റഹുൽ ഹസന്റെ ശുചിത്വ ഭാരത ജീവിതം

ഡൽഹിയിലെ ഗാസിപുരിൽ 65 മീറ്റർ ഉയരത്തിൽ, 40 ഏക്കർ വിസ്തീർണത്തിലാണ് മാലിന്യമല. നൂറുകണക്കിന് ട്രക്കുകളിലായാണ് ദിനംപ്രതി ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. അതിന്റെ ഉയരം താജ്മഹലിനോളം എത്താൻ പോകുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ആയിരക്കണക്കിന് മനുഷ്യരാണ് ഈ മാല്യന്യമലക്ക് ചുറ്റും താമസിക്കുന്നത്. മറ്റിടങ്ങളിൽ നിന്ന് തൊഴിൽ തേടി വന്ന ദളിതരും മുസ്‌ലിംകളുമാണ് മഹാഭൂരിപക്ഷവും. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ക്രമേണ എല്ലാം നിശബ്ദമായി

Delhi Lens

‘മീശമുളക്കുന്നതിന് മുമ്പേ എത്തിയതാണ് ഡൽഹിയിൽ. എത്തിയ വർഷം പോലും വ്യക്തമായി ഓർമയില്ല. പല പണികൾ മാറിമാറി ചെയ്തു. വർഷങ്ങൾ കടന്നുപോയി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നെയും കാലങ്ങൾ കുറെ എടുത്തിട്ടാണ് ഇവിടെ എത്തിപ്പെട്ടത്. അന്നൊക്കെ 10 രൂപക്ക് വരെ പണി എടുത്തിട്ടുണ്ട്. ഇപ്പോഴത് 500 ആയി എങ്കിലും ഡൽഹിയിലെ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. കിട്ടുന്ന പൈസ ആശുപത്രിയിൽ കൊടുക്കാൻ പോലും തികയാത്ത അവസ്ഥ. ഏകദേശം 25 വർഷങ്ങൾക്ക് മുൻപാണ് ഈ മാലിന്യമലക്കരികിൽ എത്തിപ്പെടുന്നത്. അന്നൊക്കെ ചെറിയൊരു മാലിന്യക്കൂന മാത്രമായിരുന്നു. അവിടെ നിന്നാണ് ഈ രീതിയിൽ വളർന്നത്. ആയിരത്തിനടുത്ത് മാലിന്യം നിറച്ച ലോറികൾ വരെ ഇവിടെ എത്തിയിരുന്നു. ജീവിക്കാൻ ഒരു രക്ഷയും ഇല്ലാത്ത അവസ്ഥയാണ്. ചോറിലും വെള്ളത്തിലും വരെ ഈച്ചകളും പേരറിയാത്ത കീടങ്ങളുമാണ്. കൂട്ടിയിട്ട മാലിന്യത്തിന്റെ പോലും വില ഇവിടെ താമസിക്കുന്ന മനുഷ്യന് കിട്ടുന്നില്ല'.

സംസാരത്തിനിടക്ക് റഹുൽ ഹസൻ പുറകിലെ മാലിന്യമലയിലേക്ക് നോക്കി ക്രോധം കൊണ്ട് തെറിവിളിക്കുന്നുണ്ടായിരുന്നു.

നിസ്സഹായനായ ആ മനുഷ്യന് അതുമാത്രമെ സാധിക്കുമായിരുന്നുള്ളൂ. അത്ര രോഗങ്ങളും സാമ്പത്തിക പരാതീനതകളും അദ്ദേഹത്തെ വലയ്ക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ചാക്കിയ ഗ്രാമത്തിൽ നിന്നാണ് വർഷങ്ങൾക്കുമുൻപ് അദ്ദേഹമിവിടെ എത്തിയത്. കർഷകനായ അച്ഛൻ ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് ഡൽഹിക്ക് വണ്ടി കയറിയത്. എട്ടുമക്കളിൽ മൂത്ത മകനായതിനാൽ ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുകയായിരുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ കടക്കെണിയിൽ നിന്ന് കുടുംബത്തെ കരകയറ്റാനുള്ള ശ്രമമായിരുന്നു പിന്നീട്. അതിനിടക്ക് എപ്പോഴോ വിവാഹവും കഴിച്ചു. നാലുമക്കളിൽ ഒരാൾക്ക് പേരറിയാത്ത അസുഖമാണ്. കാരണം എന്താണെന്നു ചോദിച്ചപ്പോൾ, പുറകിലെ മാലിന്യമല ചൂണ്ടി വീണ്ടും തെറിവിളിക്കുകയായിരുന്നു.

ഡൽഹി ഗാസിപുരിൽ മലയോളം ഉയരത്തിൽ മാലിന്യക്കൂമ്പാരം

ഭരണചക്രം ഉരുളുന്ന ഡൽഹിയിലെ മാലിന്യം മുഴുവൻ കുന്നുകൂടുന്ന സ്ഥലമാണ് ഗാസിപുർ. എല്ലാത്തരം മാലിന്യങ്ങളും നിക്ഷേപിച്ച് ഭരണകൂടം ഉണ്ടാക്കിയെടുത്തത് നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മാലിന്യമല. ഇന്നതിന്റെ ഉയരം താജ്മഹലിനോളം എത്താൻ പോകുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ആയിരക്കണക്കിന് മനുഷ്യരാണ് ഈ മാല്യന്യമലക്ക് ചുറ്റും താമസിക്കുന്നത്. മറ്റിടങ്ങളിൽ നിന്ന് തൊഴിൽ തേടി വന്ന ദളിതരും മുസ്‌ലിംകളുമാണ് മഹാഭൂരിപക്ഷവും. അധികാര കേന്ദ്രങ്ങളിൽ നിന്ന് അന്യവൽക്കരിക്കപ്പെടാൻ ഡൽഹിപോലൊരു സംസ്ഥാനത്ത് മറ്റൊരു കാരണം തിരയേണ്ടതില്ല എന്നതാണ് മറുവശം. മാസങ്ങൾക്ക് മുമ്പേ നടന്ന കലാപത്തിനോടുള്ള സർക്കാർ സമീപനമുൾപ്പെടെ ആ നിരീക്ഷണത്തിന് അടിവരയിടുന്നതാണ്. റഹുൽ ഹസൻ പറഞ്ഞതുപോലെ മനുഷ്യനിവിടെ മാലിന്യത്തിന്റെ വിലപോലുമില്ലാത്ത അവസ്ഥയാണ്.

65 മീറ്റർ ഉയരത്തിൽ, 40 ഏക്കർ വിസ്തീർണത്തിൽ മാലിന്യം

40 ഏക്കറോളം വിസ്തീർണ്ണമുണ്ട് മാലിന്യമലക്ക്. മാലിന്യം നിക്ഷേപിക്കാൻ കല്ലുകൾ പാകിയ വലിയ റോഡുകളും ഇവക്ക് മുകളിൽ നിർമ്മിച്ചിട്ടുണ്ട്. ഒരു ട്രക്ക് ഇതിനുമുകളിലെത്താൻ 15 മിനിറ്റിലധികം എടുക്കും. നൂറുകണക്കിന് ട്രക്കുകളിലായാണ് ദിനംപ്രതി ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വേണ്ടവിധം അവയൊന്നും ഫലം കണ്ടിരുന്നില്ല. കാലക്രമേണ എല്ലാം നിശബ്ദമാകുകയായിരുന്നു.

ഡൽഹി ഗാസിപുരിലെ മാലിന്യക്കൂമ്പാരത്തിനോട്​ ചേർന്ന ​തെരുവ്​

65 മീറ്ററോളം ഉയരമുണ്ട് ഇപ്പോൾ മാലിന്യമലക്ക്. ഓരോ വർഷവും ചുരുങ്ങിയത് പത്തുമീറ്ററോളം ഉയരത്തിൽ മാലിന്യ നിക്ഷേപം നടക്കുന്നുമുണ്ട്. ഈ കണക്കുപ്രകാരം നോക്കിയാൽ 73 മീറ്റർ ഉയരമുള്ള താജ്മഹലിന് മുകളിലെത്താൻ അധികനാൾ വേണ്ടിവരില്ല എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. പ്രദേശത്തെ മനുഷ്യ ജീവിതം ഇപ്പോഴെ അസാധ്യമായ നിലയിലാണ്. രാസപ്രവർത്തനം നടന്ന് പലതവണ പൊട്ടിത്തെറികൾ ഉണ്ടായതായും അവർ ഓർമിപ്പിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ മലിനീകരണതോതുള്ള രാജ്യതലസ്ഥാനമാണ് ഡൽഹിയെന്നുകൂടി ചേർത്തുവായിക്കണം. കൂടാതെ ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ ആദ്യ 14 സ്ഥലങ്ങളും ഇന്ത്യയിൽ തന്നെയാണ്. ദീർഘവീക്ഷണമില്ലാത്ത ഭരണകേന്ദ്രങ്ങൾ അറിഞ്ഞോ അറിയാതെയോ മനുഷ്യജീവിതങ്ങളിൽ നഞ്ച് കലക്കുകയാണ്.

ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങൾ പ്രകാരം പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പരിസ്ഥിതിയെ തിരിച്ചറിയാൻ സാധിക്കാതെ പോകുന്ന ഭരണകൂടങ്ങൾ അക്ഷരാർത്ഥത്തിൽ മനുഷ്യജീവിതത്തിന് ഉയർത്തുന്നത് വലിയ വെല്ലുവിളിയാണ്. രാജ്യതലസ്ഥാനത്തുതന്നെയാണ് ഇത്തരത്തിൽ മാലിന്യമല സ്ഥിതി ചെയ്യുന്നത് എന്നത് ഗൗരവം ഇരട്ടിയാക്കുന്നു. ഒപ്പം ശുചിത്വ ഭാരതം എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന ഭരണകൂടത്തെ തുറന്നുകാണിക്കുന്നുമുണ്ട്.

ഗാസിപുരിൽ വാസസ്​ഥലത്തി​നോടുചേർന്ന്​ മാലിന്യം കൂടിക്കിടക്കുന്നു

അങ്ങേയറ്റം മലിനമാണ് രാജ്യതലസ്ഥാനത്തെ വായുവും വെള്ളവും. ശുദ്ധവായു വിൽപ്പനക്ക് വച്ചിരിക്കുന്ന ഓക്‌സിജൻ പാർലറുകൾ വരെയുണ്ട് ഇന്ന് ഡൽഹിയിൽ. കനേഡിയൻ കമ്പനി 1450 രൂപക്കാണ് മൂന്നു ലിറ്റർ വായു ഡൽഹിയിൽ വിൽപനക്കെത്തിച്ചിരിക്കുന്നത്. ഇന്നും പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങൾ മരിച്ചുവീഴുന്ന, ഗോതമ്പ് പാടങ്ങളിൽ ജീവിതം അവസാനിപ്പിക്കുന്ന കർഷകരുള്ള രാജ്യത്തുതന്നെയാണ് ഈ വിരോധാഭാസം. ഇരകൾ വിരൽചൂണ്ടുന്നത് ക്രിയാത്മകമല്ലാത്ത ഭരണകൂടത്തിലേക്കാണ്. ഇനിയും സുസ്തുതിരമായ മാലിന്യസംസ്‌കരണത്തിന് വഴികളില്ല എന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം. കിഴക്കൻ ഡൽഹിയുടെ എം.പി ആയ ഗൗതം ഗംഭീർ മാലിന്യ സംസ്‌കരണത്തിന് കോടികൾ വിലമതിക്കുന്ന യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല ഇതെന്നാണ് ആം ആദ്മി ആരോപണം. 600 ടൺ മാലിന്യം ഒരു ദിവസം സംസ്‌കരിക്കുന്നുണ്ടെന്നാണ് എം.പി യുടെ അവകാശവാദം. എന്നാൽ, അതിനേക്കാൾ മാലിന്യം അവിടെ നിക്ഷേപിക്കപ്പെടുന്നു എന്നതാണ് പ്രധാന ആരോപണം.

പേരറിയാത്ത മഹാരോഗങ്ങൾ

ഏകദേശം 14 ടൺ മാലിന്യമാണ് ഡൽഹി ഉറങ്ങി ഉണരുമ്പോഴേക്കും ബാക്കിയാകുന്നത്. ഇതിൽ പകുതിയിലധികവും ജൈവമാലിന്യങ്ങളാണ്. ഇതൊന്നും സംസ്‌കരിക്കാനുള്ള കാര്യക്ഷമമായ മാർഗവുമില്ല എന്നതാണ് വസ്തുത. 13 കിലോമീറ്റർ ദൂരം മാത്രമാണ് പാർലമെന്റിൽ നിന്ന് മാലിന്യ മലയിലേക്കുള്ളത്. മഹാരോഗങ്ങൾക്കൊപ്പം വലിയ പൊട്ടിത്തെറികളും തീപിടുത്തങ്ങളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. മാലിന്യ മലക്കുള്ളിൽ വലിയ തോതിലാണ് മീഥെയ്ൻ വാതകം. ഇതാണ് ഇടയ്ക്കിടെ തീപിടുത്തങ്ങൾക്ക് കാരണം. തീയണക്കാൻ പലപ്പോഴും ദിവസങ്ങളോളം നീണ്ട ശ്രമം വേണ്ടിവരാറുണ്ട്. 2017ലുണ്ടായ കനത്ത മഴയിൽ മലയുടെ ഒരു ഭാഗം ഇടിഞ്ഞും അപകടമുണ്ടായിട്ടുണ്ട്. ആ അപകടത്തിൽ രണ്ടു പേർ മരിക്കുകയും ആറുപേർക്ക് ഗുരുതര രിക്കേൽക്കുകയും ചെയ്തിരുന്നു.

1984 മുതലാണ് ഗാസിപുരിൽ മാലിന്യം നിക്ഷേപിക്കാനായി തീരുമാനിക്കുന്നത്. ആ വർഷം തന്നെ മാലിന്യ നിക്ഷേപവും തുടങ്ങി. നഗര മാലിന്യം ഒന്നുവിടാതെ ഭരണകൂടം കൊണ്ടുവന്ന് തള്ളുകയായിരുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ഈ രീതി ന്നെയാണ് ഇപ്പോഴത്തെ അവസ്ഥക്ക് പ്രധാന കാരണം. 2002ഓടെ മാലിന്യ നിക്ഷേപത്തിന്റെ പരമാവധിയിൽ എത്തിയിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ മാലിന്യനിക്ഷേപം തുടരുകയായിരുന്നു. തുടർന്ന് വലിയ പ്രതിഷേധമുണ്ടായെങ്കിലും അതെല്ലാം കാറ്റിൽ പറത്തി മാലിന്യനിക്ഷേപം തടസ്സങ്ങളില്ലാതെ തുടരുകയായിരുന്നു.
പ്രതിദിനം 650- 700 വരെ ട്രക്കുകളിൽ മാലിന്യനിക്ഷേപം നടന്നിരുന്നു. ഏകദേശം 40 ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വിസ്തീർണ്ണമുണ്ട് ഇന്ന് മാലിന്യമലക്ക്. നിസഹായരായ ആയിരക്കണക്കിന് കുടുംബങ്ങളാണ് മാലിന്യ മലക്ക് ചുറ്റിലും താമസിക്കുന്നത്. ഡബ്ല്യു. എച്ച്. ഒയുടെ റിപ്പോർട്ടു പ്രകാരം അഞ്ചു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് വരെ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

ജീവിക്കാൻ പറ്റാത്ത മണ്ണ്

‘ഞങ്ങൾ ഈ നാട്ടിലെ മനുഷ്യർ തന്നെയല്ലേ. പുഴുക്കളെപോലെയാണ് ഓരോ ദിവസവും ജീവിച്ചു തീർക്കുന്നത്'; പറഞ്ഞു തുടങ്ങും മുമ്പേ നിസ്സഹായതയുടെ കണ്ണുനീർ ജെറീനയുടെ മുഖത്തുകൂടെ താഴേക്ക് വീണു.

മാലിന്യമലയ്​ക്കുസമീപം കച്ചവടം നടത്തുന്ന ജെറീന

കരഞ്ഞുകലങ്ങിയ കണ്ണിൽ നിമിഷനേരം കൊണ്ടാണ് ഈച്ച പൊതിഞ്ഞത്. അത്രത്തോളം മലിനമാണ് ആ പ്രദേശം. മാലിന്യമലക്ക് സമീപത്തെ ഓവുചാലിനോട് ചേർന്ന് ഉന്തുവണ്ടി കച്ചവടം നടത്തുകയാണ് വർഷങ്ങളായി അവർ. ആറു മക്കളുണ്ട് ജെറീനക്ക്. നാല് പെൺമക്കളുടെ വിവാഹം വളരെ ചെറുപ്പത്തിലെ കഴിഞ്ഞു. എത്രയും വേഗം അവരെ ദുരന്തഭൂമിയിൽ നിന്ന് ഒഴിവാക്കാൻ വിവാഹമല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. വർഷങ്ങളായി ശമനമില്ലാത്ത ശ്വാസതടസം കൊണ്ട് പൊറുതിമുട്ടുകയാണ് ജെറീന. ലഭ്യമായ എല്ലാ ചികിത്സയും നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. നന്നായി ഉറങ്ങിയ കാലം പോലും ഓർമയില്ല എന്നാണ് അവർ പറയുന്നത്. മനുഷ്യർ ഈ വിധം അസ്വാഭാവികമായ ജീവിതരീതിയിലേക്ക് അടിമുടി മാറ്റപ്പെട്ടു എന്നതാണ് വസ്തുത.

അതിവേഗം പരിഹാരം കണ്ടെത്തേണ്ട വിഷയമാണ് മാലിന്യസംസ്‌കരണം. മനുഷ്യരാശിയെ തുടച്ചുമാറ്റാൻ പാകത്തിന് വലിയ ഭീഷണിയാണ് രാജ്യമെമ്പാടും അത് ഉയർത്തുന്നത്. മാലിന്യം ശേഖരിക്കാനുള്ള വാഹനം വന്നില്ല എങ്കിൽ മറ്റൊരാളുടെ പറമ്പിലേക്കോ റോഡരികിലേക്കോ നിക്ഷേപിക്കുന്ന മനുഷ്യന്റെ ചിന്തയും മാറേണ്ടതുണ്ട്. അടിസ്ഥാനപരമായി നമ്മുടെ വിദ്യാസ രീതികളിൽ ഇത്തരം മാറ്റങ്ങൾ കൊണ്ടുവരണം. വികസിത രാജ്യങ്ങളിൽ പലതിലും പ്രകൃതിയോട് എങ്ങിനെ ഇടപെടണം എന്നത് പഠന വിഷയമാണ്. ഒപ്പം വ്യക്തമായ ദീർഘ വീക്ഷണത്തോട് കൂടി വിഷയത്തെ സമീപിക്കുന്ന രീതിയിൽ ഭരണകൂടവും മാറേണ്ടതുണ്ട്. ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള കുതിപ്പിലാണ് നമ്മൾ എന്ന് ഭരണകൂടം പറയുമ്പോഴും ടൺ കണക്കിന് വരുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ എങ്ങനെ സംസ്‌കരിക്കണം എന്ന ചിന്തപോലും തുടങ്ങിയിട്ടില്ല. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിനെഅതിശയത്തോടെ കാണുന്ന ലോകം കാര്യക്ഷമമല്ലാത്ത ഭരണകൂടത്തിന്റെ മാലിന്യസൃഷ്ടിയും പഠനവിഷയമാക്കുന്ന കാലം വിദൂരമല്ല.

Comments