കവറുകൾ എങ്ങനെയുണ്ടാകുന്നു, ഇഷ്ടപ്പെട്ടത് ഏതൊക്കെ ; ഡിസൈനർ സൈനുൽ ആബിദ് പറയുന്നു

വെബ്‌സീൻ കവറുകൾക്ക് പക്ഷേ, ചില അതിരുകളുണ്ട്. വിഷയത്തിൽനിന്ന് വ്യതിചലിച്ചുപോകരുത്, വിഷയം ഒറ്റക്കാഴ്ചയിൽ മനസ്സിലാവണം, ദുർഗ്രാഹ്യമായിരിക്കരുത് തുടങ്ങിയ കാര്യങ്ങൾ ഇതിൽ പ്രധാനമാണ്. രാഷ്ട്രീയം പ്രധാന സബ്ജക്ടായി എല്ലാ കവറുകളിലും വരുന്നതുകൊണ്ട് അത് എങ്ങനെ, ഏത് രീതിയിൽ, എവിടം വരെ ആകാം എന്നതിലൊക്കെ ചില നിയന്ത്രണങ്ങൾ- സെൽഫ് സെൻസറിങ് ആവശ്യമായി വരും.

Truecopy Webzine

രു ഡിസൈനർ എന്ന നിലയ്ക്ക് എനിക്ക് സന്തോഷം തരുന്നത് ഞാൻ ചെയ്ത വർക്കിനെ, ഞാൻ ചെയ്തതോ ഉദ്ദേശിച്ചതോ അല്ലാത്ത അർഥത്തിൽ മറ്റൊരാൾ നോക്കിക്കാണുമ്പോഴാണെന്ന് കവർ ഡിസൈനർ സൈനുൽ ആബിദ്. വ്യക്തിപരമായി സന്തോഷമോ സങ്കടമോ എന്ത് നൽകിയാലും കാണുന്നയാൾ അതിനെ വേറെ രീതിയിൽ വായിക്കാൻ ശ്രമിച്ചു, അല്ലെങ്കിൽ അത് അയാളിൽ വേറെ രീതിയിൽ പ്രവർത്തിച്ചു എന്നത് ആ വർക്കിന്റെ വിജയമായിട്ടാണ് ഞാൻ എടുക്കാറുള്ളതെന്നും ട്രൂകോപ്പി വെബ്‌സീന് നൽകിയ അഭിമുഖത്തിൽ ആബിദ് പറഞ്ഞു.

""ഞാനുദ്ദേശിക്കുന്ന തരത്തിൽ നിങ്ങൾ എന്റെ ആർട്ടിനെ കാണണമെന്ന് ശഠിക്കുമ്പോൾ അവിടെ ആർട്ട് ഇല്ലാതാവുന്നു.
ട്രൂകോപ്പിക്കു വേണ്ടി ചെയ്ത ചില ഡിസൈനുകൾ വലിയ വിമർശനം നേരിട്ടിട്ടുണ്ട്; പ്രത്യേകിച്ച് റിമാ കല്ലിങ്കലിന്റെ കവർ. അതിന്റെ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾ തന്നെ നടന്നു. എല്ലാ ചർച്ചകളും ശ്രദ്ധിച്ചു. സുഹൃത്തുക്കൾ ആ വിഷ്വലിനെ വിലയിരുത്തിയത് ശ്രദ്ധാപൂർവം കേട്ടു.''

രണ്ടായിരത്തിലധികം പുസ്തകങ്ങൾക്ക് കവർ ഡിസൈൻ ചെയ്തിട്ടുണ്ട്. അതിൽ മഹാഭൂരിപക്ഷവും ഫിക്ഷനുവേണ്ടിയാണ്. അനന്തമായ ഭാവനയ്ക്കുള്ള സാധ്യതകളാണ് ഫിക്ഷൻ ചെയ്യുമ്പോൾ തുറന്നിടുന്നത്. എഴുത്തുകാരൻ/എഴുത്തുകാരി എടുത്ത പരിശ്രമത്തെ വിലമതിച്ച് സ്വതന്ത്രമായ വേറൊരു ആഖ്യാനം അതിന് കൊടുക്കുക എന്നതാണ് സാധാരണ ഗതിയിൽ ചെയ്യുന്നത്. വായനക്കാരെ അതിലേക്ക് ആകർഷിക്കുക എന്ന വാണിജ്യപരതയും കൂടി നിറവേറ്റണം. വെബ്സീൻ കവറുകൾക്ക് പക്ഷേ, ചില അതിരുകളുണ്ട്. വിഷയത്തിൽനിന്ന് വ്യതിചലിച്ചുപോകരുത്, വിഷയം ഒറ്റക്കാഴ്ചയിൽ മനസ്സിലാവണം, ദുർഗ്രാഹ്യമായിരിക്കരുത് തുടങ്ങിയ കാര്യങ്ങൾ ഇതിൽ പ്രധാനമാണ്. രാഷ്ട്രീയം പ്രധാന സബ്ജക്ടായി എല്ലാ കവറുകളിലും വരുന്നതുകൊണ്ട് അത് എങ്ങനെ, ഏത് രീതിയിൽ, എവിടം വരെ ആകാം എന്നതിലൊക്കെ ചില നിയന്ത്രണങ്ങൾ- സെൽഫ് സെൻസറിങ് ആവശ്യമായി വരും.

ഇന്ത്യയിൽത്തന്നെ ഇത്തരമൊരു പ്ലാറ്റ്ഫോം ആദ്യമായിട്ടാണ്. ലോങ് ഡിജിറ്റൽ റീഡ് എന്ന ആശയം വ്യത്യസ്തമായി പാക്കറ്റ് എന്ന രൂപത്തിൽ ആഴ്ചതോറും പുറത്തിറങ്ങി. വെബ്സീന്റെ ഡിസൈനും ഫോണ്ടുകളും നിറങ്ങളും രൂപകല്പന ചെയ്തത് Dzain ആണ്; തുടർച്ചയായി നൂറ് പാക്കറ്റുകളുടെ കവർ ഡിസൈനുകളും. മലയാള പബ്ലിഷിങ് രംഗത്തെ ഒരു ഡിജിറ്റൽ ബുക്മാർക്കായി രൂപാന്തരപ്പെട്ട വെബ്സീന്റെ പിന്നണിയിൽ ഇങ്ങനെയൊക്കെ പ്രവർത്തിക്കാനായതിൽ ഈ സമയത്ത് വലിയ സന്തോഷം തോന്നുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം ട്രൂകോപ്പി വെബ്സീൻ 100 -ാം പാക്കറ്റിൽ...

പബ്ലിഷിങ് രംഗത്തെ ഡിജിറ്റൽ ബുക്മാർക്കാണ്​ ട്രൂകോപ്പി വെബ്‌സീൻ | സൈനുൽ ആബിദ്​ / മനില സി. മോഹൻ

Comments