പനി പേടിച്ച്​ വിറയ്​ക്കേണ്ട, കരുതൽ മികച്ച പ്രതിരോധം

പനി ലക്ഷണം നോക്കി ചികിത്സ തേടുകയാണ് ഈയവസരത്തിൽ ചെയ്യേണ്ടത്​. പനി വന്ന് മൂന്നു ദിവസത്തിനുള്ളിൽ ലക്ഷണം കുറയുന്നില്ലെങ്കിൽ മാത്രം ആശുപത്രിയിൽ ചികിത്സ തേടിയാൽ മതി. ഇത് ആശുപത്രികളിൽ നിന്ന് പനി പകരുന്നത്​ കുറക്കും. പകർച്ചപ്പനി വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന്​ ആരോഗ്യ വിദഗ്​ധർ പറയുന്നു.

സംസ്ഥാനത്ത് പകർച്ചപ്പനി ക്രമാതീതമായി വർധിക്കുകയാണ്. കോവിഡ്​ കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യം കൂടി ഒത്തുവന്നപ്പോൾ ഇത്​ പൊതുജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കി. ഇതേതുടർന്നാണ്​ മാസ്​ക്​നിർബന്ധമാക്കാൻ കഴിഞ്ഞ ആഴ്ച സർക്കാർ തീരുമാനിച്ചത്​.

വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയവ പല ജില്ലകളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിലും അങ്കണവാടികളിലും വിദ്യാർഥികൾക്കിടയിൽ പനി വ്യാപകമാണെന്ന് റിപ്പോർട്ടുണ്ട്. ദിവസവും ശരാശരി 15,000ഓളം പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നത്. ഒരു മാസത്തിനിടെ, മൂന്നുലക്ഷത്തിലേറെ പേർ ചികിത്സ തേടി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും കൊല്ലം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും പകർച്ചപ്പനി വ്യാപകമായി റിപ്പോർട്ടുചെയ്യപ്പെടുന്നു.

ഇതോടൊപ്പം, മലയാളിക്ക് പരിചിതമല്ലാത്ത കുരങ്ങ് വസൂരി, കുരങ്ങ് പനി തുടങ്ങിയവുമായി ബന്ധപ്പെട്ട വാർത്തകളും ആശങ്ക പരത്തി. ആഫ്രിക്കയിലെ കോംഗോയിൽ 1970 ൽ ആരംഭിച്ച കുരങ്ങ് വസൂരി (മങ്കി പോക്‌സ്: Monkey Pox) യൂറോപ്പിലും അമേരിക്കയിലുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓർത്തോപോക്‌സ് വൈറസുകളാണ് കുരങ്ങ് വസൂരിക്ക് കാരണം. കുരങ്ങുകക്കുപുറമേ അണ്ണാൻ, എലികൾ എന്നീ ജീവികളിൽ നിന്നും കുരങ്ങ് വസൂരി മനുഷ്യരിലെത്താം. പനി, ശരീരവേദന, വസൂരിയോട് സാദൃശ്യ്യമുള്ള കുമുളകൾ ദേഹത്ത് പ്രത്യക്ഷപ്പെടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. പ്രതിരോധത്തിന് വാക്‌സിൻ. സമാനസ്വഭാവമുള്ള കുരങ്ങ് പനി (Kyasanur Forest Disease) വയനാട്ടിലും മറ്റും ഇടക്കിടെ കാണാറുണ്ടെന്ന് ഡോ. ബി. ഇക്ബാൽ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയിരുന്നു.

പനി വന്ന് മൂന്നു ദിവസത്തിനുള്ളിൽ ലക്ഷണം കുറയുന്നില്ലെങ്കിൽ മാത്രം ആശുപത്രിയിൽ ചികിത്സ തേടിയാൽ മതിയെന്നും ഇത് ആശുപത്രികളിൽ നിന്ന് പനി പകരുന്നത്​ കുറക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. / Photo: Unsplash

ശക്തമായി വരുന്ന മഴയുടെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ ഇത്തരം പകർച്ചവ്യാധികൾ വീണ്ടും ആശങ്കയുയർത്തുകയാണ്​. എന്നാൽ സീസണലായി വർധിക്കുന്ന ഈ പകർച്ചപ്പനികളെ ഭയപ്പെടേണ്ടതില്ലെന്നും ശരിയായ മുൻകരുതലുകളിലുടെയും ചികിത്സയിലൂടെയും പനിയെ മറികടക്കാനാകുമെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പനിയറിഞ്ഞ് ചികിത്സിക്കാം

പെട്ടെന്നുണ്ടാകുന്ന കാലാവസ്​ഥാമാറ്റത്തിന്റെ ഫലമായി മഴക്കാലത്ത് പനികളുടെ പകർച്ചാനിരക്ക് വർധിക്കാറുണ്ടെന്നും ഇതാണ് ഇപ്പോൾ വൈറൽ പനികളുടെ എണ്ണം ഉയരുന്നതിന് കാരണമെന്നും എപ്പിഡെമിയോളജി വിദഗ്ധനും കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായ ഡോ.ടി ജയകൃഷ്ണൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. പനി ലക്ഷണം നോക്കി ചികിത്സ തേടുകയാണ് ഈയവസരത്തിൽ ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പനി വന്ന് മൂന്നു ദിവസത്തിനുള്ളിൽ ലക്ഷണം കുറയുന്നില്ലെങ്കിൽ മാത്രം ആശുപത്രിയിൽ ചികിത്സ തേടിയാൽ മതിയെന്നും ഇത് ആശുപത്രികളിൽ നിന്ന് പനി പകരുന്നത്​ കുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘‘പനിയുള്ളവർ വീട്ടിവിരുന്ന് വിശ്രമിക്കാൻ ശ്രമിക്കണം. യാത്ര പരമാവധി ഒഴിവാക്കുക. പനിലക്ഷണങ്ങളുള്ള വിദ്യാർഥികളെ സ്​കൂളിലേക്ക് അയക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നടത്തണം. പരിസരശുചിത്വവും വ്യക്തിശുചിത്വും കൃത്യമായി പാലിക്കണം’- അദ്ദേഹം പറഞ്ഞു.

മാസക്ക് ഉപയോഗിക്കുന്നത് ശീലമാക്കുന്നതിലൂടെ കോവിഡിനെയും മറ്റ് പനികളെയും ഒരു പരിധി വരെ തടയാനാകുമെന്നും ഡോ.ടി ജയകൃഷ്ണൻ പറഞ്ഞു. ഇതുവരെ കോവിഡ് പോസിറ്റിവാകാത്തവർക്ക് ഇപ്രാവശ്യം കോവിഡ് വരാൻ സാധ്യതയുണ്ട്. കോവിഡ് ആദ്യം വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത ഇരുപത് ശതമാനത്തിൽ താഴെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രായമുള്ളവർ, പ്രമേഹ രോഗികൾ, വൃക്കരോഗികൾ തുടങ്ങിയവർ കോവിഡ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പനിയിൽ ആശങ്കപ്പെടേണ്ടതില്ല

ഓരോ വർഷവും സീസണലായി വരുന്ന പനികൾ തന്നെയാണ് ഈ വർഷവുമുള്ളതെന്നും വർധിച്ചുവരുന്ന പനിക്കണക്കുകളിൽ അസ്വാഭാവികതയില്ലെന്നും കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായ ഡോ.എ.കെ ജയശ്രീ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

‘‘എല്ലാ വർഷവും ഇത്തരം പകർച്ചപ്പനി റിപ്പോർട്ട് ചെയ്യാപ്പെടാറുണ്ട്. സമീപ വർഷങ്ങളിൽ കോവിഡിന് പ്രാധാന്യം നൽകിയതുകൊണ്ടു തന്നെ പകർച്ച പനി കണക്കുകള വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം എലിപ്പനിയുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. അതേസമയം, ചില വർഷങ്ങളിൽ ഡെങ്കിപ്പനിയുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാറുണ്ട്. എപ്പിഡെമിയോളജി പരിശോധിക്കുമ്പോൾ പൊതുവെയുള്ള പ്രവണതയനുസരിച്ച് രണ്ട്, മൂന്ന് വർഷം കൂടുമ്പോൾ ഇത്തരം പകർച്ചവ്യാധികളിൽ വർധനവ് രേഖപ്പെടുത്താറുണ്ട്''- ഡോ. ജയശ്രീ പറയുന്നു.

ഇന്റഗ്രേറ്റഡ് ഡിസീസ് സർവയലെൻസ് സിസ്റ്റത്തിലൂടെ രോഗങ്ങൾ സംബന്ധിച്ച കൃത്യമായ റിപ്പോർട്ടുകൾ ദിവസവും ശേഖരിക്കാറുണ്ടെന്നും ഡോ.എ.കെ. ജയശ്രീ പറഞ്ഞു. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതുകൊണ്ടാണ് തുടക്കം മുതലേ കോവിഡ് പ്രതിസന്ധികളെയടക്കം മറികടക്കാനായത്. ‘ഏക ലോകം, ഏകാരോഗ്യം’ എന്ന ആശയപ്രകാരം കാലാവസ്ഥാ വ്യതിയാനം, ആഗോളവത്ക്കരണം, വനനശീകരണം എന്നിവയിലൂടെ മൃഗങ്ങളുടെ ആവാസവ്യവസ്ഥ തകരുന്നതും മറ്റുമാണ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് സാംക്രമിക രോഗങ്ങൾ ഉയർന്നുവരുന്നതിന് കാരണമായി പറയപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Comments