മരണവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്ലാതെ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ലോകത്തോട് വിടപറയുന്നത് അടുപ്പമുള്ളവരുടെ വേദനക്ക് ആക്കം കൂട്ടും, അവരുടെ വൈകാരിക ആഘാതം വര്‍ദ്ധിപ്പിക്കും. ഇതുണ്ടാക്കാവുന്ന ആശങ്ക ചിലപ്പോള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ശാരീരിക- മാനസിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. അതിനാല്‍, കോവിഡു മൂലം മരിച്ചവര്‍ക്ക് ഉചിതമായ വിടവാങ്ങലും മരണാനന്തര ശുശ്രൂഷകളും നല്‍കണം. അവരുടെ വീട്ടുകാരോടും ബന്ധുക്കളോടും അവഗണന അരുത്, അവരെ ഒറ്റപ്പെടുത്തി 'പൊരിവയിലത്ത്' നിര്‍ത്തരുത്- കോവിഡ് ബാധിച്ച് മരിച്ചവരുടെ മുഖം കാണാന്‍ ബന്ധുക്കള്‍ക്ക് അനുവാദം നല്‍കിയ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തിന്റെ വെളിച്ചത്തില്‍, മൃതദേഹം ചടങ്ങുകളനുസരിച്ച് സംസ്‌കരിക്കാനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുകയാണ് ലേഖകന്‍
26 Oct 2020, 06:07 PM
കുറച്ച് മാസങ്ങളായി മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും പിടിച്ചുകുലുക്കുകയാണ് കോവിഡ്. രോഗം നിര്‍ണയിക്കപ്പെട്ടശേഷം വേണ്ടപ്പെട്ടവരില്‍നിന്ന് ദിവസങ്ങളോളം അകന്ന്, ഐസൊലേഷന്‍ മുറികളില്‍, മനുഷ്യരുടെ മുഖം പോലും കാണാനാകാതെ, ബന്ധുജനങ്ങളോട് ഒരു വാക്കുപോലും പറയാനാകാതെ, അവരോട് കണ്ണുകൊണ്ടുപോലും ഒന്നു വിടപറയാതെയാണ് അവര്‍ യാത്രയാകുന്നത്. ഭൗതികശരീരം പോലും അടുത്തുള്ളവരുടെ വിരല്‍സ്പര്‍ശമോ, ചുംബനം പോയിട്ട് ഒരു തലോടല്‍ പോലുമോ ഏറ്റുവാങ്ങാനാകാതെയാണ് സംസ്‌കരിക്കപ്പെടുന്നത്.
‘ഐസൊലേഷന്‍ വാര്‍ഡിലൂടെയാണ് ജീവിതത്തിന്റെയും മരണത്തിന്റെയും ഭൂമദ്ധ്യരേഖ മരുഭൂമികളും ഹിമ ധ്രുവങ്ങളും കടന്നുപോകുന്നത്. അവരുടെ (മനസ്സിന്റെ) താപനിലയുടെ ചാപല്യങ്ങള്‍ ഒരു ഡോക്ടര്‍ക്കും മനസ്സിലാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല' (സച്ചിദാനന്ദനോട് കടപ്പാട്) എന്നും ചിലപ്പോള്‍ തോന്നിയേക്കാം. മരണത്തില്‍ പോലും ഭാഗ്യമില്ലാത്തവര്‍ക്കുമാത്രമല്ല, അവരുടെ പ്രിയപ്പെട്ടവര്‍ക്കും പാന്‍ഡെമിക് ആഘാതകരമായ അനുഭവമാണ്.
എല്ലാത്തിനുമുപരി, കോവിഡ് ജീവന്‍ മാത്രമല്ല, പ്രിയപ്പെട്ടവരോട് വിട പറയാനുള്ള കുടുംബങ്ങളുടെ അവസാന അവസരം കൂടി കവര്‍ന്നെടുക്കുന്നു. അതിനാല്‍, മരണമുണ്ടാക്കുന്ന ആഘാതം ഇരട്ടിക്കുന്നു. മരിച്ചവരില്‍നിന്ന് വൈറസ് പകര്‍ച്ച അത്ര സാധ്യമല്ലെങ്കിലും ജീവിച്ചിരിക്കുന്നവര്‍ അടുത്ത് കൂടുമ്പോള്‍ വൈറസ് വ്യാപനം ഉണ്ടാകാനിടയുണ്ട്. എങ്കിലും, മരിച്ചുകഴിഞ്ഞാല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഒരു തരത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് പ്രിയപ്പെട്ടവരെ എല്ലാതരത്തിലും നഷ്ടപ്പെടുത്തുന്നുണ്ട്, അവർക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനോ അവസാന ചടങ്ങ് നടത്താനോ കഴിയുന്നില്ല.
മാത്രമല്ല, മൃതശരീരങ്ങളില്‍ നിന്ന് വൈറസ് പിടിപെടുകയും പിന്നീട് അത് പടരുകയും ചെയ്യുമെന്ന അമിത ഭയം വ്യാപക ഉല്‍ക്കണ്ഠക്കും കാരണമായിട്ടുണ്ട് പുതിയ SARS-CoV-2 പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തില്‍, മരണത്തെക്കുറിച്ച്- മരിക്കുന്ന പ്രക്രിയയുടെ ‘മനഃശാസ്ത്രപരവും നരവംശശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ' വീക്ഷണത്തെക്കുറിച്ച് ആഴത്തിലുള്ള ചിന്ത ആവശ്യമാണ്. പ്രത്യേകിച്ച് Public Health of dying എന്നൊരു ശാസ്ത്രശാഖയും വളര്‍ന്നുവരുന്നുണ്ട്. കോവിഡ്- 19 ഈ പ്രതീകാത്മകതകളും സൂചകങ്ങളും അര്‍ത്ഥങ്ങളും പുനഃക്രമീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഈ പ്രക്രിയകളുടെ അഭാവം ആളുകളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നും അറിയേണ്ടതുണ്ട്. അതിനുള്ള ചില ചിന്തകള്‍ക്കാണ് ഈ ലേഖനം ശ്രമിക്കുന്നത്.
മരണം ഒരു പൊതു- സംഘടിത ചടങ്ങായിരുന്നു
ജനനം പോലെ ജീവിതത്തില്‍ അന്തര്‍ലീനമായിരുന്നിട്ടും മരണവും മരിക്കുന്ന പ്രക്രിയയും അത്യന്തം ഉല്‍കണ്ഠ, ഭയം, വേദന എന്നിവ ഉണ്ടാക്കുന്ന മാനുഷിക പ്രതിഭാസങ്ങളാണ്. മരണത്തോടുള്ള ആളുകളുടെ പ്രതികരണങ്ങള്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങള്‍, സാമൂഹിക- ദാര്‍ശനികങ്ങള്‍, അവരുടെ സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും. കോവിഡ് വ്യാപനത്തോടെ, മരണത്തെ കുറിച്ചുള്ള വിചാരങ്ങള്‍ തീവ്രമായി എന്നു പറയാം. അത്, മരിക്കുന്നവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാനസിക ക്ലേശം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.
മനുഷ്യര്‍, മരണം അഭിമുഖീകരിക്കുന്ന പ്രക്രിയ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായി ഒരാള്‍ മുഴുകിയിരിക്കുന്ന ഇഴകളുമായി ചേര്‍ന്നുകിടക്കുന്നതാണ്. മധ്യകാലഘട്ടത്തില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി വരെ, മരണം എന്ന പ്രക്രിയ ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ജീവിച്ചിരിക്കുന്നവരും മരിക്കുന്നവരും തമ്മില്‍, നേരിട്ടു കാണപ്പെടുന്ന ബന്ധം കുടുംബങ്ങളില്‍ നിലനിന്നിരുന്നു. ആശുപത്രികള്‍ ഇല്ലാതിരുന്ന അന്നൊക്കെ കുടുംബാംഗങ്ങള്‍ക്കിടയില്‍ തന്നെ കണ്‍വെട്ടത്ത്, പൊതുവിടത്ത് പരസ്യമായിട്ടാണ് ഒരാള്‍ മരിച്ചിരുന്നത്.
പൊതുവായി മരിക്കുന്നരീതി (Public death) പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനംവരെ തുടര്‍ന്നു. മരണം ഒരു പൊതു- സംഘടിത ചടങ്ങായിരുന്ന ഈ കാലങ്ങളില്‍, മരണത്തിനുമുമ്പുള്ള നിമിഷം മരിക്കുന്നവര്‍ക്കും പരിചിതമായിരുന്നു. കൂടാതെ, അവരുടെ മുറിയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം അനിവാര്യവുമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടോടുകൂടിയാണ്, അഥവാ ആശുപത്രികളുടെ വരവോടെയാണ് മരിച്ചവരെ അതിജീവിച്ചവരില്‍ നിന്ന് വേര്‍പെടുത്താന്‍ തുടങ്ങിയത്, നിലവിളിയിലൂടെ വേദനയും വികാരങ്ങളും പ്രകടമാക്കാന്‍ തുടങ്ങിയത് എന്നാണ് ചരിത്രം വെളിപ്പെടുത്തുന്നത്.
അതിനാല്‍, മരണത്തെ കുറിച്ചുള്ള മതസങ്കല്‍പങ്ങള്‍ക്കനുസരിച്ച് ഈ ആചാരങ്ങള്‍ /ചടങ്ങുകള്‍ പ്രാദേശികമായി കാലക്രമേണ പുനര്‍നിര്‍മിക്കപ്പെട്ടു. ഇവ ഓരോ കാലഘട്ടങ്ങളിലെ ആളുകളുടെ വിശ്വാസങ്ങളെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതിഫലിപ്പിക്കുന്നുണ്ട്. വാസ്തവത്തില്‍, ശാസ്ത്രത്തോടൊപ്പമുള്ള മനുഷ്യരുടെ ചികിത്സാമുന്നേറ്റങ്ങളും സാങ്കേതിക മുന്നേറ്റവും ആയുസ് നീട്ടലിനെയും അകാലവും പെട്ടെന്നുള്ള മരണത്തെയും അഭിമുഖീകരിക്കുക എന്ന സ്വാഭാവികത ഇല്ലാതാക്കി. വിധി മറികടന്ന് മരണം അതിജീവിക്കുന്ന അവസ്ഥയായി മാറി.

ചിലപ്പോള്‍ കൃത്രിമ ഉപകരണങ്ങള്‍ കൊണ്ടും അവയവങ്ങള്‍ തന്നെ മാറ്റിവെച്ചും മരണം നീട്ടിവെക്കാനും തിരിച്ചെടുക്കാനും മനുഷ്യര്‍ കഴിവുനേടി. ഇത് മനുഷ്യരെ മരണത്തെ കൂടുതല്‍ ഭയപ്പെടുന്നവരാക്കുകയും ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ വിഷമിക്കുന്നവരായും മാറ്റിയിരിക്കാം. അങ്ങനെ, വൈദ്യശാസ്ത്ര പരിജ്ഞാനത്തില്‍ ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തോടെ മനുഷ്യ സമൂഹം ആരോഗ്യ സംരക്ഷണത്തിന്റെ ഒരു ഉപഭോക്താവായി. എന്നിരുന്നാലും, മരണവും മരണഭയവും ഇപ്പോഴും ജീവിതത്തില്‍ അന്തര്‍ലീനമായി ഒളിഞ്ഞിരിക്കുന്നു.
ഇപ്പോഴുള്ള അറിവുവെച്ച് ചരിത്രാതീതകാലത്ത്, നിയാണ്ടര്‍താൽ മനുഷ്യര്‍തൊട്ട് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. അവര്‍ മരണത്തെ മനുഷ്യജീവിതത്തിന്റെ അന്തിമമായി (End) വിശ്വസിച്ചിരുന്നില്ല, മറിച്ച് ഭൂമിയിലെ ജീവനുള്ള ലോകത്തില്‍ നിന്ന് മറ്റൊരു ആത്മീയരാജ്യത്തിലേക്കുള്ള പരിവര്‍ത്തനമായിട്ടാണ് അവ നിര്‍വഹിച്ചിരുന്നത്.
സംസ്‌കാര ചടങ്ങുകള്‍ ലോകത്തെല്ലാ ഇടങ്ങളിലും ഉണ്ട്, ഓരോ ഇടങ്ങളിലും മത വിശ്വാസം, സംസ്‌കാരം എന്നിവയനുസരിച്ച് വ്യത്യസ്തവുമാണ്. ക്രിസ്തു മതാചാര പ്രകാരം മനുഷ്യന്‍ മണ്ണാകുന്നതും അതിനാല്‍ മണ്ണിലേക്കുതന്നെ മടങ്ങേണ്ടതുമാണ്. ഇതുപ്രകാരം സംസ്‌കാരം മണ്ണില്‍ കുഴിച്ചുമുടലാണ്. ഇസ്‌ലാമും മണ്ണില്‍ തന്നെ ഖബറടക്കുന്നു. ഹിന്ദുമതപ്രകാരം ശരീരം ദഹിപ്പിക്കപ്പെടുകയും പിന്നെ ചാരമെടുത്ത് നദികളിലോ/ സമുദ്രത്തിലോ ഒഴുക്കുകയും ചെയ്യുന്നു.
മരണ ശേഷം ആത്മാവ് സ്വര്‍ഗത്തിലെത്തുമെന്ന് വിശ്വാസമുള്ളവര്‍ ശരീരങ്ങള്‍ ഉയരമുള്ള കുന്നുകളുടെ മുകളില്‍ എത്തിക്കുകയും, മറ്റ് ചിലര്‍ വേഗം ഉയരങ്ങളില്‍ എത്താന്‍ പക്ഷികള്‍ക്ക് ഭക്ഷണമായി നല്‍കുകയും കടലില്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന രീതി പണ്ട് ഉണ്ടായിരുന്നു. ലോകത്തിലെ അത്ഭുതങ്ങളുടെ നിര്‍മ്മിതികളായ പിരമിഡുകളും താജ്മഹലും ശവകുടീരങ്ങള്‍ക്കുമുകളില്‍ പണിതുയര്‍ത്തിയതാണ്. അതിനാല്‍, ചരിത്രാതീതകാലം മുതലുള്ള ശവസംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള പുരാവസ്തുരേഖകള്‍ അനുസരിച്ച് മരണത്തെ ആചാരപരമായി പരിചരിക്കുന്ന രീതി, വ്യക്തിയെന്ന നിലക്കും സാമൂഹ്യ ജീവിതത്തിലും മനുഷ്യന്റെ മനഃസാക്ഷിയുമായി പൊരുത്തപ്പെടുന്ന അനുഷ്ഠാനങ്ങളുടെയും ശീലങ്ങളുടെയും ഭാഗമായിരുന്നു.
ഒറ്റപ്പെട്ട കോവിഡ് മരണങ്ങള്‍
മരണസന്ദര്‍ഭത്തിലെ വൈകാരിക ആഘാതങ്ങള്‍ക്കുള്ള ഒരു ചികിത്സാ ഉപകരണമായിട്ടാണ് (Curative tool) ആചാരങ്ങള്‍ ഉയര്‍ന്നുവന്നത്. വേര്‍പാടിന്റെ നിമിഷങ്ങളുടെ അപരിചിതത്വം മനസിലാക്കുന്നതിനും വിശദീകരിക്കുന്നതിനുമുള്ള ഒരു കൈ താങ്ങ് /സഹായം, മാത്രമല്ല ശേഷം ജീവിക്കുന്നവരെയും അത് പിന്താങ്ങുന്നുണ്ട്. മരിക്കുന്ന പ്രക്രിയയുമായി പൊരുത്തപ്പെടാനും ഇവ സഹായമായിട്ടുണ്ട് എന്നാണ് നരവംശ ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്.
കോവിഡ് സമയത്ത്, ഈ ആചാരങ്ങള്‍ നിര്‍വഹിക്കാനുള്ള സാധ്യതകള്‍ പെട്ടെന്ന് ഇല്ലാതാകുമ്പോള്‍ മരണത്തിന്റെ വേദനാജനകമായ ഭാവങ്ങള്‍ ശക്തിപ്പെടുകയും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ജീവിതപങ്കാളികള്‍ എന്നിവരില്‍ കൂടുതല്‍ നഷ്ടബോധം ഉണ്ടാക്കുകയും ഇതിന്റെ ഫലമായി സമൂഹത്തിലാകെ വൈകാരിക ആഘാതം വര്‍ദ്ധിക്കുകയും ചെയ്യുന്നു. 21ാം നൂറ്റാണ്ടില്‍, കോവിഡിന്റെ ഇരകളായ പലരും കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സാന്നിധ്യമില്ലാതെ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ ഒറ്റപ്പെടലില്‍ മരിക്കുന്നു.
മരിച്ചവരെ വൃത്തിയായി കുളിപ്പിച്ച് അവരുടെ ഏറ്റവും ശ്രേഷ്ഠവും പ്രിയപ്പെട്ടതുമായ വസ്ത്രങ്ങള്‍ അണിയിച്ച് അടക്കം ചെയ്യാന്‍ കഴിയില്ല. പകരം, ഒരു മുന്‍പരിചയവുമില്ലാത്ത ആരോ അണിയിക്കുന്ന ആശുപത്രി ഗൗണുകള്‍ ധരിച്ച്, പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിയപ്പെട്ട് അന്ത്യയാത്രയാക്കപ്പെടുന്നു.
എലിസബത്ത് കോബ്ലര്‍-റോസ് മുന്നോട്ടുവെക്കുന്ന മനഃശാസ്ത്ര സിദ്ധാന്തമനുസരിച്ച്, ഒരു വ്യക്തിക്ക് മരണത്തിന്റെ അത്യാസന്നത നേരിടേണ്ടിവരുമ്പോള്‍, അവര്‍ക്ക് അഞ്ച് ഘട്ടങ്ങള്‍ അനുഭവപ്പെടാം: രോഗനിര്‍ണയം നിരസിക്കല്‍, കോപം അല്ലെങ്കില്‍ കലാപം, പാരസ്പര്യം അല്ലെങ്കില്‍ ഒത്തുതീര്‍പ്പുകള്‍, കഠിന വിഷാദം / ജീവന്‍ നഷ്ടപ്പെടുന്നതിലുള്ള വിലാപ പ്രക്രിയ, ഒടുവില്‍ ഒരാളുടെ പരിമിതി അംഗീകരിക്കല്‍ എന്നിവയാണിവ.
എന്നിരുന്നാലും, മരണത്തിന്റെ ആഘാതം കുറക്കാനായിരിക്കാം, പൂര്‍വികര്‍ ആരോഗ്യകരമായ വിലാപ പ്രക്രിയ വികസിപ്പിച്ചിട്ടുണ്ടാകുക. അതിനനുസരിച്ച് അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉണ്ടാക്കുകയും ചെയ്തു. എല്ലാ സമൂഹങ്ങളിലും, അതിനാല്‍ തന്നെ ആരെങ്കിലും മരിച്ചാല്‍, കുടുംബവും അതിനോട് ബന്ധപ്പെട്ട സാമൂഹിക വൃത്തവും അവരുടെ സമൂഹം പങ്കിടുന്ന ചില മൂല്യങ്ങള്‍ അടിസ്ഥാനമാക്കി ഘടനാപരമായ രീതിയില്‍ (Structured) ചടങ്ങുകള്‍ നടത്തി മരണത്തില്‍ പ്രതികരിക്കുന്നു. അതിനാല്‍തന്നെ ‘മരണ ചടങ്ങുകളില്ലാതെ ഒരു മരണവും ലോകത്ത് ഒരിടത്തും സംഭവിക്കുന്നുമില്ല'.
ഇത്തരം ആചാരങ്ങള്‍ മനുഷ്യരിലെ ദൃഢബന്ധങ്ങള്‍ /ബോണ്ടുകള്‍ പ്രകടിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വികാരങ്ങള്‍ പങ്കുവയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ചില പെരുമാറ്റ മൂല്യങ്ങള്‍ ഉണ്ടാക്കുന്നതിനും സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഒഴിച്ചുകൂടാനാവാത്ത മാര്‍ഗങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍, കുടുംബാംഗങ്ങളുടെ വിരഹത്തിന്റെ സങ്കടം ലഘൂകരിക്കുന്ന അനുഭവം ലഭിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹായിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ സാന്നിധ്യവും ഇതില്‍ വേണം.
കോവിഡിന്റെ ഉയര്‍ന്ന പകര്‍ച്ചനിരക്ക് കാരണം, ഈ ആവശ്യങ്ങള്‍ മനുഷ്യരില്‍ നിന്നും സമൂഹങ്ങളില്‍ നിന്നും മോഷ്ടിക്കപ്പെടുന്നു. നരവംശ ശാസ്ത്ര ഗവേഷണ വിവരങ്ങള്‍ അനുസരിച്ച് ഈ ആചാരങ്ങളൊക്കെ പ്രവൃത്തികള്‍ക്കപ്പുറം വിശ്വാസങ്ങള്‍ക്കനുസരിച്ച് ചില ചിഹ്നങ്ങള്‍ (Sympols) നിറഞ്ഞതുമാണ്. ഈ ചിഹ്നങ്ങള്‍ക്ക് ചിലപ്പോള്‍ നിരവധി അര്‍ത്ഥങ്ങളുണ്ടാകാം. കൂടാതെ നമുക്ക് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവയെ വെളിപ്പെടുത്താനും /വിവരിക്കാനും ഇവയിലൂടെ കഴിയും.
അങ്ങനെ, ഈ ആചാരങ്ങളിലൂടെ അവര്‍ വേദനയോടെ ആരംഭിക്കുകയും വിലാപത്തിന്റെ പ്രാരംഭ ഘട്ടവുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. മരണ ദിവസത്തില്‍ സംഭവിക്കുന്നതുപോലെ, ശവസംസ്‌കാരം, അനുശോചനം, പൊതുവിലാപം (പ്രമുഖര്‍ക്ക്), ഇവയെ തുടര്‍ന്ന് പ്രത്യേക നിറമുള്ള വസ്ത്രധാരണം, ആഹാരരീതികള്‍, വ്രതങ്ങള്‍/നൊയമ്പുകള്‍, കുളി, അന്നദാനം, പിന്നീട് മരിച്ചവരുടെ സെമിത്തേരി അല്ലെങ്കില്‍ സ്മാരകങ്ങളിലേക്കുള്ള സന്ദര്‍ശനം തുടങ്ങിയവയായി ഇത് തുടരും. അതിനാല്‍, ശവസംസ്‌കാര ചടങ്ങുകള്‍, മരിച്ചയാളുടെ ജീവിതത്തിന്റെ മൂല്യം സമൂഹത്തില്‍ അംഗീകരിച്ചുകൊണ്ട് ഒരു അംഗത്തെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപ്പെട്ടതായി അടയാളപ്പെടുത്തുന്ന പ്രക്രിയ കൂടിയാണ് എന്നു സ്ഥിരീകരിക്കുന്നു.
ഈ ആചാരങ്ങള്‍ അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ സമൂഹത്തിനു നല്‍കിയ സംഭവനകളുടെ മൂല്യം അംഗീകരിച്ച്, അയാളുടെ വീട്ടുകാരുടെ ആഘാതങ്ങള്‍ കുറച്ച്, ആ വിയോഗം അംഗീകരിക്കാന്‍ അവസരം നല്‍കുന്നു. ഒരു സമൂഹം അവര്‍ ഇഴുകിചേര്‍ന്നിരിക്കുന്ന മൂല്യങ്ങള്‍ക്കും സാംസ്‌കാരിക അനുഭവങ്ങള്‍ക്കും അനുസൃതമായിട്ടായിരിക്കും ഈവിലാപ ചടങ്ങുകള്‍ നടത്തുക. ഇതൊക്കെ ജീവിതത്തിന്റെയും മരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെ മാതൃക ഉള്‍ക്കൊള്ളാന്‍ ബന്ധുക്കളെ പ്രാപ്തരാക്കുന്നുമുണ്ട് താനും.
ഇവ, അവശേഷിക്കുന്നവര്‍ക്ക് ജീവിതത്തിന്റെ ചില കടമകള്‍ ഏല്‍പ്പിച്ച്, അവരുടെ ജീവിതത്തിന്റെ കൂടി അര്‍ത്ഥം പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, മരണമെന്ന അനുഭവം യാഥാര്‍ഥ്യ ബോധത്തോടെ കണ്ട് സന്ദര്‍ഭോചിതമാക്കുന്നതിനും, അതിനനുസരിച്ച് അവരുടെ ഉചിതമായ
‘റോള്‍' മാറ്റങ്ങള്‍ക്കും ജീവിത പരിവര്‍ത്തനത്തിനും (transition) തയ്യാറാകാനുള്ള അവസരങ്ങള്‍ നല്‍കുന്നുമുണ്ട്. വേര്‍പാടിന്റെ ആഘാതം അവരെ മരവിപ്പിക്കുകയും നിരാശരാക്കുകയും ചെയ്യുന്ന ഒരു സമയത്തുള്ള ഈ പ്രതികരണങ്ങള്‍ അവരും /കുടുംബവും എപ്പോഴും പിന്തുണ കിട്ടുന്ന ഒരു സംസ്‌കാരത്തില്‍ പെട്ടവരാണെന്ന തോന്നലിന് ശക്തി പകരുകയും ചെയ്യുന്നു.
ശവസംസ്‌കാര ചടങ്ങ് ഒരു ചികിത്സ തന്നെയാണ്
ഈ ആചാരാനുഷ്ഠാനങ്ങളുടെ അഭാവത്തില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ലോകത്തോട് വിടപറയുന്നത് അടുപ്പമുള്ളവരുടെ വേദനക്ക് ആക്കം കൂട്ടാന്‍ കാരണമാകും, അവരുടെ വൈകാരിക ആഘാതം വര്‍ദ്ധിപ്പിക്കും. ഇതുണ്ടാക്കുന്ന ആശങ്ക പെട്ടെന്നുണ്ടാകുന്നതും ചിലപ്പോള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായ ശാരീരിക - മാനസിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും, (ഫൈബ്രോമിയല്‍ജിയ, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ എന്നിവ).
ദുരന്തങ്ങളുടെയും പാന്‍ഡെമിക്കുകളുടെയും ഇരകളില്‍ തുടര്‍ന്ന് ശാരീരികവും (Organic) മാനസികവും ആയ വിഷമങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. അതിനാല്‍ കോവിഡ് മരണം എന്നത്, ജീവിതത്തില്‍ നിന്ന് ഇതൊക്കെ അടര്‍ത്തി മാറ്റുന്ന നിര്‍ഭാഗ്യവും വിചിത്രവുമായ കാര്യമായി മാറുകയാണ്. ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞു കവിയുകയും, മോര്‍ച്ചറികള്‍ മൃതശരീരങ്ങള്‍ കൊണ്ട് നിറയുകയും ചെയ്യുന്നു. പരിശോധിക്കാന്‍ രോഗികള്‍ പോലെ മരിച്ചവര്‍ ആശുപത്രികളില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ‘ക്യൂ' കിടക്കുന്നു, വേദന കൊണ്ടും ഗൃഹാതുരത കൊണ്ടും പൊതിഞ്ഞവരുടെ മൃതശരീരങ്ങള്‍ വേണ്ടപ്പെട്ടവരുടെ വിലാപങ്ങളുടെ, ചുംബനങ്ങളുടെ, തലോടലുകളില്ലാതെ ശ്മശാനങ്ങളില്‍ സംസ്‌കരിക്കപ്പെടുന്നു. ഇത് സമൂഹത്തില്‍ ഒരു വൈകാരികാഘാതം സൃഷ്ടിക്കുന്നു.
ഒരു വ്യക്തി മരിക്കുമ്പോള്‍; ‘അയാളെ സ്‌നേഹിച്ച’ എല്ലാ സുഹൃത്തുക്കളും ബന്ധുക്കളും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും ദുഃഖിതരായ കുടുംബത്തോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. നേരെമറിച്ച്, ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍, ഏതെങ്കിലും ആഘോഷം അല്ലെങ്കില്‍ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ‘അയാള്‍ സ്‌നേഹിക്കുന്നവരില്‍ ' ക്ഷണിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുക്കൂ. അങ്ങനെ ഒരാള്‍ ജീവനോടെയിരിക്കുമ്പോഴും അതിനുശേഷവും സാമൂഹിക മനഃസാക്ഷിയുടെ പെരുമാറ്റങ്ങളില്‍ വ്യത്യാസമുണ്ട്.
മറ്റൊരു കാഴ്ചപ്പാടില്‍ ബ്രോംബര്‍ഗി (Bromberg) ന്റെ അഭിപ്രായത്തില്‍, ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ചികിത്സാപരമായ ഒരു പ്രവര്‍ത്തനം (curative Function) ഉണ്ട്. ഇത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അവരുടെ പ്രിയപ്പെട്ടവരുടെ നഷ്ടം അംഗീകരിക്കാന്‍ സഹായിക്കുന്നു. ജീവിതമെന്ന ഇടത്തില്‍ (Space) തന്നെ അതിനോട് സംയോജിപ്പിച്ച ഒരു പ്രക്രിയയായി മരണത്തെ പ്രതിഫലിപ്പിച്ചു കാണാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു; ഇതിലൂടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അവര്‍ കടന്നുപോയ ഏറ്റവും ദുഃഖകരമായ പ്രക്രിയ മനസിലാക്കുന്നതിനും സ്വാംശീകരിക്കുന്നതിനും അതിനനുസരിച്ച് ഭാവി ‘അഡ്ജസ്റ്റ്' ചെയ്യാനും എളുപ്പം കഴിയുന്നു.
ഈ വീക്ഷണകോണില്‍ പരിശോധിച്ചാല്‍ അവരവരുടെ ആചാരങ്ങള്‍ക്കും / വിശ്വാസങ്ങള്‍ക്കും അനുസൃതമായി ശവസംസ്‌കാര ചടങ്ങ് നടത്താനുള്ള സാധ്യത ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മാനസികാരോഗ്യത്തിനും വൈകാരിക ആഘാതങ്ങള്‍ക്കും ഒരു സംരക്ഷണ ഘടകമാണെന്ന് അനുമാനിക്കാം. മനഃശാസ്ത്രത്തിലെയും ന്യൂറോ സയന്‍സസിലേയും പഠനങ്ങള്‍ തെളിയിക്കുന്നത്, മരണവീടുകളില്‍ പരേതനുമായി അടുപ്പമുള്ളവര്‍ ഒത്തുകൂടി വികാരങ്ങള്‍ നിറഞ്ഞുതുളുമ്പുന്ന ഓര്‍മ പങ്കിടുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുമ്പോള്‍, മരിച്ചവരുമായി ബന്ധമുള്ളവർക്ക് ആഘാതം മറികടക്കുന്നതിനും മാനസിക ക്ലേശങ്ങളും വൈകാരിക ആഘാതങ്ങളും ഒഴിവാക്കുന്നതിനും സാധിക്കുന്നു എന്നാണ്.
അതിനാല്‍ വിഷമതകളുടെ മറികടക്കലുകള്‍ക്ക് ഇത് ഒരു അനിവാര്യതയുമാണ്. ഇത്തരം പകര്‍ച്ചവ്യാധികളുടെ സമയത്ത് വിഷാദം, ആത്മഹത്യാചിന്ത, ഉല്‍ക്കണ്ഠ, ഉറക്കമില്ലായ്മ, ഭയം, വേദന, കോപം, സമ്മര്‍ദ്ദം, ദുഃഖം, ഏകാന്തത തുടങ്ങിയവ വര്‍ധിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട് . ഇത്തരം സാഹചര്യങ്ങള്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, മുമ്പ് ചെറിയ മാനസികരോഗമുള്ള രോഗികളില്‍ ഇതിന്റെ തോത് കൂട്ടുകയും ചെയ്യും. ലോകത്തെല്ലായിടങ്ങളിലും ഇപ്പോള്‍ കുട്ടികളിലടക്കം ആത്മഹത്യ കൂടുന്നതായി റിപ്പോര്‍ട്ടുണ്ട്.
കോവിഡ് മനുഷ്യരുടെ ജീവിതത്തില്‍നിന്ന് മരണാനന്തര സംസ്‌കരണവും, അനുബന്ധ ആചാരങ്ങളും തട്ടിപ്പറിച്ചു കളഞ്ഞിരിക്കയാണ്. ഇവയിലൊക്കെ മരിച്ചവരുടെ അഭിലാഷം പരിഗണിക്കേണ്ടതുണ്ട്. സുരക്ഷക്കനുസരിച്ച് പാരമ്പര്യമായി നടത്തുന്ന ചടങ്ങുകള്‍ക്ക് ചില ഭേദഗതികളും, മാറ്റങ്ങളും വരുത്തേണ്ടി വരും. അതിനാല്‍ മോഡിഫൈ ചെയ്ത സംസ്‌കാരങ്ങളും ചടങ്ങുകളും നടത്തുക എന്നതാണ് അഭികാമ്യം. ഇപ്പോഴുള്ള കണക്കുകള്‍ വിശകലനം ചെയ്താല്‍, രോഗികളാകുന്നവരില്‍ ആയിരത്തില്‍ അഞ്ചു പേര്‍ മരിക്കാനും രോഗാണുബാധയുണ്ടാകുന്നവരില്‍ ആയിരത്തില്‍ ഒരാള്‍ മരിക്കാനും സാധ്യതയുണ്ട്.
ലോകത്തിലാകെ ഇതുവരെ (ഒക്ടോബര്‍ 25) രോഗം നിര്‍ണയിക്കപ്പെട്ട നാലേകാല്‍ കോടിയിലധികം രോഗികളില്‍ പതിനൊന്നാര ലക്ഷത്തിലധികം പേരും ഇന്ത്യയില്‍ 80 ലക്ഷം രോഗികളില്‍ 1.17 ലക്ഷം പരും മരിച്ചു. ഇതിനുപുറമെ കണക്കുകളില്‍ പെടാത്ത ആയിരങ്ങളും ഉണ്ടായിരിക്കും. ഈ അവസ്ഥ കുറച്ചുനാള്‍ കൂടി കുറഞ്ഞും കൂടിയും ഉണ്ടാകാനാണ് സാധ്യത. അകാലത്ത് എത്തുന്ന മരണത്തെ ‘രംഗബോധില്ലാത്ത കോമാളി'യായി എം.ടിയും മൃത്യുവിന് ഒരിക്കലും ജീവിതത്തിന്റെ കൊടിപ്പടം താഴത്താനാവില്ലെന്ന് വൈലോപ്പള്ളിയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്തായാലും മരണം നമ്മുടെ ആരുടെയും അടുത്തുതന്നെ ഒളിച്ചിരിപ്പുണ്ടെന്നും നമുക്കത് ഏതുനിമിഷവും അഭിമുഖീകരിക്കേണ്ടി വരുമെന്നുമുള്ള ഒരു ഭയം ( Thanato phobia) നമ്മുടെ ഉള്ളിലൊക്കെ ഇപ്പോഴുണ്ട്. ഈ അമിത ഭയമുണ്ടാക്കിയ ഉത്ക്കണ്ഠ കോവിഡ് മൂലം മരിക്കുന്നവരോടുള്ള അവഗണനയും അപമാനവുമായിട്ടാണ് സാക്ഷരത കൂടിയവരിലും അടയാളപ്പെടുത്തുന്നത്.
സംസ്‌കാര ചടങ്ങ് അര്‍ഹിക്കുന്ന ബഹുമാനത്തോടെ വേണം
കോവിഡു ബാധിച്ച രോഗികളുടെ ചികിത്സയുടെ തുടര്‍ച്ചയായി തന്നെയായാണ് അതുമൂലം മരിക്കുന്നവരുടെ പരിചരണവും കാണേണ്ടത്. അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ കിട്ടിയിരുന്ന പരിഗണനകളും മരണത്തിലും മരണാനന്തരവും തുടര്‍ന്നും ലഭ്യമാകണം. ഇത് ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ഒരു വ്യക്തിക്ക് ലഭിക്കേണ്ട മനുഷ്യാവകാശങ്ങളുടെ (Human rights ) പ്രശ്‌നവും കൂടിയാണ്. കോവിഡുമൂലം മരിക്കുന്നവരുടെ ശരീരങ്ങള്‍ അതിന് നിയോഗിക്കപ്പെട്ടവര്‍ തന്നെ കടത്തിണ്ണകളില്‍ ഉപേക്ഷിക്കുകയും, വണ്ടികളില്‍ നിന്നിറക്കി വലിച്ചിഴച്ച് കുഴികളിലേക്ക് വലിച്ചെറിയുന്നതുമായ ചിത്രങ്ങള്‍ കോവിഡിന്റെ ആദ്യകാലങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിക്കുന്നത് മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്.
ഇതുപോലുള്ള സംഭവങ്ങള്‍ക്കെതിരെ നല്‍കപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിച്ച് 2020 ജൂലൈ അവസാനത്തെ ആഴ്ച ബാംഗ്ലൂര്‍ ഹൈക്കോടതിയുടെ സ്‌പെഷല്‍ ഡിവിഷന്‍ ബെഞ്ച് കോവിഡുമൂലം മരിക്കുന്നവരുടെ സംസ്‌കാരചടങ്ങ് അര്‍ഹിക്കുന്ന ബഹുമാനത്തോടെ, വിശ്വസിക്കുന്ന മതാചാര പ്രകാരം നടത്തണമെന്ന് കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സെപ്തംബര്‍ പകുതിയില്‍ സുപ്രീംകോടതി സ്വയം കേസെടുത്ത് ഇപ്പോഴുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയും, ശരിയായ രീതികളില്‍ ഇത് നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
മൃതദേഹം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഇടക്കാല മാര്‍ഗ്ഗനിര്‍ദ്ദേശത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഓരോ രാജ്യത്തും ഇതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍ ‘മരിച്ചവരുടെ അന്തസ്സും അവരുടെ സാംസ്‌കാരവും മതപാരമ്പര്യങ്ങളും കുടുംബങ്ങളെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം' എന്ന് ലോകാരോഗ്യസംഘടന ഊന്നി പറയുന്നുമുണ്ട്. ഇതനുസരിച്ച് സെപ്തംബര്‍ 17ന് പുതിയ മാര്‍ഗരേഖ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഭാഗം രണ്ട്: വൈദ്യശാസ്ത്ര വശങ്ങള്‍
കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുന്നതായും, ബന്ധുക്കള്‍ ഏറ്റെടുത്താല്‍ തന്നെ വീട്ടിലെത്തിച്ച് പൊതു/സമുദായ ശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്. കൂടാതെ കോവിഡ് രോഗികളെയും കോവിഡ് മൂലം മരിക്കുന്നവരെയും കുറ്റവാളികളായി കാണുന്ന പ്രവണതയും അവരുടെ കുടുംബാംഗങ്ങളെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നു. മരണം ആരുടേതായാലും വേദനാജനകമാണ്. അവര്‍ക്കുവേണ്ട മരണാനന്തര പരിചരണവും വിടവാങ്ങലും നല്‍കുന്നത് ജീവിച്ചിരിക്കുന്നവരുടെയും കൂടി കടമയാണ്. ഇതിന്റെ വൈദ്യശാസ്ത്രീയതകളെ (Medical Science ) ക്കുറിച്ച് പരിശോധിക്കാം.
മൃതശരീരങ്ങളില്‍ നിന്ന് കോവിഡ് പകരാന്‍ സാധ്യത വളരെ കുറവാണ്. റിസ്‌ക് മാട്രിക്‌സ് തീവ്രത നോക്കിയാല്‍ SARS കൊറോണ വൈറസ് 2 മോഡെറേറ്റ് അപകടകാരിയായ ബയോസേഫ്ടി ലെവല്‍ രണ്ടില്‍ (ബിഎസ്എല്‍ 2 ) പെട്ട അത്ര മാരകമല്ലാത്ത വൈറസ് ആണ്. നിപ വൈറസ് ബി.സ്.എല്‍ 4 ആണ്. ശ്വാസ കോശ വൈറസ് ആയതിനാല്‍ ഇത് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശ വ്യൂഹത്തെയും പകരുന്നത് ശ്വാസകോശ സ്രവകണങ്ങള്‍, ഉമിനീര്‍ എന്നിവ വഴി രോഗികളില്‍ നിന്ന് നേരിട്ട് ഡ്രോപ്‌ലെറ്റുകളായും അത് പുരണ്ട മറ്റ് വസ്തുക്കള്‍ വഴി നേരിട്ടല്ലാതെയുമാണ്.
രോഗപകര്‍ച്ചയുള്ള ഘട്ടങ്ങളിലാണ് രോഗി മരിച്ചതെങ്കില്‍ അയാളുടെ ശ്വാസകോശങ്ങളിലെ കലകളിലും രോഗാണുക്കള്‍ ഉണ്ടായിരിക്കും. മരിച്ച ഒരാള്‍ ശ്വാസോച്ഛ്വാസം കഴിക്കാത്തതിനാല്‍ പുറമേക്ക് രോഗവ്യാപന സാധ്യത കുറവാണ്. ആകെ രോഗപ്പകര്‍ച്ചക്കുള്ള സാധ്യത മൃതദേഹത്തിലോ, വസ്തുക്കളിലോ ഉള്ള സ്രവങ്ങള്‍ പുരളുക എന്നത് മാത്രമാണ്. അതിനാല്‍ എബോള രോഗം പോലെ മരിച്ചവരില്‍ നിന്ന് പകര്‍ച്ചാഭീഷണിയില്ല (അവിടെ എത്തുന്ന മറ്റുള്ളവരില്‍ നിന്ന് അന്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറക്കാനാണ് മരണാനന്തര ചടങ്ങുകളില്‍ ആളുകള്‍ കൂടുന്നത് പ്രധാനമായും നിയന്ത്രിച്ചിട്ടുള്ളത് എന്നു മനസ്സിലാക്കണം).
ആശുപത്രികളില്‍വെച്ച് കോവിഡ് രോഗികള്‍ മരിച്ചാല്‍, മരിച്ചവരുടെയും വീട്ടുകാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും മൃതദേഹം കൈകാര്യം ചെയ്യുന്നവരുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് പ്രാധാന്യം കൊടുക്കേണ്ടത്. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് മൃതദേഹം കാണണമെങ്കില്‍ അത് അനുവദിക്കാം. മൃതശരീരങ്ങള്‍ അണുനശീകരണം നടത്തി, പകരാനുള്ള പഴുതടച്ചു ‘പായ്ക്ക്' ചെയ്തുവേണം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈ മാറേണ്ടത്. മൃതശരീരം കൈകാര്യം ചെയ്യാന്‍ പ്രത്യേക ആരോഗ്യ പ്രവര്‍ത്തകര്‍ /ടീം ഉണ്ടായിരിക്കണം.
ഇത് ചെയ്യുന്ന ആശുപത്രി ജീവനക്കാര്‍ പ്രോട്ടോകോള്‍ പ്രകാരം സുരക്ഷ നടപടി സ്വീകരിക്കണം. പി.പി.ഇ കിറ്റ്, ഫെയിസ് ഷീല്‍ഡ്, പാദം മൂടുന്ന ഷൂ എന്നിവ ധരിച്ചിരിക്കണം. മൃതശരീരം അണുനാശിനി ഉപയോഗിച്ച് കഴുകുകയും തുടച്ചു വൃത്തിയാക്കുകയും വേണം. ശരീരത്തില്‍ ഘടിപ്പിച്ച ടൂബുകള്‍ (കത്തീറ്റര്‍, റയില്‍സ് ട്യൂബ് എന്നിവ) മാറ്റുകയും, ഐ.വി ഫളൂയിഡ്, കുത്തിവെപ്പുകള്‍ ഇവ നല്‍കിയ ‘പങ്ക്ചര്‍ മുറിവുകള്‍' കോട്ടണ്‍ കൊണ്ട് അടച്ച് പ്ലാസ്റ്റര്‍ കൊണ്ട് സീല്‍ ചെയ്യുകയും വേണം. സ്രവങ്ങള്‍ വരാന്‍ സാധ്യതയുള്ള ശരീരത്തിലെ ദ്വാരങ്ങളില്‍ മുഴുവനും ( വായ, മൂക്ക്, ചെവി, മലദ്വാരം, മൂത്രനാളം, യോനി എന്നിവ) പഞ്ഞിവെച്ചു അടച്ച് സീല്‍ ചെയ്യണം. ആശുപത്രികളില്‍നിന്ന് നേരെ സംസ്‌കരണത്തിന് ശ്മശാനത്തിലേക്കാണ് കൊണ്ടുപോകുന്നതെങ്കില്‍ ഇതിനുശേഷം ശരീരം നന്നായി തുണിയില്‍ പൊതിഞ്ഞാല്‍ മതി. മറ്റു സുരക്ഷ പാക്കിങ് വേണമെന്നില്ല.
മൃതശരീരങ്ങള്‍ വാഹനത്തില്‍ വീട്ടിലേക്കോ, ആരാധനാസ്ഥലങ്ങളിലേക്കോ, പൊതുസ്ഥലങ്ങളിലോ, കൊണ്ടുപോകുകയാണെങ്കില്‍ ശരീരം ലീക് പ്രൂഫ് ആയി ‘പാക്ക്' ചെയ്യണം. ഇതിന് പ്ലാസ്റ്റിക് ഷീറ്റുകളോ സിപ്പ് ലോക്ക് സൗകര്യമുള്ള പ്രത്യേക ബോഡി ബാഗുകളോ ഉപയോഗിക്കാം. ഇവ എളുപ്പം കീറിപ്പോകാത്തതും ആവശ്യത്തിന് കട്ടിയുള്ളതും ബയോ ഡീഗ്രേഡബില്‍ അല്ലാത്തതുമാകണം. നേരിയതാണെങ്കില്‍ രണ്ടു ലെയര്‍ / ബാഗുകള്‍ ഉപയോഗിക്കേണ്ടിവരും.
ഇതിനുപുറത്ത് 1% സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഒന്നു കൂടി തളിക്കാം. (ശേഷം മോര്‍ച്ചറി ഷീറ്റ് കൊണ്ടോ വീട്ടുകാര്‍ നല്‍കുന്ന തുണിയില്‍ പൊതിഞ്ഞോ ആണ് ശരീരം ബന്ധുക്കള്‍ക്ക് കൈമാറുന്നത്) . ഇങ്ങനെ പാക്ക് ചെയ്യപ്പെട്ട മൃതശരീരങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധ്യത ഇല്ല. അതിനാല്‍ മറ്റു മൃതശരീരങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഒരു വ്യത്യാസവും അധിക റിസ്‌കും ഇവിടെ ഉണ്ടാകുന്നില്ല.
ഇങ്ങനെ പാക്ക് ചെയ്യപ്പെട്ട കോവിഡു രോഗികളുടെ മൃതശരീരം കൊണ്ടുപോകാന്‍ സാധാരണ ആംബുലന്‍സുകള്‍ ഉപയോഗിക്കാം. ഇതിനായി മറ്റ് പ്രത്യേക വാഹനങ്ങള്‍/ട്രോളികള്‍/സ്‌ട്രെച്ചറുകള്‍ ആവശ്യമില്ല. ആംബുലന്‍സില്‍ കൂടെ പോകുന്നവര്‍ക്കും, ഡ്രൈവര്‍ക്കും സാധാരണ സര്‍ജിക്കല്‍ മാസ്‌ക്ക്, ഗ്ലൗസ് തുടങ്ങിയ സംരക്ഷണങ്ങള്‍ മാത്രം മതി. ഉപയോഗശേഷം സ്‌ട്രെച്ചറുകള്‍/വാഹനം ഇവ 1% സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി കൊണ്ട് അണുവിമുക്തി വരുത്തി സാധാരണ പോലെ വീണ്ടും ഉപയോഗിക്കാം.
വീടുകളില്‍ വെച്ച് രോഗി മരിക്കുകയാണെങ്കില്‍ ബന്ധുക്കള്‍ക്ക് മത വിശ്വാസങ്ങള്‍ക്കും, രീതികള്‍ക്കും അനുസരിച്ചു ചടങ്ങ് നടത്താം. ഇതിനായി പ്രാദേശികമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മത പുരോഹിതര്‍ക്കും പ്രത്യേക പരിശീലനം നല്‍കണം. മൃതദേഹം പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും /വീട്ടുകാരും/ പുരോഹിതരും പി.പി.ഇ കിറ്റ് അടക്കം ആവശ്യമുള്ള വ്യക്തിസുരക്ഷ നടപടികള്‍ എടുത്തിരിക്കണം.
ആശുപത്രികളില്‍ നടത്തിയതുപോലെ ഇവിടെയും മുന്‍കരുതലെടുത്ത് ഇവര്‍ക്ക് ശരീരം കഴുകി വൃത്തിയാക്കുകയും നഖം വെട്ടിമാറ്റുകയും മുടി, രോമങ്ങള്‍ എന്നിവ വൃത്തിയാക്കുകയും ഷേവു ചെയ്യുകയും ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരം തിരിച്ചും മറിച്ചും കിടത്തേണ്ടതിനാല്‍ മരിച്ചയാളിന്റെ മൂക്കും വായയും മൂടി തുണികൊണ്ടുള്ള മാസ്‌ക് കെട്ടേണ്ടതാണ്.
ശരീരം വൃത്തിയാക്കിയശേഷം കട്ടിയുള്ള തുണിയോ, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടോ പൊതിഞ്ഞുവെക്കണം. വീട്ടുകാര്‍ക്ക് സ്വീകാര്യമാണെങ്കില്‍/ലഭ്യമാണെങ്കില്‍ ബോഡി ബാഗും ഇതിന് ഉപയോഗിക്കാം. അതിനു പുറമെ സാധാരണ പോലെ തുണിക്കച്ച കൊണ്ട് പുതപ്പിക്കുകയും ചെയ്യാം.
മരണ വീടുകളിലും / സംസ്‌കരിക്കുന്ന സ്ഥലങ്ങളിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വീട്ടിലോ / പൊതുസ്ഥങ്ങളിലോ അന്ത്യോപചാരം നടത്താം. ഒരുസ്ഥലത്ത് ഒരുമിച്ച് കൂടുന്ന ആളുകളുടെ എണ്ണം, ഇവര്‍ തമ്മിലുള്ള കുറഞ്ഞ ശാരീരിക അകലം ( ഒരു മീറ്ററില്‍ താഴെ), കൂടിയിരിക്കുന്ന സമയ ദൈര്‍ഘ്യം എന്നിവയാണ് ഇവരിലെ കോവിഡ് വ്യാപനത്തിന്റെ നിര്‍ണായക ഘടകങ്ങള്‍. അതുപോലെ തുറസ്സായ വായുസഞ്ചാരമുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട മുറികളില്‍ കണങ്ങള്‍ (droplets) കൂടുതല്‍ നേരം തങ്ങിനില്‍ക്കുന്നതിനാല്‍ കോവിഡുവ്യാപനസാധ്യത കൂടുതലാണ്.
അതിനാല്‍ പറ്റുമെങ്കില്‍ സംസ്‌കാര ചടങ്ങ് തുറസ്സായ സ്ഥലത്ത് നടത്തുന്നതും പുറമേയുള്ളവര്‍/ ദൂരെയുള്ളവര്‍ വെര്‍ച്വലായി കാണുന്നതുമാണ് അഭികാമ്യം. അന്ത്യോപചാരം മിനിമം ആളുകളെ മാത്രം പങ്കെടുക്കുവാന്‍ അനുവദിച്ചും ശാരീരിക അകലം പാലിച്ചും നടത്തേണ്ടതാണ്.
ശരീരം വാഹനത്തില്‍ നിന്ന് പുറത്തിറക്കിയ ശേഷം ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഉപചാരമര്‍പ്പിക്കാന്‍ ബോഡിബാഗൊ/ പെട്ടിയോ പുറത്തിറക്കി വെക്കാം. അപ്പോള്‍ ശരീരം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌കും ഗ്ലൗസും ഉപയോഗിക്കണം. ബോഡി ബാഗിന്റെ മുഖത്തിന്റെ സിപ്പ് തുറന്നോ, പെട്ടിയുടെ മൂടി തുറന്നോ മറ്റുള്ളവര്‍ക്ക് ശരീരം കാണാം. അന്ത്യകര്‍മം നടത്തുമ്പോള്‍ ആളുകള്‍ മൃതദേഹം സ്പര്‍ശിക്കുകയോ ചുംബിക്കുകയോ അരുത്.
സന്ദര്‍ശകര്‍ വീട്ടുകാരെയോ മറ്റുള്ളവരെയോ ഹസ്തദാനവും ആലിംഗനവും ചെയ്യാതെ തല കുനിച്ചോ, കൈ വീശിയോ, കൈ കൂപ്പിയോ അഭിവാദ്യം ചെയ്യാം. മരിച്ചവരുടെ വീട്ടുകാർക്കൊപ്പം ഒന്നിച്ചിരിക്കാനും അവരെ കെട്ടിപ്പിടിക്കാനും, പരസ്പരം ആശ്വസിപ്പിക്കാനും അനുവദിക്കുമ്പോള്‍ തന്നെ പുറമേയുള്ളവര്‍ /മറ്റുള്ളവര്‍ വേണ്ടത്ര ശാരീരിക അകലം പാലിക്കേണ്ടതുമുണ്ട്.
മൃതദേഹത്തില്‍ സ്പര്‍ശിക്കാതെ മതപരമായ ഏത് ചടങ്ങും നടത്താം. റീത്ത് സമര്‍പ്പിക്കുക, പൂക്കള്‍ വിതറുക , മന്ത്രങ്ങള്‍ ഉരുവിടുക, ജലം/ തീര്‍ത്ഥം തളിക്കുക ഇവ അനുവദീനയമാണ്. പ്രാര്‍ഥനകളും / സംഗീത അര്‍പ്പണങ്ങളും നടത്തുമ്പോള്‍ ഉമിനീര്‍ കണങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ അതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കണം. ഗ്രന്ഥങ്ങള്‍ /പുസ്തകങ്ങള്‍, പൂജ വസ്തുക്കള്‍, തളികകള്‍, പൂക്കള്‍, കുരിശുരൂപം എന്നിവ കൂടുതല്‍ ആളുകള്‍ കൈമാറി ഉപയോഗിക്കരുത്.
മരണവീട്ടില്‍ സന്ദര്‍ശകര്‍ക്ക് ഭക്ഷണം വിളമ്പുന്നത് അഭികാമ്യമല്ല. ഭക്ഷണം വിതരണം നടത്തുകയാണെങ്കില്‍ അത് പ്രവേശന കവാടത്തില്‍ തന്നെ നല്‍കണം. പാത്രങ്ങൾ ഒഴിവാക്കി പാക്കറ്റുകളില്‍ നല്‍കണം. മരണവീടുകളില്‍ മദ്യം തീര്‍ത്തും ഒഴിവാക്കണം. ശരീരം കൈകാര്യം ചെയ്തവര്‍ ചടങ്ങുകള്‍ക്കുശേഷം ഗ്ലൗസുകള്‍ ഊരി മാറ്റി സോപ്പുപയോഗിച്ച് കൈകള്‍ നല്ലവണ്ണം കഴുകണം.
മരണാനന്തര ചടങ്ങുകള്‍ക്ക് എത്ര ആളുകള്‍ പങ്കെടുക്കാമെന്നതുസംബന്ധിച്ച് സര്‍ക്കാർ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഈ അവസരങ്ങളില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കളും, ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്നതാണ് നല്ലത്. മരണവീട്ടിലോ / ശ്മശാനത്തിലോ എത്തുന്നവര്‍ മിനിമം ശാരീരിക അകലം (ഒരു മീറ്റര്‍ എങ്കിലും) പാലിക്കുകയും, മാസ്‌കുകള്‍ ഉപയോഗിക്കുകയും വേണം.
മൃതദേഹത്തെ ശ്മശാനത്തിലേക്ക് അനുഗമിക്കുമ്പോള്‍ മരണവീട്ടുകാരും ബന്ധുക്കളും ഒരു വാഹനത്തില്‍ യാത്ര ചെയ്യണം, മറ്റുള്ളവര്‍ ഇവരുടെ വാഹനത്തില്‍ കയറരുത്. പനിയോ, ചുമയോ മറ്റ് അസുഖമോ ഉള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കണം. ആളുകള്‍ നടന്നുപോകുമ്പോഴും, കൂടി നില്‍ക്കുമ്പോഴും ശാരീരിക അകലം പാലിക്കണം.
മരിച്ചവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച്, മതാചാര പ്രകാരം അടുത്ത ബന്ധുക്കളുമായി ആലോചിച്ച് ശരീരം ദഹിപ്പിക്കുകയോ കുഴിയില്‍ അടക്കുകയോ ചെയ്യാം. അടക്കം ചെയ്യുന്ന കുഴികള്‍ക്ക് സാധാരണ ആഴം മതി (ഒന്നര തൊട്ട് മൂന്നൂ മീറ്റര്‍ വരെ ആഴം, ജലനിരപ്പില്‍ നിന്ന് രണ്ടു മീറ്റര്‍ ഉയരം). വീട്ടുപറമ്പുകളിലോ പൊതു /സമുദായ ശ്മശാനത്തിലോ സംസ്‌കരിക്കാം. മൃതദേഹം ദഹിപ്പിക്കുന്ന പുകയിലൂടെയോ അടക്കം ചെയ്ത മണ്ണിലൂടെയോ രോഗാണു പടരില്ല. പ്ലാസ്റ്റിക്ക് ബാഗുകളിലായിരുന്നാലും മൃതദേഹം ശരീരത്തില്‍ തന്നെയുള്ള ബാക്ടീരിയകളുടെ പ്രവര്‍ത്തനം മൂലം ഓട്ടോലൈസിസ് (Autolysis) എന്ന പ്രക്രിയയിലൂടെ സാധാരണ പോലെ അഴുകും.
ദഹിക്കപ്പെട്ട ചാരം / എല്ലുകഷണങ്ങള്‍ എന്നിവ വെറും കൈ കൊണ്ട് എടുത്ത് മതപരമായ ചടങ്ങുകള്‍ നടത്താം. മൃതദേഹം സംസ്‌കരിക്കാന്‍ നേരിട്ട് ഇടപെടുന്നവര്‍ മാസ്‌കും കൈ ഉറകളും ധരിച്ചിരിക്കണം. ചടങ്ങ് കഴിഞ്ഞയുടന്‍ അവ ഊരിമാറ്റി വേണ്ട വിധം അണുനാശിനികള്‍ ഉപയോഗിച്ച് അവിടെ ഡിസ്‌പോസ് ചെയ്യണം.
മരിച്ചവര്‍ ഉപയോഗിച്ച മുറികളും ഫര്‍ണീച്ചറും പരിസരവും മറ്റ് വസ്തുക്കളും പ്രതലങ്ങളും ആദ്യം സോപ്പുലായനി കൊണ്ട് കഴുകിയശേഷം 0.1% വീര്യമുള്ള ബ്ലീച്ചിങ് ലായനി കൊണ്ടോ 70% വീര്യമുള്ള ആല്‍ക്കഹോള്‍ ലായനി കൊണ്ടോ തുടക്കാം. അരമണിക്കൂര്‍ കോണ്ടാക്ട് സമയത്തിനുശഷം വെള്ളം കൊണ്ട് കഴുകി തനിയെ ഉണങ്ങാന്‍ അനുവദിക്കണം. മരിച്ചയാള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, കിടക്കവിരികള്‍ ഇവ കത്തിച്ച് കളയേണ്ട ആവശ്യമില്ല.
കോവിഡു മൂലം മരിച്ച ആള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, കിടക്കവിരി, ചെരിപ്പ്, കണ്ണട, വാച്ച്, ഫോണ്‍ മറ്റ് വസ്തുക്കള്‍ എന്നിവ ഗ്ലൗസുകള്‍ ധരിച്ച് കൈകാര്യം ചെയ്യണം. ഇവ അവ നിര്‍മിക്കപ്പെട്ട വസ്തുക്കള്‍ക്കനുസരിച്ച് ഉചിതമായി അണുനാശം വരുത്തി ( സോപ്പ് ലായനി, ഡിറ്റര്‍ജെന്റുകള്‍, ബ്ലീച്ച് ലായനി എന്നിവ ഉപയോഗിക്കാം) ഉപയോഗിക്കുകയോ / ഓര്‍മക്ക് സൂക്ഷിച്ചുവെക്കുകയോ ചെയ്യാം.
കൂടുതല്‍ ആളുകള്‍ കൂടുന്ന മറ്റ് മരണാനന്തര ചടങ്ങുകള്‍ നീട്ടിവെച്ച് പിന്നീട് പാന്‍ഡെമിക്ക് അടങ്ങിയശേഷം നിയന്ത്രണങ്ങള്‍ കുറക്കുമ്പോള്‍ നടത്താം. ഇങ്ങനെ കോവിഡു മൂലം മരിച്ചവര്‍ക്ക് ഉചിതമായ വിടവാങ്ങലും മരണാനന്തര ശുശ്രൂഷകളും നടത്താം. അവരുടെ വീട്ടുകാരോടും ബന്ധുക്കളോടും അവഗണന അരുത്, അവരെ ഒരിക്കലും ഒറ്റപ്പെടുത്തി ‘പൊരിവയിലത്ത്' നിര്‍ത്തരുത്. കോവിഡ് ലോകമാകെ ബാധിച്ച പകര്‍ച്ച വ്യാധിയാണ്. അതിനുവേണ്ടത് മുന്‍കരുതലും തക്കതായ പ്രവര്‍ത്തനങ്ങളുമാണ്. സമൂഹത്തിന്റെ അതിജീവനത്തിന്, മരണം വിതക്കുന്ന രോഗത്തോടൊപ്പം നമ്മള്‍ ‘രംഗബോധമില്ലാത്ത കോമാളികളായി' മാറിപ്പോകാത്തിരിക്കാനും ശ്രമം വേണ്ടതുണ്ട്.
(കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രഫസറും യുനെസ്‌കോ ബയോ എത്തിക്‌സ് ചെയര്‍ ഹെഡുമാണ് ലേഖകന്‍)
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read