സ്‌കൂളിലും കോളെജിലും വേണം മനസിന്റെ ഡോക്ടർ

സ്വയം പിറുപിറുക്കുന്ന, അലഞ്ഞുതിരിഞ്ഞ് അക്രമാസക്തരായി നടക്കുന്ന, ഉന്മാദാവസ്ഥകൾ പ്രകടിപ്പിക്കുന്നവരെ ഭ്രാന്തരെന്നു സംശയലേശമെന്യേ നാം മുദ്ര കുത്തുന്നു. ഞാൻ അതിൽ ഉൾപ്പെടുന്നില്ലല്ലോ എന്ന് രഹസ്യമായി ആഹ്ലാദിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള മനസ്സുണ്ട് എന്ന് സ്വയം വിധിച്ച് അതില്ല എന്ന് നാം കരുതുന്നവരെ ഒറ്റപ്പെടുത്തുന്നു. സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും ഒന്നും ഇക്കാര്യത്തിൽ നമ്മെ സഹായിക്കുന്നില്ല.

"അവന്', അല്ലെങ്കിൽ അവൾക്ക് "വട്ടാ' എന്ന് നമുക്ക് മനസ്സിലാവാത്തവരെയും, മാറി ചിന്തിക്കുന്നവരെയും മുദ്ര കുത്തുന്ന നാടെന്ന നിലയിൽ കേരളത്തിലെ അഭ്യസ്തവിദ്യരടക്കമുള്ളവർ മാനസികാരോഗ്യത്തെപ്പറ്റി പുലർത്തുന്ന നിലപാടുകൾ വിചിത്രമാണ്. വട്ട്, ഭ്രാന്ത് എന്നിവ നമ്മെ സംബന്ധിച്ചു വളരെ ലഘുവായും പൊതുവായും ഉപയോഗിക്കുന്ന പദങ്ങളാണ്. ഉറക്കെ ചിരിച്ചാൽ പോലും ഊളൻപാറക്ക് കൊണ്ടു പോകണോ എന്ന് സാമാന്യവൽക്കരിക്കുന്ന സമൂഹത്തിന്റെ മനോവ്യാപാരങ്ങൾ മാനസികാരോഗ്യത്തിനോട് എപ്പോഴും പ്രതിലോമമായ നിലപാടുകളാണ് പുലർത്തുന്നത്. ഇത്തരം നിർബന്ധങ്ങൾക്കും, നിബന്ധനകൾക്കും വീട്, സമൂഹം, വിദ്യാലയം എന്ന വ്യത്യാസങ്ങളൊന്നുമില്ല. എന്ന് മാത്രമല്ല നമ്മെ സംബന്ധിച്ചു പുറമെ കാണുന്ന വസ്തുതകളെ മാത്രം മുൻനിർത്തിയാണ് ഒരാളുടെ മാനസികനിലയെ നാം അളക്കുന്നത്.

മാനസികാരോഗ്യം അല്ലെങ്കിൽ അതിന്റെ അഭാവം എന്നിവയെ സംബന്ധിച്ചു നിരവധി അബദ്ധ ധാരണകൾ വച്ചു പുലർത്തുന്ന സമൂഹമാണ് നമ്മുടേത്. സാഹിത്യത്തിലും സിനിമയിലുമെല്ലാം മാനസികപ്രശ്‌നങ്ങളുടെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന സ്വഭാവസവിശേഷതകൾ തന്നെയാണ് ഭൂരിഭാഗം ജനങ്ങൾക്കും ഒരാളുടെ മാനസിക ആരോഗ്യത്തിന്റെ അളവുകോൽ. സ്വയം പിറുപിറുക്കുന്ന, അലഞ്ഞുതിരിഞ്ഞ് അക്രമാസക്തരായി നടക്കുന്ന, ഉന്മാദാവസ്ഥകൾ പ്രകടിപ്പിക്കുന്നവരെ ഭ്രാന്തരെന്നു സംശയലേശമെന്യേ നാം മുദ്ര കുത്തുന്നു. ഞാൻ അതിൽ ഉൾപ്പെടുന്നില്ലല്ലോ എന്ന് രഹസ്യമായി ആഹ്ലാദിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള മനസ്സുണ്ട് എന്ന് സ്വയം വിധിച്ച് അതില്ല എന്ന് നാം കരുതുന്നവരെ ഒറ്റപ്പെടുത്തുന്നു. സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും ഒന്നും ഇക്കാര്യത്തിൽ നമ്മെ സഹായിക്കുന്നില്ല. ഇത്തരം വികട/വികല വീക്ഷണം ഉള്ളത് കൊണ്ടുതന്നെയാണ് കേരളസമൂഹത്തിൽ ആത്മഹത്യ ഏറുന്നത്.

ആരോഗ്യത്തിന്റെ സാമാന്യവൽക്കരിക്കപ്പെട്ട അളവുകോൽ കൊണ്ടാണ് നാം മറ്റുള്ളവരെ വീക്ഷിക്കുന്നത്. അപരനെ സൃഷ്ടിക്കുന്ന പലവിധങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. പൊതുവേ കറുപ്പ്/വെളുപ്പ്, ആരോഗ്യം/രോഗം എന്നിങ്ങനെ പലവിധ ദ്വന്ദ്വങ്ങളിൽ അഭിരമിക്കുന്ന സമൂഹത്തിൽ ഇടക്കുള്ള "ഗ്രേ സ്‌പേസ് ' പൊതുവെ അപ്രസക്തമാണ്; സത്യം മറിച്ചാണെങ്കിലും. അബദ്ധ ധാരണകളിലൂന്നി ബൈനറിക്ക് അപ്പുറം നിൽക്കുന്നവനെ സമൂഹത്തിൽ അന്യവൽക്കരിക്കുന്നത് കൊണ്ടാണ് മാനസിക പ്രശ്‌നങ്ങൾ പൊതുവെ നാം രഹസ്യമായി സൂക്ഷിക്കുകയോ, യഥാസമയം ചികിത്സ നൽകാതിരിക്കുകയോ ചെയ്യുന്നത്.

Photo : Unsplash

കാലൊടിയുമ്പോഴോ കൈയോടിയുമ്പോഴോ ചികിത്സിക്കുന്നത് പോലെ തന്നെയാണ് മനസ്സിന്റെ പ്രയാസങ്ങളെ നാം അഭിസംബോധന ചെയ്യേണ്ടത് എന്നതും അത്യാവശ്യം വേണ്ട സാമൂഹ്യപാഠമാണ്. മൂക്ക് വിയർക്കുമ്പോൾ ആശുപത്രിയിൽ പോകുന്ന ഒരു സമൂഹമാണ് മനസ്സ് തകരുമ്പോൾ "എല്ലാം ശരിയാവും' എന്ന വെറും പറച്ചിലിൽ സംഘർഷങ്ങൾ ഒതുക്കുന്നത്. സൻമനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിൽ കാർത്തികയുടെ കഥാപാത്രത്തിന്റെ ഒരു പൂർവകാല മാനസിക ചികിത്സ വിവാഹം നടക്കാതിരിക്കാനുള്ള കാരണമായി പറഞ്ഞു ചികിൽസിച്ച ഡോക്ടർ തന്നെ മുടക്കുന്ന സന്ദർഭം ഓർമ്മയിൽ വരുന്നു. കാലമേറെ കഴിഞ്ഞിട്ടും ഇന്നും അത്തരം അപക്വ ധാരണകളെ തന്നെയാണ് നാം മുറുകെ പിടിക്കുന്നത്. ഒരു സൈക്യാട്രിസ്റ്റിനെ കാണുക അല്ലെങ്കിൽ ഒരു തെറാപ്പി സെഷൻ ക്രമീകരിക്കുക എന്നത് ബാങ്ക് കൊള്ളയടിക്കുന്നത് പോലെ ഒളിച്ചു ചെയ്യേണ്ടിവരുന്നത് ഈ പ്രബുദ്ധ കേരളത്തിന് വളരെ അപമാനകരമാണ്.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ/കലാലയങ്ങളിൽ അവശ്യം വേണ്ട ഒന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ സേവനം. എല്ലാ വിഷയങ്ങൾക്കും ട്യൂഷൻ ഏർപ്പെടുത്തുന്ന മാതാപിതാക്കളും കുതിരസവാരി മുതൽ അമ്പെയ്ത് വരെ എല്ലാ പ്രവർത്തനങ്ങളും ക്രമീകരിക്കുന്ന സ്‌കൂളുകളും/കോളേജുകളും വരെ മാനസികാരോഗ്യം എന്ന ഏറ്റവും പ്രധാനമായ വിഷയത്തെ അവഗണിക്കുന്നു. വിശാലമായ കളിസ്ഥലങ്ങളും മറ്റു ശാരീരിക വ്യായാമങ്ങൾക്കും ഇടങ്ങൾ ഉണ്ടെങ്കിൽ "ആരോഗ്യമുള്ള മനസ്സിൽ ആരോഗ്യമുള്ള ശരീരം ഉണ്ടെന്ന്' ലളിതവൽക്കരിക്കുന്നു. കൗൺസിലിങ് സേവനങ്ങൾ എങ്കിലും ഏർപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെ കുറവാണ്. എന്നുമാത്രമല്ല, ആരെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൽ ചില സഹപാഠികളും അധ്യാപകരും നോട്ടങ്ങളുടെ കുന്തമുനകളിൽ അവരെ കുരുക്കും എന്നുള്ളതുകൊണ്ടു അത് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും കുറവാണ്.

ആരോഗ്യമുള്ള ശരീരങ്ങളിലെല്ലാം ആരോഗ്യമുള്ള മനസ്സുകൾ ഉണ്ടാകണമെന്നില്ല. അനുഭവങ്ങൾ, ഹോർമോണുകൾ, പേടികൾ, ചിലതരം ബോധങ്ങൾ, ചില സന്ദർഭങ്ങൾ എന്നിവയെല്ലാം ശരീരത്തേയെന്നപോലെ മനസ്സിനെ ദുർബലമാക്കിയേക്കാം. അത് അഡ്രസ് ചെയ്യപ്പെടാതെ പോകുമ്പോഴാണ് സ്ഥിതി കൂടുതൽ ഗുരുതരമാകുന്നത്. ശാരീരികവും മാനസികവുമായ എല്ലാ ദുർബലതകളും അങ്ങനെയാണ്. അത് ആരുടെയും കുറ്റമോ കുറവോ അല്ല എന്ന് മനസ്സിലാക്കണം. അത് ഒരു അവസ്ഥ മാത്രമാണ്. ഇത്തരം ആകുലതകളെ തുറന്നു സമീപിക്കാനുള്ള ഇടം കേരള സമൂഹത്തിൽ അത്യാവശ്യമാണ്. ഉള്ളുരുക്കം കുറക്കാൻ ഇത്തരം തുറസുകൾക്ക് കഴിയും. മാനസികരോഗത്തെ പറ്റിയുള്ള കാലഹരണപ്പെട്ട ധാരണകൾ നീക്കി മാനസിക ആരോഗ്യം എല്ലാവർക്കും എന്ന രീതിയിൽ ചിന്തിക്കുമ്പോൾ, അത് നേടുന്നതിനു ആവശ്യമായ രീതിയിൽ സമൂഹം പാകമാകുന്നില്ലെങ്കിൽ ആ സമൂഹത്തിന്റെ മാനസികാരോഗ്യത്തിന്റെ അളവുകോലാണ് പുനർനിർവചിക്കേണ്ടി വരുന്നത്. ആരോഗ്യമില്ലാത്ത സമൂഹത്തിലെ വ്യക്തികളെന്തു പിഴച്ചു?

Comments