ഗവർണർ ടിഷ്യൂം ടിഷ്യൂം എന്ന് ഒച്ചയുണ്ടാക്കുന്നുണ്ട്

ഗോയ്ക്ക് മുറിവേറ്റ ഒരു ഗവർണറുടെ, വിലാപങ്ങളാണ് കേരളം ഇപ്പോൾ പല ഫ്രീക്വൻസിയിലും വേവ്‌ലെങ്തിലും കേട്ടുകൊണ്ടിരിക്കുന്നത്. ലേറ്റസ്റ്റായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പി.ആർ.ഒ. വഴി ഇംഗ്ലീഷിൽ ട്വീറ്റ് ചെയ്ത വിലാപത്തെ ഇപ്രകാരം മലയാളത്തിലാക്കാം. 'മുഖ്യമന്ത്രിയ്ക്കും മന്ത്രിസഭാംഗങ്ങൾക്കും ഗവർണറെ അഡൈ്വസ് ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷേ ഗവർണർ പദവിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന പ്രസ്താവനകൾ മന്ത്രിമാർ നടത്തിയാൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.'

പേടിപ്പിക്കുകയാണ് പാവം ഗവർണർ. കളിത്തോക്കുപയോഗിച്ച് വെടിവെച്ചാൽ മുന്നിൽ നിൽക്കുന്നയാൾ വീഴുമെന്ന് ആത്മാർഥമായും വിശ്വസിക്കുന്ന മൂന്ന് വയസ്സുള്ള കുഞ്ഞുങ്ങളെപ്പോലെ, അദ്ദേഹം വെടിവെക്കുകയാണ്, ടിഷ്യും ടിഷ്യും എന്ന് ഒച്ചയുമുണ്ടാക്കുന്നുണ്ട്.

രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണഘടനാത്തലവനാണ് ഗവർണറെങ്കിലും ഭരണനിർവഹണത്തിനുള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് എന്നും മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്നും ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗവർണറും സംസ്ഥാന സർക്കാരുകളും തമ്മിൽ മുൻപും അഭിപ്രായ വ്യത്യാസങ്ങളുണ്ടായപ്പോഴൊക്കെയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഗവർണർക്കു മേലുള്ള അധികാരത്തെ സുപ്രീം കോടതി പലതവണ നിർചിച്ചിട്ടുമുണ്ട്.

സംഘടനകളിൽ നിന്ന് അകലം പാലിക്കേണ്ട ഭരണഘടനാ പദവിയിലിരുന്ന് ആർ.എസ്.എസ്സുകാരനാണ് താൻ എന്ന് എപ്പോഴും അവകാശപ്പെടുകയും ഗവർണർ പദവിയിലിരിക്കുമ്പോൾ ആർ.എസ്.എസ്. തലവനെ അങ്ങോട്ട് ചെന്ന് കാണുകയും ചെയ്തയാളാണ് ആരിഫ് മുഹമ്മദ് ഖാൻ.

നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ താമസിപ്പിച്ച് ഭരണഘടനാവിരുദ്ധമായി തന്റെ അധികാര പദവിയെ ദുർവ്യാഖ്യാനം ചെയ്ത് രസിച്ചു കൊണ്ടിരിക്കുന്ന ആ ഗവർണറാണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ അഭിപ്രായപ്രകടനത്തെ ഗവർണർ പദവിയുടെ അന്തസ്സ് എന്നു പറഞ്ഞ് ചുമ്മാ പേടിപ്പിക്കുന്നത്.

രാജഭരണം സ്വപ്നം കാണുന്നവരാണ് ബി.ജെ.പി.ക്കാർ. സിംഹാസനവും പട്ടുടുപ്പുകളും കിരീടവും ആജ്ഞാനുവർത്തികളായ പരിചാരകരും ആരെവിടെ എന്ന് ചോദിക്കുമ്പോൾ തല കുനിച്ച് കടന്നു വരുന്ന മന്ത്രിമാരും കുന്തവുമായി പ്രവേശിക്കുന്ന ഭടൻമാരുമൊക്കെയാണ് അവരുടെ ഇമാജിനേഷനിലെ വിഷ്വൽസ്. ഡമോക്രസി അവർക്ക് അത്രയൊന്നും ഇഷ്ടമല്ല. ഫെഡറലിസമെന്ന് കേൾക്കുന്നതവർക്ക് സഹിക്കില്ല. മോദി സാമ്രാജ്യത്തിലെ നാട്ടുരാജാവിന്റെ പര്യായമാണ് ഗവർണർ എന്നും താനാണതെന്നുമാണ് അദ്ദേഹം കരുതിയിരിക്കുന്നത്.

ഇർഫാൻ ഹബീബ് എന്ന ചരിത്രകാരന്റെ പ്രജ്ഞയുടെ രാഷ്ട്രീയശേഷിയെ സി.എ.എ നിയമത്തിന് അനുകൂലമായി ചരിത്ര കോൺഗ്രസ്സിൽ സംസാരിക്കുന്ന ഗവർണർക്ക് മനസ്സിലായിട്ടില്ല. ഇർഫാൻ ഹബീബ് പ്രതിരോധിക്കാൻ ശ്രമിച്ച രാഷ്ട്രീയത്തിന്റെ മൂല്യത്തെ കൊലപാതക ശ്രമമായി വ്യാഖ്യാനിക്കാനുള്ള തന്ത്രശേഷിയേ ഗവർണർക്കും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനുമുള്ളൂ. ചരിത്ര കോൺഗ്രസ്സിലെ സ്റ്റേജിൽ വെച്ച് അന്ന് മുറിവേറ്റ ഈഗോയാണ്. ആ ഈഗോയുടെ പ്രതികരണങ്ങളാണ് തന്റെ തന്നെ രാഷ്ട്രീയ ചരിത്രത്തെ പാടേ മറന്നു കൊണ്ടുള്ള ആരിഫ് മുഹമ്മദ് ഖാൻ എന്ന നേതാവിന്റെ വിലാപങ്ങളായി ഇപ്പോൾ പുറത്തു വരുന്നത്.

ഒരു ഗവർണറുടെ അന്തസ്സിന് നിരക്കുന്ന നടപടികളല്ല കഴിഞ്ഞ കുറച്ച് കാലമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്തു കൊണ്ടിരിക്കുന്നത്. മന്ത്രിസഭയ്‌ക്കെതിരെ പത്ര സമ്മേളനം വിളിക്കുക, സുപ്രധാന ബില്ലുകൾ ഒപ്പിടാതെ വെച്ചു താമസിപ്പിക്കുക, ഓർഡിനൻസുകൾ ഒപ്പിടാതെ മടക്കുക, നിലവാരമോ കണ്ടന്റോ ഇല്ലാത്ത ആരോപണങ്ങൾ തുടർച്ചയായി ഉന്നയിക്കുക, സർവ്വകലാശാലകളുടെ ഭരണനിർവഹണത്തെത്തന്നെ തടസ്സപ്പെടുത്തും വിധമുള്ള നടപടികൾ എടുക്കുക തുടങ്ങിയ ബാലിശമായ പ്രവർത്തനങ്ങളാണ,് തന്റെ ഇല്ലാത്തതെങ്കിലും ഉണ്ടെന്ന് സ്വയം കരുതുന്ന അധികാരമുപയോഗിച്ച് ഗവർണർ ചെയ്യുന്നത്..

ഫെഡറൽ സംവിധാനത്തെ മാനിക്കുന്നില്ല എന്നതു മാത്രമല്ല ഇതിനു പിന്നിലെ വിശാല രാഷ്ട്രീയം. കേരളമെന്ന സംസ്ഥാനത്തിനു മേലുള്ള രാഷ്ട്രീയ- ഇലക്ട്രൽ അധികാരത്തിനു വേണ്ടി കേന്ദ്ര സർക്കാരും സംഘപരിവാറും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പലതരം പരീക്ഷണങ്ങളിലെ പുതിയ അധ്യായം കൂടിയാണ് ഗവർണറുടേത്. കേരളത്തിലെ നൂറ്റി നാൽപ്പത് എം.എൽ.എമാരിൽ ഒരൊറ്റയാൾ പോലും തങ്ങൾക്കില്ല എന്ന ബോധ്യത്തിന്റെ വിലാപം കൂടിയാണത്. അത് ഗവർണർക്കറിയില്ലെങ്കിലും കേരളത്തിലെ ജനങ്ങൾക്കറിയാം.

Comments