ദൗളഗിരി

ഒഡീഷയിലെ ദൗളഗിരിയുടെ മുകളിൽനിന്നാണ് ബി.സി 261ൽ നടന്ന കലിംഗയുദ്ധം അശോകൻ കണ്ടതെന്ന് കരുതപ്പെടുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട പതിനായിരക്കണക്കിന് മനുഷ്യരുടെ ചോര കലർന്ന് ദൗളഗിരിയുടെ താഴ്‌വരയിലൂടെ ഒഴുകുന്ന ദയാനദി ചുവന്നുപോയെന്നും കരുതപ്പെടുന്നു.

വാളിന്റെ
സീൽക്കാരമായ്
കാതിൽ
ചോരക്കമ്മലിട്ട്
കടന്നുപോകുന്ന
കലിയടങ്ങാത്ത
കാറ്റുകൾ

ചീറിവരും
അമ്പുകൾപോലെ
താഴ്‌വരയിൽനിന്ന്
പറന്നുവന്ന് ഞാൻ
ചാരിനിൽക്കും
മരത്തിലിരിക്കുന്ന
കിളിപ്പറ്റങ്ങൾ

ആരുടേയോ
കൈതട്ടിവീണ്
പടവുകളിലൂടെ താഴോട്ട്
തകിടം മറിയുന്ന
മുഖംമൂടികളോടൊപ്പം
ഉരുണ്ടുപോകുന്ന
ആർത്തനാദങ്ങൾ

തലയ്ക്കുമീതേ
ഉരുണ്ടുകൂടുന്ന
മേഘങ്ങൾക്കെല്ലാം
ആനകളുടേയും
കുതിരകളുടേയും
കാലാളുകളുടേയും
ഉഗ്രഭാവങ്ങൾ

തുമ്പികൈകളും
കൊമ്പുകളും
അലറലുകളും
കുതിരക്കുളമ്പടികളും
ചിനയ്ക്കലുകളും
കൊലവിളികളും
തിളച്ചുതൂവുന്ന
താഴ്‌വരകൾ

മരണത്തെ
പെറ്റുകൂട്ടുന്ന
ആകാശമൊരു
ചോരക്കളം, താഴെ
വലിഞ്ഞിഴയുന്ന
ദയാനദിയൊരു
ചോരപ്പാമ്പ്

നിൽപ്പിങ്ങനെ
തുടർന്നാൽ
ബി.സിയിൽനിന്ന്
വിട്ട അമ്പുകൊണ്ടോ
വീശിയ വാളുകൊണ്ടോ
എറിഞ്ഞ കുന്തമേറ്റോ
എന്റെ ചോരയോടൊപ്പം
എന്റെ ഉടലും
ദയാനദിയിൽ
ചെന്നുചേരുമെന്ന്
എനിക്കു തോന്നി.

Comments