ദളിത് രാഷ്ട്രീയം, ദളിത് ബുദ്ധിജീവിതം; ധാരണകളും തെറ്റിധാരണകളും

ദളിത് ബുദ്ധിജീവികളുടെ ആരോഗ്യപരമായ ഇടപെടലുകൾ ദളിതുകൾക്കിടയിലെ ഒരു വിഭാഗത്തെ സ്വാധീനിക്കുന്നു, എങ്കിലും അടിസ്ഥാന തലത്തിൽ ഭൂരിപക്ഷം വരുന്ന ദളിതരെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. അതേസമയം, ദളിത് പ്രശ്‌നങ്ങൾ സജീവമായി ഉന്നയിക്കുന്നവർ രാഷ്ട്രീയ വ്യവസ്ഥകളാലും ജാതി സംഘടന- സവർണ രാഷ്ട്രീയ ലോബികളാലും ആക്രമിക്കപ്പെടുന്നു

ബ്രാഹ്മണിക് രാഷ്ട്രീയ താൽപര്യങ്ങളും നവലിബറലിസത്തിന്റെ വ്യാപനവും വികസിക്കുന്ന ഇന്ത്യൻ സമൂഹത്തെ അപകടകരമായി ധ്രുവീകരിച്ചുകൊണ്ടിരിക്കുന്നു. സാമൂഹ്യമായി നിർണയിക്കപ്പെട്ട മുതലാളിത്തവും ജനാധിപത്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങളും ദളിതരുടെ ജീവിതാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുന്നു.

അത്തരമൊരസ്ഥയിൽ ദളിതുകളുടെ സാമൂഹ്യ ചലനാത്മകതയുടെ സ്വഭാവമെന്തായിരിക്കുമെന്ന് അന്വേഷിക്കേണ്ടതുണ്ട്.

ദളിതുകൾക്കെതിരായ അക്രമം വർധിച്ചുവരുന്നു. സംവരണത്തിന്റെ കാര്യത്തിൽ മുഖ്യധാരാ ജാതി ബന്ധിത സമൂഹത്തിന്റെ പലവിധം വെല്ലുവിളികൾ അവർ നേരിടുന്നു. നേരത്തെ സൂചിപ്പിച്ചതുപോലുള്ള ജാതികേന്ദ്രീകൃത മുതലാളിത്തത്തിന്റെ നിയോലിബറൽ അവസ്ഥയിൽ അവരുടെ ഭരണഘടനാപരമായ പരിരക്ഷകളുടെ സാധ്യത ഇല്ലാതാകുന്നു.

അഖിലേന്ത്യ തലത്തിൽ, മുഖ്യധാരാരാഷ്ട്രീയത്തിൽ ദളിത് രാഷ്ട്രീയപാർട്ടികളും മറ്റ് അധീശ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്ന ദളിത് രാഷ്ട്രീയ പ്രവർത്തകരും ക്ഷയിച്ച രാഷ്ട്രീയ കാലാവസ്ഥയിൽ പുതിയ മാറ്റം സൃഷ്ടിക്കുന്നതിൽ സ്വയം പരിമിതപ്പെടുന്നു.

മായാവതി

അതേസമയം, സർക്കാരിതര സംഘടനകൾ (എൻ.ജി.ഒ) വ്യവസ്ഥാപിത ഭരണമണ്ഡലത്തിൽ അപരാഷ്ട്രീയവൽക്കരിക്കപ്പെട്ട/ രാഷ്ട്രീയപരമായി നിർവീര്യമാക്കപ്പെട്ട സിവിൽ സൊസൈറ്റി എന്ന നിലയിൽ പ്രവർത്തിക്കുന്നു. അതോടൊപ്പം, ദേശ- രാഷ്ട്ര നിരീക്ഷണത്തിന് അത്യധികം അടിമപ്പെട്ടിട്ടുള്ള നിരവധി മാധ്യമ ഇടങ്ങളിൽ ദളിത് ആത്മപ്രകാശനങ്ങൾ/ ആവിഷ്‌കാരങ്ങൾ ഇടം കണ്ടെത്തുന്നു.

ജിഗ്‌നേഷ് മേവാനി, ചന്ദ്രശേഖർ ആസാദ്, മായാവതി, പ്രകാശ് അംബേദ്കർ തുടങ്ങിയ നേതൃത്വങ്ങൾ വ്യവസ്ഥാപിത രീതിയിൽ ഇടപെടുന്നു. ദളിത്- ആദിവാസി- ഒ.ബി.സി സമവാക്യം സൈദ്ധാന്തിക തലത്തിൽ വിപ്ലവകരമെന്ന് തോന്നുന്നുവെങ്കിലും ഈ വിഭാഗങ്ങൾക്കിടയിലുള്ള അകൽച്ച പ്രായോഗിക തലത്തിൽ കാണാവുന്നതാണ്. ഉദാഹരണത്തിന്, ദളിതർക്കെതിരെ ഒ.ബി.സികൾ നടത്തുന്ന അക്രമങ്ങൾ ജാതീയതയുടെ രൂക്ഷത വെളിവാക്കുന്നതാണ്.

ജിഗ്‌നേഷ് മേവാനി

ആദിവാസികൾക്കിടയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരുണ്ട്. അംബേദ്കറൈറ്റ്- ദളിത് രാഷ്ട്രീയം സജീവമാകുന്നത് ചുരുക്കം ചില സംസ്ഥാനങ്ങളിലാണ്. ജാതി സംഘടനകളുടെ വളർച്ച ദളിത് രാഷ്ട്രീയമെന്ന രീതിയിൽ തെറ്റിധാരണയുണ്ടാക്കുകയും അത് ബ്രാഹ്മണിക്- രാഷ്ട്രീയ കെണികളിൽ അകപ്പെടുകയും ചെയ്യുന്നു.

ദളിത് ബുദ്ധിജീവികളുടെ ആരോഗ്യപരമായ ഇടപെടലുകൾ ദളിതുകൾക്കിടയിലെ ഒരു വിഭാഗത്തെ സ്വാധീനിക്കുന്നു, എങ്കിലും അടിസ്ഥാന തലത്തിൽ ഭൂരിപക്ഷം വരുന്ന ദളിതരെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. അതേസമയം, ദളിത് പ്രശ്‌നങ്ങൾ സജീവമായി ഉന്നയിക്കുന്നവർ രാഷ്ട്രീയ വ്യവസ്ഥകളാലും ജാതി സംഘടന- സവർണ രാഷ്ട്രീയ ലോബികളാലും ആക്രമിക്കപ്പെടുന്നു.

പ്രകാശ് അംബേദ്കർ

സവർണ- അക്കാദമിക് ഉദാരത പുതിയ ദളിത് ഗവേഷണ സാധ്യതകളെ നിർമിക്കുന്നുവെങ്കിലും അധീശ- ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത് വിദ്യാർഥികൾ ആത്മഹത്യ ചെയ്യപ്പെടുകയും വിവിധ തരം വിവേചനം നേരിടുകയും ചെയ്യുന്നു. ദളിത് വിദ്യാർഥികൾ അത്തരം ഇരട്ടത്താപ്പ് നയങ്ങളെ തിരിച്ചറിയുകയും പ്രതികരിക്കുന്നുമുണ്ട് എന്നത് ദളിത് രാഷ്ട്രീയ സാധ്യതകളെ പുതിയ രീതിയിൽ പ്രതിഷ്ഠിക്കുന്നു.

നിയമത്തിന്റെയും ഭരണകൂട പരിരക്ഷകളുടെയും മാറ്റം മുതലാളിത്തത്തിന്റെ നിയോലിബറൽ ഘട്ടത്തിന്റെ തുടർച്ചയാകുകയും ദളിതുകൾ സാമ്പത്തികമായും സാമൂഹികമായും കൂടുതൽ പ്രാന്തവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിന്റെ സാഹചര്യത്തിൽ ജാതിസംഘടനകൾ ഹിന്ദുത്വത്തിന് സ്വയം അടിയറവെക്കുകയും ബ്രാഹ്മണിക് ഇടതുപക്ഷത്തിനെ ചില ഘട്ടങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു.

ജനാധിപത്യം ഏകാധിപത്യത്തിലേക്ക് ചലിക്കുന്ന ആഗോളസാഹചര്യത്തിൽ ദളിതുകളെപ്പോലുള്ള സവിശേഷ ജനവിഭാഗങ്ങൾ ആത്മാഭിമാനത്തിന്റെ പോരാട്ടത്തിനായുള്ള പുതിയ ഇടങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. അത്തരം ഇടങ്ങൾ സൃഷ്ടിക്കേണ്ടത് ആഗോളതലത്തിലും ദേശീയ തലത്തിലും സൂക്ഷ്മവും സ്ഥൂലവുമായ രീതിയിൽ പ്രവർത്തിക്കുന്ന ജാതി ബന്ധിത- രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെ ബൗദ്ധികവും രാഷ്ട്രീയവുമായ ഇടപെടലുകളെ ക്രിയാത്മകമായി ഉപയോഗിച്ചുകൊണ്ടാകുകയും വേണം.

(ഹരിയാന സോണാപേട്ടിലെ എസ്.ആർ.എം യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി ഓഫ് ലോയിൽ അസി. പ്രഫസറാണ് ലേഖകൻ)

Comments