ആചാരവാദികൾ പറയുന്ന ഒരു ഒരടിസ്​ഥാനവും തൃശൂർ പൂരത്തിനില്ല

ആയിരക്കണക്കായ മനുഷ്യജീവിതങ്ങൾ നരകയാതന അനുഭവിച്ചാലും വേണ്ടില്ല, ആചാരങ്ങൾ പാലിയ്ക്കപ്പെടേണ്ടവയാണെന്നും അത് ഒരു വിധത്തിലും ഒഴിവാക്കാൻ സാധ്യമല്ലെന്നുമാണ് , തൃശൂർ പൂരത്തിനുവേണ്ടി വാദിക്കുന്നതിലൂടെ ആചാരവാദികൾ പറഞ്ഞുറപ്പിയ്ക്കുന്നത്.

തൃശൂർ വടക്കുന്നാഥ ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന പൂരം ഒഴിച്ചുകൂടാനാവാത്ത ഒരു ആചാരമായാണ് ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുന്നത്. കോവിഡ് മഹാമാരി പടർന്ന് പിടിച്ച് ആയിരക്കണക്കായ മനുഷ്യജീവിതങ്ങൾ നരകയാതന അനുഭവിച്ചാലും വേണ്ടില്ല, ആചാരങ്ങൾ പാലിയ്ക്കക്കപ്പെടേണ്ടവയാണെന്നും അത് ഒരു വിധത്തിലും ഒഴിവാക്കാൻ സാധ്യമല്ലെന്നുമാണ് ആചാരവാദികൾ പറഞ്ഞുറപ്പിയ്ക്കുന്നത്.

എന്നാൽ ആചാരവാദികൾ സ്ഥാപിയ്ക്കാൻ ശ്രമിക്കുന്നത് പോലെ സനാതനവും പൗരാണികവുമായ ഒന്നായിരുന്നില്ല തൃശൂർ പൂരം എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ തൃശൂർ പൂരത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്: "പ്രസിദ്ധമായ തൃശ്ശിവപേരൂർ പൂരം ശക്തൻ തിരുമനസിന്റെ കാലത്ത് അവിടുത്തെ കൽപ്പന പ്രകാരം ഉണ്ടാക്കിയതാണ്. അതിനു മുമ്പ് അവിടെ അങ്ങനെ ഒരാഘോഷമുണ്ടായിരുന്നില്ല.'

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പരാമർശത്തിൽ നിന്ന്​ മനസിലാക്കാൻ കഴിയുന്നത്, തൃശൂർ പൂരം ക്ഷേത്രാചാരങ്ങളുടെ അനിഷേധ്യ ഭാഗമായ ഒന്നല്ല എന്ന് തന്നെയാണ്. ആണ്ടുതോറും മേടമാസത്തിൽ തിരുവമ്പാടി, പാറമേക്കാവ് എന്നിങ്ങനെ രണ്ട് ഭാഗമായി പിരിഞ്ഞ് വടക്കുന്നാഥ ക്ഷേത്രസന്നിധിയിൽ പൂരം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആദ്യമായി ഏർപ്പെടുത്തിയത് ശക്തൻ തമ്പുരാനാണെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം കാണിക്കുന്നത് ചിരപുരാതനമായ ഒരു ക്ഷേത്രാനുഷ്ഠാനമായിരുന്നില്ല തൃശൂർ പൂരം എന്നാണ്.

താന്ത്രിക വിധികളനുസരിച്ച് നോക്കിയാൽ ഇത്തരം പൂരാഘോഷങ്ങൾ താന്ത്രികാനുഷ്ഠാനങ്ങളുടെ ഭാഗമല്ല എന്ന് കാണാം. കലശാദി, അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ ക്ഷേത്രോത്സവങ്ങളുടെ അനിഷേധ്യ ഭാഗങ്ങളായി കരുതപ്പെടുന്ന ഉത്സവഭേദങ്ങളിലൊരിടത്തും പൂരം പോലെയുള്ള ആഘോഷ ചടങ്ങുകൾ താന്ത്രികവിധികളുടെ ഭാഗമായി കേരളീയ തന്ത്ര ഗ്രന്ഥങ്ങളിലൊരിടത്തും വിവരിക്കുന്നില്ല. കേരളത്തിലെ ഏറെ പ്രസിദ്ധമായ തന്ത്രസമുച്ചയത്തിലോ പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിൽ രചിയ്ക്കപ്പെടുന്ന കുഴിക്കാട്ടുപച്ചയിലോ ഉത്സവങ്ങളെ പറ്റി പരാമർശിക്കുമ്പോൾ ഇത്തരം പൂരച്ചടങ്ങുകളെ പറ്റി ഒന്നും തന്നെ പ്രസ്താവിക്കുന്നില്ല. വടക്കുന്നാഥ ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന പൂരച്ചടങ്ങുകൾക്ക് പ്രസ്തുത ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകളോടോ താന്ത്രിക ക്രിയകളോടൊ ഒരു വിധത്തിലുമുള്ള ബന്ധവുമില്ല. പൂരം ഒരു ക്ഷേത്ര ബാഹ്യമായ ആഘോഷമായിട്ടാണ് സമാരംഭിച്ചത്. വടക്കുന്നാഥ ക്ഷേത്രവുമായി അഭേദ്യ ബന്ധമാണ് പൂരത്തിനുള്ളതെങ്കിൽ ശക്തൻ തമ്പുരാന് അത്തരമൊരു ആഘോഷം പുതുതായി നിർദ്ദേശിക്കേണ്ടി വരുമായിരുന്നില്ല. ക്ഷേത്രത്തിലെ താന്ത്രിക കർമങ്ങളുടെ അനിഷേധ്യ ഭാഗമായ ഒന്നല്ല പൂരം എന്നാണ് താന്ത്രിക ഗ്രന്ഥങ്ങളുടെ പഠനം ബോധ്യപ്പെടുത്തുന്നത്.

ശബരിമല തൊട്ടാൽ പൊള്ളുന്ന വിഷയമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ‘മാർക്‌സിസ്റ്റ് വിപ്ലവ ഭരണകൂടം’ തൃശൂർ പൂരത്തെ സംബന്ധിച്ച തികച്ചും അയഞ്ഞ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. അധികാരം മാത്രം ലക്ഷ്യമാക്കിയ ഭരണകൂട ശക്തികൾ പുരോഗമനം, നവോത്ഥാനം തുടങ്ങിയ പ്രയോഗങ്ങൾ വാചാടോപക്കസർത്താക്കി മാറ്റിത്തീർത്തിരിക്കുകയാണ്. ഹിന്ദുത്വ ശക്തികളോടും ആചാരവാദികളോടും കൈകോർക്കുന്ന ഈ നിലപാട് തീർത്തും പുരോഗമനാശയങ്ങൾക്ക് വിരുദ്ധമാണ്. സമീപ ഭാവിയിൽ തന്നെ മാർക്‌സിസ്റ്റ് ബുദ്ധിജീവികൾ തൃശൂർ പൂരത്തിലെ "നല്ല അംശങ്ങളെ' പറ്റിയും അതിന്റെ സബ്വേഴ്‌സീവ് പൊട്ടൻഷ്യലിനെ സംബന്ധിച്ചും പ്രബന്ധങ്ങൾ രചിക്കുമെന്ന് പ്രത്യാശിക്കാം.

കോവിഡ് പടർന്നു പിടിക്കുന്ന കൊടിയ പ്രതിസന്ധിയിലും വലിയ ഒരു ജനക്കൂട്ടം ഭാഗഭാക്കാവുന്ന പൂരം പോലെ ഒരു ആഘോഷം മാറ്റിവയ്ക്കണമെന്ന് കേരളീയ പൊതു സമൂഹത്തോട് പറയാൻ സാധിയ്ക്കാത്ത വിധം ഭരണകൂടവും പൊതു സമൂഹവും ഹിന്ദുത്വാശയങ്ങൾക്ക് വളക്കൂറുള്ള മണ്ണായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. കേവലം ഭരണകൂടം കൈക്കൊള്ളുന്ന പുരോഗമനവിരുദ്ധവും ശാസ്ത്ര വിരുദ്ധവുമായ ഒരു കാര്യമെന്ന നിലയ്ക്ക് മാത്രമല്ല, കേരളീയ പൊതുമണ്ഡലത്തെ ആഴത്തിൽ ഗ്രസിച്ചിരിക്കുന്ന ഹിന്ദുത്വ - ബ്രാഹ്‌മണിക ആശയങ്ങളുടെ സ്വാധീനം കൂടിയാണ് ഇതു വെളിപ്പെടുത്തുന്നത്. ഉപരിപ്ലവമായ "നവോത്ഥാന പേച്ചുകൾ ' കൊണ്ട് കേരളത്തെ ബാധിച്ച ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാൻ സാധ്യമല്ല. ഭരണകൂടത്തിന്റെ അകത്തളങ്ങളിലും സമൂഹത്തിന്റെ വിവിധ വിതാനങ്ങളിലും പടർന്നു പന്തലിച്ചിരിക്കുന്ന പുരോഗമന വിരുദ്ധതയെയും ശാസ്ത്ര വിരുദ്ധതയെയും സത്യസന്ധമായി തിരിച്ചറിയുകയാണ് ഇതിനുള്ള ആദ്യപടി.

Comments