യേകിച്ചും, അനൗപചാരിക മേഖലകളിൽ ജോലി ചെയ്യുന്നവരെ കടക്കണ്ണികളിൽ ഊരാൻ പറ്റാത്ത വിധം കൊരുത്തിരിക്കുകയാണ്. കട ബാധ്യതയിൽ നിന്ന് രക്ഷനേടുക എന്നത് കൂടുതൽ വായ്പകളെ ആശ്രയിക്കാൻ നിർബന്ധിതമാക്കും. ഔപചാരികമായ വായ്പ സംവിധാനത്തിൽ നിന്ന് ലഭിക്കാതെ വരുമ്പോൾ ഇതര സ്രോതസുകളെ ആശ്രയിക്കേണ്ടി വരും. ഇതര സ്രോതസുകളെ ആശ്രയിക്കുന്നതോടെ മിച്ചം വരുന്ന ആസ്തി പോലും കൈവിട്ടുപോകുന്ന അവസ്ഥയായിരിക്കും സൃഷ്ടിക്കുക. സ്വകാര്യ ബാങ്കുകൾ കുടുംബങ്ങൾക്ക് ചില വ്യവസ്ഥയിന്മേൽ കടം കൊടുത്തേക്കാം. വിഷമസന്ധിയിൽ സ്വകാര്യ ബാങ്കുകൾ നൽകുന്ന ഇത്തരം ‘വായ്പ' രീതികളെ ‘സ്വകര്യവൽക്കരിക്കപ്പെട്ട കെയ്നീഷ്യനിസം' എന്നും വിശേഷിപ്പിക്കുന്നുവെത്രെ. ഭരണകൂടത്തിന്റെ പിൻവാങ്ങൽ പ്രക്രിയയുടെ സംപൂർത്തീകരണമാണ് ദൈനംദിന ജീവിതത്തിന്റെ ധനവൽക്കരണം. ഇവിടെ, കടമാണ് സ്തംഭിച്ചുകൊണ്ടിരിക്കുകയോ താഴ്ന്നുകൊണ്ടിരിക്കുകയോ ചെയ്യുന്ന വേതനത്തിന് പകരമാവുന്നത്. ഗിഗ് ഇക്കോണമി വാസ്തവത്തിൽ കൂടുതൽ വ്യക്തികളെ അവരുടെ കോൺട്രാക്ട് വ്യവസ്ഥയിലേക്ക് കൊണ്ടുവരാനും ഇതൊരു അവസരമാക്കുന്നു. ഫിസിക്കൽ സമ്പദ്​വ്യവസ്​ഥ അർധമായെങ്കിലും നിലനിൽക്കുകയാണെങ്കിൽ ഈയൊരു ദൈനദിന ജീവിതത്തിന്റെ ധനവൽക്കരണം പൂർണമാവുകയോ വിജയിക്കുകയോ ചെയ്യില്ല. ധനവത്കരണത്തിന്​ അനിവാര്യമായത് വർദ്ധമാനമായ രീതിയിൽ ഡാറ്റ സംഭരിക്കുക എന്നതാണ്. ഡാറ്റയാണ് ഇതിനെ പ്രവർത്തനക്ഷമമാക്കുന്ന ഇന്ധനം. അതുകൊണ്ടു സമ്പൂർണ ഡിജിറ്റൽവൽക്കരണം നവമൂലധനവ്യവസ്ഥയുടെ തന്നെ നിലനിൽപിനാധാരമായ നാഡീവ്യൂഹമാകുന്നു.

Comments