ഗ്വാണ്ടനാമോ തടവറ; ബൈഡൻ എന്തു ചെയ്യും?

ജോർജ് ഡബ്ല്യു ബുഷ് രണ്ടായിരത്തി രണ്ടിൽ തുടങ്ങിവെച്ച ഗ്വാണ്ടനാമോ ഡിറ്റൻഷൻ ക്യാംപ് എന്ന കോൺസൻട്രേഷൻ ക്യാംപിന് 20 വയസ്സാവുകയാണ്. നാസി തടവറകളെ ഇന്നത്തെ തലമുറ ചരിത്ര പുസ്തകങ്ങളിലും എണ്ണമറ്റ സിനിമകളിലുമാണ് കാണുന്നതെങ്കിൽ ഗ്വാണ്ടനാമോ ഒരു ലൈവ് ഷോ ആണ്. പീഡനത്തിന്റെ അങ്ങേയറ്റം. റിപ്പബ്ലിക്കൻ ഭരണകൂടം ബുഷിന്റെ കീഴിൽ തീരുമാനിച്ചു: കൊല്ലുക, അല്ലെങ്കിൽ വിചാരണ കൂടാതെ അനന്തമായി ജയിലിലിടുക, പീഡിപ്പിക്കുക. അതേയുള്ളൂ "ഭീകരവാദ'ത്തിന് പരിഹാരം. നിയമപ്രകാരമുള്ള നടപടിക്രമങ്ങൾക്കു ശേഷമല്ലാതെ അഴിക്കുള്ളിലിടൽ പാടില്ലെന്നും മനുഷ്യാവകാശങ്ങൾക്കുമേൽ നീതിരാഹിത്യം പാടില്ലെന്നുമുള്ള അമേരിക്കൻ ഭരണഘടനയുടെ അഞ്ചും പതിനാലും ഭേദഗതികളെ ഒട്ടും മൈൻഡ് ചെയ്യാതെയാണ് ഈ കാരാഗൃഹം സ്ഥാപിക്കപ്പെട്ടത്.

ബുഷ് പോയി. ഒബാമ വന്നു. 2015ൽ ഗ്വാണ്ടനാമോ തടവറ അടച്ചു പൂട്ടുമെന്ന് പ്രഖാപിച്ചു. ഒന്നും സംഭവിച്ചില്ല. ഡൊണാൾഡ് ട്രംപ് അവതരിച്ചു. ഗ്വാണ്ടനാമോ അനിശ്ചിതമായി തുടരുമെന്ന എക്‌സിക്യൂട്ടീവ് ഓർഡറിൽ 2018 ജനുവരിയിൽ ട്രംപ് ഒപ്പുവെച്ചു. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കു പ്രകാരം 40 തടവുകാരുടെ ജീവൻ ബാക്കിയുണ്ട് ഈ ക്യാംപിൽ ഇപ്പോൾ. ഇതിൽ മിക്കവരും എന്തെങ്കിലും കുറ്റപത്രത്തിൽ പേരുള്ളവരല്ല, വിചാരണയും ഇതുവരെ നടന്നിട്ടില്ല.

ഗ്വാണ്ടനാമോ തടവറയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുക്കൾ ക്രോഡീകരിച്ച് American Civil Liberties Union തയ്യാറാക്കിയ ഇൻഫോഗ്രാഫിക്

ഒബാമ ആഗ്രഹിച്ച കാര്യം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ജോ ബൈഡൻ ഇന്നലെ തുടങ്ങി വെച്ചു. "അമേരിക്കയുടെ ഗ്ലോബൽ പ്രതിഛായയിലെ ' വലിയ കറ മായ്ച്ചുകളയാൻ തന്നെയാണ് ബൈഡന്റെ തീരുമാനം. ഇന്നലെ റോയിട്ടേഴ്‌സ് റിപ്പോർട്ടർ, വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കിയോട് ബൈഡന്റെ കാലാവധിക്കുള്ളിലെങ്കിലും ഈ ക്യാംപ് ഇല്ലാതാവുമോ എന്നു ചോദിച്ചു. അതേ, അതാണ് ഞങ്ങളുടെ ലക്ഷ്യവും ആഗ്രഹവും എന്നാണ് ജെൻ മറുപടി പറഞ്ഞത്. കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ പ്രധാന പ്രചാരണ മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു ഈ തടവറ ഇല്ലാതാക്കൽ.

പക്ഷേ, നടക്കുമോ?

ഒബാമ വിചാരിക്കാഞ്ഞിട്ടല്ല, എല്ലാ റിപ്പബ്ലിക്കൻമാരും ചില ഡെമോക്രാറ്റുകളും ഗ്വാണ്ടനാമോ ക്യാംപ് ഇല്ലാതാക്കുന്നതിന് എതിരായിരുന്നു. 2009 ൽ അധികാരമേറ്റെടുത്ത ഉടനെ ഒബാമ ഒപ്പിട്ട ആദ്യത്തെ എക്‌സിക്യൂട്ടീവ് ഓർഡർ ഇതായിരുന്നു. പക്ഷേ, രണ്ടു തവണ പ്രസിഡന്റായിരുന്നിട്ടം ഒബാമക്ക് ക്യാമ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. ഡെമോക്രാറ്റുകളിലെ പുരോഗമനവിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഇന്നുമിത്.

അമേരിക്കൻ മിലിറ്ററിയിൽ ഏതെങ്കിലും കാലത്ത് ജോലി ചെയ്തവരായിട്ടുള്ള റിപ്പബ്ലിക്കൻ അംഗങ്ങൾ കഴിഞ്ഞ മാസമാദ്യം തന്നെ ബൈഡന്റെ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

photo: American Civil Liberties

ഇപ്പോൾ ഇവരെ വിട്ടയച്ചാൽ ഇസ്ലാമിക തീവ്രവാദത്തിന്റെ ലോകത്ത് ഇവർ റോക്ക് താരങ്ങളായി മാറുമെന്നാണ് എതിർ നിലപാടുകാരിൽ ശ്രദ്ധേയനായ മൈക്ക് വാൾട്‌സ് ആശങ്കപ്പെടുന്നത്. സെപ്തംബർ 11 ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളെന്ന് അമേരിക്ക പറയുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെ 9 പേർക്ക് മാത്രമാണ് ഇരുപതു വർഷത്തിനിടെ ക്യാമ്പിൽ കുറ്റപത്രം കിട്ടിയിട്ടുള്ളത്. കുറ്റം ആരോപിക്കപ്പെടാത്തവർക്ക് പരോൾ അനുവദിക്കുകയാവും ക്യാമ്പ് നിർത്തലാക്കുന്നതിന്റെ ആദ്യ ഘട്ടമായി ബൈഡൻ ചെയ്യുന്നത്.

Comments