ചോദിച്ചത്​ പത്തുവർഷത്തെ എന്റെ മുഴുവൻ ചരിത്രം, ഇപ്പോൾ ഇ.ഡിയാണ് വെട്ടിൽ

.ഡിയുടെ വാരിവലിച്ചുള്ള ഈ അന്വേഷണം ഡൽഹിയിൽ ഇരിക്കുന്ന ആരെയോ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്. ഫെമ നിയമ ലംഘനത്തിന് താൻ എങ്ങനെ ഉത്തരവാദിയാകുമെന്നും, ഇതിന്റെ പേരിൽ പത്ത് വർഷം മുമ്പുള്ള വ്യക്തിഗത വിവരങ്ങൾ എന്തിന് പരിശോദിക്കണമെന്നുമാണ് കോടതിയിൽ ചോദിച്ചത് - തോമസ് ഐസക്ക് പറഞ്ഞു. ഫെമ നിയമ ലംഘനം അന്വേഷിക്കേണ്ടത് ആർബിഐ ആണ്, ഇ.ഡിയല്ല. യഥാർഥത്തിൽ ഇപ്പോൾ ഇ.ഡിയാണ് വെട്ടിലായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രൂകോപ്പി തിങ്ക് അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

""എന്താണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം എന്ന കോടതിയുടെ ചോദ്യത്തിന്, ഏതെങ്കിലും ഒരു കേസിൽ പ്രതിചേർക്കുകയോ കുറ്റക്കാരനാണെന്നു പറയുകയോ ചെയ്തിട്ടില്ല എന്നായിരുന്നു ഇ.ഡിയുടെ മറുപടി. അങ്ങനെയെങ്കിൽ ഈ ഘട്ടത്തിൽ ഇത്രയേറെ വ്യക്തിഗത വിവരങ്ങൾ അന്വേഷിക്കണ്ട കാര്യമെന്ത് എന്ന് കോടതി ചോദിച്ചു.

പത്ത് വർഷത്തെ തന്റെ മുഴുവൻ ചരിത്രമാണ് ഇ.ഡി ചോദിച്ചത്, ഭാര്യയും മക്കളുമടക്കമുള്ളവരുടെ സാമ്പത്തിക വിവരങ്ങൾ, ക്ലോസ് ചെയ്ത അക്കൗണ്ടിന്റെ വിവരങ്ങൾ, താൻ ഡയറക്ടർ ആയിരുന്ന കമ്പനികളുടെ മുഴുവൻ അക്കൗണ്ടുകൾ. ഇതൊക്കെ ഇഡിക്ക് എന്തിനാണ് ?. നമ്മളെ ഹരാസ് ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒപ്പം തങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട് എന്ന് ഡൽഹിയിൽ ബോധിപ്പിക്കുക കൂടി വേണമായിരുന്നു.'' തോമസ് ഐസക് പറഞ്ഞു.

ഇ.ഡി ഫെമ ലംഘനത്തിനാണ് കേസ് ചർജ്ജ് ചെയ്തിരിക്കുന്നത്. ഫെമ ലംഘനമാണ് വിഷയമെങ്കിൽ അത് പറയേണ്ട അതോറിറ്റി ആർബിഐ ആണ്. അതു കൊണ്ടാണിപ്പോൾ കോടതി ആർ.ബി.ഐയെ വിളിപ്പിച്ചത്. ഇഡി വിളിച്ചാൽ ചെല്ലില്ല എന്ന വാശിയല്ല തന്റെ പ്രതികരണത്തിനു പിന്നിലെ കാരണമെന്നും തോമസ് ഐസക് വ്യക്തമാക്കി. നോട്ടീസ് അയച്ചു, ഹാജരാവണം എന്ന് താൻ അറിയുന്നത് പത്രവാർത്തകളിലൂടെയാണ്. അന്വേഷണ ഏജൻസി നോട്ടീസ് കൊടുക്കേണ്ടത് പത്രത്തിനല്ലല്ലോ. അങ്ങനെയല്ലല്ലോ പ്രതിയോടോ, സമൻസ് അയക്കുന്ന ആളോടോ കാര്യം പറയേണ്ടത്. അതാണ് രൂക്ഷമായി പ്രതികരിക്കാൻ കാരണമെന്നും ഐസക്ക് പറഞ്ഞു.

""ഒരു പൗരൻ എന്ന നിലയിൽ എനിക്ക് ഭരണഘടന തരുന്ന അവകാശം ഉണ്ട്, അത് സ്വകാര്യതയുടെ അവകാശമാണ്. കേസില്ലാന്നൊരു വാദം പറയുകയും എല്ലാ വിവരങ്ങളും വേണമെന്ന് പറയുകയും ചെയ്തത് എന്ത് അടിസ്ഥാനത്തിലായിരുന്നു. എന്നെ പാഠം പഠിപ്പിക്കാനാണേൽ അത് നടക്കില്ല, അതു കൊണ്ടാണ് കോടതിയിൽ പോയത്. അതല്ലായിരുന്നുവെങ്കിൽ അന്വേഷണ ഏജൻസി വിളിപ്പിച്ചാൽ പോകണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. പോകാൻ ഞാൻ തയ്യാറുമാണ്.'' തോമസ് ഐസക് ട്രൂകോപ്പിയോട് പറഞ്ഞു.


ഡോ. ടി.എം. തോമസ്​ ഐസക്​

സംസ്ഥാന മുൻ ധനകാര്യമന്ത്രി, സാമ്പത്തിക വിദഗ്ധൻ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം. സാമ്പത്തിക ബന്ധങ്ങൾ: കേന്ദ്രവും കേരളവും, ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം, കേരളം: മണ്ണും മനുഷ്യനും, ആഗോള പ്രതിസന്ധിയും ആഗോളവൽക്കരണവും, ലോക്കൽ ഡെമോക്രസി ആൻഡ് ഡെവലപ്‌മെൻറ്​: ദ കേരള പീപ്പിൾസ് കാമ്പയിൻ ഫോർ ഡി സെൻട്രലൈസ്ഡ് പ്ലാനിംഗ് (റിച്ചാർഡ് ഫ്രാങ്കിയോടൊപ്പം) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

ടി.എം. ഹർഷൻ

ട്രൂ കോപ്പി അസോസിയേറ്റ്​ എഡിറ്റർ

Comments