പ്രവാസികളുടെ എണ്ണം പോലും കൈവശമില്ലാത്ത സർക്കാറും ലോക കേരള സഭയെക്കുറിച്ചുള്ള സംശയങ്ങളും

ഗൾഫ്​ രാജ്യങ്ങളിലെ തൊഴിൽമേഖലയിൽ നടക്കുന്ന പുതിയ പ്രവണതകളെ അതിസൂക്ഷ്​മമായി വിലയിരുത്തുന്നതിനും അതിനനുസരിച്ച്​ നമ്മുടെ തൊഴിൽശേഷിയെ നവീകരിക്കുന്നതിനും ‘നോർക്ക’ അടക്കമുള്ള സംവിധാനങ്ങൾ മാ​ത്രം പോരാതെ വരും. പ്രവാസികളുടെ കൃത്യമായ എണ്ണം പോലും​ അറിയാത്ത സംസ്​ഥാന സർക്കാറുകൾ ഇത്തരം പ്രതിസന്ധികൾ എങ്ങനെയാണ്​ അഭിമുഖീകരിക്കാൻ പോകുന്നത്​ എന്നതാണ്​, ലോക കേരള സഭ അടക്കമുള്ള പ്രവാസി സംവിധാനങ്ങളുമായി ബന്ധപ്പെട്ട്​ ഉയരുന്ന പ്രധാന ചോദ്യം.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ കഴിയുന്ന മലയാളികളുടെ പൊതുവേദിയെന്ന നിലയിലാണ് ‘ലോക കേരള സഭ’ എന്ന ആശയം കേരള സർക്കാർ മുന്നോട്ട് വെച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും സാമൂഹിക- സാംസ്‌കാരിക മുന്നേറ്റങ്ങൾക്കും വിലമതിക്കാനാകാത്ത സംഭാവന നൽകിയിട്ടുള്ള പ്രവാസി സമൂഹത്തെ കേൾക്കാനും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും പരിഗണിക്കാനും ചരിത്രത്തിലാദ്യമായി രൂപീകരിക്കപ്പെട്ട ഒരു വേദി എന്ന നിലയിൽ പ്രതീക്ഷയോടെയാണ് ലോക കേരള സഭയെ പ്രവാസികൾ കണ്ടത്. പ്രവാസികൾക്കും അവരുടെ മാതൃഭൂമിക്കുമിടയിൽ ഇനി കടലുകളുടെ വിടവുണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് ലോക കേരളസഭ ഇത്തവണ സമാപിച്ചത്. 62 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത 13 മണിക്കൂർ നീണ്ട സമ്മേളനം പ്രവാസത്തിന്റെ മാറ്റവും പ്രവാസം ഉയർത്തുന്ന ആശങ്കയും പ്രവാസം തുറന്നിടുന്ന സാധ്യതകളുമാണ് പ്രധാനമായും ചർച്ച ചെയ്തത്. ബഹിഷ്‌കരണാഹ്വാനങ്ങൾക്കും വിവാദങ്ങൾക്കും ബഹളങ്ങൾക്കുമപ്പുറം ഈ സമ്മേളനങ്ങളൊക്കെ പ്രവാസികൾക്കും കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും എത്രമാത്രം ഗുണകരമാകുന്നുവെന്നതാണ് അടിയന്തിരമായി ചർച്ച ചെയ്യപ്പെടേണ്ടത്.

പ്രവാസികളുടെ ആവശ്യങ്ങൾ

പ്രവാസവും പ്രവാസികളും മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികളെ നേരിട്ട രണ്ടു വർഷങ്ങളാണ് കടന്നു പോയത്. കോവിഡ്​ മഹാമാരിയുടെ തുടക്കത്തിലുണ്ടായ യാത്രാ നിയന്ത്രണം മുതൽ കൂട്ടപ്പിരിച്ചുവിടൽ മൂലമുണ്ടായ തൊഴിൽ നഷ്ടങ്ങളടക്കം ഏറ്റവുമധികം ബാധിച്ച ജനവിഭാഗമാണ് പ്രവാസികൾ. ‘നോർക്ക’യുടെ കണക്കനുസരിച്ച്​, 15.56 ലക്ഷം മലയാളികളാണ് കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങിയത്. ഇവരിൽ 71 % പേരും തൊഴിൽ നഷ്ടമായി മടങ്ങിയവരാണ്. ഏറ്റവുമധികം മലയാളികൾ മടങ്ങിയെത്തിയത് യു.എ.ഇ. സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നാണ്.

തിരി​ച്ചെത്തിയവരുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന, അടിയന്തരമായി നടപ്പിലാക്കേണ്ട നിരവധി നിർദേശങ്ങളാണ് ലോക കേരള സഭയിൽ പ്രതിനിധികൾ മുന്നോട്ടുവെച്ചത്.

ഇങ്ങനെ പ്രവാസികളുടെ ജീവൽപ്രശ്നങ്ങൾ ലോക കേരള സഭയിൽ സജീവമായി ചർച്ചചെയ്യപ്പെട്ടു. പ്രതിനിധികൾ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഗൗരവമായെടുത്ത് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകി.

പ്രവാസികളുടെ എണ്ണം അറിയാത്ത സർക്കാർ

പ്രവാസികളെ സംബന്ധിച്ച്​ സർക്കാർ നൽകുന്ന ഉറപ്പുകൾ ഏറെയും പാഴാകുകയാണ്​ പതിവ്​. പ്രശ്​നങ്ങൾ ചർച്ച ചെയ്യാൻ ഇത്തരമൊരു സംവിധാനം നിലനിൽക്കുന്നതുതന്നെ പ്രവാസികളെ സംബന്ധിച്ച്​ ആശ്വാസകരമാണെങ്കിലും, ഇവിടെ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടെ പരിശോധനക്കും പരിഹാരത്തിനും​ ഫലപ്രദമായ തുടർനടപടി ഇനിയും സാധ്യമായിട്ടില്ല. കോവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളി ഏറ്റവുമധികം ബാധിച്ച സമൂഹമെന്ന നിലയിലും കേരളത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുള്ള വളർച്ചയ്ക്കും അനിവാര്യമായ സമൂഹമെന്ന നിലയിലും മലയാളി പ്രവാസികൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ അടിയന്തിരമായി നടപ്പിൽ വരുത്തേണ്ടതുണ്ട്. അത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്താൻ കേരളീയ സമൂഹത്തിനും പ്രതിപക്ഷത്തിനും ബാധ്യതയുമുണ്ട്.

മൂന്നാമത് ലോക കേരള സഭ സമ്മേളനം 11 പ്രമേയങ്ങളാണ് അംഗീകരിച്ചത്. പ്രവാസികളുടെ വിവരശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ലോക കേരള സഭ അംഗീകിരിച്ച പ്രധാന പ്രമേയങ്ങളിലൊന്ന്. വിദേശ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി മലയാളികളായ എത്ര പ്രവാസികളുണ്ട് എന്നതിന് കൃത്യമായ കണക്ക് സർക്കാറിന്റെ കയ്യിൽ ഇപ്പോഴും ഇല്ല. മുഖ്യമന്ത്രിക്കു കീഴിൽ പ്രവാസികൾക്കായി നോർക്ക എന്ന പ്രത്യേക വകുപ്പും പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടു വരാൻ ലോക കേരള സഭയും ഉണ്ടെങ്കിലും ഇപ്പോഴും സർക്കാരിന്റെ കയ്യിൽ പ്രവാസികളുടെ കൃത്യമായ കണക്കില്ല എന്നത്, പ്രവാസികളുടെ കാര്യത്തിലുള്ള സർക്കാറുകളുടെ അവഗണന വ്യക്തമാക്കുന്നു. ഗൾഫ്​ രാജ്യങ്ങളിൽ പോകുന്നവർ, പ്രത്യേകിച്ച്​ തൊഴിലാളികളും വീട്ടുജോലിക്കാരും മറ്റും, നിരവധി തൊഴിൽ തട്ടിപ്പുകൾക്കും വാഗ്​ദാനലംഘനങ്ങൾക്കും ഇരകളാകാറുണ്ട്​. മനുഷ്യക്കടത്തുപോലെയുള്ള കുറ്റകൃത്യങ്ങൾക്കും ഇവർ ഇരകളാകാറുണ്ട്​. ഇതിന്റെയെല്ലാം വ്യാപ്​തി കണക്കിലെടുത്താൽ, അടിസ്​ഥാനപരമായി വേണ്ടത്​, തൊഴിൽ റിക്രൂട്ടിംഗിലെ ക്രമക്കേടുകൾ കണ്ടെത്തുക എന്നതാണ്​. നോർക്ക വന്നതോടെ, തൊഴിലന്വേഷിച്ച്​ പോകുന്നവരുടെ രജിസ്​ട്രേഷനിലും മറ്റും നിയമവിധേയ സംവിധാനം കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും, തൊഴിലന്വേഷകരുടെ എണ്ണം കണക്കിലെടുത്താൽ അത്​ ഇനിയുമേറെ വിപുലപ്പെടുത്തേണ്ടതു​ണ്ടെന്നു കാണാം. അതിന്റെ ഏറ്റവും പ്രാഥമികമായ ഒന്നാണ്​, ​വിദേശത്തുപോകുന്നവരുടെ ശരിയായ കണക്ക്​ ഇവിടെയുണ്ടായിരിക്കുക എന്നത്​. വർഷങ്ങളായി, പ്രവാസികൾ ഉയർത്തുന്ന ഈ ആവശ്യം ഇപ്പോഴും പ്രമേയമായി അവതരിപ്പിക്കേണ്ടിവരുന്നു എന്നതുതന്നെ, ഒരു സംസ്​ഥാന സർക്കാറിനെ സംബന്ധിച്ച്​ ലജ്ജാകരമായ സംഗതിയാണ്​.

കോവിഡിനുമുമ്പും ശേഷവും വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൃത്യമായ കണക്കുകളുടെ അഭാവം ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലുളള പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിദ്യാർത്ഥികളുടെയും കൃത്യമായ കണക്കെടുത്ത് അവരുടെ ഭാവി സുരക്ഷിതമാക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണമെന്ന, പ്രമേയത്തിലെ പ്രവാസികളുടെ ആവശ്യം സർക്കാർ ഇനിയെങ്കിലും ഗൗരവത്തിലെടുക്കേണ്ടതാണ്​.

പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ സംരക്ഷണം, സ്ത്രീകളുടെ കുടിയേറ്റ നിയമങ്ങളുടെ സുതാര്യത, പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കൽ, ലോകത്തെയും മനുഷ്യരേയും കൂട്ടിയിണക്കുന്നതിനുള്ള യജ്ഞത്തിന് രാജ്യം നേതൃത്വം നൽകേണ്ടതിന്റെ അനിവാര്യത, പുതിയ പ്രവാസി നയം തുടങ്ങിയ വിഷയങ്ങളും പ്രമേയത്തിലൂടെ അവതരിപ്പിച്ചു. തൊഴിലാളികൾക്കും അവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുമായി ഐക്യരാഷ്ട്ര സഭ രൂപീകരിച്ച കൗൺസിലിൽ ഇന്ത്യ അംഗമാകണമെന്നും അതു വഴി പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യമുയർന്നു.

തൊഴിൽ കുടിയേറ്റം നിയമപരവും വിവേചനരഹിതവും സുതാര്യവുമാക്കണമെന്നാണ് പ്രവാസികൾ മുന്നോട്ട് വെച്ച മറ്റൊരു ആവശ്യം.
ഇന്ത്യ കുടിയേറ്റത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും നിർണായകമായ ഒരു രാജ്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിദേശ പണം സ്വീകരിക്കുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് ഇന്ത്യ. ഏറ്റവും കൂടുതൽ തൊഴിൽ കുടിയേറ്റം നടക്കുന്നതും ഇന്ത്യയിൽ നിന്നാണ്. ഏകദേശം 1.8 കോടി ഇന്ത്യക്കാരാണ് പ്രവാസം സ്വീകരിച്ച് വിദേശ രാജ്യങ്ങളിൽ ജീവിക്കുന്നത്. പ്രവാസികളോടുള്ള കാഴ്ചപ്പാടിലെ സ്ഥിരതയില്ലായ്മയും ക്ഷേമപദ്ധതികളുടെ അഭാവവും സാധരണക്കാരുടെ കുടിയേറ്റ സ്വപ്‌നങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തൊഴിൽ കുടിയേറ്റം സുതാര്യവുമാക്കണമെന്ന പ്രവാസികളുടെ ആവശ്യം ന്യായമാണ്.

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും സഭയിൽ വെച്ച പ്രമേയത്തിൽ ആവശ്യമുയർന്നു. മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് വരുന്നതിന് സാമ്പത്തികമായും അല്ലാതെയും വലിയ പ്രയാസമനുഭവിക്കുന്ന കാലമായിരുന്നു കോവിഡ് കാലം. കോവിഡ് വ്യാപനം മൂലം ജോലി നഷ്ടപ്പെട്ടവരുടെയും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവരുടെയും എണ്ണം വളരെ കൂടുതലായിരുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുൾപ്പെടെയുള്ള കാര്യങ്ങൾക്കായി രൂപീകരിച്ചിട്ടുള്ളതാണ് ICWF (Indian Community Welfare Fund). പാസ്‌പോർട്ട് പുതുക്കൽ, വിസ അനുവദിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ പ്രവാസികളിൽ നിന്ന് സർവ്വീസ് ചാർജ്ജായി ഈടാക്കുന്ന തുകയാണ് ICWF (Indian Community Welfare Fund) ഫണ്ടിലുള്ളത്. എന്നിട്ടുപോലും ഈ തുക പ്രതിസന്ധിയിലായ പ്രവാസികൾക്ക് സഹായകരമായില്ല. 2009 മുതൽ നിലവിലുള്ള ഫണ്ടിൽ ഇപ്പോൾ എത്ര പണം ഉണ്ടെന്ന് ജനങ്ങളെ അറിയിക്കാത്തതും എന്തുകൊണ്ട് ഈ പണം കേന്ദ്ര സർക്കാർ പ്രവാസികൾക്ക് നാട്ടിലെത്താനുള്ള ഫ്‌ലൈറ്റ് ടിക്കറ്റിന് പോലും ചെലവാക്കുന്നില്ല എന്നതും പ്രവാസികളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന കടുത്ത നീതിനിഷേധത്തിൻറെ പ്രകടമായ ഉദാഹരണങ്ങളാണ്. അതിലൊരു സുധാര്യത വേണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് സമാപന സമ്മേളനത്തിലെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനങ്ങൾ നടപ്പിൽ വരുന്നതിന് എത്രമാത്രം വേഗതയുണ്ടാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

സമ്മേളനം കൊണ്ട് എന്ത് പ്രയോജനം?

കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 35 ശതമാനമാണ് പ്രവാസികൾ അയയ്ക്കുന്ന പണം. ജി.ഡി.പിയുടെ മൂന്നിലൊന്ന് പ്രവാസികളുടെ സംഭാവനയാണ്. ഈ പ്രവാസിസമൂഹത്തെ കേരളത്തിന്റ വികസനപ്രക്രിയയിൽ സജീവമായി ഉൾപ്പെടുത്തണം എന്നാണ് സർക്കാർ കേരള ലോക സഭയിൽ ആവർത്തിച്ചുപറഞ്ഞത്. എന്നാൽ ഇങ്ങനൊരു വേദിയുടെ ആവശ്യവും ഒന്നും രണ്ടും ലോക കേരള സഭ സമ്മേളനങ്ങളിൽ ഉയർന്നുവന്ന ആശയങ്ങളും നിർദേശങ്ങളും തീരുമാനങ്ങളും എത്രമാത്രം നടപ്പിലായെന്നതും ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്.

പ്രവാസി സമൂഹവും ജന്മനാടും തമ്മിലുള്ള പാരസ്പര്യം കൂടുതൽ സജീവമാവുകയും വിപുലീകരിക്കുകയും ചെയ്യാൻ ലോക കേരള സഭാരൂപീകരണത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും പ്രളയം, കോവിഡ്, യുക്രെയ്​ൻ - റഷ്യ യുദ്ധം തുടങ്ങി പ്രതിസന്ധി ഘട്ടങ്ങളിൽ ലോക കേരള സഭയുടെ ഗുണങ്ങൾ കേരളത്തിന് ലഭിച്ചിട്ടുണ്ടെന്നും സർക്കാർ പറയുന്നു.

എന്നാൽ രണ്ടാം ലോക കേരള സഭയുടെ യോഗം കഴിഞ്ഞ് മൂന്നു മാസങ്ങൾക്കുള്ളിൽ വന്ന കോവിഡ് മഹാമാരി കാരണം സഭയുടെ തീരുമാനങ്ങൾ നടപ്പിലാക്കാനോ കൂടുതൽ ചർച്ചകൾ സംഘടിപ്പിക്കാനോ സർക്കാറിനും ലോക കേരള സഭ സെക്രട്ടറിയേറ്റിനും സാധിച്ചില്ലെന്നാണ് മൂന്നാം സമ്മേളനത്തിൽ മുഖ്യമന്ത്രി വെച്ച നയരേഖയിൽ പറയുന്നത്.

ഒന്നാം ലോക കേരള സഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മുമ്പാകെ വന്ന 146 നിർദേശങ്ങളിൽ സാധ്യമായ 40 നിർദേശങ്ങൾ നടപ്പിലാക്കി എന്ന് നോർക്ക റൂട്ട്‌സ് റസിഡൻസ് വൈസ് ചെയർമാനും മുൻ സ്പീക്കറുമായ പി.രാമകൃഷ്ണൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. ""ഇന്ത്യയിലെവിടെയും തിരിച്ചെത്തുന്ന പ്രവാസികൾക്ക് സഹായവും സുരക്ഷയും നൽകാറില്ല. എന്നാൽ കേരളം അതിന്​ ശ്രമം തുടങ്ങി. ക്ഷേമനിധി ബോർഡ് വഴി പെൻഷനും വിതരണം ചെയ്യാൻ ഉത്തരവായി. കോവിഡ് പ്രതിസന്ധിമൂലം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സൂക്ഷ്മ ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്​ ധനസഹായം നൽകുക എന്ന ഉദ്ദേശ്യത്തോടെ കെ.എസ്.എഫ്.ഇ.യും നോർക്ക റൂട്ട്‌സും സംയുക്തമായി ആവിഷ്‌ക്കരിച്ച ​പ്രവാസി ഭദ്രത സ്‌കീം പോലുള്ള, പ്രവാസി സമൂഹത്തെ സാമ്പത്തികമായും സാമൂഹികമായും മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി പദ്ധതകൾ നടപ്പിലാക്കാൻ കഴിഞ്ഞു. എൻ.ആർ.ഐ സഹകരണ സൊസൈറ്റി, നോർക്കയിലെ വനിതാ സെൽ, പ്രവാസി ലീഗൽ എയ്ഡ് സെൽ, പ്രവാസി ഡിവിഡന്റ് സൈൽ എന്നിവ ലോക കേരള സഭയിൽ വന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്. ചിതറിക്കിടക്കുന്ന അനേക കൂട്ടായ്മകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും സാധിച്ചു''

പി. ശ്രീരാമകൃഷ്ണൻ

മുന്നാം സമ്മേളനത്തിൽ വന്ന നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച്, അവ നടപ്പിലാക്കാൻ സർക്കാർ ഒരു സമിതിയെ നിയോഗിക്കും. ആ സമിതി വിശദമായി പരിശോധിച്ച് അടിയന്തിര പ്രധാന്യമുള്ളതും അല്ലാത്തതും തരംതിരിച്ച് ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും അദ്ദേഹം ട്രൂകോപ്പിയോട് പറഞ്ഞു.

ലോക കേരള സഭ പ്രവാസത്തിനും പ്രവാസികൾക്കും ഗുണമുണ്ടാക്കാൻ കഴിയുന്ന പ്രസ്ഥാനമാണെന്നതിൽ യു.ഡി.എഫിന് തർക്കമില്ലെന്നും എന്നാൽ പ്രവാസികൾക്ക് നിരന്തരം വാഗ്ദാനം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ അവരെ വഞ്ചിക്കുകയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.

ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം

‘‘രാഷ്ട്രീയ കാരണം കൊണ്ട് യു.ഡി.എഫ് ലോക കേരള സഭ ബഹിഷ്‌ക്കരിച്ചപ്പോഴും, പ്രവാസികൾക്ക് അവരുടെ പ്രശ്‌നങ്ങൾ പറയാനുള്ള ഒരു അവസരം എന്ന നിലക്കാണ് കെ.എം.സി.സിക്ക് കേരള സഭയിൽ പങ്കെടുക്കാൻ ലീഗ് അനുവാദം കൊടുത്തത്. എന്നാൽ മൂന്ന് ദിവസം നീണ്ടു നിന്ന ഈ സമ്മേളനം കൊണ്ട് പ്രവാസികൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമുതൽ പ്രവാസികൾക്ക് നൽകുന്ന ഒരു വാഗ്ദാനവും നിറവേറ്റിയിട്ടില്ല. ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾക്ക് ആറ് മാസത്തേക്ക് ശമ്പളം നൽകും, ഗൾഫിൽ മരിക്കുന്ന പ്രവാസിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും, പ്രവാസി മലയാളികളുടെ മക്കൾക്ക് ചുരുങ്ങിയ ചെലവിൽ പഠിക്കാൻ ഗൾഫിൽ സംവിധാനം ഉണ്ടാക്കും, തിരിച്ചുവരുന്ന പ്രവാസികൾക്ക് പാർപ്പിട സമുച്ചയങ്ങൾ ഉണ്ടാക്കിക്കൊടുക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങൾ തുടരെ തുടരെ നൽകിയെങ്കിലും ഇവയൊന്നും നടപ്പിലാക്കാൻ സർക്കാറിനായില്ല. ആറ് വർഷത്തെ ആ ദുരനുഭവം നമുക്ക് മുന്നിലുള്ളതുകൊണ്ടുതന്നെ ലോക കേരള സഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ ഞങ്ങൾക്ക് വിശ്വാസമില്ല, പ്രതീക്ഷയുമില്ല. അതേസമയം ലോക കേരള സഭയിൽ ഉരുത്തിരിഞ്ഞുവന്ന നിർദേശങ്ങളിൽമേൽ പ്രവാസികൾക്ക് വേണ്ടി സർക്കാർ ചെയ്യുന്ന ഏത് നല്ല പദ്ധതികൾക്കും ലീഗിന്റെയും യു.ഡി.എഫിന്റെയും സഹകരണവും പിന്തുണയും ഉണ്ടാകും.’’- അദ്ദേഹം പറഞ്ഞു.

അച്​ഛന്റെ​ മൃതദേഹത്തിനായി കരയുന്ന ഒരു മകൻ

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എബിൻ എന്ന യുവാവ് ലോക കേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ. എം.എ.യൂസഫലിയോട് തന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് അപേക്ഷിക്കുന്ന കാഴ്ച നാം കണ്ടു. എബിന്റെ അച്ഛൻ ബാബുവിന്റെ മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോർച്ചറിയിലാണ്. കെട്ടിടത്തിന്റൈ മൂന്നാം നിലയിൽ നിന്ന് വീണ്ട് മരിച്ച അച്ഛന്റെ മൃതശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കളാരുമില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം. അതായിരുന്നു പൊതുവേദിയിൽ എബിൻ, യൂസഫലിക്കു മുന്നിൽ വച്ച ആവശ്യം.
ഭൗതികശരീരം നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്‌സിൽ ബന്ധപ്പെടുകയും അപേക്ഷ നൽകുകയും ചെയ്തു. അതിനുശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരെങ്കിലുമുണ്ടോ എന്നന്വേഷിച്ച്​ സൗദിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന്​ഫോൺ വന്നു. എന്നാൽ അങ്ങനെ ആരുമില്ലാത്തതുമൂലം മൃതദേഹം നാട്ടിലെത്തിയില്ല. ഇതിനൊരു പരിഹാരം വേണമെന്നാണ് എബിൻ ലോകകേരള സഭയിൽ ആവശ്യപ്പെട്ടത്. മൂന്നര വർഷം മുമ്പാണ് അച്ഛനെ അവസാനമായി നേരിട്ടു കണ്ടതെന്ന് എബിൻ കരഞ്ഞുകൊണ്ടാണ് പറഞ്ഞുതീർത്തത്. എബിന്റെ ഇതേ വേദന അനുഭവിക്കുന്ന നിരവധി പേരുണ്ട്, പറയാനൊരു വേദിപോലും കിട്ടാത്തവർ.

ഗൾഫിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നത് കാലങ്ങളായുള്ള പ്രവാസികളുടെ ആവശ്യമായിരുന്നു. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിലും പ്രതിനിധികൾ ഈ വിഷയം ഗൗരവമായി ഉയർത്തിയിരുന്നു. നോർക്ക റൂട്ട്‌സിന് മിഡിൽ ഈസ്റ്റിൽ കാര്യനിർവഹണത്തിന് പ്രത്യേകിച്ച് ഉദ്യോഗസ്ഥരോ മറ്റ് അംഗീകൃത സംവിധാനങ്ങളോ ഇല്ല. ഇന്ത്യൻ എംബസി മുഖേനയോ അല്ലെങ്കിൽ സന്നദ്ധ സംഘടനകൾ വഴിയോ വ്യവസായ പ്രമുഖരുടെ ഇടപെടൽ മുഖേനയുള്ളതോ ആയ കോർഡിനേഷൻ മാത്രമേ നിലിവിലുള്ളു. ഇതിനൊരു സ്ഥിരം സംവിധാനം വേണമെന്നാണ് ആവശ്യം.

ഈ വിഷയത്തെ കുറിച്ച് പി.രാമകൃഷ്ണൻ തിങ്കിനോട് പറഞ്ഞത്: ""ഗൾഫിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിലെത്തിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ പിന്നീട് ടാറ്റാ സൺസിന് വിറ്റതോടെ ആ കരാർ അപ്രസക്തമായി. എങ്കിലും ഈ വിഷയത്തെ സർക്കാൻ ഗൗരവമായെടുത്തിട്ടുണ്ട്, ഉടൻ പരിഹാരം കാണും''

ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതികശരീരം തൊഴിലുടമയുടേയോ, സ്പോൺസറുടെയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോർക്ക അസിസ്റ്റൻറ്​ ബോഡി റിപ്പാട്രിയേഷൻ) പദ്ധതി നടത്തിപ്പിന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ കാർഗോയുമായാണ് അന്ന് ധാരണാപത്രം ഒപ്പിട്ടത്​. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ഭൗതികശരീരം നോർക്ക റൂട്ട്സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് സർവ്വീസ് മുഖേന വീടുകളിൽ സൗജന്യമായി എത്തിക്കാനായിരുന്നു ധാരണ.
ഇത്​, ഇന്നും പരിഹാരം തേടുന്ന പ്രശ്​നമായി തുടരുകയാണ്​.

ചെലവ്​, ധൂർത്ത്​, വിവാദം

ലോക കേരള സഭയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഏറെ പ്രധാന്യത്തോടെ നൽകിയ വാർത്തകളിൽ ഒന്നായിരുന്നു സമ്മേളനത്തിന്റെ ചെലവ്. സഭക്കുവേണ്ടി ചെലവാക്കുന്ന പണം ധൂർത്താണ്​ എന്നതായിരുന്നു ഒരു ആരോപണം. ഇതുമായി ബന്ധപ്പെട്ട് വ്യവസായി എം.എ. യൂസഫലിയുടെ പ്രസംഗവും അതിന് ലീഗ് നേതാവ് കെ.എം.ഷാജി നൽകിയ മറുപടിയുമെല്ലാം പിന്നീട് വിവാദമായി.

എന്നാൽ സമ്മേളനത്തിന് നാല് കോടി രൂപയാണ്​ വകയിരുത്തിയതെങ്കിലും ഭക്ഷണവും പ്രതിനിധികളുടെ ബാഗ് അടക്കം സ്‌പോൺസർഷിപ്പ്​ആയിരുന്നെന്നും ഒരു കോടിക്കടുത്ത് മാത്രമാണ് സമ്മേളനത്തിന്​ ചെലവായതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. അനാവശ്യ വിവാദങ്ങളല്ല ക്രിയാത്മകമായ ഇടപെടലാണ് പ്രവാസി സമൂഹത്തിനും കേരളത്തിനും ഗുണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ബാക്കിയാവുന്ന ചോദ്യങ്ങൾ

ഇതുവരെ, മൂന്ന്​ ലോക കേരള സഭകൾ നടന്നുവെങ്കിലും, പ്രവാസികളുടെ പ്രാഥമികമായ ആവശ്യങ്ങളിലൂന്നിയുള്ള ചർച്ചകളാണ്​ ഇപ്പോഴും നടക്കുന്നത്​ എന്നതിൽനിന്നുതന്നെ, ഈ സംവിധാനം ഒരു പ്രശ്​നപരിഹാരത്തിന്റെ തലത്തിലേക്ക്​ ഉയർന്നിട്ടില്ല എന്ന് വിലയിരുത്തേണ്ടിവരും. പ്രവാസ ജീവിതവും തൊഴിൽ കുടിയേറ്റവും, പ്രത്യേകിച്ച്​ ഗൾഫിലേക്കുള്ളത്​, കടുത്ത പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്​. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ പ്രവാസികൾക്ക്​ അനുകൂലമായ നിയമനടപടികളുണ്ടാകുന്നു​ണ്ടെങ്കിലും തദ്ദേശിവൽക്കരണം വ്യാപകമാകുകയാണ്​. സൗദിയിൽ റസ്‌റ്റോറന്റുകൾ, കഫേകൾ, കാറ്ററിങ് സർവീസ്, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ 20 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് സർക്കാർ. മാളുകളുടെ കാര്യത്തിൽ ഇത് 50 ശതമാനം വരെയാണ്. ഗൾഫിലെ സ്വദേശിവൽക്കരണം മലയാളികളെയാണ്​ ഏറ്റവും രൂക്ഷമായി ബാധിക്കുക, കാരണം, മലയാളികൾ ധാരാളമായി തൊഴിലെടുക്കുന്ന മേഖലകളാണിതെല്ലാം.

യു.എ.ഇയിലെ അംഗ്‌സാന ടവറിൽ നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ട തൊഴിലാളികൾ

കോവിഡിനുശേഷം, ഗൾഫ്​ രാജ്യങ്ങളുടെ തൊഴിൽ മേഖലയിൽ സ്​പെഷലൈസേഷൻ വ്യാപകമാകുന്നതായും റിപ്പോർട്ടുകളുണ്ട്​. വിദഗ്​ധ ജീവനക്കാർക്ക്​ കൂടുതൽ അവസരം ലഭിക്കുന്ന തരത്തിൽ, തൊഴിൽ മേഖലയിൽ നവീകരണം നടക്കുന്നുണ്ട്​. ഇതും കേരളത്തിൽനിന്നുള്ള തൊഴിൽ റിക്രൂട്ടുമെൻറി​ന്റെ ഭാവിയെ സങ്കീർണമാക്കുന്നു. ഗൾഫ്​ രാജ്യങ്ങളിലെ തൊഴിൽമേഖലയിൽ നടക്കുന്ന ഇത്തരം പ്രവണതകളെ അതിസൂക്ഷ്​മമായി വിലയിരുത്തുന്നതിനും അതിനനുസരിച്ച്​ നമ്മുടെ തൊഴിൽശേഷിയെ നവീകരിക്കുന്നതിനും ‘നോർക്ക’ അടക്കമുള്ള സംവിധാനങ്ങൾ മാ​ത്രം പോരാതെ വരും. പ്രവാസികളുടെ കൃത്യമായ എണ്ണം പോലും​ കൈവശമില്ലാത്ത സംസ്​ഥാന സർക്കാറുകൾ ഇത്തരം പ്രതിസന്ധികൾ എങ്ങനെയാണ്​ അഭിമുഖീകരിക്കാൻ പോകുന്നത്​ എന്നതാണ്​, ലോക കേരള സഭ അടക്കമുള്ള പ്രവാസി സംവിധാനങ്ങളുമായി ബന്ധപ്പെട്ട്​ ഉയരുന്ന പ്രധാന ചോദ്യം.

Comments