വീട് - വിപ്ലവേതര ദാർശനികപ്രശ്‌നങ്ങൾ 2

''മനുഷ്യഭാവിയെപ്പറ്റി അവസാന വാക്കുകളൊന്നുമില്ല. മനുഷ്യ യാതനകൾക്കെതിരായ എല്ലാ നീക്കങ്ങളോടും ഐക്യപ്പെടുകയെന്ന സ്പിരിറ്റിലാണ് വിപ്ലവേതര ദാർശനിക പ്രശ്‌നങ്ങൾ എഴുതുന്നത്. യാതനകളെ എതിർക്കാനായി ഉണ്ടായ സിദ്ധാന്തങ്ങൾ ഒന്നൊഴിയാതെ അളവറ്റ പുതിയ യാതനകൾക്ക് വഴിയൊരുക്കുന്നു എന്ന ചരിത്രാനുഭവമാണ് മുന്നിലുള്ളത് എന്നതിനാൽ ജനാധിപത്യത്തെ ബഹുമുഖവും സമ്പന്നവുമാക്കാൻ എന്ത് രാഷ്ട്രീയമാണ് സാധ്യമാവുക എന്ന ആലോചനകളാണ് ഓരോ അധ്യായവും.'' - രണ്ടാം ഭാഗം

ക്‌സലൈറ്റ് എന്ന പേരിന് ഒരാളുടെ രാഷ്ട്രീയ വിഷയിത്വം നിർണയിക്കുന്നതിൽ വലിയ പങ്കുണ്ടെന്നാണ് എന്റെ അനുഭവം. എന്റെ നാട്ടുകാരെ സി.ആർ.സി, സി.പി.ഐ (എം. എൽ ) എന്നതിന്റെ ഫുൾഫോം പഠിപ്പിക്കാനാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ നല്ല ഭാഗം ഞങ്ങൾ ചെലവഴിച്ചത്. അതുപോലെ പഴയ ലൈനല്ല ബഹുജന ലൈൻ എന്ന് ബോധ്യപ്പെടുത്താനും. ആൾക്കാർക്ക് അത് കുറച്ചൊക്കെ മനസ്സിലായി വരുമ്പോഴേക്കും പാർട്ടി തന്നെ ഇല്ലാതായി. പാനൂരിൽ ഞങ്ങൾ ക്ഷമാപൂർവം പ്രവർത്തിച്ച് നിലമൊരുക്കി ഇരിക്കുമ്പോഴായിരിക്കും "യുവജനവേദി'യുടെ രണ്ടു പ്രവർത്തകർ കോഴിക്കോട്ടുനിന്ന് വന്ന് പാനൂരിൽ ഒരു പിരിവുമെടുത്ത് പോവുക. പേരിലെ സമാനത അവർക്ക് പണി എളുപ്പമാക്കുന്നു. നാട്ടുകാർക്കുണ്ടോ കേരളീയ യുവജനവേദി വേറെ, യുവജനവേദി വേറെ എന്നൊക്കെ മനസ്സിലാവുന്നു! അവർക്ക് എല്ലാം "നക്‌സലൈറ്റ്' ആണ്.

ശ്രീനാരായണ ഗുരു

നക്‌സലൈറ്റ് എന്നത് ഒരു മാസ്റ്റർ സിഗ്‌നിഫയർ ആണ്. ഒരിക്കൽ നക്‌സലൈറ്റ് ആയൊരാളെക്കുറിച്ച് ജനങ്ങൾക്കുള്ള പ്രതീക്ഷയെപ്പറ്റി നല്ലൊരു ഉപമ ഫിലിപ്. എം.പ്രസാദ് പറഞ്ഞിട്ടുണ്ട്. "അമിതമായി താക്കോൽ തിരിച്ച് തറയിൽ വെച്ച കളിപ്പാട്ടം'. ടി.എൻ. ജോയ് എഡിറ്റ് ചെയ്ത "ഇങ്ങനെയും കുറെ മലയാളികൾ' (ഫ്ളെയിം ബുക്‌സ് , തൃശൂർ ) എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നു: "എന്തേ ഞാൻ മാത്രം ഇങ്ങനെയായിപ്പോയി എന്റെ ജ്യേഷ്ഠൻ എത്ര സുഖമായി കഴിയുന്നു. എന്റെ അയൽക്കാർ. എത്ര സുഖം അവരുടെ സാധാരണ ജീവിതങ്ങൾക്ക്. ചില കളിപ്പാട്ടങ്ങളുണ്ട്. അമിതമായി താക്കോൽ കൊടുത്ത് തറയിൽ വിട്ടാൽ കുതിച്ചും ചാടിയും ചുറ്റിക്കയറിയും ബഹളം വെക്കുന്ന കളിപ്പാട്ടങ്ങൾ!...തുള്ളലും ചാട്ടവും കണ്ടു നിൽക്കുന്നവർക്ക് ഇതൊരു ഹരമാണ്. നല്ല കൂത്ത്. കാണാൻ നല്ല രസം'.

ചായക്കടയിലിരുന്ന് അജിതയുടെ വിശേഷമന്വേഷിക്കുമ്പോൾ, താൻ കണ്ടിരുന്നു, രണ്ടു കുട്ടികളുണ്ട്, സന്തോഷമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ ചായക്കടക്കാരന്റെ മുഖം ഇരുളുന്നത് അദ്ദേഹം വിവരിക്കുന്നു . ചായക്കടക്കാരനപ്പോൾ പഴയ കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ മുഖഭാവം. രാഷ്ട്രീയത്തിൽ "സാധാരണ ജീവിതം' എന്നതിനുള്ള പ്രാധാന്യത്തിലേക്കും നക്‌സലൈറ്റ് എന്നതുമായി വിട്ടുപിരിയാതെ കെട്ടിയിടപ്പെട്ട അസാധാരണത്വത്തിലേക്കും ഈ കുറിപ്പിന്റെ അവസാന ഭാഗത്ത് നമ്മൾ തിരിച്ചു വരും.

നക്‌സലൈറ്റ് എന്നത് ഒരു മാസ്റ്റർ സിഗ്‌നിഫയർ ആണ്. ഒരിക്കൽ നക്‌സലൈറ്റ് ആയൊരാളെക്കുറിച്ച് ജനങ്ങൾക്കുള്ള പ്രതീക്ഷയെപ്പറ്റി നല്ലൊരു ഉപമ ഫിലിപ്. എം.പ്രസാദ് പറഞ്ഞിട്ടുണ്ട്. "അമിതമായി താക്കോൽ തിരിച്ച് തറയിൽ വെച്ച കളിപ്പാട്ടം'.

നക്‌സലൈറ്റ് എന്നമാസ്റ്റർ സിഗ്നിഫയർ പലപ്പോഴും നിങ്ങളുടെ രക്ഷയ്‌ക്കെത്തുമെങ്കിലും ("എവിടുന്നൊക്കെയോ ആൾക്കാർ വന്നു തിരിച്ചടിക്കും' എന്ന് പേടിച്ച് ഞങ്ങളെ തല്ലിയൊതുക്കാനുള്ള ഉൽക്കടമായ ആഗ്രഹം അമർത്തി വെച്ചവരുണ്ട് !) മിക്കവാറും ഒരു വാർപ്പ് വിഷയിയെ സൃഷ്ടിച്ചു കൊണ്ട് ഒരു ഭാരമായി തലയ്ക്കു മുകളിൽ തൂങ്ങുകയാണത് ചെയ്യുക. ത്യാഗം, സാഹസികത, അമാനുഷികത്വം ഒക്കെ സമാസമം ചേർത്ത ഒരു പ്രഭാവലയമുണ്ട് ആ പ്രരൂപത്തിന്. ഇതുപോലെ പ്രഭയുള്ള വേറൊരു വിഷയിത്വമാണ് സന്ന്യാസി.

സന്ന്യാസിക്കും നക്‌സലൈറ്റിനും ഇതല്ലാതെയും ഒട്ടേറെ കാര്യങ്ങൾ പൊതുവായുണ്ട്. നേരത്തെ സൂചിപ്പിച്ച ത്യാഗം, പിരിവ് (ഭിക്ഷാടനം), കാവി മുണ്ട്, മാനാപമാന സമത എന്നിങ്ങനെ. അക്കൂട്ടത്തിൽ ചേർത്ത് പറയാവുന്ന ഒന്നാണ് വീട് വിടലും. എന്തെങ്കിലും വിടുക എന്നാൽ ത്യജിക്കലാണ്. ത്യജിക്കുന്നതിൽ അറിഞ്ഞു കൊണ്ടല്ലെങ്കിലും ഒരു ആത്മപ്രശംസയുണ്ട്. അങ്ങനെ വിടാത്തവരെ മോശക്കാരാക്കലുമുണ്ട്.

വീട് വിട്ട നാരായണഗുരുവിന് സന്യാസിയായ ശേഷം സമൂഹത്തിലേക്ക് തിരിച്ചുവന്നപ്പോൾ ഒരു പ്രത്യേക പ്രഭാവലയം ഉണ്ടായിരുന്നു. അടി കിട്ടാതെ രക്ഷപ്പെടാൻ അതദ്ദേഹത്തെ കുറെയൊക്കെ സഹായിച്ചും കാണണം. ജാതിയെ എതിർത്തവർക്ക് അടി നിർലോഭമായി കിട്ടിയിരുന്ന കാലത്താണല്ലോ ഗുരുവും പ്രവർത്തിച്ചത്.

ഗുരു ഇതിലേക്ക് ഓർക്കാപ്പുറത്ത് കയറി വന്നതാണ്. എന്നാൽ ഇനി പറയുന്ന കഥയിൽ ഗുരു മുഖ്യ റോൾ തന്നെ അഭിനയിക്കുണ്ട്. ശ്രീനാരായണ പ്രസ്ഥാനത്തിൽ സജീവമായിരുന്നു എന്റെ അച്ഛൻ. ഞാൻ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് വീട്ടിൽ വന്ന് അച്ഛന് യതിയുടെ പുസ്തകങ്ങൾ വിറ്റിരുന്നതാണ് യുവാവായ മൈത്രേയനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ.

ഗുരുകുലം മാസികയിലെ കുറിപ്പ്

ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ സമ്മർ വെക്കേഷന് അച്ഛൻ എന്നെ വർക്കല ശ്രീനാരായണ ഗുരുകുലത്തിൽ പഠന ക്യാംപിന് പറഞ്ഞു വിട്ടു. മുനി നാരായണപ്രസാദാണ് അവിടെ ക്ലാസുൾക്ക് നേതൃത്വം നൽകുന്നത്. അങ്ങനെ രണ്ടു മാസം ക്ലാസും സഹവാസവുമൊക്കെ കഴിഞ്ഞപ്പോൾ ക്യാമ്പംഗങ്ങൾ എഴുതിക്കൊടുത്ത അനുഭവക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തവ ഗുരുകുലം മാസിക പ്രസിദ്ധീകരിച്ചു. എന്റെ കുറിപ്പാണ് ആദ്യം കൊടുത്തത്. ഗുരുവിന്റെയും ഗുരുകുലത്തിന്റെയും ജ്ഞാനമാർഗത്തിലുള്ള എന്റെ സമ്പൂർണ സമർപ്പണം വികാരനിർഭരമായി പ്രഖ്യാപിക്കുന്ന ഒരു കുറിപ്പായിരുന്നു അത്. തിരിച്ചുവന്ന ശേഷം മുനി നാരായണപ്രസാദ് അച്ഛനോട് മകനെ ഗുരുകുലത്തിലേക്ക് സ്ഥിരമായി വിടണം എന്ന് പറഞ്ഞ് കത്തയച്ചെങ്കിലും എന്നെ എഞ്ചിനീയർ ആക്കാൻ ഉറച്ച അച്ഛൻ പ്രീ ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പിന് നിർമലഗിരി കോളേജിൽ ചേർക്കുകയാണ് ചെയ്തത്.

മനസുകൊണ്ട് വീട് വിടാനുള്ള ഒരു തയ്യാറെടുപ്പ് ഇക്കാലത്ത് എനിക്ക് കലശലായി ഉണ്ടായിരുന്നു. അന്ന് ഞാൻ ഡയറിയെഴുതും . അതിലെ എഴുത്തിനു മുഴുവൻ ഭാവിയിൽ ഒരു മഹാൻ ആവാൻ പോകുന്ന ഒരാളുടെ കൗമാരകാല ജീവിതം എന്ന മട്ടാണ്. ഭാവി വായനക്കാർക്ക് വായിക്കാൻ വേണ്ടിയുള്ള പരസ്യ പ്രസ്താവനകൾ. എന്തായാലും സന്ന്യാസിക്ക് പകരം നക്‌സലൈറ്റ് ആയ എന്റെ മനോനില വലിയ മാറ്റമൊന്നുമില്ലാതെയാണ് തുടർന്നത്. ഒരു മധ്യവർഗ്ഗ മാധ്യമ ജാതി യുവാവിന്റെ സവിശേഷമായ നിരാസബുദ്ധി .

ഒരിക്കൽ വീട് വിട്ടാൽ മധ്യവർഗ യുവാവിന് ലഭിക്കുന്നത് ലൗകിക ജീവിതത്തിന്റെ സുപ്രതീക്ഷിത ഘട്ടങ്ങളിൽ നിന്നുള്ള വിച്ഛേദമാണ്. നിങ്ങൾ ഒരു (കൈ) വിട്ട കേസായി മാറും.

എന്തായാലും പ്രീ ഡിഗ്രി സമയത്ത് രാഷ്ട്രീയത്തിൽ സജീവമായതോടെ പഠനം പൂർത്തിയാക്കാൻ കഴിയില്ലെന്നത് തീരുമാനമായി. കെമിസ്ട്രി റെക്കോർഡിൽ ഒപ്പ് കിട്ടില്ലെന്ന് മുൻകൂർ തന്നെ മാഷുടെ ഉറപ്പ് കിട്ടി. ഒന്നു കൂടി ചെന്നു കണ്ട് പറഞ്ഞാൽ തീരുന്ന പ്രശ്‌നമാണ്. ഞാൻ പക്ഷേ സർവസംഗ പരിത്യാഗിയായ ഭാവി മഹാൻ ആണല്ലോ. അതിനൊന്നും പോയില്ല. തുടർന്നും വീട്ടിൽ നിന്ന് ദിവസവും രാവിലെ കോളേജിലേക്ക് വരുന്നുണ്ട്.

അവസാന പരീക്ഷ കഴിഞ്ഞ ദിവസം അനിവാര്യമായ പ്രതിസന്ധിയെ നേരിടാനായി ഞാൻ ഒരു ചെറുകിട വീട് വിടൽ നടപ്പാക്കി! എന്നു വെച്ചാൽ വൈകീട്ട് വീട്ടിലേക്ക് തിരിച്ചുവരാതെ മൂത്തമ്മയുടെ വീട്ടിൽ പോയി താമസിച്ചു. മൊബൈൽ ഫോണുകളൊന്നുമില്ലാത്ത കാലമായതിനാൽ ആ ചരിത്ര സംഭവം ഉടനടി അലസിപ്പോയില്ല. വീട്ടിൽ എല്ലാരും കൂടി ആലോചിച്ച് എവിടെപ്പോയിരിക്കാം എന്നതിനെക്കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടാക്കിയപ്പോൾ ഒന്നാം സ്ഥാനം തുല്യമായി പങ്കിട്ടത് ഗുരുകുലത്തിൽ സന്ന്യസിക്കാൻ പോയിട്ടുണ്ടാവും, മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിട്ടുണ്ടാവും എന്നിവയാണ്! രണ്ടുവഴിക്കുമുള്ള തിരയൽ പരാജയപ്പെട്ടപ്പോൾ അപ്രധാന സാദ്ധ്യതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി മൂത്തമ്മയോട് അന്വേഷിക്കുകയും എന്നെ കണ്ടുപിടിക്കുകയും ഒരു ദിവസം നീണ്ടു നിന്ന എന്റെ മഹത്തായ വീട് വിടലിനു വിരാമമാവുകയും ചെയ്തു.

ഒരിക്കൽ വീട് വിട്ടാൽ മധ്യവർഗ യുവാവിന് ലഭിക്കുന്നത് ലൗകിക ജീവിതത്തിന്റെ സുപ്രതീക്ഷിത ഘട്ടങ്ങളിൽ നിന്നുള്ള വിച്ഛേദമാണ്. നിങ്ങൾ ഒരു (കൈ) വിട്ട കേസായി മാറും. പഠനം നിർത്തിയ ഞാൻ വടകരയിൽ മുത്തച്ഛന്റെ ആയുർവേദ കടയിൽ കാഷ്യറായി അഞ്ചാറു മാസം ജോലി ചെയ്തു. അതിനിടെ മലയാളം , ഇംഗ്ലീഷ് എന്നിവ പാസായവർക്ക് ഗ്രൂപ്പ് ഒറ്റയടിക്ക് ചെയ്ഞ്ച് ചെയ്യാം എന്ന സാധ്യത പത്രത്തിൽ കണ്ട് തേർഡ് ഗ്രൂപ്പെടുത്തത് പരീക്ഷ പാസ്സാവുകയും ബ്രണ്ണൻ കോളേജിൽ ഡിഗ്രിയ്ക്ക് ചേരുകയും ചെയ്തു.

ഇക്കാലയളവിൽ എന്റെ രാഷ്ട്രീയമായ ഇടപാടുകൾ മുഴുവൻ ഒരു കൂട്ടം ആണുങ്ങളുമായിട്ടായിരുന്നു. എന്റെ വീടിനു മുമ്പിൽ ഒരു ഗ്രൗണ്ട് ആണ്. വീട്ടുപേര് തന്നെ ഗ്രൗണ്ട് വ്യൂ എന്നാണ്. അവിടെ ഞങ്ങൾ സീസണനുസരിച്ച് ക്രിക്കറ്റും ഫുട്ബാളും വോളിബാളും ഒക്കെ കളിക്കും. കളി കഴിഞ്ഞ് അർധരാത്രി വരെ ഞങ്ങൾ കുറേപ്പേർ ഗ്രൗണ്ടിലിരുന്നു സഭകൂടും. അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകളിലൂടെയാണ് കുറേപ്പേർ സംഘടനയിലേക്ക് വരുന്നത്.

ദിലീപ് രാജ്

ആകപ്പാടെ എന്റെ അക്കാല കണ്ണൂർ രാഷ്ട്രീയ ജീവിതത്തിൽ രണ്ടു സ്ത്രീ സഖാക്കളാണ് ഓർമയിൽ ഉള്ളത്. ജെന്നിയും രമയും. അവർ രണ്ടു പേരും പാനൂരിനടുത്തുള്ള പൊയിലൂരിൽ വെച്ച് കേരളീയ വിദ്യാർത്ഥി മുന്നണിയുടെ സംസ്ഥാന സമ്മേളനം നടന്നപ്പോൾ വന്നതാണ്.

സ്ത്രീകൾ രാഷ്ട്രീയവിഷയികളായി മാറിയപ്പോൾ എന്തു തരം മനോനിലയാണവർ പുലർത്തുന്നുണ്ടാവുക? കുമാരനാശാന്റെ നായികമാർ പലരും വീട് വിട്ടവരാണ്. മോക്ഷമല്ല മരണമാണ് അവർക്ക് കിട്ടുന്നത്. കേരളത്തിലുള്ള വീട്ടിനു പുറത്തെ സ്ഥലങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ അത് അങ്ങേയറ്റം റിയലിസ്റ്റിക്കായ ഒരു പരിണതിയാണെന്നു പറയേണ്ടി വരും. കൗമാര പ്രായത്തിൽ വീട്ടുകാരോട് തെറ്റിയോ മറ്റോ വീട് വിടുന്ന സ്ത്രീകൾക്ക് ഒരു രാത്രി സുരക്ഷിതമായി താമസിക്കുക അസാധ്യമാണിവിടെ. ലോഡ്ജിലോ ഹോസ്റ്റലിലോ ഒക്കെ വീട്ടുകാരുടെ രക്ഷാകർതൃത്വത്തിലേ സ്ഥലം ലഭിക്കൂ.

ഈയവസ്ഥയിലുള്ളവർക്ക് എസ് .ജോസഫിന്റെ "ധ്വനി' എന്ന കവിത പേരിടുന്നത് "പോക്കെടമില്ലാത്തവർ' എന്നാണ്. കവിതയിലെ പോക്കെടമില്ലായ്മ വളരെ സവിശേഷമായ (particular) ഒന്നാണ്. അച്ഛച്ഛന്റെ ഭാഗത്തു നിന്ന് അമ്മയെ കളിയാക്കാൻ ആൺമക്കൾ ചോദിക്കുന്ന പരിഹാസച്ചോദ്യമാണ് "പോക്കെടമില്ല അല്ലേ ?' എന്നത്. അത്രക്ക് സവിശേഷമാകയാൽ തന്നെ, അക്കാരണമൊന്നു കൊണ്ടുമാത്രം, ആകവിതഭൂമിയിലെ പോക്കെടമില്ലാത്ത എല്ലാവർക്കു വേണ്ടിയും നിൽക്കുന്നു. ഏറ്റവും സാർവജനീന (universal)മാവുന്നു.
വഴക്കു മൂലം ശരണക്കേട് തോന്നി സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോവുന്ന അമ്മയുടെ വീട് വിടൽ എവിടംവരെയാണ് എന്ന് നോക്കൂ:

"അമ്മ ചട്ടയും മുണ്ടുമുടുത്ത് വീടിറങ്ങി .
എന്നാൽ ചായന്തെങ്ങിനു താഴെയുള്ള കടുത്തുകല്ലിൽ
അവർ ഇരുന്നു പോകും.
കുറേനേരം അങ്ങനെയിരുന്നിട്ട് തിരിച്ചു പോരാറുള്ള
അമ്മയോട്
പോക്കെടമില്ല അല്ലേ ? ഞങ്ങൾ ആൺമക്കൾ
കളിയാക്കി ചോദിക്കും.
കൂകിച്ചിരിക്കും.'
(ധ്വനി, എസ്. ജോസഫ്)

വൈകാതെയവർ ഒരുങ്ങിയിറങ്ങി വീടും ലോകവും വിട്ടു പോവുമെന്ന് താൻ സങ്കടപ്പെടാറുണ്ടെന്ന് ആഖ്യാതാവ് / കവി കൂട്ടിച്ചേർക്കുന്നു.

എസ്. ജോസഫ്

ഉള്ളവരാണ് വീടായാലും വിടുന്നത്. അതുകൊണ്ടു തന്നെ വീട് എന്നത് ഒരുവരേണ്യാവകാശമാണ്. ത്യാഗം വലിയ വിപ്ലവ മൂല്യമാവുന്ന തത്വരേണ്യരായ ത്യാഗികൾ ഒരു പ്രസ്ഥാനത്തിൽ ഭൂരിപക്ഷമാവുമ്പോഴായിരിക്കണം. ഒരു മിഡിൽ ക്ലാസുകാരൻ മധ്യമ ജാതിക്കാരനായ പുരുഷന്റെ കഥ എന്ന് മേൽപ്പറഞ്ഞ കഥയെ വിശേഷാൽ അടയാളപ്പെടുത്തണം. തന്മ അഥവാ ഐഡന്റിറ്റി മൃദുവും (fluid) മാറിക്കൊണ്ടിരിക്കുന്നതും വേലി മാറ്റിക്കെട്ടിക്കൊണ്ടിരിക്കുന്നതും ആയ ഒന്നാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കുമായി ഒരു വിമോചന മാർഗ്ഗം കണ്ടെത്താനോ എല്ലാവർക്കുമായി ഒരു കഥ പറയാനോ കഴിയില്ല . പല തലങ്ങളിലുള്ള പ്രത്യേകാവകാശങ്ങൾ അനുഭവിക്കുന്നവർ എന്ന നിലയ്ക്ക് സ്വന്തം ആഖ്യാനം എന്തിനെയാണ് പുറംതള്ളുന്നത് എന്നതിലുള്ള ശ്രദ്ധ സൂക്ഷിക്കലാണ്പ്രധാനം.

മലയാള സാഹിത്യത്തിൽ വിലക്കുകൾ ലംഘിച്ചിറങ്ങിയ സ്ത്രീകൾക്ക് ശരീരം വെടിയുന്നതിനു പകരം അതിജീവനം സാധ്യമാവുന്നത് മാധവിക്കുട്ടിയുടെ കഥകളിലാണ്. വീട് വിടാത്തൊരു വിപ്ലവകാരിയാണവർ.

ഞാനിതെഴുതുന്നത് എല്ലാവരോടും വീട്ടിലിരിക്കാൻ ഗവൺമെന്റ്‌ ആവശ്യപ്പെട്ടിട്ടുള്ള കൊറോണാക്കാലത്താണ്. വിഭവങ്ങളോ സുരക്ഷയോ ഇല്ലാതെ ഡൽഹിയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ചിത്രമാണ് ഈ ആലോചനകളുടെ പുറം. ഉള്ളിലുള്ളത് ഉണ്ടായിരിക്കുന്നത് ഈ പുറം (outside) ഉള്ളത് കൊണ്ടാണ്. അകം പുറം വേർതിരിക്കുന്ന അതിർത്തി രേഖകൾ എങ്ങനെ വേണമെങ്കിലും മാറാം. ആയിത്തീരലിന്റെ രാഷ്ട്രീയം അതിൽ നിന്നാണ് ഉരുവം കൊള്ളുന്നത്.

പുരുഷ രാഷ്ട്രീയ വിഷയിത്വത്തെ മാനദണ്ഡമാക്കുന്ന ഒരു രാഷ്ട്രീയത്തിൽ അതുതന്നെ ആന്തരവൽക്കരിച്ചു വേണമായിരിക്കാം സ്ത്രീകളും ഇറങ്ങാൻ. മലയാള സാഹിത്യത്തിൽ വിലക്കുകൾ ലംഘിച്ചിറങ്ങിയ സ്ത്രീകൾക്ക് ശരീരം വെടിയുന്നതിനു പകരം അതിജീവനം സാധ്യമാവുന്നത് മാധവിക്കുട്ടിയുടെ കഥകളിലാണ്. വീട് വിടാത്തൊരു വിപ്ലവകാരിയാണവർ. അഥവാ വീട് എല്ലാത്തരം ട്രാൻസ് ഗ്രഷനുകളുടെയും ഇടമാകാമെന്നു ഭാവനാത്മകമായി കാണിച്ചു തന്ന ആൾ.

ഇതേക്കുറിച്ച് സൂക്ഷ്മ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന തന്റെ പഠനത്തിന് കെ. രാജൻ നൽകിയ തലക്കെട്ട് "അസ്ഥിര വാസ്തുവിദ്യ' എന്നാണ്. "കൂട്ടുവഴി' എന്ന ശ്രദ്ധേയമായ പുസ്തകത്തിൽ മാധവിക്കുട്ടിയുടെ ആഖ്യാന രീതിയെക്കുറിച്ച് രാജൻ ഇങ്ങനെ നിരീക്ഷിക്കുന്നു: "സ്ഥിരം പ്ലോട്ടിലെ പ്രമാണ പ്രകാരമുള്ള വാസ്തു വിദ്യയല്ല , ഭൂകമ്പമേഖലയിലെ സ്ഥാനത്തിനൊത്ത് അഴിച്ചു പണിയുന്ന അസ്ഥിര വാസ്തുവിദ്യയാണിത്' (പുറം 89 -90).

റിയാസ് കോമു, കൽപ്പറ്റ നാരായണൻ, ദിലീപ് രാജ്, എം. എ ബേബി

രണ്ട്

അമ്മയെക്കുറിച്ചുള്ള ഹൃദയസ്പൃക്കായ കവിതയിൽ കൽപ്പറ്റ നാരായണൻ വീടിനെക്കുറിച്ചാണ് പറയുന്നത് എന്നത് യാദൃച്ഛികമാണോ

"ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാൻ എത്തിയാൽ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു'
(ആശ്വാസം)

ഡി.വിനയചന്ദ്രനും വീട് അമ്മയുടെ പര്യായമാണ്.
"അമ്മയില്ലാത്തവർക്കെന്തു വീട്?
ഇല്ല വീട് , എങ്ങെങ്ങുമേ വീട്'
(വീട്ടിലേക്കുള്ള വഴി)

അമ്മ എന്ന് പറയുമ്പോൾ അത് വീട് എന്നാവുന്നത് വളരെ സ്വാഭാവികമായിട്ടാണ്. എസ് ജോസഫിന്റെ കവിതയിൽ നമ്മളത് കണ്ടു കഴിഞ്ഞു. അമ്മയുടെ / ഭാര്യയുടെ ഓർക്കാപ്പുറത്തുള്ള അഭാവത്തെ ഒട്ടും കാൽപനികതയില്ലാതെ എന്നാൽ അടുപ്പത്തിന്റെ തീവ്രത മുഴുവനും അനുഭവിപ്പിച്ചുകൊണ്ട് "നെയ്പ്പായസം' എന്ന കഥയിൽ മാധവിക്കുട്ടി വിവരിക്കുന്നുണ്ട്. നെയ്പ്പായസം ഉൾപ്പെടെയുള്ള പദാർത്ഥങ്ങളെയും സാമഗ്രികളെയും സാധനങ്ങളെയും വിന്യസിച്ചു കൊണ്ടാണത് ചെയ്യുന്നത്. രണ്ടാൾക്കു നിൽക്കുവാൻ സ്ഥലമുള്ള കൊച്ചുവരാന്തയിലെ പൂച്ചട്ടിയിൽ അമ്മ നനച്ചുണ്ടാക്കിയ പനിനീർച്ചെടി, ചുമരിന്മേൽ കൊളുത്തിയിട്ട പിച്ചളച്ചട്ടുകങ്ങളും കരണ്ടികളും, സ്റ്റൗവിനടുത്ത് അവരിരിക്കാറുള്ള തേഞ്ഞ പലക , കിണ്ണങ്ങൾ...."ആരോടും യാത്ര പറയാതെ നിലത്ത് ഒരു ചൂലിന്റെയടുത്ത് വീണു മരിച്ചു' എന്ന വാചകത്തിലെ ചൂല് അറിയപ്പെടാത്ത ഒരു ജീവചരിത്രത്തിലെ ജീവനുള്ള ഒരു കഥാപാത്രം തന്നെ. കഥയുടെ അവസാനത്തോടടുത്ത് ഇങ്ങനെയൊരു വാചകമാണ്: "അയാൾ തന്റെ ഭാര്യയിരിക്കാറുള്ള പലകമേൽ ഇരുന്നു'.

ഡി. വിനയചന്ദ്രൻ

ജോസഫിന്റെ "ധ്വനി'യിലെ അമ്മ പെരുമാറുന്നത് ചാണകം മെഴുകിയ മുറിയിലും പുറകു വശത്ത് വിറകു വെക്കുന്നിടത്തെ സിമന്റ് കെട്ടിലുമൊക്കെയാണ്.

വീട്ടിലെന്ന പോലെ ലോഡ്ജിലും ഉണ്ട് പലതരംവസ്തുക്കൾ. എന്നാൽ ലോഡ്ജ് വീടല്ല. എന്താണ് വീടിനെ ലോഡ്ജിൽ നിന്ന് വേർതിരിക്കുന്നത് എന്ന് ഫെമിനിസ്റ്റ് ചിന്തകയായ ഐറിസ് മരിയൻ യുങ് ആലോചിക്കുന്നത് ഇനി പറയുന്ന തരത്തിലാണ്:
എല്ലാ സൗകര്യങ്ങളും ലോഡ്ജിലെ മുറിയിലുമുണ്ടാവാം.പക്ഷെ ഒരാളുടെ സ്വത്വം അതിൽ നിക്ഷേപിക്കപ്പെട്ടിട്ടില്ല. ജീവിത ശൈലികളുടെയും ശീലങ്ങളുടെയും ചരിത്രമില്ല അവിടുത്തെ വസ്തുക്കൾക്കും മൂലകൾക്കും. അങ്ങേയറ്റം നിഷ്പക്ഷമായ സംവിധാനമാണ് ലോഡ്ജ്. മുന്തിയ തരം ഹോട്ടലുകളിൽ ടൂത്ത്ബ്രഷും ഷേവിങ് കിറ്റും സോപ്പുമൊക്കെ ദിനം തോറും മാറ്റിക്കൊണ്ടിരിക്കും. പക്ഷേ വീട് അങ്ങനെയല്ല. അത്യന്തം വ്യക്തിമുദ്ര പതിഞ്ഞതാണ് അവിടുത്തെ വസ്തുക്കളും ഇടങ്ങളുമെല്ലാം.

പണി തീരാത്ത വീടാണ് തന്മ. വീട്ടിലും വസ്തുക്കളിലും സ്വയം ഉറപ്പിക്കാൻ സാധിച്ചില്ലെങ്കിൽ നമ്മൾ പിടുത്തം വിട്ടവരായിപ്പോവും.

ഒരാളുടെ ദിനചര്യകൾക്ക് അനുരൂപമായും അയാളുടെ ശരീരത്തിന്റെ തന്നെനീട്ടലെന്നോണവുമാണ് വസ്തുവകകൾ അവിടെ നിരത്തിയിരിക്കുന്നത്. വ്യക്തിചരിത്രത്തിൽ അവ ചേർന്നു നിൽക്കുന്നു. ആളുകൾ തങ്ങളുടേതാക്കി മാറ്റിയ സാധനങ്ങളാണ് അവിടെ മുഴുവൻ. ചുറ്റുമുള്ള വസ്തുക്കളോടുള്ള ഇടമുറിയാത്ത ബന്ധങ്ങൾ തന്നെയാണ് ഇടമായി മാറുന്നത്. മനുഷ്യർ ഇടം കൊള്ളുന്നതാണ് വീട്. അന്യഥാ ഒഴുക്കിൽ പെട്ട തന്മയെ (identity) സ്ഥായിയാക്കുന്ന ധർമം ഇവ്വിധം വീട് ഏറ്റെടുക്കുന്നു. പണി തീരാത്ത വീടാണ് തന്മ. വീട്ടിലും വസ്തുക്കളിലും സ്വയം ഉറപ്പിക്കാൻ സാധിച്ചില്ലെങ്കിൽ നമ്മൾ പിടുത്തം വിട്ടവരായിപ്പോവും.
ഇങ്ങനെ സ്വത്വത്തിന്റെ ആധാരമായി വീട് മെയിന്റയിൻ ചെയ്യുന്നത് മിക്കപ്പോഴും സ്ത്രീകളാണ്. വീടിന്റെ പരിരക്ഷണ (preservation) ധർമമാണിത്. വാസത്തെയും ഭാഷയെയും ചിന്തയെയും കുറിച്ചൊക്കെ ഒരുമിച്ചാലോചിച്ചിട്ടുള്ള മാർട്ടിൻ ഹൈഡഗർ പരിരക്ഷണം, നിർമാണം (construction) എന്നീ രണ്ടു ധർമങ്ങളാണ് വസതികൾക്കുള്ളതായി കണ്ടെത്തുന്നത്.

വാസം (dwelling) എന്നത് മനുഷ്യരുടെ ആയിരിക്കലിന്റെ ഒരു പ്രകാരം ആണ്. കെട്ടിപ്പടുക്കുന്നതിലൂടെയാണ് മനുഷ്യർ പാർക്കുന്നത്. കെട്ടിടത്തിന്റെ രണ്ടു വശങ്ങളാണ് പരിരക്ഷണവും നിർമ്മാണവും. മനുഷ്യ ലോകത്ത് സ്ഥല (place)മുണ്ടാവുന്നത് ചുമരുകളും റോഡുകളും പാലങ്ങളും ടവറുകളും മതിലുകളും ഒക്കെ കെട്ടിപ്പടുക്കുന്നതിലൂടെയാണ്, മനുഷ്യരുടെ വിഷയിത്വ നിർമ്മിതിയിൽ കെട്ടിപ്പടുക്കലിന്, നിർമ്മാണത്തിന്, മർമസ്ഥാനമുണ്ട്. ഇത്രയുമാണ് ഹൈഡഗറുടെ കാഴ്ചപ്പാടിന്റെ രത്‌നച്ചുരുക്കം.

ഹന്ന ആരെന്റ്‌

ഇടത് ഹൈഡഗേറിയൻ ആയ ഹന്ന ആരെന്റും സമാനമായ വാദം "ദി ഹ്യൂമൻ കണ്ടീഷൻ' (ചിക്കാഗോ യൂണിവേഴ്സിറ്റി പ്രസ്, 1958 ) എന്ന കൃതിയിൽ മുന്നോട്ടു വെച്ചിട്ടുണ്ട്. ജോലിയും (labor) അധ്വാനവും(work)തമ്മിൽ ആരെന്റ് വേർതിരിക്കുന്നു. ആവശ്യങ്ങൾ പൂർത്തീകരിച്ച് ജീവൻ നിലനിർത്തുന്നത് ജോലി. അധ്വാനമാവട്ടെ ക്ഷേത്രങ്ങൾ, ചത്വരങ്ങൾ തുടങ്ങി ചരിത്രപരമായ സ്മാരകങ്ങൾ ഉണ്ടാക്കുന്നു. അടിത്തറകൾ പണിഞ്ഞു മനുഷ്യർ നാഗരികത കെട്ടിപ്പൊക്കുന്നുവെന്നും അതിലൂടെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വിഷയികളായി രംഗത്ത് വരുന്നുവെന്നുമാണ് ആരെന്റിന്റെ വാദം.

ഹൈഡഗറെയും ആരെന്റിനെയും ഇക്കാര്യത്തിൽ വിമർശിക്കുന്ന രണ്ടു ഫെമിനിസ്റ്റ് ചിന്തകരാണ് ലൂസി ഇരിഗരെയും സിമോൺ ദി ബുവ്വേയും. കെട്ടിപ്പടുക്കുന്നതിലൂടെയാണ് ലോകവും വിഷയിയും ഉണ്ടാവുന്നതെങ്കിൽ, ആ പ്രക്രിയകളിൽ പങ്കില്ലാതെ വരുക എന്നാൽ രണ്ടും നിഷേധിക്കപ്പെടലാവുമല്ലോ. ഉണ്ടായ ലോകങ്ങളൊക്കെയും പുരുഷന്മാരുടെ ലോകങ്ങളാണ് എന്നും വരും. സ്ത്രീകൾ പരിരക്ഷണം മാത്രമേ നടത്തുന്നുള്ളൂ.

"സെക്കന്റ് സെക്‌സ്' എന്ന വിഖ്യാതമായ കൃതിയിൽ സിമോൺ ദി ബുവേ വീട്ടു പണിയെപ്പറ്റി വിശദമായിത്തന്നെ വിശകലനം നടത്തുന്നുണ്ട്. ക്ലീനിംഗ് എന്നാൽ വൃത്തികേട് ഒഴിവാക്കലാണ്. അടുക്കി വെക്കൽ എന്നാൽ ക്രമം തെറ്റിയത് നേരേയാക്കലും. ഇതിനു ഒരന്തവുമില്ല. വൃത്തിയാക്കിയത് വീണ്ടും വൃത്തികേടാവുന്നു. അടുക്കിയത് വീണ്ടും ക്രമം തെറ്റുന്നു. വീണ്ടും വീണ്ടും വൃത്തിയാക്കൽ, അടുക്കി വെക്കൽ. ചാക്രികമായ വല, ഫലമോ, തുടങ്ങുമ്പോഴുള്ള അതേയവസ്ഥ! (പുറം 451). അനിത തമ്പി "മുറ്റമടിക്കുമ്പോൾ' എന്ന കവിതയിൽ എഴുതിയത് പോലെ,
"തൂത്തു നേരം പുലർന്നു വെളിച്ചം
വീണു വീടിൻ മിഴി തുറക്കുമ്പോൾ
കാൽച്ചുവടും കരിയില പോലും
നീങ്ങി, എന്തൊരു വൃത്തിയെൻ മുറ്റം'.

ബുവ്വെയുടെ കാഴ്ചപ്പാടിൽ ജീവന്റെ നീക്കമാണ് പരിരക്ഷണം. ഭക്ഷണവും പാർപ്പിടവും കുട്ടികളെ നോക്കലുമൊക്കെ ഉണ്ടെങ്കിലേ ചരിത്രം നിർമ്മിക്കാൻ ആള് ബാക്കിയുണ്ടാവൂ. ഇപ്പണികൾ പക്ഷെ വ്യക്തിത്വത്തിന്റെ ആവിഷ്‌കാരങ്ങളാവുക അസാധ്യമാണ്. ജീവൻ രക്ഷയാണ് ഒരാളുടെ പ്രധാന ഏർപ്പാടെങ്കിൽ ഒരു വിഷയി അഥവാ വ്യക്തിയാവുക അവൾക്ക് വളരെ വിഷമകരമായിരിക്കും. സ്ത്രീകളുടെ വിഷയിത്വ നഷ്ടത്തെക്കുറിച്ച് ഇറിഗരെയും ബുവ്വേയും ഉയർത്തുന്ന വിമർശനങ്ങൾ അത്യന്തം സംഗതവും ന്യായവുമാണെന്നത് അംഗീകരിച്ചേ പറ്റൂ.

സിമോൺ ദി ബുവ്വേ

എന്നാൽ പരിരക്ഷണ പ്രവൃത്തികൾ സർഗാത്മകമാവാൻ സാധിക്കില്ല, അവയ്ക്ക് വിഷയിത്വ നിർമ്മാണത്തിൽ പങ്കു വഹിക്കാൻ കഴിയില്ല എന്ന ധാരണ തീർത്തും ശരിയാണോ? അല്ലെന്നാണ് ഐറിസ് മരിയൻ യുങ്ങിനെപ്പോലുള്ള ഫെമിനിസ്റ്റുകൾ പറയുന്നത്. അങ്ങനെയുള്ള വാദമാണ് നമ്മൾ ഈ ഖണ്ഡത്തിന്റെ തുടക്കത്തിൽ കണ്ടതും. പുരുഷന്മാരുടെ (നിർമ്മാണ ) പ്രവർത്തനങ്ങൾ പോലെ തന്നെ സ്ത്രീകളുടെ വീട്ടിലെ (പരിരക്ഷണ) പ്രവർത്തനങ്ങളും ലോകനിർമ്മാണത്തിൽ പങ്കെടുക്കുന്നതാണ്. പരിരക്ഷണംയാഥാസ്ഥിതികമാവുന്നത് പോലെത്തന്നെ സർഗാത്മകവുമാവാം. യുങ്ങും മറ്റും വീട്ടു ജോലിയെ ഒട്ടും കാൽപനികവൽക്കരിക്കാതെയാണ് ഈ സാധ്യത ചൂണ്ടിക്കാട്ടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീട് പരിരക്ഷണം ജൻഡർ മുക്തമാക്കുകയാണ് വേണ്ടതെന്നവർ ഭാവന ചെയ്യുന്നു.

തത്വചിന്തകനായ ഗാസ്റ്റൻ ബാഷ്ലാർഡ് "പോറ്റിക്‌സ് ഓഫ് സ്‌പേസ്' എന്ന മനോഹരമായ കൃതിയിൽ കൃത്യമായും ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അതായത്, വീട്ടുജോലി എങ്ങനെയാണ് സർഗാത്മകമാക്കാൻ സാധിക്കുക എന്ന ചോദ്യം. യാന്ത്രികമായ ജോലിക്കിടെ ഒരു നൊടി ഉണർവ്വ് കാണിച്ചാൽ ഇത് സാധിക്കും എന്നാണദ്ദേഹത്തിന്റെ വാദം (പുറം 67). അപ്പോൾ ഒരു മനുഷ്യ പാർപ്പിടത്തിലെ അംഗം എന്ന നിലയ്ക്ക് വീട്ടിലെ വസ്തുക്കൾ ഒന്നുകൂടി വിശേഷപ്പെടും. അതിന് വിൻസന്റ് വാൻഗോഗ് സഹോദരൻ തിയോക്ക് എഴുതിയതു പോലെ "റോബിൻസൺ ക്രൂസോയുടെ മൗലികതയുടെ ഒരംശം നമ്മൾ കാത്തുവെക്കണം'. എന്നു വെച്ചാൽ, ഓരോന്നും പുതുതായി സ്വയം നിർമിച്ചും മാറ്റിപ്പണിതും കൊണ്ടിരിക്കണം.

ഇതര സംസ്ഥാന തൊഴിലാളികൾ കൊറോണക്കാലത്ത് കേരളത്തിൽ ഭക്ഷണത്തിലെ രുചിയെപ്പറ്റി പരാതി പറഞ്ഞു എന്നത് പലർക്കും ദഹിച്ചില്ല. കുടിയേറിയ ആളുകൾക്ക് പലപ്പോഴും ജീവിതത്തിൽ തങ്ങളുടെ സാംസ്‌കാരിക വ്യതിരിക്തതയും ചരിത്രവും സംരക്ഷിക്കാനും അനുഭവിക്കാനും സാധിക്കുന്നത് സ്വന്തം താമസ സ്ഥലത്തു മാത്രമായിരിക്കും.

ആവർത്തനവും സർഗാത്മകതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ജോർജ്ജിന്റെ "വിരഹങ്ങളുടെ സമാഹാരം' എന്ന കവിതാപുസ്തകത്തിന്റെ മുഖക്കുറിപ്പിൽ ഉദയകുമാർ എഴുതിയിട്ടുള്ളത് ഇതിനോട് ചേർത്തു വായിക്കാം: "ആവർത്തനവും സൃഷ്ടിയും വിപരീതങ്ങളല്ല എന്ന ഉൾക്കാഴ്ച ആധുനികതയുടെ സവിശേഷ മുദ്രയാണെന്നു പറയാൻ വിഷമമാണ്. പഴയ പാട്ടുകൾ , രംഗാവതരണത്തിലും മനോധർമത്തിലും ഊന്നിനിൽക്കുന്ന കലാരൂപങ്ങൾ- ഇവയിലൊക്കെ ആവർത്തനം ഒരു പ്രധാന ചാലക ശക്തിയായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്'. (നിയോഗം ബുക്‌സ്, 2014, പുറം, 24).വിഷയിത്വത്തിന്റെ സ്ഥായീരൂപങ്ങളെ തകർക്കാനുള്ള ഉപാധിയാണ് ആധുനിക കലയിൽ ആവർത്തനമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ വീട്ടുജോലിയിൽ ഇത് നേർവിപരീതമാണ്. വിഷയിത്വത്തിന്റെ ദ്രവാവസ്ഥയെ (fluidity) മെരുക്കി അതിന് സ്ഥായിത്വം നൽകുന്നത് വീടും അതിനുള്ളിലെ വസ്തുക്കളുമായുള്ള വ്യക്തിബന്ധങ്ങളുമാണ്. കുടിയേറിയവർക്ക് ഇത് നന്നായറിയാം. ഇതര സംസ്ഥാന തൊഴിലാളികൾ കൊറോണക്കാലത്ത് കേരളത്തിൽ ഭക്ഷണത്തിലെ രുചിയെപ്പറ്റി പരാതി പറഞ്ഞു എന്നത് പലർക്കും ദഹിച്ചില്ല. കുടിയേറിയ ആളുകൾക്ക് പലപ്പോഴും ജീവിതത്തിൽ തങ്ങളുടെ സാംസ്‌കാരിക വ്യതിരിക്തതയും ചരിത്രവും സംരക്ഷിക്കാനും അനുഭവിക്കാനും സാധിക്കുന്നത് സ്വന്തം താമസ സ്ഥലത്തു മാത്രമായിരിക്കും. അപ്പോൾ ഭക്ഷണത്തിലെ പ്രത്യേക താൽപ്പര്യം എന്നത് ജീവന്മരണ പ്രശ്‌നംതന്നെയായി മാറും. സ്വന്തം ഐഡന്റിറ്റിയാണ് അതിൽ കുരുങ്ങിക്കിടക്കുന്നത്. തൊഴിലാളി എന്നത് ഒരു സർവജനീന തന്മയാണ്. "അതിഥി' എന്ന് വിളിച്ചാലും "ഇതര സംസ്ഥാന' എന്നു വിളിച്ചാലും രണ്ടും സാംസ്‌കാരിക വ്യതിരിക്തതയെകുറിക്കുന്ന വിശേഷണങ്ങളാണ്. അവർ അതിഥികളോ ബംഗാളികളോ ഒക്കെ ആയിരിക്കുന്ന ഒരേയൊരു സ്ഥലമായിരിക്കും സ്വന്തം വാസസ്ഥലം. അവരുടെ രാഷ്ട്രീയത്തിൽ തൊഴിലാളി രാഷ്ട്രീയമോ സ്വത്വരാഷ്ട്രീയമോ പ്രസക്തമാവുന്നത് എന്നത് അവരോടുള്ള ഇടപെടലുകളിൽ എന്തു മനോഭാവമാണ് മുന്നിട്ടു നിൽക്കുന്നത് എന്നതിനെക്കൂടി ആശ്രയിച്ചുള്ള കാര്യമാണ്. മലയാളി തൊഴിലാളിക്ക് മലയാളിയാണ് എന്നതിനാൽ കൂലി കൂടുതൽ കിട്ടുന്ന അവസ്ഥയുണ്ടെങ്കിൽ കൂലി എന്നത് തന്നെ സാംസ്‌കാരികമാവുകയാണ് ചെയ്യുക (മൈത്രി പ്രസാദ് ഏലിയാമ്മ ഇതേക്കുറിച്ച്നടത്തിയ വിശദപഠനങ്ങൾ അക്കാര്യം ചൂണ്ടിക്കാട്ടുന്നു).

മൂന്ന്

വീട് ഒരു പ്രത്യേകാവകാശം ആണെന്ന ഫെമിനിസ്റ്റ് വാദത്തെ തിരിച്ചിടുന്ന ഫെമിനിസ്റ്റ് ചിന്തകയാണ് ബെൽ ഹൂക്‌സ്. വീട് മർദ്ദിതരെ സംബന്ധിച്ച് ഒരു പ്രതിരോധ സ്ഥലമാണെന്നാണ് അവരുടെ നിലപാട്. സാംസ്‌കാരികമായ വ്യത്യാസം ഒരു പരിധി വരെ അവിടെ ആഘോഷിക്കാൻ സാധിക്കും. രാഷ്ട്രീയ വിഷയികളാവാനുള്ള ഊർജ്ജം അവിടെ നിന്ന് സംഭരിക്കാം. ഈ നിലപാടും നൊസ്റ്റാൾജിയയോ കാൽപനികമോ ഒന്നുമല്ല. തീർത്തും രാഷ്ട്രീയമാണ്.
മർദ്ദകർക്ക് ഏറ്റവും ഗുണം ചെയ്യുക നമുക്ക് നമ്മുടേതായി ഒന്നുമില്ലാത്ത അവസ്ഥയാണ്. അവർ നമ്മുടെ ആത്മമര്യാദയും മാനുഷികതയും കവർന്നെടുക്കുന്ന അവസ്ഥയിൽ സ്വന്തം വീട് ബാക്കിയുണ്ടെങ്കിൽ സ്വയം വീണ്ടെടുക്കാൻ സാധിക്കും . ഇത്രയുമാണ് ഹൂക്‌സ് പറയുന്നത്. ("ഹോംപ്‌ളേസ്: എ സൈറ്റ് ഓഫ് റെസിസ്റ്റൻസ്', പുറം 43).

ബെൽ ഹൂക്‌സ്

വീടിനു കൽപിക്കപ്പെടുന്ന നിഷേധാത്മക സ്വഭാവത്തിന്റെ എതിർസാധ്യതയാണ് ഹൂക്‌സ് ഇത്തരത്തിൽ മുൻതലത്തിലേക്ക് കൊണ്ടുവരുന്നത്. അതായത്?, താരതമ്യേനയുള്ള സുരക്ഷ, രാഷ്ട്രീയ വിഷയിത്വ നിർമാണം തുടങ്ങിയ സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള ഒരു പുനർമൂല്യനിർണയം. ചൂഷണാത്മകമായ സാമൂഹ്യ ഘടനകളെ ചെറുക്കാനുള്ള ഇടമാണവർക്ക് വീട്. ഘടനയുടെ പൂർണനിയന്ത്രണത്തിന് പുറത്തുള്ള ഒരു ഇടം അവലംബിച്ചുമാത്രമേ അതിനെതിരായ ചെറുത്തുനിൽപ് സാധിക്കൂ. ആ ഇടത്തിൽ നിന്നുകൊണ്ട് വേണം കൂടുതൽ മാനുഷികമായ സാമൂഹ്യ ബന്ധങ്ങൾ ഭാവന ചെയ്യാനും അനുഭവിക്കാനും .

പൗരത്വം തന്നെ റദ്ദ് ചെയ്യപ്പെടുമെന്ന സ്ഥിതിയിൽ പറിച്ചുനടൽ അല്ലെങ്കിൽ പലായനം അഭിമുഖീകരിക്കുന്ന ആളുകളാണ് ഇന്നത്തെ ഇന്ത്യയിൽ. സ്വന്തം വീട്ടിലെ വിദേശികൾ എന്ന അനുഭവമാണ് തള്ളി മാറ്റപ്പെട്ടവർക്ക് ഇവിടെ.

വീട് ആൺകോയ്മയുടെ ഇടമാണ്, സുരക്ഷിതമല്ല എന്ന ഫെമിനിസ്റ്റ് വിമർശത്തെ കണക്കിലെടുത്തു കൊണ്ട് തന്നെ ബെൽ ഹൂക്‌സ് നടത്തുന്ന ഈ തിരിച്ചിടൽ വളരെ പ്രധാനമാണ് പുറം ലോകത്തെവിടെയും അപമാനം ഏറ്റുവാങ്ങുന്നവർക്ക് അൽപ്പമെങ്കിലും ആത്മമര്യാദകിട്ടുന്നത് വീട്ടിലാണ്. അവിടെയും പാട്രിയാർക്കി ഇല്ലെന്നല്ല. അതിന്റെ പേരിൽ വീടിനെ തള്ളിപ്പറയാൻ പറ്റില്ല.
നിത്യജീവിതത്തിൽ ദിനംപ്രതി നേരിടുന്ന അപമാനങ്ങൾ ആണ് രാഷ്ട്രീയമായി ബെൽ ഹൂക്‌സ് പ്രധാനമായെടുത്തത്. പൗരത്വം തന്നെ റദ്ദ് ചെയ്യപ്പെടുമെന്ന സ്ഥിതിയിൽ പറിച്ചുനടൽ അല്ലെങ്കിൽ പലായനം അഭിമുഖീകരിക്കുന്ന ആളുകളാണ് ഇന്നത്തെ ഇന്ത്യയിൽ. സ്വന്തം വീട്ടിലെ വിദേശികൾ എന്ന അനുഭവമാണ് തള്ളി മാറ്റപ്പെട്ടവർക്ക് ഇവിടെ. അംബേദ്കർ അനുസ്മരണ പ്രഭാഷണത്തിൽ തത്വചിന്തകനായ ഹോമി കെ. ഭാഭ അംബേദ്ക്കറുടെ ഒരു പുസ്തകത്തിന്റെ തലക്കെട്ട് "അൺടച്ചബിൾസ്, ഓർ ദി ചിൽഡ്രൻ ഓഫ് ഇന്ത്യൻ ഘെറ്റോ' എന്നാണെന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത് ലോകത്തെമ്പാടും ചേരികളിലേക്ക് പുറംതള്ളപ്പെട്ട എല്ലാവരിലേക്കും ദലിതരെ അത് ചേർത്തു വെക്കുന്നു എന്നതിലാണ്.

രേഖാ രാജ്

സി.കെ.ജാനുവിന്റെ കുടിൽകെട്ടി സമരത്തിലും ചെങ്ങറ ഭൂസമരത്തിലും ഐക്യദാർഢ്യപ്പെട്ട് പ്രവർത്തിച്ചപ്പോഴാണ് എനിയ്ക്ക് ഇതിന്റെ വിവക്ഷ പൂർണമായും വെളിപ്പെട്ടത്. "സ്വന്തം നാട്ടിൽ അഭയാർത്ഥികളാക്കപ്പെട്ടവർ' എന്നത് കുടിൽ കെട്ടി സമരത്തിന്റെ കേന്ദ്ര മുദ്രാവാക്യമായിരുന്നു. അടുത്ത സുഹൃത്തുക്കളായ സണ്ണി കപിക്കാടിന്റെയും രേഖാരാജിന്റെയും നിലപാടുകൾ ആ വിഷയത്തിലുള്ള എന്റെ ധാരണകളുടെ നവീകരണത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഭൂമിക്കു വേണ്ടിയുള്ള സമരം അംഗീകാരത്തിനും പൂർണ പൗരത്വത്തിനും വേണ്ടിയുള്ള സമരമാണെന്ന് അത്തരം സമരങ്ങളിൽ നിന്നു കൊണ്ട് തന്നെ സിദ്ധാന്തവൽക്കരിച്ച സണ്ണിയും രേഖയും കേരളത്തിലെ നവ സാമൂഹ്യപ്രസ്ഥാനങ്ങൾക്ക് നൽകിയ രാഷ്ട്രീയദിശ പ്രത്യേകം അടയാളപ്പെടുത്തേണ്ട ഒന്നാണ്. ഇടം എന്നത് സാമൂഹ്യ ഇടവും സാംസ്‌കാരിക മൂലധനവുമാണെന്ന് അവർ അടിവരയിട്ടു പറഞ്ഞു.

മാർക്‌സിസത്തെ സംബന്ധിച്ച് വീട് എന്ന രൂപകം സൈദ്ധാന്തികമായിത്തന്നെ പ്രധാനമാണ്. അടിത്തറ/ ഉപരിഘടന എന്ന രൂപകമാണല്ലോ അതിന്റെ അസ്ഥിവാരം. ഭൂമിക്കുവേണ്ടിയുള്ള സമരം കേവലം വിഭവങ്ങൾക്ക് വേണ്ടിയുള്ള സാമ്പത്തിക സമരമല്ലെന്നും രാഷ്ട്രീയ സമരങ്ങളിൽ സാംസ്‌കാരികമൂലധനവും ചിഹ്നപരമൂലധനവും ജീവന്മരണ സ്വഭാവമുള്ളതാണെന്നും സ്ഥാപിച്ചെടുത്തതാണ് കേരളത്തിലെ കീഴാളരുടെ ഭൂസമരങ്ങളുടെ ഒരു ഉപലബ്ധി.

പാർപ്പിടം വിഷയികളെ ഉൾക്കൊള്ളുക മാത്രമല്ല ചെയ്യുന്നത്. അവരുടെ സാമൂഹ്യമായ പദവിയെ ആവിഷ്‌കരിക്കുക കൂടിയാണ്. എം.ബി.മനോജിന്റെ "കൂട്ടാന്തതയുടെ എഴുപത് വർഷങ്ങൾ' എന്ന കവിതയിൽ ആ സൂചന കാണാം :
"വീട് എവിടെയെന്നാരെങ്കിലും ചോദിച്ചാൽ
ഞാൻ തെറ്റിച്ചു തന്നെയാണ് പറയാറ്
നാണം പുറത്തു കാട്ടാതെ, വിക്കാതെ'

ഗൾഫിൽ പോയ മലബാറുകാർ നാട്ടിൽ വലിയ മാളികകൾ പണിയുന്നതിനെ പലരും ആർഭാടമായിട്ടും ധൂർത്തായിട്ടുമാണ് ചിത്രീകരിക്കാറുള്ളത്. സാമൂഹ്യമായി അവർ അനുഭവിച്ച അധഃസ്ഥിതത്വത്തെ മറികടക്കാൻ ചിഹ്നപരമായ തുല്യതയ്ക്കുള്ള പങ്കാണ് ഇത്തരം വാദക്കാർ അവഗണിക്കുന്നത്. മേൽജാതി സ്ത്രീകൾ ധരിക്കുന്നതു പോലത്തെ

ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ചുകൊണ്ട് ചിഹ്നപരമായ തുല്യത അവകാശപ്പെട്ട കീഴാളരാണ് കേരളത്തിൽ ജാതിവിരുദ്ധ സമരങ്ങൾക്ക് തുടക്കം കുറിച്ചതെന്ന കാര്യം ഓർത്താൽ മതി ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ. വീട് ഒരു ഭാഷ കൂടിയാണ്. അത് പുറം ലോകത്തോട് സംസാരിക്കുന്നു. വീട്ടിലുള്ളവരുടെ ആത്മഗൗരവത്തെ സ്വാധീനിക്കുന്നു. അതിന് ഒരേസമയം ഉപയോഗവും അർത്ഥവുമുണ്ട്. അത് ആയിത്തീരലിന്റെ വേദിയാണ്; നിർമാണ രീതികളിലും, അവിടെ വസിക്കുന്നവരുടെ വിഷയിത്വരൂപങ്ങളിലും.

സി.കെ. ജാനു

നാല്

ചൈനയിലെ സാംസ്‌കാരിക വിപ്ലവം പരാജയമായതിന്റെ കാരണമായി അലൻ ബജിയോ കാണുന്നത് അതിൽ രോഗാതുരമായ മൃത്യുകാംക്ഷ മാത്രമാണ് ഉണ്ടായിരുന്നത് എന്നതാണ്. ദൈനം ദിനത്തെ അത് അവഗണിച്ചു. ദൈനംദിനത്തിന്റെ തലത്തിൽ നവീകരണവും പുതുമയും പരിഷ്‌കരണവും കൊണ്ടു വരാത്ത ഒരു വിപ്ലവവും ജീവത്തായ മാറ്റങ്ങൾക്ക് വഴിയൊരുക്കില്ല. ആൾക്കാരുടെ സാധാരണ ജീവിതത്തിൽ പഴയതെല്ലാം അതിവേഗം തിരിച്ചുവരും. സാമൂഹ്യ ജീവിതത്തിലെ, ദൈനം ദിനത്തിലെ, പരിവർത്തനങ്ങൾ കൂടാതെ രാഷ്ട്രീയ വിപ്ലവം അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ രണ്ടു പേരാണ് ശ്രീനാരായണ ഗുരുവും അംബേദ്കറും. ഗുരുവിൽ നിന്നാണ് തുടങ്ങിയത് എന്നതുകൊണ്ട് എന്താണ് ഗുരുവിന്റെ രാഷ്ട്രീയം എന്ന ഒരു വീണ്ടുവിചാരം ഈ ഘട്ടത്തിൽ അസ്ഥാനത്താവില്ല.

ജീവിതത്തിൽ ആൾക്കാർ പരസ്പരം ഇടപെടുന്ന വിധങ്ങൾ ഇപ്പോൾ ഉള്ളതുപോലെ തുടരണമോ മാറ്റങ്ങൾ വേണമോ എന്ന് തീരുമാനമെടുക്കുന്നതാണല്ലോ രാഷ്ട്രീയം. നടപ്പുരീതികൾ തുടരാമെന്ന് തീരുമാനിക്കുന്നത് യാഥാസ്ഥിക രാഷ്ട്രീയവും മാറ്റങ്ങൾ വേണമെന്ന് കരുതുന്നത് പരിവർത്തന രാഷ്ട്രീയവും ആണ്.

നിലവിലുള്ള സ്ഥിതിവിശേഷങ്ങൾ തികച്ചും യാദൃച്ഛികമാണ് (contingent), മറ്റു പല സാധ്യതകളും ഉണ്ട് എന്നു കണ്ട ഒരാളായിരുന്നു ഗുരു. മാറ്റങ്ങൾക്കായി അദ്ദേഹം ഒരു പദ്ധതി ഉണ്ടാക്കുകയോ അതിന്റെ അടിസ്ഥാനത്തിൽ ആൾക്കാരെ സംഘടിപ്പിക്കുകയോ ചെയ്തില്ല. ഓരോ ദിവസവും ഇടപെടുന്ന ഓരോ മുഹൂർത്തങ്ങളിലും അദ്ദേഹം വ്യത്യസ്തമായ സാദ്ധ്യതകൾ സംഭാഷണങ്ങളിലൂടെയും ഫലിത രൂപത്തിലുള്ള അഭിപ്രായങ്ങളിലൂടെയും ആൾക്കാർക്ക് നിർദ്ദേശിച്ചു. അങ്ങേയറ്റം അഹിംസാത്മകമായി നിത്യജീവിതത്തിലെ ഓരോ വിശദാംശത്തിലും അദ്ദേഹം മാറ്റങ്ങൾക്ക് വഴിയൊരുക്കി. വിവാഹം, ശവസംസ്‌കാരം, തീർത്ഥാടനം, ഹോമം, വിഗ്രഹാരാധന തുടങ്ങിയ ആചാരങ്ങൾ തൊട്ട് സൂക്ഷ്മമായ ജീവിതകർമങ്ങളിലെല്ലാം അദ്ദേഹം ശ്രദ്ധ പുലർത്തി. ഈ ശ്രദ്ധ തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. അല്ലാതെ എപ്പോഴും എടുത്തു പ്രയോഗിക്കാവുന്ന ഒരു റെഡിമെയ്ഡ് രാഷ്ട്രീയ പദ്ധതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആൾക്കാർ പരസ്പരം ശ്രദ്ധ പുലർത്തുന്നതിനെയുമാണ് സമഭാവന എന്ന് പറയുന്നത്. അതുള്ളപ്പോൾ ഓരോ സന്ദർഭത്തിലും എന്തു സംഭവിക്കുമെന്ന് മുൻകൂർ പ്രവചിക്കാൻ സാധിക്കില്ല. ഭാവിയോടുള്ള തുറവിയാണ്, നടപ്പ് സ്ഥിതിഗതികൾ അനിവാര്യവും അലംഘനീയവുമാണ് എന്ന് കരുതാതിരിക്കലാണ് ഈ അസ്തിത്വനിലയിൽ മുഖ്യം.

പോസ്റ്റ് മാർക്സിസ്റ്റുകളിൽ ചിലർ ആധാരശൂന്യ രാഷ്ട്രീയം (groundless politics) എന്നു വിളിക്കുന്നതിനുസമാനമാണ് ഗുരുവിന്റെ രാഷ്ട്രീയം. ഗുരുവിനെ സംബന്ധിച്ച് ഇത് അസ്തിത്വപരമായ ഉണർവാണ്. അങ്ങനെ ഉണർന്നിരിക്കുന്നവർ എന്ത് ചെയ്യുന്നോ അതാണ് കരുണ. അല്ലാതെ കരുണ എന്ന പേരിൽ സംഘടിച്ച് നടപ്പാക്കാവുന്ന കാര്യങ്ങളല്ല. ഇതുകൊണ്ടാണ് കേരളത്തിലെ സാഹചര്യങ്ങളിൽ താൻ നടത്തിയ ഇടപെടലുകളുടെ കർതൃത്വം അദ്ദേഹം അവകാശപ്പെടാത്തത്. ആൾക്കാർക്ക് മേലെയുള്ള ഒരാളാണ് താനെന്നു ധരിക്കുമ്പോൾ രക്ഷാ-കർതൃത്വം ആണുണ്ടാവുക. ഗുരുവാണെങ്കിൽ വെറും കർതൃത്വം പോലും സ്വയം കല്പിച്ചിട്ടില്ല. സവിശേഷമായ ഒരുജനാധിപത്യ രാഷ്ട്രീയമാണത്. നമ്മെപ്പോലുള്ള ലഘുക്കൾക്ക് അസാധ്യമല്ല ഇത്തരം അഹിംസാത്മകവും ആധാരശൂന്യവും തിരശ്ചീനമായ സമഭാവനയിൽ നങ്കൂരമിട്ടതുമായ രാഷ്ട്രീയം.

ശ്രീനാരായണന്റെ ആധാരശൂന്യ രാഷ്ട്രീയത്തിന്റെ അതിസൂക്ഷ്മമായ ഭൂപടം വരയ്ക്കുന്ന തത്വചിന്തകനാണ് നിസാർ അഹമ്മദ്. അദ്ദേഹം പറയുന്നത് ഗുരുവിനെ അദ്വൈതവാദി എന്ന് വിളിക്കാൻ പറ്റില്ലെന്നാണ്. അദ്വൈതിയായ ഒരാൾ സ്വയം പരിവർത്തിക്കപ്പെടണം.

ദിലീപ് രാജ്, ജെ. ദേവിക

അങ്ങനെ പരിവർത്തിക്കപ്പെട്ടാലോ, അയാൾക്ക് അദ്വൈതം കൊണ്ട് യാതൊരു കാര്യവുമില്ല താനും. അതുകൊണ്ടാണ് മറ്റുള്ളവരെ അദ്വൈതമോ മറ്റെന്തെങ്കിലും ദർശനമോ ഉപദേശിക്കുന്നതിനുപകരം സ്വയം ഉപദേശിക്കുന്ന, ആത്മോപദേശശതകം അദ്ദേഹം എഴുതിയതെന്നാണ് നിസാറിന്റെ അഭിപ്രായം. അദ്വൈതവാദി ആവുന്നതോടെ ഒരു പൂർണവൽക്കരണം നടക്കുമെന്നും അത് സാധ്യതകളെ മുൻകൂർ അടയ്ക്കുമെന്നും ഗുരുവിന് അറിയാമായിരുന്നു. സി.വി.കുഞ്ഞുരാമനുമായുള്ള സംഭാഷണത്തിൽ "ബുദ്ധന് ബുദ്ധമതം കൊണ്ട് വല്ല കാര്യവുമുണ്ടോ?' എന്നദ്ദേഹം ചോദിച്ചത് ഓർക്കുക.

പ്രായമാവും വരെയും ഒരിടത്തും മൂന്നു ദിവസത്തിൽ കൂടുതൽ ഗുരുതാമസിച്ചിട്ടില്ലെന്നാണ് പി.കെ.ബാലകൃഷ്ണൻ പറയുന്നത് . അദ്ദേഹത്തിന്റെ കർതൃത്വ നിരാസത്തിനു ചേരുന്ന ഒരു സന്ന്യാസ ശീലമാണത്. ഗുരു ഭൗതികമായി വിട്ട വീട്, അദ്ദേഹത്തിന്റെ ഇടപെടലുകളിൽ കൂടി ഉണ്ടായി വന്ന ആധുനിക കേരളത്തിലെ സുപ്രധാന സ്ഥാപനമായി മാറിയതിന്റെ കഥകൂടിയാണ് ജെ. ദേവിക തന്റെ ഗവേഷണ പ്രബന്ധത്തിൽ നമുക്ക് കാണിച്ചു തരുന്നത്. ആധുനികത അസമമായ ആധികാരികതയാണ് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പകർന്നു നൽകിയതെന്ന് ദേവിക വാദിക്കുന്നു. ആണുങ്ങളെ പൊതു മണ്ഡലത്തിലും പെണ്ണുങ്ങളെ വീട്ടമ്മമാരായി സ്വകാര്യ മണ്ഡലത്തിലും അധികാരികളായി വാഴിച്ച പ്രക്രിയയാണ് കേരളത്തിലെ ആധുനികത.

എന്തുകൊണ്ട് സർക്കാരിന് നഗരങ്ങളിൽ തന്നെ, പലേടത്തായി ആദിവാസികൾക്കും ചേരിനിവാസികൾക്കും ഭൂമി കൊടുത്തു കൂടാ? 26000 ലധികം ദലിത് കോളനികളും അയ്യായിരത്തിലധികം ആദിവാസി കോളനികളും അങ്ങനെ തന്നെ നിലനിൽക്കണമോ? അവരുന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചാലെന്ത് ?

വീടിനെ സർഗാത്മകമായി വീണ്ടെടുക്കുക, സമഭാവനയോടെ പരിഷ്‌കരിക്കുക എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ദൗത്യം. വീട് എന്ന വരേണ്യവകാശം എല്ലാവർക്കും ലഭിക്കണം എന്ന ആവശ്യവും അതിന്റെ അവിഭാജ്യഭാഗമാണ്. വീടായാലും കേരളത്തിലെ അധിവാസരൂപങ്ങളായാലും എന്തുരൂപമെടുക്കുമെന്നത് മുൻകൂർ പ്രവചിക്കുക അസാധ്യമാണ്. പക്ഷേ ഒന്നിനെയും അനിവാര്യമായി കാണാതിരിക്കുക സുപ്രധാനമാണ്. എന്തുകൊണ്ട് സർക്കാരിന് നഗരങ്ങളിൽ തന്നെ, പലേടത്തായി ആദിവാസികൾക്കും ചേരിനിവാസികൾക്കും ഭൂമി കൊടുത്തു കൂടാ? 26000 ലധികം ദലിത് കോളനികളും അയ്യായിരത്തിലധികം ആദിവാസി കോളനികളും അങ്ങനെ തന്നെ നിലനിൽക്കണമോ? അവരുന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചാലെന്ത് ?മത്സ്യത്തൊഴിലാളികളിൽ പകുതിയിലധികം പേർ വീട് വെക്കാൻ ഭൂമിയില്ലാതെ തുടരണോ? ചിലരുമാത്രം കോളനികളിലും ബാക്കിയുള്ളവർ അങ്ങനെയല്ലാതെയും താമസിക്കുന്ന സാമൂഹ്യസ്ഥലം അടിമുടി മാറ്റി വരക്കേണ്ടേ?

മാധവിക്കുട്ടി

തീർച്ചയായും മാധവിക്കുട്ടിയും ബെൽ ഹുക്സും ഉൾപ്പെട്ട, ശരീരനിരാസത്തെ ഒഴിവാക്കുന്ന ഊർജ്ജ സ്രോതസ്സുകൾ ഈ ദിശയിൽ നമുക്ക് വഴികാട്ടികളായിരിക്കും. ശ്രീനാരായണ ഗുരു സാമ്പത്തിക ശാസ്ത്രജ്ഞനല്ലായിരുന്നു. കവിയാണ്. ഇക്കാല കേരളത്തിന്റെ ഒരു ദുര്യോഗം ആസൂത്രണം മൊത്തമായി സാമ്പത്തിക വിദഗ്ധരെ ഏൽപിച്ചിരിക്കുന്നു എന്നതാണ്. മറ്റൊരു ഭാവനയിൽ നിന്നേ പുതിയൊരു കേരളം രൂപപ്പെടുകയുള്ളൂ. അതിന് സർഗശേഷി അനിവാര്യമാണ്.

വീടിനെ പുനരാവിഷ്‌കരിക്കുമ്പോൾ നമുക്ക് വീട് വിട്ടഗുരുവിനെ മറക്കാം; ഏകപക്ഷീയമായ നിരാസത്തെ നിഹിലിസ്റ്റിക്കായിപ്പോലും മുൻനിർത്തിയ നക്‌സലൈറ്റ് പാരമ്പര്യങ്ങളെയും. പകരം ഗുരുവിൽ കെടാതെ നിന്ന ഉണർവ് , നടപ്പ് സ്ഥിതിഗതികൾ മാറേണ്ടതാണ് എന്ന തുറന്ന മനോഭാവം, അണയാതെനിർത്താം.

പരാമർശിത കൃതികൾ

കെ.രാജൻ, കൂട്ടുവഴി(സാഹിത്യ അക്കാദമി , 2017)

ഐറിസ് മരിയൻ യൂങ് ,"ഹൗസ് ആൻഡ് ഹോം : ഫെമിനിസ്റ്റ് വേര്യേഷൻസ്ഓൺ എ തീം', "ഓൺ ഫീമെയ്ൽ ബോഡി ഏക്‌സ്പീരിയൻസ്' എന്ന കൃതിയിൽ (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് , 2005).

മാർട്ടിൻ ഹെയ്ഡഗർ, "ബിൽഡിങ്, ഡ്വെല്ലിങ്, തിങ്കിങ്?', "പോയട്രി, ലാംഗ്വേജ്, തോട്ട്' എന്ന കൃതിയിൽ, (ഹാർപ്പർ ആൻഡ് റൗ, 1971)

സിമോൺ ദി ബുവ്വെ, ദി സെക്കന്റ്? സെക്‌സ്, വിന്റേജ് ബുക്‌സ്, 1997 (1949)

ഗാസ്റ്റൻ ബാഷ്ലാർഡ്,പോറ്റിക്‌സ് ഓഫ് സ്‌പേസ്, ബീക്കൺ പ്രസ്സ്, 1969 (1958)

ബെൽ ഹൂക്‌സ്, "ഹോംപ്‌ളേസ്: എ സൈറ്റ് ഓഫ് റെസിസ്റ്റൻസ്', യേണിംഗ്: റേസ്, ജൻഡർ ആൻഡ് കൾച്ചറൽ പൊളിറ്റിക്‌സ്എന്ന കൃതിയിൽ ( സൗത്ത് ഏൻഡ് പ്രസ്സ് , 1990)

ഹോമി കെ.ഭാഭ, "ദി ബർഡൻഡ് ലൈഫ്: അംബേദ്കർ, ആരെന്റ് ആൻഡ് ദി പെർപ്ലെക്‌സിറ്റി ഓഫ് റൈറ്റ്സ്', "കൺവെർസേഷൻസ് വിത്ത് അംബേദ്കർ' എന്ന കൃതിയിൽ (എഡിറ്റർ: വലേരിയൻ റോഡ്രിഗ്‌സ്, തൂലിക, 2019)

മൈത്രി പ്രസാദ് ഏലിയാമ്മ, "ദി കൾച്ചറൽ പൊളിറ്റിക്‌സ് ഓഫ് വേജസ്: എത്നോഗ്രഫി ഓഫ് കൺസ്ട്രക്ഷൻ വർക്ക് ഇൻ കൊച്ചി , ഇന്ത്യ', കോണ്ട്രിബ്യുഷൻസ് ടു ഇന്ത്യൻ സോഷ്യോളജി, 51, 2 (2017), പുറം 1-31

നിസാർ അഹമ്മദ്, "മെറ്റാഫിസിക്‌സ് ആൻഡ് ദി പൊളിറ്റിക്‌സ് ഓഫ് കംപാഷൻ', 2017ൽ കൊച്ചിയിൽ ബാക്ക് വാട്ടേഴ്‌സ് കളക്ടീവ് സംഘടിപ്പിച്ച കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധം

ജെ.ദേവിക, എൻജൻഡറിങ് ഇൻഡിവിജ്വൽസ്: ദി ലാംഗ്വേജ് ഓഫ് റീഫോമേഷൻ ഇൻ ട്വന്റിയത് സെഞ്ചുറി കേരളം, (ഓറിയന്റ് ലോങ്ങ്മാൻ, 2007)

(തുടരും...)

Comments