എന്തുകൊണ്ട് ജി.എൻ. രാമചന്ദ്രൻ ?

‘‘രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്ക്‌നോളജിയുടെ പുതിയ കാമ്പസിന് ജി.എൻ രാമചന്ദ്രന്റെ പേരുനൽകി വളരെ വൈകിയാണെങ്കിലും അദ്ദേഹത്തെ ആദരിക്കാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്’’- തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരിക്കുകയണ്​. വിഷയത്തിൽ നിലപാട്​ വ്യക്​തമാക്കുകയാണ്​ ലേഖകൻ

കേരളം അർഹമായ അംഗീകാരം നൽകാതെ പോയ ഭാരതം കണ്ട ശാസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു ഡോ. ജി.എൻ രാമചന്ദ്രൻ. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്ക്‌നോളജിയുടെ പുതിയ കാമ്പസിന് ജി.എൻ രാമചന്ദ്രന്റെ പേരുനൽകി വളരെ വൈകിയാണെങ്കിലും അദ്ദേഹത്തെ ആദരിക്കാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.

ജി.എൻ.ആർ എന്നും റാമെന്നും സുഹൃത്തുക്കൾ വിളിച്ചിരുന്ന ഗോപാലസുന്ദരം നാരായണ അയ്യർ രാമചന്ദ്രൻ 1922 ൽ എറണാകുളത്താണ് ജനിച്ചത്. തന്റെ പിതാവായ ജി.നാരായണ അയ്യർ പ്രിൻസിപ്പലായിരുന്ന മഹാരാജാസ് കോളേജിലാണ് ജി.എൻ. ആർ പഠിച്ചത്. തിരുച്ചിയിലെ സെന്റ് ജോസഫ് കോളേജിൽ നിന്ന്​ ഭൗതികത്തിൽ ബി.എസ്.സി (ഓണേഴ്സ് ) ബിരുദം ഒന്നാം റാങ്കിൽ നേടിയ രാമചന്ദ്രൻ ബാംഗ്ലൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഉപരിപഠനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അന്നവിടെ പ്രൊഫസറായിരുന്ന സി.വി. രാമന്റെ ശിഷ്യത്വം സ്വീകരിച്ച് ഭൗതികശാസ്ത്ര ഗവേഷണത്തിലേക്ക് തിരിയുകയായിരുന്നു.

എക്‌സറെ ഡിഫ്രാക്ഷൻ, ക്രിസ്റ്റലോഗ്രാഫി എന്നീ ശാസ്ത്ര ശാഖകളിലെ സംഭാവനകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് 1947 ൽ ഡി.എസ്.സി ബിരുദം ലഭിച്ചു. പിന്നീട് ബ്രിട്ടനിലെ കവൻഡിഷ് ലാബോറട്ടറിയിൽ നിന്ന്​പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന ഡബ്ലിയു. എ. വൂസ്റ്ററിന്റെ കീഴിൽ 1949 ൽ പി.എച്ച്.ഡി ബിരുദം നേടി. രാമചന്ദ്രനെ വളരെയധികം സ്വാധീനിച്ച ഇരട്ട നോബൽ സമ്മാന ജേതാവ് ലിനസ് പോളിങിനെ ബ്രിട്ടനിൽ വച്ച് അദ്ദേഹം പരിചയപ്പെട്ടു.

തിരികെ നാട്ടിലെത്തിയ ജി.എൻ.ആർ അന്നത്തെ മദ്രാസ് സർവകലാശാല വൈസ് ചാൻസലറായിരുന്ന എ. ലക്ഷ്മണ സ്വാമി മുതലിയാരുടെ ക്ഷണം സ്വീകരിച്ച് മദ്രാസ്​ സർവകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി. രാമചന്ദ്രന്റെ മേൽനോട്ടത്തിലാണ് മദ്രാസ് സർവകലാശാലയിൽ എക്‌സ് റേ ക്രിസ്റ്റലോഗ്രാഫി ലാബറട്ടറി തുടങ്ങിയത്. അക്കാലത്ത് സർവകലാശാല സന്ദർശിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞനും ശാസ്ത്രചരിത്രകാരനുമായിരുന്ന ജെ.ഡി. ബർനലിന്റെ സ്വാധീനത്തിലാണ് ജൈവ സാങ്കേതിക ഗവേഷണത്തിലേക്ക് ശ്രദ്ധതിരിച്ചത്.

തന്റെ സഹപ്രവർത്തകനും മലയാളിയുമായ ഗോപിനാഥ കർത്ത (1927-84) യുമായി ചേർന്ന് നടത്തിയ ഗവേഷണങ്ങളെ തുടർന്ന് മൂന്ന് സമാന്തര പോളിപെപ്‌റ്റൈഡ് ശൃംഖലകൾ ചേർന്നതാണ് കൊളാജന്റെ ഘടന എന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരുകയും ട്രിപ്പിൽ ഹെലിക്‌സ് സിദ്ധാന്തം ആവിഷക്കരിക്കയും ചെയ്തു. ജെയിംസ് വാട്ട്‌സണും ഫ്രാൻസിസ് ക്രിക്കും കണ്ടെത്തിയ ഡി.എൻ.എ യുടെ ഘടന സംബന്ധിച്ച ഡബിൽ ഹെലിക്‌സ് സിദ്ധാന്തത്തെ പറ്റിയുള്ള ശാസ്ത്ര ലേഖനം പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത വർഷം 1954 ൽ രാമചന്ദ്രനും കർത്തായും ചേർന്നെഴുതിയ കൊളാജന്റെ ട്രിപ്പിൽ ഹെൽക്‌സ് ഘടനയെ സംബന്ധിച്ച ലേഖനം നേച്ചർ മാസിക പ്രസിദ്ധീകരിച്ചു.

1970 മുതൽ അദ്ദേഹം ഒരു വർഷത്തോളം ചിക്കാഗോ സർവകലാശാലയിലെ ബയോഫിസിക്‌സ് ഡിപ്പർട്ട്‌മെന്റിൽ ഗവേഷണം നടത്തി. തിരികെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എത്തിയ രാമചന്ദ്രൻ 1971 അവിടെ ആരംഭിച്ച മോളിക്കുലാർ ബയോഫിസിക്‌സ് കേന്ദ്രമാണ് രാജ്യത്ത് ആദ്യമായി തുടങ്ങിയ അന്തർവൈജ്ഞാനിക ഗവേഷണ കേന്ദ്രം. 1978 ൽ ഔപചാരിക ഗവേഷണ ചുമതലകളിൽ നിന്നൊഴിഞ്ഞ ശേഷം അദ്ദേഹം മാത്തമാറ്റിക്കൽ ഫിലോസഫി പ്രൊഫസറായി 1989 വരെ സേവനമനുഷ്ടിച്ചു.

പെപ്‌റ്റൈഡിന്റെ ഘടന വിവരിക്കുന്ന രാമചന്ദ്രൻ പ്ലോട്ട്​ (Ramachandran Plot) സി. വി. രാമന്റെ പ്രസിദ്ധമായ രാമൻ ഇഫക്ട് (Raman Effect) പോലെ ശാസ്ത്രലോകം വിലമതിച്ചിരുന്നു. എക്സ്റേ ക്രിസ്റ്റലോഗ്രാഫിക്ക് പുറമേ പോളി പെപ്‌റ്റൈഡ് സ്റ്റിരീയോ കെമിസ്ട്രി, ടോമോഗ്രാഫി, ബയോഫിസിക്‌സ് തുടങ്ങി നിരവധി നവീന ബഹുവൈജ്ഞാനിക ശാസ്ത്രശാഖകളിൽ മൗലിക സംഭാവന നൽകിയ ജി.എൻ.ആർ നോബൽ സമ്മാനർഹനായിരുന്നുവെന്ന് ശാസ്ത്രലോകം വിലയിരിത്തിയിട്ടൂണ്ട്. ടോമോഗ്രാഫി സാങ്കേതിക വിദ്യയിൽ ജി.എൻ.ആർ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വൈദ്യശാസ്ത്രത്തിൽ പിൽക്കാലത്ത് വലിയ കുതിച്ച് ചാട്ടത്തിന് കാരണമായ സി. റ്റി സ്‌കാനും എം. ആർ. ഐ സ്‌കാനും രൂപകല്പന ചെയ്യപ്പെട്ടത്. ബയോളജിയിൽ അദ്ദേഹം നൽകിയ സംഭാവകൾ പരിഗണിച്ച് ആധുനിക ജൈവസാങ്കേതിക വിദ്യയുടെ പിതാവായാണ് ജി.എൻ.ആർ അറിയപ്പെടുന്നത്. അതുപോലെ ടോമോഗ്രാഫി യിൽ ജി.എൻ.ആർ നൽകിയ സംഭാവനകൾ പരിഗണിച്ച് ആധുനിക വൈദ്യശാസ്ത്ര പ്രതിച്​ഛായ സാങ്കേതിക വിദ്യയുടെ (Modern Medical Imaging Technology) പിതാവായും അദ്ദേഹം അറിയപ്പെടുന്നു.

നോബൽ സമ്മാനം കൈവിട്ടുപോയെങ്കിലും ശാസ്ത്രലോകത്തെ നിരവധി പൂരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1972 ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി രാമനുജൻ പുരസ്‌കാരം നൽകി അദ്ദേഹത്തെ ബഹുമാനിച്ചു. ക്രിസ്റ്റലോഗ്രാഫിയിലുള്ള അദ്ദേഹത്തിന്റെ സംഭാവന കണക്കിലെടുത്ത് ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രാഫി 1999 ൽ അഞ്ചാമത് ഇവാൽഡ് പ്രൈസ് അദ്ദേഹത്തിന് നൽകി. 1989 മുതൽ പാർക്കിൻസൻ രോഗബാധിതരാനായിരുന്ന് ആ മഹാപ്രതിഭ 2001 ഏപ്രിൽ 7 ന് നിര്യാതനായി.

കേരള സയൻസ് കോൺഗ്രസ്സിൽ നടക്കുന്ന ജി.എൻ. രാമചന്ദ്രൻ പ്രഭാഷണം മാത്രമാണ് മലയാള മണ്ണിൽ പിറന്ന മഹാനായ ശാസ്ത്രജ്ഞന് കേരളം നൽകിവരുന്ന എക ആദരം. അതേയവസരത്തിൽ ഡൽഹിയിലെ പ്രസിദ്ധമായ ജീനോമിംക് സ് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ, ജി എൻ രാമചന്ദ്രൻ നോളജ് സെന്റർ ഫോർ ജീനോം ഇൻഫർമാറ്റിക്ക്‌സ് എന്ന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

Comments