പേടിക്കാതെ എഴുതാം കുട്ടികളേ കോവിഡുകാല പരീക്ഷ

‘‘പരീക്ഷ മാറ്റിവെക്കുക എന്നത് എളുപ്പമാണ്. ഈ വർഷം പരീക്ഷകൾ വേണ്ട എന്നു തീരുമാനിച്ചാൽ സർക്കാറിന് പിന്നെ തലവേദന ഒന്നുമില്ല. എന്നാൽ ഈ ആപത്‌സന്ധിയിലും പഠനവും പരീക്ഷയും മുടങ്ങാതെ നോക്കുക എന്നത് എളുപ്പമല്ല- സംസ്​ഥാനത്ത്​ പൊതുപരീക്ഷ നടത്താനുള്ള സർക്കാർ നടപടി വ്യാപക വിമർശനത്തിനിടയാക്കിയ സാഹചര്യത്തിൽ, സിലബസിനെയും പരീക്ഷാനടപടികളെയും കുറിച്ച്​ സർക്കാർ പക്ഷത്തുനിന്ന്​ വിശദീകരിക്കുകയാണ്​ കരിക്കുലം സ്​റ്റിയറിങ്​ കമ്മിറ്റി അംഗമായ ലേഖകൻ

ത്തുമാസമായി അടച്ചിട്ട സ്‌കൂളുകൾ ഭാഗികമായി തുറന്നിരിക്കുന്നു. പത്തിലേയും പന്ത്രണ്ടിലേയും പൊതുപരീക്ഷകൾ എഴുതേണ്ട കുട്ടികളാണ് സ്‌കൂളിലെത്തിയിരിക്കുന്നത്. വിക്‌ടേഴ്‌സ് ചാനൽ വഴി നടന്നു വരുന്ന ‘ഫസ്റ്റ് ബെൽ' ക്ലാസ്സുകളിൽ നിന്ന് പഠിച്ച കാര്യങ്ങൾ ഒന്നു കൂടി ഉറപ്പിക്കുവാനും സംശയദൂരീകരണത്തിനുമാണ് കുട്ടികളെ സ്‌കൂളിലേക്ക് വരുത്തുന്നത്. കോവിഡ് ഭീതി പൂർണമായും ഒഴിഞ്ഞ സാഹചര്യമല്ലെങ്കിലും കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള ‘റിസ്‌ക്' സർക്കാർ ഏറ്റെടുത്തിരിക്കുന്നു. ആരോഗ്യ വകുപ്പിന്റെയും മറ്റ് വിദഗ്ധരുടെയും മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ് സ്‌കൂളിൽ വരാൻ അനുമതി നൽകിയിരിക്കുന്നത്. സ്‌കൂളിൽ വരുന്ന കുട്ടികൾ രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുമുണ്ട്.

പത്ത് മാസമായി വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിടന്നിരുന്ന കുട്ടികൾ സ്‌കൂളിലേക്ക് വരുന്നതിൽ സന്തോഷിക്കുന്നവരാണ്. ഒന്നിച്ചിരിക്കാനും കൂട്ടുകൂടാനും ഭക്ഷണം പങ്കുവെച്ച് കഴിക്കാനും കഴിയില്ലെങ്കിലും വീട്ടിൽനിന്ന് പുറത്തിറങ്ങാനാവുന്നതിന്റെ സന്തോഷം അവർക്കുണ്ട്. അധ്യാപക പക്ഷത്തുനിന്നുള്ള പൊതുവികാരവും ഏതാണ്ട്് സമാനമാണ്. സ്‌കൂളിൽ വരാനും കുട്ടികളെ കാണാനും അവരെ നേരിട്ട് പഠിപ്പിക്കാനും വീണ്ടും അവസരം കിട്ടിയതിൽ സന്തുഷ്ടരാണവർ.
ലോക്ഡൗണും രോഗഭീതിയും സൃഷ്ടിച്ച മാനസികാഘാതം പേറുന്ന കുട്ടികളും കൂട്ടത്തിലുണ്ടാവും എന്നു മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. സ്‌കൂളിനോടും പഠനത്തോടുമൊക്കെ ഒരുതരം വിരക്തിയോ അകൽച്ചയോ ബാധിച്ച കുട്ടികൾ പോലുമുണ്ടാവാം. ഓൺലൈൻ ക്ലാസ്സുകൾ വേണ്ടത്ര ശ്രദ്ധിക്കാത്തവരും അസൗകര്യങ്ങൾ കാരണം കാണാൻ കഴിയാതെ പോയവരും കൂട്ടത്തിലൂണ്ടാവാം. എണ്ണത്തിൽ കുറവാണെങ്കിലും ഇവരെക്കൂടി അഭിസംബോധന ചെയ്യാതെ പരീക്ഷയുമായി മുമ്പോട്ട് പോകുന്നത് ശരിയല്ല എന്നതിൽ തർക്കമില്ല.

മാർച്ചിലെ പൊതുപരീക്ഷകൾ

ജനുവരി 30 നകം ചാനൽ ക്ലാസുകൾ പൂർത്തിയാക്കാനും മാർച്ച് 17 മുതൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ നടത്താനുമാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഓൺലൈൻ ക്ലാസ്സുകൾ ഉണ്ടാക്കിയ പഠനവിടവുകൾ രണ്ടര മാസത്തെ മുഖാമുഖ ക്ലാസ്സുകളിലൂടെ നികത്താനാവുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ഒരു പകർച്ചവ്യാധിക്ക് മുമ്പിൽ നിശ്ചലപ്പെട്ട് പോകേണ്ടതല്ല സ്‌കൂൾ വിദ്യാഭ്യാസമെന്ന തിരിച്ചറിവും ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തിൽ നിന്ന് ഒരു വർഷം വെറുതെ നഷ്ടപ്പെട്ട് പോവരുതെന്ന ഉറച്ച ബോധ്യവുമാവണം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് സർക്കാറിനെ എത്തിച്ചത്.

ആരോട് ചർച്ച ചെയ്തിട്ടാണ് പരീക്ഷ നടത്താൻ തീരുമാനിച്ചത് എന്ന പ്രകോപനപരമായ ചോദ്യങ്ങൾ മുതൽ കുട്ടികളെ പരീക്ഷാസമ്മർദ്ദങ്ങളിലേക്ക് തള്ളിയിടുന്നതിന്റെ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിക്കുന്ന ലേഖനങ്ങൾ വരെ വന്നു കഴിഞ്ഞിട്ടുണ്ട്. ‘ഫസ്റ്റ് ബെൽ' സംപ്രേഷണങ്ങൾ സ്‌കൂൾ ക്ലാസുകൾക്ക് പകരമല്ല എന്നാണ് പറഞ്ഞിരുന്നത് എന്നും ഇപ്പോൾ ആ ക്ലാസുകളെ അടിസ്ഥാനമാക്കി പരീക്ഷ നടത്തുന്നത് കുട്ടികളോടുള്ള വഞ്ചനയാണെന്നുമാണ് പ്രധാന വിമർശനം. ഓൺലൈൻ ക്ലാസുകൾ അറ്റന്റ് ചെയ്യുന്നതിലും പഠിക്കുന്നതിലും പിന്നാക്കം പോയ കുട്ടികൾക്ക് പരീക്ഷ പ്രയാസമകരമാവും എന്ന വാദവും ചിലർ ഉയർത്തുന്നുണ്ട്. നാലോ അഞ്ചോ മാസത്തെ മുഖാമുഖ ക്ലാസുകൾക്കുശേഷം മേയിലോ ജൂണിലോ പരീക്ഷ നടത്തിയാൽ പോരെ എന്ന ചോദ്യമുയരുന്നുണ്ട്. മാർച്ചിൽ തന്നെ പരീക്ഷ നടത്തണമെന്നാണെങ്കിൽ സിലബസിന്റെ പകുതിയെങ്കിലും വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

നിർദ്ദേശങ്ങളായും വിമർശനങ്ങളായും വന്ന ഒട്ടേറെ കാര്യങ്ങളിൽ മറുപടി അർഹിക്കുന്നവ എന്നു തോന്നിയ കാര്യങ്ങളാണ് മുകളിൽ എഴുതിയിട്ടുള്ളത്. ജൂണിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ കുട്ടികൾക്ക് കൊടുത്ത വാഗ്ദാനം സർക്കാർ നിർവഹിക്കുന്നില്ല എന്നതാണല്ലോ ആരോപണത്തിന്റെ കാതൽ. ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമാണ് സ്‌കൂൾ ലോക്ക്ഡൗൺ നിലനിൽക്കുക എന്നും ആഗസ്റ്റിലോ സെപ്റ്റംബറിലോ പഴയ പോലെയുള്ള ക്ലാസുകൾ തുടങ്ങാൻ സാധിക്കുമെന്നുമായിരുന്നു സർക്കാർ മാത്രമല്ല എല്ലാവരും അന്ന് കരുതിയിരുന്നത്.

എന്നാൽ എല്ലാ കണക്കുകൂട്ടലുകളേയും തകിടം മറിച്ചാണ് കൊറോണ വൈറസ് താണ്ഡവമാടിയത്. അപ്രതീക്ഷിതമായി നീണ്ടുപോയ ലോക്ഡൗണിനൊടുവിൽ ഇപ്പോൾ കിട്ടിയ ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കുന്നത് എങ്ങനെയാണ് കുട്ടികളോടു ചെയ്യുന്ന വഞ്ചനയാവുക. എല്ലാ മുൻകരുതലും സ്വീകരിച്ച് കുട്ടികളെ സ്‌കൂളിൽ എത്തിക്കുകയും രണ്ടരമാസത്തെ റിവിഷൻ ക്ലാസുകൾക്ക് ശേഷം പരീക്ഷ എഴുതാൻ അവസരം കൊടുക്കുകയും ചെയ്തതിലൂടെ കുട്ടികളോടുളള പ്രതിബദ്ധയാണ് സർക്കാർ തെളിയിച്ചിരിക്കുന്നത്.

കൂടുതൽ ചോദ്യങ്ങൾ, തെരഞ്ഞെടുക്കാൻ അവസരം

പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻകാല ചോദ്യപേപ്പറിൽ നിന്ന് വ്യത്യസ്തമായി ചോദ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും എന്നതാണ് ഇത്തവണത്തെ മുഖ്യമായ സവിശേഷത. എല്ലാ ചോദ്യങ്ങളും ഉത്തരങ്ങൾ എഴുതുന്നതിനു വേണ്ടിയല്ല, മറിച്ച് അവർക്ക് അഭിരുചിയുള്ള പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ മാത്രം തെരെഞ്ഞെടുത്ത് എഴുതുന്നതിനുവേണ്ടിയാണ് ഇങ്ങിനെയൊരു മാറ്റം വരുത്തിയിട്ടുള്ളത്.

പരീക്ഷയിൽ തോറ്റുപോകുമെന്നോ മാർക്ക് കുറയുമെന്നോ ഉള്ള ഭയം കുട്ടികൾക്കുണ്ടാവാതിരിക്കാൻ വേണ്ടിയാണ് ചോദ്യപേപ്പർ ഈ രീതിയിൽ പരിഷ്‌കരിക്കുന്നത്. ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കുന്നതിനുളള ‘കൂൾ ഓഫ് ടൈം' വർദ്ധിപ്പിക്കാനുള്ള തീരുമാനവും പരീക്ഷാർത്ഥികൾക്ക് സഹായകരമാണ്. തിയറി പരീക്ഷകൾക്കുശേഷം മതിയായ സമയം അനുവദിച്ച് മാത്രമേ പ്രാക്ടിക്കൽ പരീക്ഷ നടത്തൂ എന്നും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ നടന്ന ഓൺലൈൻ ക്ലാസുകൾ കൃത്യമായി അറ്റന്റ് ചെയ്യാൻ കഴിയാതെ പോയവർക്ക് സ്‌കൂളിൽ വെച്ച് ക്ലാസ് കാണിച്ച് കൊടുക്കണമെന്നും നിർദ്ദേശമുണ്ട്. ചുരുക്കത്തിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരും പരീക്ഷയെ ഭയപ്പെടേണ്ടതില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇക്കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന, വിദ്യാഭ്യാസ മന്ത്രി തന്നെ കുട്ടികളോട് നേരിട്ട് സംസാരിക്കുന്ന മൂന്ന് വീഡിയോകൾ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികളിൽ മാനസികോർജ്ജം ഉറപ്പാക്കുംവിധം കൗൺസിലിംഗിനുളള സംവിധാനവും സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്.

മുഴുവൻ സിലബസും, ചോയ്‌സോടെ

പരീക്ഷകൾ നീട്ടിവെക്കുന്നതിലും ഒട്ടേറെ പ്രയാസങ്ങളുണ്ട്. ഏപ്രിൽ, മെയ് മാസങ്ങൾ പൊതുപരീക്ഷകൾക്ക് പറ്റിയ കാലമല്ല എന്നതാണ് കേരളത്തിലെ യാഥാർത്ഥ്യം. കൊടിയ വേനലും ജലദൗർലഭ്യവും ഏപ്രിലിൽ സാധാരണയാണ്. മെയ് മാസവും ഇതേ അവസ്ഥ തുടർന്നേക്കാം. കാലവർഷം നേരത്തെ എത്തുകയാണെങ്കിൽ പേമാരിയും വെള്ളപ്പൊക്കവും വരെ ആ സമയത്ത് ഉണ്ടായേക്കാം. നിയമസഭാ തെരെഞ്ഞെടുപ്പ് വരുന്നതും ഏപ്രിലിലാണ്. ഇങ്ങനെ ഒരു കൊല്ലമേ ഇല്ലായിരുന്നു എന്ന മട്ടിൽ സീറോ അക്കാദമിക്​ ഇയർ ആയി പ്രഖ്യാപിക്കുകയോ പഠനമോ പരീക്ഷയോ ഇല്ലാതെ ഓൾ പ്രമോഷൻ നൽകുകയോ ചെയ്യുന്ന നിവൃത്തികേടിലാണ്​ ലോകത്തെ പല രാജ്യങ്ങളും ഇന്ത്യയിലെ പല സംസ്​ഥാനങ്ങളും എത്തിനിൽക്കുന്നത്​ എന്നുകൂടി ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്​.

പരീക്ഷകൾക്കുശേഷം ഒരു മാസം വരെ നീണ്ടുനിൽക്കുന്ന മൂല്യനിർണയ ക്യാമ്പുകളും മുന്നിൽ കാണേണ്ടതുണ്ട്. ചുരുക്കത്തിൽ പരീക്ഷകൾ നീട്ടിവെക്കാമെന്ന് എളുപ്പത്തിൽ പറയാമെങ്കിലും അതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതം പ്രതീക്ഷിക്കുന്നതിലും ഗുരുതരമായെന്ന് വരും. കേരളത്തിനു പുറത്ത് പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു വർഷം നഷ്ടപ്പെട്ടേക്കാം. പ്രവേശന നടപടികൾ നീട്ടിവെച്ച് കേരളത്തിലെ തുടർപഠനങ്ങൾക്ക് അവസരം കൊടുക്കാൻ കഴിയുമെങ്കിലും അടുത്ത അധ്യയനവർഷത്തെ കൂടി സാരമായി പരിക്കേൽപ്പിക്കുന്ന നടപടിയായി അത് മാറിയെന്നുവരും.

സ്‌കൂളുകൾ തുറക്കാൻ കഴിയാതെ വന്ന ഉടനെ സി.ബി.എസ്.ഇ സ്‌കൂളുകളിൽ പാഠഭാഗങ്ങൾ വെട്ടിക്കുറച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം തുടക്കത്തിൽ കേരളം തള്ളിക്കളഞ്ഞതാണ്. ഒരു ക്ലാസിൽ ഒരു വർഷത്തേക്കുള്ള പാഠഭാഗങ്ങൾ (സിലബസ്) തീരുമാനിക്കപ്പെടുന്നത് ശാസ്ത്രീയമായിട്ടാണെന്നും അതിൽ ചിലത് പഠിക്കേതില്ല എന്ന് തീരുമാനിക്കുന്നത് അസംബന്ധമാണെന്നുള്ള നിലപാടാണ് കേരളം കൈക്കൊണ്ടത്. ഏതെങ്കിലും ഒരു വിവരം അല്ലെങ്കിൽ അറിവിന്റെ ഒരു തലം ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കപ്പെടുന്ന സാഹചര്യം ഒരു പക്ഷെ ഉണ്ടായെന്നുവരാം. അല്ലെങ്കിൽ ഇങ്ങനെ ഒഴിവാക്കപ്പെടുന്ന ഒരു പാഠഭാഗം ഉയർന്ന ക്ലാസുകളിൽ തുടർന്ന് പഠിക്കേണ്ടി വരുന്ന വിഷയത്തിന്റെ അടിസ്ഥാന ഭാഗങ്ങളാവാം എന്നത് വലിയ അക്കാദമിക നഷ്ടമാണുണ്ടാക്കുക. ആയതിനാൽ കുട്ടികൾ മുഴുവൻ സിലബസിലൂടെയും കടന്നുപോകട്ടെ എന്നും അവരുടെ അഭിരുചിക്കനുസരിച്ച് പരീക്ഷ എഴുതാൻ കഴിയും വിധം ചോയ്സുകൾ കൊടുക്കാമെന്നുമാണ് നമ്മൾ തീരുമാനിച്ചിട്ടുള്ളത്.

ഓരോ അധ്യായത്തിലേയും ശ്രദ്ധിച്ച് പഠിക്കേണ്ട ഭാഗങ്ങൾ ‘ഫോക്കസ് പോയിന്റുകൾ' എന്ന പേരിൽ പ്രത്യേകം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനാൽ പഠിക്കാനുള്ള സമയക്കുറവും പ്രശ്‌നമാവില്ല. ഭയപ്പെടുത്തുന്ന പരമ്പരാഗത പരീക്ഷാരീതികൾ ഉപേക്ഷിച്ച് ശിശുസൗഹൃദ മൂല്യനിർണയ പദ്ധതികളിലേക്ക് നേരത്തെ തന്നെ നാം മാറിക്കഴിഞ്ഞതുമാണ്.

വർഷം നഷ്ടമാകാതിരിക്കാൻ...

ഓരോ പാഠത്തിൽ നിന്നും പ്രതീക്ഷിക്കുന്ന പഠനനേട്ടങ്ങൾ എന്തൊക്കെയാണ്, അതുറപ്പാക്കുംവിധം ക്ലാസ്സുകളെടുക്കാൻ എത്ര സമയം വേണം, അതു പൂർത്തിയായിക്കഴിഞ്ഞല്ലേ പരീക്ഷകൾ നടത്തേണ്ടത് മുതലായ ചോദ്യങ്ങൾക്ക് ഈ സവിശേഷസാഹചര്യത്തിൽ യാതൊരു പ്രസക്തിയുമില്ല. അസാധാരണമായ ഒരു കാലത്ത് അസാധാരണമായ തീരുമാനങ്ങൾ എടുക്കുന്നതാണ് ധീരതയും ഔചിത്യവും. പരീക്ഷകൾ മാറ്റിവെക്കുക എന്നത് എളുപ്പമാണ്. ഈ വർഷം പരീക്ഷകൾ വേണ്ട എന്നു തീരുമാനിച്ചാൽ സർക്കാറിന് പിന്നെ തലവേദന ഒന്നുമില്ല. എന്നാൽ ഈ ആപത്‌സന്ധിയിലും പഠനവും പരീക്ഷയും മുടങ്ങാതെ നോക്കുക എന്നത് എളുപ്പമല്ല. കുട്ടികളുടെ വിലയേറിയ ഒരു വർഷം നഷ്ടപ്പെടാതിരിക്കാനുള്ള ധീരമായ തീരുമാനമാണത്. ഒറ്റക്കെട്ടായി നിന്ന് കേരളം രചിച്ച വിജയ ചരിതങ്ങളിൽ കോവിഡ് കാല പരീക്ഷകളും എഴുതപ്പെടാൻ പോകുകയാണ്.

Comments