വരാനിരിക്കുന്ന കോവിഡ് വാക്‌സിനെക്കുറിച്ച് ചില സംശയങ്ങൾ, ചോദ്യങ്ങൾ

കോവിഡ് വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനം ഫലപ്രദമാണെന്ന യു.എസ് ഔഷധനിർമാണ കമ്പനിയായ ഫൈസറുടെ പ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ, വാക്‌സിൻ ഗവേഷണത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും വിശകലനം ചെയ്യപ്പെടുന്നു. ഇപ്പോൾ പരീക്ഷണഘട്ടത്തിലുള്ള വാക്‌സിനുകൾ വിപണിയിലെത്തുന്നതിനു മുമ്പും ശേഷവും ശാസ്ത്രസമൂഹവും ബയോ എത്തിക്‌സ് മേഖലയും പരിഗണിക്കേണ്ട അതിപ്രധാനമായ ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ലേഖകൻ. വിപണിയിൽ ആദ്യമായി എത്തുന്ന വാക്‌സിനുകൾ നൽകുന്ന പകുതിയെങ്കിലും ആളുകളിൽ മാത്രമേ രോഗബാധ കുറയുമെന്ന് പ്രതീക്ഷിക്കാൻ വഴിയുള്ളൂ എന്നും രോഗബാധിതരിലെ ന്യുമോണിയ പോലുള്ള ഗുരുതരാവസ്ഥകളോ, മരണങ്ങളോ കുറക്കുമെന്ന് ഉറപ്പിക്കാനുമാവില്ല എന്നും, ലേഖകൻ വിശദീകരിക്കുന്നു

മ്പത് മാസത്തിനുള്ളിൽ കോവിഡ് ലോകത്താകെ ഏകദേശം മൂന്നര കോടി പേരെ ബാധിക്കുകയും പത്തു ലക്ഷത്തിലധികം പേരെ മരണത്തിന് കീഴ്‌പ്പെടുത്തുകയും ചെയ്തു. വാക്‌സിൻ വന്നാൽ മഹാമാരിയെ ഒട്ടാകെ തീ കെടുത്തും പോലെ ഒടുക്കാമെന്ന പ്രത്യാശയിലാണ് ലോകം. രാഷ്ട്രതലവന്മാരും നേതാക്കളും ആരോഗ്യ വിദഗ്ധരും ഈ അഭിപ്രായമാണ് പങ്കുവെക്കുന്നത്.

2021 ജൂലൈയോടെ ഇന്ത്യയിലെ 25 കോടിയോളം പേർക്ക് കോവിഡ് വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർധൻ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ, ജനം ഒന്നാകെ മിഴിയിൽ എണ്ണ ഒഴിച്ച് രക്ഷകയായി വാക്‌സിന്റെ വരവിന് കാത്തിരിക്കയാണ്. മനുഷ്യനെന്ന നിലയിൽ ഞാനടക്കം ഭൂമിയിലെ ഓരോരുത്തരും പ്രതീക്ഷിക്കുന്നത്തും ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിനുകൾ മുഴുവനും വിജയം കാണട്ടെ എന്നാണ്.

കാര്യങ്ങൾ അങ്ങനെയാകണമെന്നില്ല

എന്നാൽ കാര്യങ്ങൾ അങ്ങിനെയാകണമെന്നില്ല എന്നാണ് യാഥാർഥ്യം തിരിച്ചറിഞ്ഞ്, ഈ വിഷയത്തിൽ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സപ്തംബർ വരെ ഏകദേശം 320 ലധികം വാക്‌സിനുകൾ കോവിഡിനെതിരെ 34 ഓളം രാജ്യങ്ങളിൽ പരീക്ഷണ ഘട്ടത്തിലുണ്ട്. ഇവയിൽ 30 എണ്ണം ആദ്യ ഘട്ടങ്ങൾ കടന്ന് ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്. ആകെയുള്ളതിൽ 165 എണ്ണവും അമേരിക്കയിലും 76 എണ്ണം യൂറോപ്യൻ രാജ്യങ്ങളുമാണ് വികസിപ്പിച്ചത്.

ഇവയിൽ 69 എണ്ണം അക്കാദമിക് സ്ഥാപനങ്ങളുടെയും, 10 എണ്ണം ഔഷധ കമ്പനികളുടെയും ബാക്കി മറ്റ് ബിസിനസ്- വ്യവസായ സംരംഭങ്ങളുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. ഇതിൽ ഏത് വിജയിക്കും ഏത് പരാജയപ്പെടും എന്നറിയില്ല. മെഡിക്കൽ സയൻസിന്റെ ചരിത്രത്തിൽ ഇതുവരെയുള്ള വാക്‌സിൻ ട്രയലുകളുടെ ഫലം പരിശോധിച്ചാൽ ഫേസ് 2 ഘട്ടം കടന്ന 55% ത്തോളം വാക്‌സിനുകൾക്ക് മാത്രമേ ഫേസ് 3 ഘട്ടവും വിജയിച്ച് ഉപയോഗത്തിലെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് മെറ്റാ അനാലിസിസ് നടത്തിയ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ശാസ്ത്രീയതയ്ക്കും മനുഷ്യ സ്‌നേഹത്തിനും അപ്പുറം കടുത്ത ദേശീയതയുടെ പേരിൽ പല രാജ്യങ്ങളും വ്യാപാര ലക്ഷ്യങ്ങളോടെ വ്യവസായികളും ബിസിനസ് സംരംഭകരും ഇതിൽ മത്സരിക്കുന്നുമുണ്ട്. പല സമ്പന്ന രാജ്യങ്ങളും ആവശ്യക്കാർക്ക് നൽകാതെ ഇവ വാങ്ങിക്കൂട്ടി ആവശ്യത്തിലധികം സ്റ്റോക്ക് ചെയ്യാനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

ബ്രിട്ടനിലെ ഒക്‌സ്‌ഫോർഡ് സർവകലാശാലയുടെയും അസ്ത്ര സെനെക്ക ( oxford- Astra Zeneca) യുടെയും Adeno vector vaccine, അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് അലെർജി, Moderna വാക്‌സിൻ, ബയോ എൻ ടെക്, Pfizer എന്നീ സംരംഭകരുടെ m RNA vaccine എന്നീ ട്രയലുകളാണ് മൂന്നാം ഘട്ടത്തിൽ മുന്നിട്ടു നിൽക്കുന്നത്. റഷ്യയും (Sputnik 5) ചൈനയും (Can Sino Biologicals) അവരുടേതായ വൈറൽ വാക്‌സിനുകൾ വികസിപ്പിച്ച് ട്രയലുകൾ നടത്തുന്നുണ്ട. ചൈന ഒരു പടി കടന്ന് അവരുടെ സൈനികർക്ക് വാക്‌സിൻ നൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ തദേശീയമായി വികസിപ്പിച്ച Bharat Bio tech ന്റെ covaxin എന്ന മൃതകോശ വാക്‌സിനും (killed cell vaccine-380 പേരിൽ) Zydus Cadila യുടെ Zycov -D Plasmid DNA എന്ന വാക്‌സിനും (1000 പേരിൽ) phase 2 ട്രയൽ നടക്കുന്നുണ്ട്. പൂനയിൽ സ്വകാര്യ മേഖലയിലുള്ള സീറം ഇൻസ്റ്റിറ്യൂട്ട് എന്ന വാക്‌സിൻ നിർമാണ കമ്പനി ഇതിൽ രണ്ടെണ്ണത്തിന്റെ നിർമാണ കരാർ എറ്റെടുത്തിട്ടുഉണ്ട്. ഈ സ്ഥാപനം ഒക്‌സ്‌ഫോർഡ്- അസ്ത്ര ജെനേക യുടെ വാക്‌സിൻ അഡ്വാൻസായി 10 കോടി ഡോസ് ലക്ഷ്യം വെച്ച് നിർമാണം ആരംഭിച്ചുകഴിഞ്ഞു. വാക്‌സിൻ പ്രതിരോധം എത്രനാൾ?

ഇതുസംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ ശാസ്ത്രസമൂഹത്തിലും ബയോ എത്തിക്‌സ് മേഖലയിലും ഉയർന്നുവന്ന ചില സംശയങ്ങളും ചോദ്യങ്ങളും ആണ് ഇവിടെ പങ്കുവെക്കുന്നത്.
ഈ വാക്‌സിനുകളൊക്കെ പൊതുവെ ലക്ഷ്യം വെക്കുന്നത്, നാല് ആഴ്ച​കളിലെ ഇടവേളയിൽ രണ്ടു ഡോസ് വാക്‌സിൻ കുത്തിവെപ്പായി നൽകി ഇവക്ക് ശരീരത്തിൽ കോവിഡിനെതിരെ എത്രത്തോളം ig G (ഐ.ജി. ജി) ആന്റിബോഡി ഉൽപാദിക്കുന്നുണ്ട് എന്നാണ്. എന്നാൽ ഇതുവരെ കോവിഡ് പ്രതിരോധത്തിന് വേണ്ടത് ig G ആന്റിബോഡി തന്നെയാണോ എന്ന് ഇതുവരെ ശാസ്ത്രം തീർച്ചപ്പെടുത്തിയിട്ടില്ല. ആണെങ്കിൽ തന്നെ അതിനാവശ്യമായ മിനിമം ‘ടൈറ്റർ ലെവൽ' എത്രയാണെന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല.

Photo credit: Unsplash

ഏറ്റവും പുതിയ ഗവേഷണ തെളിവുകൾ കാണിക്കുന്നത്, ig G ക്കു പുറമെ T Cell (ടി സെൽ ഉണ്ടാക്കുന്ന ) മീഡിയേറ്റെഡ് ഇമ്യൂണിറ്റിയാണ് ഇതിന് വേണ്ടതെന്നാണ്. ഇപ്പോൾ പ്രതീക്ഷ നൽകുന്ന ഒരു വാക്‌സിനും T Cell വഴി ഉണ്ടാക്കുന്ന പ്രതിരോധം നേരിട്ട് വാഗ്ദാനം ചെയ്യുന്നില്ല. മാത്രമല്ല, Ig G വ്യക്തിക്ക് നൽകുന്ന സുരക്ഷ ഒരിക്കലും മൂക്ക് അടക്കമുള്ള ശ്വസനവ്യൂഹത്തിന്റെ മുകൾഭാഗത്തെ സ്തരങ്ങളിൽ (Nasal Mucosa) കിട്ടുന്നില്ല. ഇവിടെയാണ് ആദ്യം വൈറസ് ഇൻഫെക്ഷൻ ബാധിക്കുന്നത്, ഇതിനുവേണ്ടത് Ig A ((ഐ.ജി. എ) ആന്റിബോഡികളാണ്.

അതിനാൽ, ഇപ്പോൾ വികസിപ്പിക്കുന്ന വാക്‌സിൻ നൽകിയവർക്ക് പ്രതിരോധം കിട്ടിയാലും അവർക്ക് ചെറുതായി മൂക്കിലെ സ്തരങ്ങളിൽ രോഗബാധയുണ്ടാകുവാനും അവരിൽ നിന്ന് കുറെശ്ശെ മറ്റുള്ളവരിലേക്ക് രോഗം പകരാനുമുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല എന്നാണ് വൈറൽ ഇമ്യൂണോളജി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കോവിഡ് ബാധയെയെ തുടർന്നുണ്ടാകുന്ന പ്രതിരോധം പോലെ തന്നെ വാക്‌സിൻ ഉണ്ടാക്കുന്ന പ്രതിരോധവും എത്രനാൾ നീണ്ട് ( മാസങ്ങളോ, വർഷങ്ങളോ ) നിൽക്കുമെന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല. പുതിയ വാക്‌സിൻ ഉണ്ടാക്കുന്ന പ്രതിരോധത്തിന്റെ ദൈർഘ്യം പ്രകൃത്യാ (Natural Infection) രോഗമുണ്ടാക്കുന്നതിനെക്കാൾ കൂടുതൽ ആയിരിക്കണം. അത് എത്രകാലം ഉണ്ടാകുമെന്ന് ഇപ്പോൾ പറയാനുമാവില്ല. ചിലപ്പോൾ ഇത് അതിനെക്കാൾ കുറവാന്നെങ്കിൽ വാക്‌സിൻ നൽകുന്നതുകൊണ്ട് കാര്യമുണ്ടോ എന്ന സംശയവും നിലവിലുണ്ട്.

വിപണിയിൽ ആദ്യം ഓടിയെത്തുന്നത് എന്തുതരം വാക്‌സിൻ?

ഗവേഷണ തലത്തിൽ അന്താരാഷ്ട്ര തലത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡം അനുസരിച്ച് പൊതുജനാരോഗ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന വാക്‌സിനുകൾക്ക് മിനിമം 60% ലധികം സുരക്ഷ (Efficacy) നൽകാൻ പറ്റണം. എന്നാൽ, ഇപ്പോൾ അടിയന്തിര സാഹചര്യമായതിനാൽ ഇത് 50% മാക്കി കുറച്ച് ലോകാരോഗ്യ സംഘടനയും FDA യും നിജപ്പെടുത്തിയിട്ടുണ്ട്. ഇതിനർഥം, പകുതി പേർക്കുമാത്രം ഫലം ഉറപ്പ് നൽകുന്ന വാക്‌സിനുകളും അംഗീകാരം ലഭിച്ച് വിപണിയിലെത്താൻ സാധ്യതയുണ്ട് എന്നാണ്.

അപ്പോൾ അങ്ങിനെയുള്ള വാക്‌സിനുകൾ 100% പേർക്കു നൽകിയാലും പകുതി പേരും സുരക്ഷക്ക് പുറത്തായിരിക്കും. അതിനാൽ വാക്‌സിൻ വന്നാലും രോഗാണു വ്യാപനം ഇവിടെ ഉണ്ടാകുമെന്ന് അർഥമാക്കണം.
രോഗത്തിന് ചികിത്സപോലും ഇല്ലാത്ത ആളുകൾ മരിക്കുന്ന ഇപ്പോഴത്തെ സ്ഥിതിയിൽ കാര്യങ്ങൾ ഇങ്ങനെ ആകുമ്പോൾ മത്സരയോട്ടത്തിൽ ആദ്യം എത്തുന്നവരുടെ വാക്‌സിനുകൾ, അത്ര ഫലവത്തല്ലെങ്കിലും അംഗീകരിക്കപ്പെട്ട് ലോകമാകെ മാർക്കറ്റ് ചെയ്യാപ്പെടാനും എല്ലാ രാജ്യങ്ങളിലും വിപണി പിടിച്ചെടുക്കാനും സാധ്യതയുണ്ട്.

തുടർന്ന് കണ്ടുപിടിക്കപ്പെട്ട്, പരീക്ഷണങ്ങളിൽ വിജയിക്കുന്ന വാക്‌സിനുകൾ നല്ല ഫല പ്രാപ്തിയുള്ളതാണെങ്കിൽ കൂടി, വിപണി ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. പകുതി വെന്ത ഔഷധ അംഗീകാരത്തിന്റെ ഫലമായി, കൂടുതൽ പരീക്ഷണം നടത്താനും വികസിപ്പിക്കാനും ഫണ്ട് കിട്ടാതെ വരുകയും അവഗണിക്കപ്പെടുകയും ചെയ്യാം.

വാക്‌സിൻ പരീക്ഷണം, നിർമാണം, വിതരണം, ലഭ്യത എന്നീ വിഷയങ്ങൾ പരിശോധിക്കാം.

1. വാക്‌സിൻ പരീക്ഷണത്തിലെ പ്രൈമറി എൻഡ് പോയന്റ്

മാർക്കറ്റ് ചെയ്യുന്നതിന് മുമ്പുള്ള പരീക്ഷണത്തിന്റെ ഫലപ്രാപ്തി അളക്കാൻ നിശ്ചയിക്കപ്പെട്ടിട്ട ഘടകം, രണ്ടു ഗ്രൂപ്പിലും പെട്ടവരിൽ ഉണ്ടാകുന്ന കോവിഡ് അണുബാധ (ഇൻഫെക്ഷൻ) മാത്രമാണ്. ഇവ പനിയോ, ചുമയോ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് ടെസ്റ്റുകളിലൂടെ സ്ഥിരീകരിച്ചതായിരിക്കണം. അല്ലാതെ രോഗികളിലുള്ള ലക്ഷണങ്ങളുടെ തീവ്രതയോ ആശുപത്രി അഡ്മിഷനോ മറ്റ് ഗുരുതരാവസ്ഥകളോ ഐ.സി.യുവിലെ ചികിത്സാകാലമോ, മരണനിരക്കോ പരിഗണിച്ച് താരതമ്യം ചെയ്യപ്പെടുന്നില്ല.

പ്രത്യേക ചികിത്സ ഇല്ലാതെ ഒരാഴ്ച കൊണ്ട് 80% ലധികം പേരിലും കോവിഡ് തനിയെ മാറും; ഈ സാഹചര്യത്തിൽ വാക്‌സിൻ വിലയിരുത്തപ്പെടേണ്ടത് രോഗബാധമൂലം ഉണ്ടാകാവുന്ന ഗുരുതരാവസ്ഥകളെയോ മരണത്തെയോ എത്ര കുറക്കാനായി എന്നതായിരിക്കണം. അതായത്, വാക്‌സിൻ എടുത്തവരിൽ ചിലപ്പോൾ രോഗബാധ കൂറഞ്ഞാലും അവരിലെ ഗുരുതരാവസ്ഥയോ, മരണമോ കുറക്കാൻ സാധിച്ചിട്ടില്ലെങ്കിൽ വലിയ വില നൽകി ഈ വാക്‌സിൻ എടുക്കുന്നതിൽ എന്താണ് നേട്ടം എന്ന ചോദ്യം ഉയരുന്നുണ്ട്.

ചിലപ്പോൾ, ഇത്തരം വാക്‌സിനുകൾക്ക് ഇപ്പോഴത്തെ പ്രൈമറി എൻഡ് പോയിന്റ് ആയ ‘ലഘുവായ രോഗബാധ' മാത്രമുള്ള ശേഷിയേ ഉണ്ടാകൂ, ഗുരുതരാവസ്ഥ ഇല്ലാതാക്കാനാകില്ല എന്നും അനുമാനിക്കാം. യഥാർഥത്തിൽ ലോകത്തിന് വേണ്ടത് കോവിഡ് മൂലമുള്ള ന്യുമോണിയ തുടങ്ങിയ ഗുരുതരവസ്ഥകളും, മരണങ്ങളും തടയുന്ന വാക്‌സിനുകളാണ്. അതിനാൽ ഇപ്പോഴുള്ള വാക്‌സിനുകൾ തുടർന്ന് ‘സെക്കണ്ടറി എൻഡ് പോയിന്റു' കളാക്കി തുടർവിശകലനം നടത്തണം.

ഇപ്പോൾ കോവിഡിനു സമാന രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്ന, വ്യാപകമായി ഉപയോഗത്തിലുള്ള ‘ഇൻഫ്‌ളുവൻസ' വാക്‌സിനും ഇതുപോലെ രോഗബാധ കുറക്കുമെങ്കിലും മരണം ഒട്ടും കുറക്കാൻ സഹായിക്കുന്നില്ല എന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. കോവിഡിന് കാരണമാകുന്ന വൈറസിന്റെ അതേ കൊറോണ ഗ്രൂപ്പിൽ പെട്ട സാർസ്, മേർസ് ( SARS, MERS) വൈറസുകൾക്കെതിരായി മുമ്പ് കണ്ടുപിടിക്കപ്പെട്ട വാക്‌സിനുകളുടെ ഫേസ് രണ്ട് ഘട്ട പഠനങ്ങളിലും വാക്‌സിൻ കൊണ്ട് ഉൽപ്പാദിക്കപ്പെടുന്ന ആന്റിബോഡികളുടെ ( പ്രതിരോധ വസ്തുക്കളുടെ ) പ്രവർത്തനങ്ങൾ കൊണ്ട് നൽകപ്പെട്ട ആളുകളിലെ ശ്വാസകോശരോഗങ്ങൾ വഷളാകുന്ന സ്ഥിതിയുണ്ടായതും ചില ശാസ്ത്രജ്ഞന്മാർ (സപ്തംബർ 4 ലക്കം; നേച്ചർ റിവ്യൂസ് ഡ്രഗ് ഡിസ്‌കവറി ) ഇവിടെ ഓർമിപ്പിക്കുന്നുണ്ട്. അതിനാൽ ഈ വാക്‌സിനുകളുടെ കാര്യത്തിൽ ഈ പ്രശ്​നങ്ങൾ ശ്രദ്ധിക്കണമെന്നും അവർ താക്കീത് നൽകുന്നു.

2. റിസ്‌ക് ഗ്രൂപ്പുകൾ ഒഴിവാക്കിയുള്ള പരീക്ഷങ്ങൾ

നിലവിലെ രീതിശാസ്ത്രമനുസരിച്ച് ഒരു ഔഷധമോ, വാക്‌സിനോ പരീക്ഷണം നടത്തേണ്ടത് പ്രസ്തുത രോഗം ഉണ്ടാകാൻ സാധ്യതയുള്ള ആളുകളിലോ ഗ്രൂപ്പുകളിലോ പെട്ടവരിലാണ്. പ്രായം പരിഗണിച്ചാൽ കോവിഡ് ഗുരുതരമായി ബാധിക്കുന്നത് മുതിർന്ന പൗരന്മാരിലാണ്. എന്നാൽ ഇപ്പോൾ വാക്‌സിൻ അധികവും പരീക്ഷിക്കപ്പെടുന്നത് 18- 55 പ്രായക്കാരിലാണ്.

അതിനാൽ വാക്‌സിൻ പരീക്ഷണം വിജയകരമായി വന്നാലും അത് പരീക്ഷിക്കപ്പെടാത്ത മുതിർന്നവരിൽ ഫലപ്രദമാകുമെന്ന് ഇപ്പോൾ നൂറു ശതമാനം ഉറപ്പിക്കാനാവില്ല. ഏത് വാക്‌സിനായാലും മറ്റ് പ്രായക്കാരെ അപേക്ഷിച്ച് മുതിർന്നവരിൽ ഉണ്ടാക്കാവുന്ന പ്രതികരണശേഷി കുറഞ്ഞിരിക്കാനാണ് സാധ്യത. അതിനാൽ അതിനനുസരിച്ച് ചിലപ്പോൾ അവയുടെ ഡോസ് കൂട്ടി നൽകേണ്ടി വരും. അതിന്റെ ഫലമായി ഇവരിൽ ചില പാർശ്വഫലങ്ങൾ കൂടാനും സാധ്യതയുള്ളതിനാൽ അവ ആദ്യമേ പരീക്ഷണഘട്ടത്തിൽ വിലയിരുത്തേണ്ടതുണ്ട്. വിദഗ്ധർ ഇത് ചൂണ്ടിക്കട്ടിയതിനെ തുടർന്ന് അപാകത പരിഹരിക്കാൻ അമേരിക്കയിലെ പരീക്ഷണ ഗ്രൂപ്പിൽ Moderna വാക്‌സിൻ 55 വയസ് കഴിഞ്ഞവരെയും ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെയും കോവിഡ് തീവ്രമായി ബാധിക്കുന്നതും മരിക്കുന്നതും പ്രമേഹം, രക്തസമ്മർദം, കാൻസർ, വൃക്ക രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവരെയാണ്. ഇപ്പോഴുള്ള വാക്‌സിൻ ട്രയലുകളിൽ ഇത്തരത്തിൽ റിസ്‌ക് കാറ്റഗറികളിൽ പെട്ട രോഗമുള്ളവരെ മുഴുവൻ ഒഴിവാക്കി ആരോഗ്യ മുള്ളവരിലാണ് നടത്തുന്നത്. അതിനാൽ വിജയിച്ച വാക്‌സിനുകളിൽ ഇത്തരത്തിൽ പെട്ടവരിലുള്ള വിജയം തെളിയിച്ച് പറയാൻ സാധ്യമല്ല.

രോഗം മൂലം മരിക്കുന്നവരിൽ ഭൂരിഭാഗവും ഇങ്ങനെ അനുബന്ധ രോഗമുള്ളവരാണ്. സുരക്ഷാകാരണങ്ങളാൽ ഗർഭിണികളെ ഇപ്പോൾ വാക്‌സിൻ പരീക്ഷണങ്ങളിൽ നിന്ന് എല്ലായിടത്തും ഒഴിവാക്കിയിരിക്കയാണ്. അതിനാൽ വിജയിക്കുന്ന വാക്‌സിനുകൾ ഗർഭിണികൾക്ക്, ഗർഭസ്ഥ ശിശുക്കൾക്കും പൂർണമായും സുരക്ഷ നൽകും എന്നു മുൻകൂട്ടി തെളിയിച്ച് പറയാൻ പറ്റില്ല. ഇപ്പോഴത്തെ പരീക്ഷണ ഗ്രൂപ്പുകളിൽ കുട്ടികളെ ഉൾപ്പെടുത്തിയിട്ടില്ല. കുട്ടികൾക്ക് പൊതുവേ ഉയർന്ന പ്രതിരോധ പ്രതികരണങ്ങൾ ഉണ്ടാകുമെന്നതിനാൽ, വാക്‌സിൻ നൽകുമ്പോൾ കൂടുതൽ പാർശ്വഫലങ്ങൾ ഉണ്ടാകാം. അതിനാൽ ഡോസുകൾ കുറച്ചുനൽകേണ്ടി വരും. അത് കണക്കാക്കാൻ ഇവരെ പരീക്ഷണത്തിൽ ഉൾപ്പെടുത്താതെ ഇത് കണക്കാക്കാൻ പറ്റില്ല.

3. പാർശ്വ ഫലം നിരീക്ഷിക്കപ്പെടുന്നത്

ഇപ്പോൾ ക്ലിനിക്കൽ ട്രയൽ നടത്തുന്ന വാക്‌സിനുകൾ മുഴുവനും, നൽകിയവരിൽ അണുബാധ ( infection) എത്രമാത്രം തടയാൻ പറ്റും എന്നാണ് പരിശോധിക്കുന്നത്. ഇവയോടൊപ്പം അവയുടെ പാർശ്വഫലങ്ങളും (AEFI- Adverse Events Following Immunization) നിരീക്ഷിക്കപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് വാക്‌സിൻ പരീക്ഷണങ്ങളിൽ 60 ലധികം AEFI നിരീക്ഷിക്കണമെന്നാണ്.

ഇപ്പോൾ കുറച്ചുപേരിൽ നടത്തിയ രണ്ടാം ഘട്ട പരിശോധനകളിൽ തന്നെ വാക്‌സിൻ നൽകപ്പെട്ട ആളുകളിൽ പകുതിയിലധികം ( >50%) പേർക്കും പനി, പേശി വേദന, തലവേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടായതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പൊതുവേ കോവിഡ് പിടിപ്പെട്ട കുട്ടികൾക്കും, ചെറുപ്പക്കാരിൽ ഭൂരിഭാഗം പേർക്കും യാതൊരു രോഗലക്ഷണവുമുണ്ടാകില്ല, മറ്റുള്ളവരിൽ തന്നെ ചിലർക്ക് വെറും പനിയായി തനിയെ ഭേദമായി മാറിപ്പോകും.

അപ്പോൾ ഇനി വാക്‌സിൻ മൂലമുള്ള പാർശ്വഫലങ്ങൾ രോഗത്തിന്റെ അതേ ലക്ഷണങ്ങൾ തന്നെയാണെന്നതും അവയൊക്കെ, രോഗബാധയെക്കാൾ കൂടുതലായി അവർക്ക് വിഷമങ്ങളോ /ലക്ഷണങ്ങളോ ഉണ്ടാക്കാമെന്നതും വാക്‌സിന്റെ നേട്ടവും കോട്ടവും ( Risk and benefit) വിലയിരുത്തുമ്പോൾ നൈതികമായി സ്വീകാര്യമാകുമോ എന്ന് ചില ബയോ എത്തിക്‌സ് വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

വാക്‌സിൻ നൽകി ഒന്നോ രണ്ടോ വർഷം തുടർച്ചയായി (AEFI- Adverse Events Following Immunization) നിരീക്ഷണം നടത്തിയാണ് സാധാരണ വാക്‌സിൻ പരീക്ഷണങ്ങളിൽ പാർശ്വഫലങ്ങൾ മോണിറ്റർ ചെയ്യുന്നത്. ഇവിടെ സമയക്കുറവുമൂലം ഇത് ഒരു മാസത്തിലൊതുങ്ങുന്നു. ഇതിന്റെ പ്രത്യാഘാതം നിരീക്ഷിക്കാൻ ഓരോ രാജ്യത്തും പ്രത്യേക തുടർസംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

സപ്തംബർ ആദ്യം ബ്രിട്ടണിൽ ഒക്‌സ്‌ഫോർഡ്- Astra Zenac ന്റെ വാക്‌സിൻ പരീക്ഷണത്തിൽ പെട്ട രണ്ടാമത്തെ ആളിനും ഗുരുതര പാർശ്വഫലം കണ്ടപ്പോൾ വാക്‌സിൻ ട്രയൽ തൽക്കാലം നിർത്തിവെച്ചിരുന്നു . അവിടത്തെ സർക്കാർ നിയന്ത്രണ അധികാരികളായ (MHRA) ‘എ.ഡി.ആർ മോണിറ്ററിങ് കമ്മിറ്റി' ഈ കേസ് വിശദമായി റിവ്യൂ ചെയ്ത്, ഇതിന് വാക്‌സിനുമായി നേരിട്ട് ബന്ധമില്ലെന്ന് വിലയിരുത്തി, പരീക്ഷണം വീണ്ടും തുടരാൻ അനുമതി നൽകുകയും പുനരാരംഭിക്കുകയും ചെയ്തു. സമാനമായി, ഇന്ത്യയിലും നടന്നുവരുന്ന ഇതിന്റെ പരീക്ഷണം തൽക്കാലം നിർത്തിവെച്ചശേഷം പുനരാരംഭിച്ചു. എന്നാൽ അമേരിക്കയിൽ ഇതിന്റെ പരീക്ഷണം സപ്തംബർ ആറു തൊട്ട് നിർത്തിവെച്ചിരിക്കയാണ്.

ബ്രിട്ടനിൽ ഒരാളിലുണ്ടായ transverse myelitis ( ട്രാൻസ്‌വേർസ് മൈലൈ ടിസ്) രോഗം, നൽകിയ വാക്‌സിന്റെ ഫലമല്ലെന്നും അതിനാൽ പരീക്ഷണം തുടരാമെന്നുമാണ് വിദഗ്ദരുടെ വിലയിരുത്തൽ എന്നുമാണ് Astra zanec തലവൻ Pascal Soriot ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ ഇതിന് സുതാര്യത പോരെന്നും, ഇതിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെന്നും ചിലർ ആവശ്യപ്പെട്ടപ്പോൾ അത് പഠനത്തിന്റെ രഹസ്യാത്മകത ഇല്ലാതാക്കുമെന്നാണ് കമ്പനി മറുപടി നൽകിയത്.

ഈ പാർശ്വഫലം സംഭവിച്ചത് വാക്‌സിൻ നൽകപ്പെട്ടവരിലോ പ്ലാസിബോ നൽകിയവരിലോ ആരിലാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രോഗിയുടെ വ്യക്തിതല വിവരങ്ങളും പേരും വെളിപ്പെടുത്താതെ രോഗവിവരം നൽകുന്നതിലൂടെ, രഹസ്യാത്മകത നഷ്ടപ്പെടുകയില്ലെന്നും അന്വേഷണ കമ്മിറ്റി നിഗമനത്തിലെത്തിയത്തിന്റെ ക്രോഡീകരിച്ച വിവരങ്ങളെങ്കിലും നൽകണമെന്നും ആസ്‌ത്രേലിയയിലെ മോണാഷ് യൂണിവേഴ്‌സിറ്റിയിലെ Paul Komsaroff (പോൾ കോംസരോഫ് ) ഇതിനെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പാർശ്വഫലങ്ങൾ വൈറസുകൾ മൂലവും ഉണ്ടാകാം.

അതിനാൽ വാക്‌സിനുകളുടെയും, പരീക്ഷണങ്ങളുടെയും സുതാര്യതയും, വിശ്വാസവും വർധിപ്പിക്കാൻ ഇത് ആവശ്യവുമാണ്. പ്രത്യേകിച്ച് ലോകത്താകെ വാക്‌സിനുകളിൽ വിശ്വാസം കുറഞ്ഞ് ( Vaccine hesitancy) ഒരു വിഭാഗം ആളുകൾ വാക്‌സിനുകളോട് വിമുഖത കാണിക്കുന്ന പ്രവണത കൂടിവരുമ്പോൾ, ഇത് കൂടുതൽ ശ്രദ്ധ വേണ്ട കാര്യവുമാണ്. ഇപ്പോൾ പതിനായിരം പേർക്ക് നൽകുമ്പോൾ ഒരാൾക്ക് ഗുരുതര പാർശ്വഫലം ഉണ്ടാകുമെന്നിരിക്കട്ടെ. എങ്കിൽ, ലക്ഷം പേർക്ക് നൽകുമ്പോൾ പത്തും പത്തു ലക്ഷം പേർക്ക് നൽകുമ്പോൾ നൂറും ആകാൻ സാധ്യത ഉണ്ടെങ്കിൽ ഇപ്പോഴേ പരിഹരിക്കപ്പെടേണ്ടതുണ്ട്.

4. ഇടയിലുള്ള ഫലവിശകലനവും പരീക്ഷണം നിർത്തലും

രണ്ടു പരീക്ഷണങ്ങളിൽ ( Oxford , Moderna ) വിവിധ രാജ്യങ്ങളിൽ 30,000 പേരെ വീതം 2:1 എന്ന അനു പാതത്തിൽ പരീക്ഷണ, കൺട്രോൾ ഗ്രൂപ്പിൽ പെടുത്തി റിക്രൂട്ട് ചെയ്തും, ആകെ 44,000 പേരെ 1:1 അനുപാതത്തിൽ റിക്രൂട്ട് ചെയ്തുമാണ് ( Pfizer ) പരീക്ഷണം നടത്തിവരുന്നത്. യഥാക്രമം തെരഞ്ഞെടുക്കപ്പെട്ട ഇവർക്ക്, രണ്ടു ഡോസ് വാക്‌സിൻ നൽകി നിരന്തരം നിരീക്ഷണം നടത്തി, ഇവരിൽ 150 -160 പേരിൽ രോഗം ഉണ്ടാകുന്ന സാഹചര്യത്തിൽ നിർത്തി വിവരം വിശകലനം ചെയ്യുമെന്നാണ് പഠനത്തിന്റെ ‘പ്രോട്ടോക്കോൾ' സൂചിപ്പിക്കുന്നത്.

ഇത് ആകെയുള്ള സാമ്പിളിന്റെ 0.5% മാത്രമാണ്. ഇങ്ങനെ ധൃതിയിൽ തിരക്കുപ്പിടിച്ച് പഠന ഗ്രൂപ്പിൽ വളരെ കുറഞ്ഞ ശതമാനം പേരിൽ രോഗം ഉണ്ടാകുമ്പോൾ തന്നെ പകുതിയിൽ നിർത്തി വിശകലനം ചെയ്ത് തീരുമാനത്തിലെടുക്കുന്നത് ‘സ്റ്റാറ്റിസ്റ്റിക്കലി' ശരിയാകുമെങ്കിലും ‘സാമാന്യ ബുദ്ധി'ക്ക് യോജിക്കുന്നതല്ലതെന്നും ഇതിന്റെ ‘കൺക്ലൂഷനുകൾ' പൂർണമായും വിശ്വാസ യോഗ്യമാകുമോ എന്നും ചില വിദഗ്ദർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

വെറും പതിനായിരം പേരിൽ ലഭിക്കുന്ന ഇതിന്റെ ആദ്യ ഫലം ലോകരാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളിലേക്ക് ‘extra polate' ചെയ്യുമ്പോഴുള്ള ‘വാലിഡിറ്റി' ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നും ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ അസോസിയേറ്റ് എഡിറ്റർ പീറ്റർ ഡോഷിയും സ്‌ക്രിപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എറിക് ടൊപ്പലും അഭിപ്രായപ്പെടുന്നു. ഇപ്പോഴുള്ള മാനദണ്ഡപ്രകാരം ചുരുങ്ങിയ ആളുകളിലെ 50% രോഗബാധ തടയുന്ന വിജയമേ ഇതിന് ‘അടിയന്തിര വാക്‌സിൻ' നിർമാണത്തിനുള്ള അനുമതിക്ക് ആവശ്യമുള്ളൂ.

പരീക്ഷണ ഗ്രൂപ്പിലുള്ളവർക്ക് രോഗം ഉണ്ടായി, വിശകലനം ചെയ്ത് റിസൽറ്റ് കിട്ടുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ബ്രിട്ടണിൽ ഇപ്പോൾ തയ്യാറാകുന്ന വളണ്ടിയർമാരിൽ വൈറസ് രോഗബാധ ബോധപൂർവം ഉണ്ടാക്കി ടെസ്റ്റ് ചെയ്യാൻ ( Challenge test) അനുമതി നൽകിയിട്ടുണ്ടുമുണ്ട്.

5. ദീർഘകാല /പാർശ്വ ഫലങ്ങൾ നിരീക്ഷിക്കാതെയുള്ള നേരത്തെയുള്ള മാർക്കറ്റിങ്

ഹ്രസ്വകാല നിരീക്ഷണത്തിന്റെ ഫലം നോക്കി ‘ഷോർട്ട് കട്ട്' വഴികളിലൂടെ ‘ഫാസ്റ്റ് ട്രാക്ക്' അംഗീകാരം നേടി വ്യാപകമായി വാക്‌സിൻ ഉപയോഗിക്കപ്പെടുമ്പോൾ ഇതിന്റെ പ്രതിരോധം താൽകാലികമാണോ അല്ല, എത്രനാൾ നീണ്ടുനിൽക്കുമെന്നോ അത് വേണ്ട അളവിൽതന്നെ തുടരുന്നുണ്ടോ എന്നൊന്നും വിശദമായി പഠിക്കാൻ പറ്റില്ല. കുറച്ചുപേരിലേ ഇതിന്റെ ഹ്രസ്വകാല പാർശ്വഫലങ്ങൾ മാത്രമെ ഇപ്പോൾ വിലയിരുത്തപ്പെടുന്നുള്ളൂ.

ലോകത്താകെ ജനിതകമായി വ്യാത്യാസം ഉള്ള വിവിധതരം ആളുകളിൽ ഉപയോഗിക്കുമ്പോൾ ഇത് ദീർഘനാളുകളിൽ ഉണ്ടാക്കാവുന്ന ഫലങ്ങളും പാർശ്വഫലങ്ങളും വേണ്ട വിധം വിലയിരുത്തപ്പെടാൻ ഇതുമൂലം സാധിക്കില്ല. അപ്പോൾ ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തിൽ വേണ്ടത്ര ‘ഫുൾ പ്രൂഫ്' തെളിവുകളില്ലാതെ ‘എളുപ്പ വഴികളിൽ' പ്രയോഗത്തിൽ, ആദ്യം കമ്പോളത്തിൽ വരുന്ന വാക്‌സിൻ അത്ര ഗുണകരമല്ലെങ്കിലും ലഭ്യതയുടെ പേരിൽ വ്യാപകമായി ഉപയോഗിക്കപ്പെടും.

ഇത് പിന്നീടുണ്ടാകാൻ സാധ്യതയുള്ള നല്ലൊരു ശതമാനം വാക്‌സിനുകളുടെയും വഴിമുടക്കാൻ സാധ്യതയുണ്ട് എന്ന് പീറ്റർ ഡോഷി എന്ന ഗവേഷകൻ നേച്ചർ മാഗസിനിൽ എഴുതിയ ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോൾ പരീക്ഷണഘട്ടത്തിലുള്ള വാക്‌സിനുകൾ പല രാജ്യങ്ങളും അന്തരാഷ്ട്ര ഫണ്ടിങ് ഏജൻസികളുടെ സഹായത്തോടെ 'അഡ്വാൻസ് മാർക്കറ്റ് കോൺട്രാക്റ്റു (AMC) കളി'ലൂടെ ലക്ഷക്കണക്കിന് ഡോസുകൾ വാങ്ങാൻ നിർമാണ കമ്പനികളുമായി കരാർ ആയിട്ടുണ്ടാവും.

അടിയന്തിരമായി അംഗീകാരം കിട്ടി അത്ര ഫലപ്രാപ്തി ഇല്ലാത്ത വാക്‌സിനുകൾ വിതരണം ചെയ്യപ്പെടുമ്പോൾ മെച്ചപ്പെട്ട ഫലം പ്രതീക്ഷിക്കുന്ന പുതിയ വാക്‌സിനുകളുടെ കണ്ടുപിടുത്തങ്ങളും നിർമാണവും വിതരണവും പിന്തള്ളപ്പെടുന്നത് ഭാവിയിൽ തിരിച്ചടികളുണ്ടാക്കും. ലോകാരോഗ്യ സംഘടന മുൻഗണന കൊടുക്കുന്ന വാക്‌സിനുകളുടെ ഗവേഷണത്തിന് സാമ്പത്തിക സഹായം നൽകുന്ന വെൽകം ട്രസ്റ്റും മിലിൻഡ ഗെയ്റ്റ് ഫൗണ്ടേഷനും യൂറോപ്യൻ യൂണിയനും എട്ടോളം രാജ്യങ്ങളും സഹായം നൽകുന്ന സി.ഇ.പി.ഐ ( കോയലേഷൻ ഫോർ എപ്പിഡമിക് പ്രീപ്രേഡ് നെസ്സ് ഇന്നൊവേഷൻ ) ആദ്യം പ്രഖ്യാപിക്കപ്പെട്ട ഒമ്പത് വാക്‌സിനുകൾക്കായി അവരുടെ 900 മില്യൺ ഡോളർ നൽകിക്കഴിഞ്ഞു എന്ന വാർത്ത മേൽ പറഞ്ഞവയെ സാധൂകരിക്കുന്നു.

ഒരു വാക്‌സിൻ വിപണിയിൽ എത്തിക്കഴിഞ്ഞാൽ മറ്റ് വാകസിനുകൾ കൂടുതൽ ഫലം കിട്ടുന്നതായാലും അതിന്റെ പരീക്ഷണത്തിന് ആളുകൾ തയ്യാറാകാൻ മടി കാണിക്കുകയും എത്തികഴിഞ്ഞ വാക്‌സിൻ എടുക്കാൻ താൽപര്യം കാണിക്കുകയും ചെയ്യും. പരീക്ഷണ ഗ്രൂപ്പിൽ പെട്ടവർ തന്നെ കൊഴിഞ്ഞുപോകുകയും ചെയ്യും. അങ്ങിനെ അതിന്റെ വഴി മുടങ്ങും.

6. പുതുതായി കൂടുതൽ ‘കാൻഡിഡേറ്റ്‌സ് വാക്‌സിനുകൾ' എത്തുമ്പോൾ

വാക്‌സിനുകളുടെ വിപണി മത്സരത്തിൽ പുതുതായി കൂടുതൽ ‘കാൻഡിഡേറ്റ്‌സ് വാക്‌സിനുകൾ' എത്തുമ്പോൾ ചിലപ്പോൾ രോഗം വ്യാപിക്കുന്ന രാജ്യങ്ങളിലെ /സ്ഥലങ്ങളിലെ ജനങ്ങൾ (Vulnerable) കൂടുതൽ വാക്‌സിൻ പരീക്ഷണങ്ങൾക്ക് വിധേയമാകേണ്ടി വരികയും ഇതിനനുസരിച്ച് കൂടുതൽപേരെ ‘പ്ലാസിബോ ഗ്രൂപ്പിൽ' ( Control) പെടുത്തുകയും ചെയ്‌തേക്കാം.

ഇത് ഒഴിവാക്കാനുള്ള നൈതികരീതിയായി ഗവേഷകർ മുന്നോട്ടു വെക്കുന്ന രീതിശാസ്ത്രം, എല്ലാ പരീക്ഷണ വാക്‌സിനുകൾക്കും കൂടി താരതമ്യത്തിന് ഒറ്റ കൺട്രോൾ ഗ്രൂപ്പിനെ ( shared control) വെക്കുക എന്നതാണ്. അപ്പോൾ ഇതിൽ പെടുത്തുന്ന ആളുകളുടെ എണ്ണവും, പരീക്ഷണത്തിനുള്ള സമയവും ലാഭിക്കാം. ഇതുവഴി പ്രതിരോധഫലം ഒന്നും ലഭിക്കാതെ പരീക്ഷണത്തിന് വിധേയമായി ‘ഗിനി പിഗ്ഗുകൾ' ആകുന്നവരുടെ എണ്ണവും കുറയും. പുതുതായി കൂടുതൽ ‘വാക്‌സിനുകൾ' വിപണികളിൽ എത്തുമ്പോൾ ചിലപ്പോൾ മറ്റ് രോഗനിയന്ത്രണ പ്രവർത്തനങ്ങളിൽ ബോധപൂർവം അയവുവരുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

പക്ഷേ, സാമ്പത്തിക പ്രതിസന്ധികളുടെ കാലത്ത് ഇനി പൈപ്പ് ലൈനിലുള്ള വാക്‌സിൻ കാൻഡിഡേറ്റുകൾക്ക് കൂടുതൽ ഗവേഷണത്തിനും, പരീക്ഷണത്തിനും ഫണ്ട് ലഭിക്കാൻ പ്രയാസമാണ്. അതിന് ചില ഉദാഹരണങ്ങൾ: വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ David curiel ന്റെ നേതൃത്വത്തിൽ വികസിപ്പിച്ച inhale ചെയ്യുന്ന ( മൂക്കിലൂടെ വലിക്കുന്ന ) ‘അഡിനോ വൈറസ് വാക്‌സിന്റെ' ഒരു ഡോസ് തന്നെ വേണ്ടത്ര പ്രതിരോധം കിട്ടുന്നതായി കണ്ടിട്ടുണ്ട്. ഇതുവഴി വൈറസ് അണുബാധ തന്നെ തടയാനും പറ്റും, അമേരിക്കയിലെ തന്നെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ Neil king ന്റെ നേതൃത്വത്തിൽ വികസിപ്പിച്ച നാനോ പാർട്ടിക്കിളിന്റെ കോവിഡ് വാക്‌സിനും കൂടുതൽ ഫണ്ട് ലഭിക്കാത്തതിനാൽ പൈപ്പ്‌ലൈനിൽ പിൻ തള്ളപ്പെട്ടു കിടക്കുകയാണ്.

ആഗോള ഭീഷണി നേരിടാൻ പരസ്പരം കച്ചവടബുദ്ധിയോടെ മത്സരിക്കാതെ എല്ലാവരും ആൾ-വിഭവ ശേഷികളും കോടികളും മുടക്കി കുറെ പരീക്ഷണം നടത്തുന്നതിനെക്കാൾ നല്ലത്, ഫലപ്രദവും വിജയസാധ്യത ഉള്ളവയും മാത്രം കണ്ടെത്തി അന്താരാഷ്ട്ര സഹകരണത്തോടെ ഏകോപനത്തോടെ വാക്‌സിൻ വികസിപ്പിക്കുന്നതല്ലേ ഉചിതം എന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇങ്ങനെ ആയാൽ ഭാവിയിൽ ആവശ്യമുള്ളവർക്ക് ഇവയുടെ ലഭ്യതയും ഉറപ്പിക്കാൻ പറ്റും.

7. വാക്‌സിൻ ലഭിക്കാനുള്ള മുൻഗണനകൾ

വാക്‌സിൻ കണ്ടെത്തുമ്പോൾ അവ കണ്ടുപിടിക്കുന്ന/ പേറ്റന്റ് ലഭിക്കുന്ന രാജ്യങ്ങൾ ‘ഞാൻ ആദ്യം' എന്ന ‘ദേശീയത' പറയാതെ മറ്റ് രാജ്യങ്ങൾക്കും അവ നൽകേണ്ടതുണ്ട്. രോഗവ്യാപനം തീവ്രമായ, സാമ്പത്തിക പ്രതിസന്ധിയുള്ള ദരിദ്ര രാജ്യങ്ങൾക്ക് ഇത് വാങ്ങാൻ വിഭവശേഷി കുറവായിരിക്കും. അതിനാൽ അന്തരാഷ്ട്രതലത്തിൽ ഇപ്പോഴേ വാക്‌സിനുകളുടെ വില നിശ്ചയിക്കുന്നതിനും വിതരണത്തിനും ധാരണ വേണം. സീറം ഇൻസ്റ്റിറ്യൂട്ട് അവർ നിർമ്മിക്കുന്ന വാക്‌സിന് ഇവിടെ 200 രൂപ നിശ്ചയിക്കുകയും നിർമിക്കുന്നതിൽ 50% ഇന്ത്യയിൽ തന്നെ നൽകുമെന്നും പറഞ്ഞിട്ടുണ്ട്.

Photo credit: Unsplash

ഒരു രാജ്യത്തു തന്നെ പരിമിത എണ്ണം വാക്‌സിൻ ലഭ്യമായാൽ ആർക്കാണ് ആദ്യം നൽകണ്ടതെന്ന് ആദ്യമേ ധാരണയുണ്ടാക്കി, ഒരു വാക്‌സിൻ നയം ഉണ്ടാക്കണം. ഇതിൽ മുൻഗണന, രോഗസാധ്യതയും, ഗുരുതര അവസ്ഥകളിലേക്ക് പോകുന്ന റിസ്‌ക് സാധ്യതയും പരിഗണിച്ചായിരിക്കണം. വാക്‌സിൻ ആദ്യം ലഭിക്കേണ്ടതിന്റെ ക്രമം അവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക്, മുതിർന്ന പൗരന്മാർക്ക്, അനുബന്ധ രോഗ മുള്ളവർക്ക്, ഗർഭിണികൾക്ക് എന്നിങ്ങനെയാണ്. ഇവരിൽ തന്നെ ഇപ്പോൾ രോഗം വന്നവരെയും രോഗം വന്ന് പ്രതിരോധം ലഭിച്ചവരെയും ഒഴിവാക്കുകയും ചെയ്യാം. ഇതിന് ചിലപ്പോൾ വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടി വരും.

8. വാക്‌സിനുകളുടെ നിർമാണവും വിതരണവും

ഇപ്പോഴുള്ള വാക്‌സിനുകൾ വഴി ഒരാൾക്ക് രോഗപ്രതിരോധം കിട്ടാൻ രണ്ട് ഡോസ് കുത്തിവെപ്പായി നൽകേണ്ടതുണ്ട്. ലോകത്ത് ഇപ്പോൾ രോഗം വന്ന് ഭേദമായ മൂന്നു കോടി ആളുകൾ ഒഴികെ എല്ലാവരും വാക്‌സിൻ ആവശ്യക്കാരാണ്. ഇതിന് ഏകദേശം 800 X 2 കോടി ( 1600 കോടി) വാക്‌സിൻ വേണ്ടി വരും. ഇവ ചുരുങ്ങിയ ചെലവിൽ നിർമിച്ചു നൽകുന്ന വാക്‌സിൻ നിർമാണ സൗകര്യങ്ങൾ പല രാജ്യങ്ങളിലും ലഭ്യമല്ല ( ലോകത്ത് ആവശ്യമുള്ള 60% വാക്‌സിനുകളും നിർമ്മിക്കുന്നത് ഇന്ത്യയിൽ നിന്നാണ്) പുതിയ RNA വാക്‌സിനുകൾ മൊത്തമായി നിർമിക്കാനുള്ള പ്ലാറ്റ്‌ഫോമുകളും ലൈസൻസിങ് യൂണിറ്റുകളും മിക്ക രാജ്യങ്ങളിലും ലഭ്യമാകാനിരിക്കുന്നതേയുള്ളൂ.

വാക്‌സിൻ പായ്ക്ക് ചെയ്യാനുള്ള ഗ്ലാസ് വയലുകൾ, ഇഞ്ചക്ഷൻ സൂചികൾ എന്നിവക്കുവേണ്ട വസ്തുക്കളുടെ നിർമാണത്തിലും ലഭ്യതയിലും തടസ്സങ്ങളുണ്ട്. പുതിയ RNA വാക്‌സിനുകൾ അവയുടെ ‘പൊട്ടൻസി' നഷ്ടപ്പെടാതെ നിലനിർത്താൻ താഴ്ന്ന താപനിലയിൽ സൂക്ഷിച്ചുവെക്കുന്ന ‘ഡീപ് ഫ്രീസർ' അടക്കമുള്ള കോൾഡ് ചെയിൻ സംവിധാനങ്ങളും നാടുനീളെ ആവശ്യമായി വരും. പല രാജ്യങ്ങളിലും ആവശ്യമായ സാങ്കേതിക വിദ്യകളുടെ കൈ മാറ്റത്തിനും (Tecnology transfer) അവ സ്ഥാപിക്കാനും കാലതാമസമുണ്ടാകും.

ഭൂമിയിൽ നിലനിൽപ്പിനായി മനുഷ്യരാശിയാകെ ‘നൂറു ശതമാനം ശാസ്ത്രീയമായി സാക്ഷ്യപ്പെടുത്താൻ' പറ്റാത്ത പ്രതിരോധമരുന്നുകൾ കണ്ണടച്ച് സ്വീകരിക്കേണ്ടി വരുമ്പോൾ അതിന്റെ വരുംവരായ്കളും മുൻകൂട്ടി കണ്ട് ഭാവിപ്രവർത്തം നടത്താൻ ആസൂത്രണം ആവശ്യമാണ്. മൈതാനങ്ങളിൽ നടക്കുന്ന ഓട്ട മത്സരങ്ങളിൽ ആദ്യം ‘ഫിനിഷിങ് ലൈനിൽ' എത്തുന്നവരെ വിജയിയായി പ്രഖ്യാപിച്ച് വിക്ടറി സ്റ്റാന്റിൽ നിർത്തി മെഡലണിയിക്കുന്നത് ശരിയാണ്; എന്നാൽ വാക്‌സിന്റെ കാര്യത്തിൽ ‘ഫാസ്റ്റ് ട്രാക്ക്' വഴികളിലൂടെ ആദ്യം എത്തുന്നവരെ വിജയിയായി പ്രഖ്യാപിക്കുന്നത് എപ്പോഴും ശരിയാവില്ലെന്നും പകരം, സമയമെടുത്ത് മെല്ലെ എത്തുന്നവർ ചിലപ്പോൾ ‘ഫലപ്രദ വാക്‌സിനു'കൾ കൈയിലുള്ളവരായിരിക്കാമെന്നും ഇപ്പോഴത്തെ പല വാക്‌സിൻ പരീക്ഷണങ്ങളും അറിയേണ്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ പരാജയപ്പെടുകയാണെന്നും ന്യൂയോർക്ക് ടൈംസിൽ (സെപ്തംബർ 22) വന്ന ലേഖനം ചൂണ്ടി ക്കാണിക്കുന്നുണ്ട്.

അതിനാൽ ഇപ്പോഴുള്ള വിജയാരവങ്ങളിൽ ഈ ചോദ്യങ്ങൾ മുങ്ങിപ്പോകാതെ ജാഗരൂകരാകേണ്ടതുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ ആദ്യമായി എത്തുന്ന വാക്‌സിനുകൾ നൽകുന്ന പകുതിയെങ്കിലും ആളുകളിൽ മാത്രമേ രോഗാണുബാധ കുറയുമെന്ന് പ്രതീക്ഷിക്കാൻ വഴിയുള്ളൂ. മറിച്ച്, രോഗബാധിതരിലെ ന്യുമോണിയ പോലുള്ള ഗുരുതരാവസ്ഥകളോ, മരണങ്ങളോ കുറക്കാൻ സഹായകരമാണെന്ന് ഉറപ്പിക്കാനുമാവില്ല എന്നും നമ്മൾ തിരിച്ചറിയേണ്ടതുമുണ്ട്. അതുകൊണ്ട് ഇപ്പോൾ കണ്ടെത്തുന്ന വാക്‌സിൻ ചിലപ്പോൾ ഭൂമിയിലെ കോവിഡ് പ്രശ്‌നത്തിന്റെ പരിഹാരത്തിനായുള്ള അവസാന വാക്ക് ആകണമെന്നില്ല; അതിന് ഇനിയും ആഗോള സഹകരണങ്ങൾ അനിവാര്യമാണ്.

കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസറും യുനെസ്‌കോ ബയോ എത്തിക്‌സ് ചെയർ മേധാവിയുമാണ് ലേഖകൻ

Comments