‘ഡോക്ടേഴ്സ് ഡേ’യിൽ
മറക്കാൻ പാടില്ലാത്ത ഒരു പേര്,
ഡോ. ബിനായക് സെൻ
‘ഡോക്ടേഴ്സ് ഡേ’യിൽ മറക്കാൻ പാടില്ലാത്ത ഒരു പേര്, ഡോ. ബിനായക് സെൻ
ഒരു ഡോക്ടര്‍ക്ക് എത്രത്തോളം സാമൂഹ്യ പ്രതിബദ്ധതയാകാമെന്നതിന് ബിനായക് സെന്നില്‍ കവിഞ്ഞൊരു ഉത്തരമുണ്ടെന്നു തോന്നുന്നില്ല. ഇത്തരം മാതൃകകളെ പുതിയ വൈദ്യവിദ്യാര്‍ത്ഥികള്‍ എങ്ങനെ കാണും എന്നറിയില്ല. ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ദിനമായി ആചരിക്കുമ്പോൾ, ഡോക്ടർമാർക്കുണ്ടാകേണ്ട സാമൂഹ്യബോധത്തെക്കുറിച്ച് ഒരു വിചാരം.
1 Jul 2022, 09:10 AM
സര്‍വ്വേശ്വര്‍ ദയാല്‍ സക്‌സേനയുടെ ഒരു കവിതാശകലമുണ്ട്,
‘നിങ്ങളുടെ വീട്ടില്‍ ഒരു മുറിയില്‍ തീ പടരുമ്പോള്‍
അടുത്ത മുറിയില്‍ നിങ്ങള്‍ക്കുറങ്ങാനാകുമോ?
നിങ്ങളുടെ വീട്ടില്‍ ഒരു മുറിയില്‍ കബന്ധങ്ങള്‍ അഴുകുമ്പോള്‍
തൊട്ടടുത്ത മുറിയില്‍ പ്രാര്‍ത്ഥന നടത്താന്‍ നിങ്ങള്‍ക്കാകുമോ?
നിങ്ങള്‍ക്കത് ചെയ്യാനാകുമെങ്കില്‍ എനിക്ക് നിങ്ങളോടൊന്നും പറയാനില്ല.'
സഹജീവികളുടെ വേദനയെക്കുറിച്ച് ഒന്നും ആലോചിക്കേണ്ടതില്ലെന്നും തന്നെ നേരിട്ടു ബാധിക്കാത്ത ഒരു പ്രശ്‌നത്തിലും അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും ഉറച്ചുവിശ്വസിക്കുന്നവരുടെ ലോകം വിസ്തൃതമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് വംശനാശ ഭീഷണി നേരിടുന്ന ഒരു വര്‍ഗമാണ് സാമൂഹ്യബോധമുള്ളവരുടേത്. ലോകത്തിലെ ബഹു ഭൂരിപക്ഷത്തിന്റെയും കണ്ണില്‍ അവര്‍ ഒറ്റപ്പെട്ടതും പരാജയപ്പെട്ടതുമായ മാതൃകയായി അവഗണിക്കപ്പെടുമ്പോള്‍ അവരുടെ കനിവിന്റെ സ്പര്‍ശം അനുഭവിച്ച ഒരു ന്യൂനപക്ഷത്തിന്റെ മനസ്സില്‍ അവര്‍ കണ്‍ കണ്ട ദൈവങ്ങളാവും. അത്തരം മനുഷ്യജന്മങ്ങള്‍ ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞവയെന്ന് ചരിത്രം എഴുതിവെയ്ക്കും.
ഏതു തൊഴിലെടുത്താലും അവര്‍ ആ മേഖലയില്‍ മാനവികബോധത്തിന്റെ പ്രകാശം നിറയ്ക്കാന്‍ ശ്രമിക്കും. ജീവിതം വെല്ലുവിളിയാകുമ്പോഴും ജീവന്‍ തന്നെ ഭീഷണിയിലാകുമ്പോഴും അസ്തിത്വത്തിന്റെ ആത്യന്തികലക്ഷ്യം മുന്നില്‍ കാണുന്ന അത്തരം മനുഷ്യരാണ് ഈ ലോകത്തെ യഥാര്‍ത്ഥത്തില്‍ പ്രകാശപൂരിതമാക്കുന്നത്. ഡോക്ടര്‍മാരില്‍ ഈ സാമൂഹ്യബോധം നിറയുമ്പോള്‍ അതിന് തെളിച്ചമേറും.
‘ഡോക്ടര്‍സ് ഡേ’ ആചരിക്കുന്ന ജൂലൈ ഒന്ന് ഡോ.ബിധന്‍ ചന്ദ റോയിയുടെ ജനനവും മരണവും നടന്ന തീയ്യതിയാണ് (ഒന്ന് ജൂലൈ, 1882 - ഒന്ന് ജൂലൈ, 1962). മികച്ച ഡോക്ടര്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സ്വാതന്ത്ര്യസമര സേനാനി, സാമൂഹ്യ പ്രവര്‍ത്തകന്‍, രാഷ്ട്രമീമാംസകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ അദ്ദേഹം 14 വര്‍ഷം ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. സാമൂഹ്യബോധത്തിന്റെ കൈത്തിരി നിരവധിപേരിലേക്ക് അദ്ദേഹം പടര്‍ത്തി. അങ്ങനെ പകര്‍ന്നു കിട്ടിയവരില്‍ ആദ്യമറിയേണ്ട ഒരാള്‍ ഡോ. ബിനായക് സെന്നാണ്.
ഡോ. ബിനായക് സെൻ ഒരു ശിശുരോഗവിദഗ്ധനായിരുന്നു. തന്റെ നാട്ടിലെ കുട്ടികളെ ബാധിച്ചുകൊണ്ടിരുന്ന പല ആരോഗ്യപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം പോഷകാഹാര ക്കുറവാണെന്നും മരുന്നു കൊണ്ടുമാത്രം അവരെ ചികിത്സിക്കാന്‍ കഴിയില്ലെന്നും മനസ്സിലാക്കി, ആരോഗ്യമേഖല മെച്ചപ്പെടണമെങ്കില്‍ ആ മേഖലയുടെ പുറത്തേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തില്‍ അദ്ദേഹം സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ രംഗങ്ങളിലേക്ക് തന്റെ കര്‍മമണ്ഡലം വ്യാപിപ്പിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും ഭരണകൂടത്തിനു മുന്നിലെത്തിക്കാനും ശ്രമിച്ചു. ഇതിന്റെ പേരില്‍ അദ്ദേഹത്തെ ഒരു തീവ്രവാദിയായും രാജ്യദ്രോഹിയായും മുദ്രകുത്തി ജയിലിലടക്കുകയാണ് നീതിപീഠം ചെയ്തത്.
ഇന്നത്തെ കാലത്തെ ഡോക്ടര്‍മാര്‍ക്കും വൈദ്യവിദ്യാര്‍ഥികള്‍ക്കും അവിശ്വസനീയമായി തോന്നാവുന്ന സാമൂഹ്യ പ്രതിബദ്ധതയും വൈദ്യ മാനവികതയും പുലര്‍ത്തിയ ഒരാളാണ് ഡോ. ബിനായക് സെന്‍. രോഗികള്‍ കൃത്യമായി മരുന്നു കഴിക്കുന്നുണ്ടോ എന്നറിയാന്‍ ഹോസ്പിറ്റല്‍ റെക്കോഡ്‌സില്‍ നിന്ന് അവരുടെ വിലാസം തേടിപ്പിടിച്ച് കുടിലുകളില്‍ പോയി താമസിച്ച് സ്‌നേഹപൂര്‍വ്വം ശാസിക്കുന്ന ഒരു ഡോക്ടറെ ഇന്ന് സ്വപ്നം കാണാന്‍ പോലുമാവില്ലല്ലോ. ബിനായക് സെന്‍ അങ്ങനെ ഒരു മനുഷ്യനായിരുന്നു. വളരെ സുരക്ഷിതവും കൂടുതല്‍ പ്രയാസപ്പെടാതെ പണം സമ്പാദിക്കാന്‍ കഴിയുന്നതുമായ സാഹചര്യങ്ങളുണ്ടായിട്ടുകൂടി ഏറെ വെല്ലുവിളികളുയര്‍ത്തുന്ന മേഖലയിലേക്ക് സ്വയം സ്വയം എടുത്തുചാടുക എന്നത് സാധാരണ മനുഷ്യര്‍ക്ക് പറ്റുന്ന കാര്യമല്ല. വ്യക്തിപരമായ സുഖസൗകര്യങ്ങള്‍ ബലികഴിച്ച് സമൂഹത്തിലെ അധ:കൃതര്‍ക്കു വേണ്ടി സേവനം ചെയ്യാനുള്ള തീരുമാനം യാദൃശ്ചികമായി ഉണ്ടായതല്ല.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ മുതല്‍ സോഷ്യലിസത്തിന്റെ ആശയങ്ങളില്‍ പ്രചോദിതനായ ബിനായക് മനുഷ്യാവകാശങ്ങളെക്കുറിച്ച് ഏറെ ബോധവാനായിരുന്നു. സഹാനുഭൂതിയും ധാര്‍മ്മിക വിശ്വാസങ്ങളും മാനുഷിക മൂല്യങ്ങളും നിറഞ്ഞ സ്വഭാവം അദ്ദേഹത്തിന് പൈതൃകമായി ലഭിച്ചിരുന്നു. വളര്‍ന്നുവന്ന കുടുംബ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് ഇതിലേക്കുള്ള വഴി കാണിച്ചു കൊടുക്കുകയും ചെയ്തു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയതോടെ വൈദ്യത്തെ ജനകീയ സേവനമാക്കി മാറ്റാനുള്ള തീരുമാനത്തിന് ഉറപ്പേറി.
വൈദ്യശാസ്ത്രത്തിന്റെ സാമൂഹ്യ വ്യാപ്തിയെപ്പറ്റി ആശയപരമായ ചര്‍ച്ചകള്‍ നടത്താനും സാംസ്‌കാരിക മുന്നേറ്റങ്ങള്‍ വഴി ജനങ്ങളില്‍ ശാസ്ത്രാവബോധം ഉണ്ടാക്കാനും കാര്യങ്ങളെല്ലാം വിമര്‍ശനപരമായി ചര്‍ച്ച ചെയ്യാനും ഒരു ബൗദ്ധിക കലാപകാരിയുടെ നിലയിലേക്ക് വളരാനും അദ്ദേഹത്തെ സഹായിച്ചത് ഈ വൈദ്യ പഠനകാലം തന്നെയാണ്.
കൂടുതല്‍ പണം സമ്പാദിക്കുന്ന ഡോക്ടര്‍മാരെ ആദര്‍ശ മാതൃകകളാക്കുന്ന പുതിയ തലമുറ വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക് ബിനായക് സെന്‍ ഒരു പരാജിത മാതൃക മാത്രമായിരിക്കാം. എന്നാല്‍ സാമൂഹ്യബോധമുള്ള ഡോക്ടര്‍മാരെ ഉണ്ടാക്കുക എന്ന വൈദ്യവിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത നയത്തിന് ഏറ്റവും നല്ല മാതൃകയാണ് സെന്‍. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങളോട് കൂടുതല്‍ സൂക്ഷ്മസംവേദനം പുലര്‍ത്തുന്ന വൈദ്യന്മാരെ ക്കൂടി ഇന്നത്തെ സമൂഹത്തിന് ആവശ്യമുണ്ടല്ലോ. അതില്‍ അന്തര്‍ലീനമായ സന്തോഷങ്ങളും വിജയങ്ങളും തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും പറ്റുന്നവര്‍ക്കേ അത്തരം മാതൃകകളെക്കുറിച്ച് പഠിക്കാനാഗ്രഹമുണ്ടാവൂ.
പഠനശേഷം ബിനായക് സേവനമാരംഭിച്ചത് ഭിലായ് ഉരുക്കു നിര്‍മ്മാണ ശാലയിലെ തൊഴിലാളികള്‍ക്കുവേണ്ടി ഉണ്ടാക്കിയ ഷഹീദ് ആശുപത്രിയിലാണ്. ഒരു പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെയൊരു ഒരു ആശുപത്രി സ്ഥാപിക്കപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികളും കമ്പനി ആശുപത്രികളും മേല്‍ത്തട്ടിലുള്ളവരെയും സ്ഥിരം തൊഴിലാളികളെയും മാത്രം പ്രവേശിപ്പിച്ചപ്പോള്‍ ഖനികളിലെ സാധാരണ കരാര്‍ തൊഴിലാളികള്‍ക്കും കഴിവില്ലാത്ത ജനങ്ങള്‍ക്കും പോകാനിടമില്ലാതായി. അത്തരത്തില്‍ ഒരു സ്ത്രീതൊഴിലാളി പ്രസവത്തിനിടയില്‍ മരിച്ചതിനുശേഷം രോഷാകുലരായ തൊഴിലാളികളെടുത്ത തീരുമാനപ്രകാരമാണ് ആശുപത്രി പടുത്തുയര്‍ത്തിയത്.
തുച്ഛമായ ഫീസ് വാങ്ങിയാണ് ബിനായക് ചികിത്സിച്ചത്. പണമി ല്ലാത്തവരെ സൗജന്യമായും ചികിത്സിച്ചു. ഓരോ രോഗത്തിന്റെയും ചികിത്സയുടെയും വിവിധ വശങ്ങളെക്കുറിച്ച് വിശദമായി വിവരിച്ചുകൊണ്ടാണ് അദ്ദേഹം രോഗികളെ പരിശോധിച്ചത്. അവരുടെ കുടിലുകളില്‍ ചെന്നും സേവനം ചെയ്യാന്‍ യാതൊരു സങ്കോചവും അദ്ദേഹത്തിന് തോന്നിയില്ല.
ശങ്കര്‍ ഗുഹാ നിയോഗിയുമായി ചേര്‍ന്ന് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ബിനായക് നേതൃത്വം നല്‍കി. മുതലാളിമാര്‍ ജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്ത് അവരെ പീഡിപ്പിക്കുന്നതിന് അറുതിവരുത്താനായി ഗ്രാമീണ മേഖലയിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാ ക്കുകയാണ് അവര്‍ പ്രധാനമായും ചെയ്തത്. അതിനിടെ നിയോഗി നിഷ്ഠൂരമായി കൊല്ലപ്പെട്ടുവെങ്കിലും ബിനായക് തന്റെ പ്രവര്‍ത്തന പഥത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല. സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലേശകരമായ ആ പാത ബിനായക് സ്വയം തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ചു വയസ്സിനുമുമ്പ് മുമ്പ് ഓരോ അഞ്ചു മിനിറ്റിലും ഇന്ത്യയില്‍ 21 ലക്ഷം കുട്ടികള്‍ മരിക്കുന്നുണ്ടെന്നാണ് യു.എന്‍ കണക്ക്. കൂടുതലും, പ്രതിരോധിക്കാവുന്ന രോഗങ്ങളായ മലമ്പനി, ടൈഫോയ്ഡ്, അതിസാരം ന്യുമോണിയ എന്നിവ ബാധിച്ചാണ്. അതാകട്ടെ പോഷകാഹാര ദൗര്‍ലഭ്യം മൂലവും. പ്രശ്‌നത്തിന്റെ ഗൗരവം നേരത്തെ തിരിച്ചറിയാനും ഗ്രാമഗ്രാമാന്തരങ്ങളില്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്താനുമായി ബഗ്‌റൂമ്‌നല കേന്ദ്രീകരിച്ച് ആരംഭിച്ച രൂപാന്തര്‍ എന്ന സംഘടനയിലൂടെ സന്നദ്ധ സേവകരായ ആരോഗ്യപ്രവര്‍ത്തകരെ ഡോക്ടര്‍ സെന്‍ പരിശീലിപ്പിച്ചെടുത്തു. കുഗ്രാമങ്ങളില്‍ വരെ ക്ലിനിക്കുകള്‍ സ്ഥാപിച്ച് വൈദ്യ സേവനം ഉറപ്പു വരുത്താനായി വനിതാ സ്വയം സഹായ സംഘങ്ങളും പോഷകാഹാര ലഭ്യത അത് ഉറപ്പുവരുത്താൻ ജൈവകൃഷിയും പ്രോത്സാഹിപ്പിച്ചു. ബിലാസ്പുരിൽ ജന്‍ സ്വാസ്ഥ്യ സഹയോഗിന് നേതൃത്വം നല്‍കി പരിശോധനയും ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഗ്രാമീണര്‍ക്ക് ലഭ്യമാക്കി. സാമൂഹ്യാടിസ്ഥാനത്തിലുള്ള ആരോഗ്യ പരിരക്ഷയ്ക്ക് നല്ലൊരു മാതൃകയായിരുന്നു അത്.
ഗ്രാമീണര്‍ക്ക് ആരോഗ്യത്തെ പ്പറ്റിയുള്ള അടിസ്ഥാന അറിവ് പകര്‍ന്നുനല്‍കുക വഴി വൈദ്യശാസ്ത്രത്തെ ഒരു ഒരു നിഗൂഢ മാന്ത്രിക പദ്ധതിയായി പ്രചരിപ്പിക്കാതെ, ജനങ്ങളിലേക്ക് ആ അറിവുകള്‍ തുറന്നുവെച്ച് അറിവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്.
ഡോക്ടര്‍മാരുടെ സാമൂഹ്യപ്രതിബദ്ധതയില്‍ ഏറ്റവും ഉദാത്തമായ മാതൃക സെന്‍ സൃഷ്ടിച്ചത് രോഗങ്ങളുടെ അടിസ്ഥാനകാരണമായ സാമൂഹ്യ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടാണ്. ഗ്രാമീണ ഇന്ത്യയില്‍ ആരോഗ്യ സേവനത്തിനും ആ മേഖലയിലെ വികസനത്തിനും എന്തുകൊണ്ട് കൂടുതല്‍ പണം നീക്കി വെയ്ക്കുന്നില്ല എന്നത് ഒരു മെഡിക്കല്‍ കോളേജിലും പഠിപ്പിക്കുന്ന വിഷയമല്ല. കുടിയിറക്കപ്പെട്ടവര്‍ക്കും അക്രമങ്ങള്‍ക്കിരയായവര്‍ക്കും ആരോഗ്യസേവനങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റെ കാരണം തേടി ആരും ഗവേഷണം നടത്തിയിട്ടില്ല. വെള്ളവും ഭക്ഷണവും പാര്‍പ്പിടവുമെല്ലാം വെറും സ്വപ്നത്തില്‍ മാത്രം കാണാന്‍ വിധിക്കപ്പെട്ടവരുടെ ധര്‍മ്മസങ്കടങ്ങളോ ആരോഗ്യ സേവനത്തിന്റെ രാഷ്ട്രീയമോ ഒന്നും ഡോക്ടര്‍മാര്‍ അറിയേണ്ട കാര്യമല്ലെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. ഈ അതിര്‍വരമ്പ് തകര്‍ത്തുകൊണ്ടാണ് സെന്‍ തന്റെ ആരോഗ്യ പ്രവര്‍ത്തനം തന്നെ ഒരു രാഷ്ട്രീയ സമരമാക്കി മാറ്റിയത്.
സര്‍ക്കാറിന്റെ നേരിട്ടുള്ള സഹായമെത്താത്ത ഉള്‍നാടുകളിലും ആദിവാസി ഗ്രാമങ്ങളിലും മറ്റ് ഡോക്ടര്‍മാരുടെ കൂടി സഹകരണത്തോടെ സെന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളോടെ ആശുപത്രികള്‍ പ്രവര്‍ത്തിപ്പിച്ചു. പരിശീലിപ്പിക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ സാമൂഹ്യ ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കി. ആരോഗ്യം എന്നത് ഒരു മനുഷ്യാവകാശവും അത് നിഷേധിക്കപ്പെടുന്നത് മനുഷ്യാവകാശ ലംഘനവുമാകുമ്പോള്‍ ആരോഗ്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സമരത്തിന്റെ ഛായ വരുന്നത് സ്വാഭാവികമാണ്.
അത് താന്‍ ചെയ്യേണ്ട ഒരു പ്രവര്‍ത്തനമാണ് എന്ന് ഉറച്ച വിശ്വാസത്തോടെയാണ് സെന്‍ അതില്‍ മുഴുകിയത്. ഭരണകൂടത്തിന്റെ കനിവ് ലഭിക്കാത്ത മുഴുവന്‍ അധ: കൃതരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു.
അതുകൊണ്ടുതന്നെ മാവോവാദി വിരുദ്ധ മുന്നേറ്റം എന്ന നിലയില്‍ ഭരണകൂടം ആസൂത്രണം ചെയ്ത ശുദ്ധീകരണ വേട്ട (സല്‍വാ ജുദും) യില്‍ ബിനായക് സെന്‍ പ്രതിയായി. ഖനന ആവശ്യത്തിനായി ഭൂമി ഒഴിപ്പിച്ചു കിട്ടാനുള്ള കോര്‍പറേറ്റ് വ്യവസായികളുടെ ഒരു തന്ത്രം കൂടിയായിരുന്നു ആ വേട്ട. ആയിരക്കണക്കിന് ആദിവാസിക കളയാണ് പട്ടാളക്കാര്‍ നിഷ്ഠൂരമായി കൊന്നുതള്ളിയത്.
സര്‍ക്കാറിനെതിരെ യുദ്ധം അഴിച്ചുവിട്ടതായും ഗൂഢാലോചന നടത്തിയതായും രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടതായും അദ്ദേഹത്തിനെതിരെ കുറ്റപത്രമുണ്ടാക്കി. അദ്ദേഹത്തിന് മാവോവാദികളുമായുള്ള ബന്ധം എടുത്തു കാട്ടുന്ന വ്യാജ തെളിവു
കള്‍ നിരത്തി. അങ്ങനെയാണ് 2007 മെയ് 14 ന് സെന്നിനെ അറസ്റ്റ് ചെയ്ത് റായ്പുർ ജയിലിലടച്ചത്. അതിനിടെ പൊതുആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെ അന്താരാഷ്ട്ര ജൂറി, പ്രശസ്തമായ ജൊനാഥന്‍ മാന്‍ അവാര്‍ഡിന് അദ്ദേഹത്തെ തെരെഞ്ഞെടുത്തു. പൗരസ്വാതന്ത്ര്യത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയും പരിഗണിച്ചായിരുന്നു പുരസ്‌കാരം. അതേത്തുടര്‍ന്ന് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ബിനായകിന്റെ അറസ്റ്റിനെതിരെ രാജ്യത്തിനകത്തും പുറത്തും സമാനതകളില്ലാത്ത സമരങ്ങള്‍ അരങ്ങേറി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകള്‍ നിരന്തരം തള്ളപ്പെട്ടുവെങ്കിലും ദേശീയമായും അന്തര്‍ദേശീയമായും ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ഒരു കേസായി മാറി ഇത്. ബിനായക് സെന്നിനെ മോചിപ്പിക്കണം എന്ന് മുദ്രണം ചെയ്ത വസ്ത്രങ്ങളും പ്ലക്കാര്‍ഡുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി. റിലേ സത്യഗ്രഹങ്ങളും മെഡിക്കല്‍ ക്യാമ്പുകളും സമ്മേളനങ്ങളും സമരങ്ങളും സംഘടിപ്പിക്കപ്പെട്ടു. ജനകീയ പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ നീതിപീഠത്തിനു കഴിഞ്ഞില്ല.
ഒടുവില്‍ രണ്ട് വര്‍ഷത്തിനുശേഷം, 2009 മെയ് 25 ന് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച് സെന്നിനെ പുറത്തുവിട്ടു. പക്ഷേ 2010 ഡിസംബര്‍ 24 ന് റായ്പുർ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആൻറ് സെഷന്‍സ് കോടതി സെന്നിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു കൊണ്ട് ജാമ്യം വാങ്ങിയ സെന്നിന്റെ കേസില്‍ അന്തിമ വിധി ഇപ്പോഴും ഉണ്ടായിട്ടില്ല. ഭരണകൂടത്തിന്റെയും പോലീസിന്റെയും കണ്ണിലെ കരടാണ് അദ്ദേഹവും സുഹൃത്തുക്കളും. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വേട്ടയാടുമ്പോഴും സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ തന്റെ കഴിവിനനുസരിച്ച് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് സജീവമാകാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും മനുഷ്യന്‍ മനുഷ്യനുമേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ പൊതു സമൂഹത്തിലുയര്‍ന്നുവരേണ്ട സംഘടിതമായ മുന്നേറ്റങ്ങള്‍ ഇല്ലാതെ പോകുന്നതില്‍ ഏറെ ആശങ്കാകുലനാണ്.
ഒരു ഡോക്ടര്‍ക്ക് എത്രത്തോളം സാമൂഹ്യ പ്രതിബദ്ധതയാകാമെന്നതിന് ബിനായക് സെന്നില്‍ കവിഞ്ഞൊരു ഉത്തരമുണ്ടെന്നു തോന്നുന്നില്ല. ഇത്തരം മാതൃകകളെ പുതിയ വൈദ്യവിദ്യാര്‍ത്ഥികള്‍ എങ്ങനെ കാണും എന്നറിയില്ല. എങ്കിലും ഒന്ന് തീര്‍ച്ചയാണ്, വൈദ്യവൃത്തിയുടെ ഉദാത്ത ദര്‍ശനങ്ങള്‍ സമൂഹ നന്മയിലേക്കുള്ള പ്രകാശമായി ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്ന കുറച്ചു പേര്‍ക്കെങ്കിലും അദ്ദേഹത്തിന്റെ ജീവിതം ജ്വലിക്കുന്ന ഒരു വിളക്കായിരിക്കും.
ഡോ. മനോജ് വെള്ളനാട്
Nov 24, 2022
5 Minutes Read
ഡോ. ഗായത്രി ഒ.പി.
Jul 01, 2022
6 Minutes Read
ഡോ. വി. ജി. അനില്‍ജിത്ത്
Jul 01, 2022
6 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jul 01, 2021
5 Minutes Read