truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
yama

Gender

പെണ്‍ജിപ്‌സികളുടെ
ജീവിതകാലം ​​​​​​​

പെണ്‍ജിപ്‌സികളുടെ ജീവിതകാലം ​​​​​​​

ആൺബോധങ്ങളാൽ ചിട്ടപ്പെടുത്തിയ സകല ‘പ്രപഞ്ച നിയമ’ങ്ങളെയും ലംഘിച്ച്​ ഒരു പെണ്ണ്​ നടത്തുന്ന നൈസർഗിക സഞ്ചാരങ്ങൾ

30 Jun 2022, 02:30 PM

യമ

""ഹലോ, താന്‍ ഫ്രീ ആണോ'' പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ സ്വരം അപ്പുറത്ത്.
""പറയൂ..''
""കുറച്ച് ഡബ്ബിങ് ബാക്കി ഉണ്ട്. എറണാകുളം എന്നാ വരുന്നത്''
""ഈയിടെ ഒന്നും വരില്ല. ഞാന്‍ പ്രെഗ്‌നന്റ് ആണ്. ഇവിടെ അടുത്തെവിടെയെങ്കിലും സ്റ്റുഡിയോ ശരിയാക്കൂ. ഞാന്‍ പോയി ചെയ്യാം.''
""അതിനു താന്‍ മാരീഡ് ആണോ?''
""അല്ല..ല്ലോ...'' 
ഞാന്‍ നീട്ടിപ്പറഞ്ഞു. അപ്പുറത്തെയാള്‍ മരിച്ചുപോയെന്നു തോന്നി. വലിയൊരു നിശബ്ദത. 
""സോറി കേട്ടോ....'' ഞാനെന്തോ മാരക ആപത്തിലാണെന്നു തോന്നും അയാളുടെ സോറി കേട്ടാല്‍.
""എന്തിന്?'' ഞാന്‍ ഉറക്കെ ചിരിച്ചു. പകല്‍വെട്ടത്തില്‍ അയാള്‍ നക്ഷത്രങ്ങളെ എണ്ണുന്നത് ഞാന്‍ കണ്ടു.""ഡേറ്റ് ഫിക്‌സ് ചെയ്തിട്ട് വിളിക്കൂ...'' എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

വയറ്റിനകത്തുള്ള ആള്‍ ആരാണെന്നാലോചിച്ച് ഞാന്‍ അടിവയറ്റില്‍ ഒന്ന് തട്ടി നോക്കി. വെറുതെ ഒരു പാവം അനക്കം. അനന്തരം ഞാന്‍ പോയി ഏലക്കായിട്ടൊരു സുന്ദരന്‍ പാല്‍ച്ചായ കുടിച്ചു. 

ജിപ്‌സികളുടെ ജനിതകം എവിടെയാണ് എഴുതപ്പെട്ടിരിക്കുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ടോ? 
ഭൂപടത്തിലെ അതിര്‍ത്തി രേഖകള്‍ തലച്ചോറില്‍ പതിയാത്ത തരം ബുദ്ധിമാന്ദ്യക്കാര്‍ ആണവര്‍. വണ്ടിയില്‍ നിന്നും വിട്ടുപോയ ഒരൊറ്റ ചക്രത്തിന്റെ മുകളില്‍ കയറിനിന്ന് ചക്രത്തിനൊപ്പമോടി, വരുംവരായ്കകളുടെ അക്രമത്തിലും അതിക്രമത്തിലും ചെന്ന് വീഴുന്നവര്‍. ഏതെങ്കിലും ക്രമത്തിനൊപ്പം ചേര്‍ന്ന് പോകാന്‍ കഴിയാത്ത വിധം അലസരും ദുഖിതരും ആണവര്‍. വളഞ്ഞുപുളഞ്ഞു പോകുന്ന വഴിത്താരകളുടെ ജാതകത്തില്‍ മാത്രം വിശ്വസിക്കുന്നവര്‍. ഒരുപാടു തളരുമ്പോള്‍ ചിലര്‍ ചക്രത്തില്‍ നിന്ന് വീണു ചാവും. ചിലര്‍ ചക്രത്തില്‍ നിന്നും ഇറങ്ങി പഴയകാല ഓര്‍മ്മകള്‍ അയവിറക്കാനെന്ന പോലെ ചലനം തേഞ്ഞു തുടങ്ങിയ ചക്രത്തെ ഉന്തിത്തള്ളാന്‍ തുടങ്ങും. എങ്കിലും ഒരിക്കലെങ്കിലും ആ ചക്രത്തിനു മുകളിലിരുന്നവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഒരു റ്റെററിയം ഗ്ലാസ് ബോളിലെ സ്വപ്നത്തില്‍ ഉറച്ചുപോയ ചെറുസസ്യങ്ങളെപ്പോലെ സൗമ്യരാവും. ആ ചില്ലുകൂട്ടിനുള്ളില്‍ അകലങ്ങളിലെ മഴ പെയ്യും. അവര്‍ പിരിയുന്ന വേളയില്‍ ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവരെപ്പോലെ ശരീരം ഒരു ലജ്ജ മാത്രമാണെന്ന് തിരിച്ചറിയും, ജീവിതവും.സാധാരണക്കാരെപ്പോലെ ജീവിതത്തിലെ പല യാത്രകളും ഓര്‍മ്മിച്ചെടുക്കാന്‍ അവര്‍ ബുദ്ധിമുട്ടും. നടന്നുകഴിഞ്ഞ വഴികളിലെ പൊടി, ശിരസും കവിഞ്ഞ് ഓര്‍മ്മകളെക്കൂടി പുതപ്പിച്ചു കളഞ്ഞിട്ടുണ്ടാവും. മങ്ങിയ ഓര്‍മ്മകളുടെ അരികുകള്‍ പഴകിയ ലേസ് തുണിയിലെ തുന്നലുകളെപ്പോലെ തൂങ്ങിയും ചാഞ്ചാടിയും കിടക്കുന്നു. ഓര്‍മ്മകള്‍ ഒരുപാടായാല്‍ അങ്ങനെയാണ്. ഭാവനയ്ക്ക് പോലും ഇടം കൊടുക്കാത്ത വിധം ഒരു മുട്ടന്‍ ഓര്‍മ്മയായി മാറുന്നു ജീവിതവും.

തിരുവനന്തപുരത്ത് നിന്ന് ട്രെയിനില്‍ തൃശൂരിറങ്ങി ഓട്ടോയില്‍ കയറി പോകേണ്ട സ്ഥലത്തിന്റെ പേരു പറഞ്ഞപ്പോഴേക്കും ഇരുട്ട് സന്ധ്യയെയും മൂടിയിരുന്നു. പോകുന്ന വഴിക്കൊക്കെ ഓട്ടോക്കാരന്‍ പാടിക്കൊണ്ടിരുന്നു. വരികള്‍ മനസിലാവാത്ത ഒരു പാട്ട്. ഞാന്‍ കഷ്ടപ്പെട്ട് പെറുക്കിയെടുത്ത് വാക്കുകള്‍കൂടി പുറത്തുനിന്നും ഇരച്ചുകയറിയ കാറ്റ് തട്ടിപ്പറിച്ചുകൊണ്ടു പോയി. സ്ഥലമെത്തിയപ്പോള്‍ മനസിലായി അയാള്‍ പാടുകയല്ല സംസാരിക്കുകയാണെന്ന്.

yama

പറഞ്ഞതിലും കൂടുതല്‍ രൂപ അയാള്‍ എന്റെ കയ്യില്‍ നിന്നും വഴക്കുകൂടി വാങ്ങിപ്പോയി. അപ്പോഴും അയാള്‍ തൃശൂര്‍ ശൈലിയില്‍ പാടിയതായാണ് എനിക്ക് തോന്നിയത്.
ഇരുട്ടത്ത് കാമ്പസിലിറങ്ങിയ ഞാന്‍ വിശാലമായ കാമ്പസിനെ മൂടിയ ഇരുട്ടിലൂടെ ആകെ തെളിഞ്ഞു കിടന്ന ഒറ്റവഴിയിലൂടെ നടന്നു.
എത്ര ഇരുട്ടിലും മനുഷ്യര്‍ നടന്ന വഴി തെളിഞ്ഞു തന്നെ കിടക്കും.
ഇടയ്ക്ക് എതിരെ വന്ന ഒരു കറുത്ത രൂപത്തോട് ഞാന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കുള്ള വഴി ചോദിച്ചു. രൂപത്തിന് ചെവിയില്ലെന്നു തോന്നി. അതെന്നെ തുറിച്ചു നോക്കി മുന്നോട്ട് പൊയ്ക്കളഞ്ഞു.
വീണ്ടും ഇരുട്ടത്ത് തിളങ്ങുന്ന ചെകിടില്ലാത്ത രൂപങ്ങളായി ഒരുപാടെണ്ണം കടന്നു പോയി. ഞാന്‍ നടന്ന വഴി അവസാനിക്കുന്നിടം, എനിക്ക് ചെന്നെത്തേണ്ടയിടം ആയതുകൊണ്ട് മാത്രം ഞാന്‍ ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്നു. ഹോസ്റ്റലിലേക്ക് പോകുന്ന വഴിക്ക് ഇരുണ്ട രൂപങ്ങള്‍ ഇറങ്ങി വരുന്ന ഒരു സത്രം കണ്ടിരുന്നു. അതൊരു ബോയ്‌സ് ഹോസ്റ്റല്‍ ആണെന്ന് അടുത്ത ദിവസം പകല്‍ വെളിച്ചത്തില്‍ ബോധോദയം ഉണ്ടായി. എനിക്കെതിരെ നടന്നു പോയവരെല്ലാം രാത്രിഭക്ഷണം കഴിക്കാന്‍ മെസ്സിലേക്കു പോകുന്ന ആണ്‍കുട്ടികള്‍ ആയിരുന്നെന്നും. 

ALSO READ

ആയിഷയും മുങ്ങാങ്കുഴിക്കാരനും

ഭക്ഷണം അന്നൊക്കെ അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടാക്കനി ആണെന്നും ദാരിദ്ര്യം എന്നത് നാടക വിദ്യാര്‍ത്ഥികളുടെ ഒരു പ്രഖ്യാപിത നയം കൂടിയാണെന്ന് പിന്നീടെനിക്ക് മനസിലായി. ഏതെങ്കിലും അവസ്ഥയില്‍ കാശില്ലാത്തവര്‍ ദാരിദ്യ്രത്തെ മഹത്വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് നിവൃത്തികേട് കൊണ്ടാണ്. ദാരിദ്ര്യത്തില്‍ ജനിച്ചു വീണ മഹാത്മാക്കളായ നേതാക്കളെയും എഴുത്തുകാരെയും കലാകാരന്മാരെയും പറ്റി അവര്‍ വാതോരാതെ സംസാരിക്കും. ശീതീകരിച്ച കണ്ണാടിക്കൂടുകള്‍ക്കുള്ളിലിരുന്ന് ബിസിനസ്സ് സംസാരിക്കുന്ന ബൂര്‍ഷ്വകളെ കലയിലൂടെ നേരിടുന്നതെങ്ങനെയെന്നു ക്ലാസെടുക്കുന്ന സാറന്മാര്‍ക്കു ചുറ്റും കൂടുന്ന വിദ്യാര്‍ഥികള്‍ അധികവും ദരിദ്രരോ ദാരിദ്ര്യം എന്ന ആശയത്തെ സ്‌നേഹിക്കുന്നവരോ ആയിരുന്നു. മാത്രമല്ല അവരെല്ലാം ആണുങ്ങളായിരുന്നു. ദരിദ്രരായ കലാകാരന്മാര്‍ക്ക് കടത്തിണ്ണയില്‍ കിടന്നുറങ്ങി ഈ ഭൂലോകത്തെ മുഴുവന്‍ പുച്ഛിക്കാം. കലാകാരികള്‍ ദാരിദ്ര്യത്തെ മറികടക്കുന്ന വിധം ഇന്നും അവന്മാര്‍ക്കറിയില്ല.ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും പണം വാങ്ങി നാടകം ചെയ്ത മുന്‍കാല നാടകക്കാരെ, രാജ്യദ്രോഹികളാണെന്നു അവര്‍ കുറ്റം പറഞ്ഞു. കലാസൗന്ദര്യത്തിന്റെ ആരാധകരായ സൗന്ദര്യാന്വേഷികളെ അവര്‍ പുച്ഛിച്ചു. സവര്‍ണ്ണര്‍ എന്ന് മുദ്ര കുത്തി. മുദ്യാവാക്യവും വിപ്ലവവും ഇല്ലെങ്കില്‍ പിന്നെന്തു കല?
അക്കാലത്ത് പിച്ചവച്ചു തുടങ്ങിയ ശിശുവായ വിക്കിപീഡിയയെ അമേരിക്കന്‍ ചാരപ്പണിയുടെ വക്താവാക്കി. കാമ്പസിലെ തിണ്ണകെട്ടിയ മരച്ചുവടുകള്‍ എല്ലാം തന്നെ ഈ കനത്ത ചര്‍ച്ചകളുടെ കനം പേറി പൂക്കാതെ കായ്ക്കാതെ മുരടിച്ചു നിന്നു. 
വീടും നാടും ഉപേക്ഷിച്ച, സ്വന്തമായി ഒരു വരുമാനവും ഇല്ലാത്ത, മനുഷ്യരോട് കൂട്ടുകൂടാന്‍ വല്യ മിടുക്കൊന്നും ഇല്ലാത്ത ഞാന്‍ ഒരു പിന്തിരിപ്പന്‍ ഇടത്തേയ്ക്കാണോ കയറിവന്നതെന്ന ചിന്ത എന്നെ വിഷമിപ്പിക്കാന്‍ തുടങ്ങി. ആണുങ്ങള്‍ സംസാരിക്കുന്നു, ആണുങ്ങള്‍ നോക്കുന്നു, ആണുങ്ങള്‍ ബഹളം വയ്ക്കുന്നു, ആണുങ്ങള്‍ ഭാവനപ്പെടുന്നു. ആശയങ്ങള്‍, കാസ്സിക് ടെക്സ്റ്റുകള്‍, അതിലെ വിപ്ലവങ്ങള്‍, അതിലുപരി കാമ്പസിന് കൂടി ആണുങ്ങളുടെ മണം. അവരുടെ വിയര്‍പ്പിന്റെ ആസക്തിയുടെ, അധികാരത്തിന്റെ, ശുക്ലത്തിന്റെ മണം. ഏതോ അജ്ഞാതലോകത്ത് കുഴിച്ചിട്ട കുടത്തിലെ ജീനിയോട് സംസാരിച്ചു നടക്കുന്ന അന്തര്‍മുഖരായ കലാകാരന്മാരുടെ നിശബ്ദത പലപ്പോഴും എനിക്ക് ഒരാശ്വാസമായിരുന്നു.

ഞാന്‍ പെണ്‍കുട്ടികളെ തിരക്കി.
മഷിയിട്ട് കണ്ടെത്തിയ ഒരേയൊരാള്‍, അവളെന്നെ തുറിച്ചു നോക്കി കടന്നു പോയി. ഒരെതിരാളിയെ കാണുന്നത് പോലെ.
അധികാരം കയ്യാളുന്ന ഒരു കൂട്ടത്തില്‍ ചെന്നുപെട്ടാല്‍ വിജയിക്കാന്‍ സാധ്യതയില്ലാത്ത പ്രതിരോധം മനസമാധാനം കളയും എന്നവള്‍ക്കു തോന്നിയിരിക്കണം. ഒരുപക്ഷെ അധികാരത്തിനു വിധേയപ്പെടുന്നത് തിരിച്ചറിഞ്ഞത് പോലുമുണ്ടാവില്ല അവള്‍.

yama 2

ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെയും ശുദ്ധസംഗീതം കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ടുമെന്റിലെയും പെണ്‍കുട്ടികള്‍ ആരോ നിര്‍ദ്ദേശം കൊടുത്തിരുന്നെന്ന പോലെ നാടകക്കാര്‍ പിള്ളേരെ കണ്ടാല്‍ ഒഴിഞ്ഞു നടന്നു പോകുമായിരുന്നു. ഒരേസമയം അധഃകൃതരും അക്രമികളും കലാകാരന്മാരും ദുർമാർഗികളും എന്നതാണ് നാടകക്കാര്‍ എന്ന വര്‍ഗത്തിനുണ്ടായിരുന്ന പരിവേഷം എന്ന് ഞാന്‍ സാവധാനം മനസിലാക്കി. അപ്പോള്‍ പെണ്ണുങ്ങള്‍ കൂടിയാകുമ്പോള്‍ പറയേണ്ടല്ലോ. പ്രത്യേകിച്ച് തൊണ്ണൂറ്റി ഒന്‍പതു ശതമാനം ആണുങ്ങള്‍ പഠിക്കുന്നിടത്ത് നാടകം പഠിക്കാന്‍ വരുന്ന ഒരു ശതമാനം പെണ്ണുങ്ങളുടെ സദാചാരം അളക്കുന്നത് കൂടെപ്പഠിക്കുന്നവര്‍ കൂടി ചെയ്യുന്നയിടത്ത് പുറത്ത് നിന്നുള്ളവരെ മാത്രം കുറ്റം പറയുന്നതില്‍ അർഥമില്ലല്ലോ. പഠനത്തിന്റെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു മുന്നേയുള്ള കടമ്പ ആ ബൊഹീമിയന്‍ ലോകത്തില്‍ ഒരാളെ എങ്ങനെ പ്രതിഷ്ഠിക്കുന്നുവെന്നതാണ്. പെണ്ണുങ്ങള്‍ക്ക് ആണുങ്ങളുടെ ബൊഹീമിയയില്‍ എന്ത് സ്ഥാനം?

പുറം ലോകം വെറും തട്ടിപ്പാണെന്നും ആശയങ്ങളുടെ, ഭാവനയുടെ, കലാകാരന്മാരുടെ മാത്രം ഒരു ലോകമുണ്ടെന്നും ആ കാമ്പസ് എന്നെ തെറ്റിദ്ധരിപ്പിച്ചു. മോഡേണ്‍ ബൊഹീമിയ എന്നത് ആണുങ്ങളുടെ സ്വാതന്ത്യ്രത്തിന്റെ മറ്റൊരു നിർവചനമാണെന്നും പെണ്ണുങ്ങള്‍ അവിടെയും മുഖ്യധാരാ സദാചാരത്തിന്റെ ഭാണ്ഡക്കെട്ടും പേറി കയറി വരേണ്ടവരാണെന്നും വൈകാതെ മനസിലായി.

അഭിനയശരീരത്തിനു മുകളിലുള്ള എല്ലാ കെട്ടുപാടുകളെയും സദാചാരങ്ങളെയും വെല്ലുവിളിക്കേണ്ടതുണ്ട് എന്ന് തിയറിയിലും പ്രാക്റ്റിക്കലിലും പഠിക്കാനുണ്ട്. ആണുങ്ങളെക്കാളും കൂടുതല്‍ അത് മനസിലാവുക, അത് പെണ്ണുങ്ങള്‍ക്കാണ്. ഒരുകൂട്ടം ആണുങ്ങളുടെ മുന്നില്‍ പഴയ ശരീരത്തെ അഴിച്ചു വയ്ക്കുക എന്നത് ഒരു പെണ്ണ് ചിലപ്പോള്‍ അനായാസം ചെയ്ത് കളഞ്ഞേക്കും. അത് ആണുങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാന്‍ ഇടയില്ല. പെണ്‍ നഗ്‌നശിൽപങ്ങള്‍ക്കു ജീവനില്ലാത്തത് കൊണ്ടുമാത്രമാണ് ഉദാത്തം എന്നാഘോഷിക്കപ്പെടുന്നത്. അരങ്ങിലെ ജീവനുള്ള സ്ത്രീ ശരീരങ്ങളെ കൊണ്ടുനടക്കുന്നവരുടെ ജീവിതം തന്നെ നാടകമാണ്. കുറഞ്ഞപക്ഷം നമ്മുടെ നാട്ടിലെങ്കിലും. നല്ലൊരു അഭിനയശരീരം ഉണ്ടാകുക എന്നത് ആദ്യമായി കുടുംബത്തെയും സമൂഹത്തെയും നിര്‍ണ്ണയിക്കുന്ന മൂല്യങ്ങള്‍ക്ക് പുറത്ത് ശരീരത്തെ എത്തിക്കുക എന്നതാണ്. പൂജ്യത്തിലേക്കുള്ള തിരിച്ചുപോക്ക്. പെണ്ണുങ്ങളെ സംബന്ധിച്ച് അത് ഏറ്റവും അരക്ഷിതമായ ചുറ്റുപാടിലേക്കുള്ള കാലെടുത്തുവയ്പ്പാണ്.

ALSO READ

അനില്‍ പി നെടുമങ്ങാട്: ജീവിച്ചിരിക്കുന്നുവെന്ന് തോന്നിക്കൊണ്ടിരിക്കുന്ന ഒരാളെപ്പറ്റി ഓർമക്കുറിപ്പ്

പെണ്ണുങ്ങള്‍ ആശയങ്ങള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ്. വേണമെങ്കില്‍ ആണുങ്ങളുടെ ഉദാത്താശയങ്ങളുടെ പ്രചാരകരാവാം. നാടകവേദികളില്‍ കയറിനിന്ന് കണ്ണീരൊലിപ്പിച്ചോ അലറി വിളിച്ചോ അവയെ അഭിനയിച്ച് പ്രതിഫലിപ്പിക്കാം. അതിര്‍ത്തിയിലെ ഒരു പട്ടാളക്യാമ്പില്‍ അബദ്ധത്തില്‍ പെട്ടുപോയ ഒരു ഭ്രാന്തിയാണ് ഞാന്‍ എന്ന് എനിക്ക് പലപ്പോഴും തോന്നി. കണ്ണുകളിലും ചിറിയുടെ രണ്ടറ്റങ്ങളിലും ഈളയൊലിപ്പിച്ച്, ഒരേസമയം സ്വന്തം കിടക്കയില്‍ ഒരു പെണ്ണിനെ കൊണ്ടുവരാനുള്ള ആഗ്രഹവും തമ്മില്‍ത്തമ്മില്‍ പകയും കുശുമ്പും കൊണ്ടുനടക്കുന്ന ഒരു ഒരു ചെറിയ ആണ്‍ഗോത്രത്തിലാണ് ഞാന്‍ അകപ്പെട്ടത്. ഓര്‍മ്മകളില്‍ ആ ഇടം ഒരു ചെളിക്കുണ്ടിന്റെ നനവും തണുത്താണുപോകുന്നൊരു ചതുപ്പിന്റെ ഉറപ്പില്ലായ്മയും എന്നില്‍ അവശേഷിപ്പിക്കുന്നു. 

എന്നും നടന്നു ക്ലാസിലേയ്ക്ക് പോകും വഴി ഹോസ്റ്റലിലെ മുറികളിലെ ജനാലകളില്‍ നിന്ന് എനിക്ക് നേരെ മുഖമില്ലാത്ത കൂക്കുവിളികളുടെയും തെറിവിളികളുടെയും ആരവം ഉയരും. ഒന്നുരണ്ടു തവണ അതിന്റെ അര്‍ഥം അറിയാതെ പകച്ചു നിന്നുപോയിട്ടുണ്ട്. പിന്നീടതിനു അര്‍ത്ഥമില്ലെന്നും വെറും ആക്രമണം മാത്രമാണെന്നറിയുന്നതുകൊണ്ടും സാവധാനം നടന്നു നീങ്ങും. അന്തരീക്ഷത്തില്‍ ആണുങ്ങളുടെ പക പെയ്യാതെ കെട്ടിക്കിടന്നു. കലയുടെയും കലാകാരന്മാരുടെയും അതിതീവ്ര സ്വാതന്ത്യ വാഞ്ഛയെപ്പറ്റി പ്രസംഗിക്കുന്ന അധ്യാപകര്‍ പോലും പലപ്പോഴായി എന്റെ ആത്മാഭിമാനത്തെയും എന്നിലെ വിദ്യാര്‍ത്ഥിയെയും മുറിപ്പെടുത്തിക്കൊണ്ടിരുന്നു. ആണുങ്ങളുടെ കൂട്ടത്തില്‍ ചേരാനാകാതെ ഞാന്‍ വിഷമിച്ചുകൊണ്ടിരുന്നു. സാമ്പ്രദായിക വിദ്യാഭ്യാസത്തെ നിരാകരിച്ച് കലാഭ്യാസം തിരഞ്ഞെടുക്കാന്‍ തോന്നിയ നിമിഷങ്ങളെ ഞാന്‍ ശപിച്ചു.

yama 3

ഒന്ന് ശാന്തയാകാന്‍ രാവിലത്തെ കായികാഭ്യാസ ക്ലാസ് കഴിഞ്ഞാല്‍ കുളിച്ച് രണ്ടുപെഗ് മദ്യവും കഴിച്ച് ഞാന്‍ ക്ലാസില്‍പ്പോക്കു തുടങ്ങി. ആണുങ്ങളുടെ തെറിവിളികളും കൂക്കലുകളും വിദൂരത്തിലുള്ള ഏതോ ഗുഹയിലെ കുടത്തിനകത്ത് കിടന്നു മുഴങ്ങി. അതിനുമുച്ചത്തില്‍ എനിക്ക് പാടാന്‍ കഴിയുമെന്നെനിക്ക് മനസിലായി. അരങ്ങില്‍ എനിക്ക് മറ്റൊരു ശരീരം ഉണ്ടായിരുന്നു. മനസിനേക്കാള്‍ വേഗത്തില്‍ ഞാന്‍ ചലിക്കും ഭൂമിയെക്കാള്‍ ശാന്തയായി അരങ്ങിലെ വെട്ടത്തില്‍ ഞാന്‍ ഒഴുകും. പ്രപഞ്ചത്തിന്റെ പൊട്ടിത്തെറിയിലേക്ക് എന്റെ അലര്‍ച്ചകള്‍ സമ്മാനിക്കും. 

നാടക ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിച്ച പഴയ ക്ലാസിക് സിനിമകളുടെ ഒരു ഫെസ്റ്റിവല്‍ ആയിടെ കാമ്പസില്‍ നടന്നു. അറുബോറന്‍ ക്ലാസുകളില്‍ നിന്നും രക്ഷപ്പെടാമല്ലോ എന്നോര്‍ത്ത് ആദ്യദിവസം തന്നെ കറുത്ത തുണി കൊണ്ട് മറച്ച ഷെഡിനുള്ളില്‍ ആദ്യത്തെ കാണിയായി ഞാന്‍ ഇരുപ്പുറപ്പിച്ചു. ഷെഡില്‍ ആരും എത്തിയിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ സിനിമ തുടങ്ങി. ഫെല്ലിനിയുടെ "ലാ സ്ട്രാഡ'.
സിനിമയില്‍ മുഴുകിയിരുന്ന ഞാന്‍ അടുത്തൊരാള്‍ വന്നിരുന്നത് കൂടി അറിഞ്ഞില്ല. എന്റെ കൈകളില്‍ അയാള്‍ അയാളുടെ കൈകള്‍ ഉരസുന്നത് മനസിലായപ്പോഴാണ് ഞാന്‍ അങ്ങനൊരു സാന്നിധ്യം അറിയുന്നത്. മുഖം ചെരിച്ച് ഞാനയാളെ നോക്കി. എനിക്കറിയാവുന്ന ഒരു വിദ്യാർഥിയുടെയും മുഖത്തിന്റെ ഛായ അതിനില്ല. 

ഞാനവിടെ ചെന്ന് അധികമാകാത്തതു കൊണ്ട് മിക്ക വിദ്യാര്‍ത്ഥികളെയും എനിക്കറിയുകയുമില്ല. എങ്കിലും രണ്ടുമൂന്നു ദിവസം മുന്നേ ക്ലാസില്‍ വന്ന അധ്യാപകനാണതെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ സിനിമ പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങി നടന്നു. കാമ്പസിലെ മരങ്ങള്‍ വെയിലില്‍ കത്തിത്തീരുന്നത് നോക്കി കുറെ നടന്നു. ക്ലാസില്‍ എന്നോട് ഉദാസീനമായും നിസംഗമായും അയാള്‍ പെരുമാറിയത് ഞാന്‍ ഓര്‍ത്തെടുത്തു. ഈ സംഭവത്തിന് ശേഷം പിന്നീടൊക്കെ അതൊരുതരം ശത്രുതയിലേക്കു മാറുന്നതും ഞാനറിഞ്ഞു.
പുരുഷന്മാരെ പലവിധത്തില്‍ ഞാന്‍ മനസിലാക്കിത്തുടങ്ങി. ശരീരഭാഷ വേണ്ടവിധത്തില്‍ പ്രയോഗിക്കാനറിയുന്നത് ഒരു കലയാണെന്ന് ഞാന്‍ അവരെ നോക്കിയാണ് പഠിക്കാന്‍ തുടങ്ങിയത്. കാരണം അവരില്‍ കൂടുതലും അതിജീവനത്തിനു വേണ്ടിപ്പോലുമുള്ള ശരീരഭാഷ ഇല്ലാത്തവരായിരുന്നു. ഒരു സ്ത്രീയോട് സംസാരിക്കാനോ സംവദിക്കാനോ അറിയാത്തവര്‍. എന്നെ വിഷമിപ്പിച്ച ഭൂരിഭാഗം പേരെയും പില്‍ക്കാലത്ത് എനിക്ക് ഒരുപാടു ദയയോടെ നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ ആണ്‍ശരീരങ്ങള്‍ വിട്ടിറങ്ങി മനുഷ്യാസ്തിത്വത്തിലേക്ക് വീണടിഞ്ഞ് കിടക്കുന്നത് പലപ്പോഴും എന്റെ കണ്ണുകളെ നിറയിച്ചു.

അന്നൊക്കെ രാത്രികാലങ്ങളില്‍ ദിക്കറിയാത്ത നരിച്ചീറിനെപ്പോലെ ഇരുട്ടില്‍ വാഴക്കൂമ്പുകള്‍ തേടി ഞാന്‍ നടന്നു.
എല്ലാരും ഉറങ്ങി എന്ന് തോന്നുമ്പോള്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി നടന്ന് കാമ്പസിലെ പരിശീലന കളരിയിലെ ഇരുട്ടില്‍ കണ്ണുകളടച്ചു പിടിച്ച് ഞാന്‍ എന്നെത്തിരയാന്‍ തുടങ്ങി.
വീടും നാടും കൂട്ടുകാരികളും ഇല്ലാത്ത ഞാന്‍ സാമുവേല്‍ ബെക്കറ്റിന്റെ ""കലാശക്കളി'' യിലെ അന്ധനെപ്പോലെ ഭൂമിയുടെ കേന്ദ്രബിന്ദു അന്വേഷിച്ച് രാത്രികള്‍ ചിലവഴിച്ചു. കാണികളും കലാകാരന്മാരും ഒഴിഞ്ഞ അരങ്ങില്‍ എന്നെപ്പോലെ മറ്റാരെങ്കിലും അങ്ങനെ നടന്നു കരയുകയും വര്‍ത്തമാനം പറയുകയും ചെയ്‌തോ എന്ന് പലവട്ടം ചിന്തിച്ചു. ഞാന്‍ എന്നോട് തന്നെ സംഭാഷണങ്ങള്‍ ഉണ്ടാക്കി. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നാടകറിഹേഴ്‌സലുകളില്‍ ഉപദേശങ്ങളും തത്വശാസ്ത്രങ്ങളും കേട്ട് ഞാന്‍ മടുത്തു. അക്കാലത്തെക്കുറിച്ചാലോചിക്കുമ്പോള്‍ മുഴുത്തൊരു മടുപ്പായിരുന്നു എന്റെ ജീവിതം. എങ്കിലും ഒരു സാധാരണ ജീവിതം ഞാന്‍ അതിനേക്കാളും വെറുത്തിരുന്നു.
മനുഷ്യര്‍ വരച്ചു വച്ചിരിക്കുന്ന വടിവൊത്ത വഴികളിലെ ചൂണ്ടുപലകകള്‍ എന്നെ കൂടുതല്‍ ആശയക്കുഴപ്പത്തിലാണ് തള്ളിവിട്ടിരുന്നത്. ഒരു കുടുംബജീവിതം ഒരിക്കലും ഞാന്‍ ആഗ്രഹിച്ചില്ല. ഒരുപാടു നിയമങ്ങള്‍ മനുഷ്യര്‍ ഉണ്ടാക്കിയിട്ടും നയത്തോടെ പെരുമാറേണ്ടി വരുന്നതിന്റെ അർത്ഥമില്ലായ്മ്മയില്‍ ഞാന്‍ കുഴങ്ങി. മടുപ്പുകള്‍ക്ക് മരണത്തോളം സ്വാതന്ത്ര്യം ഉണ്ടെന്നും ജീവിതത്തോളം മടുപ്പനുഭവര്‍ക്കു മാത്രമേ മാജിക്കില്‍ വിശ്വസിക്കാന്‍ കഴിയുകയുള്ളൂ എന്നും ഞാന്‍ വിശ്വസിക്കുന്നു. സ്വയം ഇല്ലാതാകാന്‍ സന്നദ്ധതയുള്ളവര്‍ക്ക് മാത്രമേ മാജിക് അനുഭവവേദ്യമാകുകയുള്ളൂ എന്ന് മാത്രം.

yama 4

ദിവസങ്ങളും രാത്രികളും പ്രപഞ്ചത്തിന്റെ വെറും പറ്റിപ്പ് പരിപാടികളാണ്. യാതൊരു അര്‍ത്ഥത്തിനും വഴങ്ങാതെ നമ്മളെ പാടെ അവഗണിച്ചുകൊണ്ട് അവ കടന്നു പോകും. ഒരു വൈകുന്നേരം ഒരു സീനിയര്‍ വിദ്യാര്‍ത്ഥി പുറത്തുപോയി മദ്യം വാങ്ങാന്‍ എന്നെ ക്ഷണിച്ചു. പൊടുന്നനെ അയാള്‍ എന്തിനതു ചോദിച്ചു എന്ന് ഞാന്‍ ശങ്കിച്ചു. എനിക്കയാളെ പ്രതി യാതൊരിഷ്ടവും വിശ്വാസവും ഇല്ലാഞ്ഞിട്ടും ഞാന്‍ അയാളുടെ പുറകില്‍ സ്‌കൂട്ടറില്‍ ഇരുന്നു പോയി. കാമ്പസില്‍ തേരാ പാരാ വെറുതെ നടക്കുന്ന ഞാന്‍ എന്തിനും ഫ്രീ ആണെന്ന് കരുതിക്കാണും എന്ന് ഞാന്‍ ഉള്ളില്‍ പറഞ്ഞുകൊണ്ടുമിരുന്നു. എനിക്കതെങ്ങനെ കഴിയുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അയാളുടെ സ്വരത്തില്‍ നിറഞ്ഞു നിന്നിരുന്ന കൃത്രിമത്വം ഉള്ളതിലും കൂടുതലായി അയാളുടെ സ്വരത്തെ നേര്‍പ്പിച്ചു. "ഏതോ ഒരുത്തന്‍' എന്ന് എനിക്ക് ചിരി വന്നു.
ഭാവിയില്ലാത്ത ഒരു സ്ത്രീയെപ്പോലെ ഞാന്‍ എല്ലാത്തിനെയും സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് വെറുതെ മനസ്സില്‍ പറയാന്‍ നോക്കി. അയാള്‍ പറഞ്ഞതൊന്നും തന്നെ ഞാന്‍ കേട്ടിരിക്കില്ല. മദ്യം വാങ്ങി തിരികെ വന്ന് ബോയ്‌സ് ഹോസ്റ്റലില്‍ അയാളുടെ മുറിയിലിരുന്ന് ഞാന്‍ മദ്യപിച്ചു. ഭക്ഷണം കഴിച്ചു. കതകിലാരോ മുട്ടി എന്നെ വിളിച്ചു കൊണ്ടുപോകാന്‍ നോക്കി. എന്റെ നന്മ ആലോചിച്ചു വിളിക്കുന്നതാണെന്നു പറഞ്ഞു. എന്തുകൊണ്ടോ അയാളുടെ സ്വരത്തിലെ സ്‌നേഹത്തെ ഞാന്‍ കണ്ടില്ലെന്നു വച്ചു. വെറുതെ ചിരിച്ചു. അയാളുടെ കൈകളില്‍ മഷിയില്ലാതെ ഞാന്‍ നക്ഷത്രങ്ങളെ വരച്ചു കൊടുത്തു. വിഷമത്തോടെ അയാള്‍ പിന്‍വാങ്ങി തിരികെ പോയി.

ഞാന്‍ വീണ്ടും പോയിരുന്നു മദ്യപിച്ചു അവിടെത്തന്നെ കിടന്നുറങ്ങി.
എനിക്ക് മദ്യം വാങ്ങിതന്നയാള്‍ എന്നെ തൊടുകയും എന്നോട് ഇണചേരുകയും ചെയ്യുന്നത് ഉറക്കത്തിലെന്നപോലെ ഞാന്‍ അറിഞ്ഞു.
ഇടയ്‌ക്കെപ്പോഴോ പകുതി ബോധം വന്ന എന്നോട് അയാള്‍ സംസാരിച്ചു. അയാളുടെ കാമുകി ഒരു "വെടി ' ആയതു കൊണ്ടാണ് അവരുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നു പറഞ്ഞു.
അയാള്‍ എന്തുകൊണ്ട് അത് പറഞ്ഞു, ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ അയാളോടൊന്നും ചോദിച്ചിരുന്നില്ല. എന്റെ കെട്ടിറങ്ങി. അയാള്‍ അയാളുടെ നാടകങ്ങളില്‍ പറയുന്ന ഉന്നത ആദർശങ്ങളെപ്പറ്റിയോര്‍ത്ത് ആ മുറിയിലെ അരണ്ട വെളിച്ചത്തില്‍ എന്റെ വെറുപ്പ് തിളച്ചു. ഇരുട്ടത്ത് അയാളുടെ മുഖം ലേശവും ഭംഗിയില്ലാത്തതാണെന്ന് എനിക്ക് തോന്നിക്കൊണ്ടിരുന്നു. ദരിദ്രവര്‍ഗത്തിന്റെ വിപ്ലവത്തെപ്പറ്റിയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും ഉദ്‌ഘോഷിക്കുന്ന ഒരുത്തന്‍ ആദ്യമായി ഒരു സ്ത്രീയെപ്പറ്റിപ്പറഞ്ഞ അഭിപ്രായത്തില്‍ ഞാന്‍ ഞെട്ടി. ഇരുട്ടത്ത് പിടഞ്ഞെണീറ്റ് മുറി തുറന്ന് പുറത്ത് പോകുന്നതിനിടെ അയാളെ ഞാന്‍ ചീത്ത വിളിച്ചു. ആയിടെ ഞാന്‍ ചുറ്റുവട്ടത്ത് നിന്ന് കേട്ടുപഠിച്ച തെറികളുടെ ഒരു പ്രയോക്താവായിരുന്നു. ഞാന്‍ പഠിച്ചുവച്ചിരുന്ന ഭാഷ എന്റെ പുരുഷന്മാരായ പ്രതിയോഗികളെ നേരിടാന്‍ അക്കാലങ്ങളില്‍ അപര്യാപ്തമായിരുന്നു. 

ALSO READ

മലയാളിയുടെ ആണ്‍നോട്ടങ്ങളെ വിചാരണ ചെയ്യുന്നു, യമ

ഇരുട്ടത്തൊരുത്തന്റെ ചോര കുടിച്ച് തിരികെ പനയിലേക്കുള്ള വഴി നടന്നുകയറുന്ന യക്ഷിയെപ്പോലെ ഹോസ്റ്റലില്‍ നിന്നിറങ്ങി ഞാന്‍ കാമ്പസിലെ ഇരുട്ടില്‍ നടന്നു. രാത്രികള്‍ കൂടുതല്‍ കണ്ടിട്ടുള്ള സ്ത്രീകള്‍ ആരൊക്കെയായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചു നോക്കി. ലൈംഗിക തൊഴിലാളികള്‍ ആയിരിക്കും എന്നാണ് ഞാന്‍ കണ്ടെത്തിയത്. എല്ലാത്തരം ദുരന്തങ്ങള്‍ക്കുമൊപ്പം അവര്‍ ദിവസത്തിന്റെ രണ്ടുപാതികളെയും ഒരുപോലെ കൊണ്ടുനടക്കുന്നു. കുറച്ചു മുന്നേ ഒരുത്തന്റെ കൂടെ കിടന്നത് എന്റെ ആദ്യത്തെ കിടത്തം ആണെന്നത് മറന്ന് ഞാന്‍ ആകാശം നോക്കിചിരിച്ചു. കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഒരു കിടപ്പുകാരിയാണെന്നോ മറ്റോ ആണ് അയാള്‍ എന്നെപ്പറ്റി ചിന്തിച്ചിരിക്കാന്‍ സാധ്യത.

മറ്റൊരു സ്ത്രീയെ എന്റെ മുന്നില്‍ താഴ്ത്തിക്കെട്ടിയാല്‍ അയാളോട് എന്ത് മനോഭാവത്തോടെ പെരുമാറുമെന്നാണോ കരുതിയത്! ആദര്‍ശം കൂടുതല്‍ പറയുന്നവര്‍ക്ക് തീരെ ചെറിയ ലിംഗമാണുണ്ടാവാന്‍ സാധ്യത എന്ന് പിന്നീട് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
""അവന്റപ്പന്റെ ആദര്‍ശം.. നാറി '' വെളുക്കുവോളം ഞാന്‍ ചീവീടുകള്‍ ആര്‍ക്കുന്ന കാമ്പസിലൂടെ പാമ്പുകളെ ചവിട്ടുമോ എന്ന് പേടിച്ച് നിലം തൊടാതെ നടന്നു.
അടുത്ത ദിവസം തന്നെ രക്തമൂറ്റി ആണുങ്ങളെക്കൊല്ലുന്ന എന്റെ കഥകള്‍, ഭയങ്കരമാന കഥകള്‍ കാമ്പസ്സില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങി. നിറംപിടിപ്പിച്ച വഷളന്‍ കഥകള്‍ പറഞ്ഞു നടന്നവര്‍ കൂടി പക്ഷെ എന്റെ അടുത്ത് വരാന്‍ ലേശം പേടിച്ചു. ഞാന്‍ മുടി അഴിച്ചിട്ടു, എതിരെ വരുന്നവരെ കണ്ണുകള്‍ കുറേക്കൂടി തുറന്നുപിടിച്ച് തുറിച്ചു നോക്കി. 
""അവള്‍ക്ക് ഭ്രാന്താണ്.'' 
എന്റെ ഭ്രാന്ത് എന്നെ മനുഷ്യരുടെ തുച്ഛബുദ്ധിയില്‍ നിന്നും രക്ഷപ്പെടുത്തി നിര്‍ത്തി. അരങ്ങില്‍ ശരീരത്തിനും ബുദ്ധിക്കും ഉണര്‍വ് വൈപ്പിച്ചു. അതിഭയങ്കരമായ ഒറ്റപ്പെടലിലും ഞാന്‍ ഒഴുകിനടന്നു എന്നത് എന്റെ ജനിതകത്തിന്റെ ഗുണമാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്നേ എന്നിലേക്ക് പുനര്‍ജനികളിലൂടെ പാഞ്ഞടുത്തുകൊണ്ടിരുന്ന സ്വാതന്ത്ര്യത്തിന്റെ രാസകണികകള്‍.

yama 5

പിന്നീട് എനിക്കൊരു കൂട്ടുകാരന്‍ ഉണ്ടായപ്പോഴും പ്രേമത്തില്‍ നിന്നും ഞാന്‍ പിന്തിരിഞ്ഞു നിന്നു. എന്നെ നഷ്ടപ്പെടുത്താന്‍ ഞാന്‍ ഒരുകാലത്തും ഒരുക്കമായിരുന്നില്ല. സ്‌നേഹത്തിന്റെയും രതിയുടെയും നാളുകളില്‍ക്കൂടി പ്രകൃതി എന്നെ സന്തോഷിപ്പിക്കുകയോ കരയിക്കുകയോ ചെയ്തില്ല. ഉച്ചകളില്‍ കൂടി പ്രേമമില്ലാതെ കൂട്ടുകാരനോടൊത്ത് ഞാന്‍ കിടന്നു. സ്‌നേഹം, സഹാനുഭൂതി ഇവയൊക്കെയും പ്രേമത്തില്‍ നിന്നും ഒരുപാട് അകലെയാണെന്നും വരണ്ട ദ്വീപുകളില്‍ മനുഷ്യര്‍ പ്രേമത്തിനുപരി സഹാനുഭൂതിയുടെ ആവശ്യക്കാരാണെന്നും ഞാന്‍ അറിഞ്ഞു.

എന്റെയും കൂട്ടുകാരന്റെയും ദുഃഖം ഉച്ചകളില്‍ കരിഞ്ഞു പറന്നു പോയി. കൊടുംവരള്‍ച്ചയില്‍ ദാഹിച്ചലഞ്ഞ കുരുവികള്‍ക്കു ഞങ്ങള്‍ മണ്‍പാത്രങ്ങളില്‍ വെള്ളം വച്ച് കാത്തിരുന്നു. ദുഖിതരോട് മാത്രമാണ് എനിക്കടുപ്പം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കൂട്ടുകാരന്റെ മുന്‍കാല സുഹൃത്തുക്കള്‍ എന്നെപ്പരിചയപ്പെടാന്‍ കാമ്പസില്‍ വന്ന അവസരങ്ങളില്‍ എന്റെ ഇണങ്ങാത്ത സ്വഭാവം കണ്ട് കൂട്ടുകാരനെ പലപ്പോഴായി ഉപദേശിക്കുന്നുണ്ടായിരുന്നു. അവരില്‍ നിന്നും ഞാന്‍ എന്റെ കൂട്ടുകാരനെ അകറ്റുന്നു എന്നൊരു ധ്വനി അവരുടെ നോട്ടത്തിലും സംസാരത്തിലും ഞാന്‍ അറിഞ്ഞു. 
""ഞാന്‍ അവള്‍ക്കു ഷേക്ക് ഹാന്‍ഡ് കൊടുത്തപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. കുഴഞ്ഞ പിടുത്തമാണ്. ആള് ശരിയല്ല.'' ഞാന്‍ ഷേക് ഹാന്‍ഡ് കൊടുക്കാത്ത കൂട്ടുകാരന്റെ സുഹൃത്ത് ഒരിക്കല്‍ രഹസ്യത്തില്‍ പറഞ്ഞുകൊടുത്തു. ഞാന്‍ ഉറക്കെയുറക്കെ ചിരിച്ചു. കൂട്ടുകാരനും. 
""നിങ്ങളുടെ സുഹൃത്തുക്കളുടെ സുഹൃത്താവാന്‍ എനിക്ക് ബുദ്ധിമുട്ടാവും. മീഡിയോക്രിറ്റി എനിക്ക് സഹിക്കാനാവില്ല. ബുദ്ധിയില്ലാത്തവര്‍ക്കു മിനിമം ഹൃദയം എങ്കിലും വേണം. എന്നാല്‍ സ്ത്രീവിരുദ്ധത എന്തെന്നറിയാന്‍ ബുദ്ധിയും ഹൃദയവും ഒരുപോലെ വേണം. നിങ്ങളുടെ സുഹൃത്തുക്കളെ അക്കാരണം കൊണ്ട് തന്നെ കലാകാരന്മാര്‍ എന്ന ഗണത്തില്‍ക്കൂടി ഞാന്‍ പെടുത്തുന്നില്ല. വെറും ആണുങ്ങളെ എനിക്ക് കൂട്ടുകാരായി വേണ്ട.'' 

എന്നിട്ടും അവരോടൊത്തിരുന്ന് ഞാന്‍ കഞ്ചാവ് വലിച്ചു.
അന്നേരങ്ങളില്‍ ആണ്‍ശരീരങ്ങളില്‍ നിന്നും പുറത്തേക്കിറങ്ങി അവര്‍ ചലിക്കാത്ത സൂചികളുള്ള ക്ലോക്കുകളെപ്പറ്റി ആവലാതിപ്പെടുന്നവര്‍ മാത്രമായി. പ്രപഞ്ചത്തിന്റെ മിടിപ്പുകളില്‍ കണ്ണ് തുറന്നു പിടിച്ചിരിക്കുന്ന മരിച്ചുപോയ ദൈവങ്ങളെപ്പോലെ ഞങ്ങള്‍ ലിംഗഭേദം ഇല്ലാത്തവരായി മാറി. 
""ഗ്രാസ് മോശമാണ്. വലിച്ചിട്ട് എത്ര നേരമായി. ഒരു കിക്കും ഇല്ലല്ലോ.'' വെള്ളത്തില്‍ വലിച്ചു കെട്ടിയ റബര്‍ബാന്‍ഡിന്റെ വലിവോടെ ഒരു സുഹൃത്ത് മണിക്കൂറുകളായി പറഞ്ഞുകൊണ്ടിരിക്കുന്നു. എനിക്ക് ചിരിക്കാന്‍ തോന്നിക്കൊണ്ടിരുന്നെങ്കിലും എന്റെ കണ്ണിലെ കൃഷ്ണമണികള്‍ കൂടെ അനങ്ങുന്നുണ്ടായിരുന്നില്ല. പിന്നെയെപ്പൊഴോ ഇരുന്നയിടത്ത് തന്നെ ഇരുന്ന് ഞങ്ങള്‍ ഉറങ്ങി. ഇടയ്‌ക്കെപ്പോഴോ ഒരു രാത്രി കടന്നു പോകുന്നത് ഒരു ഇമവെട്ടലില്‍ കഴിഞ്ഞു. ഞാന്‍ വീണ്ടും ഉറങ്ങി. അടുത്തദിവസം വെളുപ്പാങ്കാലം വിശന്നു വലഞ്ഞ മൂന്നുപേര്‍ മുറിയില്‍ അവശേഷിച്ചിരുന്നു. ഞങ്ങള്‍ മൂന്നുപേരും മെസിലേക്ക് നടന്ന് കയ്യില്‍കിട്ടിയതൊക്കെ വാരിത്തിന്ന് തിരികെ വീണ്ടും എന്റെ കൂട്ടുകാരന്റെ ഹോസ്റ്റല്‍ മുറിയില്‍ വന്നിരുന്നു.

""നമുക്ക് കുടജാദ്രിക്കു പോകാം.'' കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.
അവിടെ എന്തിനു പോകുന്നെന്ന് ആരും മറുത്ത് ചോദിച്ചില്ല.
അതൊരു കയറ്റം മാത്രമെന്നേ ഞങ്ങള്‍ക്കറിയൂ. അത് കയറുകതന്നെ.
നമ്മുടെ കയ്യിലുണ്ടായിരുന്ന തുച്ഛമായ കാശ് വണ്ടിക്കൂലിക്ക് പോലും ഉണ്ടോ എന്ന് കൂടി ഞങ്ങള്‍ക്കറിയുമായിരുന്നില്ല. അന്ന് അര്‍ദ്ധരാത്രി ഞങ്ങള്‍ തൃശൂരില്‍ നിന്ന് വണ്ടി കയറി. വഴി അറിയാത്തതു കൊണ്ട് തന്നെ പലര്‍ പറഞ്ഞ ബസുകളില്‍ കയറി അവസാനം കൊല്ലൂര്‍ ഒരിടത്ത് അടുത്തദിവസം രണ്ടുമണിയോടടുപ്പിച്ച് ഞങ്ങളെ ഒരു ബസ് കൊണ്ടിറക്കി വിട്ടു. ബസിലെ കണ്ടക്ടര്‍ കന്നഡത്തില്‍ എന്തോ പറഞ്ഞത് ഞങ്ങള്‍ക്ക് തിരിഞ്ഞില്ല. തലയില്‍ വണ്ടിപ്പെരുക്കവുമായി ഞങ്ങള്‍ മൂന്നുപേര്‍ വിജനമായ ഒരു മണ്ണ് റോഡില്‍ മൂന്നു പമ്പരങ്ങള്‍ പോലെ നിന്ന് കറങ്ങി. വഴിയുടെ ഓരത്തായി ഒഴിഞ്ഞ കൂറ്റന്‍ ലോറികള്‍ അടുക്കിയിട്ടിരിക്കുന്നു. വഴി ചോദിക്കണമല്ലോ എന്ന് കരുതി തോന്നിയ ഒരു ദിശയിലേക്കു നടന്നു. എതിരെ നടന്നു വരുന്നവര്‍ റോഡ് തികഞ്ഞ് ഇടവും വലവും ആടുന്നുണ്ടായിരുന്നു. ചിലര്‍ ലോറികളില്‍ വലിഞ്ഞു കയറി.

മൂന്നുപേരില്‍ ഒരാള്‍ പെണ്ണാണെന്ന് കണ്ട് ലോറിക്കാരില്‍ ചിലര്‍ ഞങ്ങളുടെ നേരെ തുറിച്ചു നോക്കി. എനിക്ക് നേരിയ ഭയം തോന്നി. വളരെ മുട്ടാളന്മാരായ ആണുങ്ങള്‍. ഒരു നിമിഷം കൊണ്ട് മൂന്നുപേര്‍ എന്നതില്‍ നിന്നും ഞങ്ങള്‍ രണ്ടാണും ഒരു പെണ്ണും എന്ന കണക്കെടുപ്പിലേക്കു പിരിഞ്ഞു. എന്നേക്കാള്‍ എന്റെ കൂടെയുണ്ടായിരുന്ന ആണുങ്ങള്‍ ഭയന്നു. ഭയത്തെ തുരത്താനായി ഞങ്ങള്‍ മൂന്നുപേരും വേഗത്തില്‍ നടന്നു. ഓലകെട്ടിയ ഒരു ചെറ്റക്കുടിലിനു മുന്നില്‍ പോയിനിന്ന് ഞങ്ങള്‍ ശബ്ദം ഉണ്ടാക്കി നോക്കി. ആരും വരുന്നില്ല. വീണ്ടും മുന്നോട്ടു നടക്കാന്‍ തോന്നിയില്ല. ബസ് പോയത് എതിര്‍ വശത്തേക്കാണ്. വരുന്ന വഴിയില്‍ ഞങ്ങള്‍ കടകളോ വീടുകളോ കണ്ടിരുന്നില്ല. ആരെങ്കിലും കുടിലിനു പുറത്തേക്കു വരുന്നത് നോക്കി നിന്ന ഞങ്ങള്‍ ചെറ്റപ്പുരയില്‍ നിന്നും ഒരു തല പുറത്തേക്കു തള്ളി നില്‍ക്കുന്നത് ശ്രദ്ധിച്ചു. 
""കൊല്ലൂര്‍ എന്‍കെ?'' മലയാളത്തേക്കാള്‍ തമിഴ് നന്നാവും എന്ന് കരുതി എന്റെയും കൂട്ടുകാരന്റെയും സുഹൃത്ത് ചോദിച്ചു. അയാള്‍ ഞങ്ങളെ തുറിച്ചു നോക്കി നിന്നു. 
""എന്ത് മൈരാണ്. ഇയാക്ക് മിണ്ടിക്കൂടേ?'' എന്റെ കൂട്ടുകാരന്‍ തിരികെ നടക്കാന്‍ തുടങ്ങി. ഞാനും സുഹൃത്തും വീണ്ടും അവിടെ തന്നെ നിന്നു. ഞങ്ങള്‍ക്ക് ചുറ്റും ചെറിയ സുതാര്യമായ പ്ലാസ്റ്റിക് കൂടുകള്‍ പൊട്ടിക്കിടന്നിരുന്നു. 
""തീന്‍ പാക്കറ്റ്‌സ്.'' സുഹൃത്ത് പറഞ്ഞു. തല പുറത്തിട്ടു നിന്നയാള്‍ ചാരായത്തിന്റെ ചെറിയ മൂന്നു പായ്ക്കറ്റുകള്‍ കൊണ്ട് ഞങ്ങള് മുന്നിലെ മരത്തട്ടിലിട്ടു. വിരലുകള്‍ കൊണ്ട് വിലപറഞ്ഞു.

yama 6

""അണ്ണാ.. യെ കൊല്ലൂര്‍ കഹാം.?''
നേരം വണ്ണമുള്ള ഹിന്ദി അല്ലാത്തത് കൊണ്ടാണോ എന്നറിയില്ല ഇത്തവണ അയാള്‍ വായ തുറന്നു. പക്ഷെ അയാള്‍ പറഞ്ഞതൊന്നും തന്നെ ഞങ്ങള്‍ക്ക് മനസിലായില്ല. ആംഗ്യത്തിലൂടെ ഇനിയും മുക്കാല്‍ മണിക്കൂര്‍ നടക്കാനുള്ള ദൂരം ഉണ്ടെന്നു മനസിലാക്കിത്തന്നു. വേറെ ഏതോ വഴിക്കു തിരഞ്ഞു പോകേണ്ട ബസ് ഞങ്ങളെ അവിടെ ഇറക്കി വിട്ടതായിരുന്നു.
ഓരോ പായ്ക്കറ്റ് ചാരായവും പൊട്ടിച്ചു കുടിച്ച് ഞങ്ങള്‍ മടമടാന്ന് നടന്നു തുടങ്ങി. വെറും വയറ്റില്‍ വാറ്റുചാരായം കിടന്നു തിളച്ചു. യാത്രാക്ഷീണം കൊണ്ട് ഞങ്ങള്‍ വായില്‍തോന്നിയത് പറഞ്ഞുപറഞ്ഞ് വീണ്ടും ക്ഷീണിച്ചു. എങ്ങനെയോ കൊല്ലൂരെത്തി ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് നേരെ മല കയറാം എന്ന് തീരുമാനിച്ചു. മുകളിലേക്ക് ജീപ്പില്‍ പോകാം പിന്നെ ട്രെക്ക് ചെയ്തും പോകാം. ഫിസിക്കല്‍ തിയേറ്റര്‍ ഒക്കെ ചെയ്ത് ശരീരം ഒക്കെ ഉഷാറാക്കി വച്ചിരിക്കുന്നവര്‍ ജീപ്പില്‍ പോകേണ്ട കാര്യമില്ലല്ലോ, പോരാത്തതിന് കയ്യില്‍ വല്യ നീക്കിയിരുപ്പും ഇല്ല. ജീപ്പില്‍ തലയൊന്നിന് കാശു കൊടുക്കണം. ഞങ്ങള്‍ക്ക് മുന്നേ നടന്നു മരിച്ചുവീണ എല്ലാ മനുഷ്യജീവികളുടെയും യാത്രകളുടെ മുഴുമിപ്പ് ഞങ്ങളുടെ ഈ കയറ്റത്തിലാണെന്ന് ഞങ്ങള്‍ വിശ്വസിച്ചതുപോലെ, പരസ്പരം ഒന്നുനോക്കി ഉറപ്പുവരുത്തേണ്ട ആവശ്യം പോലുമില്ലാതെ ഞങ്ങള്‍ ഒറ്റമനസായി.

കുറേക്കാലത്തിനു ശേഷം ഞാന്‍, ഞങ്ങള്‍ എന്ന ഒറ്റയാളിലേക്ക് പരിണമിക്കപ്പെട്ടു. ആരോ ചൂണ്ടിക്കാണിച്ച വഴിയിലൂടെ ഞങ്ങള്‍ മല കയറാന്‍ തുടങ്ങി. ആദ്യത്തെ ഒരു മണിക്കൂര്‍ കാട്ടിലെ കറുത്ത പച്ചയ്ക്കിടയില്‍ തെളിഞ്ഞു നിന്നിരുന്ന ചുവന്ന പാമ്പുവഴിയിലൂടെ എന്തിയും വലിഞ്ഞും മുന്നേറി. കയറ്റം കഠിനമായി തുടങ്ങിയപ്പോള്‍ കിതച്ചുകിതച്ച് നടത്തത്തിന്റെ വേഗത കുറഞ്ഞു വന്നു. കയ്യില്‍ ഒരു ബോട്ടില്‍ വെള്ളം പോലുമില്ലാതെയാണ് കയറിയതെന്ന് ദാഹിച്ചപ്പോഴാണ് വെളിവ് വീണത്. കയറ്റത്തിനിടെയുള്ള ഏതോ ഒരു കണ്ണടയ്ക്കലില്‍ കാട് പെട്ടെന്ന് കറുക്കുകയും ചെയ്തു. ഉള്ള കുറച്ചു വെട്ടത്തില്‍ എങ്ങനെയെങ്കിലും മുകളിലെത്താം എന്ന് കരുതി ഞങ്ങള്‍ അടിക്കാട് നീക്കി അതിനുള്ളില്‍ പതിഞ്ഞു കിടന്ന വഴി തിരഞ്ഞു പിടിക്കാന്‍ ശ്രമം തുടങ്ങി. കാരണം ഉള്ളില്‍ കയറുന്തോറും കുറെയായി ആരും ഉപയോഗിക്കാത്തത് പോലെ പലയിടത്തും വഴിക്കു മുകളില്‍ ചെടികള്‍ ചാഞ്ഞു പടര്‍ന്നുതുടങ്ങിയിരുന്നു. പലയിടത്തും ഞങ്ങള്‍ സംശയിച്ചു നില്ക്കാന്‍ തുടങ്ങി. വേലിപ്പരുത്തിയുടേത് പോലുള്ള ചെറുചെടിയിലെ നേര്‍ത്ത മുള്ളുകള്‍ ഞങ്ങളുടെ പൈജാമകളില്‍ ആവേശത്തോടെ കൊത്തി. കാട് വീണ്ടും ഇരുണ്ടു. കുറെ മുന്നേ വരെ ഞങ്ങള്‍ ജീവിച്ചിരുന്ന ലോകം പൊടുന്നനെ മുഴുവനായി ഇല്ലാതായതായി തോന്നി. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ തന്നെ പേടി തോന്നി.

ALSO READ

സെക്‌സിന്റെയും സദാചാരത്തിന്റെയും ബാധ്യത ലൈംഗിക തൊഴിലാളികളുടെ തലയില്‍ വെക്കരുത്

മൂന്നുപേരുടെ കാല്‍പ്പതനങ്ങള്‍ മൂവ്വായിരമായി ഇരട്ടിച്ചത് പോലെ. ഞങ്ങള്‍ക്ക് ഞങ്ങളെ തന്നെ പേടി തോന്നി. ഇടയ്ക്കു ഏതോ രാപ്പക്ഷി ശക്തമായ ചിറകടിയോടെ കാടുകുലുക്കി പറന്നു. കൊടും വനത്തില്‍ അകപ്പെട്ടെന്നു തോന്നും വിധം ഏതോ നിശാവേട്ടക്കാരനായ മൃഗം മുരണ്ടതായി ഞങ്ങള്‍ക്ക് തോന്നി. ഞങ്ങള്‍ അനങ്ങാതെ നിന്നു ചുറ്റും നോക്കി. കാടിനുള്ളിലെ ചെറിയൊരു മൈതാനം എന്ന് തോന്നിക്കും വിധം വൃത്താകൃതിയില്‍ മരങ്ങളില്ലാതെ തുറന്ന ഒരിടത്ത് എത്തിനില്‍ക്കുകയാണ്. ഞങ്ങള്ക്കു പരസ്പരം കാണാനായി. ഞങ്ങള്‍ക്ക് മുകളില്‍ മേഘങ്ങള്‍ക്കിടയില്‍ നിന്നും പൂര്‍ണ്ണചന്ദ്രന്‍ മുഴുവനായി പുറത്തുവന്നു. ആ വെളിച്ചം കൊണ്ട് വന്ന ബോധ്യം ഇതായിരുന്നു- ആ വൃത്തത്തിന്റെ 360 ഡിഗ്രിയില്‍ എവിടെയോ ആണ് ഞങ്ങള്‍ക്ക് പോകേണ്ട വഴി. ഒരു കെണി പോലെ ആ വൃത്തത്തിനു ചുറ്റും തഴച്ചു കിടക്കുന്ന അടിക്കാട്. നിലാവ് തെളിയിച്ച വൃത്തത്തിനുപുറത്തെ ഇരുട്ടില്‍ ചാടിവീഴാനായി പതുങ്ങി നില്‍ക്കുന്ന ജന്തുക്കളെ കണ്ടതുപോലെ എന്റെ കൂട്ടുകാരന്‍ ഇരുട്ടിലേക്ക് മിഴിച്ചു നോക്കുന്നുണ്ടായിരുന്നു.
"പെട്ടല്ലോ.. നമ്മളില്‍ ഒരാള്‍ ചത്താല്‍ പിന്നെ ബാക്കി ഉള്ളവര്‍ പുറത്തു പോകാതിരിക്കുന്നതാണ് ബുദ്ധി.' 
നേരം വെളുക്കുന്നതു വരെ കാത്തിരുന്നാല്‍ ജീവന്‍ ബാക്കി ഉണ്ടാകുമോ എന്ന ഭയത്തില്‍ ഞങ്ങള്‍ വൃത്തം വലംവെച്ച് കയ്യിലിരുന്ന നീണ്ട കമ്പുകള്‍ വകഞ്ഞ് വഴിതിരയാന്‍ തുടങ്ങി. അര-മുക്കാല്‍ മണിക്കൂര്‍ തിരഞ്ഞിട്ടും ഒന്നും തിരിയുന്നില്ല. എന്റെ കൂട്ടുകാര്‍ രണ്ടുപേരും വഴി തിരയുമ്പോള്‍ ആ നിലാവെട്ടത്തില്‍ നിന്ന് മരിച്ചാല്‍ തന്നെയെന്ത് ഒരുനിമിഷം എനിക്ക് തോന്നി. തിരികെ ചെന്നാല്‍ മല്ലിടേണ്ട ജീവിതം എന്ന വസ്തുവിന്റെ ചളിപ്പിനെക്കുറിച്ചോര്‍ത്ത് എനിക്ക് ഞങ്ങളോട് കഷ്ടം തോന്നി. വിശന്നു വലഞ്ഞ ഏതോ ജന്തുവിന്റെ പ്രാര്‍ത്ഥനയാണ് ഞങ്ങളെ അവിടെക്കൊണ്ടെത്തിച്ചത് എന്ന് കരുതി ഞാന്‍ വെളിച്ചത്തില്‍ കുളിച്ച് അനങ്ങാതെ നിന്നു.
""ദേ.. ഇതിനിടയില്‍ക്കൂടി നടന്നു നോക്കാം. ഏതു കാടിനും ഒരു അവസാനം ഉണ്ടല്ലോ.''
ഞങ്ങളുടെ സുഹൃത്ത് അടിക്കാട് വകഞ്ഞ് നടന്നു തുടങ്ങി. ഞങ്ങളും കൂടെ നടന്നു. സമയമെത്രയെന്നറിയാന്‍ ഞങ്ങളുടെ കയ്യില്‍ ഒരു സാമഗ്രിയും ഉണ്ടായിരുന്നില്ല. അന്നൊക്കെ കാമ്പസില്‍ തന്നെ ഒരാള്‍ക്കോ മറ്റോ ആണ് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. എന്റെ കൂട്ടുകാര്‍ വഴി കണ്ടു പിടിക്കാന്‍ ശ്രമിക്കുന്ന വേളയില്‍ ഞാന്‍ ഒരു വഴി തുറന്നുകിട്ടേണ്ട ആവശ്യത്തിനെത്തന്നെ മറന്നുപോയിരുന്നു. കാട്ടില്‍ത്തന്നെ ജനിച്ചു വീണൊരു ജീവിയെപ്പോലെ ശാന്തയായി കൂറ്റന്മരങ്ങള്‍ക്കിടയില്‍ക്കൂടി അരിച്ചിറങ്ങിയ നിലാവില്‍ കാട് തിളങ്ങുന്നത് ഞാന്‍ കണ്ടു. ഞങ്ങള്‍ കയറിക്കൊണ്ടുതന്നെയിരുന്നു. വേദന കൊണ്ട് കാല്‍വണ്ണകളും തുടകളും വയറും വേദനിച്ചു. ഞങ്ങള്‍ നടക്കുന്നതുവിട്ട് വലിഞ്ഞു കയറുകയാണ് ചെയ്തുകൊണ്ടിരുന്നത്. വഴിതെറ്റിയെന്ന് കരുതി എന്റെ കൂട്ടുകാര്‍ നിരാശരായനേരം മുകളില്‍ നിന്നും നേരിയ ശബ്ദങ്ങള്‍ അരിച്ചുവന്നു. ഞങ്ങള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി. കുറെ ദൂരെയായി വെളിച്ചം കാണുന്നു. മനുഷ്യര്‍ സംസാരിക്കുകയാണ്. ഞങ്ങള്‍ പരന്ന ഒരു കൂറ്റന്‍ പാറയില്‍ കിതച്ചുകൊണ്ട് കിടന്നു. മറ്റേതു കാട്ടുമൃഗത്തെയും പോലെ കാട് ഞങ്ങള്‍ക്ക് പരിചിതമായി തോന്നി. സുഹൃത്ത് കഞ്ചാവ് തെറുത്ത് സിഗററ്റിനകത്താക്കി തീ പിടിപ്പിച്ചു. ഞങ്ങളത് ഊഴം വച്ച് വലിച്ചു പുകവിട്ടു. ശാന്തരായി മരങ്ങളുടെ ഇരുണ്ട മേലാപ്പിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നത് നോക്കിക്കിടന്നു. എനിക്ക് വയറുവേദനിച്ചു. അകത്ത് എന്തൊക്കെയോ പൊട്ടിത്തകരുന്നു. ആലസ്യത്തോടെ ഞാന്‍ കിടന്നകിടപ്പില്‍ ഞരങ്ങി. ഞാനെത്തിപ്പെടേണ്ട ഇടത്തെത്തിയത് പോലെ എന്റെ ഭാരം കുറഞ്ഞതായി എനിക്ക് തോന്നി. ഒറ്റതിരിച്ചിലില്‍ ഞാന്‍ കിടന്നയിടം ഒരറ്റമാണെന്നു പെട്ടെന്നെനിക്ക് തോന്നി. ഞാന്‍ വശത്തേക്ക് ചരിഞ്ഞതും വലിയൊരു മലയുടെ കൊക്കയിലേക്ക് വിരിച്ചിട്ടിരിക്കുന്ന നിലാവ് കണ്ടു. അടുത്തനിമിഷം ചരിഞ്ഞു കൊക്കയിലേക്ക് ഉരുണ്ടുപോകുമെന്നു ഭയന്ന് ഞാന്‍ നീങ്ങികിടന്നു. 

yama 7

അകലെ ഇരുട്ടില്‍ പൊട്ടിത്തകരുന്ന വെള്ളച്ചാട്ടത്തിന്റെ ഇരപ്പ് കോടമഞ്ഞിന്റെ തണുപ്പില്‍ പുതഞ്ഞു നിന്നു. ശരീരം തണുത്തുവിറയ്ക്കുന്നത് പോലും ഞങ്ങള്‍ അപ്പോഴാണറിഞ്ഞത്. അവിടെ നിന്നെണീറ്റ് നടന്ന് അരമണിക്കൂറില്‍ ഞങ്ങള്‍ മുകളിലെ സത്രത്തിലെത്തി. സന്യാസിമാരെപ്പോലെ തോന്നിച്ച അവിടത്തെ നടത്തിപ്പുകാര്‍ ഞങ്ങളെ നോക്കി വായും പൊളിച്ചു നിന്നു. ആദിശങ്കരന്‍ തപസിരുന്നുവെന്നു പറയുന്ന സര്‍വജ്ഞപീഠം കാണാന്‍ വന്നവര്‍ അവിടെ പലയിടത്തായി ജമുക്കാളം പുതച്ചു കിടപ്പുണ്ട്. 

""ഈ നേരത്ത് നിങ്ങളെ ഇതുവഴി ആരാണ് പറഞ്ഞു വിട്ടത്? ബോധം ഉള്ള ആരെങ്കിലും ഈ ഇരുട്ടത്ത് കാടു കയറുമോ? മൃഗങ്ങള്‍ ഒക്കെ ഇറങ്ങുന്ന കാടാണ്.''

നടത്തിപ്പുകാരില്‍ മലയാളം അറിയുന്ന ഒരാള്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങളെ കടന്നു പോകുന്നവരെല്ലാം പ്രേതത്തെ കാണുന്നത് പോലെ വായ തുറന്നു പിടിച്ചു. ഞങ്ങള്‍ക്ക് അവര്‍ തണുത്ത വെള്ളച്ചോറും പരിപ്പുകറിയും വിളമ്പി. തണുത്ത സിമന്റ് തറയില്‍ നേരത്തെ കിടന്നിരുന്നവരെ വശങ്ങളിലേക്ക് തള്ളിമാറ്റി ഇടമുണ്ടാക്കി മൂന്നു മരത്തടികള്‍ പോലെ ഞങ്ങള്‍ ചേര്‍ന്ന് കിടന്നു. എന്റെ കൂട്ടുകാര്‍ കിടന്നപാടേ ഉറങ്ങിയത് ഞാനറിഞ്ഞു. ആ സത്രത്തിലും കുന്നിലുമായി ഞാനല്ലാതെ മറ്റൊരു പെണ്ണും ഇല്ലെന്നു ഞാന്‍ ഓര്‍ത്തു. ഇരുട്ടത്ത് മൂത്രം ഒഴിക്കാന്‍ എണീറ്റവര്‍ തൂങ്ങിത്തൂങ്ങി നടന്നു പോകുന്നതുകണ്ട് ഞാന്‍ വിറച്ചുവിറച്ചു കിടന്നു. ഇത്രമാത്രം ആണുങ്ങള്‍ എന്ത് നേടാനാണ് മല കയറുന്നത്? ശങ്കരാചാര്യര്‍ക്കു മല കയറിക്കിട്ടിയ ജ്ഞാനം എന്താണ്? ഉള്ളില്‍ക്കിടന്നു തിളയ്ക്കുന്ന ജീവോര്‍ജ്ജത്തെ ശമിപ്പിക്കാന്‍ കണ്ടുപിടിച്ച വഴിയാകും ആണുങ്ങളുടെ മലകയറ്റങ്ങള്‍. ശരീരത്തെ തളര്‍ത്തിക്കഴിയുമ്പോള്‍ ആരിലും ബാക്കിയാവുക ഒരുറക്കം മാത്രമാകും. ആണും പെണ്ണും അമ്മയുടെ വയറ്റിലെന്ന പോലെ ഏകാന്തരായി ശാന്തരായി ഉറങ്ങും.
അടുത്ത ദിവസം വെളുപ്പാന്‍കാലത്ത് ഉണര്‍ന്ന് ആണുങ്ങളുടെ മൂത്രം നാറുന്ന കക്കൂസില്‍ പോയി കാര്യം സാധിച്ചു. വായില്‍ വെള്ളം കുലുക്കിക്കുത്തി ഉഴിഞ്ഞ് സത്രത്തിലെ കാപ്പിയും ബണ്ണും വാങ്ങി കഴിച്ച് ഞങ്ങള്‍ സർവജ്ഞപീഠം കയറി. ഇനി മുകളിലേക്ക് ആകാശമേയുള്ളൂ എന്ന് തോന്നും വിധം നിലംതൊട്ട് കോടയിറങ്ങിക്കിടന്നു. രാവിലെ അവിടെ ആരും എത്തിയിട്ടുണ്ടായിരുന്നില്ല.

സത്രത്തിലെ നടത്തിപ്പുകാരിലൊരാള്‍ പറഞ്ഞ അറിവ് വച്ച് ഞങ്ങള്‍ സൗപർണികാ നദിയുടെ ഉദ്ഭവസ്ഥാനമായ ചിത്രമൂല തേടി ചെങ്കുത്തായ ഇടുക്കുകള്‍ ഇറങ്ങി. ഇടയ്‌ക്കെപ്പോഴോ ഞങ്ങളുടെ കൂടെ കൂടിയ രണ്ടു നായ്ക്കള്‍ കാവല്‍ക്കാരെപ്പോലെ ഞങ്ങളെ അനുഗമിച്ചു. മനുഷ്യരുടെ ഏകാന്തയാത്രകളില്‍ മുജ്ജന്മ ബന്ധം പോലെ നായകള്‍ പിന്തുടരുന്നു. മുഴുവന്‍ മല കയറിയതിലും കൂടുതല്‍ ബുദ്ധിമുട്ട് ചിത്രമൂലയില്‍ എത്താനായിരുന്നു. ആ ഭൂപ്രദേശത്ത് കയറിയിറങ്ങി നടക്കുമ്പോള്‍ ഞാന്‍ ഒരു സ്ത്രീയെ അനുഭവിച്ചു. സൗപര്‍ണ്ണികയുടെ ഉറവപൊട്ടുന്നതു കണ്ടുനിന്നപ്പോള്‍ എനിക്ക് വീണ്ടും വയറു വേദനിച്ചു.

രണ്ടുതുടകളിലേക്കും വേദന ഇരമ്പിയിറങ്ങി. തലേ ദിവസത്തെ കയറ്റം ശരീരത്തെ തകര്‍ത്തുകളഞ്ഞോ എന്നോര്‍ത്ത് ഞാന്‍ തുടകള്‍ തടവി. എന്റെ സുഹൃത്തുക്കള്‍ ദൂരെ മൂകാംബികാക്ഷേത്രം ചൂണ്ടിക്കാണിച്ചു. ചിത്രമൂലയ്ക്കകത്തിരുന്ന് ശിവഭഗവാന്‍ മൂകാംബികയെ നോക്കിയിരിക്കുകയാണെന്ന് ആരോ ഞങ്ങളോട് പറഞ്ഞിരുന്നു. രണ്ടു തേജോശക്തികള്‍ വെറുതെ നോക്കിയിരിക്കുന്നു. അനാദികാലം മുതല്‍ക്കേ. പ്രേമമായിരിക്കുമോ? അതോ കാമമോ? തിരികെ കുന്നിറങ്ങുമ്പോള്‍ വയറുവേദന കാരണം ഞാന്‍ ചുരുങ്ങി. എന്റെ കൂടെയുള്ള ആണുങ്ങള്‍ ക്ഷീണത്തോടെ കൈ വീശി നടന്നു. മലയടിവാരം വരെ ജീപ്പ് റോഡിലൂടെ നടക്കാമെന്നുറച്ചു. കാലുകള്‍ ക്ഷീണവും വേദനയും കൊണ്ട് മുന്നോട്ട് ചലിക്കുന്നതായി തോന്നിയില്ല. വഴിയിലെങ്ങാനും ഇരുന്നാലോ എന്നാലോചിച്ച നേരം ഒരു പഴഞ്ചന്‍ വാന്‍ ഞങ്ങളുടെ അടുത്ത് നിര്‍ത്തി. വാതില്‍ തുറന്നു ഞങ്ങളോട് വരുന്നോ എന്ന് ചോദിച്ചു. ഞങ്ങള്‍ താമസിച്ച സത്രത്തിലെ നടത്തിപ്പുകാരാണ്.. ഹിപ്പി കമ്മ്യൂണിന്റെ ഇന്റേണ്‍ഷിപ്പിനു പോയതാണോ എന്നുതോന്നും വിധമുള്ള വേഷം ധരിച്ച ഞങ്ങളെ അവര്‍ കൗതുകത്തോടെ നോക്കി. ഞങ്ങള്‍ പലജാതിമതത്തില്‍ ജനിച്ചുപോയവരാണ്. ഫാഷന്റെ ഗുണം അതാണ്. അത് നിങ്ങളിലെ ജാതിമത വ്യത്യാസം പ്രത്യക്ഷത്തിലെങ്കിലും മറച്ചു പിടിക്കും. ഞങ്ങള്‍ തലേദിവസം കാടുകയറി വന്നത് പറഞ്ഞ് വണ്ടിയിലുണ്ടായിരുന്നവര്‍ വീണ്ടും അത്ഭുതപ്പെട്ടു. ആ നിലയ്ക്ക് കൊടുംകാട്ടില്‍ ഒറ്റയ്ക്ക് കയറിപ്പോയ ശങ്കരാചാര്യരെ സമ്മതിക്കേണ്ടി വരും എന്ന് എന്റെ സുഹൃത്ത് അഭിപ്രായപ്പെട്ടു. "

ALSO READ

ആണ്‍കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചതിന് സദാചാര ക്ലാസ്, പരാതിപ്പെട്ടതിന് സസ്‌പെന്‍ഷന്‍

"ഇന്നത്തെ കാടല്ലല്ലോ അന്നത്തെ കാട്.''
വാന്‍ ഞങ്ങളെ കൊല്ലൂര്‍ ഇറക്കി വിട്ടു. നിരനിരയായി കാണപ്പെട്ട തട്ടുകടകളില്‍ ഒന്നില്‍ തലമുണ്ഡനം ചെയ്ത ഒരു വിധവ ചൂട് ഇഡ്ഡലി പുഴുങ്ങി വിളിക്കുന്നുണ്ടായിരുന്നു. വിശന്നു തളര്‍ന്ന ഞങ്ങള്‍ വയറു നിറച്ച് ഇഡ്ഡലിയും സാമ്പാറും വാങ്ങിത്തിന്നു. "അവിടം വരെ ചെന്നിട്ട് അമ്പലത്തില്‍ കയറാതെ പോകുന്നതെങ്ങനെ?'ഞാനും സുഹൃത്തുക്കളും സൗപര്‍ണ്ണികയിലേക്കു നടന്നു. അവിടെ തണുപ്പിലേക്ക് ഇറങ്ങിവന്ന സൂര്യപ്രകാശം നിങ്ങള്‍ക്ക് മുകളില്‍ ക്ഷീണിച്ചു നിന്നു. മുതലകളെപ്പോലെ വെള്ളത്തില്‍ അങ്ങിങ്ങായി മുങ്ങിക്കിടക്കുന്ന ഭക്തരില്‍ നിന്ന് മാറി ഒരു മരത്തണലിനടിയിലെ വെള്ളത്തില്‍ ഞങ്ങള്‍ ഇരുന്നു. ഞങ്ങള്‍ വെള്ളത്തില്‍ കിടന്നുറങ്ങുകയാണുണ്ടായത്. ശരിക്കും അതൊരു തീര്‍ത്ഥയാത്ര ആണെന്ന് ഞാനപ്പോള്‍ സംശയിച്ചു. ദൈവങ്ങളെ അന്വേഷിക്കാതെ തന്നെ പാവനമായിത്തീര്‍ന്ന യാത്ര. വെള്ളത്തില്‍ കിടന്ന നേരം എനിക്കെന്റെ ഉള്ളിലെ ഭാരങ്ങളെല്ലാം പുറത്തേക്കൊഴുകുന്നതായി തോന്നി. ഞാന്‍ വെറുതെ വിരലുകള്‍ കൊണ്ടെന്റെ തുടകള്‍ക്കിടയില്‍ തൊട്ടു നോക്കി. വഴുവഴുത്ത ദ്രാവകം സൗപര്‍ണ്ണികയിലേക്കു കലരുന്നു. എനിക്ക് ചുറ്റും വെള്ളത്തില്‍ മുങ്ങിക്കിടന്ന പുരുഷന്മാരെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. ഭക്തിയില്‍ മുങ്ങി നിന്ന അവരാരും എന്നെക്കണ്ടില്ല. 
""ഞാനാണ് ദേവി.'' എന്ന് പറഞ്ഞതവര്‍ കേട്ടില്ല. 
വെള്ളത്തില്‍ നിന്ന് പുറത്തു വന്നപ്പോള്‍ വീണ്ടും ഞാനൊരു സാധാരണ സ്ത്രീയായി. ഒരു ലോഡ്ജില്‍ ഒരു മണിക്കൂറിനുള്ള കാശു കൊടുത്ത് വസ്ത്രങ്ങള്‍ മാറി ഞങ്ങള്‍ പുറത്തിറങ്ങി. എന്റെ കൂടെയുള്ളവര്‍ രണ്ടുപേരും അമ്പലത്തില്‍ കയറിയപ്പോള്‍ ഞാന്‍ പുറത്തു നിന്നിരുന്ന കുട്ടിയാനയുടെ മുന്നില്‍പ്പോയി നിന്നു. 
""എന്നെകാണാനാണ് അവര്‍ അകത്തു കയറിയത്. ഞാന്‍ പുറത്താണെന്ന കാര്യം മിണ്ടണ്ട.'' ഞാന്‍ ആനയോട് പറഞ്ഞു. അത് തലയാട്ടി. കുറേക്കഴിഞ്ഞ് നെറ്റിയിലും കഴുത്തിലും നിറയെ കളഭവുമായി എന്റെ കൂട്ടുകാര്‍ പുറത്തു വന്നു. 
തിരികെ കാമ്പസിലെത്തിയ ഞങ്ങള്‍ വീണ്ടും പഴയ ഞങ്ങളായി. അല്ലെങ്കില്‍ ആ കാമ്പസ് വീണ്ടും ഞങ്ങളെ പഴയതാക്കി. കാടും മലയും ഇരുട്ടും ഭയവും തന്ന ആദിമചൈതന്യം വീണ്ടും മങ്ങിത്തുടങ്ങി.

മുന്‍പ് പഠിച്ചു പോയൊരുത്തന്‍ എംഫിലിന് അപേക്ഷിക്കാന്‍ വന്നിരിക്കുകയാണ്. ശിങ്കിടികള്‍ കുറെ അയാള്‍ക്കുചുറ്റും കൂടിയിട്ടുണ്ട്. തങ്ങള്‍ക്കു മുന്നേ പഠിച്ചുപോയവര്‍ മഹാന്മാരാണെന്ന് ഓരോ പുതിയ കലാവിദ്യാർഥിയും വെറുതെ വിചാരിക്കുന്നു. കാമ്പസില്‍ ഇടയ്ക്കിടെ വരുന്ന പൂര്‍വവിദ്യാര്‍ഥികള്‍ പൊടിപ്പും തൊങ്ങലും വച്ച് പറയുന്ന വീരകഥകള്‍ കേള്‍ക്കാന്‍ ആരാധകര്‍ ഒരുപാടുണ്ടാവും. മരച്ചുവട്ടിലിരിക്കുന്ന മഹാന്‍ എന്നെപ്പറ്റി വേണ്ടാത്തത് പറഞ്ഞു നടക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

""ഈയിടെ പെണ്ണുങ്ങള്‍ക്ക് ട്രെയിനില്‍ പോകാന്‍ പറ്റാതായിട്ടുണ്ട്.?'' ഞാന്‍ മരച്ചുവട്ടില്‍ ഒരിടത്തായിരിക്കുന്നത് അയാള്‍ കുറെയായി ശ്രദ്ധിക്കുന്നു.
""ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ എന്താ ചേട്ടാ പ്രശ്നം?'' ഒരു ശിങ്കിടി ആരായുന്നു.
""ഭയങ്കര ലെസ്ബിയന്‍ ഉപദ്രവം അല്ലെ?'' പറഞ്ഞവഴിക്ക് അയാള്‍ എന്നെ ഒളികണ്ണിട്ട് നോക്കുന്നു.
അതെന്തു ജീവിയാണെന്ന് അറിയാത്ത ഒരു ചിന്ന ശിങ്കിടി വായപൊളിച്ച് അയാളെ നോക്കുന്നു. അന്നൊക്കെ ലെസ്ബിയന്‍ എന്നൊക്കെ കേട്ടവര്‍ തന്നെ വിരളം.
""അത് നിങ്ങള്‍ക്കെങ്ങനെ അറിയാം. നിങ്ങള്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലാണോ യാത്ര?'' ഉടക്കാന്‍ തന്നെ ഞാന്‍ ചോദിച്ചു. 
""എന്നെന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്.'' അയാള്‍ വഷളന്‍ ചിരി ചിരിച്ചു. 
ഞാന്‍ എണീറ്റുപോയി അയാളുടെ തൊട്ടുമുന്നില്‍ മൂക്കിന് തുമ്പത്ത് തൊട്ടു തൊട്ടില്ല എന്ന് പറഞ്ഞു നിന്നു. വെളുത്ത് ചുവന്ന മുഖത്ത് രക്തം പൊടിഞ്ഞു.
""താന്‍ എത്ര പെണ്ണുങ്ങളുടെ കൂടെ കിടന്നിട്ടുണ്ട്? അല്ല പോട്ടെ, മര്യാദയ്ക്ക് സംസാരിച്ചിട്ടുണ്ട്?'' അയാള്‍ ഭയന്ന് എന്നെ തൊടാതിരിക്കാന്‍ ശ്രദ്ധിച്ച് എണീറ്റ് നിന്നു. 
""അയ്യോ ഞാന്‍ ഒന്നും പറഞ്ഞില്ലേ..'' ധിറുതിയില്‍ മുണ്ടിന്‍തല കയ്യില്‍ മാടി തിരിഞ്ഞു നോക്കാതെ അയാള്‍ നടന്നുപോയി. ശിങ്കിടികള്‍ പലവഴിക്ക് കൊഴിഞ്ഞു.
"മൂഷിക സ്ത്രീ വീണ്ടും മൂഷികസ്ത്രീ തന്നെ' എന്ന് എന്നെപ്പറ്റിയാവും ഒരുപക്ഷെ പറഞ്ഞത് എന്നെനിക്കു തോന്നി. മോക്ഷവും പരിപാവനത്വവും ഒന്നും എന്നെപ്പോലെ ഉള്ള പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. മല കേറിയാല്‍ ശങ്കരന് കൊള്ളാം. വേദവും ഗാന്ധിയുടെ അഹിംസയും കൊണ്ട് നടന്നാല്‍ ആള്‍ക്കാര്‍ എന്നെ പിച്ചിപ്പറിക്കും. അതുകൊണ്ട് നടനടേ നടനട തന്നെ. ഞാന്‍ പോയ പുണ്യസ്ഥലങ്ങള്‍ ഒക്കെയും എന്റെ ശരീരത്തിനും ജീവിതത്തിനും പുറത്ത് മറ്റെവിടെയോ ആണ് എക്കാലവും നിലകൊണ്ടത്. പൊട്ടിപ്പൊളിഞ്ഞതെങ്കിലും ചലനം സ്വപ്നം കാണുന്നൊരു കേടായ ചക്രം എന്റെ ശിരസ്സിനു മുകളില്‍ ഞാന്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നു. നിങ്ങള്‍ പോകുന്ന വഴിവക്കില്‍ എവിടെയെങ്കിലും പൊട്ടിപ്പൊളിഞ്ഞൊരു ചക്രം വീണുകിടക്കുന്നത് കണ്ടാല്‍ ഒരു ബഹിഷ്‌കൃതയുടെ ജീവിക്കാനുള്ള ആസക്തിയെപ്രതി അതൊരിക്കല്‍ ദിക്കുകള്‍ വകവയ്ക്കാതെ പാഞ്ഞുനടന്നിരുന്നു എന്നോര്‍ക്കണം.▮

(ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 09-തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം. ലേഖനം ഓഡിയോ രൂപത്തില്‍ കേള്‍ക്കാനും, സമാനമായ മറ്റു ലേഖനങ്ങള്‍ വായിക്കാനും ട്രൂകോപ്പി വെബ്‌സീന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.)

  • Tags
  • #Yama
  • #Truecopy Webzine
  • #Gender
  • #Art
  • #Artist
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 Vivan-Sundaram

Obituary

പി.പി. ഷാനവാസ്​

കലയിലൂടെ ജനങ്ങളോട്​ സംസാരിച്ച വിവാൻ സുന്ദരം

Mar 29, 2023

4 Minutes Read

 AL-Nisa.jpg

Gender

ബീവു കൊടുങ്ങല്ലൂർ

മുസ്​ലിം സ്​ത്രീയുടെ സ്വത്തവകാശം: പൗരോഹിത്യ നിയമങ്ങളുടെ കാവൽക്കാരാകുന്നത്​ എന്തിന്​?

Mar 29, 2023

5 Minutes Read

Kerala Kitchen

Women Life

മുഹമ്മദ് അബ്ബാസ്

നമ്മുടെ സ്​ത്രീകളുടെ നോമ്പുകാല ജീവിതത്തെക്കുറിച്ച്​, വേദനയോടെ...

Mar 26, 2023

8 Minutes Read

iuml

Gender

റഫീക്ക് തിരുവള്ളൂര്

പെണ്ണുങ്ങള്‍ക്ക് ആണുങ്ങളേക്കാള്‍ മെമ്പര്‍ഷിപ്പുള്ള പാര്‍ട്ടി, പക്ഷേ...

Mar 19, 2023

4 Minutes Read

12

Gender

എന്‍.സുബ്രഹ്മണ്യന്‍

മുസ്‌ലിം സ്ത്രീ മുന്നേറ്റത്തെ യൂനിഫോം സിവില്‍കോഡ് വാദമായി മുദ്രകുത്തുന്നവരോട്

Mar 16, 2023

5 Minutes Read

2

Technology

Truecopy Webzine

ചാറ്റ് ജിപിടി; നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടോ നിങ്ങള്‍ മനുഷ്യരുടെ തൊഴില്‍ കളയുമോ?

Mar 13, 2023

2 minutes Read

cover

Society

അജിത്ത് ഇ. എ.

തല്ലിക്കൊല്ലുന്ന സദാചാരം, കൊന്നിട്ടും തല്ലുന്ന സൈബര്‍ സദാചാരം

Mar 11, 2023

6 Minutes Read

Deepan Sivaraman

Interview

ദീപന്‍ ശിവരാമന്‍ 

നാടക സ്കൂളുകൾ തിങ്കിങ്ങ് ആർടിസ്റ്റിനെ മായ്ച്ചു കളയുന്ന സ്ഥാപനങ്ങളാണ്

Mar 10, 2023

17 Minutes Watch

Next Article

‘ഡോക്​ടേഴ്​സ്​ ഡേ’യിൽ മറക്കാൻ പാടില്ലാത്ത ഒരു പേര്​, ഡോ. ബിനായക്​ സെൻ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster