പോകുക നിർത്താതെ, നിർത്താതെ

സ്ഥിരവാസരഹിതമായ ഗോത്രയാനങ്ങളുടെ മഹാപ്രലോഭനങ്ങൾ എല്ലാ അധികാരവ്യസസ്ഥകളെയും തുരങ്കംവെയ്ക്കുന്നതാണ്. സ്ഥായിലോകത്തിന്റെ കണികളിൽ നിന്ന് മനുഷ്യരെ മോചിപ്പിക്കുന്ന ഒന്നേയുള്ള, അത് മുന്നോട്ടുള്ള സഞ്ചാരങ്ങളാണ്. അതുകൊണ്ട്, സഞ്ചരിച്ചുകൊണ്ടിരിക്കുക...കോവിഡ് ലോക്ക്​ഡൗൺ എന്താണ് നഷ്ടമാക്കിയതെന്നതിനെക്കുറിച്ചു ദാർശനികമായ തിരിച്ചറിവ് നൽകുന്ന ഓൾഗ ടുക്കാർചുക്കിന്റെ 'ഫ്ളൈറ്റ്സ്' എന്ന നോവലിന്റെ വായന

കാലത്തെയും ജീവിതത്തെയും നിശ്ചലമാക്കിയാണ് കോവിഡ്​ വ്യാപനം. മാനുഷികമായ വ്യവഹാരങ്ങൾ ഒന്നൊന്നായി ചലനരഹിതമാവുകയും നിശ്ചേഷ്ടമാവുകയും ചെയ്തു. ആദ്യം തടയപ്പെട്ടത് മനുഷ്യരുടെ ആദിമവും അഗാധവുമായ സഞ്ചാരപ്രവണതയാണ്. ഒരിടത്ത് പാർത്ത് കൃഷി ചെയ്തു ജീവിക്കുന്നത്, മനുഷ്യരുടെ സാംസ്‌കാരിക ജീവിത്തത്തിലെ ഒരു ഘട്ടമായാണ് ചരിത്രത്തിൽ വ്യവഹരിക്കുന്നത്. സംസ്‌കാര നിർമിതിയെ സംബന്ധിച്ച പാർശ്വവീക്ഷണമാണ് അതിലുൾച്ചേർന്നിരിക്കുന്നത്. അടങ്ങിയൊതുങ്ങിയിരിക്കുന്ന ഉദാസീനമായ ഒരു ഘട്ടവും മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല. സംസ്‌കാരം തന്നെ മനുഷ്യകുലത്തിന്റെ ദീർഘസഞ്ചാരങ്ങളിൽ നിന്ന്, പ്രയാണങ്ങളിൽനിന്ന് രൂപപ്പെട്ടതാണ്. എന്നാൽ, കോവിഡ് പ്രതിരോധ മാർഗമെന്ന നിലയിൽ നമ്മൾ സ്വീകരിച്ച, കാലത്തിന്റെ നൈര്യന്തര്യത്തെ വിഘാതപ്പെടുന്നതും ജീവിതത്തിന്റെ അനുസ്യൂതികളെ ഭേദിക്കുന്നതുമായ അടച്ചുപൂട്ടിയിരിക്കുന്ന ഗൃഹസ്ഥാശ്രമ ജീവിതത്തിന്റെ വ്യവസ്ഥകളും ക്രമങ്ങളും മനുഷ്യരുടെ ആദിമപ്രേരണയായ സഞ്ചാരത്തെ തെല്ലൊന്നുമല്ല ബാധിച്ചത്, പ്രതിരോധമാർഗമെന്ന നിലയിൽ നമ്മൾ അത് സ്വീകരിക്കാൻ നിർബന്ധിതരാണെങ്കിലും. പക്ഷെ യാത്രയ്ക്കായുള്ള ഉൾപ്രേരണകളെ പൊതു ആവശ്യത്തെ മുൻനിർത്തി നാം പ്രതിരോധിച്ചു തന്നെ നിർത്തിയിരിക്കുകയാണ്. ക്ഷണികവും, മായികവും, അതീതവുമാണ് സഞ്ചാരനുഭവം. സമയം എന്നത് മറ്റൊന്നുമല്ല മാറ്റങ്ങളുടെ ഒരൊഴുക്ക് മാത്രമാണ്. സഞ്ചാരത്തിന്റെ

ഉറഞ്ഞുപോയ ഘടനയാണ് ദേശരാഷ്ട്രങ്ങളുടേത്. സമയത്തിന്റെ സഞ്ചാരത്തെപോലും അത് വ്യാജമാക്കുന്നു, എന്തിനെന്നാൽ എല്ലാം ആവർത്തനപരമാക്കുവാൻ, അങ്ങനെ ആവർത്തനങ്ങളിലൂടെ മനുഷ്യരെ കെണി വെച്ച് പിടിക്കാൻ കൂറ്റൻ യന്ത്രമൊരുക്കുന്നു

മനഃശാസ്ത്രത്തിൽ ദ്വീപ് എന്നത് സാമൂഹ്യവൽക്കരണത്തിനുമുമ്പുള്ള പ്രാകൃതാവസ്ഥയാണ്. ദ്വീപു രാഷ്ട്രങ്ങൾ അതിർത്തികൾക്കകത്തു മാത്രം നിലനിൽക്കുന്ന ഒന്നാണ്. പുറമേ നിന്നുള്ള ഒരു സ്വാധീനവും അതിനു സ്വീകാര്യമായിരിക്കില്ല. ആത്മരതിയുടെ അല്ലെങ്കിൽ ഓട്ടിസത്തിന്റെ അവസ്ഥയാണ് ഇതെന്ന് ഓൾഗ ടുക്കാർചുക്ക് ‘ദ്വീപിന്റെ മനഃശാസ്ത്രം’ എന്ന ഖണ്ഡികയിൽ നീരിക്ഷിക്കുന്നു. അടച്ചുപൂട്ടിയിരിക്കുന്ന ദേശരാഷ്ട്രം ആത്മനിർഭരം എന്നതിനേക്കാൾ ഈയൊരു അവസ്ഥയിലേക്ക് സങ്കോചിക്കുകയാണ്. സാമൂഹ്യകതയിൽ നിന്ന് പിൻവാങ്ങിയുള്ള വ്യക്തികളുടെ അടച്ചുപൂട്ടിയിരിപ്പ് ആർക്കെങ്കിലും ആത്മനിർവൃതിപരമാകുന്നുവെങ്കിൽ അത് ഏതാണ്ട് അടഞ്ഞ ദ്വീപിന്റെ മനോഗതിയെ പ്രതിഫലിപ്പിക്കുന്ന ഒന്നാകുന്നു. പകർച്ചവ്യാധി വ്യാപനകാലം മനസ്സിലാക്കുന്നതിൽ സഹായകമായി പലരും രേഖപ്പെടുത്തിയ നോവലുകളാണ് കാമുവിന്റെ ‘പ്‌ളേഗ്', മാർകേസിന്റെ ‘കോളറക്കാലത്തെ പ്രണയം', സരമാഗോയുടെ ‘ബ്ലൈൻഡ്‌നെസ്' എന്നിവ. ഇതുപോലെയല്ലെങ്കിലും മഹാമാരിയുടെ കാലം എന്താണ് നഷ്ടമാക്കിയതെന്നതിനെക്കുറിച്ചു ദാർശനികമായ തിരിച്ചറിവുകൾ നൽകുന്നതാണ് ഓൾഗ ടുക്കാർചുക്കിന്റെ ‘ഫ്ളൈറ്റ്സ്' നോവൽ.

തത്വചിന്താപരമായ ദീർഘയാത്രകൾ

2018ൽ ബുക്കർ സമ്മാനവും 2019ൽ നൊബേൽ സമ്മാനവും നേടിയ പോളിഷ് എഴുത്തുകാരി ഓൾഗ ടുക്കാർചുക്കിന്റെ നോവൽ ‘ഫ്‌ളൈറ്റ്‌സി’ന്റെ ആഖ്യാനത്തിന്റെ സവിശേഷത, വൈവിധ്യതയും ശ്ലഥഘടനയുമാണ്. ഫ്ളൈറ്റ്സിന്റെ വായന തത്വചിന്താപരമായ ദീർഘയാത്രയാണ്, അതും ലക്ഷ്യരഹിതവും പ്രത്യേകിച്ചൊരു ബന്ധവുമില്ലാത്ത പല ഇടങ്ങളിലും ചുറ്റിക്കറങ്ങി ആഖ്യാനത്തിന്റെ ആരംഭത്തിൽ പറഞ്ഞുനിർത്തിയ കഥയുടെ ബാക്കി കഷണത്തിലേക്ക് തിരിച്ചെത്തുന്നു. പോളിഷ് ഭാഷയിൽ നിന്ന് ജെന്നിഫർ ക്രോഫ്റ്റാണ് ഇംഗ്ലീഷിലേക്ക് ഈ കൃതി വിവർത്തനം ചെയ്തത്​.

നോവലിൽ, കഥയെന്ന് പ്രത്യേകം വിഭാഗീകരിച്ചു പറയാൻ ചില ആഖ്യാനഖണ്ഡികകളെയുള്ളൂ. ഇതര പ്രതിപാദനങ്ങളെല്ലാം സംസ്‌കാര ദർശനങ്ങൾ, ചരിത്രാനുഭവങ്ങൾ, മനുഷ്യവൈജ്ഞാനികതയെ യൂറോപ്യൻ പ്രബുദ്ധത സവിഷേമാംവിധം ക്രമപ്പെടുത്തിയെടുത്ത അനോട്ടമി, മ്യൂസിയം വിജ്ഞാനം എന്നിവയെ കുറിച്ചെല്ലാമാണ്. ഒപ്പം, അത്തരം പരീക്ഷണങ്ങളിൽ ഏർപ്പെട്ട പ്രതിഭാശാലികളെകുറിച്ചും. ഇന്റർനെറ്റ്, വിക്കിപീഡിയ... എന്തിന് നെറ്റ്‌വർക്ക് ഭരണകൂട മാതൃകയെക്കുറിച്ചുവരെ പ്രതിപാദിക്കുന്നുണ്ട്. നാമരഹിതയായ ആഖ്യാതാവിന്റെ അനുഭവ കുറിപ്പുകളും നീരിക്ഷണങ്ങളും അവർ മെനഞ്ഞെടുത്ത കഥകളും ശ്ലഥഖണ്ഡങ്ങളായി അവതരിപ്പിക്കുന്ന ആഖ്യാന രീതി. എഴുത്തുകാരി തന്നെയാണ് ആഖ്യാതാവ്.
തന്റെ ബാല്യകാലത്തെ ഓർത്തെടുക്കുകയാണ് ആഖ്യാതാവ്; തന്റെ മാതാപിതാക്കൾക്ക് ഉചിതമായി അനുഭവപ്പെട്ടപോലെ സ്ഥിരവാസ ജീവിതം

എന്റെ ഊർജം യാത്രകളിൽ നിന്നാണ് ഞാൻ കണ്ടെത്തുന്നത്- ബസുകളുടെ വിറയലുകളിൽ നിന്ന്, വിമാനത്തിന്റെയും തീവണ്ടിയുടെയും ചിനക്കങ്ങളിൽ നിന്ന്, കടത്തുവള്ളത്തിന്റെ ഇളക്കങ്ങളിൽ നിന്ന്

തനിക്ക് ഒട്ടും അഭികാമ്യമായി തോന്നിയില്ല എന്ന് അവർ പറയുന്നു. അവരുടെ ജനിതകമല്ല തന്റേത്. തലേന്നത്തെ ദിവസത്തിലേക്കുതന്നെ മടങ്ങി പോകുന്ന നിത്യപരിചിത ജീവിതത്തിന്റെ ബോറത്തരം സ്വന്തം ഫ്‌ളാറ്റിന്റെ മണം പറ്റി നിൽക്കുന്ന വസ്ത്രങ്ങൾ പോലെ മുഷിപ്പിക്കുന്നതാണ്. അത്തരമൊരു ജീവിതം തനിക്ക് ചേർന്നതല്ലെന്ന തിരിച്ചറിവാണ് അവരെ ഒരിടത്തു മാത്രം നിലനിന്ന് ആഴങ്ങളിലേക്ക് വേരാഴ്ത്താൻ വിമുഖയാക്കിയത്. ഒരിടത്ത് വേരാഴ്ത്തി ആ മണ്ണിൽ നിന്ന് അതിജീവിതത്തിന് പോഷകം ശേഖരിക്കുന്നതിലും അവർക്ക് താൽപര്യമില്ല. സഞ്ചാരം! സഞ്ചാരം -അത് മാത്രമാണ് തനിക്ക് ഊർജം പകരുന്നത്​. ആന്റി അന്റ്യുസ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ആന്റിക്സ് ഗ്രീക്ക് പുരാണ കഥാപാത്രമാണ്. മണ്ണിനോട് എത്ര ചേർന്നിരിക്കുന്നുവോ അത്രയും ശക്തി അയാൾക്ക് സംഭരിച്ചു നിർത്താനാകുമെത്രെ. പക്ഷെ ഓൾഗയുടെ ആഖ്യാതാവ് അതിനു നേരെ വിപരീതമാണ്: ‘എന്റെ ഊർജം യാത്രകളിൽ നിന്നാണ് കണ്ടെത്തുന്നത്- ബസുകളുടെ വിറയലുകളിൽ നിന്ന്, വിമാനത്തിന്റെയും തീവണ്ടിയുടെയും ചിനക്കങ്ങളിൽ നിന്ന്, കടത്തുവള്ളത്തിന്റെ ഇളക്കങ്ങളിൽ നിന്ന്'.
നോവലിൽ ഒരിടത്ത് എഴുത്തുകാരി ആഖ്യാതാവ് താനൊരു ശൃംഖല ഭരണവ്യവസ്ഥയുള്ള (citizen of network state) ലോകത്തിന്റെ പ്രതിനിധിയാണെന്നു പറയുന്നുണ്ട്. ദേശ -രാഷ്ട്ര പൗരത്വമല്ല അത്തരമൊരു അവ്യവസ്ഥിത വ്യവസ്ഥയിലെ വ്യക്തികർതൃത്വത്തെ നിർണയിക്കുന്നത്. വിക്കിപീഡിയ പോലുള്ള അറിവുകളുടെ സമാഹൃതരൂപത്തെ ശ്ലാഘിക്കുന്നുണ്ട്. ഏകരചയിതാവിൽ അറിവ് രൂഢമൂലമാകുന്നതിനുപകരം പലരാലും സമാഹൃതമാവുകയും നിരന്തരം നവീകരിക്കപ്പെടുകയും ചെയ്യുന്ന ഒരറിവ് എന്ന നിലയിലാകണം വിക്കിപീഡിയ മൊബൈൽ ലോകത്തിനു പ്രിയങ്കരമാകുന്നത്. വായന കഴിഞ്ഞതിനു ശേഷം മറ്റൊരാൾക്കായി ഉപേക്ഷിച്ചു പോകാവുന്ന പേപ്പർ ബാക്ക് പുസ്തകത്തിന്റെ സഞ്ചാര സൗകര്യത്തെപ്പറ്റിയും ഓൾഗ ടുകാർചുക്ക് പറയുന്നു.

ആന്തരികതയിലേക്കുള്ള സഞ്ചാരം

നോവലിന്റെ ഏകകേന്ദ്രിമല്ലാത്ത ആഖ്യാന രീതിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ‘എന്റെ എഴുത്തിൽ, ജീവിതം അപൂർണങ്ങളായ കഥകളാകുന്നു, സ്വപ്‌നതുല്യമായ ഇതിവൃത്തങ്ങൾ, ഒറ്റപ്പെട്ടതായ അപസ്ഥലികളിൽ നിന്നുള്ള വിശാലദൃശ്യമെന്നോണം വിദൂരത്തുനിന്നത് കാഴ്ചയൊരുക്കുന്നു, അഥവാ ഒരു പരിച്ഛേദമെന്ന പോലെ. ഒരിക്കലും ഒരു സാകല്യം കൈവരാത്തതിനാൽ അന്തിമമായ ഒരർത്ഥം അസാധ്യമായിരിക്കും ചെയ്യും.'
കഥകളും വൃത്താന്തങ്ങളും യഥാത്ഥ സന്ദർഭവിവരണങ്ങളുമായി ശ്ലഥഖണ്ഡങ്ങളിലൂടെ നീങ്ങുന്ന ആഖ്യാനത്തിലെ ആദ്യത്തെ ഒരു കഥ തന്നെ നോക്കുക. കുനിച്കിയുടെ (Kunicki) നെഞ്ചിടിപ്പുകൾ വർധിപ്പിച്ചുകൊണ്ട് തന്റെ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യയെയും കുഞ്ഞിനേയും പൊടുന്നനെ കാണാതാവുകയാണ്. ഒരു യാത്രയിലാണ് അത് സംഭവിക്കുന്നത്. കാറിന്റെ പിറകിൽ നിന്ന് ഭാര്യയും കുഞ്ഞും ഇറങ്ങിപ്പോകുന്നു. അവർ പിന്നെ അപ്രത്യക്ഷരാവുന്നു. കുനിച്കിയും സുഹൃത്തും അവരെ നഷ്ടപ്പെട്ട

ഗതി, ചലനം; ഒരിടത്തു മാത്രം ഉറച്ചു പോകുന്നതിനെതിരെ ബാഹ്യമായും ആന്തരികമായും പ്രവർത്തിക്കുന്ന ഊർജമാണ്

വനപ്രകൃതമുള്ള പ്രദേശത്ത് അവരെ തേടി അലയുകയാണ്. ചതുപ്പിലും പുഴയുടെ തീരത്തും അവരെ അന്വേഷിക്കുന്നു. ആ പ്രദേശത്തുകാരോട് തിരക്കുന്നു. പിന്നീട് വിസ് നഗരത്തിലേക്ക് അന്വേഷിക്കാൻ പോകുകയാണ്. അവിടെ വെച്ച് കടത്തുവഞ്ചിക്ക് ടിക്കറ്റ് വിൽക്കുന്ന ആൾ പറയുന്നു: ആ ചെറുവിസ്മൃതി മാത്രമുള്ള പ്രദേശത്ത് ആരും അങ്ങനെ നഷ്ടപ്പെടില്ല എന്ന്. അത് അയാളെ കൂടുതൽ പരിഭ്രാന്തനാക്കുന്നു. കുനിച്കിയുടെ അന്വേഷണം അവിടെ തീരുകയാണ്. പിന്നീട് പല ഖണ്ഡങ്ങളിലൂടെ പോയതിനുശേഷം ഏതാണ്ട് നോവലിന്റെ ഒടുവിൽ കുനിച്കി വീണ്ടും കടന്നുവരുന്നുണ്ട്. അപ്പോഴേക്കും ഭാര്യയും മകനും തിരിച്ചെത്തിയിരിക്കുന്നു. പക്ഷെ അവർ അപ്രത്യക്ഷരായ മൂന്ന് ദിവസത്തെ ക്കുറിച്ചുള്ള ഭാര്യയുടെ വിശദീകരണം, അവർ വിസിൽ തന്നെയുണ്ടായിരുന്നു എന്നാണ്. പക്ഷെ അത് അയാൾക്ക് ഉൾക്കൊള്ളാൻ ആകുന്നില്ല. മനസ്സ് കൂടുതൽ കലുഷമാവുകയാണ്. സംശയങ്ങൾ അയാളെ ഗ്രസിച്ചിരിക്കുന്നു. അയാൾക്ക് സംതൃപ്തമായ ഉത്തരത്തിന് ഭാര്യയെ നിർബന്ധിക്കുന്നു, അത് അവരുടെ ബന്ധത്തിൽ അസ്വാസ്ഥ്യതകൾ തീർക്കുന്നു. മകനിൽ നിന്ന് കാണാതായ മൂന്ന് ദിവസത്തെ വിവരമെന്തെങ്കിലും ലഭിക്കുമോ എന്ന് കരുതി ഒരു ശിശു മനഃശാസ്ത്രജ്ഞയെ കുട്ടിയുമായി സമീപിക്കുന്നു. അവർ മകനുമായി സംസാരിച്ചശേഷം അയാളെ ഉപദേശിക്കുന്നത്, മകൻ മിടുക്കനാണെന്നും അനാവശ്യമായി അയാൾ വേവലാതിപ്പെടരുത് എന്നുമാണ്. എന്തായാലും അതൊന്നും അയാളുടെ ആകാംഷകൾക്കുള്ള പരിഹാരമാകുന്നില്ല. അയാൾ ഭാര്യയെ പിന്തുടരുകയാണ്. ഒടുവിൽ യാഥാർത്ഥത്തിൽ അവർ തനിക്ക് നഷ്ടമാകുംവരേക്ക് കുനിച്കിയുടെ ആകാംഷ അവസാനിക്കുന്നില്ല. കുനിച്ക്കിക്ക് പ്രഹേളികയായി അവശേഷിക്കുന്നത് ഭാര്യയുടെ ബാഗിൽ കണ്ടൊരു ഗ്രീക്ക് വാക്കാണ്: കൈറോസ്. കൈറോസിന്റെ ഡിക്ഷണറി അർത്ഥം കുനിച്ക്കി തിരഞ്ഞു കണ്ടെത്തുന്നുണ്ട്. പക്ഷെ, കൈറോസിന്റെ ദാർശനിക തലം വ്യക്തമാകുന്നത് ആ പേരിൽ തന്നെയുള്ള മറ്റൊരു ഖണ്ഡികയിലാണ്: എൺപത്തിയൊന്നു വയസ്സായ ​പ്രഫസറിന്റെയും അയാൾ രണ്ടാമത് വിവാഹം കഴിച്ച തന്നേക്കാൾ ഇരുപതുവയസ്സിന് എളുപ്പമായ ഭാര്യയുടേയും കഥയാണ് ഇത് . കാരൻ എന്നാണ് പ്രഫസറുടെ ഭാര്യയുടെ പേര്. അവരിലൂടെയാണ് കഥ പറയുന്നത്. പോസിഡോൺ എന്ന സഞ്ചാരകപ്പലിൽ ഗ്രീക്ക് പുരാണത്തിൽ നിന്നുള്ള അറിവുകൾ യാത്രക്കാർക്ക് പകർന്നു നൽകുകയാണ് പ്രഫസർ ഏറ്റെടുത്ത പണി. അതിലൊരിടത്ത്​ ഗതിയെ (movement) ക്കുറിച്ചു പറയുന്നുണ്ട്. ഗതി, ചലനം; ഒരിടത്തു മാത്രം ഉറച്ചു പോകുന്നതിനെതിരെ ബാഹ്യമായും

സമകാലിക ലോകത്തിന്റെ അനുഭവസീമകളെ വിസ്തൃതമാക്കുന്ന പ്രയാണ പ്രിയത അജൈവികതയുടെ ലോകത്തിൽ ഒരുവേള വേറിട്ടിരിക്കുന്നു

ആന്തരികമായും പ്രവർത്തിക്കുന്ന ഊർജമാണ്. മനുഷ്യർക്ക് ഏറ്റവും അഭേദ്യമായതും. സെനോവിന്റെ ആമയെ പോലെ നമ്മൾ ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് പോവുകയല്ല എന്ന് നോവലിൽ വിശദീകരിക്കുന്നുണ്ട്, നമ്മൾ ആകസ്മികമായോ അല്ലെങ്കിൽ എന്തെങ്കിലും നിമിത്തത്തിന്റെ പ്രേരണയാലോ തിരഞ്ഞെടുത്ത ഗതിയും പ്രയാണവും യാത്രയും ആന്തരികതയിലേക്കുള്ള സഞ്ചാരം കൂടിയാണ്. അതിന് അന്ത്യവുമില്ല, ലക്ഷ്യസ്ഥാനവുമില്ല. കാലത്തെ ക്കുറിച്ചു മാത്രമല്ല സഥലത്തെക്കുറിച്ചും ഇത് ശരിയാകുന്നു. ഒന്നും ഒരിടത്ത് അല്ലെങ്കിൽ ഒരു ദിവസത്തിന്റെ കാലപരിസരത്തു ഉറച്ചിരിക്കുന്നില്ല. കാലത്തിന്റെ, സ്ഥലത്തിന്റെ ഒരു ഇടകലർപ്പിൽ തുറന്നു കിട്ടുന്ന എന്തോ- അതൊരിക്കലും ആവർത്തിക്കപ്പെടുന്നുമില്ല.

എയർപോർട്ട് ഒരു നഗര -രാഷ്ട്രം

എയർപോർട്ടുകളും റെയിൽവേ സ്റ്റേഷനകളും ഫെറികളും സഞ്ചാരവഴികളിലെ ഇടങ്ങൾ മാത്രമല്ല, നരവംശ ഇടനാഴികളാണ്- സംസ്‌കാരങ്ങളുടെ നവീകരണവും പുനർക്രമീകരണവും വഴി ജീവിതപ്രവാഹത്തെ, അതിന്റെ അനുസ്യുതിയെ ഉറപ്പുവരുത്തുന്നു ഈ ഇടങ്ങൾ. അവിടങ്ങളിൽ പ്രകടമാകുന്ന മനുഷ്യരുടെ ഒഴുക്ക്, ദ്രാവകത, ചലനാത്മകത- നരവംശത്തെ യഥാർത്ഥത്തിൽ നാഗരികമാക്കുന്നു എന്ന് ഓൾഗ ടുക്കാർചുക്ക് പറയുന്നുണ്ട്. ബർബറന്മാർ, അനാഗരികർ -സഞ്ചാര വിരോധികളാണ് എന്ന് ഓൾഗ കൂട്ടിച്ചേർക്കുന്നു. അവർ എപ്പോഴെങ്കിലും യാത്രയ്ക്ക് ഒരു​മ്പെട്ടിട്ടുണ്ടുണ്ടെങ്കിൽ അത് കൊള്ളയടിക്കാനോ ഇതര സംസ്‌കാരങ്ങൾ നാശോന്മുഖമാക്കാനോ മാത്രമാണ്. വിമാനത്താവളത്തെക്കുറിച്ചു തന്നെ ചെറിയൊരു ഖണ്ഡം നോവലിലുണ്ട്. എയർപോർട്ട് എങ്ങനെ പുത്തനാമൊരു വ്യവസ്ഥയായി എന്ന് വിശദീകരിച്ചശേഷം ഇങ്ങനെയാണ് നീരിക്ഷിക്കുന്നത്: ‘ഒരു യാത്രാ ഹബ്ബ് മാത്രമല്ല എയർപോർട്ട്, അതിനേക്കാൾ അപ്പുറം മറ്റൊന്നായിരിക്കുന്നു. എയർപോർട്ട് ഒരു പ്രത്യേക ഗണത്തിൽപ്പെടുന്ന നഗര -രാഷ്ട്രമാകുന്നു (സിറ്റി -സ്റ്റേറ്റ്). ഒഴുകുന്ന പൗരന്മാരാൽ നിബിഡമായതും സവിശേഷമായ ഇടമുള്ളതുമായ ഒരു വ്യവസ്ഥ. എയർപോർട്ട് റിപ്പബ്‌ളിക്കുകൾ എന്ന് വിളിക്കാം. ലോക എയർപോർട്ട് യൂണിയനിലെ അംഗമാണ് ഓരോന്നും. ഇപ്പോൾ യു. എൻ അതിനെ അംഗീകരിച്ചിട്ടില്ലെങ്കിലും, വരുംകാലത്തിൽ അങ്ങനെയൊന്ന് സംഭവിക്കുമെന്ന് ആഖ്യാതാവ് പ്രത്യാശിക്കുന്നു.
അതേസമയം സഞ്ചാരസഹായികളായ ഗൈഡ് പുസ്തകങ്ങളെ നിശിതമായി വിമർശിക്കുന്നുണ്ട്. സഞ്ചാര സാഹിത്യത്തിന്റെ തന്റെ സവിശേഷ പ്രശ്‌നമാണ് അത്. അനുഭവേദ്യമായതിനെയൊക്കെ സാകല്യ പൂർണമായി വിശദീകരിച്ചു മുഷിപ്പിക്കാനുള്ള ത്വര. അത്തരം വിശദീകരണത്തിലൂടെ നഷ്ടപ്പെടുന്നത് സ്ഥലങ്ങളുടെ അനുഭവങ്ങളുടെ അവ്യവസ്ഥയുടേതായ സൗന്ദര്യമാണ്. ‘സഞ്ചാര കൈപുസ്തക സാഹിത്യം- ഒരു യഥാർത്ഥ ബാധയായി മാറിയിരിക്കുന്നു, ഒരു പകർച്ച വ്യാധി -അത് ഒരുപാട് കേടുപാടുണ്ടാക്കിയിരിക്കുന്നു'. ഓൾഗയെ സംബന്ധിച്ച്, സഞ്ചാര കൈപുസ്തകങ്ങളുടെ ഭീകര സത്യമിതാണ്: വിശദീകരിക്കുക എന്നതിന്നർത്ഥം നശിപ്പിക്കുക എന്നതാണ്. ഒരു വേള യഥാത്ഥവും വിശദീകരണക്ഷമവുമായ ഏതൊരു

ഒരു യാത്രാ ഹബ്ബ് മാത്രമല്ല എയർപോർട്ട്, അതിനേക്കാൾ അപ്പുറം മറ്റൊന്നായിരിക്കുന്നു. എയർപോർട്ട് ഒരു പ്രത്യേക ഗണത്തിൽപ്പെടുന്ന നഗര -രാഷ്ട്രമാകുന്നു

ആഖ്യാനത്തിനും ഇത് ബാധകമാണ്. നോവലിന്റെ ശ്ലഥരൂപം തന്നെ ഇത്തരത്തിലുള്ള വിശദീകരണപ്രവണതയെ നിരാകരിക്കുന്നതാണ്.
നോവലിൽ പറഞ്ഞ കഥകളിലൊക്കെ സഞ്ചാരമെന്ന ആദിമ തൃഷ്ണ അന്തർഹിതമാണ്. കുനിച്കിയുടെ കഥയ്ക്ക് ശേഷം വരുന്ന മറ്റൊരു കഥാഖണ്ഡം എറിക് എന്ന കപ്പൽ ജോലിക്കാരനെക്കുറിച്ചാണ്. പക്ഷെ ജീവിത നാടകത്തിന്റെ അവിചാരിത മുഹൂർത്തങ്ങൾ അയാളെ ഓരോ നിലയ്ക്കും ബന്ദിയാക്കുന്നു- കുടുംബസ്ഥനായും, ഒരിക്കൽ നന്നേ ചെറിയൊരു കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെട്ടും. ജയിലിൽ വെച്ച് അയാൾ ഇംഗ്ലീഷ് വശമാക്കി മെൽവില്ലിയുടെ ലോക ക്ലാസ്സിക്കായ മോബിഡിക്ക് മനഃപഠമാക്കുന്നു. ഒടുവിൽ സ്വതന്ത്രനായ അയാൾക്ക് ഒരു ഫെറിയുടെ ഉത്തരവാദിത്തം ലഭിക്കുന്നു. അപ്പോഴും ഒടുങ്ങാത്ത വിധം ദൂരയാത്രകൾ അയാളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു, ഒരു ദിവസം ഫെറിയുമായി അതിലെ സ്ഥിരം യാത്രക്കാരെയും കൂട്ടി ഒരിക്കലും തിരിച്ചുവരാൻ പറ്റാത്ത വിധത്തിൽ എറിക് കൊണ്ടുപോകുന്നു. ചെന്നുപറ്റേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണകളെ ലംഘിച്ച് ആഴക്കടലിലേക്ക്..., അജ്ഞാതമേതോ ഇടത്തിലേക്കുള്ള യാത്ര. നോവലിലെ മറ്റൊരു അധ്യായത്തിൽ ഗോഡ്സോണിൽ നിന്ന് തന്റെ ചെറുപ്പകാലത്തെ കാമുകനെ അന്വേഷിച്ചു പോകുന്ന സ്ത്രീയും സഞ്ചാരത്തിന്റെ അവ്യവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ട്. മരണാസന്നനായ കാമുകനെ കാണുകയും, കൂടുതൽ ഇഴചേർന്നു നിൽക്കാതെ അവർ അവിടെ നിന്നും വീണ്ടും യാത്രയാകുന്നു.

മമ്മിഫിക്കേഷന്റെ വംശീയ രാഷ്ട്രീയം

നോവലിൽ പ്രതികഥനങ്ങൾ അധികവും കേന്ദ്രികരിച്ചിരിക്കുന്നത് നശ്വരതയെ ഭേദിക്കാൻ നരവംശം അവലംബിച്ച ആധുനിക അനോട്ടമിയുടേയും മമ്മിഫിക്കേഷന്റെയും പ്ലാസ്റ്റിനേഷന്റെയും ശാസ്ത്രം വിശദീകരിക്കാനാണ്. ഡോ. ബ്ലാവുവിന്റെ യാത്രകൾ അത്തരമൊരു വിജ്ഞാനീയത്തിന്റെ ഉള്ളറിവിലേക്ക് കടന്നുപോകുന്നതാണ്. ബ്ലാവുവിന് സ്വന്തമായി പ്ലാസ്റ്റിനേഷൻ നിർവഹിച്ച ശരീരകോശങ്ങളുടെ വലിയൊരു കളക്ഷൻ തന്നെയുണ്ട്. ബ്ലാവു അസാധാരണ വ്യക്തിത്വമാണ്. തന്റെ ശിഷ്യകളുടെ യോനികളുടെ ചിത്രങ്ങൾ പകർത്താൻ അവരെ പ്രേരിപ്പിക്കുന്നു.
മമ്മിഫിക്കേഷന്റെ വംശീയ രാഷ്ട്രീയവും ഓൾഗ പ്രതിപാദിക്കുന്നുണ്ട്. ഓസ്ട്രിയൻ ചക്രവർത്തി ആദ്യം അടിമയും പിന്നെ തന്റെ അനുചരനുമായിരുന്ന കറുത്ത വംശജനായ അന്‌ജെലോ സോളിമനെ മരണാനന്തരം സ്റ്റഫ് ചെയ്യുന്നു. ഒരു പുൽകഷ്ണം മാത്രം ധരിപ്പിച്ച് ആ ശരീരത്തെ രാജാവിന്റെ അതിഥകൾക്ക് മുമ്പാകെ പ്രദർശിപ്പിക്കുകയാണ്. ഇതിൽ പ്രതിനിഷേധമുയർത്തി അന്‌ജെലോ സോളിമന് ശരിയായ രീതിയിലുള്ള ക്രൈസ്തവ ആചാര പ്രകാരം ശവസംസ്‌കാരം അഭ്യർത്ഥിച്ചുകൊണ്ട് ചക്രവർത്തിക്കു സോളിമന്റെ മകൾ ജോസഫൈൻ സോളിമൻ അയയ്ക്കുന്ന കത്താണ് മറ്റൊരു അധ്യായം. അന്‌ജെലോ സോളിമൻ നിസ്സാരക്കാരനായിരുന്നില്ല. പാശ്ചാത്യ സംഗീത ചക്രവർത്തി മോസർട്ടിന്റെ അടുത്ത സുഹൃത്തായിരുന്നു. വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയാണ് അന്‌ജെലോ സോളിമൻ. ചക്രവർത്തിയ്ക്കുള്ള ജോസഫൈനിന്റെ അഭ്യർത്ഥനയിൽ ഇമ്മാനുവേൽ കാന്റിന്റെ പ്രബുദ്ധത ദർശനത്തെ

ഓസ്ട്രിയൻ ചക്രവർത്തി ആദ്യം അടിമയും പിന്നെ തന്റെ അനുചരനുമായിരുന്ന കറുത്ത വംശജനായ അന്‌ജെലോ സോളിമനെ മരണാനന്തരം സ്റ്റഫ് ചെയ്യുന്നു. ഒരു പുൽകഷ്ണം മാത്രം ധരിപ്പിച്ച് ആ ശരീരത്തെ രാജാവിന്റെ അതിഥകൾക്ക് മുമ്പാകെ പ്രദർശിപ്പിക്കുകയാണ്

അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഒരു വാദഗതി മുന്നോട്ട് വെക്കുന്നുണ്ട്. ഒരു വേള യൂറോപ്പ് സ്വായത്തമാക്കുകയൂം എന്നാൽ യൂറോപ്പേതര മനുഷ്യർക്ക് നിഷേധിക്കുകയൂം ചെയ്ത പ്രബുദ്ധയുടെ വിമർശനവുമാകുന്നു അത്. യുക്തിയുടെ പ്രഭാവകാലത്തു ജനിച്ചത്തിലുള്ള മഹാഭാഗ്യത്തെപ്പറ്റി പറഞ്ഞതിനു ശേഷം അന്ധവിശ്വാസങ്ങൾക്കും അനീതിക്കുമെതിരെ യുക്തിയുടെ പ്രഭാവം തന്റെ പിതാവായ അന്‌ജെലോ സോളിമനെ എത്രമാത്രം സ്വാധീനിച്ചെന്ന് വിശദമാക്കുന്നു. ചക്രവർത്തിയുടെ തന്നെ അമ്മാവൻ അയച്ച സോളിമന് അയച്ച ഒരു കത്തിൽ, മനുഷ്യർ ജനനാലെ തന്നെ തുല്യരാണ് എന്നും ബോധിപ്പിച്ചിരിക്കുന്നത് ചക്രവർത്തിയെ ഓർമിപ്പിക്കുന്നു. ചക്രവർത്തി സ്വന്തം പിതാവിന്റെ മൃതശരീരം മടക്കിത്തരണമെന്ന് അഭ്യർത്ഥിക്കുകയാണ്. യൂറോപ്പിന്റെ വംശീയ ചരിത്രത്തെക്കുറിച്ചുള്ള നിശിതമായ ഒരു കാഴ്ചപ്പാട് ശരീരത്തിന്റെ മമ്മിഫിക്കേഷനുമായി ബന്ധപ്പെടുത്തി നോവലിൽ ആവിഷ്‌കൃതമാകുന്നു.

കീറിമുറിക്കാൻ സ്വശരീരങ്ങൾ

യൂറോപ്പിലെ പ്രബുദ്ധതത ശാസ്ത്രീയ അന്വേഷണങ്ങൾക്ക് വലിയ കുതിപ്പ് നൽകി. മനുഷ്യ ശരീരത്തെ സംബന്ധിച്ച ആഴത്തിലുള്ള ജ്ഞാനസമ്പാദനത്തിന് സ്വശരീരങ്ങൾ കീറിമുറിച്ചു പരിശോധിക്കാനുള്ള- തത്വചിന്താപരമായി പറഞ്ഞാൽ ഒരു എംപിരിസിസ്‌റ്റ്​ ത്വര എന്ന നിലയിൽ ഭൗതികവാദത്തിന് മേൽക്കൈ ലഭിക്കുകയായിരുന്നു; പതിനാറ്, പതിനേഴു നൂറ്റാണ്ടുകളിൽ. സ്പിനോസയാണ് ഈ കാലഘട്ടത്തിലെ പ്രധാന ചിന്തകൻ. കലയും ശാസ്ത്രവും പ്രബുദ്ധത പ്രേരിപ്പിച്ച അന്വേഷണങ്ങളാൽ മുദ്രിതമായി. ഓൾഗയുടെ നോവലിലെ ഫിലിപ് വർഹെയെൻ എന്ന ശസ്ത്രക്രിയാക്കാരൻ ഇതിന്റെ പ്രതിനിധിയാണ്. ഫിലിപ് വർഹെയെനെക്കുറിച്ച് ശിഷ്യനായ വാൻ ഹോർസ്സന്റെ ഓർമ എന്ന നിലയിലാണ് നോവലിലെ ഒരു അധ്യായം. സ്വന്തം കാല് മുറിച്ചുമാറ്റി വസ്തുനിഷ്ഠപഠനത്തിന് ഉപയോഗിക്കുന്നു ഫിലിപ് വർഹെയെൻ. മനുഷ്യരെ ഒരാകൃതിയായോ സമനിലപ്പായോ ശരീരമെന്ന നിലയ്ക്കോ കാണണമെന്നായിരുന്നു സ്പിനോസ നിർദേശിച്ചത്, സ്പിനോസയുടെ പഠിപ്പിക്കലുകൾ ഒടുവിൽ പ്രത്യക്ഷത്തിൽ തന്നെ വിലക്കപ്പെടുന്നവരെ, വലിയ ആവേശത്തോടെയാണ് അന്ന് അത് ശാസ്ത്രാന്വേഷകർ ഉൾക്കൊണ്ടിരുന്നത്, അതിന്റെ ഒരാവിഷ്‌ക്കാരം കൂടിയായിരുന്നു ഫിലിപ് വർഹെയെന്റെ അനോട്ടമി.
ഓൾഗ ടുക്കാർ ചുക്ക് ഈ നോവലിൽ അവതരിപ്പിക്കുന്ന അനാട്ടമി, നശ്വരമായ ശരീരത്തിന്റെ അജൈവികമായ തുടർജീവിതം പരീക്ഷണവസ്തു എന്ന നിലയിലോ കാഴ്ചവസ്തുവായോ ആണ്. സമകാലിക ലോകത്തിന്റെ അനുഭവസീമകളെ വിസ്തൃതമാക്കുന്ന പ്രയാണപ്രിയത അജൈവികതയുടെ ലോകത്തിൽ ഒരുവേള വേറിട്ടിരിക്കുന്നു എന്നാണ് അനുഭവപ്പെടുന്നത്. മുറിച്ചുമാറ്റിയ തന്റെ കാലിന്റെ ഭാഗത്ത് ഒരു പ്രേതസ്പർശം വർഹെയെൻ അനുഭവിക്കുന്നു. നമ്മുടെ കാലത്തെ ഏറ്റവും വലിയ ന്യൂറോശാസ്ത്രജ്ഞനായ വി. എസ്. രാമചന്ദ്രൻ വിശദീകരിച്ച ഫാന്റം ലിംബിന്റെ അനുഭവപ്പെടലാണിത്. മുറിച്ചു മാറ്റപ്പെട്ടിട്ടും ചേതനയറ്റു പോകാതെ ജീവശരീരം വേദനയിലൂടെ അനുഭവസ്ഥമാക്കുന്നത് ശരീരത്തിന്റെയും ആത്മാവിന്റെയും പരസ്പരാശ്രിതമായ സമ്പർക്കത്തെക്കുറിച്ചാണോ എന്ന് വെർഹെയ്ൻ സ്വയം സംശയം ഉന്നയിക്കുന്നു.

ഗോത്രയാനങ്ങളുടെ മഹാപ്രലോഭനങ്ങൾ

നോവലിൽ യാത്രാ മനഃശാസ്ത്രത്തെക്കുറിച്ചുള്ള വിവരണങ്ങൾ കൗതുകകരമാണ്. എയർപോർട്ടിൽ വെച്ചാണ് ഒരു ചെറുപറ്റം സ്‌പെഷ്യലിസ്റ്റുകൾ സഞ്ചാരികൾക്ക് യാത്രയുടെ മനഃശാസ്ത്രം വിശദീകരിച്ചു നൽകുന്നത്. അതിന്റെ മൂല തത്വം കോൺസ്റ്റലേഷനാലിറ്റിയാണ് (constellationality)- അനുഭവങ്ങളുടെ ചേർന്നിരിപ്പിൽ നിന്നുണ്ടാവുന്ന

സ്ഥായിഘടനയിൽ ഉറഞ്ഞുപോയ ഭരണകൂടത്തിന് ഏറ്റവും വേവലാതി നാടോടി ജീവിതം നയിക്കുന്നവരെയാണ്

സൗന്ദര്യാത്മകത. അനുഭവത്തെ ഒരേ നിരയിൽ ഘടിപ്പിക്കപ്പെട്ടിട്ടുള്ള സവിശേഷ യാഥാർഥ്യങ്ങളുടെ ശ്രേണികളായി കാണുന്നതിൽ നിന്ന് തീർത്തും വ്യതിരിക്തമാണ് ഇത്. അടഞ്ഞിരിക്കുന്ന ലോകത്തിന്റെ മാതൃകയാണ് നിരയൊപ്പിച്ചുള്ള സീമാബദ്ധവും ശ്രേണിബദ്ധവുമായ ലോകം. എന്തിന് പറയുന്നു, സാധാരണ വായനാനുഭവത്തെ പോലും അത്തരത്തിലാണ് ക്രമീകരിക്കുന്നത്. ഒരു സ്വേച്ഛഘടനയിലേക്ക്​ അനുഭവത്തെയും ചിന്തയെയും പരേഡിൽ എന്ന പോലെ അണിനിരത്തുന്ന സൈനിക രീതി, അങ്ങനെ അനക്കമറ്റ ശരീരങ്ങൾ. ‘ഫ്ളൈറ്റ്സ്’ ഇതിൽ നിന്ന് ഭിന്നമായ സഞ്ചാരത്തിന്റെ, മുന്നോട്ടുള്ള ഗതിയുടെ പാതയാണ് സ്വീകരിക്കുന്നത്.
റൂയിഷിന്റെ സസ്യശാത്ര സ്‌പെസിമെനുകളുടെ വലിയൊരു ശേഖരവും നോവലിൽ കടന്നുവരുന്നുണ്ട്. റുയിഷിനേക്കാളും പ്രാധ്യാനത്തോടെ അവതരിപ്പിക്കുന്നത് പുരുഷനായി വേഷം മാറി ബാറ്വിയയിലേക്ക് കപ്പൽ കയറാനുള്ള മകൾ ഷാരോലറ്റായുടെ ഉദ്യമമാണ്. അജ്ഞാതത്വത്തിന്റെ വിളികൾ, ഓൾഗയുടെ കഥാപാത്രങ്ങളെ, അവിചാരിത തിരുമാനങ്ങളിലേക്ക് നയിക്കുന്നു. ഷാരോലേറ്റാ പുരുഷനായി രൂപാന്തരപ്രാപ്തി നേടി അന്യനാടുകളിലേക്ക് പോകാൻ വെമ്പൽകൊള്ളുന്ന വേളയിൽ സ്വയം പറയുന്നുണ്ട്; സമയം കാരുണ്യത്തോടെ സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം നിഷ്‌ക്കാസനം ചെയ്യുന്നുവെന്ന്.
രൂപാന്തരം തേടുന്ന കഥാപാത്രങ്ങൾ ഇനിയുമുണ്ട് നോവലിൽ. ഫ്ളൈറ്റ്സ് എന്ന ഖണ്ഡത്തിൽ അനുഷ്‌ക തന്റെ ഫ്‌ളാറ്റിലെ വാസം വിട്ടിറങ്ങുകയാണ്. അസുഖക്കാരനായ മകൻ പെറ്റിയെയും ഭർതൃമാതാവിനെയും നിസ്സംഗനായ ഭർത്താവിനെയും വിട്ട് ദൂരെ സ്റ്റേഷനിൽ യാചകയെ പോലെ അലയുകയാണ്. മറ്റൊരു യാചകയായ സ്ത്രീയെയും അനുഷ്‌കയ്ക്ക് കൂട്ടിനു ലഭിക്കുന്നു. സ്വാതന്ത്ര്യമാണ് അനുഷ്‌ക ആരായുന്നത്. ഒടുവിൽ അലഞ്ഞു നടക്കുന്നവരെ പോലീസ് തടഞ്ഞു വെയ്ക്കുന്നു, അവരെ മറ്റൊരിടത്തേക്ക് അയക്കുമെന്നും പറയുന്നു.
സ്ഥായിഘടനയിൽ ഉറഞ്ഞുപോയ ഭരണകൂടത്തിന് ഏറ്റവും വേവലാതി നാടോടി ജീവിതം നയിക്കുന്നവരെയാണ്. സ്ഥിരവാസരഹിതമായ ഗോത്രയാനങ്ങളുടെ മഹാപ്രലോഭനങ്ങൾ എല്ലാ അധികാരവ്യസസ്ഥകളെയും തുരങ്കംവെയ്ക്കുന്നതാണ്. അതിനാൽ അത്തരം നാടോടി പ്രിയതയെ നാശോന്മുന്മുഖമാക്കുകയും ഉന്മൂലനം ചെയ്യുകയുമെന്നത് സ്ഥിരതയും നിത്യതയും അമർത്യതയും കാംക്ഷിക്കുന്ന ഏതൊരു ഭരണകൂടത്തിന്റെയും ഭരണാധികാരിയുടെയും അടിസ്ഥാന വികാരമാണ്. ജിപ്‌സികളെ വേട്ടയാടി കൊന്നതിനെക്കുറിച്ചു ഓൾഗ ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഉറഞ്ഞുപോയ ഘടനയാണ് ദേശരാഷ്ട്രങ്ങളുടേത്. സമയത്തിന്റെ സഞ്ചാരത്തെപോലും അത് വ്യാജമാക്കുന്നു, എന്തിനെന്നാൽ എല്ലാം ആവർത്തനപരമാക്കുവാൻ, അങ്ങനെ ആവർത്തനങ്ങളിലൂടെ മനുഷ്യരെ കെണി വെച്ച് പിടിക്കാൻ കൂറ്റൻ യന്ത്രമൊരുക്കുന്നു. സ്ഥാപനങ്ങൾ, ഓഫീസുകൾ, വാർത്താപത്രങ്ങൾ, ശ്രേണീഘടന, സ്ഥാനമാനങ്ങൾ, അപേക്ഷകൾ, തിരസ്‌കാരങ്ങൾ, പാസ്‌പോർട്ട്, തിരഞ്ഞെടുപ്പുകൾ, ശേഖരിക്കാനും കൈമാറ്റത്തിനുമുള്ള ഇടങ്ങൾ -എല്ലാം തന്നെ സ്ഥായി ലോകത്തിന്റെ ഇത്തരം കെണികളാണ്. ഈ കെണികളിൽ നിന്ന് ഒന്നു മാത്രമേ മനുഷ്യരെ മോചിപ്പിക്കൂ, അത് മുന്നോട്ടുള്ള സഞ്ചാരങ്ങളാണ്. ഓൾഗ ടുക്കാർചുക്ക് ആഹ്വാനം എന്ന പോലെ ഇങ്ങനെ നിർദേശിക്കുന്നു: Every pause will be petrified.....Move. Get Going. Blessed is who leaves...

Comments