നമ്പ്യാർ സാർ ഞങ്ങളുടേയും കോച്ചായിരുന്നു

സാറിന്​ എന്നെ മനസ്സിലായില്ല. ഞാൻ പരിചയപ്പെടുത്തിയപ്പോൾ ചിരിച്ചു കൊണ്ട് ഇന്ത്യ സൃഷ്ടിച്ച എക്കാലത്തേയും വലിയ അത് ലറ്റുകളിലൊരാളായ പി.ടി. ഉഷയോട് എന്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തി പറഞ്ഞു; ‘നോക്കൂ, എന്റെ പഴയ ശിഷ്യനാണ്’ ഉഷ ചിരിച്ചു കൊണ്ട് കൈകൂപ്പി. ഉഷക്ക് നൂറിൽ ഒരു അംശത്തിന് ഒളിമ്പിക് മെഡൽ നഷ്ടമായ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് തൊട്ടു മുൻപായിരുന്നു അത്.

1973 - 74 കാലമാണ്. ഞങ്ങൾ എസ്​.എസ്​.എൽ.സിക്ക്​ പഠിക്കുന്ന കാലം. വടകര ബി.ഇ.എം ഹൈസ്കൂളിൽ അക്കാലത്ത് സ്കൂൾ മദ്ധ്യവേനലവധിക്ക് അടക്കുന്നതിന്റെ ഒന്നുരണ്ടു മാസം മുമ്പാണ് സ്പോർട്സ് മീറ്റ് നടക്കുക. ഞങ്ങൾ ഒൻപതിൽ എത്തിയപ്പോൾ സ്പോർട്സിൽ താൽപര്യമുള്ള ഒരു ഗ്രൂപ്പുണ്ടായിരുന്നു. മണിലാൽ, ഗോപാലകൃഷ്ണൻ , രതീശൻ, പപ്പൻ, മധു, സുധാകരൻ, രമേശൻ , രവി , സുശീൽ കുമാർ എന്നിവരൊക്കെയായിരുന്നു ആ ഗ്രൂപ്പിൽ. ഓട്ടത്തിലും ചാട്ടത്തിലും ഫുട്ബാളിലും വോളിയിലും തുടങ്ങി കിളിമാസ് വരെയുള്ള കളികൾക്ക് ഈ ഗ്രൂപ്പിലുള്ളവർ ആയിരുന്നു മുന്നിൽ.

ആ വർഷത്തെ സ്പോർട്സ് മത്സരങ്ങളിൽ ഞാനായിരുന്നു ജൂനിയർ ചാമ്പ്യൻ. പത്താം ക്ലാസിൽ മൂന്നു നാലു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ഞങ്ങളുടെ സ്പോർട്സ് മാസ്റ്റർ അദ്ദേഹത്തിന്റെ മുറിയിലേക്ക് ഞങ്ങളെ എല്ലാവരേയും വിളിച്ചു വരുത്തി. ഒരു സ്പോർട്സ് കോച്ച് ഒരു മാസം ഞങ്ങളുടെ സ്കൂളിൽ കോച്ചിങ്ങിനായി വരുന്നുണ്ടെന്നു എല്ലാവരും അതിൽ പങ്കെടുക്കണമെന്നും
പറയാനായിരുന്നു മീറ്റിംഗ് . അങ്ങനെ പിറ്റേ ദിവസം ഞങ്ങൾ എല്ലാവരും വൈകുന്നേരം 4 മണിയോടെ കമ്പനി വയൽ എന്നു വിളിക്കുന്ന റെയിൽവേ മൈതാനത്ത് എത്തി. സുമുഖനായ ഒരാൾ വെള്ള ഷോർട്സും വെള്ള ജേഴ്സിയുമിട്ട് വെള്ളത്തൊപ്പി വച്ച്, കഴുത്തിൽ ഒരു വിസിൽ തൂക്കിയിട്ട് അവിടെ ഞങ്ങളെ കാത്തു നിന്നിരുന്നു. വരിയായി ഞങ്ങളെ നിർത്തിയ ശേഷം അയാൾ സ്വയം പരിചയപ്പെടുത്തി. ഞാൻ നിങ്ങളുടെ കോച്ച് ഒ.എം. നമ്പ്യാർ.

അന്നാണ് ഒരു സ്​പോർട്​സ്​ കോച്ചിനെ ഞങ്ങൾ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.. ഓട്ടവും ചാട്ടവുമൊക്കെ നമുക്കറിയാലോ
ഇദ്ദേഹമെന്ത് പഠിപ്പിക്കാനാണ് എന്ന ഞങ്ങളുടെ തോന്നൽ ആദ്യ ദിവസം തന്നെ മാറിക്കിട്ടി. Standing position -ൽ നിന്ന് ഓടാൻ തുടങ്ങിയ ഞങ്ങളെ ഇരുന്നിട്ടുള്ള ആധുനിക സ്റ്റാർട്ടിങ് ടെക്​നിക്​ പഠിപ്പിച്ചപ്പോൾ ഞങ്ങൾ അമ്പരന്നുപോയി. വേഗത കൂട്ടാൻ തല എങ്ങിനെ വെക്കണം, കൈകൾ എങ്ങിനെ വീശണം എന്നു തുടങ്ങി ഒട്ടേറെ കാര്യങ്ങൾ. സ്റ്റോപ്പ് വാച്ച് കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു.
ഞങ്ങളുടെ സ്കൂൾ സീനിയർ ചാമ്പ്യൻ രമേശൻ വേണ്ടി വന്നാൽ അന്നത്തെ ഒളിമ്പിക് ചാമ്പ്യൻ ബോർ സോ വിനേയും ‘പൊട്ടിക്കും'- അതായിരുന്നു അന്നത്തെ കോഡ് വാക്ക് - എന്ന് ഞങ്ങൾ കാര്യമായി വിശ്വസിച്ചിരുന്നു.

രമേശിന്റെ നൂറു മീറ്റർ സമയം 22 സെക്കന്റാണ് എന്നും
ബോർസോവ് നൂറു മീറ്റർ അവസാനിപ്പിക്കുമ്പോൾ രമേശൻ പാതി ദൂരം പോലും പിന്നിട്ടിട്ടുണ്ടാവില്ലെന്നും മണിലാൽ കണക്കുകൂട്ടി പറഞ്ഞപ്പോൾ ഞങ്ങൾ തകർന്നു പോയി. നമ്പ്യാർ സാറിന്റെ സ്റ്റോപ് വാച്ച് നടക്കാത്ത വാച്ചാണെന്ന് ഞങ്ങൾ സ്വകാര്യമായി പ്രചരിപ്പിച്ചു ആശ്വാസം കൊണ്ടു.

പി.ടി. ഉഷയോടൊപ്പം ഒ.എം. നമ്പ്യാർ

സ്പൈക്സ് ആദ്യമായി നമ്പ്യാർ സാർ പരിചയപ്പെടുത്തിയ ദിവസം അത് ധരിച്ചാൽ നിശ്ചയമായും സ്പീഡ് കുറയും എന്ന് ഞങ്ങൾ പിരിഞ്ഞു പോവുമ്പോൾ ചർച്ച ചെയ്ത ഉറപ്പിച്ചു. അടിഭാഗത്ത് മുള്ളുകൾ ഉള്ള ആ ‘സാധനം' മൈതാനത്ത് ആഴ്ന്നു പോവുമെന്നും പറിച്ചെടുക്കുന്നത് ആയാസകരമായിരിക്കുമെന്നും, അത് ധരിച്ചില്ലെങ്കിൽ ബോർസോവിന് മിക്കവാറും പത്തു സെക്കന്റിൽ താഴെ ഓടാനാവുമെന്നും ഞങ്ങളുടെ സ്പോർട്സ് തിയറിറ്റീഷ്യൻ ഗോപാലകൃഷ്ണൻ പ്രസ്താവിച്ചു. പക്ഷേ ഞങ്ങൾ അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയത് അദ്ദേഹം ഹൈജമ്പിന്റെ പുതിയ രീതി കാണിച്ചു തന്നപ്പോഴാണ്. തല ആദ്യം ബാറിനു മേലെ കടത്തി മലർന്ന് ചാടുന്ന രീതി ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.
ഫോസ്ബറി ഫ്ലോപ് എന്ന് അതിന്റെ പേര് പറഞ്ഞപ്പോഴും അതിനു മുമ്പത്തെ ഒളിമ്പിക്സിൽ ഫോസ് ബറിഎന്ന ഒരാളാണ് അത് അവതരിപ്പിച്ചതെന്നും പറഞ്ഞപ്പോൾ ഞങ്ങൾ ഇ മയനക്കാതെ നമ്പ്യാർ സാറിനെ നോക്കി നിന്നു.

മെക്സിക്കോ ഒളിമ്പിക്സിൽ ബോബ് ബീമൻ ചാടിയ ദൂരം, 29 അടി 2.5 ഇഞ്ച്, അടയാളപ്പെടുത്തി ഞങ്ങളെക്കൊണ്ട് ചാടിച്ചപ്പോൾ ഞങ്ങൾ മൂന്നുചാട്ടം ചാടിയാലും ആ ദൂരം എത്താത്തതിനാൽ എന്തോ കള്ളക്കളിയായിരിക്കും ആ ദൂരം എന്ന് ഞങ്ങൾ ന്യായമായും സംശയിച്ചു. ഒരു ദിവസം മധുവിന്റെ കാൽ
സ്പൈക്സിന്റെ ആണികൊണ്ട് ആഴത്തിൽ മുറിഞ്ഞ്, ധാര ധാരയായി ഒഴുകുന്ന രക്തം കണ്ട് ഞങ്ങളെല്ലാവരും സ്തംഭിച്ചു നിന്നു. ഓടിപ്പോയി സ്വന്തം ബാഗ് എടുത്തു കൊണ്ടുവന്ന് ഏതോ ലോഷൻ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കിയ ശേഷം ഒരു ഓയിന്റ്മെന്റ് വെച്ച് , ബാൻഡേജു കൊണ്ട് ഡ്രസ് ചെയ്തതിനു ശേഷം നമ്പ്യാർ സാർ മധുവിനോട് പറഞ്ഞു, വീട്ടിൽ പോയി രണ്ടു ദിവസം റെസ്റ്റ് എടുത്തിട്ട് വന്നാൽ മതി. , ടി.ടി എടുക്കാൻ ഞാൻ പറഞ്ഞു എന്ന് വീട്ടിൽ പറയണം . അന്ന് അദ്ദേഹം കാണിച്ച മന: സാന്നിദ്ധ്യവും, കരുതലും പിന്നീട് പല സമാന ഘട്ടങ്ങളിലും ഗൃഹാതുരതയോടെ ഞാൻ ഓർത്തിട്ടുണ്ട്.

എല്ലാ ദിവസവും കൃത്യം 4 മണിക്ക് അദ്ദേഹം ആദ്യമെത്തുകയും ഞങ്ങളെ കാത്തു നിൽക്കുകയും ചെയ്തു. പക്ഷേ ഒരിക്കലും - പലപ്പോഴും ക്ലാസിലെ അനുഭവങ്ങൾ കൊണ്ട് ഞങ്ങൾ ഉറപ്പിച്ചി രുന്നെങ്കിലും - ഞങ്ങളെ വഴക്കു പറഞ്ഞില്ല. എപ്പോഴും മന്ദഹസിക്കുന്ന ചുറുചുറുക്കാർന്ന ഒരു രൂപമായിരുന്നു നമ്പ്യാർ സാർ. 6 മണിക്ക് ഞങ്ങളെ എന്നും കൈവീശി യാത്രയാക്കി അദ്ദേഹം. ആ മണിക്കൂറുകൾ ഞങ്ങളെ സംബന്ധിച്ച് എത്രയോ ആപ്ലാദകരമായിരുന്നു. ഞങ്ങളുടെ കൂടെ കളിക്കുകയും, തമാശ പറയുകയും അതിനിടയിലെപ്പോഴോ ഞങ്ങളെ കോച്ച് ചെയ്യുകയും എപ്പോഴും പ്രോത്സാഹിക്കുകയും ചെയ്യുന്ന വഴക്കു പറയാത്ത ഒരു സാറിനെ ഞങ്ങൾക്ക് അതുവരെ
പരിചയമുണ്ടായിരുന്നില്ല.

ഒരു മാസം പെട്ടെന്ന് കടന്നു പോയി. ഞങ്ങൾ 20 പേർക്കും അന്നത്തെ ഞങ്ങളുടെയൊക്കെ സ്വപ്നമായിരുന്ന പാൽ ഐസ് സ്റ്റിക് വാങ്ങി ത്തന്നിട്ടാണ് അദ്ദേഹം ഞങ്ങളോട് വിട പറഞ്ഞത്. ഒരിക്കൽ കൂടി വരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഇന്ത്യൻ സ്പോർട്സിന്റെ ഭാഗ്യത്തിന് ഞങ്ങളെല്ലാവരും സ്പോർട്സ് രംഗം താമസിയാതെ കൈവിട്ടു.. അധികം വൈകാതെ പി.ടി ഉഷയെ അദ്ദഹത്തിന് ശിഷ്യയായി ലഭിക്കുകയും ഇന്ത്യൻ സ്പോർട്സ് രംഗത്ത് നമ്പ്യാർ സാർ അന്നുവരെ ഒരു അത് ലറ്റിക് കോച്ചിനും ലഭിക്കാത്ത പ്രാധാന്യം നേടുകയും ചെയ്തു. തിരിച്ച് ക്ലാസിലെത്തിയ ഞങ്ങളെ ക്ലാസ് ടീച്ചർ, സൂസൻ മാഡം, നിങ്ങളൊക്കെ ഇപ്പോൾ വളരെ നല്ല കുട്ടികളായല്ലോ എന്ന് അഭിനന്ദിച്ചപ്പോൾ പോലും ഞങളുടെ സ്വഭാവ രൂപീകരണത്തിൽ വരെ നമ്പ്യാർ സാർ എങ്ങിനെ നിശ്ശബ്ദമായി ഇടപെട്ടു എന്ന് ഞങ്ങൾക്കന്ന് മനസ്സിലായില്ലല്ലോ എന്ന് വർഷങ്ങൾക്കിപ്പുറത്ത് നിറഞ്ഞ ഖേദത്തോടെ തിരിച്ചറിയുന്നു....

വളരെ വർഷങ്ങൾക്കു ശേഷം ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ഫൈനലിയർ പഠിക്കുമ്പോൾ, ഒരു ദിവസം നമ്പ്യാർ സാറിനെ ദൂരെ നിന്ന് കണ്ടു. ഐ.എം.സി.എച്ചിന്റെ മുന്നിൽ ഉഷയോടൊത്ത് നിൽക്കുകയായിരുന്നു സാർ. കണ്ടപ്പോൾ സാറിന് മനസ്സിലായില്ല. പറഞ്ഞപ്പോൾ സാർ വികാരാധീനനായി. ചിരിച്ചു കൊണ്ട് ഇന്ത്യ സൃഷ്ടിച്ച എക്കാലത്തേയും വലിയ അത് ലറ്റുകളിലൊരാളായ ഉഷയോട് എന്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തി പറഞ്ഞു; ‘നോക്കൂ, എന്റെ പഴയ ശിഷ്യനാണ്’
ഉഷ ചിരിച്ചു കൊണ്ട് കൈകൂപ്പി. ഉഷക്ക് നൂറിൽ ഒരു അംശത്തിന് ഒളിമ്പിക് മെഡൽ നഷ്ടമായ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് തൊട്ടു മുൻപായിരുന്നു അത്.

അദ്ദേഹം സ്നേഹത്തോടെ പരിശീലിപ്പിച്ച ആയിരക്കണക്കിന്
അത് ലറ്റുകളുടെ ഏറ്റവും ഒടുവിലത്തെ നിരയിൽ നിന്ന്, പെരുവിരലിലുയർന്ന് ഞാൻ അദ്ദേഹത്തെ കാണുന്നു.. വിറയാർന്ന കൈകൾ കൂപ്പി ഹൃദയത്തിന്റെ അഗാധതയിൽ നിന്നു വരുന്ന വാക്കുകൾ ഉച്ചരിക്കട്ടെ , പ്രിയ നമ്പ്യാർ സാർ ,വിട. മൈതാനത്തും ജീവിതത്തിലും നിങ്ങൾ പ്രവത്തിച്ചു കാണിച്ചു തന്ന മൂല്യങ്ങൾ എത്ര മാത്രം വിലയുറ്റതാണെന്ന് ,ഇന്ന് ഞങ്ങൾ വേപഥുവോടെ തിരിച്ചറിയുന്നുണ്ട്. കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വിട .

Comments