വി.എം. കുട്ടി: മാപ്പിളപ്പാട്ടിനെ ആധുനിക ജനകീയ ഗാനശാഖയാക്കിയ കലാകാരൻ

വി.എം. കുട്ടിക്ക് ചരിത്രപരമായൊരു സ്ഥാനമാണ്, ഗായകൻ എന്ന നിലയ്ക്കും കേരളീയ സാംസ്‌കാരിക രംഗത്തും അറബി-മലയാള പഠനരംഗത്തും ഉള്ളത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരാളില്ല.

കേരളത്തിൽ മാപ്പിളപ്പാട്ടുകളെ ആധുനിക ജനകീയ ഗാനശാഖയാക്കി മാറ്റുന്നതിൽ പ്രഥമസ്ഥാനീയൻ വി.എം. കുട്ടിയാണ്. 1955-ൽ അദ്ദേഹം മലപ്പുറത്ത് സംഘടിപ്പിച്ച സംഗീത കച്ചേരിയിലൂടെയാണ് മാപ്പിളപ്പാട്ട് സംഗീതോപകാരണങ്ങളുടെ അകമ്പടിയോടെ ഒരു ആധുനിക സംഗീതസദിരിന്റെ സ്ഥാനത്തേക്ക് വന്നത്. മാത്രമല്ല, ജാതി -മത-വർഗ ഭേദമെന്യേ മാപ്പിളപ്പാട്ടുകൾ പാടാവുന്ന ഒരു സെക്യുലർ അന്തരീക്ഷവും അതോടെ കേരളത്തിലെങ്ങുമുണ്ടായി. പിന്നെപ്പിന്നെ, പേരെടുത്ത നിരവധി ആർട്ടിസ്റ്റുകൾ ഈ രംഗത്തേക്ക് വന്നു. കൃഷ്ണദാസ്, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, എസ്.എ. ജമീൽ, ഇടവ ബഷീർ, വിളയിൽ വത്സല/ ഫസീല, ശൈലജ, നിലമ്പൂർ ഷാജി... അങ്ങനെ നീണ്ട നിര. ആയിഷ ബീഗവും റംല ബീഗവും ഇതേ കാലഘട്ടത്തിൽ കഥാപ്രസംഗ അരങ്ങുകളിലൂടെ മാപ്പിളപ്പാട്ട് രംഗത്ത് സുസ്ഥിരരായി. അങ്ങനെ, ജീവിതോപാധിയായി മാപ്പിളപ്പാട്ടുകളെ സ്വീകരിച്ച ചെറുപ്പക്കാരുടെ നിരയ്ക്ക് അറ്റമില്ലാതായി.

മാപ്പിളപ്പാട്ടിന്റെ ജനകീയ സ്വീകാര്യതയെ ആദ്യമായി ശാസ്ത്രീയമായും സർഗാത്മകമായും പരീക്ഷിച്ചറിഞ്ഞത്, ഒരു പക്ഷേ വി.എം.കുട്ടിയുടെ ചരിത്രനിയോഗം കൂടിയത്രേ.

ദ്രാവിഡ വൃത്തങ്ങളും മാപ്പിളപ്പാട്ട് ഇശലുകളുടെ അംശബന്ധത്തെയും താരതമ്യം ചെയ്തുപഠിച്ചു അദ്ദേഹം പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവതരിപ്പിച്ചു. കുട്ടികൃഷ്ണ മാരാർക്കും കെ.കെ. വാധ്യാർക്കും ശേഷം മാപ്പിളപ്പാട്ട് ഇശലുകളെയും ദ്രാവിഡ വൃത്തങ്ങളെയും താരതമ്യം ചെയ്തുപഠിച്ച പ്രമുഖരായ രണ്ടുപേർ ബാലകൃഷ്ണൻ വള്ളിക്കുന്നും വി.എം. കുട്ടിയുമായിരിക്കാം. നിരവധി പുസ്തകങ്ങൾ അതിനുവേണ്ടി രചിച്ചും പ്രഭാഷണങ്ങൾ അവതരിപ്പിച്ചും ഈ രംഗത്ത് ഏറ്റവും നല്ലൊരു അക്കാദമിക് അംഗീകാരവും കുട്ടി നേടുകയുണ്ടായി .

അധ്യാപകനായി ജീവിതമാരംഭിച്ച അദ്ദേഹം ഈ ചരിത്രനിയോഗത്തിനായി വരിച്ച വെല്ലുവിളി ചില്ലറയല്ല. മാമൂൽ സമുദായ ഘടനയിൽനിന്ന്​ ഏറെ വിമർശനം അദ്ദേഹത്തിനു കേൾക്കേണ്ടിയും അനുഭവിക്കേണ്ടിയും വന്നു.

പുളിക്കൽ എ.എം.എം. ഹെെസ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന വി.എം. കുട്ടി

നല്ല ചിത്രകാരനും അഭിനേതാവും കൂടിയായിരുന്നു അദ്ദേഹം. പി.എൻ.എം. ആലിക്കോയ, നെല്ലിക്കോട് ഭാസ്‌കരൻ, ഹാജി അബ്ദുൾ കാദർ, കുഞ്ഞാണ്ടി, കുഞ്ഞാവ... തുടങ്ങിയ കലാകാരന്മാരോടൊത്ത് നാടക സംരംഭങ്ങളിൽസജീവമായ ഒരു കാലം വി.എം. കുട്ടിക്കുണ്ടായിരുന്നു. പി.എൻ.എം. ആലിക്കോയയുടെ "എട്ടോ ഇരുപതോ' എന്ന നാടകത്തിൽ ഹാജി അബ്ദുൽ കാദറിന്റെ അനിയൻ കഥാപത്രത്തെ അവതരിപ്പിച്ചതിനെച്ചൊല്ലി അദ്ദേഹം ഏറെ വാചാലനായിട്ടുണ്ട്. പിൽക്കാലത്ത് ഡോക്യുമെന്ററികളിലും സിനിമകളിലും അഭിനയിക്കാനുള്ള പ്രചോദനം ഈ നാടക കാലമായിരുന്നു, എന്നതിൽ സംശയമില്ല.

വി.എം. കുട്ടിക്ക് ചരിത്രപരമായൊരു സ്ഥാനമാണ്, ഗായകൻ എന്ന നിലയ്ക്കും കേരളീയ സാംസ്‌കാരിക രംഗത്തും അറബി- മലയാള പഠനരംഗത്തും ഉള്ളത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരാളില്ല. ഇത്രമേൽ അംഗീകരിക്കപ്പെട്ടൊരു മാപ്പിളപ്പാട്ടുകാരൻ മാത്രമല്ല അദ്ദേഹം. സംഗീത സംവിധായകനും പാട്ടെഴുത്തുകാരനും സംഘാടകനും കൂടിയായിരുന്നു.

മാപ്പിളപ്പാട്ടുകളിൽ പിൽക്കാലത്ത് നറുമുത്തായി തിളങ്ങിയ,

"ഹജ്ജിന്റെ രാവിൽ ഞാൻ
കഅബം കിനാവിൽ കണ്ടു...
മുത്ത് പതിച്ചുള്ള ചെത്തുമാലയണിഞ്ഞുള്ള
പുതുക്കപ്പെണ്ണ്..,
മംഗലപുതു നാരിയെയും കൊണ്ട് ഞങ്ങൾ വന്നേ...'
തുടങ്ങിയ (കല്യാണ)പ്പാട്ടുകൾ ഈയിനത്തിൽ ചിലതുമാത്രം.

അറബി മലയാള സംസ്‌കാരത്തെയും അതു പ്രദാനംചെയ്ത ലോക സംസ്‌കാരസാഹചര്യത്തെയും കേരളത്തിലെ മത -ജാതി -ഗോത്ര കൂട്ടുസംസ്‌കാര മാതൃകയെയും പരിഗണിച്ചുകൊണ്ടുള്ളവയാണ് അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ടുപഠനങ്ങൾ.

മാപ്പിളപ്പാട്ടുകളുടെ സംസ്‌കാരത്തെക്കുറിച്ചും ജനകീയതയെക്കുറിച്ചും വി.എം. കുട്ടി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ‘അന്ന് പാട്ടുകളാണ് മനുഷ്യർക്ക് ആശ്വാസം നൽകിയിരുന്നത്. അവരുടെ ജീവിതത്തിൽ ആകെയുള്ള സമാധാനം പാട്ടുകളായിരുന്നു. രോഗം വന്നാൽ പാട്ട് വേണം. പ്രസവം നടക്കാൻ പാട്ട് വേണം. യാത്രയ്ക്കും ഫുട്‌ബോൾ കളിക്കാനും പോലും പാട്ട് വേണം. കത്തുപാട്ടുകൾക്ക് ഒക്കെ അന്ന് നല്ല പ്രചാരമാണ്.’

വി.എം. കുട്ടി, എം.എ. ഗഫൂർ, എരഞ്ഞോളി മൂസ / Photo: Fb via M.A. Gafoor

വിദ്യാഭ്യാസപരമായി മുസ്​ലിംകൾ ഏറെ പിന്നിലായിരുന്നു. അതിനു ചരിത്രപരമായ കാരണങ്ങളുണ്ട്. ഇംഗ്ലീഷിനോടും മലയാളത്തിനോടും അവർ പുറംതിരിഞ്ഞുനിന്നു. ആര്യൻ എഴുത്ത് എന്നാണ് അവർ മലയാളത്തെ വിളിച്ചത്. ഇംഗ്ലീഷ് അഭ്യസിക്കുന്നത് ഹറാമാണെന്ന് മതപണ്ഡിതന്മാരും ഫത്​വ പുറപ്പെടുവിച്ചു. അതിനുള്ള മുഖ്യകാരണം ബ്രിട്ടീഷുകാരോടും അധിനിവേശത്തോടുമുള്ള അമർഷം ആയിരുന്നു. അവരുടെ വേഷഭൂഷാദികളോടും, ഭാഷയോടും ഒക്കെ മാപ്പിളമാർ എതിർപ്പ് പ്രകടിപ്പിച്ചു. അവരെ അനുകൂലിച്ചിരുന്ന സവർണരുടെ ഭാഷയാണ് മലയാളം എന്നതുകൊണ്ട് അവയോടും. അങ്ങനെയാണ് ഇംഗ്ലീഷും മലയാളവും അവർക്ക് "നരകത്തിലെ ഭാഷ'യായി മാറിയത്.

എന്നാൽ അവർക്ക് സംസാരിക്കാനും എഴുതാനും ഒരു ഭാഷ വേണമല്ലോ. പഴയകാലത്തെ വാണിജ്യ ഇടപാടുകൾക്ക് വേണ്ടി അറബികൾ ഉണ്ടാക്കിയതാണ് അറബി മലയാളം. അതൊരു ഇണക്കു ഭാഷ (link language) യായിരുന്നു. അന്ന് അവയ്ക്ക് ലിപി ഉണ്ടായിരുന്നില്ല. അറബിയിൽ അവർ മലയാളലിപി അഭ്യസിച്ചു. അറബിയിൽ മലയാളം എഴുതാൻ തുടങ്ങി. അതോടെയാണ് അറബിമലയാളം വികസിച്ചത്. പിൽക്കാലത്ത് ഇവിടത്തെ മാപ്പിളമാരുടെ സാഹിത്യഭാഷയായി അതുമാറി.

ഞാൻ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലെ​​റ്റേഴ്‌സിൽ അധ്യാപകനായിരിക്കെ, അധ്യാപകർക്കുവേണ്ടിയുള്ളൊരു റിഫ്രഷർ കോഴ്സിൽ, വി.എം. കുട്ടി കൈകാര്യം ചെയ്ത ഒരു ക്ലാസ് ഓർമിക്കുന്നു. അറബി മലയാളത്തിന്റെയും മാപ്പിളപ്പാട്ടുകളുടെയും ലോകത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞും പാടിയും കൈകാര്യം ചെയ്ത ആ മൂന്നുമണിക്കൂർ ക്ലാസ് അധ്യാപകർക്കൊന്നടങ്കം രസകരമായി, പ്രയോജനപ്പെട്ടു. ഡിഗ്രിക്കും പി.ജി.ക്കും മാപ്പിളപ്പാട്ട് ഒരു പഠനവസ്തു ആയിരിക്കെ, അവിടെ നടന്ന സംവാദം ഏറെ സമ്പന്നമായിരുന്നു. എന്നുമാത്രമല്ല, താൻ എഴുതിയ മാപ്പിളപ്പാട്ട് പഠനഗ്രന്ഥങ്ങൾ മുഴുവനും അവിടെ വിറ്റുപോവുകയും ചെയ്തു. ഇതുപോലെ, കാലിക്കറ്റ് സർവകലാശാലയിലും, പഠന വകുപ്പിന്റെ നാല്പതാം വാർഷിക പരിപാടിയിൽ, മാപ്പിളപ്പാട്ട് ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തെ അവതരിപ്പിച്ചു സംസാരിച്ചതും പാടിയതും ഞാൻ ഓർക്കുന്നു.

വി.എം. കുട്ടി (ഇടത്). 1995-ലെ ചിത്രം.

നമുക്ക് കരുത്തുള്ള ഒരു നാടോടിപ്പാട്ട് പാരമ്പര്യം ഉണ്ടല്ലോ. അതേക്കുറിച്ചു തന്റെ പഠനങ്ങളിൽ അദ്ദേഹം ഊന്നിപറഞ്ഞിട്ടുണ്ട്. അതുപോലെ മാപ്പിളപ്പാട്ടുകളും പ്രചരിപ്പിക്കാം എന്നൊരു ആലോചന അദ്ദേഹത്തിനുണ്ടായി. മാപ്പിള പാട്ടുകളുടെ ഈണം ഏറെ മനോഹരവുമാണ്. ഹാർമോണിയം വെച്ച് ഇവ പാടുമ്പോൾ ഇതര സമുദായക്കാരെയടക്കം ഏറെ ആകർഷിക്കും എന്നതിൽ സംശവുമില്ല. ഈ ജനകീയ കാവ്യശാഖ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണം എന്ന താല്പര്യം കൂടിയായിരുന്നു തന്റെ സംഘാടനത്തിന് പിന്നിൽ പ്രവർത്തിച്ചത് എന്നുകാണാം. ഇതിന് കുട്ടിക്ക് പ്രേരണയായിത്തീർന്നത് ടി.ഉബൈദ്, 1940-ൽ കോഴിക്കോട് സാഹിത്യപരിഷത്തിൽ ചെയ്ത പ്രസംഗം ആയിരുന്നു. പി. ഭാസ്‌കരനും കൃഷ്ണകുമാറുമൊക്കെ മാപ്പിളപ്പാട്ട് ഈണത്തിൽ എഴുതാൻ തുടങ്ങിയത് അതോടെയാണ് എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 1955-കളോടെ മെഹറിന്റെ, ശുദ്ധമലയാളത്തിലുള്ള മാപ്പിളപ്പാട്ടുകൾ ഏറെ വന്നു. അപ്പോൾ മറ്റു സമുദായക്കാർക്കും അത് പാടാം എന്ന് മനസ്സിലാക്കി അവരെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഗാനസംഘമുണ്ടാക്കുകയാണ് വി.എം.കുട്ടി ചെയ്തത്.

ഹിന്ദുസ്ഥാനിയും മാപ്പിളപ്പാട്ടും തമ്മിലുള്ള ചരിത്രബന്ധത്തെക്കുറിച്ച് വി.എം. കുട്ടി ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്. ബാബുരാജ് ഹിന്ദുസ്ഥാനി ഗസലുകളുടെ സംസ്‌കാരം തുന്നിചേർത്ത് മാപ്പിളപ്പാട്ട് സംഗീതത്തിന് പുതുമയുണ്ടാക്കി.
"ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ....' പോലെ. ഈ പാട്ട് പണ്ട് കല്യാണത്തിന് വരൻ ഇറങ്ങുമ്പോൾ പാടിയിരുന്ന ഒരു കല്യാണ പാട്ടാണ്.

പി. ഭാസ്‌കരൻ മാഷിന്റെ "കായലരികത്ത് വലയെറിഞ്ഞപ്പൊ...',"പൂരണ മധുമാറിലെ...'തുടങ്ങിയ പാട്ടുകൾ ഒപ്പനഛായയിൽ എഴുതിയവയാണ്. മാപ്പിളപ്പാട്ടിന്റെ സ്വത്വം നിലനിർത്തി, ട്യൂണിൽ കാര്യമായ വ്യതിചലനം വരുത്താതെ സംഗതികൾ ചേർത്തുവെയ്ക്കുക എന്നതായിരുന്നു ഇവരുടെയൊക്കെ രീതി. ബാബുരാജും പി. ഭാസ്‌കരനും ഒക്കെ പാട്ട് രചിച്ചതും രാഘവൻ മാഷെപ്പോലുള്ളവർ അവയ്ക്ക് സംഗീതം ചെയ്തതുമൊക്കെ ഈ സംഗീതമേളനത്തിനു ഉദാഹരണമാണ്. ഗുൽ മുഹമ്മദും കെ.ജി. സത്താറും, അവരുടെ കുടുംബപരമ്പര എടുത്തുനോക്കിയാൽ ഉത്തരേന്ത്യയിൽ നിന്നും വന്നവരാണ് അവരും ഇത്തരത്തിൽ മാപ്പിളപ്പാട്ടിലെ ഈ സാംസ്‌കാരിക സമന്വയത്തിന് ഏറെ സംഭാവന നൽകിയവരാണ്.

തന്റെ ഗാനമാർഗത്തിൽ ഔപചാരികനായ ഒരു ഗുരു ഉണ്ടായിരുന്നില്ല എന്ന് വി.എം. കുട്ടി പറഞ്ഞിട്ടുണ്ട്. ഫാത്തിമക്കുട്ടി എന്ന അമ്മായി പാട്ടിൽ നല്ല അഭിരുചിയുള്ളവരായിരുന്നു. അവരാണ് കുട്ടിയെ കുറെ പാട്ടുകൾ ചൊല്ലിപഠിപ്പിച്ചത്. വേറെയൊന്ന് മോയിൻകുട്ടി വൈദ്യരുടെ മകന്റെ സമകാലികനായിരുന്ന അഹമ്മദ് കുട്ടി വൈദ്യരുടെ ശിഷ്യനായ തോട്ടോളി മുഹമ്മദ് വൈദ്യരുടെ പരോക്ഷ സ്വാധീനമാണ്. കുറെ മനോഹരമായ കെസ്സ് പാട്ടുകൾ അദ്ദേഹത്തിന്റെതായിട്ടുണ്ട്. വെള്ളപ്പൊക്കത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു വിശ്രുതരചന തന്നെയുണ്ട്. 1921 എന്ന സിനിമയിൽ വി.എം. കുട്ടി, മമ്മൂട്ടിയ്ക്ക് വേണ്ടി പാടിയ, "മുത്തു നവരത്‌നമുഖം കത്തിടും മയിലാളെ....' എന്ന പാട്ടൊക്കെ തോട്ടോളിയുടെതാണ്.

വി.എം. കുട്ടിയുടെ മരണത്തോടെ മാപ്പിളപ്പാട്ടിലെ ഏറ്റവും കരുത്തുറ്റ ഒരു തനതുപാരമ്പര്യത്തിന്റെ ജ്ഞാനപരമ്പര അവസാനിക്കുകയാണ്. ഒരു പാട്ടുകാരൻ എന്നതിനോടൊപ്പം, ഈ സംഗീത സംസ്‌കാരത്തിന്റെ സ്രോതസ്സുകളെ ആധുനികമായി പരിചയപ്പെടുത്തിയും പഠിച്ചും പോന്ന ജ്ഞാനവഴിയിലെ ഒരു കണ്ണിയായിട്ടായിരിക്കും വി.എം. കുട്ടി എന്ന കലാകാരൻ ഭാവിയിൽ വിലയിരുത്തപ്പെടുക.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments