മഞ്ഞ; സ്വർണത്തിന്റെയും ജേണലിസത്തിന്റെയും

സ്വർണം എന്ന പുരുഷലോഹം പോയ്​മറയുന്ന ഇടങ്ങൾ എപ്പോഴും അന്വേഷണ പരിധികൾക്കു പുറത്താവുന്നതെന്തുകൊണ്ടാണ്? അത്തരം ഇടങ്ങളിലേക്ക് കടന്നുചെല്ലാൻ എന്തുകൊണ്ടാണ് ‘സത്യം' പുറത്തുകൊണ്ടു വരാൻ വ്യഗ്രത കാണിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ മടിക്കുന്നത്?

ധുനിക സമൂഹത്തിൽ വ്യക്തമായ രാഷ്ട്രീയബോധത്തിൽ അധിഷ്ഠിതമായ പൊതുഇടങ്ങളുടെ വളർച്ച മാധ്യമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വികസിത സമൂഹത്തിൽ ജനാധിപത്യ പ്രക്രിയയും മാധ്യമജാഗ്രതയുമായി അഭേദ്യബന്ധമുള്ളതുകൊണ്ടാണ് ഏകാധിപത്യപ്രവണതകൾ കാണിക്കുന്ന ഭരണകൂടങ്ങൾ നിരന്തരം മാധ്യമങ്ങളെ വേട്ടയാടുന്നതും. പക്ഷെ പലപ്പോഴും പരിഷ്‌കൃത സമൂഹം പ്രതീക്ഷിക്കുന്ന ലിംഗനീതിയുടെയും നിഷ്പക്ഷതയുടെയും വെളിച്ചം മാധ്യമങ്ങളിൽ നിന്ന് ഈ കോർപറേറ്റ് സർക്കാറുകളുടെ കാലത്ത് ലഭിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് ദിവസങ്ങളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.
സ്വർണക്കള്ളക്കടത്തും, അതിലെ ‘സ്വപ്ന'യുടെ പങ്കും, ഉന്നതരുടെ ഇടപാടുകളും ഇടപെടലുകളും ഭീകരവാദബന്ധവും മാധ്യമങ്ങൾ ആഘോഷിക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. അനുദിനം ഗുരുതരമായി വരുന്ന കോവിഡ് ബാധയുടെ വിവരങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നതും ശ്രദ്ധിക്കാം. രാഷ്ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ പലരും സംശയനിഴലിലുമാണ്​. ആരോപിതരിൽ ഒരാളൊഴികെ ബാക്കി പുരുഷന്മാരാണ്. ഇതിലെ ഒരു കണ്ണി മാത്രമായ സ്ത്രീ മാധ്യമക്കാഴ്ചയിൽ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയാണ്.

ആരോപിതരിൽ ഒരാളൊഴികെ ബാക്കി പുരുഷന്മാരാണ്. ഇതിലെ ഒരു കണ്ണി മാത്രമായ സ്ത്രീ മാധ്യമക്കാഴ്ചയിൽ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയാണ്. സ്ത്രീക്കു ലഭിക്കുന്ന 'ദൃശ്യത' ഒരു മെലോഡ്രാമയുടെ നിലയിലേക്ക് താഴ്ന്നുപോവുകയാണ്

ചാനൽ ചർച്ച ശ്രദ്ധ അർഹിക്കേണ്ട വിഷയങ്ങളിൽനിന്ന് വഴുതി അതിനു പുറത്തെ ഇടങ്ങളിലേക്ക് മാറിപ്പോകുന്നത് കാണാം. ഇതിൽ സ്ത്രീക്കു ലഭിക്കുന്ന ‘ദൃശ്യത' ഒരു മെലോഡ്രാമയുടെ നിലയിലേക്ക് താഴ്ന്നുപോവുകയാണ്. മറ്റു സാമൂഹിക ഇടങ്ങളിലെ പുരുഷന്റെ മേൽക്കോയ്മയോ വിസിബിലിറ്റിയോ ഈ കോർപറേറ്റ് - മാധ്യമ സമവാക്യങ്ങളിൽ ദൃശ്യമല്ല. ഇതിൽ മാത്രമല്ല കേരളത്തെ, ഇന്ത്യയെ, ലോകത്തെ പിടിച്ചു കുലുക്കിയ ഏതു വിവാദങ്ങളിലും ഉൾപ്പെടുന്ന സ്ത്രീയുടെ ശരീരം തന്നെയാണ് എക്കാലത്തും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളത്.

നിശ്ശബ്ദയായ അർഥവാഹക

ലൈംഗിക ഉത്തേജനത്തിനുള്ള ഉപാധിയായി മറ്റൊരുവന്റെ ശരീരത്തിന്റെ ദൃശ്യം ഉപയോഗിച്ച് അതിൽ ആനന്ദം കണ്ടെത്തുന്നവനാണ് സ്‌കോപോഫിലിക്. അതിന് ഒരുപടി മുകളിൽ അത്തരം നോട്ടങ്ങൾ തരുന്ന ഗൂഢമായ ആനന്ദം സമൂഹത്തിന്റെ മനോഭാവങ്ങൾ നിർണയിക്കാൻ പാകത്തിൽ രൂപപ്പെടുത്തുമ്പോൾ അത് പുരുഷകേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ കൈയാൾ എന്ന പ്രബലസ്ഥാനത്ത് അവരോധിക്കപ്പെടുന്നു. ഇത്തരം മാധ്യമക്കാഴ്ചകൾ പുരുഷകേന്ദ്രീകൃത നോട്ടങ്ങളുടെ ബാക്കിപത്രമാണ്. പുരുഷ കേന്ദ്രീകൃത വ്യവസ്ഥകളിൽ അന്യവൽക്കരിക്കപ്പെട്ടും പാർശ്വവൽക്കരിക്കപ്പെട്ടും നിൽക്കുന്ന സ്ത്രീ, അർത്ഥങ്ങളുടെ സ്രഷ്ടാവല്ല, പകരം വെറും നിശ്ശബ്ദയായ അർഥവാഹക മാത്രമാണ്. കോർപ്പറേറ്റ് ലോകത്തിന്റെ വ്യവഹാരങ്ങൾക്കിടയിൽ നൽകുന്ന ബൗദ്ധികമായ സംഭാവനകൾ എല്ലാം ഈസ്തെറ്റിക് ആയ അലങ്കാരപ്രക്രിയകൾ ആയി ഒതുങ്ങിപ്പോകുന്നതാണ് നാം കണ്ടുവരുന്നത്.
ഓരോ ചാനൽ ചർച്ചയുടെയും ബാക്ക് ഡ്രോപ്പിൽ സ്വപ്നയുടെ ശരീരത്തിനോളം പ്രാധാന്യം, ഒരിക്കലും പൂർണമായി ഉപസംഹരിക്കാനാവാത്ത ചർച്ചകളിൽ ഉരുത്തിരിയുന്ന ചർവിത ചർവണങ്ങൾക്ക് ലഭിക്കുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അവരുടെ വസ്ത്രങ്ങൾ, ധരിക്കുന്നതിന്റെ ശൈലി എല്ലാം ക്യാമറക്കണ്ണുകൾക്കും, അതിലേറെ സൂക്ഷ്മമായ മനുഷ്യനേത്രങ്ങൾക്കും ‘വിഷയ' മാവുന്നതും കാണാം.

കാമുവിന്റെ ‘ദി സ്ട്രെയ്ഞ്ചർ’ എന്ന കഥയിലെ മെർസാൾട് എന്ന കഥാപാത്രത്തെപ്പോലെ, ചെയ്ത സാമ്പത്തിക കുറ്റങ്ങളെക്കാൾ സമൂഹത്തിന്റെ സദാചാര സംഹിതയുടെ ലംഘനം എന്ന ‘മാപ്പ'ർഹിക്കാത്ത വലിയ കുറ്റത്തിനെതിരെ മാധ്യമങ്ങൾ വിധി പ്രസ്താവിക്കുന്നു

സ്വർണ്ണക്കടത്തിന്റെയും അധികാരകേന്ദ്രങ്ങളിലെ നുഴഞ്ഞുകയറ്റങ്ങളുടെയും വസ്തുതകൾ നിലനിൽക്കെത്തന്നെ അത്തരം വാർത്തകളുടെ വിപണനസാധ്യതകൾ സ്ത്രീശരീരത്തിൽ ഒതുക്കി നിർത്തുന്നു എന്നത് ശ്രദ്ധേയമാണ്. ‘സ്വപ്ന'എന്ന പേരിന്റെ രാഷ്ട്രീയവും പ്രസ്താവ്യമാണ്. ‘സ്വപ്ന' എന്ന പദത്തിനൊപ്പം ചേർത്തുവായിക്കാവുന്ന ഭൗതികമായ എല്ലാ വിവക്ഷയും ആ പേരിൽ ദ്യോതിപ്പിച്ചു തന്നെയാണ് മാധ്യമഭാഷ ‘പുരോഗമിക്കുന്നത്'. ഒരു വ്യക്തിയുടെ ‘സ്വകാര്യ'മായ വസ്ത്രധാരണം, വേഷവിധാനങ്ങൾ, ഹെയർസ്റ്റൈൽ... ഇതെല്ലാം സമൂഹത്തിന്റെ പൊതുവിചാരണക്കു വിധേയമാക്കി ചെയ്ത കുറ്റങ്ങൾക്കപ്പുറം ‘സദാചാര'ലംഘനങ്ങളുടെ തലത്തിലേക്ക് ഒതുക്കി (അതോ വളർത്തിയോ)വെടക്കാക്കുന്ന രീതിയാണ് മാധ്യമങ്ങൾ അവലംബിക്കുന്നത്. എന്നുമാത്രമല്ല, കുറ്റവിചാരണ അവരുടെ ധാർമികതയുടെ വിചാരണയായി മാറുന്നു. അവരുടെ വ്യക്തി, വിവാഹ, വിവാഹേതര ബന്ധങ്ങൾ, അതിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ, വിദ്യാഭ്യാസയോഗ്യത തുടങ്ങി എല്ലാം പുതിയ മാനം കൈവരിക്കുന്നു. കാമുവിന്റെ ‘ദി സ്ട്രെയ്ഞ്ചർ’ എന്ന കഥയിലെ മെർസാൾട് എന്ന കഥാപാത്രത്തെപ്പോലെ, ചെയ്ത സാമ്പത്തിക കുറ്റങ്ങളെക്കാൾ സമൂഹത്തിന്റെ സദാചാര സംഹിതയുടെ ലംഘനം എന്ന ‘മാപ്പ'ർഹിക്കാത്ത വലിയ കുറ്റത്തിനെതിരെ മാധ്യമങ്ങൾ വിധി പ്രസ്താവിക്കുന്നു.

അധികാരത്തിന്റെ സർവവ്യാപിയായ കരങ്ങൾ
സമൂഹം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ‘പവർ', ശക്തി / അധികാരം സാമൂഹ്യബന്ധങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും സ്ഥാപനങ്ങളിലും ഇതിലൊക്കെ ഉപരിയായി മനുഷ്യശരീരത്തിലും ശക്തമായ സ്വാധീനം ചെലുത്തി അതിനെ വിവിധ രീതിയിൽ നിയന്ത്രണത്തിനു വിധേയമാക്കിക്കൊണ്ടിരിയ്ക്കുന്നു. മനുഷ്യശരീരത്തെയും അതിന്റെ വ്യവഹാരങ്ങളെയും നിരന്തരമായി, വെളിപ്പെടാതെ നിയന്ത്രിച്ചു പോരുന്ന ഈ വ്യവസ്ഥ, ലൈംഗികതയിലും അതിന്റെ അദൃശ്യകരങ്ങളെ വിന്യസിക്കുന്നുണ്ട്. അധികാരവും അതിന്റെ സൃഷ്ടിയായ അറിവ് /ജ്ഞാനം നിരന്തരം അന്യോന്യം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നും ഇവ രണ്ടും ചേർന്ന് ‘സത്യ'ങ്ങൾ നിർമിക്കുന്നു എന്നും പറയുന്നുണ്ട്. സ്ത്രീയെ വിനോദ ഉപാധിയായും സ്ത്രീ ശരീരത്തെ പ്രദർശനവസ്തുവായും സമൂഹം

പലപ്പോഴും സത്യത്തിന്റെ നിർമിതി തന്നെ സമൂഹത്തിലെ രാഷ്ട്രീയ സാമ്പത്തിക ശക്തികളുടെ ആജ്ഞക്കനുസൃതമാണെന്നും ഇവയെല്ലാം ശക്തി / അധികാര കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും പറയുന്നു

ആഘോഷിക്കുന്നത് അധികാരത്തിന്റെ സർവവ്യാപിയായ കരങ്ങൾ ഉപയോഗിച്ച് തന്നെയാണ്. ഇതെല്ലാം ചേർന്ന് ചമക്കുന്ന ‘സത്യ'ങ്ങൾ ഒരു സ്ത്രീ ശരീരത്തിലേക്കോ പർദ്ദക്കുള്ളിലേക്കോ ഒതുക്കപ്പെടുന്നു. ഈ കാലഘട്ടത്തിൽ ‘പർദ്ദ' യിൽ അധികാരകേന്ദ്രങ്ങൾ ആരോപിക്കുന്ന ഗൂഢമായ അർഥങ്ങളെല്ലാം ഇത്തരം മാധ്യമ വിചാരണകളിൽ അനാവൃതമാവുന്നുണ്ട്.

പുരുഷലോഹം
കേരളത്തിൽ സ്ത്രീ ശരീരത്തിന്റെ ഒരു ഭാഗമായിട്ടാണ് സ്വർണം എന്ന മഞ്ഞലോഹം കണക്കാക്കപ്പെടുന്നത്. ‘കനകം മൂലം കാമിനി മൂലം കലഹം' എന്ന ചൊല്ലും പുരുഷാധിപത്യത്തിൽ അധിഷ്ഠിതമായ ഉപഭോഗ സംസ്‌കാരത്തിന്റെ സൃഷ്ടിയാണ്. ഇതിലെ വിരോധാഭാസം ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, മാധ്യമ ബാന്ധവങ്ങളിൽ കൂടി വെളിവാകുന്നതുപോലെ സ്വർണത്തിന്റെ വൻതോതിലുള്ള വ്യവഹാരങ്ങളും വിനിമയവും ഇപ്പോഴും പുരുഷന്റെ കൈയിൽ തന്നെയാണ്. അത്തരം കൈമാറ്റങ്ങളിലെ ഏറ്റവും അപ്രധാനമായ ഒരു സ്ഥാനമേ പലപ്പോഴും സ്ത്രീകൾക്കുള്ളു. നേരല്ലാതെയുള്ള മാർഗങ്ങളിലൂടെ കടന്നുവരുന്ന ഈ ലോഹം പോയ്മറയുന്ന ഇടങ്ങൾ എപ്പോഴും അന്വേഷണ പരിധികൾക്കു പുറത്താവുന്നതെന്തുകൊണ്ടാണ്? അത്തരം ഇടങ്ങളിലേക്ക് കടന്നുചെല്ലാൻ എന്ത് കൊണ്ടാണ് ‘സത്യം' പുറത്തുകൊണ്ടു വരാൻ വ്യഗ്രത കാണിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ മടിക്കുന്നത്? അലെസാന്ദ്രോ ഫോണ്ടന ഫൂക്കോയുമായി നടത്തിയ ഒരു ഇന്റർവ്യൂവിൽ സത്യം സ്വതന്ത്ര മനസ്സുകളുടെ അവകാശം അല്ല, പകരം രാഷ്ട്രീയ, സാമ്പത്തിക വ്യവഹാരങ്ങളോടുള്ള വിധേയത്വം ആണെന്നും പലപ്പോഴും അതിന്റെ വിനിമയവും ഉപഭോഗവും മാധ്യമങ്ങൾ പോലെയുള്ള സാമൂഹ്യ ഉപകരണങ്ങൾ വഴി ആണെന്നും പ്രസ്താവിക്കുന്നുണ്ട്. പലപ്പോഴും സത്യത്തിന്റെ നിർമിതി തന്നെ സമൂഹത്തിലെ രാഷ്ട്രീയ സാമ്പത്തിക ശക്തികളുടെ ആജ്ഞക്കനുസൃതമാണെന്നും ഇവയെല്ലാം ശക്തി / അധികാര കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും പറയുന്നു. ഇതെല്ലാം ചേർത്തു വായിക്കുമ്പോഴാണ് ‘എല്ലാം അറിയുന്നവൻ' (absolute savant)എന്ന നിലയിൽ നിരന്തരം ചാനലുകളിലെ ചർച്ച കളിൽ കൂടിയും, ഡയഗ്രം വരച്ചും, വൃത്തത്തിൽ അടയാളപ്പെടുത്തിയും മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സത്യനിർമിതിയുടെയും, സ്വകാര്യ ഇടങ്ങളിലേക്ക് തിരിച്ചു വച്ചിരിക്കുന്ന ‘നോട്ട'ങ്ങളുടെയും ലിംഗനീതിനിഷേധത്തിന്റെയും ദുഷിച്ച മറുപുറങ്ങൾ ദൃശ്യമാവുന്നത്.

Comments